നീ മാത്രം…❣️❣️ : ഭാഗം 9

നീ മാത്രം…❣️❣️ : ഭാഗം 9

എഴുത്തുകാരി: കീർത്തി

ചെടികൾ നനച്ചു കഴിഞ്ഞതും വേറെ പിന്നെ നേരംപോക്ക് ഒന്നുമില്ലാത്തതുകൊണ്ട് ടീച്ചറമ്മയോട് പാട്ട് പാടിതരാൻ പറഞ്ഞു. സ… പ….മ……ന്നൊന്നും അല്ല എന്റെ സ്വന്തം നീലരാവ്. 🎶 🎶 അആഹ് ..അആഹ് ..അആഹ് .. നീലരാവിൽ ഇന്നു നിന്റെ താരഹാരമിളകി നീലരാവിൽ….. 🎶 🎶 പാട്ട് കേട്ട് മതിമറന്നു ഞാനാ പഴയ ഓർമകളിലേക്ക് പോയി. കണ്ണുകളും അതിൽ ലയിച്ച് അടഞ്ഞു പൊയ്ക്കൊണ്ടിരുന്നു. എല്ലാം ഒരുമാത്ര വീണ്ടും ഓർത്തു പോയി. വൈകാതെ നിദ്ര ദേവി മിഴികളെ സ്വാധീനിച്ചു. ഞാനിരുന്ന് ഉറക്കം തൂങ്ങുന്നത് കണ്ട ടീച്ചറമ്മ എന്നെ വിളിച്ച് സ്വന്തം മടിയിൽ തട്ടി കാണിച്ചു. അതിനർത്ഥം മനസ്സിലായതും ഒട്ടും വൈകാതെ ഞാനാ മടിയിൽ തല ചായ്ച്ചു കിടന്നു. എന്റെ തലയിൽ തഴുകി കൊണ്ട് അമ്മ പാട്ട് തുടർന്നു. കിടന്നതേ ഓര്മയുള്ളൂ അങ്ങനെ ഉറങ്ങിപോയി.

കവിളിൽ ചൂടുള്ള എന്തോ വന്നുവീണപ്പോഴാണ് കണ്ണുകൾ വലിച്ചു തുറന്നത്. നോക്കിയപ്പോൾ ഞാനപ്പോഴും ടീച്ചറമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു. ടീച്ചറമ്മ എന്റെ തലയിൽ തഴുകികൊണ്ട് വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ്. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുമുണ്ട്. ടീച്ചറുടെ പ്രിയപ്പെട്ട ഓർമ്മകൾ ചുടുകണ്ണീരായി എന്റെ കവിളിൽ വന്നുപതിച്ചതായിരുന്നു അത്. ഈശ്വരാ ടീച്ചറുടെ ആ മാഷ് എവിടെലും ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്രയും പെട്ടന്ന് ടീച്ചറുടെ മുന്നിലെത്തിക്കണേ… ഈ സങ്കടം കാണാൻ വയ്യ. ഞാൻ ഉണർന്നു ന്ന് അറിഞ്ഞാലെ ടീച്ചർ ഓർമകളിൽ നിന്നും തിരിച്ചുവരൂ. അതുകൊണ്ട് പിന്നെ കിടക്കാൻ നിന്നില്ല. ഓരോന്ന് പറഞ്ഞും കുറുമ്പ് കാണിച്ചും ടീച്ചറെ ഉഷാറാക്കിയെടുത്തു.

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗീതു പറഞ്ഞത് നാളെ ഉച്ചയ്ക്ക് അവള്ടെ കൂടെ ബാങ്കിലേക്ക് വരണമെന്ന്. എന്തോ ആവശ്യത്തിന് ചെല്ലാൻ പറഞ്ഞു ന്ന്. ഞാനെന്തായാലും വീട്ടിൽ ചൊറിയും കുത്തിയിരിക്കുകയല്ലേ. വരാമെന്ന് ഞാനും ഏറ്റു. മനസ്സിലൊരു കൊച്ചു ദുരുദ്ദേശവും തോന്നി. ഒരുപക്ഷെ ആനന്ദേട്ടനെ കാണാൻ പറ്റിയാലോ? പിറ്റേന്ന് ഗീതു ഇച്ചിരി നേരത്തെ ഓഫീസിലേക്ക് പോയി. ഉച്ചക്ക് ലീവാക്കേണ്ടതല്ലേ. കാലനെ സോപ്പിടാൻ നേരത്തെ പോയതാ. സമയം ഉച്ചാടോടടുത്തപ്പോൾ ഞാനും ഒരുങ്ങിയിറങ്ങി. ഒരു ബസ് പിടിച്ച് അവളുടെ ഓഫീസിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഞാൻ ഗീതുവിനെയും കാത്ത് ഇരുന്നു. ഞാനവിടെ ചെന്നിരുന്നതിന് ശേഷം രണ്ടു മൂന്നു ബസ് പോയി. മൂന്നിലും അത്യാവശ്യം നല്ലരീതിയിൽ തിരക്കും ഉണ്ടായിരുന്നു.

