നീ മാത്രം…❣️❣️ : ഭാഗം 11

നീ മാത്രം…❣️❣️ : ഭാഗം 11

എഴുത്തുകാരി: കീർത്തി

“വായിനോക്കി നിക്കാതെ വന്നുകേറടി. ” ഗീതുവിന്റെ അലർച്ചയാണ് എന്നെ ചിന്തയിൽ നിന്നും ബോധമണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ചമ്മിയ ചിരിയോടെ ഞാൻ ചെന്ന് അവളുടെ ശകടത്തിന് പിറകിൽ കയറി ഇരുന്നു. “ആരെയാ ടി ഇത്ര കാര്യായിട്ട് വായിനോക്കണേ? ” മറുപടിയായി പുഞ്ചിരിയോടെ ഞാൻ അവളുടെ തോളിൽ തല ചായ്ച്ച് വയറിലൂടെ കൈയിട്ട് കെട്ടിപിടിച്ചു. “കൊഞ്ചാതെ കാര്യം പറ പെണ്ണെ. ” തോളൊന്നു കുലുക്കി എന്റെ താടിയിൽ തട്ടികൊണ്ട് അവള് ചോദിച്ചു. “ആനന്ദേട്ടൻ. ” “ഇവിടെ ഉണ്ടായിരുന്നോ? ശ്ശെടാ കാണാൻ പറ്റിയില്ല. ” അവളുടെ കാതിൽ അല്പം നാണത്തിന്റെ മേമ്പൊടി ചേർത്ത് പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും മുന്നിലേക്ക് നോക്കി ആരെയോ തിരഞ്ഞുകൊണ്ട് അവൾ നിരാശയോടെ പറഞ്ഞു. “ഇപ്പൊ പോയേ ഉള്ളു. ഇത്രയും നേരം എന്റെ കൂടെ ണ്ടാർന്നു. ദേ ചോക്ലേറ്റ് കണ്ടോ. നിനക്കേ…യ് എന്റെ ആനന്ദേട്ടനെ കാണാൻ യോഗല്ല്യ. ” “എന്തോ…. എങ്ങനെ….

ആരടെ ആനന്ദേട്ടൻ? ” ഒന്നും മിണ്ടാതെ നാണത്തിൽ തല താഴ്ത്തിയിരുന്നു. “ഞാൻ ബാലൻ അങ്കിൾനെ വിളിച്ചു പറയട്ടെ ടി അങ്കിൾ വെറുതെ ബുദ്ധിമുട്ടണ്ട മോള്ടെ ചെക്കനെ അവള് തന്നെ കണ്ടുപിടിച്ചു ന്ന് . ” “അയ്യടാ അങ്ങനെയിപ്പോ നീ ഗോളടിക്കണ്ട. എന്റെ അച്ഛനോട് അങ്ങനെ എന്തേലും പറയാനുണ്ടെങ്കിലേയ് ഞാൻ പറഞ്ഞോളാം. എന്റെ പൊന്നുമോള് കഷ്ടപ്പെടണ്ട കേട്ടോ. അല്ലാ…നിന്റെ കാലൻ ബോസ്സ് തന്ന വർക്ക്‌ മുഴുവൻ ചെയ്തോ? ” “എവടന്ന്? അയ്യാൾക്ക് ഓരോ നേരത്ത് ഓരോ സ്വഭാവമാ. എനിക്ക് പണി തന്നിട്ട് എങ്ങോട്ടോ ഇറങ്ങിപോയതാ. ദൃതി പിടിച്ച് ഞാനത് ചെയ്തോണ്ടിരിക്കുമ്പഴാ മനുവേട്ടൻ വന്നു പറഞ്ഞത് “വിജയ് വിളിച്ചിരുന്നു നിന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ബാക്കി നാളെ ചെയ്താൽ മതി ” ന്ന്. മാത്രവുമല്ല മനുവേട്ടന്റെ ഫോണിലേക്ക് വിളിച്ച് പണ്ടത്തെ പോലെ ഭയങ്കര ഫ്രണ്ട്ലിയായിട്ടാ സംസാരിച്ചത് ന്നും പറഞ്ഞ് ആള് ഇപ്പൊ നിലത്തൊന്നുമല്ല. ”

