നീ മാത്രം…❣️❣️ : ഭാഗം 10

നീ മാത്രം…❣️❣️ : ഭാഗം 10

എഴുത്തുകാരി: കീർത്തി

ഞാൻ പതുക്കെ തല ചെരിച്ച് ആനന്ദേട്ടനെയൊന്ന് നോക്കി. ഒരു വല്ലാത്ത ഭാവത്തോടെ താടിയ്ക്ക് കൈയും കൊടുത്ത് കഷ്ടം വെച്ച് എന്നെതന്നെ നോക്കി ഇരിക്കുകയായിരുന്നു ആള്. കണ്ണ് രണ്ടും ബുൾസൈ പോലെ ആയിട്ടുണ്ട്. എന്റെ ഡയലോഗ് കേട്ട് കിളി പോയെന്നാണ് തോന്നുന്നത്. ഞാനാ മുഖത്തു നോക്കി നിഷ്കളങ്കമായി ചിരിച്ചുകൊടുത്തു. വേറെന്താ ചെയ്യാ? എല്ലാം കൈയിൽന്ന് പോയില്ലേ. “അല്ലാണ്ട് പിന്നെ ഞാനെന്താ പറയണ്ടേ? ഉച്ചക്ക് ലീവാക്കണം ന്ന് പറഞ്ഞ് എന്നത്തേക്കാളും നേരത്തെ പോയതാ അവള്. രാവിലെ തന്നെ ഹാഫ് ഡേ ലീവ്ന്റെ കാര്യവും പറഞ്ഞിരുന്നുത്രെ. എന്നിട്ടും ആ ദുഷ്ടൻ കാണിച്ചത് കണ്ടോ.

ഈ അവസാനനിമിഷം എന്തോ വർക്ക്‌ കൊടുത്തിട്ട് അത് കഴിഞ്ഞിട്ട് പോയാൽ മതി ന്ന് പറഞ്ഞുന്ന്. കൊല്ലണ്ടേ അയ്യാളെ? ആനന്ദേട്ടൻ തന്നെ പറ. ” ആനന്ദേട്ടൻ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ഞാൻ അങ്ങോട്ട്‌ കയറി പറഞ്ഞു. “എന്തെങ്കിലും അത്യാവശ്യ വർക്ക്‌ ആയിരിക്കും ന്നെ. ” “എങ്കിൽ അത് കുറച്ചു മുന്നേ കൊടുത്തുകൂടെ? പറഞ്ഞതല്ലേ ഉച്ചക്ക് പോണം ന്ന്. ഞാനാണെങ്കിൽ ഇവിടെ ഇങ്ങനെ നോക്കുകുത്തിയെ പോലെ…… വഴിയിലൂടെ പോകുന്നവരൊക്കെ എന്നെത്തന്നെ നോക്കാ. ഇത്രയും നേരായിട്ടും ഞാനെന്താ പോകാത്തത് ന്ന് വിചാരിച്ചിട്ട്. ഞാനിവിടെ വന്നിട്ട് മൂന്നു ബസും പോയി. അതിലെ കണ്ടക്ടറാണെങ്കിൽ “വാ മോളെ വാ മോളെ അകത്ത് സ്ഥലം ണ്ട് സീറ്റ് ണ്ട് “ന്നൊക്കെ പറയാ.

