ദാമ്പത്യം: ഭാഗം 41

ദാമ്പത്യം: ഭാഗം 41

എഴുത്തുകാരി: തുഷാര ലക്ഷ്മി

രാവിലെ തന്നെ അഭിയെ റൂമിലേയ്ക്ക് മാറ്റിയിരുന്നു…. പ്രഭയും, ജാനുവമ്മയും രാവിലെ അമ്പലത്തിൽ പോയിട്ടാണ് ഹോസ്പിറ്റലിലെത്തിയത്… കയ്യിൽ കരുതിയിരുന്ന ചന്ദനം അവരവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു… അച്ഛമ്മ ചെയ്യുന്നത് കണ്ട് ആവണിക്കും ചെറിയച്ഛനു ചന്ദനം തൊടണം…ഒടുവിൽ അവളും തന്റെ കുഞ്ഞി കൈ കൊണ്ടു അവൾക്കാകുന്ന പോലെ അവന്റെ നെറ്റിയിൽ നീട്ടി വരച്ചു…. ആര്യ എല്ലാം നോക്കി ഒരു ചെറു പുഞ്ചിരിയോടെ ബൈസ്റ്റാൻഡർ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു… അവന്റെ അടുത്തേയ്ക്കു ചെല്ലാൻ… അവന്റെ നെഞ്ചിലെ ചൂടിലേയ്ക്ക് ഒതുങ്ങാൻ…ആ ഗന്ധം ശ്വസിക്കാൻ ഒക്കെ വല്ലാത്ത കൊതി തോന്നി അവൾക്ക്….

അവനും അതൊക്കെ ആഗ്രഹിക്കുന്ന പോലെ…..അവളെ നോക്കി ഒരു കുസൃതി ചിരിയോടെ കിടക്കുകയാണ്…. രണ്ടാളെയും ശ്രദ്ധിച്ചിരുന്ന ശേഖരന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു… ക്യാന്റീനിൽ പോകാം എന്ന് പറഞ്ഞു ആര്യയെ അഭിയുടെ അടുത്താക്കി അയാൾ പ്രഭയെയും, ജാനുവമ്മയേയും കൂട്ടി പുറത്തേയ്ക്കിറങ്ങി….. ഡോർ അടച്ചു വേഗം ആര്യ അഭിയുടെ അടുത്തേയ്ക്കു വന്നു….ഒരു നിമിഷം അവനെ നോക്കി നിന്നു…. തന്റെ ജീവനാണ് ഈ മനുഷ്യൻ…ഈശ്വരൻ തനിക്കു നൽകിയ നിധി… പേടിയായിരുന്നു…പ്രതീക്ഷിക്കാത്ത സമയത്ത് ചിലത് ലഭിക്കാറുണ്ട്…താനതിനെ സ്നേഹിച്ചു തുടങ്ങുമ്പോൾ ഒരു സങ്കടകടലിലേയ്ക്ക് തള്ളിയിട്ടു കൊണ്ടു അത് തന്നിൽ നിന്നു അകന്നു പോകും….അഭിയേട്ടനേയും അതുപോലെ നഷ്ടപ്പെടുമോയെന്ന് ഭയന്നു പോയി…

ഇതുവരെയുള്ള തന്റെ അനുഭവം അതായിരുന്നു… ശ്രീ…!!! ആ സ്വരം…. കാതിലൂടെ ഒഴുകി ഹൃദയത്തിലാകെ പ്രതിധ്വാനിക്കുന്ന പോലെ…. അതവളിലെ ഓരോ രോമരാജികളേയും തൊട്ടുണർത്താൻ തുടങ്ങിയിരുന്നു…. ഒരു കുളിര് വന്നു ഉടലാകെ മൂടുന്ന പോലെ… ശരീരമാകെ വിറക്കുന്നു…. ഒരു പിടച്ചിലോടെ അവൾ മുഖമുയർത്തി അവനെയൊന്നു നോക്കി…. പേടിച്ചു പോയോ ശ്രീ….?? ആ ഒരു ചോദ്യം അവന്റെ മുന്നിൽ പിടിച്ചു നിർത്തിയ സങ്കടങ്ങൾക്ക്,കണ്ണുനീരിന് പുറത്തേയ്ക്ക് വരാനുള്ള വഴിയൊരുക്കി കൊടുക്കുന്നതായിരുന്നു… പിടിച്ചു നിർത്താനായില്ല….

