ജനനി: ഭാഗം 34

ജനനി: ഭാഗം 34

എഴുത്തുകാരി: അനില സനൽ അനുരാധ

നീരവ് കാറിൽ നിന്നും ഇറങ്ങി… പുറത്ത് ഇരുട്ട് പരന്നു തുടങ്ങിയിരുന്നു… ഫോൺ എടുത്ത് വിഷ്ണുവിനെ വിളിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ ആര്യൻ പുറത്തേക്ക് വന്ന് ഗേറ്റ് തുറന്നു… “ആര്യൻ ഇവിടെ ഉണ്ടായിരുന്നോ? ” നീരവ് തിരക്കി… “ഹ്മ്മ്… ഇന്ന് ഇവിടെ ഞാൻ കൂടെ വേണമെന്ന് വിച്ചുവിന് നിർബന്ധം…” “ഹ്മ്മ്… ജാനി? ” “അവൾ മുറിയിലുണ്ട്… പിണങ്ങി…” “ഇനി എന്നെ കണ്ടാൽ പ്രശ്നമാകുമോ?” “ആയെങ്കിൽ ആവട്ടെ നീരവ്… നമുക്ക് എല്ലാം പതിയെ ശരിയാക്കാമെന്നേ… പുറത്ത് നിൽക്കാതെ വാ…”

എന്നു പറഞ്ഞ് ആര്യൻ തിരിഞ്ഞതും നീരവ് അവന്റെ കയ്യിൽ പിടിച്ചു നിർത്തി… “എന്താ നീരവ്? ” “സോറി.. ” “ഫോർ വാട്ട്‌?” “അന്ന് ഹോസ്പിറ്റലിൽ വെച്ച്…” “സ്നേഹിക്കുന്ന പെണ്ണിനെ വേദനിപ്പിച്ചാൽ ആരെങ്കിലും നോക്കി നിൽക്കുമോ… പ്രതികരിക്കില്ലേ… നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലും ഇങ്ങനെയൊക്കെ തന്നെ കാണിച്ചു കൂട്ടും..” “നിങ്ങൾ എല്ലാവരും എന്നെ മനസ്സിലാക്കിയിട്ടും അവൾ എന്നെ ഒന്ന് മനസ്സിലാക്കുന്നില്ലല്ലോ… ഇനിയും എങ്ങനെയാണ് ഞാൻ എന്റെ സ്നേഹം അവളോട്‌ പറയുക… ” “അവൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്… അതു പ്രകടിപ്പിക്കാൻ അവൾക്ക് ഭയമാണ്…

ഒരു പക്ഷേ ഇന്ന് നീരവ് ആരതിയുടെ കഴുത്തിൽ താലി ചാർത്തിയിരുന്നു എങ്കിൽ അവൾ തകർന്നു പോയേനെ… അവളുടെ കണ്ണുകളിലെ പിടച്ചിൽലും ഭയവും ഞാൻ കണ്ടതാണ്…” “പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് വേദനയല്ലാതെ ഒന്നും കിട്ടുന്നില്ലല്ലോ…. അവൾ വിവാഹത്തിനു ഒന്നു സമ്മതം മൂളിയാൽ മതി… എന്റെ അച്ഛന്റെയും അമ്മയുടെയും കാലു പിടിച്ചിട്ടാണെങ്കിലും ഞാൻ വിവാഹത്തിനു സമ്മതിപ്പിക്കും… പക്ഷേ അവൾ… ” “അവൾ പാവമല്ലേ നീരവ്?” “പാവമാണ്… പക്ഷേ…” “അകത്തേക്ക് പോകാം…” “കാർ ഇവിടെ ഇട്ടാൽ പ്രോബ്ലം ഉണ്ടോ? ” “ഏയ്‌ ! അതവിടെ നിന്നോട്ടെ…

