ആദിപൂജ: ഭാഗം 16

ആദിപൂജ: ഭാഗം 16

എഴുത്തുകാരി: ദേവാംശി ദേവ

പൊട്ടിത്തെറിക്കും പോലെ ആണ് പൂജ ..ആദ്യമായി ആണ് പ്രണവ് അനിയത്തിയെ ഇങ്ങനെ കാണുന്നത്.. “പറ.. സത്യം പറ… ഏട്ടനാണോ ബാലേച്ചിയെ കൊന്നത്..” പ്രണവിന്റെ ഷർട്ടിൽ പിടിച്ച് കുലുക്കി കൊണ്ട് പൂജ ചോദിച്ചു.. “അത് ഒരു ആക്സിഡന്റ് തന്നെ ആയിരുന്നു വാവേ… പക്ഷെ ആ ആക്സിഡന്റ് നടന്നത് എന്റെ കൈ കൊണ്ട് ആണ്..” ആഗ്രഹിച്ചത് അല്ലെങ്കിലും പ്രതീക്ഷിച്ചത് ആയിരുന്നു. എന്നിട്ടും പൂജ ഒന്ന് ഞെട്ടി. കണ്ണുകൾ നിറഞ്ഞ് ഒഴുകി.. “എന്താ..സംഭവിച്ചത്..” “അമ്മയുടെയും അച്ഛന്റെയും മരണ ശേഷം ആരുമായും ഒരടുപ്പവും ഇല്ലാതെ ആയിരുന്നു ഞാൻ ജീവിച്ചതെന്ന് നിനക്കറിയാലോ.. എന്റെ ജീവിതത്തിലേക്ക് മാറ്റങ്ങൾ കൊണ്ട് വന്നത് ആ കോളേജ് ആണ്. P G ക്ക് ജോയിൻ ചെയ്ത കോളേജ്. ഞാൻ വിശ്വസിച്ച പാർട്ടിക്ക് അവിടെ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. എങ്കിലും പാർട്ടി പ്രവർത്തനം വളരെ വീക് ആയിരുന്നു. എന്റെ ഐടിയാസിൽ പാർട്ടി കോളേജിൽ പല പുരോഗമനങ്ങളും കൊണ്ട് വന്നു..

പ്രിൻസിപ്പാളും അദ്ധ്യാപകരും ഉൾപ്പെടെ എല്ലാവരും ഞങ്ങളെ അഭിനന്ദിച്ചു. കോളേജിലെ എങ്ങും ചെങ്കൊടി പാറി. സഖാവ് പ്രണവ് വൻ ഭൂരിപക്ഷത്തോടെ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. എന്നിലും മാറ്റങ്ങൾ ഉണ്ടായി..കോളേജ് ലൈഫ് ഞാൻ ആസ്വദിച്ചു തുടങ്ങി.. ആ സമയത്താണ് ഞാൻ ശ്രീ ബാലയെ കാണുന്നത്… ഒരിക്കൽ എന്റെ ബൈക് മറ്റൊരു ബൈക്കുമായി കൂട്ടിമുട്ടി. നന്ദനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ആർക്കും ഒന്നും പറ്റിയില്ല.. പക്ഷെ ബൈക്കിന്റെ പുറകിൽ ഇരുന്ന പെൺകുട്ടി എന്നോട് വഴക്കിന്‌ വന്നു. താഴെ വീണപ്പോൾ അവളുടെ കുപ്പിവളകൾ പൊട്ടി എന്നതായിരുന്നു പ്രശ്നം. എന്തൊക്കെയോ അവൾ വിളിച്ച് പറഞ്ഞു….ഒടുവിൽ എന്നോട് സോറിയും പറഞ്ഞ് അവൻ അവളെ പിടിച്ച് വലിച്ച് കൊണ്ടു പോകുവായിരുന്നു. പോകുമ്പോഴും അവൾ എന്നെ ദേശ്യത്തോടെ തിരിഞ്ഞു നോക്കി. പട്ടുപാവടയും നീണ്ട മുടിയും ചന്ദനക്കുറിയും കരിമഷി എഴുതിയ കണ്ണുമൊക്കെ ആയി ഒരു വായടി പെണ്ണ്.