മിഴികൾ നീർ പൊഴിച്ച് തുടങ്ങിയിരുന്നു ആ നിമിഷം…. കട്ടിലിൽ അവനോടു ചേർന്നിരുന്നു അവന്റെ മുഖം മുഴുവൻ ചുംബിച്ചു കൊണ്ടിരുന്നു….തന്റെ കണ്ണുനീർ വീണു നനഞ്ഞ അവന്റെ മുഖത്തു വീണ്ടും വീണ്ടും ആ പെണ്ണ് ചുണ്ടുകൾ അമർത്തി….. അവിടെ നിന്നു കഴുത്തിലും നെഞ്ചിലുമൊക്കെ അവളുടെ ചുണ്ടുകൾ മുത്തം വെച്ചുകൊണ്ടിരുന്നു..ഒടുവിൽ അവന്റെ നെഞ്ചിലേക്ക് തന്റെ മുഖം ചേർത്തു വെച്ചു….. അവന്റെ ഗന്ധം…!!!! ജീവശ്വാസം ലഭിച്ചതുപോലെ…. സങ്കടകനലിലേക്ക് ഒരു മഴ പെയ്തിറങ്ങി അത് അണഞ്ഞതുപോലെ…. ഉള്ളം ശാന്തമാകുന്നത് അവളറിഞ്ഞു… എങ്കിലും കണ്ണുകൾ പെയ്തു കൊണ്ടിരുന്നു… ശരീരത്തിൽ എവിടെയൊക്കെയോ വേദന തോന്നിയെങ്കിലും അവനവളെ തടഞ്ഞില്ല….

അവളുടെ സന്തോഷം, സങ്കടം,സ്നേഹം,വിരഹം ഒക്കെ പങ്കു വയ്ക്കുന്നതാണ്…അവനത് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു… അങ്ങനെ നിന്നേ ഒറ്റയ്ക്കാക്കി പോകാൻ എനിക്കാകുമോ ശ്രീ….അതും എന്റെ കുഞ്ഞുവിനെ ഒന്നു കാണാതെ… പറഞ്ഞിട്ടില്ലേ ഞാൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നു…. പിന്നെന്തിനാ ഈ പേടി..മ്മ്…. ഇതൊക്കെ ജീവിതത്തിൽ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യങ്ങളല്ലേ… മതിയാക്കിയേ പെണ്ണേ…ശ്രീ….!!! ഇനി എനിക്ക് ദേഷ്യം വരുമേ…അതുമാത്രമല്ല എനിക്ക് അധികം സംസാരിക്കാൻ പാടില്ല… അവനവസാനം പറഞ്ഞത് കേട്ടതും വേഗം അവൾ അവനിൽ നിന്നു മാറിയിരുന്നു… കരച്ചിലടക്കി അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു…

അഭി ഒരു ചെറു പുഞ്ചിരിയോടെ തന്റെ കൈ ഉയർത്തി അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു…. അവളുടെ മുടി ചെവിയ്ക്കു പുറകിലേക്ക് ഒതുക്കി വെച്ചു… വീണ്ടും അവനെന്തോ പറയാനൊരുങ്ങിയതും കതകിൽ തട്ട് കേട്ടു…. ചെല്ല്… പോയി തുറക്ക്…. അവനവളുടെ കവിളിൽ ചെറുതായി ഒന്നു തട്ടി കൊണ്ട് പറഞ്ഞു.. ആര്യ വാതിൽ തുറന്നതും പ്രഭയും, ജാനുവമ്മയും കൂടെ പ്രീതയും, ശാന്തയും കൂടി അകത്തേയ്ക്ക് വന്നു…. ഉച്ചയ്ക്ക് എല്ലാവർക്കുമുള്ള ആഹാരവും അവർ കരുതിയിരുന്നു… പ്രഭയ്ക്കും, ജാനുവമ്മയ്ക്കും അവരെ രണ്ടാളെയും നന്നായി ഇഷ്ട്ടപ്പെട്ടിരുന്നു….

