ജനനി: ഭാഗം 36

ജനനി: ഭാഗം 36

എഴുത്തുകാരി: അനില സനൽ അനുരാധ

നീരവ് ജനനിയുടെ മുൻപിൽ ടേബിളിൽ ആയി വന്നിരുന്നു… താടി ഉഴിഞ്ഞു കൊണ്ട് അവളെ നോക്കി… “ഒന്നാമത്തെ കാര്യം…. ” നീരവ് പറഞ്ഞു തുടങ്ങിയതും കാബിന്റെ ഡോറിൽ ആരോ ശക്തമായി ചവിട്ടിയതും ജനനി ഞെട്ടലോടെ തിരിഞ്ഞു നോക്കി… പാഞ്ഞു വരുന്ന വിനോദിനെ അവൾ മിഴിച്ചു നോക്കി… അത്രയും ദേഷ്യത്തോടെ അവൾ ആദ്യമായി അവനെ കാണുകയായിരുന്നു… നീരവിനു എതിർക്കാൻ പോലും സമയം കൊടുക്കാതെ പാഞ്ഞു ചെന്ന് അവനെ കുനിച്ചു നിർത്തി ഒരു ഇടി കൊടുത്തു… “അവിടെ ഇട്ട് ഇടിക്കാതെടാ ദ്രോഹി…” വേദന കടിച്ചമർത്തി കൊണ്ട് നീരവ് പറഞ്ഞതും വിനോദ് ഒരു ഇടി കൂടെ വെച്ചു കൊടുത്തു…

“മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ എവിടെ പോയി കിടക്കുകയായിരുന്നെടാ കോപ്പെ !” വിനോദ് ശബ്ദം ഉയർത്തി… “പതിയെ ഇതു ഓഫീസ് ആണ്… ” പ്രയാസപ്പെട്ട് നിവർന്നു നിന്നു കൊണ്ട് നീരവ് പറഞ്ഞു… “മോനെ കുഞ്ഞാ…. എന്റെ ഇടി നിനക്ക് തലോടൽ ആയിരുന്നു എന്നെനിക്ക് അറിയാം… ഓവർ എക്സ്പ്രഷൻ വേണ്ട… ” വിനോദ് പറഞ്ഞു… നീരവിന്റെ ചുവന്നു വരുന്ന കണ്ണുകളും മുഖവും ജനനിയിൽ ആശങ്ക നിറച്ചു… “സാറിന് വേദനിച്ചെന്നു തോന്നുന്നു…” വിനോദിനോട്‌ പറയുമ്പോൾ ജനനിയുടെ ശബ്ദം ഇടറി… വിനോദ് ജനനിയെ മുഖം ചെരിച്ചു നോക്കി… “എനിക്ക് വേദനിച്ചെന്ന് നിന്നോട് ആരാ പറഞ്ഞത്… ഏഹ് ! വെറുതെ ഇവിടെ നിന്ന് സമയം കളയാതെ പോകാൻ നോക്ക്…”

നീരവ് അവളുടെ നേർക്ക് തിരിഞ്ഞു… “സർ കാരണം പറഞ്ഞില്ല…” “പറയാൻ എനിക്ക് സൗകര്യം ഇല്ല… നീ പോയി കേസ്‌ കൊടുക്ക്‌…” “എന്താ പ്രശ്നം കുഞ്ഞാ? ” എന്നു ചോദിച്ച് വിനോദ് നീരവിന്റെ അടുത്തേക്ക് നീങ്ങി നിന്നു. “ജനനിയുടെ സേവനം ഇനി ഇവിടെ വേണ്ട…. അത്ര തന്നെ… ” “അങ്ങനെ പറയാതെടാ .. ” എന്നു പറഞ്ഞ് വിനോദ് നീരവിന്റെ പുറത്ത് മെല്ലെ അടിച്ചത്… നീരവിന്റെ മുഖഭാവം മാറി… അവൻ വിനോദിന്റെ കൈ തട്ടിത്തെറിപ്പിച്ചു… “നിന്നോടല്ലേടാ തെണ്ടി അവിടെ ഇട്ട് തൊണ്ടരുത് എന്നു പറഞ്ഞത്… ” എന്നു പറഞ്ഞ് തൊട്ടടുത്ത് കിടന്ന ചെയറിൽ നീരവ് ഇരുന്നു.. ടേബിളിലേക്ക് വലതു കവിൾ ചേർത്തു വെച്ചു കിടന്നു… എന്തോ പന്തികേട് പോലെ തോന്നിയ വിനോദ് അവന്റെ പുറകിൽ വന്നു നിന്നു.. “എന്താ കുഞ്ഞാ? ” “ഒന്നും ഇല്ല. അവളെയും കൂട്ടി ഒന്നും പോയി തന്നാൽ മതി…