ഒറ്റ നോട്ടത്തിൽ തന്നെ അവളോട് എന്തോ ഒരിഷ്ടം തോന്നി. പിന്നീട് അവളെ കണ്ടില്ല…അന്വേഷിച്ച് പോയതും ഇല്ല… എങ്കിലും മനസ്സ് നിറയെ അവൾ മാത്രം ആയിരുന്നു..പല രാത്രികളിലും എന്റെ സ്വപ്നങ്ങളിൽ അവൾ എത്തി. ഒരിക്കൽ മാത്രം കണ്ട പെൺകുട്ടി ഇത്രമാത്രം എനിക്ക് പ്രിയപ്പെട്ടതായത് എനിക്കും അത്ഭുതം ആയിരുന്നു. ദിവസങ്ങൾ കഴിഞ്ഞു പൊയി. ഞാൻ P G സെക്കന്റ് ഇയർ ആയപ്പോൾ ആണ് നന്ദനും ആദിയും അവിടെ ഡിഗ്രിക്ക് ജോയിൻ ചെയ്യുന്നത് . നന്ദനുമായി വളരെ വേഗം അടുത്തു..അത് വഴി ആദിയുമായും. പലപ്പോഴും അവരോടൊപ്പം നന്ദന്റെ വീട്ടിൽ പോകുമായിരുന്നു. അങ്ങനെ ബാലയുമായി അടുത്തു നന്ദനേകാളും ആദിയേകാളും അവൾക്കിഷ്ടം എന്നെ ആയിരുന്നു. ഞാനുമായി ആയിരുന്നു കൂട്ട്. പാർട്ടിയോട് താല്പര്യം ഉണ്ടായിരുന്ന ആദിയെയും നന്ദനെയും ഞാനാണ് പാർട്ടിയിലേക്ക് കൊണ്ട് വന്നത്.. വളരെ പെട്ടെന്ന് തന്നെ ആദി എല്ലാവർക്കും പ്രിയപ്പെട്ടതായി.. സഖാവ് പ്രണവിന്റെ സ്ഥാനം സഖാവ് ആദിത്യന് കിട്ടി. അത്രമാത്രം അവൻ പാർട്ടിയെ സ്നേഹിച്ചിരുന്നു… ആ വർഷം അവൻ തന്നെ ഇലക്ഷന് നിൽക്കണം എന്ന അഭിപ്രായം വന്നു.. ആദി ചെയർമാൻ ആയി… പക്ഷെ എനിക്ക് അതിലൊന്നും ഒരു വിഷമവും തോന്നിയില്ല.. ബാല .. അവൾ മാത്രം ആയിരുന്നു മനസ്സിൽ. പക്ഷെ എന്റെ ഇഷ്ടം ഞാൻ അവളോട് പറഞ്ഞില്ല..

സ്വന്തം കാലിൽ നിന്ന ശേഷം അവളെ ജീവിതത്തിലേക്ക് ക്ഷണിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പിന്നെ നിനക്കും നല്ലൊരു ജീവിതം വേണം. നിങ്ങൾക്ക് രണ്ട് പേർക്കും വേണ്ടി ആണ് ഞാൻ വിദേശത്തേക്ക് പോകാൻ തീരുമാനിച്ചത്. എന്റെ ജീവിതത്തിലെ വലിയൊരു അപകടം ആയിരുന്നു എന്നെ അവിടെ കാത്തിരുന്നത്. ഏജന്റ് ചതിച്ചു..അവിടെ അയാൾ പറഞ്ഞ പോലെ ഒരു കമ്പിനിയോ ജോലിയോ ഉണ്ടായിരുന്നില്ല.. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന നിമിഷം. എന്നിൽ സംശയം തോന്നിയത് കൊണ്ടാകാം ഞാൻ അവിടുത്തെ പോലീസ് കസ്റ്റഡിയിൽ ആയി. ഞാൻ പോലീസിനോട് എന്റെ അവസ്‌ഥ പറഞ്ഞ് കരഞ്ഞു കാല്‌ പിടിച്ചു.. അവർ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല.. പക്ഷേ കാഴ്ചക്കാരുടെ കൂട്ടത്തിൽ ഒരു മലയാളി കൂടി ഉണ്ടായിരുന്നു ജയാനന്ദൻ സർ.ദൈവ തുല്യമായ അദ്ദേഹം എന്നെ കാണാൻ ജയിലിൽ വന്നു. സാറിന്റെ സഹായത്തോടെ രണ്ട് മാസത്തിന് ശേഷം ഞാൻ പുറത്തിറങ്ങി. ഇതിനിടക്ക് എന്റെ ഫോണും ബാഗും എല്ലാം നഷ്ടപ്പെട്ടിയിരുന്നു… തിരികെ കിട്ടിയത് എന്റെ സർട്ടിഫിക്കറ്റുകളും പാസ്സ്പോർട്ടും മാത്രം ആയിരുന്നു.

