ഒറ്റ മന്ദാരം: ഭാഗം 4

ഒറ്റ മന്ദാരം: ഭാഗം 4

എഴുത്തുകാരി: നിഹാരിക

ചെറിയ ഒരു സദ്യ … അതും കഴിഞ്ഞ് രാഹുകാലത്തിന് മുൻപ് നന്ദൻ്റെ വീട്ടിൽ ചെന്നു കയറണം…. ഇടക്കിടക്ക് അവളുടെ കണ്ണുകൾ നന്ദന് നേരെ നീണ്ടിരുന്നു.. പക്ഷെ മനപ്പൂർവ്വം അവളെ നോക്കാതെ നന്ദൻ മറ്റെങ്ങോ ശ്രദ്ധിച്ചു കൊണ്ടിരുന്നു…. കാറിലേക്ക് നന്ദനെ ആരെല്ലാമോ ചേർന്ന് എടുത്തു കയറ്റുമ്പോൾ അവളും ഒരു കൈ അവനിൽ ചേർത്ത് വച്ചിരുന്നു… ഒരു താങ്ങായി… അവളെ കൊണ്ടാവും വിധത്തിൽ … പക്ഷെ ഏറെ ദേഷ്യത്തോടെ നന്ദനത് തട്ടിത്തെറുപ്പിച്ചിരുന്നു… അത് കാണെ നിറഞ്ഞ മിഴിയാലെ അവൾ നോട്ടം മാറ്റിയപ്പോൾ കണ്ടു, യാത്ര ചൊല്ലി പറഞ്ഞയക്കാൻ വന്ന ഒരച്ഛൻ്റെ നിസഹായ മുഖം… എല്ലാം കണ്ട് ഉള്ളിലൊരു നീറലോടെ ആ അച്ഛൻ അവിടെ നിന്നിരുന്നു…. ചെറിയൊരു പുഞ്ചിരി കഷ്ടപ്പെട്ട് വരുത്തി അവൾ ആ നെഞ്ചിലേക്ക് ചാരി …

മകളേയും കൂട്ടിപ്പിടിച്ചയാൾ നിന്നപ്പോൾ മിഴികൾ അനുസരണക്കേട് കാട്ടിയിരുന്നു…. തൊട്ടു പുറകിലായി നിന്ന് സ്വരമില്ലാതെ കരയുന്ന അമ്മയെയും കൂടി അവൾ അവരിലേക്ക് ചേർത്തു :: ഇതു വരെ ഉണ്ടായിരുന്ന അവരുടെ ലോകം… മെല്ലെ ഒരു തലയാട്ടലിലൂടെ അവൾ യാത്ര പറയുമ്പോൾ, തന്നിലെ അനുഗ്രാഹം മുഴുവൻ ഒരു ചുംബനത്തിലൂടെ മകൾക്കായി പകർന്നിരുന്നു ആ അച്ഛൻ… ഒരു ചേർത്തു പിടിക്കലോടെ പറയാതെ പറഞ്ഞിരുന്നു ഇവിടെ ഞങ്ങളുണ്ട് നിനക്കായി എന്നും എന്ന് ആ അമ്മയും… മെല്ലെ കാറിൽ കയറുമ്പോൾ ജീവനായ ഒന്ന് നേടിയ സന്തോഷത്തിലും പ്രാണൻ പുറകിൽ വിട്ട് വരുന്ന നോവ് അവൾ അറിഞ്ഞിരുന്നു.. ഒരു പെണ്ണിന് മാത്രം കടന്നു പോകേണ്ട വഴികൾ…… മിഴി പൂട്ടി കാറിൻ്റെ സീറ്റിൽ ചരുമ്പോൾ ഉള്ളിലെ പിടച്ചിൽ മിഴികളിൽ കണ്ണുനീരായി ഇടം പിടിച്ചിരുന്നു… അവ ഇരു കവിളിലും തഴുകി ഇറങ്ങിയിരുന്നു ഒരു സാന്ത്വനമെന്നോണം… മിഴികൾ പുറത്തേക്ക് നീട്ടിയിരിക്കുന്നവൻ,

