മധുരനൊമ്പരം…..🍒🍒 : ഭാഗം 11

മധുരനൊമ്പരം…..🍒🍒 : ഭാഗം 11

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴും അറിയാതെ ആ രണ്ട് മിഴികളും തമ്മിൽ കോർക്കുന്നുണ്ടായിരുന്നു…….. ഒരു നിമിഷം രണ്ടുപേരുടെയും ഉള്ളിൽ നിന്നും എന്തൊക്കെയോ പുറത്തേക്ക് വരാൻ വെമ്പുന്നതായി തോന്നിയിരുന്നു…….. മൗനം സംവദിച്ച കുറച്ചു മനോഹരം ആയ നിമിഷങ്ങൾ….. എബിയും സോഫിയും തങ്ങൾ ഇവിടെ അല്ല എന്ന രീതിയിലാണ് നിൽക്കുന്നത്…….. അവർക്ക് അവരുടേതായ ലോകമാണ്……. അതിനിടയിൽ ആരെയും ശ്രദ്ധിക്കാൻ പോലും അവർക്ക് സമയം കിട്ടുന്നില്ല……. ”

എന്നെ ഒറ്റപ്പെടുത്തില്ല എന്ന് പറഞ്ഞവൾ നോക്കിക്കേ ഞാൻ ഈ വണ്ടിയിൽ ഉണ്ടോ എന്ന് പോലും അവൾ നോക്കുന്നില്ല…… അനുരാധ പരിസരം പറഞ്ഞപ്പോൾ അറിയാതെ ജോജി ചിരിച്ചു പോയിരുന്നു…….. ” പ്രണയം അങ്ങനെയാണ് ചുറ്റുമുള്ളതൊന്നും അതിനിടയിൽ കാണാൻ സാധിക്കില്ല…….. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും നമ്മളെ ബാധിക്കുന്നില്ല……. അനുരാഗികൾ അവരുടെ മാത്രം ലോകത്താണ്………. അത് പറഞ്ഞ് അവൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ മുഖം നിറയെ അവളോടുള്ള പ്രണയം ആയിരുന്നു…… ”

സാറിന് കാര്യമായി ആരോടോ പ്രണയം ആയിരുന്നു അല്ലേ….. അവൾ ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ഒന്ന് ചിരിച്ചു….. “മ്മ്…… അതെ…… ഇപ്പോഴും……. അവളുടെ കണ്ണുകളിൽ ആഴ്ന്നു ഇറങ്ങുന്നപോലെ തീവ്രമായ ഒരു നോട്ടത്തോടെ ആയിരുന്നു അവൻ അത്‌ പറഞ്ഞത്……. തിരികെ വണ്ടിയിലേക്ക് കയറുമ്പോഴും എന്ത് സംസാരിക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു രണ്ടുപേരും…… വണ്ടിയിലേക്ക് കയറിയപ്പോൾ വീണ്ടും പാട്ടും നൃത്തവും ഒക്കെയായി എല്ലാവരും ആഘോഷത്തിലേക്ക് തിരികെ പോയിരുന്നു………

ഇടയിൽ രണ്ട് ഹൃദയങ്ങൾ മാത്രം പ്രണയത്തിൻറെ പിരിമുറുക്കത്തെ അതിജീവിക്കാൻ കഴിയാതെ, എന്തുചെയ്യണമെന്നറിയാതെ, തങ്ങളുടെ പ്രണയം പരസ്പരം തുറന്നു പറയാൻ കഴിയാതെ ആ വണ്ടിക്കുള്ളിൽ വീർപ്പുമുട്ടൽ അനുഭവിച്ചു നിൽക്കുകയായിരുന്നു…… ” ആ പി എസ് സി എക്സാമിനേഷൻ റിസൾട്ട് വന്നോ…..? ഒടുവിൽ മൗനത്തിന് വിരാമമിട്ടുകൊണ്ട് അവനായിരുന്നു ചോദിച്ചിരുന്നത്….. “ഇല്ല…… അടുത്തമാസം വരും എന്ന് തോന്നുന്നു…….!! അവൻ അടുത്തിരിക്കുമ്പോൾ എല്ലാം മനോഹരം ആയ ഒരു സുഗന്ധം അവളുടെ സിരകളിലേക്ക് അരിച്ച് കയറുന്നുണ്ടായിരുന്നു…….