“അങ്ങനെയാണോ? എന്താ പെട്ടന്നൊരു മാറ്റം? ആരെങ്കിലും നിന്റെ ബോസ്സിന്റെ തലയ്ക്കടിച്ചോ? ” ഞാൻ ചോദിച്ചു. “ആർക്കറിയാം? ” താല്പര്യമില്ലാത്തത് പോലെ അവള് പറഞ്ഞപ്പോൾ എന്റെ മനസിലേക്ക് ഓടിയെത്തിയത് ആനന്ദേട്ടൻ ആ ചൂടനെക്കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു. അയ്യാളുടെ സ്വഭാവത്തെ ന്യായീകരിച്ചാണ് ആനന്ദേട്ടൻ സംസാരിച്ചത് മുഴുവൻ. അല്ലാത്തവ ചിരിച്ചു തള്ളി. എന്തെങ്കിലും ആവട്ടെ ന്ന് കരുതി ഒന്ന് തല കുടഞ്ഞുകൊണ്ട് ഗീതുവിനോടൊത്തുള്ള ആ യാത്രയിൽ മുഴുകി. ബാങ്കിലെ കാര്യങ്ങളെല്ലാം ശെരിയാക്കി തിരിച്ചു വന്നു. പിന്നീടുള്ള ദിവസങ്ങളും വലിയ പ്രത്യേകതകളൊന്നുമില്ലാതെ കടന്നു പോയി. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ആനന്ദേട്ടനെ പിന്നീട് കണ്ടിട്ടില്ല. പക്ഷെ മുൻപത്തേതിനെക്കാളും ആനന്ദേട്ടനെ കുറിച്ചുള്ള ചിന്തകളും ആലോചനകളും എന്നിൽ ശക്തമായി തുടങ്ങി. ആലോചിച്ച് ആലോചിച്ച് പല അബദ്ധങ്ങളും പറ്റി തുടങ്ങി. പുട്ടുംകുറ്റിയിൽ ചില്ലിടാതെ അരിപൊടി എടുത്തിടുക, ആന ന്ന് പറഞ്ഞാൽ ചേന ന്ന് കേൾക്കുക, വെറുതെ ഓരോന്ന് ഓർത്ത് ചിരിക്കുക അങ്ങനെ അങ്ങനെ….

പിന്നെ ഒരിക്കൽ ഗീതുന്റെ ടിഫിൻ ബോക്സിൽ കറി ഒഴിക്കണ്ടതിന് പകരം ചായ എടുത്ത് ഒഴിച്ചു. ഓഫീസിൽ ലഞ്ച് കഴിക്കാൻ ഇരുന്നപ്പോഴാണ് സംഭവം കാണുന്നത്. പാവം പിന്നെ കാന്റീനിൽന്ന് ഭക്ഷണം വാങ്ങി കഴിച്ച് വിശപ്പടക്കി. അതിൽ പിന്നെ എന്നോട് അവള് പാത്രത്തിൽ ടിഫിൻ ആക്കിവെയ്ക്കാൻ പറഞ്ഞിട്ടേയില്ല. ഒന്ന് രണ്ടു വട്ടം ഗീതുന്റെ സ്ഥാനത്ത് ആനന്ദേട്ടനെ കണ്ട് ആകെ കൺഫ്യൂഷൻ ആയി. പോകെ പോകെ ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാനൊരു രോഗിയായികൊണ്ടിരിക്കാണെന്ന്. കണ്ണടച്ചാലും തുറന്നാലും ആനന്ദേട്ടനെ മാത്രം കാണുന്ന ഒരു പ്രത്യേക രോഗം എന്നെ പിടികൂടിയെന്ന്. തുറന്നു പറയാനൊരു പേടി. ഇപ്പോഴുള്ള സൗഹൃദം ഇല്ലാതാകുമോ ന്ന്. അതുകൊണ്ട് എല്ലാം ഉള്ളിലെ ഒതുക്കി നടന്നു. പരമാവധി എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിച്ച് അബദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിച്ചു. ആനന്ദേട്ടനെ കുറിച്ചുള്ള ചിന്തകൾക്ക് കടിഞ്ഞാണിടാൻ. ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

