മധുരനൊമ്പരം…..🍒🍒 : ഭാഗം 13

മധുരനൊമ്പരം…..🍒🍒 : ഭാഗം 13

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാവിലെ എല്ലാത്തിനും ഒരു പ്രത്യേക താളമുണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു…… രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കുളിച്ച് മുടി വിടർത്തി ഇട്ടു….. നില കണ്ണാടിയിൽ നോക്കി ഒരു ചുവന്ന പൊട്ടുതൊട്ടു……. കടും റോസ് നിറത്തിലുള്ള ചുരിദാറിൽ ആകാശ നീല നിറത്തിൽ ഇടകലർന്ന ബോഡർ ഉള്ള ഒരു ചുരിദാറ് അണിഞ്ഞു…… മെയ്യും മനസ്സും അണിഞ്ഞൊരുങ്ങാൻ വെമ്പൽ കൊള്ളുകയാണ്…… ആരെയോ കാണാൻ ആഗ്രഹിക്കുന്നത് പോലെ…..!! ആരുടെയോ സാന്നിധ്യം അറിയാൻ കൊതിക്കുന്നത് പോലെ…….. പെട്ടെന്ന് തന്നെ കണ്ണിൽ നിറയെ മഷി പടർത്തി…… ഭംഗി ആയി ഒരുങ്ങിയ ശേഷം ഉമ്മറത്തേക്ക് ഒരു ഓട്ടം ആയിരുന്നു……. ആൾ എന്നും സ്കൂളിലേക്ക് പോകുന്ന സമയം ആയി എന്ന് അവൾക്ക് അറിയാമായിരുന്നു……

ഉമ്മറ കോലായിലേക്ക് ചെന്ന് കുറെ നേരം കാത്തിരുന്നിട്ടും പ്രതീക്ഷിച്ച ആളെ മാത്രം കണ്ടില്ല……. സമയം വല്ലാതെ ഇഴഞ്ഞു നീങ്ങുന്നതായി അവൾക്ക് തോന്നിയിരുന്നു…… കുറേ സമയങ്ങൾക്ക് ശേഷം ഉച്ചത്തിലുള്ള ശ്രീദേവിയുടെ സംസാരമാണ് അവളെ യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്…… “നീ ഇന്ന് കോളേജിൽ ഒന്നും പോകുന്നില്ലേ അനു…. കുറെ നേരമായല്ലോ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്…. “സോഫി വന്നില്ലല്ലോ….. വരുമെന്നു പറഞ്ഞിരുന്നു…… “അയ്യോ….! അത് വിചാരിച്ച് നിൽക്കുന്നതെങ്കിൽ ഞാൻ നിന്നോട് പറയാൻ മറന്നു പോയി….. സോഫി വിളിച്ചിട്ടുണ്ടായിരുന്നു…… ഇന്നലത്തെ യാത്ര കൊണ്ട് അവൾ ആകെ ക്ഷീണിച്ചു അത്രേ…..

അതുകൊണ്ട് അവൾ ഇന്ന് കോളേജിൽ വരുന്നില്ലെന്ന് നിന്നോട് പറയണം എന്ന്…… അത്‌ പറഞ്ഞു അമ്മ അകത്തേക്ക് കയറി പോകുമ്പോഴും നിരാശയോടെ കണ്ണുകൾ ആ വഴിയിലേക്ക് പോവുകയായിരുന്നു……. ഒരുപക്ഷേ ഇന്നലത്തെ ക്ഷീണം കൊണ്ടായിരിക്കും ആൾ വരാത്തതെന്ന് അവൾക്കും തോന്നിയിരുന്നു…….. സോഫി കൂടി കോളേജിലേക്ക് വരുന്നില്ല എന്ന് പറഞ്ഞതോടെ കോളേജിലേക്ക് പോകാനും അനുവിനു ഒരല്പം മടി തോന്നിത്തുടങ്ങിയിരുന്നു……. അവൾ നേരെ അച്ഛൻറെ അടുക്കലേക്ക് ചെന്നു…… “അച്ഛാ സോഫി ഇന്ന് കോളേജിലേക്ക് വരുന്നില്ലന്ന്……. അവൾ കൂടി ഇല്ലാതെ ഒറ്റയ്ക്ക് പോകാൻ എനിക്ക് എന്തോ ഒരു മടി…….. മാത്രമല്ല ഇന്നലത്തെ യാത്രയുടെ ക്ഷീണം എനിക്കുമുണ്ട്……