എന്തോ ആ സുഗന്ധം അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു…….. അവനെ ആദ്യം കണ്ട നിമിഷം മുതൽ അത്‌ ഉള്ളതാണ്……. മത്തുപിടിപ്പിക്കുന്ന പ്രണയത്തിൻറെ ഗന്ധം……….!! ഇടയിൽ അവന് ഫോൺ വന്നപ്പോൾ അവൻ പെട്ടെന്ന് ഫോണെടുത്ത് ചിരിയോടെ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു…….. ഫോണിൽ സംസാരിക്കുമ്പോൾ അവൻറെ ഭാവങ്ങളൊക്കെ ഒപ്പി എടുക്കുകയായിരുന്നു അവൾ….. ഈ കണ്ട സമയങ്ങൾക്ക് ഉള്ളിൽ, ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും ഇത്രയും സന്തോഷത്തോടെ അവൻ സംസാരിക്കുന്നത് അവൾ കണ്ടിട്ടില്ല……..

ഒരു നിമിഷം മറുപുറത്ത് ആരാണെങ്കിലും അവൾക്ക് ഒരല്പം അസൂയതോന്നി പോയിരുന്നു…… ആ നിലാവെളിച്ചതിലും അത്ര ശോഭ ഉണ്ടായിരുന്നു അവന്റെ ആ ചിരിക്ക്…… എങ്കിലും ആരോട് ആയിരിക്കും ഇത്രയും സ്നേഹപൂർവ്വം അവൻ സംസാരിക്കുന്നത് എന്ന് അറിയാനും അവൾക്ക് ഒരു ആകാംക്ഷ തോന്നിയിരുന്നു……. ഫോൺ നിർത്തിയതും അവൻ തൻറെ മുഖത്തേക്ക് ഉറ്റുനോക്കി ഇരിക്കുന്നവളുടെ മേൽ ആയിരുന്നു നോട്ടം ചെന്നത്…… അവൻറെ കണ്ണുകൾ ചിമ്മി ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി…….

എന്താണ് എന്ന് അവൻ ആംഗ്യം കാണിച്ചപ്പോൾ അവൻ ഒന്ന് ഞെട്ടി……. അപ്പോൾ മാത്രമാണ് അവൾ അറിഞ്ഞത് ഈ നിമിഷം അത്രയും താൻ അവനെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന്……… ഒരു നിമിഷം അവൾക്കും ഒരു വല്ലായ്മ തോന്നിയിരുന്നു…… “വിളിച്ചത് എൻറെ പെങ്ങൾ പഠിക്കുന്ന കോളേജിൽ നിന്നാണ്…….. അവരുടെ ഹെഡ്മിസ്ട്രസ് ആണ്……. അവളുടെ പഠനത്തെ പറ്റി പറയുകയായിരുന്നു……. അവളുടെ മുഖത്ത് വെമ്പിനിൽക്കുന്ന ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി ആയിരുന്നു അവൻ നൽകിയത്……..

അത് കേട്ടപ്പോൾ അവളുടെ മുഖം പെട്ടെന്ന് തെളിയുന്നതും അവിടെ സമാധാനത്തിന്റെ അലകൾ വിരിയുന്നതും ഒട്ടൊരു കൗതുകത്തോടെ അവൻ കണ്ടു…… പെട്ടെന്നാണ് ഗാനം ഉണർന്നത്……. 🎶 പ്രണയം എന്നിൽ ഉള്ളതായി പറഞ്ഞു തന്നു നീ….. എന്റെ ഹൃദയം ഒന്ന് പ്രണയമാക്കി വാങ്ങി ഇന്ന് നീ….. തിരിച്ചു തന്നിടേണ്ട നീ………. കൊതിച്ചു പോയി ഏറെ ഞാൻ…… താമരയ്ക്ക് മുന്നിലെ സൂര്യൻ എന്നപോലെ…..🎶 ഒരേസമയം ആയിരുന്നു രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കിയത് ആ പാട്ടിൻറെ വരികൾ അറിഞ്ഞിട്ട് എന്നവണ്ണം രണ്ടുപേരുടെയും ചുണ്ടിൽ ഒരു കള്ളച്ചിരി ആ നിമിഷം മിന്നി മാഞ്ഞു……