വഴി ഇവിടെ അവസാനിക്കുകയല്ലേ… ” “ഹ്മ്മ്…” ഉമ്മറത്തേക്ക് കയറിയപ്പോൾ അവരെ കാത്ത് ഇരിക്കുന്ന വിഷ്ണുവിനെ കണ്ടു… “ഗേറ്റ് തുറക്കാൻ ഇത്രയും തമാസമോ?” വിഷ്ണു തിരക്കി. “ഞങ്ങൾ ഒരു കാര്യം ഡിസ്‌കസ് ചെയ്യുകയായിരുന്നു… സീക്രെട്…”ആര്യൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു… “എന്നിട്ട് കഴിഞ്ഞോ?” “കഴിഞ്ഞില്ല… തല്ക്കാലത്തേക്ക് നിർത്തി… ജാനി പുറത്തേക്കു വന്നോ?” “ഏയ്‌… ഇല്ല..” “ഞാനൊന്ന് കണ്ടോട്ടെ? ” നീരവ് തിരക്കി… വിഷ്ണു തലയാട്ടി… “അളിയാ… അവൾ ചിലപ്പോൾ പൊട്ടിത്തെറിക്കും… ” ആര്യൻ പറഞ്ഞു… “അവൾ എന്തു പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്… അത്രയും ആളുകളുടെ മുൻപിൽ വെച്ച് ഞാനും എന്റെ ചേച്ചിയും അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു…

എന്റെ സ്വാർത്ഥതയ്ക്ക് ഞാൻ മാപ്പ് പറഞ്ഞോളാം… ” എന്നു പറഞ്ഞ് നീരവ് അകത്തേക്ക് കടന്നു… ആദ്യം കണ്ണുകളിൽ ഉടക്കിയത് ജാനിയുടെ ചിത്രമായിരുന്നു… അവൻ പതിയെ അങ്ങോട്ട് നടന്നു… വലതു കൈ ഉയർത്തി അവളുടെ ചിത്രത്തിൽ തലോടി… അവളുടെ കവിളിൽ കൈ ചേർത്തു വെച്ച് കണ്ണുകളിലേക്ക് നോക്കി… ജീവൻ തുടിക്കുന്ന കണ്ണുകൾ കാണെ അവന്റെ ഉള്ളം ആർദ്രമായി… ചാരിയിട്ട മുറിയുടെ വാതിൽക്കലേക്ക് നീരവ് തിരിഞ്ഞു നോക്കി… പിന്നെ അങ്ങോട്ട് നടന്നു… ഒന്നു രണ്ടു പ്രാവശ്യം മുട്ടി നോക്കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല… ചാരിയിട്ട വാതിൽ അവൻ പതിയെ തുറന്നു നോക്കി… ഡിം ലൈറ്റിന്റെ പ്രകാശത്തിൽ ബെഡിൽ കമിഴ്ന്നു കിടക്കുന്ന ജനനിയെ കണ്ടു…

അവളുടെ അരികിലേക്ക് നടന്നു… കുറച്ചു നിമിഷം അവളെ നോക്കി നിന്ന ശേഷം ബെഡിൽ അവളുടെ അരികിലായി ഇരുന്നു… അവളുടെ മുഖത്തേക്ക് വീണു കിടന്നിരുന്ന ചുരുൾ മുടി അവൻ മാടി ഒതുക്കി വെച്ചതും അവൾ കണ്ണുകൾ തുറന്ന് പിടഞ്ഞ് എഴുന്നേറ്റിരുന്നു… “പതിയെ… ഇങ്ങനെ ഞെട്ടല്ലേ… ” “എന്താ ഇവിടെ?” “ഇവിടെ എന്തിനാ വരിക… നിന്നെ കാണാൻ… ” “എനിക്ക് ഇഷ്ടമല്ല…” “സാരമില്ല…” എന്നു പറഞ്ഞ് അവൻ അവളുടെ വലതു കൈ കവർന്നു… അവൾ കൈ കുടഞ്ഞു എങ്കിലും അവൻ മുറുകെ പിടിച്ചു… “എന്തിനാ ജാനി എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത്… ഒന്നു സ്നേഹിച്ചൂടെ എന്നെ… ഏഹ്? ”