അച്ഛൻറെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ ഒരു കള്ളച്ചിരിയോടെ അച്ഛൻ എന്നെ തന്നെ നോക്കി…… ശേഷം നെറുകയിൽ ഒന്ന് തലോടി അതിനുശേഷം പറഞ്ഞു…. ” എങ്കിൽ ഇന്ന് മോള് പോകണ്ട കുറച്ചുനേരം പോയി കിടന്നോ….. ഇന്നലെ നല്ല യാത്ര ക്ഷീണം ഉണ്ടാകും….. ആ വാക്കുകൾ കാത്തിരുന്നത് പോലെ നേരെ മുറിയിലേക്ക് ഓടി…… സത്യത്തിൽ മനസിന്‌ ആയിരുന്നു ക്ഷീണം…… എങ്കിലും ആൾ എവിടെ പോയതാണ് എന്ന ചിന്ത മനസ്സിനെ അലട്ടികൊണ്ടിരുന്നു……… ഇത്രയും നാൾ തോന്നാത്തത് പോലെ ആ സാമിപ്യം കൊതിക്കുന്ന ഒരു ഹൃദയം ഇപ്പോൾ തന്റെ ഉള്ളിലുണ്ട് എന്ന് അവൾക്ക് അറിയാമായിരുന്നു…….. പെട്ടെന്നാണ് പത്മാഅമ്മായിയുടെ വീട്ടിൽ ആണല്ലോ ആള് താമസിക്കുന്നത് എന്ന് ഓർമ്മ വന്നത്…….

ചെറിയമ്മയുടെ വീട്ടിലേക്ക് പോവുകയാണെങ്കിൽ അമ്മായിയുടെ വീട് കാണാൻ പറ്റും…….. കുറച്ചകലെ നിന്നാണെങ്കിലും ആള് അവിടെ ഉണ്ടോ എന്ന് അറിയാൻ സാധിക്കും…….. എന്തെങ്കിലും കാരണം ഉണ്ടാക്കി ചെറിയമ്മയുടെ വീട്ടിലേക്ക് പോകണം എന്ന് അവൾ തീരുമാനിച്ചു…… അവസാനം അടുക്കളയിൽ ചെന്ന് അമ്മയുടെ അരികിലായി നിന്നു…….. അവിടെ ചെന്ന് നിന്നാൽ മാത്രമേ അവിടേക്ക് പോകാൻ ഉള്ള എന്തെങ്കിലും അവസരം ലഭിക്കുകയുള്ളൂ എന്ന് അനുരാധയ്ക്ക് അറിയാമായിരുന്നു……. അമ്മ അവിയലിന് ഉള്ള കഷണങ്ങൾ നുറുക്കുന്ന തിരക്കിലാണ്……. അരികിൽ ചെന്ന് നിന്ന് അമ്മയോട് എന്തൊക്കെയോ വർത്തമാനം പറഞ്ഞു………… അതിനെല്ലാം അമ്മ മറുപടിയും പറയുന്നുണ്ട്……..