കഴിഞ്ഞ ദിവസം പ്രഭയെ സമാധാനിപ്പിച്ചു രണ്ടാളും കൂടെ ഉണ്ടായിരുന്നു… ഒരു ദിവസം കൊണ്ട് തന്നെ കുടുംബത്തിലെ അംഗങ്ങളെ പോലെയൊരു അടുപ്പം തമ്മിൽ ഉണ്ടായി കഴിഞ്ഞിരുന്നു…. ഒപ്പം പുതിയൊരു സൗഹൃദം കൂടെ അവിടെ പിറന്നിരുന്നു… ആരോമലും, ആവണിയും…. അവളുടെ കൂടെ കളിച്ചും, അവൾ പറയുന്നതിനൊക്കെ തന്നെകൊണ്ടാകും വിധം മറുപടി നൽകിയും, വിശന്നപ്പോൾ ഭക്ഷണമൂട്ടിയും ഒരു ഏട്ടനെ പോലെ പൊതിഞ്ഞു പിടിച്ചു ആരോമൽ ആവണിമോളുടെ കൂടെ നടക്കുന്നുണ്ട്….. മുതിർന്നവർക്കും അത് മനസ് നിറയുന്നൊരു കാഴ്ചയായിരുന്നു…. പ്രഭയ്ക്ക് പ്രീതയുടെ പെരുമാറ്റവും, കുഞ്ഞുങ്ങൾ തമ്മിലുള്ള അടുപ്പവും കണ്ടപ്പോൾ മനസ്സിൽ മറ്റൊരു ആഗ്രഹമാണ് തോന്നിയത്…

ഇനി ഒരിക്കലും അരവിന്ദ് നിമിഷയ്ക്ക് മാപ്പ് നൽകി കൂടെ കൂട്ടില്ല.. അങ്ങനെ വന്നാൽ പ്രീതയെ അരവിന്ദിനു വേണ്ടി ആലോചിക്കാമായിരുന്നു… അവളെ പോലെ ഒരു കുട്ടിയാകുമ്പോൾ അവന്റെ തെറ്റുകളും, കുറവുകളും മനസിലാക്കിയേനെ..മാത്രമല്ല ആവണി മോൾക്ക് നല്ലൊരു അമ്മയാകാൻ പ്രീതയ്ക്ക് സാധിക്കും… ആ മോന് നല്ലൊരു അച്ഛനാകാൻ അരവിന്ദിനും കഴിയുമെന്നാണ് തന്റെ വിശ്വാസം… അങ്ങനെയാണെങ്കിൽ തന്റെ മകന് ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടായേനെ….

പക്ഷെ അവൻ ആര്യയോട് ചെയ്ത തെറ്റുകൾ ഓർത്തപ്പോൾ പ്രീതയെ തന്റെ മകൻ അർഹിക്കുന്നില്ലയെന്നു തോന്നി അവർക്ക്… ഒരു നിമിഷം താൻ സ്വാർത്ഥയായി പോയോ എന്നവർ സംശയിച്ചു…. പക്ഷേ പ്രീതയെ കൈവിട്ട് കളയാനും അവർക്ക് മനസ്സുവന്നില്ല… ആദ്യം അരവിന്ദ് നാട്ടിൽ എത്തട്ടെ … അതുകഴിഞ്ഞു പറ്റിയൊരു സാഹചര്യം ഒത്തുവരുമ്പോൾ തന്റെ ആഗ്രഹം മറ്റുള്ളവരെ അറിയിക്കാം.. അതുവരെ ഇതൊരു രഹസ്യമായി മനസ്സിൽ സൂക്ഷിക്കാം… പ്രഭ മനസ്സിൽ ഉറപ്പിച്ചു… 💙🎉ദാമ്പത്യം🎉💙