കൂടുതൽ നേരം അവൻറെ നോട്ടത്തെ അഭിമുഖീകരിചാൽ ഉള്ളിൽ മൂടി കെട്ടി വച്ചിരിക്കുന്ന പ്രണയം പുറത്തേക്ക് വരുമെന്ന് അനുവിനു തോന്നിത്തുടങ്ങിയിരുന്നു……. അതോടെ അവൾ പുറം കാഴ്ചകളിലേക്ക് ദൃഷ്ട്ടി മാറ്റി തുടങ്ങിയിരുന്നു……. സുഖകരമായ മൗനത്തിന്റെ സന്തോഷം രണ്ടുപേർക്കുമിടയിൽ തിങ്ങിനിറഞ്ഞു……. ആ നിമിഷങ്ങൾക്ക് ഇടയിൽ എപ്പോഴോ അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു…… അവൾ അവൻറെ മാറിലേക്ക് ഉറങ്ങി ചാഞ്ഞു……. അവളറിയാതെ അവൻ അവളെ അവൻറെ കരവലയങ്ങളിൽ സുരക്ഷിതമാക്കി…….

തണുത്തകാറ്റ് പുറത്തുനിന്നു അരിച്ചു കയറിയപ്പോഴേക്കും അവൾ കണ്ണുകൾ വലിച്ചു തുറന്നു……. ആ നിമിഷമാണ് അവൻറെ നെഞ്ചിലാണ് കിടക്കുന്നതെന്നും അവൻറെ കൈകൾ ഒരു സംരക്ഷണ കവചം പോലെ തന്നെ പൊതിയുന്നുണ്ട് എന്നും അവൾക്ക് മനസ്സിലായത്…….. പെട്ടെന്ന് അവൾക്കും ഒരു ജാള്യത തോന്നിയിരുന്നു……. അവനിൽനിന്നും അകലാൻ ആഞ്ഞ അവളെ പൊതിഞ്ഞ അവളുടെ ശരീരത്തിൽ ഒരു പുതപ്പ് ആ നിമിഷം ആണ് അവൾ കാണുന്നത്…….. താൻ ഉറങ്ങിയപ്പോൾ അത് ഉണ്ടായിരുന്നില്ല എന്ന് അവൾ ഓർത്തു………

പെട്ടെന്ന് അവൻറെ മുഖത്തേക്ക് നോക്കിയപ്പോൾ ആ മുഖത്ത് ഒരു കുസൃതി ചിരി ഉണ്ടായിരുന്നു…….. അവളെ നോക്കി ഇരുകണ്ണുകളും അവൻ ഒന്ന് അടച്ചു കാണിച്ചു…. ശേഷം അവളുടെ കണ്ണിലെ സംശയം കണ്ട് അതിന് മറുപടി പറയാനായി തയ്യാറായി….. “പുറത്ത് നല്ല തണുപ്പാണ് തണുപ്പ് അടിച്ചാൽ വീണ്ടും വോമിറ്റിംഗ് ഉണ്ടായാലോ…….? അത് പറയുമ്പോൾ അവൻറെ വാക്കുകളിൽ കരുതലും പ്രണയവും സ്നേഹവും ഒക്കെ നിറഞ്ഞിരുന്നു എന്ന് അവൾക്കും തോന്നിയിരുന്നു……. പെട്ടെന്നാണ് വണ്ടി ഓടുന്നില്ല നിർത്തിയിട്ടിരിക്കുകയാണ് എന്നും അവൾക്ക് മനസ്സിലായത്……

അവൾ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു….. ” എന്താണ് വണ്ടി ഇവിടെ നിർത്തിയിരിക്കുന്നത്…….? ” കുറച്ച് സമയം ആയി….. വണ്ടിക്ക് എന്തോ ഒരു പ്രശ്നം……. വാഹനം അല്ലേ….. അങ്ങനെയൊക്കെ സംഭവിക്കാം…… എന്താണെന്ന് നോക്കി കൊണ്ടിരിക്കുകയാണ്….. അപ്പോഴാണ് അവൾ പെട്ടെന്ന് തിരിഞ്ഞ് സീറ്റിലേക്ക് നോക്കിയത് എബിയുടെ മാറിൽ ചാഞ്ഞു കിടന്ന് ഉറങ്ങുന്ന തിരക്കിലാണ് സോഫി……. അത് കണ്ടപ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു…… കുറെ നിമിഷങ്ങൾക്ക് ശേഷവും വണ്ടിക്ക് ഒരു അനക്കവും ഇല്ല എന്ന് അറിഞ്ഞപ്പോൾ അനുവിന് ഭയം തോന്നിയിരുന്നു…….