ഏങ്ങലിൻ്റെ ഏറ്റക്കുറച്ചിലിൽ അവളെടുക്കുന്ന നിശ്വാസങ്ങൾ കേട്ടെങ്കിലും അതൊന്നും തന്നെ ശ്രദ്ധിക്കാതെ ഇരുന്നു .. ഒരു നേർത്ത സ്പർശത്തിനു പോലും ചിലപ്പോൾ ഒരായിരം സാന്ത്വന വാക്കുകൾ ഏകാനാവും എന്നറിഞ്ഞും…… 🌹🌹🌹 ലക്ഷ്മി ടീച്ചർ തളികയിൽ അഷ്ടമംഗല്യവുമായി പടിക്കൽ തന്നെ നിന്നിരുന്നു.. തൻ്റെ മകൻ്റെ പെണ്ണിനെ ആനയിക്കാൻ… കാറിൽ നിന്നും താങ്ങിയിറക്കി നന്ദനെ വീൽചെയറിൽ ഇരുത്തുമ്പോൾ മെല്ലെ ആളുകളിലെ സഹ താപം അയാൾ നോക്കിക്കണ്ടിരുന്നു….. അതാവാം ആ തല പിന്നീട് മെല്ലെ കുനിഞ്ഞത്…. അതിനാലാവാം പ്രണയം വിടർന്ന ആ മുഖം അയാൾ അതിനിടയിൽ കാണാതെ പോയത്….. നന്ദൻ നേരത്തെ ചുവപ്പ് പടർത്തിയ സീമന്തരേഖയിലൂടെ ഒന്നൂടെ ലക്ഷ്മി ടീച്ചർ കുങ്കുമം ചാർത്തി…. അമ്മായി അമ്മയുടെ, അല്ല ഇനിമേൽ അമ്മയുടെ അവകാശം … ചെറിയനാണത്താൽ ചുവന്ന മുഖത്താലെ, അമ്മായിയുടെ കയ്യിലെ നിലവിളക്കവർ അവളുടെ കയ്യിലേകി….

ഇനിയീ വീടിൻ്റെ വിളക്ക് നീയാണെന്ന് ഓർമ്മിപ്പിച്ച്… അവൾ വലത് കാല് വച്ച് കേറി… മച്ചിൽ വിളക്ക് വച്ച് പര ദേവതയെ പ്രാർത്ഥിക്കാൻ പറഞ്ഞപ്പോൾ ആത്മാർത്ഥമായി തന്നെ ആ പെണ്ണ് നെഞ്ചുരുക്കി പരദേവതയോട് ചോദിച്ചിരുന്നു… ആ മനസിൽ ചെറുതെങ്കിൽ കൂടി തനിക്കൊരു സ്ഥാനം.. തിരിച്ചിറങ്ങിയപ്പോൾ ലക്ഷ്മി ടീച്ചർ … അവളുടെ ടീച്ചറമ്മ ഇറുകെ പുണർന്നിരുന്നു അവളെ …. ” ൻ്റെ നന്ദൻ്റെ പുണ്യം…… അതാ നീയ്യ്… എന്താ ഈ അമ്മ പകരം തരാ … കുട്ട്യേ…?? ഈ ജീവൻ മതിയോ? ഈ ജീവിതം മതിയോ.. എന്ത് തന്നാലാ ൻ്റെ നന്ദനെ ഇങ്ങനെ നീയ്യ് സ്നേഹിക്കണതിന് പകരാവാ???” ആ അമ്മയുടെ തോളിലേക്ക് ചാഞ്ഞ് അവളും പറഞ്ഞു ” ഒന്നും വേണ്ട അമ്മേ.. ന്നെ എല്ലാരും സ്നേഹിച്ചാ മാത്രം മതി എന്ന് ” മനം നിറഞ്ഞാ അമ്മ ദേവതയെ ഒന്ന് നോക്കി….. ഏറെ നാളെത്തെ തൻ്റെ കണ്ണീര് കണ്ടതിന്, ഇതിൽ കൂടുതൽ അനുഗ്രഹം അവർക്കി നി തരാനില്ലാത്തതിന് …