എന്നത്തേയും പോലെ വൈകുന്നേരം ഗീതു ജോലി കഴിഞ്ഞു തിരിച്ചു വരുന്നതും കാത്ത് പൂമുഖ വാതിൽക്കൽ നല്ല ക്ലോസ് അപ്പ്‌ ചിരിയോടെ ഇരിക്കുകയായിരുന്നു. ഗീതു എത്തിയതും വണ്ടി സ്റ്റാന്റിൽ ഇടാൻ പോലും നിക്കാതെ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു. എന്നിട്ടൊരു വട്ടം കറക്കലും. ഞാനാകെ അന്തം വിട്ടു പോയി. ദൈവമേ ഇവൾക്കിതെന്ത്‌ പറ്റി? രാവിലെ ഇവിടുന്ന് പോകുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ? ഈശ്വരാ അങ്കിളും ആന്റിയും ചോദിച്ചാൽ ഞാനെന്ത് പറയും? കുതിരവട്ടത്ത് ഒരു ബെഡ് ബുക്ക്‌ ചെയ്യേണ്ടി വരുവോ? “ഗീതു…. എന്താ ടി എന്താ? ” “രണ്ടു വർഷം ഒരുമിച്ച് കോളേജിൽ പോയിരുന്നത് പോലെ ഇനി മുതൽ നമുക്ക് ജോലിക്കും പോകാം. ” വളരെയധികം സന്തോഷത്തോടെ അവള് പറഞ്ഞു. പെട്ടന്ന് എനിക്കൊന്നും മനസിലായില്ല. ഞാൻ പുരികം ചുളിച്ച് അവളെ നോക്കി. “എന്റെ ഗാഥക്കുട്ടിക്ക് വി. എ. അസോസിയേറ്റ്സിൽ ജോലി ശെരിയായി ന്ന്.

ഇതാ അപ്പോയ്ന്റ്മെന്റ് ലെറ്റർ. ” ബാഗിൽ നിന്നുമൊരു എന്വെലോപ് എനിക്ക് നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകളും വിടർന്നു. ഞാനാ കവർ വാങ്ങിച്ചു നോക്കി. സത്യം. എനിക്ക് ജോലി കിട്ടി. യുറേക്ക….. മിഷ്ടർ ബാലചന്ദ്രൻ….. ഇനി എങ്ങനെ എന്നെ വേഗം കെട്ടിച്ചുവിടും? എന്ന പണ്ണുവേൻ… എന്ന പണ്ണുവേൻ…. “അപ്പൊ ഇന്റർവ്യൂ? ഇതിൽ മനുവേട്ടന്റെ സൈൻ ആണല്ലോ? ” “ഇന്റർവ്യൂ ഒന്നുമില്ല. പുള്ളിയല്ലേ മാനേജർ അതാവും. വൈകുന്നേരം പോരാൻ നേരത്ത് മനുവേട്ടനാ ഇത് കൈയിൽ തന്നത്. നിന്നോട് ചെലവ് ചോദിച്ചു ന്ന് പറയാൻ പറഞ്ഞു. ” “അതൊക്കെ ഞാൻ ചെയ്തേക്കാം. പറ്റിക്കൽസല്ലല്ലോ? ജോയിൻ ചെയ്യാൻ വരുമ്പോൾ ഞാനിത് കൊടുത്തിട്ടില്ല ന്ന് പറഞ്ഞ് ആ ദുഷ്ടൻ ഗെറ്റ് ഔട്ട് അടിക്കുവോ? ” “നീ ധൈര്യായിട്ട് പോരെ. അങ്ങനെ എന്തേലും ചോദിച്ചാൽ നമുക്ക് മനുവേട്ടനെ പിടിച്ച് അങ്ങേരുടെ മുന്നിലേക്ക് ഇട്ടുകൊടുക്കാം. ”