വൈകുന്നേരത്തോടെയാണ് പ്രദീപ്‌ ഹോസ്പിറ്റലിലെത്തിയത്… അഭിയോട് തനിച്ച് സംസാരിക്കണമെന്ന് പറഞ്ഞതുകൊണ്ട് മറ്റുള്ളവർ ആര്യയേയും കൊണ്ട് പുറത്തേയ്ക്ക് പോയിരുന്നു… അഭിയുടെ കിടപ്പ് പ്രദീപിനെ വല്ലാതെ വേദനിപ്പിച്ചു… അവന്റെ ഈ അവസ്ഥയ്ക്ക് താനും കാരണക്കാരനാണോയെന്നു അവൻ ചിന്തിച്ചു…. തന്റെ അനാസ്ഥയാണോ കാരണം…. അന്വേഷണം കുറച്ചുകൂടി കാര്യക്ഷമമാക്കിയിരുന്നെങ്കിൽ….തന്റെ അഭിയ്ക്കു ഇങ്ങനെ വേദന തിന്നു കിടക്കേണ്ടി വരില്ലായിരുന്നു…. ഒന്നും മിണ്ടാതെ തന്നെ വേദനയോടെ അതിലേറെ കുറ്റബോധത്തോടെ നോക്കുന്നവനെ അഭി സമാധാനിപ്പിച്ചു… എടാ… എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്…. ഒന്നും ആരുടെയും തെറ്റല്ല…

എനിക്ക് കുറച്ചു ആത്മവിശ്വാസം കൂടിപ്പോയി….. വെങ്കിടേഷിനെ നമ്മൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു…അതുകൊണ്ടാണ് എന്റെ ഇറച്ചിയിൽ കത്തി കയറിയത്…. കളിയോടെ പറയുന്നവനെ നോക്കി ഒരു മങ്ങിയ ചിരി പ്രദീപ് മറുപടിയായി നൽകി… അതൊക്കെ പോട്ടെ….നീ പറഞ്ഞേ എങ്ങനെയാ അവന്മാരെ പൊക്കിയത്…??? അഭി പതിയെ വിഷയം മാറ്റി..ആ ചോദ്യം കേട്ടതും പ്രദീപ്‌ ഒന്നു ഉഷാറായി… പൊക്കിയത് ഇവിടെ കൊച്ചിയിൽ നിന്നു തന്നെയാണ്…. നേതാവ് ഒരു ആന്റണി… ജയിലിൽ വെച്ചുള്ള പരിചയമാണ് വെങ്കിയുമായി… പത്ത് ലക്ഷം രൂപയാണ് നിന്റെ ജീവന് അവരിട്ട വില…… ഏഴെട്ടു ദിവസമായി അവന്മാർ നിന്റെ പുറകെ ഉണ്ടായിരുന്നു..ഒരവസരം നോക്കി… എനിക്കൊന്നു കാണണമെടാ അവന്മാരെ… പ്രത്യേകിച്ച് അവനെ…ആ ആന്റണിയെ…