🌹🌹🌹 വന്നവരുടെ കുശലാന്വേഷണത്തിന് നിന്നു കൊടുക്കുമ്പോൾ എല്ലാവരും നന്ദനെ ചോദിച്ചിരുന്നു….. എല്ലാ തിരക്കിൽ നിന്നും ഒഴിവായി അയാൾക്കെത്തിപ്പെടാവുന്ന അയാളുടെ ലോകം ആ ട്യൂഷൻ ക്ലാസ് മുറിയിൽ അയാൾ ചെന്നിരുന്നിരുന്നു… അവിടെ മിഴി മൂടി പിടയുന്ന നെഞ്ചിലെ ഏറുന്ന ഹൃദയ താളത്തിൻ്റെ അകമ്പടിയിൽ ഓർമ്മകളെ എവിടേക്കൊക്കെയോ അലയാൻ വിട്ടിരുന്നു… ” നന്ദാ ” അച്ഛൻ്റെ സ്വരം കേട്ടതും മെല്ലെ മിഴികൾ തുറന്ന് അച്ഛനെ നോക്കി അവൻ…. “നേരം ഇരുട്ടീല്യേ കുട്ടിയേ….. ഇനീം വീട്ടിലേക്ക് പോരാറായില്ലേ??” തല ഒന്നുകൂടി താഴ്തിയതല്ലാതെ മറുപടിയില്ലായിരുന്നു … ” പാവല്ലേടാ ആ കുട്ടി നിന്നെ അത്രക്ക് ………” ദേഷ്യത്താലെ യുള്ള മകൻ്റെ നോട്ടത്തിൽ പറയാൻ വന്നത് പാതിയിൽ നിർത്തി ആ വൃദ്ധൻ… ” ഇത്രേം ആയി.. ബുദ്ധി ആവോളം നിനക്ക് ണ്ട്… ഇനി എല്ലാം നിൻ്റെ ഇഷ്ടം ….. കാലങ്ങളായി ഉള്ളിൽ തീയെരിച്ച് കഴിഞ്ഞ ഒരച്ഛനും അമ്മക്കും ഇന്നൊരു സാന്ത്വനാ ആ കുട്ടി … അതിനെ വിഷമിപ്പിച്ചാ………

ഹാ ഇനിയൊക്കെ നിൻ്റെ ഇഷ്ടം…” അത്രയും പറഞ്ഞ് നെഞ്ചിൽ പതിയെ തടവി നടന്നു പോകുന്ന ആ വൃദ്ധന് മുന്നത്തേക്കാൾ ക്ഷീണം ബാധിച്ച പോലെ നന്ദന് തോന്നി… ഒപ്പം പറയാതെ തന്നെ തൻ്റെ മനോവ്യഥ മനസിലാക്കിയതിലെ അത്ഭുതവും…. ലൈറ്റ് ഓഫ് ചെയ്ത് മെല്ലെ വീടിനു നേരെ വീൽ ചെയർ ചലിപ്പിക്കുമ്പോൾ ഉള്ളിലെ ഭാരം വീണ്ടും കൂടുന്ന പോലെ തോന്നി നന്ദന് 🌹🌹🌹 ഹാൾ കടന്ന് ഇടനാഴികയിലൂടെ വീൽചെയറിൽ മെല്ലെ നീങ്ങുമ്പോൾ കണ്ടിരുന്നു.. ജനൽ കമ്പി കളിൽ പിടിച്ച് ദൂരേക്ക് മിഴികളൂന്നി നിൽക്കുന്നവളെ….. പാവാടക്കാരി മുണ്ടും നേര്യതും ഉടുത്ത് വല്യ പെണ്ണായിരിക്കുന്നു… നെഞ്ചിൽ തൂങ്ങിയാടുന്ന ശംഖ് മാലയിൽ നന്ദൻ്റെ കണ്ണുകൾ ഉടക്കി…. നിള … ഇപ്പോൾ അവൾ ഒരു ഭാര്യയായിരിക്കുന്നു…. കാരപ്പറത്തെ നന്ദകിഷോറിൻ്റെ ഭാര്യ…. ഒന്നും സ്വപ്നമല്ല… ഇന്നവൾ തൻ്റെ ഭാര്യയാണ് … വാശിപ്പുറത്ത് അവൾ നേടിയെടുത്ത ഭാര്യാപദം …. പ്രായത്തിൻ്റെ വെറും വാശിപ്പുറത്ത്….