“മ്മ്മ്… പിന്നെ എടി അവിടെ ബോണ്ട്‌ ണ്ടല്ലോ ലെ? ” ഞാൻ ചോദിച്ചു. “ഓഹ്…. ഇങ്ങനെയൊരു സാധനം. ഉണ്ട് ഉണ്ട്. രണ്ടു വർഷം. അതു കഴിഞ്ഞുള്ളത് എനിക്കറിയില്ല. ” “രണ്ടെങ്കിൽ രണ്ടു. തത്കാലം അത് മതി. അയ്യോ…… ” അങ്ങനെ സന്തോഷത്തിൽ ആറാടി നിൽക്കുമ്പോഴാണ് ഞാൻ പേടിപ്പിക്കുന്ന ആ സത്യം ഓർത്തത്. കാലൻ !!!! ഇനി മുതൽ എന്റെയും ബോസ്സ് !!! ഇനി ഞാനും അയ്യാളെ സഹിക്കണം ലോ !!! “എന്താടി എന്തിനാ നിലവിളിച്ചത്? ” “അത്…. അവിടെ ജോലി ന്ന് പറയുമ്പോൾ….. ആ കാലന്റെ സ്നേഹം ഇനിമുതൽ ഞാനും അനുഭവിക്കണം ലോന്ന് ഓർത്തപ്പോൾ….. ” “അത്രേയുള്ളൂ. ചീള് കേസ്. രണ്ടു ദിവസം ആ ഷൗട്ടിങ്ങ് കൊണ്ട് കുറച്ചു ബുദ്ധിമുട്ടൊക്കെ ണ്ടാവും. പിന്നെ…… ” “പിന്നെ….? ” “പിന്നെ അതങ്ങ് ശീലമായിക്കോളും. ആഹ്… പിന്നെ…. അടുത്ത തിങ്കളാഴ്ചയല്ലേ ജോയിൻ ചെയ്യാൻ പറഞ്ഞിരിക്കുന്നെ. നീ വേണേൽ നാട്ടിൽ പോയി എല്ലാരേം ഒന്ന് കണ്ടിട്ട് പോരെ. ഒരുപക്ഷെ നിന്നെ ഇനി ഇത്രയും സന്തോഷത്തിൽ അവർക്ക് കാണാൻ പറ്റിയില്ലെങ്കിലോ? ഹ ഹ ഹ.. ” “പ്ഫ… ദുഷ്ടേ. നിർത്തടി അവള്ടെയൊരു ക ക ക.

നീ ഒറ്റൊരുത്തി കാരണമാ അപകടമാണെന്ന് അറിഞ്ഞിട്ടും ഞാനവിടെ അപ്ലിക്കേഷൻ കൊടുത്തത്. അപ്പൊ അവിടുത്തെ എന്റെ ഉത്തരവാദിത്തം മുഴുവനും നിനക്കാണ്. ഇപ്പൊ ഈ ജോലി അത്യാവശ്യമായത് കൊണ്ടാ ഞാനങ്ങോട്ട് വരുന്നത്. അല്ലെങ്കിൽ എപ്പഴേ വേണ്ട ന്ന് വെച്ചേനെ. ” “ഉവ്വ. എന്നെത്തന്നെ നോക്കാൻ പറ്റണില്ല അവിടെ അപ്പളാ അവളെക്കൂടി. ” ഒരു ലോഡ് പുച്ഛവും വാരി വിതറി അവള് അകത്തേക്ക് പോയി. കാലന്റെ ഓഫീസിലെങ്കിൽ കാലന്റെ ഓഫീസിൽ. ജോലി കിട്ടിയല്ലോ. അത് മതി. ചൂടുള്ള ആ വാർത്ത ചൂടാറുന്നതിന് മുന്നേ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞു. കൂടെ ആ സിനിമ നടൻ സുന്ദരനെ കണ്ട് മയങ്ങിയിരിക്കുന്ന മുത്തശ്ശിയോടും. ഗീതുവിന്റെ അഭിപ്രായം തന്നെയായിരുന്നു അവർക്കും. ജോയിൻ ചെയ്യുന്നതിന് മുന്നേ ഒന്ന് വന്നിട്ട് പൊക്കോളാൻ അച്ഛൻ പറഞ്ഞു. പിന്നെ ലീവ് കിട്ടുമ്പോഴല്ലേ വരാൻ പറ്റൂ ന്ന്. അങ്ങനെ ദിവസങ്ങൾക്ക് ശേഷം വീണ്ടും നാട്ടിലേക്ക്. ഗീതുവിനോട് യാത്ര പറഞ്ഞ് അവളെ ടീച്ചറമ്മയുടെ കൈയിൽ ഏൽപ്പിച്ചു ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു. ഗീതു കൂടെയുള്ളപ്പോൾ ട്രെയിനിലാണ് പോകാറ്.