അവസാനം അമ്മയുടെ മനസ്സ് അറിയാൻ വേണ്ടി ഒന്ന് ചോദിച്ചു “ഞാൻ ഇന്നലെ അവിടെ പോയിട്ട് വന്നിട്ട് പിള്ളേർക്ക് ഒന്നും വാങ്ങിയില്ലല്ലോ അമ്മ….. ചെറിയമ്മ എന്ത് കരുതിയിട്ടുണ്ടാകും…… ” നീ അതിന് ഗൾഫിൽ ഒന്നും പോയത് അല്ലല്ലോ……… ഒരു പരിപാടിക്ക് വേണ്ടി പാടാൻ പോയതല്ലേ……… അതൊക്കെ അവർക്ക് അറിയാം…… എൻറെ മോള് സ്വന്തമായിട്ട് ജോലിയൊക്കെ വാങ്ങി എവിടേലും പോയി തിരികെ നാട്ടിലേക്ക് വരുന്ന ശേഷം കുട്ടികൾക്ക് ആവശ്യമുള്ളതൊക്കെ മേടിച്ചു കൊടുത്താൽ മതി…… ആഹ്…..!! നീയത് പറഞ്ഞപ്പോഴാ ഓർത്തത് ഇന്നലെ ഒരു കൊല വെട്ടി അച്ഛൻ ഇവിടെ വെച്ചിട്ടുണ്ടായിരുന്നു….. കുറച്ച് അപ്പുറത്ത് കൊടുക്കണം എന്ന് വിചാരിച്ചിട്ട് എനിക്ക് ഇതുവരെ അതിനു സമയം കിട്ടിയില്ല………

അനന്ദു വരട്ടെന്ന് കരുതി….. നാട് നന്നാക്കി നന്നാക്കി അവനെ ഒന്ന് വീട്ടിൽ കാണാത്ത അവസ്ഥ ആയി……! ഒരു ആവശ്യത്തിന് നോക്കിയാൽ ചെക്കനെ കാണില്ല……. സാധാരണ ഓരോ വീട്ടിലെ ആമ്പിള്ളേർ ആണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്…….!! ഇവിടെ ആ ചെക്കനെ മഷി ഇട്ട നോക്കിയാൽ പോലും നമുക്ക് കാണാൻ കിട്ടില്ല……. എന്തൊരു കഷ്ടമാണ് ഈശ്വരാ……! നട്ടപ്പാതിരക്ക് എപ്പോഴെങ്കിലും കയറിവരും, ഉറങ്ങാൻ ഒരു സ്ഥലം അങ്ങനെ മാത്രമേ ഈ വീടിനെ അവൻ ഇതുവരെ കണ്ടിട്ടുള്ളൂ……. അമ്മ എണ്ണി പറക്കി പതം പറയാൻ തുടങ്ങിയിരുന്നു…… ഇത് നോണ്സ്റ്റോപ് ആണെന്ന് എനിക്ക് അറിയാമായിരുന്നു…… ” അനന്തുവേട്ടൻ വന്നിട്ടുണ്ടോ അമ്മേ……

അമ്മയുടെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ ആ മുഖത്ത് അമർഷവും ദേഷ്യവും എല്ലാം നിറഞ്ഞിരുന്നു….. ” ഇന്നലെ പാതിരാത്രിക്ക് എപ്പോഴോ വന്നു കയറി കിടപ്പുണ്ട്…… നല്ല ഉറക്കം…..!! എന്നെ വിളിക്കേണ്ട ഞാൻ ഉണർന്നോളം എന്ന് പറഞ്ഞിട്ട് കിടന്നത്….. “ഏത്തപ്പഴം എങ്ങനെയെങ്കിലും ചെറിയമ്മയുടെ വീട്ടിൽ കൊണ്ടു കൊടുക്കണം, അത്രയല്ലേ ഉള്ളൂ…… അതിനല്ലേ എൻറെ ചേട്ടനെ അമ്മ ഇങ്ങനെ കുറ്റം പറയുന്നത്…..!! ഒരു കാര്യം മനസ്സിലാക്കണം നാലാളറിയുന്ന ഒരു രാഷ്ട്രീയ നേതാവാണ് നമ്മുടെ ഏട്ടൻ….. അമ്മ ഇങ്ങനെ ഒരു സാധാരണ ഏത്തപ്പഴത്തിന്റെ പ്രശ്നത്തിൽ ഏട്ടന് ഉപമിക്കരുത്…… നാളെ മന്ത്രിയൊ എംഎൽഎയൊ ഒക്കെ ആകണ്ടേ ഒരാളാണ്……. പെട്ടന്ന് എവിടെ നിന്നോ ഒക്കെ അനുവിന് സഹോദരസ്നേഹം മുളപൊട്ടി ……