ഒരാളൂടെ വരനുണ്ടെന്ന് പറഞ്ഞു മടുത്തു. ” “അതിന് എലിവെഷമൊക്കെ കൊടുക്കണോ? ” “ആനന്ദേട്ടന് അയ്യാളെക്കുറിച്ച് അറിയാഞ്ഞിട്ടാ.എന്ത് വൃത്തിക്കെട്ട സ്വഭാവമാണെന്നറിയുവോ? ” മനുവേട്ടനിൽ നിന്നും കേട്ടറിഞ്ഞത് മുഴുവനും ഞാൻ ആനന്ദേട്ടനോട്‌ പറഞ്ഞു. ആനന്ദേട്ടൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു. ഇടയ്ക്ക് മൂളുന്നതല്ലാതെ വേറൊന്നും പറഞ്ഞില്ല. “ഇനി പറ ഇജ്ജാതി പെരുമാറ്റം കേട്ടിട്ട് ആനന്ദേട്ടന് എന്താ തോന്നണത്? ” “അതിന് അയ്യാൾക്ക് അയ്യാളുടെതായ കാരണങ്ങളുണ്ടല്ലോ. ” “ആയിക്കോട്ടെ. സമ്മതിച്ചു. പക്ഷെ എല്ലാവരിൽ ന്നും ഇങ്ങനെ അകന്ന് എല്ലാവരോടും ദേഷ്യപ്പെട്ട് നടന്നാൽ മരിച്ചുപോയ അച്ഛൻ തിരിച്ചു വരുമോ? അന്വേഷിച്ച് നടക്കുന്ന ആ കുട്ടിയെ കണ്ടുകിട്ടുവോ?

ആ അച്ഛന്റെ ആത്മാവ് ഇയ്യാളെക്കുറിച്ച് ഓർത്ത് എത്ര വിഷമിക്കുന്നുണ്ടാവും. ഭർത്താവ് പോയി. ആകെക്കൂടിയുള്ള മകൻ ഇങ്ങനെയായാൽ ആ അമ്മ ഒത്തിരി സങ്കടപ്പെടുന്നുണ്ടാവില്ലേ? ആ വീട്ടുകാരോ? എല്ലാവരും അയ്യാള് നാട്ടിലേക്ക് വരുന്നത് കാത്തിരിക്കാണത്രെ. മനുവേട്ടൻ പറഞ്ഞ ആ പഴയ വിജയ് ആയിട്ട് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ. ഇനി ഇതൊക്കെ പോട്ടെ. അത് അവരുടെ കുടുംബകാര്യം. പക്ഷെ മനുവേട്ടനോ? മനുവേട്ടനോട്‌ എന്തിനാ ഇങ്ങനെ പെരുമാറുന്നത്? മനുവേട്ടനെ പറ്റി ആലോചിക്കുമ്പോഴാണ് എനിക്ക് അയാളോട് കൂടുതൽ ദേഷ്യം തോന്നണത്.

പിന്നെ എവിടെയും കേട്ടിട്ടില്ലാത്ത ഒരു കാത്തിരുപ്പും. ” ഗീതുവിന്റെ വിജയ് സാറിനെക്കുറിച്ചുള്ള എന്റെ ഉള്ളിലെ ചോദ്യങ്ങളും കാഴ്ചപ്പാടും ഒരാളോട് തുറന്നു പറഞ്ഞപ്പോൾ എന്തോ വല്ലാത്ത ആശ്വാസം പോലെ. ഞാൻ പറഞ്ഞു കഴിഞ്ഞു കുറെ നേരത്തേക്ക് ആനന്ദേട്ടന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഇല്ലായിരുന്നു. നോക്കിയപ്പോൾ ആള് റോഡിലേക്ക് കണ്ണുംനട്ട് ഇരിക്കുകയായിരുന്നു. എന്തോ ഗഹനമായ ചിന്തയിലാണെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടിനിന്നു. “സാ…. അല്ല ആനന്ദേട്ടാ…” ഞങ്ങൾക്കിടയിലെ മൂകതയെ ഞാൻ തന്നെ ഭഞ്ജിച്ചു.