എന്റെ അവസ്‌ഥ അറിഞ്ഞ് ജയാനന്ദൻ സർ എനിക്ക് അദ്ദേഹത്തിന്റെ കമ്പിനിയിൽ ജോലി തന്നു… ഫോൺ പോയതോടെ ആദിയേയും നന്ദനെയും കോണ്ടാക്ട് ചെയ്യാൻ പറ്റാതായി.. ആദ്യമൊക്കെ വിഷമിച്ചെങ്കിലും പിന്നെ കരുതി നാട്ടിൽ തിരിച്ചെത്തിയിട്ട് കാണാമെന്ന്. അവിടുന്ന് അങ്ങോട്ട് ഹാർഡ് വർക്കിങ് ആയിരുന്നു. എന്നോട് എന്തോ പ്രത്യേക താല്പര്യം തോന്നിയ ജയനന്ദൻ സർ സ്വന്തമായി ബിസ്സ്നെസ് തുടങ്ങാൻ സഹായിച്ചു. അവിടെയും ഞാൻ വിജയിച്ചു… സന്തോഷത്തോടെ ആണ് ഞാൻ തിരിച്ച് നാട്ടിലേക്ക് വന്നത്. ഹോസ്റ്റലിൽ വന്ന് നിന്നെ കണ്ട ശേഷം ഞാൻ നേരെ നന്ദന്റെ വീട്ടിലേക്ക് ആണ് പോയത്..ബാലയെ കാണൻ.” പ്രണവ് ഒന്ന് നിർത്തിയിട്ട് പൂജയെ നോക്കി. “എന്നിട്ട്…. എന്നിട്ട് എന്താ ഉണ്ടായത്.” “വീട് എത്തും മുൻപേ തന്നെ ഞാൻ ബാലയെ കണ്ടു.” ********* “ബാലെ…” ബൈക്ക് ബാലയുടെ മുന്നിൽ കൊണ്ട് നിർത്തി പ്രണവ് വിളിച്ചു. പ്രണവിനെ മുന്നിൽ കണ്ട ബാലക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“പ്രണവേട്ട..ഏട്ടൻ ഇത് എവിടെ ആയിരുന്നു. എത്ര നാളായി കണ്ടിട്ട്..ഒന്ന് ഫോൺ ചെയ്യാൻ പോലും തോന്നിയില്ലല്ലോ.. ഞങ്ങളെ ഒക്കെ മറന്നല്ലേ..” ബാല അവനോട് പരാതി പറഞ്ഞു കൊണ്ടെ ഇരുന്നു… എന്നാൽ പ്രണവ് ബാലയെ നോക്കി കാണുകയായിരുന്നു…. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കുള്ള അവളുടെ മാറ്റം. പട്ടുപാവാടയിൽ നിന്ന് സാരിയിലേക്ക് മാറിയപ്പോൾ അവൾ കുറച്ചുകൂടി സുന്ദരി ആയി.. ആ നിമിഷം അവളെ ഒന്ന് ചേർത്ത് പിടിക്കാൻ അവൻ ആഗ്രഹിച്ചു. “എന്താ ഒന്നും മിണ്ടാത്തത്.. ഞാൻ ചോദിച്ചതൊന്നും കേട്ടില്ലേ.” “എല്ലാം കേട്ടടി പെണ്ണേ… നീ എവിടെ പോയത..” “ആദ്യം ഞാൻ ചോദിച്ചതിന് മറുപടി താ..” “എല്ലാം പറയാം… നീ വീട്ടിലേക്ക് അല്ലെ. ഞാനും അങ്ങോട്ടേക്കാണ്‌ കേറ്.” പ്രണവ് ബൈക്ക് സ്റ്റാർട്ട് ചെയ്തതും ബാല പുറകിൽ കയറി. ബൈക്ക് നേരെ പോയത് പുഴക്കരയിലേക്ക് ആണ്. “എന്താ പ്രണവേട്ട ഇവിടെ..” “എനിക്ക് ബാലയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..വീട്ടിൽ വെച്ച് പറയുന്നതിനെകാൾ നല്ലത് ഇതാണ്.” “എന്താ പ്രണവേട്ട ഒരു മുഖവുരയൊക്കെ…എന്തായാലും പറഞ്ഞോ..” “അത്……” “എന്ത് പറ്റി പ്രണവേട്ട…എന്താ പ്രശ്നം.”