നീ അയച്ച ഫോട്ടോകളിൽ നിന്ന് ആന്റണിയുടെ മുഖം തിരിച്ചറിയുമ്പോൾ അത് നിന്നോട് പറയണ്ടെന്നാണ് എനിക്ക് ആദ്യം തോന്നിയത്….. അവനാണ് എന്നെ വെട്ടിയത്….അത് ഞാൻ ക്ഷമിച്ചേനെ….അവന്റെ പണി അതാണല്ലോ എന്നോർത്ത്….. പക്ഷേ എന്നെ വെട്ടുന്നതിന്റെ കൂടെ അവനൊരു കാര്യം പറയുന്നുണ്ടായിരുന്നു….ഞാൻ മരിച്ചാലും എന്റെ പെണ്ണ് ഒറ്റയ്ക്കാകില്ലെന്നു..അവൻ അവളെ ഏറ്റെടുത്തോളാമെന്നു….അവന്റെ വെപ്പാട്ടിയായി…മടുക്കുമ്പോൾ അവളെ വെച്ച് പൈസ ഉണ്ടാക്കുമെന്നും…അതിന് മുന്നേ ഞങ്ങളുടെ കുഞ്ഞിനെ കൊന്നുകളയുന്നും….. അത് നിമിഷയുടെ ഐഡിയ ആണെന്ന്… ഇതൊക്കെ ഞാനെങ്ങനെ ക്ഷമിക്കും….

എന്നിട്ട് നീ എല്ലാം കേട്ടുകൊണ്ട് നിന്നോ…?? കൊന്നു കളഞ്ഞുകൂടായിരുന്നോ നിനക്ക് അവന്മാരെ….. പ്രദീപ് അഭിയുടെ നേർക്കു അലറി…. പിന്നെ വടിവാളും,കമ്പിയും, കത്തിയുമൊക്കെയായി നിൽക്കുന്ന അഞ്ചാറ് ഗുണ്ടകളെ ഇടിച്ചിടാൻ ഞാൻ സൂപ്പർ ഹീറോ ഒന്നുമല്ല….. ഒരു സാധാരണ മനുഷ്യനാ….. അവരുടെ കയ്യിൽ നിന്നു എന്റെ ജീവൻ രക്ഷിച്ചെടുക്കുക എന്നുള്ളത് മാത്രമായിരുന്നു അപ്പോൾ എന്റെ മനസിലുണ്ടായിരുന്നത്…. എനിക്കെന്തെങ്കിലും സംഭവിച്ചുപോയാൽ എന്റെ പെണ്ണിനേയും കുഞ്ഞിനേയും പോലും അവർ വെറുതെ വിടില്ല എന്നറിഞ്ഞപ്പോൾ, അവർക്കു സംരക്ഷണമൊരുക്കേണ്ട ഞാൻ ….. എനിക്ക് തിരിച്ചു വന്നല്ലേ പറ്റു… അതാണ് കുത്ത് കൊണ്ടു വീണിട്ടും ഒരു വണ്ടിയുടെ ശബ്‍ദം കേട്ടതും എങ്ങനെയൊക്കെയോ എഴുന്നേറ്റു അതിന്റെ മുന്നിൽ ചാടിയത്….

വണ്ടിയിലുണ്ടായിരുന്നവർ കരുണയുള്ളവരായതുകൊണ്ടും, വെങ്കിയും ആന്റണിയുമൊന്നും അത് പ്രതീക്ഷിക്കാതിരുന്നതുകൊണ്ടും ഞാൻ രക്ഷപ്പെട്ടു….. അതുകൊണ്ടുതന്നെ അവനെ എനിക്ക് വേണം..അവനെ മാത്രമല്ല…. എന്റെ പെണ്ണിനേയും,കുഞ്ഞിനേയും ദ്രോഹിക്കാൻ കൊട്ടേഷൻ കൊടുത്തവനേയും,കൊട്ടേഷൻ ഏറ്റെടുത്തവനേയും വെറുതെ ഇടാൻ പറ്റില്ലല്ലോ…അതുപോലെ ആ #&#$&മോളെയും… നല്ലതുപോലെ ഒന്നു കാണണം എല്ലാത്തിനേയും …. അഭി പകയോടെ പറഞ്ഞു നിർത്തി…. മ്മ്മ്….ഞാനുണ്ടാകും നിന്റെ കൂടെ എന്തിനും….എന്തായാലും രണ്ടും ഇവിടെ തന്നെ ഉണ്ടായിരുന്നു നമ്മുടെ കൺവെട്ടത്….