വിനോദ് അവന്റെ ഷർട്ടും ഉള്ളിൽ കിടന്ന ബനിയനും പതിയെ ഉയർത്താൻ നോക്കിയതും നീരവ് ഒന്നു അനങ്ങി… “കളിക്കാൻ നിൽക്കല്ലേ വിനൂ… ” നീരവ് താക്കീതോടെ പറഞ്ഞു… വിനോദ് അതു കാര്യമാക്കാതെ ഷർട്ടും ബനിയനും ഉയർത്തി… പുറത്തു നിറയെ ചുവന്ന പാടുകൾ തിണർത്തു കിടക്കുന്നുണ്ടായിരുന്നു… “ഇതെന്താടാ… ” വിനോദ് പരിഭ്രാന്തിയോടെ ചോദിച്ചപ്പോഴാണ് ജനനി അവന്റെ പുറത്തേക്കു നോക്കിയത്… ചുവന്ന പാടുകൾ തലങ്ങും വിലങ്ങും കിടക്കുന്നു… കൂടാതെ ബൂട്ട്സിന്റെ പാടും.. ജനനി നെഞ്ചത്തു കൈ വെച്ചു പോയി… അവൾ അവന്റെ തൊട്ട് പുറകിൽ വന്നു നിന്നു… അവളുടെ വിരലുകൾ അവനു നേർക്ക് നീളുന്നത് കാൺകെ വിനോദ് നീങ്ങി നിന്നു… അവളുടെ നിറഞ്ഞു വരുന്ന കണ്ണുകൾ കാൺകെ വിനോദിന്റെ ഉള്ളം ആർദ്രമായി…

അവൻ നീരവിന്റെ മുഖത്തേക്ക് നോക്കി… നീരവിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു… അവളുടെ വിരലുകൾ പുറത്ത് സ്പർശിച്ചതും നീരവിന്റെ മുഖം മാറുന്നതും അധരത്തിൽ പുഞ്ചിരി സ്ഥാനം പിടിക്കുന്നതും വിനോദിൽ ആനന്ദം നിറച്ചു… അവൻ പതിയെ അവിടെ നിന്നും പിൻവാങ്ങി… നീരവിന്റെ പുറത്തെ പാടുകളിലൂടെ ജനനിയുടെ വിരലുകൾ മൃദുവായി തഴുകി കടന്നു പോയി കൊണ്ടിരുന്നു… “ഹോസ്പിറ്റലിൽ പോകാം… ” അവൾ പറഞ്ഞതും അവൻ നിവർന്നിരുന്നു… അവൾ കൈകൾ പിൻവലിച്ചു കൊണ്ട് തിരിഞ്ഞു നോക്കി … വിനോദ് കാബിനിൽ ഇല്ലെന്ന് അവൾക്ക് അപ്പോഴാണ് മനസ്സിലായത്… “ഇതെങ്ങനെ പറ്റിയതാ? ” സ്വല്പം മടിയോടെ അവൾ തിരക്കി… “എന്റെ അളിയൻ ഒന്നു സ്നേഹിച്ചതാ… പെങ്ങളുടെ കല്യാണം ഭംഗിയാക്കി നടത്തി കൊടുത്തതിന്…