ഓർക്കും തോറും അയാൾക്ക് ഉള്ളിൽ വല്ലാത്ത ഒരു വികാരം നുരഞ്ഞ് പൊന്തി… വേഗം മുറിയിലേക്ക് നീങ്ങുമ്പോൾ അവൾ അവൻ്റ സാന്നിധ്യം അറിഞ്ഞെന്നോണം അയാളെ നോക്കി….. പ്രണയപൂർവ്വം… ഒരു കുസൃതിച്ചിരിയോടെ… മെല്ലെ പുറകേ അടിവെച്ച് അടി വെച്ചവ ളും ചെന്നു … ഇനി തങ്ങളുടേത് മാത്രമാവാൻ പോകുന്ന മുറിയിലേക്ക് … അവളുടെ പാതി അവകാശത്തോടെ …. മുറിയുടെ ഒരു മൂലയിൽ വീൽചെയർ നിർത്തി, ഇത്തിരി പ്രയാസപ്പെട്ട് അയാൾ അതിൽ നിന്നും താഴെ ഇറങ്ങിയിരുന്നു ….. മുട്ടുകുത്തി കട്ടിലിനടുത്തേക്ക് നീങ്ങുമ്പോൾ പുറകിൽ ശോഷിച്ച കാലുകൾ അനാവൃതമായിരുന്നു…. കട്ടിലിൽ കയറാനുള്ള സ്റ്റെപ്പ് പോലത്തെ മരക്കട്ട കട്ടിലിനടിയിൽ നിന്ന് അയാൾ തന്നെ നീക്കിയടുപ്പിച്ച് കട്ടിലിൽ കയറിപ്പറ്റിയപ്പോഴേക്ക് ആളാകെ ക്ഷീണിച്ചിരുന്നു .. എല്ലാം കണ്ട് നിൽക്കുന്ന നിളയെ ഓർത്ത്…. അയാളുടെ മനസും ക്ഷീണിച്ചിരുന്നു… തലയിണ കൂട്ടി വച്ച് അതിൽ തല ഉയർത്തി വച്ച് അയാൾ കിടന്നു…

കണ്ണിനു മുകളിൽ കൈവിലങ്ങനെ വച്ച് … തന്നെ ഒന്ന് നോക്കാത്തതിൽ പരിഗണിക്കാത്തതിൽ അവൾക്ക് വേദനിച്ചിരുന്നു…. കഴുത്തിലെ ശംഖ് താലി മുറുകെ പിടിച്ചവൾ മെല്ലെ നന്ദൻ്റെ ഓരം ചെന്നിരുന്നു.. “നന്ദേട്ടാ…. ” പരിഭവവും പിണക്കവുമെല്ലാം ഉണ്ടായിരുന്നു ആ വിളിയിൽ…. കേൾക്കാത്തത് പോലെ കിടക്കുന്നവൻ പിന്നെയും പെണ്ണിനെ നോവിച്ചു… ” ഒട്ടും ഇഷ്ടല്ലേ നന്ദേട്ടാ എന്നെ?? ഒന്ന് നോക്കാൻ കൂടി തോന്നാത്ത വിധം ദേഷ്യാ ന്നോട്..???” കണ്ണിനു മുകളിൽ നിന്ന് കൈയ്യെടുക്കാതെ തന്നെ അയാളുടെ സൗകര്യത്തിനായി തൂക്കിയിട്ടിരിക്കുന്ന സ്വിച്ചിൽ അമർത്തി ലൈറ്റ് ഓഫ് ചെയ്തു നന്ദൻ…. മുറിയിലാകെ ഇരുട്ടു പടർന്നു … ഒപ്പം മുന്നോട്ട് കാണാതെ ഒരു പെണ്ണിൻ മനസും …. ഓരം ചേർന്ന് കിടക്കുമ്പോൾ അവൾ അറിഞ്ഞിരുന്നു നന്ദനും അന്ന് ഒരു പോള കണ്ണടച്ചിട്ടില്ല എന്ന് …

🌹🌹🌹 രാവിലെ എണീറ്റ് കുളിച്ച് തിരികെ റൂമിലെത്തിയപ്പോൾ നന്ദൻ അവിടെയില്ലായിരുന്നു ….. വീൽ ചെയറും.. മെല്ലെ കണ്ണാടിയിൽ നോക്കി… കുളി കഴിഞ്ഞപ്പോൾ നെറുകയിലെ സിന്ദൂരം പാതിയിലധികം മാഞ്ഞ് പോയിരിക്കുന്നു.. വീണ്ടും അവളാ സീമന്തരേഖ ചുവപ്പിച്ചു… സിന്ദൂരം തൻ്റെ നെറുകയിൽ കിടക്കുന്നത് മതിവരാതെ പിന്നെം നോക്കി… താലിയിൽ കൊത്തിവച്ച തന്റെ പ്രാണൻ്റ പേരിലേക്ക് പ്രണയത്തോടെ നോക്കി.. മെല്ലെ യത് ചുണ്ടോട് ചേർത്തവൾ മിഴികൾ പൂട്ടി….. എല്ലാം കണ്ട് മുറിയിലേക്ക് കയറി വന്നിരുന്നു അവളുടെ നന്ദേട്ടൻ……(തുടരും)

ഒറ്റ മന്ദാരം: ഭാഗം 3

Share this story