“മനസ്സിലുള്ളതല്ലേ പുറത്തേക്ക് വരൂ .. ” “അതേ… മനസ്സിലുള്ളത് സമ്മതിച്ചു തരാൻ നിനക്ക് എന്താ മടി? ” എന്നു ചോദിച്ച് അവൻ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്തു… അതിലെ ഒരു വീഡിയോ പ്ലേ ചെയ്ത് അവൾക്ക് കാണാൻ പാകത്തിന് നീട്ടിപ്പിടിച്ചു… താൻ കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുന്ന വീഡിയോ… പൂജാരി താലി നീരവിന് നേർക്ക് തൊട്ട് മുമ്പ് എടുത്തതാണെന്ന് അവൾക്ക് മനസ്സിലായി… അവൻ വീഡിയോ പോസ് ചെയ്തു… “പൂജാരി താലി മാല നീട്ടിയപ്പോൾ നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ചത്… സത്യം പറയ് ജാനി…” ……….. “പ്ലീസ് ജാനി…” “എനിക്ക് സാറിനെ ഇഷ്ടമല്ല…” അവൻ അവളുടെ കയ്യിലെ പിടുത്തം വിട്ടു…

നെറ്റി ഒന്നു തടവിയ ശേഷം ആലോചനയോടെ ഇരുന്നു… “ഇനി ഞാൻ എന്തു വേണം… അതു കൂടെ ഒന്നു പറഞ്ഞു തരാമോ… എനിക്ക് അറിയില്ല ജാനി… ഞാൻ എന്റെ ഇഷ്ടം പ്രകടിപ്പിച്ചപ്പോഴെല്ലാം നീ എന്നെ നിഷ്കരുണം തള്ളി കളഞ്ഞിട്ടുണ്ട്… ഇന്നും… അത്ര പേരുടെ മുൻപിൽ വെച്ചും… പിന്നെയും ഞാൻ തേടി വന്നത് അത്ര ഇഷ്ടമായതു കൊണ്ടാ നിന്നെ… അന്ന് നിനക്ക് ആ ചുവന്ന പുടവ തന്ന ദിവസം നിന്റെ വിരലിൽ അണിയിക്കാനായി കരുതിയ ഒരു റിംഗ് ഉണ്ടായിരുന്നു… നിന്റെ വിരലിൽ എന്റെ കൈ കൊണ്ട് അണിയിച്ചു തരാൻ ആഗ്രഹിച്ചു കൊണ്ട് വാങ്ങിയ റിംഗ്… അന്നു നീ മിഴികൾ പൂട്ടി നിന്നപ്പോൾ അണിയിച്ചു തരാതിരുന്നത് നിനക്ക് അതിഷ്ടമാകില്ല എന്ന് അറിയാവുന്നതു കൊണ്ട് മാത്രമാണ്…

ഇന്നും നിനക്കായ്‌ ഞാൻ ഒരു താലി കരുതിയിരുന്നു ജാനി… നിന്റെ മുൻപിൽ വീണ്ടും തോറ്റു തരുവാ ഞാൻ… എന്റെ ചേച്ചി പറഞ്ഞതിനും ഞാൻ പറഞ്ഞതിനും എല്ലാം മാപ്പ് പറയാണ്… ഇനി ശല്ല്യം ചെയ്യില്ല… ഇനി ഇതിന്റെ പേരിൽ മറ്റാരോടും പിണക്കം വേണ്ട… തെറ്റ് ചെയ്തത് ഞാനല്ലേ… പിണക്കവും ദേഷ്യവും വാശിയ എല്ലാം എന്നോട് മാത്രം മതി… ഇനി എന്നോട് എന്തെങ്കിലും പറയാനുണ്ടോ?” …………… “വേണ്ട… നീ ഒന്നും പറയണ്ട…. ” എന്നു പറഞ്ഞ് നീരവ് എഴുന്നേറ്റു… സ്വിച്ച് ബോർഡിനായി കണ്ണുകൾ പരതി… കണ്ടതും അവൻ വേഗം സ്വിച്ചുകൾ ഓൺ ചെയ്ത് ലൈറ്റിന്റെ സ്വിച്ച് കണ്ടു പിടിച്ചു…