പക്ഷെ നമ്മളതറിഞ്ഞില്ല… നമ്മുടെ പിടിപ്പുകേട് കൊണ്ടു ഇതുവരെ രണ്ടിനെയും പിടിക്കാൻ പറ്റിയില്ല… പക്ഷേ ഇനിയത് പാടില്ല…. പൂട്ടണം…ഇപ്പോൾ അത് എന്റെയും അഭിമാനത്തിന്റെ പ്രശ്നമാണ്…. മ്മ്…..!!! പ്രദീപ്‌ പറയുന്നതിനു ശ്രദ്ധിച്ചു കിടക്കുമ്പോഴും അഭിയുടെ മനസ്സിൽ വെങ്കിയോടും നിമിഷയോടുമുള്ള പക എരിഞ്ഞു കത്തുകയായിരുന്നു… അവരെ കുരുക്കാനുള്ള വഴികൾ തേടുകയായിരുന്നു…. 💙🎉ദാമ്പത്യം🎉💙

പറഞ്ഞത് സത്യമാണോ വെങ്കി…. അവൻ രക്ഷപ്പെട്ടോ??? മ്മ്മ്…..!!! നിന്നെ പിന്നെ എന്തിനു കൊള്ളാം…. നീ അല്ലെ പറഞ്ഞത് വെട്ടി, കുത്തി എന്നൊക്കെ….എന്നിട്ടവൻ രക്ഷപ്പെട്ടത്രെ…നാണമില്ലല്ലോ വെങ്കി നിനക്ക്… അഭി രക്ഷപ്പെട്ടതറിഞ്ഞു നിമിഷ വെങ്കിയോട് പൊട്ടിത്തെറിക്കുകയാണ്… അവൾക്കത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… എങ്ങനെ എന്നോടിത് പറയാൻ തോന്നി നിനക്ക്..?? പത്തുലക്ഷം കൊണ്ട് പോയി തുലച്ചതു മാത്രം മിച്ചം…. അവൻ തീർന്നേനെ…പക്ഷേ അവന് ആയുസ്സിന് നല്ല ബലമുള്ള കൊണ്ട് ആ വഴി അപ്പോൾ ഒരു കാർ വന്നു…. കുത്തു കൊണ്ട് കിടക്കുന്നവൻ അതിന് മുന്നിലേക്ക് എടുത്തു ചാടുമെന്ന് ഞങ്ങളും കരുതിയില്ല… കാർ നിർത്തിയപ്പോഴേ ഞങ്ങൾ വേഗം രക്ഷപ്പെട്ടു…..

അതിലുള്ളവരാ അവനെ രക്ഷപ്പെടുത്തിയത്… സോറി മോളെ…..നിനക്ക് തന്ന വാക്ക് പാലിക്കാൻ എനിക്ക് പറ്റിയില്ല… ക്ഷമ പറഞ്ഞു കൊണ്ടു തന്റെ കൈയിൽ മുറുകെ പിടിച്ച വെങ്കിയുടെ കൈകളെ നിമിഷ കുടഞ്ഞെറിഞ്ഞു….അവനെയൊന്നു രൂക്ഷമായി നോക്കിയിട്ട് പുറത്തേയ്ക്ക് പോയി…. അഭിമന്യു…!!! തന്റെ ഏറ്റവും വലിയ ശത്രു… അരവിന്ദിനെ തനിപ്പോൾ ഓർക്കാറു പോലുമില്ല… നന്ദനം വീട്ടിലുള്ളവരോട് മുഴുവൻ തനിക്ക് ദേഷ്യമാണെങ്കിലും.. അഭിമന്യുവിനോടും, ആര്യയോടും തീർത്താൽ തീരാത്ത പകയാണ്….. ആര്യയുടെ മുഖത്തെ ചിരി… അതാണ് താൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത്…

തനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും എന്തിനാണ് അവളോട്‌ ഇത്ര ദേഷ്യം എന്നറിയില്ല… അരവിന്ദിന്റെ ഭാര്യ ആയിരുന്നത് കൊണ്ടാണോ…?? തന്നെക്കാൾ സുന്ദരിയായതുകൊണ്ടാണോ….?? അതോ തനിക്ക് കിട്ടാത്ത സ്നേഹവും, പരിഗണനയും ആ വീട്ടുകാർ അവൾക്കു നൽകിയത് കൊണ്ടാണോ…? അറിയില്ല…!! ഈ പറഞ്ഞതെല്ലാം കാരണങ്ങളാകാം…. എന്തായാലും തനിക്ക് അവളോട് വെറുപ്പാണ്…ഒരിക്കലും മാറാത്ത വെറുപ്പ്… അഭിമന്യുവാണ് അവളുടെ എല്ലാ സന്തോഷങ്ങൾക്കും കാരണം… മനസ്സ് തകർന്ന് ആത്മഹത്യ ചെയ്യുമായിരുന്ന അവളെ അതിനനുവദിക്കാതെ ചേർത്ത് പിടിച്ചു… അവന്റെ ഭാര്യയാക്കി…. അവളെ സ്നേഹിച്ചു…. കുഞ്ഞുങ്ങളെ പോലെ പൊതിഞ്ഞു പിടിച്ചു….

അവളെ ദ്രോഹിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവനത് തിരിച്ചറിഞ്ഞു…തന്നെ തടഞ്ഞു . അതിനേക്കാൾ വലിയ ശിക്ഷകൾ തനിക്ക് നൽകി അവളെ സംരക്ഷിച്ചു… അവനെ കൊല്ലാനുള്ള ബുദ്ധി വെങ്കിയ്ക്ക് പറഞ്ഞു കൊടുത്തതും താനാണ്….അവൻ ചത്തൊടുങ്ങിയാൽ ആര്യ തകരും…പിന്നെ അവൾക്കൊരു നാളെ ഇല്ല…..ശിഷ്ടകാലം അവനെയോർത്ത് നീറി നീറി കഴിയുമവൾ… അവളുടെ കൂടെ ആ തന്തയും തള്ളയും വേദനിക്കും…അവരുടെ പൊന്നുമോനാണല്ലോ അഭിമന്യൂ…. ചിലപ്പോൾ രണ്ടും ചങ്കുപൊട്ടി ചാകും… അപ്പോഴും ആര്യ കരയും… അവളുടെ കരച്ചിൽ കൺനിറയെ കാണണം….സന്തോഷിക്കണം… അങ്ങനെ തന്റെ ശത്രുക്കളൊക്കെ ഒരുമിച്ചു അവസാനിച്ചേനെ…

പിന്നെയുള്ളത് അരവിന്ദാണ്…അവനെയും കൂടി അവസാനിപ്പിച്ചാൽ…പിന്നെ തന്റെ മകൾ മാത്രമാണ് ബാക്കിയുള്ളത്… അവളാകും നന്ദനത്തെ സ്വത്തുക്കളുടെയൊക്കെ ഏക അവകാശി… മകളെ കൂടെ നിർത്തിയാൽ ഒക്കെ തനിക്ക് വന്നു ചേരും…എന്തൊക്കെ പ്രതീക്ഷകളായിരുന്നു… പതിയെ ആണെങ്കിലും ഒക്കെ നടന്നേനെ… പക്ഷേ ഇപ്പോൾ അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായി.. അവളിപ്പോൾ സന്തോഷിക്കുകയാകും….ഭർത്താവിന്റെ ജീവൻ തിരിച്ചുകിട്ടിയതോർത്ത്…എപ്പോഴും അവൾക്കാണ് ജയം…. ആര്യയുടെ പുഞ്ചിരിക്കുന്ന മുഖം ഓർമ്മ വന്നതും നിമിഷയ്ക്കു ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി…. ദേഷ്യത്തോടെ അവൾ വെങ്കിയുടെ അടുത്തേയ്ക്കു പാഞ്ഞു ചെന്നു….