അതിന്റെ പിന്നിലെ ലക്ഷ്യം ശ്രീദേവി അറിഞ്ഞില്ല പക്ഷെ……!! “നീ അല്ലെങ്കിലും നിന്റെ ആങ്ങളെയെ സപ്പോർട്ട് ചെയ്തലേ സംസാരിക്കുകയുള്ളൂ……. ” ഈ ഏത്തപ്പഴം ഞാൻ കൊണ്ടുപോയി ചെറിയച്ഛൻറെ വീട്ടിൽ കൊടുത്തോളാം പോരേ…..!! വലിയ കാര്യം പോലെ അമ്മയുടെ മുഖത്തേക്ക് നോക്കി അവൾ അത് പറഞ്ഞപ്പോൾ അവളുടെ ഉള്ളിലുണ്ടായിരുന്ന ഗൂഢലക്ഷ്യം അമ്മ അറിയാതിരിക്കാൻ പണി പെടുകയായിരുന്നു അവൾ…… ” എങ്കിൽ നീ അതൊന്നു കൊണ്ട് കൊടുക്ക്…… നിനക്കെങ്കിലും കുടുംബത്തോടെ സ്നേഹം ഉണ്ടല്ലോ….. അമ്മ എൻറെ കുടുംബസ്നേഹം വാഴ്ത്തുമ്പോൾ ഞാൻ എൻറെ മനസ്സിലുള്ള ലക്ഷ്യം എന്താണെന്ന് അമ്മ അറിയാതിരിക്കാൻ പണി പെടുകയായിരുന്നു…… ഒടുവിൽ ഒരു കവറിൽ ഏത്തക്ക ആയും ചെറിയച്ഛന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ യാത്രയിൽ എപ്പോഴെങ്കിലും പ്രതീക്ഷിച്ച് മുഖമൊന്ന് കണ്മുന്നിൽ എത്തണം എന്നായിരുന്നു പ്രാർത്ഥന……..

അവസാനം ചെറിയച്ഛന്റെ വീടിനു മുൻപിൽ എത്തിയപ്പോൾ തന്നെ അപ്പുറത്തെ വീട്ടിലേക്ക് ഒന്നു നോക്കിയിരുന്നു……. വാതിൽ അടഞ്ഞു കിടക്കുകയാണ് അവിടെ ഇല്ല എന്ന് തോന്നിയിരുന്നു…….. ആളെക്കുറിച്ച് ചെറിയമ്മയോട് ചോദിച്ചാലോ എന്നുപോലും ചിന്തിച്ചു പോയിരുന്നു…… പിന്നെ അത് വേണ്ട എന്ന് തീരുമാനിച്ചു…… അഥവാ ചെറിയ എന്തെങ്കിലും സംശയം തോന്നിയാലോ എന്ന് ഭയന്ന് ആ ശ്രമം അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു……. എങ്കിലും ആൾ എവിടെയായിരിക്കും എന്ന് ഒരുപാട് നോക്കിയിരുന്നു……. എന്നെ കണ്ടപ്പോഴേക്കും ചെറിയമ്മ ഇറങ്ങി വന്നിരുന്നു…..