അച്ഛൻ വീട്ടിൽ എത്തിയിട്ടുണ്ടാകും…….. ഇത്രയും സമയമായിട്ടും താൻ തിരിച്ചെത്തിയില്ല എന്നറിയുമ്പോൾ അച്ഛന് ദേഷ്യം വരും……. പെട്ടെന്നാണ് പുറത്തുനിന്ന് ഫാദർ തനിക്ക് നേരെ ഒരു ഫോൺ വെച്ച് നീട്ടിക്കൊണ്ട് പറഞ്ഞത്…. ” അനുമോളെ നിന്റെ അച്ഛനാണ്…… പെട്ടെന്ന് തന്നെ കൈയ്യെത്തിച്ച് ഫോൺ വാങ്ങി…. ” ഹലോ അച്ഛാ…… വണ്ടിക്ക് എന്തോ ഒരു തകരാറ്……. അതുകൊണ്ടാണ് താമസിക്കുന്നത്…. വിറയാർന്ന ശബ്ദത്തിൽ ഒറ്റ ശ്വാസത്തിൽ ആണ് പറഞ്ഞത്……. ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല എങ്കിലും ഇത്രയും താമസിക്കുമ്പോൾ അച്ഛന് സ്വാഭാവികമായും ദേഷ്യം വരും എന്ന് അവൾക്ക് തോന്നിയിരുന്നു….

“ഞാൻ വിളിച്ചപ്പോൾ ഫാദർ പറഞ്ഞു…… വണ്ടി ശരിയായില്ലേൽ ഒരുപാട് ലേറ്റ് ആകും എന്നാണ് പറഞ്ഞത്…… അങ്ങനെയാണെങ്കിൽ മോള് പള്ളിയിൽ നിന്നാൽ മതി….. അച്ഛൻ അവിടെ വന്ന് കൂട്ടിക്കൊണ്ടു വരാം…… അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ സമാധാനമാണ് തോന്നിയത്….. “കുറേ സമയമായിട്ടും ഒരു ഗുണവും കാണാതിരുന്നപ്പോൾ മെക്കാനിക്കിനെ വിളിക്കാൻ ആള് പോയി എന്നാണ് പറഞ്ഞത്….. “ശരി അച്ഛാ…. ഫോൺ ഫാദറിന് തിരികെ നൽകി…. എല്ലാവരും പുറത്തേക്കു മറ്റുമായി ഇറങ്ങാൻ തുടങ്ങി…… വണ്ടിയിൽ ചിലർ മാത്രമായി….. “പുറത്തേക്ക് ഇറങ്ങണോ……

അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…. ” നല്ല തണുപ്പാണ് എന്നല്ലേ പറഞ്ഞത്….. അവന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ അവളും പറഞ്ഞു….. ” എങ്കിൽ വേണ്ട….. ” നമ്മൾ മാത്രമേ വണ്ടിയിൽ ഉണർന്നിരിക്കുന്നുള്ളു….. മറ്റുള്ളവർ എന്ത് കരുതും….. അവൾ സങ്കോചത്തോടെ പറഞ്ഞു…… ” രാധ……!! വളരെ ആർദ്രമായി ആയിരുന്നു അവൻ വിളിച്ചിരുന്നത്…. ഒരുനിമിഷം അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് അവൻ എന്താണ് പറയാൻ വരുന്നത് എന്ന് ഭയമായിരുന്നു…… ഒരുപക്ഷേ താൻ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം തന്നെയാണ് അവൻ പറയുന്നത് എങ്കിൽ……

പ്രതീക്ഷയോടെ ആയിരുന്നു അവന്റെ മുഖത്തേക്ക് നോക്കിയത്…… ” രാധ എനിക്ക് തന്നോട് ഒരു കാര്യം…… പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവളും അതേ പ്രതീക്ഷയോടെ അവൻറെ മുഖത്തേക്ക് തന്നെ നോക്കി…… പെട്ടെന്നായിരുന്നു പുറകിൽ നിന്ന് ആരോ തോളിൽ തട്ടുന്നത് പോലെ തോന്നി അനു നോക്കിയത്…… തിരിഞ്ഞുനോക്കിയപ്പോൾ സോഫി ആണ്…… “ഇവൾ എപ്പോൾ ഉറക്കമുണർന്നു എന്ന രീതിയിലായിരുന്നു അനുരാധ അവളെ നോക്കിയിരുന്നത്….