“ഗാഥാ… ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ” ആനന്ദേട്ടനിൽ നിന്നും അങ്ങനെയൊരു ചോദ്യം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടന്ന് എന്ത് പറയണമെന്ന് അറിയാതെ ഞാനാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. “അല്ലെങ്കിൽ വേണ്ട. താൻ ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് കേട്ടിട്ടുണ്ടോ? ” അത് ചോദിക്കുമ്പോൾ ആനന്ദേട്ടന്റെ മുഖത്ത് ഒരു പ്രത്യേക സന്തോഷം കാണാമായിരുന്നു. കണ്ണുകൾക്ക് പതിവിൽ കവിഞ്ഞൊരു തിളക്കവും. ആ കണ്ണുകളിൽ നിന്നും കണ്ണെടുക്കാതെ തന്നെ ഞാൻ ‘ഉവ്വ് ‘ ന്ന് തലയാട്ടി. “എന്താ കേട്ടിട്ടുള്ളത്? നമ്മള് ഒരാളെ കാണുന്ന മാത്രയിൽ നമ്മുടെ ഉള്ളിൽ ഒരു പ്രത്യേക ഫീലിംഗ്സ് ഉണ്ടാവും.

അവൾ അല്ലെങ്കിൽ അവൻ നമുക്ക് വേണ്ടി ജനിച്ചതാണ് നമ്മുടെയാണ് ന്നൊക്കെ ആരോ നമുക്കുള്ളിലിരുന്ന് പറയും പോലെ തോന്നും. ചിലപ്പോൾ അവരുടെ പ്രവർത്തികളാവാം അല്ലെങ്കിൽ നമ്മുടെ സങ്കൽപ്പത്തിനനുസരിച്ച സൗന്ദര്യമാവാം നമ്മെ അയാളിലേക്ക് ആകർഷിക്കും. അല്ലെ? ” “മ്മ്മ്…. ” “അതുപോലെ വിജയ് തന്റെ പ്രാണന്റെ പാതിയെ എത്രയോ നേരത്തേ തിരിച്ചറിഞ്ഞിരിക്കുന്നു ന്നല്ലേ അതിനർത്ഥം. ആ കുട്ടിയോട് ആദ്യകാഴ്ചയിൽ തോന്നിയ ഇഷ്ടം ഇന്നും നെഞ്ചോട് ചേർത്ത് കൊണ്ടുനടക്കുന്നു ന്ന്. അവൾക്കല്ലാതെ മറ്റൊരാൾക്കും തന്റെ പ്രണയം പകുത്തുനൽകാൻ അവൻ ആഗ്രഹിക്കുന്നില്ല. തനിക്ക് വേണ്ടി ജനിച്ചവൾ അവളാണെന്നും,

നിസ്വാർത്ഥമായ തന്റെ പ്രണയം അവളെ തനിക്ക്തന്നെ നൽകുമെന്നും അവൻ വിശ്വസിക്കുന്നു. അതിൽ അവനെ തെറ്റ് പറയാൻ പറ്റുവോ? എനിക്ക് വിശ്വാസമുണ്ട് ഗാഥാ വിജയ് ടെ കാത്തിരിപ്പ് ഒരിക്കലും വിഫലമാകില്ല. അവന്റെ പ്രണയത്തെ അവൻ സ്വന്തമാക്കിയിരിക്കും. ” ഒരുപക്ഷെ കാത്തിരിക്കുന്ന വിജയ് സാറിനെക്കാൾ ആത്മവിശ്വാസം ആനന്ദേട്ടന്റെ ആ വാക്കുകൾക്കുണ്ടെന്ന് എനിക്കു തോന്നി. “എന്നോട് ചോദിച്ച ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ? ” ഞാൻ കുസൃതിയോടെ ചോദിച്ചപ്പോൾ ആനന്ദേട്ടൻ എന്താണെന്ന അർത്ഥത്തിൽ എന്നെയൊന്ന് കൂർപ്പിച്ചു നോക്കി. “ആനന്ദേട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ” ചുണ്ടിലെ കുസൃതിച്ചിരി മായാതെ തന്നെ ഞാനാ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