“നീ ഇന്നലെ ഒരുപാട് താമസിച്ചു അല്ലേ…….!! ചേട്ടൻ നിന്നെ കൂട്ടാൻ വന്നിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ……. ” ഒരുപാട് താമസിച്ചു പോയിരുന്നു ചെറിയമ്മേ……! ഇന്നലെ വന്നു കഴിഞ്ഞിട്ട് ക്ഷീണമായിരുന്നു……. അന്നേരം തന്നെ ഉറങ്ങിപ്പോയി…… പിന്നെ അങ്ങോട്ട് പോയപ്പോൾ ഞാൻ ഛർദ്ദിച്ച് ഒരു പരുവമായി……. വിശേഷങ്ങളൊക്കെ ചെറിയമ്മയൊടെ പറയുന്നതിനിടയിൽ ആണ് പ്രതീക്ഷിച്ച വാർത്ത അപ്രതീക്ഷിതമായി ചെറിയമ്മ പറയുന്നത്….. “ആതിരമോളുടെ സർ നിങ്ങളുടെ ട്രൂപ്പിൽ അല്ലേ….. അപ്പുറത്തെ വീട്ടിലെ സാർ…. അയാളും ഇന്നലെ വന്നില്ല…… എനിക്ക് തോന്നുന്നു പള്ളിയിൽ അച്ഛൻറെ കൂടെ കിടന്നതാണ് എന്ന്…… ആ പള്ളിയിലെ അച്ഛൻറെ ആണ് എന്ന് തോന്നുന്നു മിക്കപ്പോഴും ഫാദർ ഇവിടെ വരാറുണ്ട്…… അപ്പോൾ ആൾ ഇന്നലെ ബെഞ്ചമിൻ ഫാദറിനൊപ്പം കിടന്നതാണ്…….

ഇവിടേക്ക് വന്നിട്ടില്ല……. തൻറെ മനസ്സിൽ നീണ്ടുനിൽക്കുന്ന സംശയത്തിനുള്ള ഒരു ഉത്തരം ലഭിച്ച സമാധാനം അനുവിന്റെ മുഖത്ത് അപ്പോൾ തെളിഞ്ഞിരുന്നു……. അപ്പോഴും അവൾ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു….. ഇനി എങ്ങനെയാണ് ആളിനെ കാണാൻ സാധിക്കുന്നത് എന്നായിരുന്നു അവളുടെ മനസ്സിൽ നിറയെ…….. അവസാനം അതിനും ഒരു വഴി കണ്ടു പിടിച്ചിരുന്നു…… വൈകുന്നേരം ലൈബ്രറിയിൽ പോകാനായി അച്ഛനോട് അനുവാദം വാങ്ങി പള്ളിയിലേക്ക് പോകാൻ അവൾ തീരുമാനിച്ചിരുന്നു…… എന്താണെങ്കിലും അവിടെ ഉണ്ടാവാതിരിക്കില്ല……! എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അരികിൽ വന്ന് കുറച്ചുനേരം സംസാരിച്ചിട്ടെ പോകാറുള്ളൂ എന്ന് പണ്ടെപ്പോഴോ പറഞ്ഞത് അവൾ ഓർത്തിരുന്നു…….

അവസാനം അങ്ങനെ ഒരു തീരുമാനത്തിൽ തന്നെ അവൾ എത്തിയിരുന്നു…… വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോൾ സമയം ഏകദേശം പതിനൊന്നരയോടെ അടുത്തിരുന്നു….. വീട്ടിലേക്ക് ചെന്നപ്പോൾ രാവിലത്തെ ആഹാരം ഇരുന്ന് കഴിക്കുന്ന തിരക്കിലാണ് അനന്തുവേട്ടൻ….. അത്‌ കണ്ടപ്പോൾ അവൾക്ക് ചിരി വന്നിരുന്നു……. അവന്റെ അരികിലേക്ക് ചെന്നു ഇരുന്നു ആപ്പിൾ എടുത്തു മുറിച്ചുകൊണ്ട് അവൾ ചോദിച്ചു….. ” അല്ല ചേട്ടാ ഈ നാട് നന്നാക്കുന്നതിന് ഏട്ടന് കാശ് വല്ലതും കിട്ടുന്നുണ്ടോ…….? “കാശിനു വേണ്ടി ആയിരുന്നു ഞാൻ ഇതൊക്കെ ചെയ്യുന്നത് എങ്കിൽ ഞാനിപ്പോൾ കോടീശ്വരനായനെ……. അതൊന്നുമല്ല എൻറെ ലക്ഷ്യം….. ” അല്ല ഏട്ടൻ ഒരാൾ വിചാരിച്ചാൽ നമ്മുടെ നാട് നന്നാവുമൊ….? ”