“ബാല…ഞാൻ ഒരു ജീവിതം ആഗ്രഹിച്ചു തുടങ്ങിയത് നിന്നെ കണ്ടപ്പോൾ തൊട്ടാണ്. നിന്നെ കണ്ട അന്ന് മുതൽ എന്റെ മനസ്സിൽ നീ മാത്രമേ ഉള്ളു.” “പ്രണവേട്ടൻ എന്തൊക്കെയാ പറയുന്നത്.” “സത്യം ആണ് ബാല… പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടം ആണ് എനിക്ക് നിന്നോട്.. മരുഭൂമിയിൽ നാടും വീടും വിട്ട് ദിവസങ്ങൾ എണ്ണി കഴിഞ്ഞപ്പോഴും എന്നെ മുന്നോട്ട് നയിച്ചത് നിന്റെയും എന്റെ അനിയത്തിയുടെയും മുഖമാണ്. നിന്നോട് ഇതൊക്കെ തുറന്ന് പറയാനും നിന്നെ എനിക്ക് തരുവോ എന്ന് ചോദിക്കാനും ആണ് ഞാൻ ഇപ്പൊ വന്നത്… സ്വന്തമാക്കിക്കോട്ടെ ഞാൻ… പൊന്നുപോലെ നോക്കികോളാം. വന്നൂടെ എന്റേത് മാത്രമായി…എന്റെ കൂടെ.” “പ്രണവ് ഏട്ടാ… ഏട്ടൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. എന്റെ നന്ദേട്ടനെ പോലെ മാത്രമേ ഞാൻ ഏട്ടനെയും കണ്ടിട്ടുള്ളു… ഇത്രയും നാളിന് ശേഷം ഏട്ടൻ എന്നെ കാണാൻ വന്നപ്പോൾ എനിക്ക് എന്ത് സന്തോഷം ആയെന്നോ..”