തീർന്നിട്ടില്ല ഇനിയുമുണ്ട്… ” എന്നു പറഞ്ഞ് അവൻ എഴുന്നേറ്റു… അവൾക്ക് അഭിമുഖമായി തിരിഞ്ഞു നിന്ന് ഷർട്ടിന്റെ രണ്ട് ബട്ടൺസ് അഴിച്ചു… അതിനു ശേഷം ഇന്നർ ബനിയൻ താഴേക്കു വലിച്ചു… അവന്റെ ഇടതു നെഞ്ചിൽ ഷൂ ഞെരിഞ്ഞ് അമർന്നതിന്റെ പാട് ചുവന്നു കിടക്കുന്നു… ജാനിയുടെ മിഴികൾ തുളുമ്പി പോയി… “നീ എന്നെ വേദനിപ്പിച്ച അത്രയൊന്നും ഇല്ല ഇതൊന്നും… അതുകൊണ്ട് അധികം അഭിനയം വേണ്ട… നീ ഏൽപ്പിച്ച മുറിവുകളിൽ നിന്നും ഇപ്പോഴും രക്തം ചിന്തുന്നുണ്ട്… അതു കാണാൻ കഴിയാത്തവൾക്ക് ഈ ചതഞ്ഞരഞ്ഞ പാടുകൾ കാണുമ്പോൾ എന്തു തോന്നാനാണ്.. ” എന്നു പറഞ്ഞ് നീരവ് ഷർട്ട്‌ നേരെ ഇട്ടു… ജനനി അവനിൽ നിന്നും നോട്ടം മാറ്റി… “നീ ഇവിടെ ജോലി ചെയ്യുന്നതു കൊണ്ട് എനിക്കൊരു കുഴപ്പവും ഇല്ല… തമ്മിൽ കാണുന്നത് രണ്ട് പേർക്കും ബുദ്ധിമുട്ട് ആയിരിക്കും…

അതു കൊണ്ട് മാത്രമാണ് വിനുവിന്റെ ഓഫീസിൽ ജോയിൻ ചെയ്തോളാൻ പറഞ്ഞത്… എന്തു വേണം? ” “ഹോസ്പിറ്റലിൽ പോകാം… ” “അവിടെ പോയിട്ട് തന്നെയാ ഇങ്ങോട്ട് വന്നത്… വിനു പുറത്തുണ്ടാകും… അവന്റെ കൂടെ പൊയ്ക്കോ…” അവൾ മുഖം ഉയർത്തി അവനെ നോക്കി… അവളുടെ കണ്ണുകൾ കൂർത്തു… “നിന്റെ ഏട്ടന്മാരുണ്ടല്ലോ അവിടെ… പൊയ്ക്കൂടെ? ” അവൾ മറുപടിയൊന്നും പറഞ്ഞില്ല… “ഇങ്ങനെ ഒന്നും നോക്കാതെ… എന്റെ ഹൃദയം ചിലപ്പോൾ നിന്നു പോകും… തല്ക്കാലം ഇവിടെ ഇരുന്നോ.. ഒരു ഡസ്ക് കൂടെ അവിടെ സെറ്റ് ചെയ്യാൻ ഏർപ്പാടാക്കാം…. ” ഡോറിൽ ഒന്നു മുട്ടിയ ശേഷം വിനോദ് അങ്ങോട്ട് വന്നു… “അളിയൻ ഹോസ്പിറ്റലിൽ ആണെന്ന്…

അപ്പച്ചി വിളിച്ചിരുന്നു ഇപ്പോൾ… ” “അതിന്? ” “നീനേച്ചി കരച്ചിൽ ആണെന്ന്… നീ വാ… നമുക്ക് അങ്ങോട്ട് ഒന്നു പോയിട്ട് വരാം… ” “നീ പോയിട്ട് വാ. ഞാൻ പോയി വന്നതാ… ” “എന്ത്?” “എടാ അങ്ങേരു ഹോസ്പിറ്റലിൽ കിടക്കുന്നത് കണ്ടിട്ട് തന്നെയാ ഞാൻ വന്നതെന്ന്… ” “നീ എങ്ങനെയാ അളിയൻ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞത്… ഇന്നലെ രാത്രി മുതൽ നീ എവിടെയായിരുന്നു… ” “ഞാൻ എങ്ങും പോയതല്ല… എന്നെ പിടിച്ചു കൊണ്ട് പോയല്ലേ? ” “ആര്… എന്തിന്? ” “പിടിച്ചു കൊണ്ടു പോയത് അളിയന്റെ ഗുണ്ടകൾ… അളിയൻ വരുന്നത് വരെ എന്നെ കെട്ടിയിട്ട് ചവിട്ടി കൂട്ടി… അളിയൻ വന്നപ്പോൾ അവരു പോയി… എന്നിട്ട് കെട്ടഴിച്ച ശേഷം എന്നെ ഒന്നു സ്നേഹിക്കാൻ നോക്കി… ഞാൻ തിരിച്ചും നന്നായി സ്നേഹിച്ചു…