മുറിയിലെ അരണ്ട വെളിച്ചം മാറി പ്രകാശം പരന്നു… അവൻ തിരിഞ്ഞു നോക്കുമ്പോൾ ജനനി എഴുന്നേറ്റു നിൽക്കുന്നുണ്ടായിരുന്നു… അവളുടെ നീണ്ട ചുരുൾ മുടി അഴിഞ്ഞു നെറ്റിയിലേക്കും മുഖത്തേക്കുമായി വീണു കിടന്നിരുന്നു… രാവിലെ ഉടുത്ത സാരി തന്നെയായിരുന്നു അവളുടെ വേഷം… അതാകെ ചുളിഞ്ഞിരുന്നു… വണ്‍ലേയറായി ഉടുത്ത കാരണം അവളുടെ ഇടതു കൈ അതിനുള്ളിൽ മറഞ്ഞിരുന്നു… അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു… അവൻ അവളുടെ തൊട്ട് മുൻപിൽ വന്നു നിന്നു… അപ്പോഴും ഇരുവരും നോട്ടം പിൻവലിച്ചിരുന്നില്ല…

അവന്റെ കണ്ണുകൾ കൂർത്തു… അവൻ ഒരടി കൂടെ മുൻപിലേക്ക് വെച്ചു… അവളുടെ സാരി അവന്റെ ഷർട്ടിൽ ഉരസി… അവൾ അനങ്ങാതെ അവിടെ തന്നെ നിന്നു… അവൻ മുഖം താഴ്ത്തിയതും അവന്റെ നിശ്വാസം അവളുടെ മുഖത്തു പതിഞ്ഞു… നീരവ് പുറകിലേക്ക് ഒരടി വെച്ചു നീങ്ങി നിന്നു… “നിനക്ക് എന്നെ ഇങ്ങനെ തൊട്ടടുത്ത് കണ്ടിട്ടും യാതൊരു ഫീലിംഗ്സും തോന്നുന്നില്ലേ ജാനി? അറ്റ്ലീസ്റ്റ് ഒന്നു പുറകിലേക്ക് നീങ്ങാൻ പോലും തോന്നിയില്ലേ? ” …………….. നീരവ് പോക്കറ്റിൽ നിന്നും മോതിരവും താലിയും എടുത്തു…

അതിനു ശേഷം അവളുടെ വലതു കൈ ബലമായി പിടിച്ച് അതിലേക്ക് താലിയും മോതിരവും വെച്ചു കൊടുത്തു… “ജാനി… നീ എന്റെ ജീവനും ജീവിതവും പ്രണയവുമാണ്… എന്നെങ്കിലും നമ്മൾ ഒന്നാകുകയാണെങ്കിൽ അന്നു നിന്നെ ഞാൻ അണിയിക്കുക എന്റെ പേര് കുത്തിയ ഈ താലിയും മോതിരവുമായിരിക്കും… ഇതിനി നിനക്ക് സൂക്ഷിച്ചു വെക്കാം അല്ലെങ്കിൽ നശിപ്പിക്കാം. ഇതിനി എന്റെ കയ്യിൽ എത്തി ചേർന്നാൽ അതിനു ഒരു അർത്ഥമേയുള്ളു… നീ എന്റെ പ്രണയം അംഗീകരിക്കുന്നു എന്ന്… എന്നെ സ്നേഹിക്കുന്നു എന്ന്… ഇനി തമ്മിൽ കണ്ടു കൂടുതൽ ബുദ്ധിമുട്ടണ്ട…