“ബാല…എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്..” “മതി പ്രണവേട്ട…കൂടുതൽ ഒന്നും പറയണ്ട…അങ്ങനെ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ ഏട്ടൻ അതെല്ലാം മറക്കണം…. ഞാൻ ഏട്ടനെ അങ്ങനെ കണ്ടിട്ടില്ല.. ഇനി കാണാനും പറ്റില്ല…മാത്രവും അല്ല ആദിയേട്ടന്റെയും എന്റെയും വിവാഹം ഉറപ്പിച്ചിച്ചിരിക്കുവാണ്. “ആദിയോ…” പ്രണവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. “ഇല്ല…ഞാൻ ഇത് വിശ്വസിക്കില്ല.. ആദിയും നീയും… ഒരിക്കലും ഇല്ല..നീ എന്നെ ഒഴിവാക്കാൻ അല്ലെ പറയുന്നത്.” “അല്ല പ്രണവേട്ട..ഞാൻ പറഞ്ഞത് സത്യം ആണ്… ഇഷ്ടമായിരുന്നു പരസ്പരം… ഞങ്ങൾ ഒന്നിക്കുന്നത് തന്നെ ആണ് രണ്ട് വീട്ടുകാർക്കും ഇഷ്ടം. ശ്രീ ബാല ആദിയുടെ പെണ്ണാണ്.. ആദിയുടെ മാത്രം..” ” അല്ല.. ബാല പ്രണവിന്റെ പെണ്ണാണ്… ഇത്രയും കാലം ഞാൻ ജീവിച്ചത് പോലും നിന്റെ മുഖം ഓർത്താണ്.. എനിക്ക് നിന്നെ വേണം..നീ ഇല്ലാതെ എനിക്ക് പറ്റില്ല.. ഇപ്പൊ…ഈ നിമിഷം നീ എന്റെ കൂടെ വരണം.” പ്രണവ് അവളുടെ കൈയിൽ ബലമായി പിടിച്ചു.. “എന്താ പ്രണവേട്ട…എന്നെ വിട് .” “ഇല്ല ബാല..നീ എന്റെ കൂടെ വന്നേ പറ്റു..നിന്നെ എനിക്ക് വേണം.”

അപ്രതീക്ഷിതമായി ബാല പ്രണവിന്റെ കൈയിൽ കടിച്ചു.. പ്രണവ് കൈ വിട്ട നിമിഷം അവൾ തിരിഞ്ഞോടി.. എന്നാൽ അവളുടെ പുറകെ ഓടി എത്തിയ പ്രണവ് അക്കരയ്ക്കുള്ള ചെറിയ തൂക്കുപാലത്തിൽ വെച്ച് വീണ്ടും അവളുടെ കയ്യിൽ കടന്ന് പിടിച്ചു.. അത് വിടുവിക്കാനായി ബാല ആവുന്നതും ശ്രമിച്ചെങ്കിലും പ്രണവിന്റെ കൈ മുറുകി വന്നതെ ഉള്ളു. രക്ഷപ്പെടാൻ ഉള്ള അവസാന ശ്രെമം എന്ന പോലെ ബാല പ്രണവിനെ ശക്തമായി പുറകിലേക്ക് തള്ളി. ബാലൻസ് പോയി രണ്ടുപേരും തൂക്കുപാലത്തിന്റെ രണ്ട് വശത്തുകൂടി പുഴയിലേക്ക് വീണു. പ്രണവ് വീണത് പുഴയിലെ ചെറിയ പാറകൂട്ടങ്ങൾക്കിടയിൽ ആണ്… തലയിടിച്ച് വീണ പ്രണവിന് ബോധം നഷ്ടമായി. ****** ശ്വാസം പോലും എടുക്കാൻ മറന്ന് പ്രണവ് പറയുന്നത് കേട്ട് നിൽക്കുവായിരുന്നു പൂജ. “പകൽ പോലും അധികം ആരും വരാത്ത സ്ഥലം ആണ് അത്.. രാത്രി എപ്പോഴോ ബോധം തെളിയുമ്പോൾ ബാല രക്ഷപ്പെട്ടു എന്നാണ് ഞാൻ കരുതിയത്.. അവൾ എല്ലാം വീട്ടിൽ പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു..ആദിയേയും നന്ദനെയും ഫേസ് ചെയ്യാൻ വയ്യാത്തത് കൊണ്ട് ഞാൻ പിന്നെ അവിടെ നിന്നില്ല..