കുറച്ചു നേരം ആനന്ദേട്ടൻ ഒന്നും പറയാതെ തിരിച്ചും എന്റെ കണ്ണിലേക്കു തന്നെ നോക്കിയിരിക്കുന്നത് കണ്ടു. പിന്നെ പതിയെ ആ ചുണ്ടിലൊരു കുഞ്ഞു ചിരിയും. “താൻ ഭക്ഷണം കഴിച്ചിട്ടാണോ ഇവിടെ വന്നിരിക്കുന്നത്? ” ആനന്ദേട്ടൻ വിഷയം മാറ്റിയതാണെന്ന് മനസിലായി. ആ ചോദ്യത്തിന് മറുപടി പറയാൻ താല്പര്യമില്ല ന്ന് തോന്നുന്നു. പിന്നെ അതേപറ്റി ചോദിക്കാനും നിന്നില്ല. “ഞാൻ കഴിച്ചിട്ടാണ് പോന്നത്. ആനന്ദേട്ടനോ? ” “ഇനിയിപ്പോൾ കഴിക്കണോ. എന്റെ വയറു നിറഞ്ഞുന്നാ തോന്നണത്. ” കൈകൊണ്ട് വയറിൽ പതിയെ രണ്ടു കൊട്ട് കൊട്ടികൊണ്ട് ആനന്ദേട്ടൻ പറഞ്ഞു. “ഞാനതിന് ആനന്ദേട്ടനെയല്ലല്ലോ പറഞ്ഞത്.? ” “ഗാഥ വിജയ് യെ കണ്ടിട്ടില്ലല്ലേ? ” “ഇല്ല. കാണണം ന്ന് ണ്ടാർന്നു.

ഇനിയിപ്പോൾ വേണംന്നില്ല. വേറൊന്നുമല്ല മനുവേട്ടനോടെങ്കിലും അങ്ങനെയൊക്കെ പെരുമാറാതെ ഇരുന്നൂടെ? ആ ഏട്ടന് അത്രയും വിഷമമുണ്ട്. ” “അതൊക്കെ പോട്ടെടൊ. അയ്യാള് ശെരിയായിക്കോളും ന്നേയ്.” “ശെരിയായാൽ അയ്യാൾക്ക് കൊള്ളാം. ” പിന്നെയും ഞങ്ങളുടെ സംസാരവിഷയം വിജയ് സാറായി. ആനന്ദേട്ടൻ പരമാവധി വിജയ് സാറിനെ അനുകൂലിച്ചാണ് സംസാരിച്ചത്. പറഞ്ഞു പറഞ്ഞ് ഇടയിലെപ്പോഴോ ശില്പയുടെ സ്വപ്നത്തെക്കുറിച്ചും പറഞ്ഞു. അത് കേട്ട് ആനന്ദേട്ടൻ ആദ്യമൊന്ന് ഞെട്ടി. ശേഷം അതൊരു പൊട്ടിച്ചിരിയായി. “സമയം ഒരുപാട് ആയില്ലേ ആനന്ദേട്ടന് വിശക്കുന്നില്ലേ? ” ഞാനത് പറഞ്ഞപ്പോൾ ആനന്ദേട്ടൻ വാച്ചിലേക്ക് നോക്കി. “സമയം ഇത്രയൊക്കെ ആയോ?

തന്നോട് സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. അപ്പോൾ ശെരി. പിന്നെ കാണാം. ബൈ. ” ഇരുന്നിടത്ത് നിന്നെഴുന്നേറ്റുകൊണ്ട് ആനന്ദേട്ടൻ പറഞ്ഞു. യാത്ര പറഞ്ഞു പോയ ആള് കുറച്ചു ദൂരം ചെന്ന ശേഷം വീണ്ടും തിരിച്ചുവരുന്നത് കണ്ടു. “ഞാനൊരു കാര്യം മറന്നു. ” എന്താണെന്ന് അറിയാൻ വേണ്ടി ആകാംക്ഷയോടെ ഞാൻ ആനന്ദേട്ടനെ തന്നെ നോക്കി നിന്നു. വേറെന്താ പതിവ് ചോക്ലേറ്റ് തന്നെ. ഞാനെന്തൊക്കെയോ പ്രതീക്ഷിച്ചു. പാന്റിന്റെ പോക്കറ്റിൽ നിന്നും എനിക്കത് എടുത്തുതന്നു. “അപ്പൊ ശെരി. കൂട്ടുക്കാരി വരുന്നത് വരെ ഇതും കൊറിച്ചോണ്ട് ഇരിക്ക്. ” “ഇതും അന്നത്തെ പോലെ കാണും ന്ന് കരുതി വാങ്ങിച്ചതാണോ? ” “അല്ല. ഇതിലെ പോവായിരുന്നു. അപ്പോഴാണ് താൻ ഇവിടെ ഇരിക്കുന്നത് കണ്ടേ.