നീ വിഷ്ണുവിന്റെയും ആര്യന്റെയും കൂടെ വിനുവിന്റെ ഓഫീസിൽ ജോയിൻ ചെയ്തോളൂ… ഞാൻ അവനോട് പറഞ്ഞോളാം… ” എന്നു പറഞ്ഞ് അവളുടെ വിരലുകൾ മടക്കി വെച്ചു… അവളുടെ കൈക്കുള്ളിൽ താലിയും മോതിരവും അമർന്നു… “നിനക്ക് എന്നിലുള്ള വിശ്വാസം ഞാൻ ഒരു നിമിഷം മറക്കാൻ പോകുകയാണ് ജാനി… സോറി…” എന്നു പറഞ്ഞ് അവൻ അവളെ ഇരു കൈകൾ കൊണ്ടും പുണർന്നു നെഞ്ചോടു ചേർത്തു… ജനനി കുതറിയപ്പോൾ അവന്റ കൈകൾക്ക് ശക്തി കൂടി…

അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു… അവന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ജനനിയുടെ നെറ്റിയിൽ പതിച്ചു… അവന്റെ അധരങ്ങൾ അവളുടെ നാസിക തുമ്പിലൂടെ ഊർന്ന് അധരത്തിൽ വന്നു നിന്നു… ഒരു ദീർഘ ചുംബനത്തിലൂടെ അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി… അവളുടെ കയ്യിലെ താലിയും മോതിരവും നിലത്തേക്ക് വീണ് തെറിച്ചു പോയി… നീരവിന്റെ കൈകൾ അയഞ്ഞു തുടങ്ങിയ നിമിഷം തന്നെ അവൾ അവനെ ഇരുകൈകൾ കൊണ്ടും ശക്തമായി പുറകിലേക്ക് തള്ളി… അവൻ പുറകിലേക്ക് വേച്ച് ചുവരിൽ തട്ടി നിന്നു..

ജനനിയുടെ മുഖത്തേക്ക് നോക്കാതെ അവൻ പുറത്തേക്ക് പാഞ്ഞു… ആര്യനോടും വിഷ്ണുവിനോടും ഒന്നും പറയാതെ അവൻ അവിടെ നിന്നും ഓടിയിറങ്ങിപ്പോയി… ആര്യൻ ഇറങ്ങി ചെല്ലുമ്പോഴേക്കും നീരവ് കാർ റിവേഴ്സ് എടുത്ത് സ്പീഡിൽ പോവുകയായിരുന്നു… കാര്യം എന്താണെന്ന് അറിയാതെ വിഷ്ണുവും ആര്യനും മുഖാമുഖം നോക്കി… ** രാത്രി മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടപ്പോഴാണ് വിഷ്ണു ഉണർന്നത്… അവൻ കൈ എത്തിച്ചു ഫോൺ എടുത്തു… വിനോദ് ആയിരുന്നു… “കുഞ്ഞൻ അവിടെയുണ്ടോ? ” വെപ്രാളത്തോടെയുള്ള വിനോദിന്റെ ചോദ്യം കേട്ടതും വിഷ്ണു എഴുന്നേറ്റിരുന്നു… “ഇല്ല… എന്തേ? ” “അവൻ വീട്ടിൽ എത്തിയിട്ടില്ല… അപ്പച്ചി ആകെ പേടിച്ച് ഇരിക്കുകയാണ്…

അങ്ങോട്ട് അവൻ വന്നിരുന്നോ? ” “വന്നു… പക്ഷേ ജാനിയോട് സംസാരിച്ച ശേഷം ഇവിടെ നിന്നും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി…” “ഇവൻ ഈ ഫോണും ഓഫ് ചെയ്ത് എവിടെ പോയി കിടക്കാണ്… എവിടെ പോയി അന്വേഷിക്കും ഞാൻ…” എന്നു പറഞ്ഞ് വിനോദ് കാൾ കട്ട്‌ ചെയ്തു… “എന്താ വിച്ചു? ” ആര്യൻ തിരക്കി… “അവൻ…. കുഞ്ഞൻ വീട്ടിൽ എത്തിയിട്ടില്ല എന്ന്… ” “നീ വന്നേ… എങ്ങോട്ട് പോയതാണെന്ന് ജാനിയോട് പറഞ്ഞോ എന്നു ചോദിക്കാം… ” “ജാനി… മോളെ വാതിൽ തുറക്ക്… ” വിഷ്ണു വാതിലിൽ തട്ടി വിളിച്ചു…