“എന്തുപറ്റി വണ്ടിക്ക് ……? അവളുടെ ചോദ്യം കേട്ടപ്പോൾ അറിയാതെ ജോജി ചിരിച്ചു പോയിരുന്നു….. ” അറിയണമെങ്കിൽ ഈ ലോകത്ത് ആയിരിക്കണം….. കുറച്ച് സമയമായി ഇവിടെ ഒന്നുമല്ലല്ലോ……. താൻ കേൾക്കാൻ ആഗ്രഹിച്ച പ്രിയപ്പെട്ട വാക്കുകൾ നഷ്ടമായ സങ്കടവും അമർഷവും ഒക്കെ അവൾ തീർക്കുന്നുണ്ടായിരുന്നു സോഫിയോടെ….. ” അല്ല എബിയേയും കണ്ടില്ല…… “ഓ….. അതുകൊണ്ടാണ് ബോധം വന്നത്….. “കുറച്ചുമുമ്പ് പുറത്തേക്കിറങ്ങി പോയി…. എല്ലാവരും കൂടി അത് ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്…. ജോജി ആണ് പറഞ്ഞത്…. ” അപ്പോൾ നിങ്ങൾ രണ്ടുപേരും ഉറങ്ങിയില്ലേ….

അർത്ഥം വെച്ച് കളിയായി സോഫി അങ്ങനെ ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു രണ്ടാൾക്കും……. രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി…… ഒടുവിൽ ഒരു ആശ്രയത്തിന് എന്നവണ്ണം അനുരാധ ജോജിയെ നോക്കിയപ്പോൾ അത് പറയേണ്ടത് തൻറെ കടമയാണ് എന്നാണ് ആ നോട്ടത്തിന് അർത്ഥം എന്ന് മനസ്സിലാക്കി ജോജി അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു…… “രാധയ്ക്ക് വോമിറ്റിംഗ് ടെൻഡൻസി ഉള്ളതുകൊണ്ട് ഞാനാണ് പുറത്തേക്കിറങ്ങണ്ട എന്ന് പറഞ്ഞത്….. ഞങ്ങൾ വെറുതെ ഓരോന്ന് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു……

“മോളെ അനുരാധ …… ഞാനും ചിലതൊക്കെ കാണുന്നുണ്ടായിരുന്നു…, ബസ്സിൽ കയറിയപ്പോൾ തൊട്ട്…. നീ എന്നെ ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാണോ ഞാൻ നിന്നെ ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാണോ ശരി എന്ന് എനിക്കറിയില്ല…… പെട്ടെന്ന് സോഫി അങ്ങനെ പറഞ്ഞപ്പോൾ ജോജിയുടെ മുന്നിൽ വച്ച് അവൾ അങ്ങനെ പറഞ്ഞ ദേഷ്യം മുഖത്ത് പ്രകടമായി കാണാമായിരുന്നു…… ഒരു കുസൃതിയോടെ ആയിരുന്നു ജോജി ഇരുന്നത്….. ദേഷ്യത്തോടെ സോഫിയെ നോക്കുന്നവളെ കുസൃതിയോടെ തന്നെയായിരുന്നു ജോജി നോക്കിക്കണ്ടിരുന്നത്…… നിഷ്കളങ്കത നിറഞ്ഞ മുഖം…..

പടർന്നു തുടങ്ങിയ ഭസ്മകുറി വരച്ച ആ മുഖം ഇത്രയും അടുത്ത് കാണുന്നത് ആദ്യമായി ആണ് എന്ന് അവനോർത്തു…….. അവളുടെ നീണ്ട വിടർന്ന കണ്ണുകളിലും മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിലും ക്ഷീണം ഒക്കെ അലതല്ലി കിടക്കുന്ന മുഖത്തുമൊക്കെ അവൻറെ നോട്ടം അലഞ്ഞു നടന്നു…… ” വണ്ടി ശരിയായി……. ആരോ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും കൂടി തേനീച്ചകൂട് കയറുന്നത് പോലെ ഇരച്ച് അകത്തേക്ക് കയറുന്നുണ്ടായിരുന്നു….. ” വേണമെങ്കിൽ ഇനി ഞങ്ങൾ ഒരുമിച്ച് ഇരികാം….. സോഫി പറഞ്ഞു…