അല്ലാത്തപ്പോൾ ബസിലും. അല്ലെങ്കിൽ ചിലപ്പോൾ അച്ഛൻ വരും കൊണ്ടുപോകാൻ. ഇതിപ്പോ ഒറ്റയ്ക്കായത് കൊണ്ടു ബസിലാണ് യാത്ര. ഇവിടുന്ന് കയറിയാൽ നേരിട്ട് നാട്ടിലെ ടൗണിൽ ഇറങ്ങാൻ പറ്റുന്ന ബസുണ്ട്. അവിടേക്ക് ഒന്നുകിൽ അച്ഛൻ വരും അല്ലെങ്കിൽ പിന്നെ വീണ്ടും ഒരു ബസ് കൂടി. ഒരു പതിനഞ്ചു മിനിറ്റ് യാത്ര. അത്രേയുള്ളൂ. ഓഫീസിലേക്ക് പോകുന്നതിന് മുന്നേ ഗീതു എന്നെ ബസ് സ്റ്റോപ്പിലേക്ക് ആക്കിതന്നു. കുറച്ചു നേരം കാത്ത് ഇനിയും നിന്നാൽ ഓഫീസിലെത്താൻ വൈകുമെന്ന് പറഞ്ഞ് അവള് പോയി. എത്തിയാലുടൻ വിളിച്ചു പറയാനും പറഞ്ഞു. കുറച്ചു ദിവസത്തേക്കാണെങ്കിൽ കൂടി പിരിഞ്ഞിരിക്കാൻ രണ്ടാൾക്കും നല്ല വിഷമമുണ്ട്. ഞാൻ വരുന്നത് വരെ രാത്രി ടീച്ചറമ്മയുടെ കൂടെ പോയി കിടന്നോളാൻ പറഞ്ഞിട്ടൊക്കെ ണ്ട്. അവള് ഇവിടെ ഒറ്റയ്ക്കായത് കൊണ്ട് കൂടിയാണ് ഞാൻ ഗീതുവിന്റെ കൂടെ നിൽക്കുന്നതിൽ അച്ഛനും അമ്മയ്ക്കുമൊന്നും വലിയ പ്രശ്നമില്ലത്തത്.

ഗീതു പോയതും ആ വലിയ ബാഗും പിടിച്ച് സ്റ്റോപ്പിലെ ചെയറിൽ പോയിരുന്നു. ഇന്നെന്താ ഈ ബസ് വൈകുന്നേ ആവോ? അങ്ങനെയിരിക്കുമ്പോൾ അന്ന് ഗീതുവിനെ കാത്ത് ബസ് സ്റ്റോപ്പിൽ ഇരുന്നപ്പോൾ ആനന്ദേട്ടനെ കണ്ടത് ഓർമ വന്നു. ആ ഓർമ എന്നിലൊരു ചിരിയുണർത്തി. ഇടയ്ക്കിടെ വാച്ചിലെ സമയത്തിലേക്കും ബസ് വരുന്ന വഴിയിലേക്കും മാറി മാറി നോക്കിക്കൊണ്ട് ഇരിക്കുമ്പോളാണ് ഒരു അടിപൊളി ബ്ലാക്ക് കളർ കാർ ഞാനിരിക്കുന്നതിന് കുറച്ചു മാറി ഇടതുവശത്ത് വന്നുനിന്നത്. കാറിന്റെ ഗ്ലാസ്‌ കേറ്റിയിട്ടിരിക്കുകയായിരുന്നു. അതും ബ്ലാക്ക്ഗ്ലാസ്‌. അതുകൊണ്ട് അകത്ത് ആരാണെന്ന് കാണുന്നുമില്ല. ലേശം കൗതുകം കൂടുതലായത് കൊണ്ട് സാക്ഷാൽ ജിറാഫിനെ മനസ്സിൽ ധ്യാനിച്ച് പറ്റുന്ന പോലെ ഏന്തിവലിഞ്ഞു നോക്കാൻ തുടങ്ങി. പെട്ടന്ന് ഡ്രൈവർടെ സൈഡിലെ ഡോർ തുറന്ന് ആരോ ഇറങ്ങുന്നത് കണ്ടു. ഡ്രൈവിംഗ് സീറ്റ് അപ്പുറത്തെ സൈഡിലായത് കൊണ്ടും മറ്റു വാഹനങ്ങൾ വരുന്നുണ്ടോ ന്ന് നോക്കികൊണ്ട് അയ്യാൾ ഇറങ്ങുന്നത് കൊണ്ടും ആരാണെന്ന് ശെരിക്കും കണ്ടില്ല. ഒരു തല മാത്രമേ കാണാൻ പറ്റിയിരുന്നുള്ളൂ.