വലതു കൈ ഒടിഞ്ഞിട്ടുണ്ട്… പിന്നെ നെറ്റിയിൽ നാലഞ്ചു സ്റ്റിച്ചും… അത്രയേയുള്ളു…” “എന്നിട്ട് നീ തന്നെയാണോ ഹോസ്പിറ്റലിൽ കൊണ്ടാക്കിയത്? ” “അതേ.. എന്റെ ഒരേ ഒരു അളിയൻ അല്ലേ…” “നീയാ ഇങ്ങനെ ചെയ്തതെന്ന് എല്ലാവരും അറിയില്ലേ?” “പറയരുത് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല… ഇനി പറഞ്ഞാലും എനിക്ക് കുഴപ്പമില്ല…” “നിനക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ… ആരതിയുടെയും ബാലുവിന്റെയും കല്യാണം നടത്തി കൊടുക്കാൻ ആണെങ്കിൽ ഈ വഴി മാത്രമേ ഉണ്ടായിരുന്നുള്ളു… വെറുതെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുൻപിൽ അപഹാസ്യനാകാൻ…” “വെറുതെ ആണെന്ന് ആരു പറഞ്ഞു… ഒന്നും വെറുതെ ആകില്ല മോനെ…” “നീ എന്താ വീട്ടിൽ പോകാതെ ഇങ്ങോട്ട് വന്നത്? ” “ഒന്നുമില്ല… ചെറിയൊരു പർച്ചേസ് നടത്തി…

ലോഡ്ജിൽ റൂം എടുത്ത് ഫ്രഷ്‌ ആയി ഇങ്ങോട്ട് പോന്നു…” “എന്തായാലും നീ പുറത്തേക്കു വാ… അപ്പച്ചി ആകെ സങ്കടത്തിലാണ്… ” “ആരെങ്കിലും വിളിച്ചാൽ കാൾ അറ്റൻഡ് ചെയ്തേക്ക്… എന്തിനാ വിളിച്ചതെന്ന് വ്യക്തമായി ചോദിച്ചു മനസ്സിലാക്കി നോട് ചെയ്ത് വെക്കണം… ” നീരവ് ജനനിയോട് പറഞ്ഞു… ജനനി തലയാട്ടി… “എന്നാൽ ശരി ജാനി… ” വിനോദ് പറഞ്ഞു… രണ്ടു പേരും പോയപ്പോൾ ജനനി ആലോചനയോടെ കസേരയിൽ ഇരുന്നു…. ** കാറിൽ പല്ല് ഞെരിച്ച് ദേഷ്യം കടിച്ചമർത്തി ഇരിക്കുന്ന ആരോമലിനെ ഡ്രൈവിംഗിനിടയിൽ റിയർവ്യൂ മിററിലൂടെ നീരവ് നോക്കി… രണ്ടു പേരുടെ കണ്ണുകൾ തമ്മിൽ ഉടക്കിയതും നീരവ് ചുണ്ടുകൾ കോട്ടി ചിരിച്ചു കാണിച്ചു… “എന്റെ മക്കൾക്ക് ദോഷ സമയം ആണെന്നാ തോന്നുന്നത്… ” സുമിത സങ്കടത്തോടെ പറഞ്ഞു… “അങ്ങനെ ഒന്നും ഇല്ല അപ്പച്ചി…

എനിക്ക് തോന്നുന്നത് മക്കളുടെ കയ്യിലിരുപ്പിന്റെ കുഴപ്പം ആണെന്നാ… ” കോഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് വിനോദ് പറഞ്ഞതും നീരവ് അവനോട് ഇളിച്ചു കാട്ടി… “ആ പെണ്ണിപ്പോഴും ഇവന്റെ ഓഫീസിൽ ഉണ്ടോ അമ്മേ? ” നീനയുടെ അരികിൽ ഇരിക്കുന്ന സുമിതയോട് ആരോമൽ തിരക്കി… “ഏതു പെണ്ണ്? ” “കുഞ്ഞൻ ഇന്നലെ കെട്ടണം എന്നു പറഞ്ഞ പെണ്ണ്… ” “അല്ല അളിയാ… അളിയന്റെ കൈ ആരോ തല്ലി ഒടിച്ചതാണെന്ന് ആ നേഴ്സ് എന്നോട് പറഞ്ഞല്ലോ… എന്നിട്ട് അർദ്ധരാത്രിയിൽ തന്നെ ആരാ അളിയനെ ഹോസ്പിറ്റലിൽ ആക്കിയത്? ” വിനോദ് തിരക്കി… “എന്റെ കൈ തല്ലി ഒടിച്ചതൊന്നും അല്ല…” “അല്ലെങ്കിൽ തന്നെ അളിയന്റെ കൈ തല്ലി ഒടിക്കാൻ ആർക്കാ ധൈര്യം ഉണ്ടാകുക… ആ നഴ്സ് തെറ്റി പറഞ്ഞതാകും അല്ലേ കുഞ്ഞാ?” വിനോദ് തിരക്കി… “ആയിരിക്കും…