എന്നിട്ടും ആ സ്റ്റോപ്പിൽ നിന്നിരുന്നവർ നുഴഞ്ഞു അതിനകത്ത് കയറുന്നത് കണ്ടു. ഇവരെ പട്ടാളത്തിലെടുത്താലോ ന്ന് ഞാൻ ചിന്തിച്ചു. കാരണം അത്രയും നല്ല നുഴഞ്ഞുകയറ്റം. കിളി ചേട്ടന്മാർ എന്നെയും ബസിൽ കയറ്റാൻ നോക്കി. തിരക്ക് കണ്ടു മാറിനിൽക്കാണെന്നാണ് അവർ വിചാരിച്ചതെന്ന് തോന്നുന്നു. “ബാ കേറിക്കോ. അകത്തു ഇഷ്ടം പോലെ സ്ഥലം ണ്ട്. ” സ്ഥലം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവര് പറയുന്ന സ്ഥിരം ഡയലോഗ് ആണത്. സൂചി കുത്താൻ സ്ഥലമില്ലെങ്കിലും അവര് പറയും ” ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ അകത്ത് അങ്ങോട്ട് കടന്നു നിൽക്ക് ” ന്ന്. ചില സന്ദർഭങ്ങളിലെല്ലാം ആ വാക്കുകൾ നമുക്കൊരു വല്ലാത്ത പ്രചോദനം തന്നെയാണ്. തിക്കിതിരക്കിയും തൂങ്ങി പിടിച്ചുമെല്ലാം ബസിൽ കോളേജിലേക്ക് പോയിരുന്ന ആ കാലം ഓർത്തു പോയി.

കൺസഷനു വേണ്ടി കണ്ടക്ടറോട് വഴക്കിട്ടതും, ചുള്ളൻ ചേട്ടന്മാരെ കാണുമ്പോൾ വായിനോക്കി നിന്നതും, ബസിൽ ഓടി കയറുന്നതിനിടയിൽ ഊരിപോയ ചെരുപ്പ്കളെയുമെല്ലാം ഓർത്തു…….. ആഹ്…. അതൊരു കാലം… ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെ നല്ല നിമിഷങ്ങൾ. ഞാൻ പോലുമറിയാതെ എന്നിൽ നിന്നൊരു നെടുവീർപ്പ് പുറത്തു വന്നു. എന്നത്തേയും പോലെ പറഞ്ഞ സമയം കഴിഞ്ഞിട്ടും ഗീതുവിനെ കാണാനില്ല. വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല. വെറുതെ അതിലൂടെ പോകുന്ന ആളുകളുടെയും വണ്ടികളുടെയും കണക്കെടുത്ത് മടുത്തപ്പോളാണ് കൈയിലുള്ള ഹാൻഡ് ബാഗിൽ വെറുതെയൊന്നു കൈയിട്ട് തപ്പിനോക്കിയത്. ഹെഡ് സെറ്റിന്റെ വള്ളി കൈയിൽ തടഞ്ഞതും വല്ലാത്തൊരു സന്തോഷമായിരുന്നു. എടുത്തു ഫോണിൽ കുത്തി പാട്ടും കേട്ടിരുന്നു.

ഫോണിൽ നോക്കി അങ്ങനെ തോണി തുഴഞ്ഞു കൊണ്ടിരിക്കുമ്പോളാണ് അടുത്ത് ആരോ വന്നു നിൽക്കുന്ന പോലെ തോന്നിയത്. വേഗം തുഴച്ചിലൊക്കെ നിർത്തി തല പൊക്കിനോക്കി. ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ മുന്നിലതാ ഒരു മൈന. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് എന്റെ മനസ്സിൽ ഒന്നല്ല രണ്ടല്ല മൂന്നല്ല നൂറായിരം ലഡ്ഡുകൾ ഒരുമിച്ച് പൊട്ടി. ഞാനുടനെ ചെവിയിൽ തിരുകിയ ഹെഡ് സെറ്റ് ഊരി ബാഗിലേക്ക് തന്നെ വെച്ചു. “എന്താടൊ ഇത്? ഇടയ്ക്കൊക്കെ അതിനകത്തു ന്ന് തല പൊക്കി നോക്കുന്നത് നല്ലതാ ട്ടൊ. ” അപ്പൊ കുറച്ചു നേരമായി വന്നിട്ട് ന്നർത്ഥം. ഞാൻ ആ മുഖത്തേക്ക് നോക്കി ചമ്മിയ ചിരിചിരിച്ചു.