നീയെന്നോട് പറഞ്ഞതല്ലേ വെങ്കി..അവൻ മരിച്ചു കാണുമെന്നു… അതുകൊണ്ടാണ് നീ പറഞ്ഞതനുസരിച്ചു അവളെ ഫോൺ ചെയ്തു അവന്റെ മരണത്തിനുത്തരവാദി അവളും,അവളുടെ വയറ്റിൽ വളരുന്ന കൊച്ചുമാണെന്നു പറഞ്ഞു ഒന്നുകൂടി അവളെ തകർക്കാമെന്നുള്ള ഐഡിയ ഞാൻ ഉപേക്ഷിച്ചത്… ഞാൻ എത്ര സന്തോഷിച്ചെന്നറിയാമോ….. എന്നിട്ടിപ്പോൾ അവന് ഒന്നും സംഭവിച്ചില്ലെന്നു പറഞ്ഞാൽ…എനിക്ക് സഹിക്കാൻ പറ്റുന്നില്ല വെങ്കി…എന്തെങ്കിലും ചെയ്തേ പറ്റു… ഇനി അവൻ മരിക്കേണ്ടത് നമ്മുടെ ഏറ്റവും വലിയ ആവശ്യമാണ്…. അവൻ എഴുന്നേറ്റു നടക്കാറായാൽ ഉറപ്പായും നമ്മളെ തേടി വരും… അവൻ അനുഭവിച്ച വേദനയുടെ ഇരട്ടിക്കിരട്ടി വേദന നമുക്ക് തരും….

അവനെ പേടിക്കണം വെങ്കി….. അവസാനമായപ്പോഴേക്കും എന്തോ ഓർത്തെന്ന പോലെ നിമിഷയുടെ സ്വരത്തിൽ പരിഭ്രമം നിറഞ്ഞിരുന്നു.. ആന്റണിയെ പോലീസ് പൊക്കിയ സ്ഥിതിക്ക് ഇനി നമ്മൾ ഈ നാട്ടിൽ നിൽക്കുന്നത് സേഫ് അല്ല നിമ്മി…. അവന്റെ കൂട്ടുകാരൻ പോലീസുകാരൻ ഇനി ഓരോ മുക്കും മൂലയും അരിച്ചുപെറക്കും…അതുകൊണ്ടു എത്രയും വേഗം നമ്മക്ക് ഇവിടം വിടണം…. ഞാൻ നിനക്ക് വാക്ക് തരുന്നു..നിന്നേ വേദനിപ്പിച്ചതിന് അവന്റെ ജീവൻ ഞാനെടുത്തിരിക്കും….

പക്ഷേ കുറച്ചു സമയം നീയെനിക്ക് തരണം…ആദ്യം നമുക്ക് സേഫ് ആയ ഒരിടത്തേയ്ക്ക് മാറാം… അതുകൊണ്ടു വേഗം റെഡിയാക് നീ…നമുക്ക് എത്രയും വേഗം ഇവിടെ നിന്നിറങ്ങണം… ധൃതിയിൽ അകത്തേയ്ക്കു നടന്നു നീങ്ങുന്ന വെങ്കിയെ നിമിഷ നോക്കി നിന്നു… അവൻ പറയുന്നത് പോലെ തങ്ങളിപ്പോൾ സുരക്ഷിതരല്ല എന്നുറപ്പുണ്ടെങ്കിലും വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്ന ആ ശത്രുവിന്റെ മുഖം ഓർമ്മ വന്നതും അവളെ കൊല്ലാനുള്ള പക നിമിഷയുടെ മനസ്സിൽ നിറഞ്ഞു….💙🎉ദാമ്പത്യം🎉💙… കാത്തിരിക്കാം തുഷാര ലക്ഷ്മി❤ തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 40

Share this story