അവൾ വാതിൽ തുറന്നില്ല… “ജാനി…” ഉറക്കെ വിളിച്ച് ആര്യൻ വാതിലിൽ ശക്തമായി ഇടിച്ചു… കുറച്ചു കഴിഞ്ഞതും അവൾ വാതിൽ തുറന്നു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… കണ്ണും മൂക്കും അധരങ്ങളും ചുവന്നിരുന്നു… “അവൻ എന്തു പറഞ്ഞിട്ടാ പോയത്? ” ആര്യൻ തിരക്കി… അവൾ ഒന്നും പറയാതെ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു… “അവൻ ഇതു വരെ വീട്ടിൽ എത്തിയിട്ടില്ല… വിനുവിന്റെ അടുത്തും ചെന്നിട്ടില്ല… ” ……… “നിന്റെ മനസ്സിൽ എന്താ ജാനി… എന്താണെന്ന്? ” അതൊരു അലർച്ചയായിരുന്നു… മിഴികൾ ഉയർത്തി ആര്യനെ നോക്കിയ നിമിഷം അവളുടെ ഇരു മിഴികളും തുളുമ്പി…

“നിന്റെ മനസ്സിൽ എന്താ ജാനി… എന്താണെന്ന്? ” അതൊരു അലർച്ചയായിരുന്നു… മിഴികൾ ഉയർത്തി ആര്യനെ നോക്കിയ നിമിഷം ജനനിയുടെ ഇരു മിഴികളും തുളുമ്പി… “നിനക്ക് അവനെ ഇഷ്ടമാണോ? ” ……… “വായ തുറന്ന് സംസാരിക്ക് ജാനി… ഇഷ്ടമാണോ…. അല്ലെങ്കിൽ പറയ്…. അത്ര ആളുകളുടെയും മുമ്പിൽ വെച്ച് നിന്നെ ഇഷ്ടമാണെന്ന് വിളിച്ചു പറഞ്ഞത് എന്തിനാണെന്ന് ഞാൻ അവനോടു പോയി ചോദിക്കാം…. നിന്നെ ശല്ല്യപ്പെടുത്തരുതെന്ന് പറയാം… പറയണോ…” ചോദിക്കുമ്പോൾ ആര്യന്റെ മുഖം ചുവന്നു… ………. “ജാനി… നിന്റെ ഈ മൗനം ഉണ്ടല്ലോ… അതു ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും…

മനസ്സിലുള്ളത് മുഖത്തു നോക്കി സംസാരിക്കാൻ കഴിയുന്ന ഒരു ജാനി ഉണ്ടായിരുന്നു… അവളോട്‌ എനിക്ക് സ്നേഹവും ബഹുമാനവും എല്ലാം ഉണ്ടായിരുന്നു… ഇപ്പോൾ മുന്നിൽ നിൽക്കുന്ന ജാനി മുഖം മൂടി അണിഞ്ഞവളാണ്… നിന്റെ മനസ്സും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ല ജാനി… ഒരു ബന്ധവും ഇല്ല..” “മതി ആര്യൻ… നിർത്തൂ… ” വിഷ്ണു വേദനയോടെ പറഞ്ഞു… “ഏട്ടൻ എതിർക്കണ്ട… പറഞ്ഞോട്ടെ… പറയാനുള്ളത് മുഴുവൻ പറഞ്ഞോട്ടെ… ” ജനനി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “എനിക്ക് ഒന്നും പറയാനില്ല…

അവനെ കാണാൻ ഇല്ലെങ്കിലും എവിടെയെങ്കിലും പോയി ഒടുങ്ങിയാലും എനിക്ക് ഒരു കുഴപ്പവും ഇല്ല…” ആര്യൻ പറഞ്ഞു നിർത്തി… “മതി… ഇനിയൊന്നും പറയല്ലേ.. അങ്ങനെ ഒന്നും പറയല്ലേ…. ” ജനനി കൈ കൂപ്പി കൊണ്ട് പറഞ്ഞു…….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 33

Share this story