പെട്ടെന്ന് അവന്റെ മുഖത്ത് ഒരു നൊമ്പരം ആയപോലെ അവൾക്ക് തോന്നിയിരുന്നു…… “വേണ്ടി……!!അങ്ങനെ ഇനി ഇവിടെ ഇരിക്കേണ്ട….. ഇത്രയും സമയം നിനക്ക് ഇവിടെ ഇരിക്കണ്ടായിരുന്നല്ലോ…… ഇനി ഇപ്പോൾ നീ ഇരിക്കേണ്ട….. അല്പം ദേഷ്യത്തിന്റെ മേമ്പൊടിയോടെ അവളത് പറഞ്ഞപ്പോഴും ഹൃദയത്തിൽ അവൾ ആഗ്രഹിച്ചത് മറ്റൊന്നായിരുന്നു എന്ന് അറിയേണ്ടവൻ അറിഞ്ഞിട്ടുണ്ടായിരുന്നു….. മനസ്സിലാക്കേണ്ടവന് കാര്യം മനസ്സിലായിട്ടുണ്ടായിരുന്നു…… അവൻറെ ചുണ്ടിൽ ഒരു ചിരി വിടർന്നു….. ” ശരി ഞാൻ എന്നാൽ ഇരിക്കുന്നില്ല…….

അതും പറഞ്ഞ് സോഫി തൻറെ സീറ്റിലേക്ക് പോയി ഇരുന്നു…… എബിയോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു…… പെട്ടെന്ന് ജോജിയെ നോക്കാൻ അവൾക്ക് ഒരു മടി തോന്നിയിരുന്നു……. അത് മറക്കാൻ എന്നവണ്ണം അവൾ പുറത്തേക്ക് നോക്കിയിരുന്നു……. ശേഷം പെട്ടെന്ന് എന്തോ ഓർത്ത് പോലെ അവൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു….. “എന്താ പറയാൻ വന്നത്……? അവളുടെ ചോദ്യത്തിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു എന്ന് അവനും തോന്നിയിരുന്നു….. ” ഞാൻ പറയാൻ വന്നത്…… എനിക്ക് ഒരുപാട് ഇഷ്ടമായി……!! ” എനിക്കും…..!! അറിയാതെ അവളുടെ വായിൽ നിന്നും അങ്ങനെ വീണു പോവുകയായിരുന്നു…..

പെട്ടെന്ന് അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…… “എന്ത്…..?? ” അല്ല സാറിനു എന്താ ഇഷ്ടമാണെന്ന് പറഞ്ഞത്…… പെട്ടെന്ന് അബദ്ധം പിണഞ്ഞത് പോലെ അവൾ നിഷ്കളങ്കമായി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ പൊട്ടി വന്ന ചിരി ഒളിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു…… ” തൻറെ ചെറിയ കറുത്ത പൊട്ട്……!! അവളുടെ നെറ്റിയിലേക്ക് നോക്കിക്കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ താൻ പറഞ്ഞത് അബദ്ധമായി പോയി എന്ന് അവളുടെ കണ്ണുകളിൽ നിന്നും അവന് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു…… ഒട്ടൊരു കൗതുകത്തോടെ തന്നെ അവളുടെ മുഖത്തെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുക ആയിരുന്നു ആ നിമിഷം ജോജി…… ” താൻ എന്താ ഇഷ്ടമായി എന്ന് പറഞ്ഞത്………??

കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി അവൻ ചോദിച്ചു….. പെട്ടന്ന് എന്ത് പറയും എന്നൊരു പരിഭ്രമം അവളിൽ നിറഞ്ഞു….. ” സാറിൻറെ പെർഫ്യൂം….. രാവിലെ കയറിയപ്പോൾ മുതൽ ഈ നിമിഷം വരെ അതിൻറെ സ്മെല്ലിന് ഒരു മാറ്റവും വന്നിട്ടില്ല…… നല്ല പെർഫ്യൂം…..!! ഒരുവിധത്തിൽ അവൻറെ മുഖത്തേക്ക് നോക്കാതെ അത്രയും പറഞ്ഞു ഒപ്പിച്ചു അവൾ വെളിയിലേക്ക് കാഴ്ച നട്ടു…….. അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു അവൻ…… അവളുടെ മുഖത്ത് തന്നെ അഭിമുഖീകരിക്കാനുള്ള മടിയും ഉള്ളിലുള്ള പ്രണയം തുറന്നുപറയാനുള്ള മടിയും ഒക്കെ കണ്ടപ്പോൾ അവനെ ഒരു കൗതുകമാണ് തോന്നിയത്….. ” ബ്ലൂലേഡി മെൻ…..!! ” എന്താ…..!!