പക്ഷെ…രണ്ട് ദിവസ്സം കഴിഞ്ഞ് പത്രത്തിൽ വാർത്ത വന്നപ്പോൾ ആണ് ബാല മരിച്ച വിവരം ഞാൻ അറിയുന്നത്.. അത്രയും സ്നേഹിച്ചിട്ടും എന്റെ കൈ കൊണ്ട് തന്നെ ഞാൻ അവളെ….” കട്ടിലിൽ ഇരുന്ന് ഇരു കൈയ്യും തലയിൽ താങ്ങി പ്രണവ് പൊട്ടിക്കരഞ്ഞു.. “വാവേ….” പ്രണവ് പെട്ടെന്ന് എഴുന്നേറ്റ് പൂജയുടെ അടുത്തേക്ക് വന്ന് അവളുടെ രണ്ട് കയ്യും കൂട്ടി പിടിച്ചു.. “ഏട്ടൻ അറിഞ്ഞോണ്ട് ചെയ്തതല്ല.. അറിയാതെ പറ്റിയതാണ്.. ഇഷ്ടം ആയിരുന്നു എനിക്ക് അവളെ..” “എന്നിട്ട് ആണോ ആ സ്ഥാനത്തേക്ക് എന്നെ പറഞ്ഞയക്കാൻ നോക്കിയത്. എല്ലാം മറച്ച് വെച്ച് ബാലേച്ചിക്ക് പകരം ആദിയേട്ടന് എന്നെ കൊടുക്കാൻ തീരുമാനിച്ചത്.” പൂജയുടെ ശബ്ദത്തിൽ പ്രണവിനോടുള്ള ദേഷ്യം നിറഞ്ഞു നിന്നു. “വാവേ…” “വിളിക്കരുത് എന്നെ ഇനി അങ്ങനെ.. കാണണ്ട എനിക്ക് നിങ്ങളെ..” കരഞ്ഞുകൊണ്ട് പൂജ സ്വന്തം മുറിയിൽ കയറി വാതിൽ അടച്ചു…. കട്ടിലിലേക്ക് വീണ് പൊട്ടിക്കരയുമ്പോൾ സ്വപ്നങ്ങൾ എല്ലാം ബാക്കിയാക്കി പോയ ഒരു പെണ്കുട്ടിയുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ.. ആ രാത്രി കൊഴിഞ്ഞുവീഴാറായ നേരത്തെപ്പോഴോ ആണ് നിദ്ര അവളുടെ കണ്ണുകളെ തേടി എത്തിയത്. ****

“മോനെ…….” ഒരു നിലവിളി കേട്ടാണ് പൂജ കണ്ണ് തുറന്നത്…ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന അവൾക്ക് എന്താ സംഭവിച്ചതെന്ന് മനസ്സിലായില്ല. അവൾ വേഗം റൂമിൽ നിന്നും പുറത്തിറങ്ങി. പ്രണവിന്റെ റൂമിന് മുന്നിൽ നിൽക്കുവാന് ബാലേട്ടനും സുമതി ചേച്ചിയും. സുമതി ചേച്ചി സാരി തുമ്പ് കൊണ്ട് വായ് പൊത്തി പിടിച്ച് കരയുകയാണ്. ചായകപ്പ് തറയിൽ പൊട്ടി കിടക്കുന്നു. ബാലേട്ടൻ കരഞ്ഞുകൊണ്ട് ആരെയോ ഫോൺ ചെയ്യുന്നു.. പൂജ അങ്ങോട്ടേക്ക് ചെന്നു. “വേണ്ട മോളെ…മോള് അങ്ങോട്ട് പോകണ്ട..” പ്രണവിന്റെ റൂമിൽ കയറാൻ തുടങ്ങിയ പൂജയെ സുമതി ചേച്ചി തടഞ്ഞു വെച്ച്. എന്നാൽ അവൾ അവരെ ബലമായി പിടിച്ചുമാറ്റി അകത്തേക്ക് കയറി. അവിടെ അവൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന തന്റെ എല്ലാമെല്ലാമായ കൂടപ്പിറപ്പിനെ ആണ്… ഒരക്ഷരം മിണ്ടാതെ…ഒന്ന് പൊട്ടിക്കരയാതെ…പ്രണവിനെ തന്നെ നോക്കിക്കൊണ്ട് ചുമരിലൂടെ ഊർന്ന് അവൾ താഴെക്കിരുന്നു….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആതിപൂജ: ഭാഗം 15

Share this story