എന്നാൽ കാറിൽ നിന്നിറങ്ങി നടന്നുവരുന്ന ആളെ കണ്ട് ഞാൻ വാപൊളിച്ചിരുന്നു പോയി. ഇൻസൈഡ് ചെയ്ത ഷർട്ടും പാന്റും ധരിച്ചു എക്സിക്യൂട്ടീവ് ലുക്കിൽ മാത്രം കണ്ടിട്ടുള്ള ആള് ഇന്നിതാ പുതിയൊരു ഗെറ്റപ്പിൽ മുന്നിൽ നിൽക്കുന്നു. അലസമായി കിടക്കുന്ന ഷർട്ടും ജീൻസ് പാന്റുംമാണ് വേഷം. ഷർട്ട്‌ പോരാഞ്ഞിട്ടാണെന്ന് തോന്നുന്നു ഷിർട്ടിന്റെ അകത്തൊരു ടീഷർട്ടും ഇട്ടിട്ടുണ്ട്. മുഖത്തൊരു കിടിലൻ സൺ‌ഗ്ലാസ്സും. ഇങ്ങേർക്ക് ഇത്രേം ഗ്ലാമർ ഉണ്ടായിരുന്നോ ഭഗവാനെ? അല്ലാ… ഇങ്ങേരെന്താ ഇവിടെ ഈ സമയത്ത്…. അതും ഈ വേഷത്തിൽ…..ഞാനാലോചിച്ചു. ഏയ്‌…. ആനന്ദേട്ടൻ ഒരിക്കലും ഇങ്ങനെയൊരു കോലത്തിൽ വരില്ല…… ചാൻസ് കുറവാ. ആനന്ദേട്ടനെക്കുറിച്ച് തന്നെ ആലോചിച്ചിരുന്നത് കൊണ്ട് എനിക്ക് വെറുതെ തോന്നിയതാവും. ഏതായാലും തോന്നലല്ലേ. ആ ധൈര്യത്തിൽ ഞാൻ നല്ല അന്തസ്സായിട്ട് നേരെ നിന്ന് വായിനോക്കി. സങ്കല്പആനന്ദേട്ടൻ എന്നെ നോക്കി ചിരിക്കുന്നത് കണ്ടു.

ഞാനും നന്നായി ചിരിച്ചു കൊടുത്തു. കണ്ണിമ വെട്ടാതെ ഞാൻ ആനന്ദേട്ടനെ തന്നെ നോക്കിനിന്നു. ഇന്നാണ് ശെരിക്കും ഞാൻ ആനന്ദേട്ടനെ ശ്രദ്ധിച്ചത്. ചീകിയൊതുക്കിയ മുടി, ട്രിം ചെയ്ത് ഭംഗിയാക്കി വെച്ചിരിക്കുന്ന താടി. നീണ്ട മൂക്ക്, പരന്ന നെറ്റി, മുഖത്ത് സധാ ഗൗരവമെങ്കിലും പുഞ്ചിരിക്കാനറിയുന്ന കുസൃതിക്കണ്ണുകൾ, ചുവന്ന അധരങ്ങൾക്ക് സൗന്ദര്യം കൂട്ടാനെന്നവണ്ണം വെട്ടിയൊതുക്കിയ കട്ടിമീശ. മനസിലെ ആ വർണ്ണന ഓർത്ത് ഞാൻ തന്നെ അത്ഭുതപ്പെട്ടു. എനിക്ക് ഇങ്ങനെയൊക്കെ ഒരാളുടെ നിരീക്ഷിക്കാൻ അറിയുമോ ന്ന്. ശ്ശോ… എന്നെകൊണ്ട് ഞാൻ തോറ്റു. പെട്ടന്ന് കണ്ടു ആള് എന്റെ മുഖത്തിന് നേരെ വിരൽ ഞൊടിക്കുന്നത്. സങ്കല്പത്തിൽ വരുമ്പോ ഞാൻ വിചാരിക്കുന്ന പോലല്ലേ ചെയ്യണ്ടത്? ആനന്ദേട്ടനോട്‌ വിരൽ ഞൊടിക്കാൻ ഞാനിപ്പൊ പറഞ്ഞില്ലല്ലോ. ആനന്ദേട്ടനിൽ നിന്നും നോട്ടം മാറ്റി താടിയിൽ വിരലുകൊണ്ട് രണ്ടു തട്ടുംത്തട്ടി ആകാശത്തേക്ക് നോക്കി ഞാൻ ആലോചിച്ചു…..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 10

Share this story