അവൾ പുറത്തുനിന്നും അവൻറെ മുഖത്തേക്ക് നോക്കി മനസ്സിലാവാതെ ചോദിച്ചു…. “പെർഫ്യൂമിൻറെ പേരാണ് പറഞ്ഞത്….. ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ അറിയാതെ അവൾ പൊട്ടിച്ചിരിച്ചു പോയിരുന്നു……… രണ്ടുപേരും ഒരു നിമിഷം പൊട്ടിചിരിച്ചു……. വീണ്ടും സ്റ്റീരിയോയിൽ നിന്നും ഗാനം ഉണർന്നിരുന്നു…….. അവൾ ഗാനം കേട്ടു കൊണ്ട് പുറത്തെ കാഴ്ചകളിൽ കണ്ണുനട്ട് പുതിയ സ്വപ്നങ്ങൾ കാണുകയായിരുന്നു…… ആ നിമിഷം അവനും അവൻറെ പ്രണയത്തിന് നിറം ചാർത്തുന്ന സ്വപ്നങ്ങളുമായി സീറ്റിലേക്ക് അമർന്നു….. സ്റ്റീരിയോയിൽ നിന്നും ഇടയ്ക്കിടെ ഗാനമുണരുമ്പോൾ രണ്ടുപേരും പരസ്പരം നോക്കാറുണ്ട്……. പുറത്ത് മഴയും ഇടിയും തുടങ്ങിയപ്പോഴേക്കും ഉള്ള വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ഇട്ടിരുന്നു……

പിന്നീട് അവനെ അഭിമുഖീകരിക്കാതെ പുറത്തേക്ക് നോക്കാൻ അവൾക്ക് ഒരു നിർവാഹം ഉണ്ടായിരുന്നില്ല……. പിന്നീട് അവൾ വെറുതെ മുന്നിലേക്ക് നോക്കിയിരിക്കുകയായിരുന്നു…… പാട്ട് ഇട്ടിട്ടുണ്ട് എങ്കിലും എല്ലാവരും ക്ഷീണിതരായി കഴിഞ്ഞിരുന്നു……. പലരും ഉറക്കം പിടിച്ചു തുടങ്ങി……. എങ്കിലും ഗാനം മുടങ്ങാതെ കേൾക്കുന്നുണ്ട്…… പെട്ടെന്ന് ഒരു മിന്നൽ അടിച്ച് വലിയൊരു ഇടിവെട്ടി…… അപ്പോഴേക്കും ഒരു ഭയം അവളുടെ മുഖത്ത് പ്രകടമായിരുന്നു…… ആ നിമിഷം തന്നെ സ്റ്റീരിയോയിൽ നിന്നും ഒരു ഗാനം ഉണർന്നിരുന്നു……

🎶 കോടമഞ്ഞും ചുഴലികാറ്റും കൂരിരുട്ടിലൊരിടിയും മഴയും എന്റെ കുടിലു പൊളിക്കാൻ വന്നാൽ എന്തു ചെയ്യും പൈങ്കിളിയേ പേടി തോന്നും രാത്രിയില്ലെല്ലാം വീതിയേറും നിന്നുടെ മാറിൽ എന്റെ കൈയ്യാലിങ്ങനെയിങ്ങനെ നിന്നെ പുൽകി ഉറങ്ങാമല്ലോ…..🎶 ഒരു നിമിഷം രണ്ട് കണ്ണുകളും കോർത്ത് പോയിരുന്നു…… എത്ര അടക്കിവെച്ചിട്ടും പ്രണയം അതിന്റെ ചട്ടക്കൂടു തകർത്ത് പുറത്തേക്ക് വരുമെന്ന് രണ്ടുപേർക്കും തോന്നിത്തുടങ്ങിയിരുന്നു……. അവളുടെ മുഖത്തിന് നേരെ മുഖമടുപിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു….. ഉറങ്ങുന്നോ……? കാത്തിരിക്കൂ…..🎶🎶….(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 10

Share this story