അളിയാ ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി… ഞാൻ ശരിയാക്കിക്കോളാം… ” “ഹ്മ്മ് .. ” ആരോമൽ ഒന്ന് അമർത്തി മൂളി … ആരോമലിനെയും നീനയേയും വീട്ടിലാക്കി തിരികെ വരുമ്പോൾ സുമിത നീരവിന്റെ കൂടെ ബാക്ക് സീറ്റിൽ ഇരുന്നു… വിനോദ് ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്… “ജാനിയുടെ കാര്യത്തിൽ ഇനി എന്താ മോനെ തീരുമാനം? ” “അവൾ പറഞ്ഞത് അമ്മ കേട്ടതല്ലേ… അവളുടെ മനസ്സ് മാറുന്നത് വരെ ഇങ്ങനെ പോകട്ടെ… ” “അമ്മ അവളോട് സംസാരിക്കാം…” “വേണ്ട അമ്മേ… അവൾക്ക് തോന്നട്ടെ എന്നെ വേണമെന്ന്…” “അങ്ങനെ തോന്നിയില്ലെങ്കിലോ? ” “കാത്തിരിക്കും… എത്ര കാലം വേണമെങ്കിലും കാത്തിരിക്കും… ” എന്നു പറഞ്ഞ് നീരവ് അമ്മയുടെ തോളിലേക്ക് ചാഞ്ഞു… . ***

ജനനി ഓഫീസിൽ നിന്നും വീട്ടിൽ എത്തുമ്പോൾ ഗേറ്റിനു അരികിൽ കാത്തു നിൽക്കുന്ന ജയേഷിനെയാണ് കണ്ടത്… സ്കൂട്ടി സൈഡ് ആക്കി നിർത്തി… അവൾ വണ്ടിയിൽ നിന്നും ഇറങ്ങി… ഗേറ്റ് തുറന്നു… അതിന് ശേഷം ഏട്ടനെ നോക്കി… ജയേഷ് അവളുടെ അരികിലേക്ക് വന്നു… അവൾ അവനെ ഒന്നു നോക്കിയ ശേഷം മുൻപോട്ടു നടന്നു… പുറകെ ജയേഷും… വീടിന്റെ പേര് ജനനിയാണെന്ന് കാൺകെ ജയേഷിന്റെ മുഖം മങ്ങി… ഉമ്മറത്തു കയറിയ ശേഷം ജനനി തിരിഞ്ഞു നോക്കി… “ഏട്ടൻ ഇരിക്കൂ… ” അവൾ പറഞ്ഞപ്പോൾ അവൻ തിണ്ണയിലായി ഇരുന്നു… “ഞാൻ ജാനി മുൻപ് താമസിച്ചിരുന്ന വീട്ടിൽ പോയിരുന്നു…

പിന്നെ അമ്മയെ വിളിച്ച് അഞ്ജലിയുടെ നമ്പറിൽ ചോദിച്ചിട്ടൊക്കെയാ ഇങ്ങോട്ട് വന്നത്… ” “ഹ്മ്മ്… ” “ഏട്ടന് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…” “ഇങ്ങനെ ഒരു അനിയത്തിയുള്ള കാര്യം ഏട്ടൻ ഓർക്കാറുണ്ടായിരുന്നോ? ” “ഏട്ടന് തെറ്റുപറ്റിപ്പോയി… മോള് ഏട്ടന്റെ കൂടെ വരണം…” …….. “വരുമോ മോളെ? ” “അവൾ വരില്ല…” പുറകിൽ നിന്നും അലർച്ചയോടെ ഒഴുകി വന്ന ശബ്ദം ജയേഷിന്റെ കാതുകളിൽ വന്നു തറഞ്ഞു …….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 35

Share this story