“വീട്ടിൽ സ്ഥലമില്ലാഞ്ഞിട്ടാണോ ഇവിടെ വന്നിരുന്ന് പാട്ട് കേൾക്കുന്നത്? ” ആ ബസ് സ്റ്റോപ്പിൽ എന്റെ അടുത്തായി വന്നിരുന്നു കൊണ്ട് ആനന്ദേട്ടൻ പറഞ്ഞു. “ഏയ്‌…. ഞാൻ…. ” “ബസ് കാത്തിരിക്കല്ല ന്ന് ഇരിപ്പ് കണ്ടാലേ അറിയാം. എന്താ പരിപാടി? ” “ഫ്രണ്ട്ന്റെ കൂടെ ബാങ്കിൽ ഒന്ന് പോണം. ഇവിടെ അടുത്താണ് അവൾ വർക്ക്‌ ചെയ്യുന്നത്. ഇപ്പൊ വരും. എന്നോട് ഇവിടെ വെയിറ്റ് ചെയ്യാനാ പറഞ്ഞത്.” “ഇവിടെ അടുത്തോ !!! എവിടെ? ഏത് കമ്പനിയിലാ? ” സാർ ചോദിച്ചു. “വി. എ. അസോസിയേറ്റ്സില്. ” ഞാൻ പറഞ്ഞു. “എവടെ !!? ” ആനന്ദേട്ടൻ അത്ഭുതത്തോടെ ചോദിച്ചു. “വി. എ. അസോ…..” മുഴുമിപ്പിക്കുന്നതിന് മുന്നേ എന്റെ ഫോൺ റിംഗ് ചെയ്തു. എടുത്തു നോക്കിയപ്പോൾ ഗീതുവായിരുന്നു. ആനന്ദേട്ടനോട്‌ “ആനന്ദേട്ടാ ഒരു മിനിറ്റേ.. ” ന്ന് പറഞ്ഞ് ഞാൻ കാൾ അറ്റൻഡ് ചെയ്തു. ഗീതു പറഞ്ഞത് കേട്ട് എനിക്ക് ശെരിക്കും ഭ്രാന്ത് വന്നു.

എന്നും ഇത് തന്നെ അവസ്ഥ. ആ കൊശവൻ ബോസ്സ് എന്തോ പണി കൊടുത്തുത്രെ. അത് ചെയ്തു കഴിഞ്ഞിട്ട് പോയാൽ മതി ന്നും പറഞ്ഞുത്രെ. ആ കാലനാണെങ്കിൽ ഇപ്പൊ പോയിട്ടേയുള്ളൂ ന്ന്. അതായത് ഉത്തമാ ഞാൻ കുറച്ചു നേരം കൂടി ഈ ബസ് സ്റ്റോപ്പിൽ കുത്തിയിരിക്കണമെന്ന് ചുരുക്കം. “നീ ആ കണ്ണിൽ ചോരയില്ലാത്ത ദുഷ്ടന് എന്തിലേങ്കിലും കുറച്ചു ഉറക്കഗുളിക കലക്കി കൊടുക്ക്. അതുമല്ലെങ്കിൽ കുറച്ചു എലിവിഷം കലക്കി കൊടുക്ക്. തീരട്ടെ അങ്ങോട്ട്. ഇങ്ങനേം ണ്ടോ ആളോള്? ഒരു വിജയ് സാർ വന്നേക്കണു….. എന്ത് വൃത്തിക്കെട്ട സ്വഭാവമാടി അയാൾടെ? അയ്യാളെ എന്റെ കൈയിൽ കിട്ടിയാലുണ്ടല്ലോ……. എന്താ ചെയ്യാ ന്ന് എനിക്ക് തന്നെ അറിയില്ല…. കുറെ നേരായി ബാക്കിള്ളോൻ ഇവിടെ വന്നിരിക്കാൻ തുടങ്ങീട്ട്. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.

കുറച്ചു നേരം കൂടി നോക്കും ന്നിട്ടും നീ വന്നില്ലെങ്കിൽ ഞാനെന്റെ പാട്ടിന് പോകും പറഞ്ഞില്ല ന്ന് വേണ്ട. അവളും അവള്ടെയൊരു വിജയ് സാറും. നീ വേണേൽ അങ്ങേരെ കൂട്ടി പൊയ്ക്കോ ബാങ്കിലിക്ക്. ഹും….. ” ഇരച്ചുവന്ന ദേഷ്യത്തിന് വായിൽ തോന്നിയത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അവള്ടെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ കാൾ കട്ട്‌ ചെയ്തു. കാൾ കട്ട്‌ ചെയ്തിട്ടും ദേഷ്യം മാറിയിരുന്നില്ല. പിന്നെയും ഓരോന്ന് പിറുപിറുത്തോണ്ടിരുന്നു. കുറച്ചു സമയത്തിന് ശേഷം ഒരല്പം ദേഷ്യം കുറഞ്ഞപ്പോളാണ് തൊട്ടടുത്ത് ഇരിക്കുന്ന ആളെ കുറിച്ച് ബോധമുണ്ടായത്. അയ്യേ…… ഞാൻ ഇത്രയും നേരം പറഞ്ഞത് മുഴുവനും കേട്ടിട്ടുണ്ടാവു ലോ. സുഭാഷ് !! തിരുപ്പതിയായി. ദൈവമേ കംപ്ലീറ്റ് ഇമേജും തകർന്നു. ഞാൻ പതുക്കെ തല ചെരിച്ച് ആനന്ദേട്ടനെയൊന്ന് നോക്കി….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 8

Share this story