ഉടനെ വണ്ടി നിർത്തി ദാ ആ കാണുന്ന ബേക്കറിയിൽ ന്ന് വാങ്ങിച്ചതാ. ഇത് നമ്മുടെ പതിവായി പോയില്ലേ? കണ്ടിട്ട് തരാൻ പറ്റിയില്ലെങ്കിൽ എന്തോ പോലെയാണ്. ” “ചോക്ലേറ്റ് അധികം കഴിക്കാൻ പാടില്ല ന്നാണ്. ” കുസൃതിയോടെ ഞാൻ പറഞ്ഞു. “അത് സാരല്ല്യ. ഇടയ്ക്ക് ഇതുപോലെ കണ്ടുമുട്ടുമ്പോൾ ഞാൻ തരുന്നത് മാത്രം കഴിച്ചാൽ മതി. ” കുസൃതിചിരിയോടെ തന്നെ ആനന്ദേട്ടനും പറഞ്ഞു. “നമ്മൾ ദിവസവും കാണേണ്ടി വന്നാലോ? ” “അങ്ങനെ കാണുമോ?” ആ ചോദ്യത്തിൽ എവിടെയോ ഒരു പ്രതീക്ഷയുടെ എന്തോ ഒന്നില്ലേ???. അപ്പോൾ ആ കണ്ണുകളിൽ കണ്ട ഭാവം എന്നെ മൂകയാക്കി. ഉത്തരമില്ലാതെ ഞാൻ നിൽക്കുന്നത് കണ്ട ആനന്ദേട്ടൻ തുടർന്നു. “ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു കടംവീട്ടൽ കൂടിയാണ് ഗാഥാ. ”

“കടമോ !!! നമ്മൾ തമ്മിലോ? ” എന്റെ ആ ചോദ്യത്തിനും മറുപടി കിട്ടിയില്ല. സാർ പുഞ്ചിരിയോടെ ഒരു ബായ് പറഞ്ഞു പോയി. ഈ ചങ്ങായി എന്താ ഇങ്ങനെ. ചോദിക്കുന്നതിൽ പകുതി ചോദ്യത്തിനും മറുപടി കിട്ടില്ല. അതിനെല്ലാമുള്ള ഉത്തരം ഒരു പുഞ്ചിരിയിൽ ഒതുക്കും. അത്രതന്നെ. എന്തൊക്കെയോ എവിടൊക്കെയോ തകരാർ ണ്ട്…..ഇച്ചിരി വട്ടുണ്ടോ?ഏയ്‌…. ആയിരിക്കില്ല. പക്ഷെ ഒന്നും മനസിലാവുന്നുമില്ല. ഓരോന്ന് ആലോചിച്ച് ആനന്ദേട്ടന്റെ കാർ പോകുന്നതും നോക്കി അങ്ങനെ നിന്നു. ആ നീണ്ട റോഡിൽ അങ്ങ് അറ്റത്ത് ആ വാഹനം ഒരു കുഞ്ഞു പൊട്ടായി കാണപ്പെട്ടു. പിന്നെ പിന്നെ അത് കാഴ്ചയിൽ നിന്നു തന്നെ മറഞ്ഞു പോയി. അത്രമേൽ പ്രിയപ്പെട്ടതെന്തോ എന്നിൽ നിന്നകന്നുപോയത് പോലെ തോന്നി. “വായിനോക്കി നിക്കാതെ വന്നുകേറടി. ” ആ അലർച്ചയാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 9

Share this story