നിന്നെപ്പോലെ എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ ഒരിക്കലും നമ്മുടെ നാട് നന്നാവാൻ പോകുന്നില്ല…… എന്നെ പോലെ ചിന്തിക്കുന്ന ഒരു പത്ത് പേരെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ സുഖമായിട്ട് നമ്മുടെ നാട് നന്നാവും……. അതിനിടയിൽ നിന്റെ അച്ഛനെ പോലുള്ള ബൂർഷകൾ കയറാതെ ഇരുന്നാൽ മതി……. ” നീ തന്നെ ഇത് പറയണമേടാ……. നിൻറെ അച്ഛൻ ചെലവിൽ ഇവിടെ ജീവിച്ചുകൊണ്ട് തന്നെ നിൻറെ അച്ഛനെ കുറിച്ച് ഇങ്ങനെ തന്നെ പറയണം……. പിന്നിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്ന് ചിരി അമർത്തി പിടിച്ചിരുന്നു….. ഏട്ടൻ പെട്ടെന്ന് ഗൗരവത്തിൽ ആയി…. ” ആരു പറഞ്ഞു അമ്മയോട് ഞാൻ ഇവിടെ അച്ഛൻറെ ചെലവിലാണ് ജീവിക്കുന്നത് എന്ന്……..

ഞാൻ സ്വന്തമായി അധ്വാനിച്ചാണ് ഈ വീട്ടിൽ കഴിയുന്നത്….. ” നീ എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ അനന്തു……. സ്വന്തമായി അധ്വാനിച്ച കണക്ക് പറയാൻ വന്നിരിക്കുന്നു…… രണ്ടുമൂന്ന് വർഷം അല്ലേ ആയിട്ടുള്ളു നീ സ്വന്തമായി അധ്വാനിക്കാൻ തുടങ്ങിയിട്ട്……. അപ്പോഴേക്കും പറയാൻ തുടങ്ങിയിരിക്കുന്നു…… ഇവിടെ ആ മനുഷ്യൻ നിന്നെ ഓർത്ത് എന്തോരം വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് മാത്രമേ അറിയൂ…… അമ്മ പെട്ടെന്ന് ഉത്തരവാദിത്വമുള്ള ഭാര്യയായി മാറിയിരുന്നു….. ” കണ്ടോ ഇതാ ഞാൻ പറഞ്ഞത് ഈ വീട്ടിൽ എൻറെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും എനിക്കില്ല……!! ചിരിയോടെ ഏട്ടൻ അത് പറഞ്ഞപ്പോൾ അമ്മയും ഏട്ടനും കൂടി അടുത്ത വാതത്തിനുള്ള തുടക്കമാണെന്ന് മനസ്സിലാക്കിയ ഞാൻ പതിയെ മുറിയിലേക്ക് പിൻവാങ്ങി…..

കഴിഞ്ഞുപോയ നല്ല നിമിഷങ്ങൾ ഒക്കെ ഓർത്ത് മെല്ലെ നിദ്ര പുൽകാൻ ആയി തുടങ്ങി….. ഉറക്കം ഒക്കെ കഴിഞ്ഞു എഴുന്നേറ്റ് ഭക്ഷണം എല്ലാം കഴിച്ചതിനുശേഷം അമ്മയുടെ പെർമിഷൻ വാങ്ങി ലൈബ്രറിയിലേക്ക് എന്നും പറഞ്ഞു പുറപ്പെട്ടു…….. നടക്കുമ്പോൾ കാലുകളുടെ വേഗത കൂടുന്നുണ്ടോ എന്ന് അവൾക്ക് സംശയം തോന്നിയിരുന്നു…… പള്ളിയുടെ താഴെയുള്ള കപ്പേളയിൽ കയറി മാതാവിൻറെ രൂപത്തിൽ മുൻപിൽ ഒന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു…… പള്ളിയിലേക്ക് നടക്കുന്ന നിമിഷങ്ങളിലെല്ലാം മനസ്സിൽ ഒരുപാട് ചോദ്യങ്ങളും അവയ്ക്ക് ഉത്തരമില്ലാത്ത കുറേ മറു ചോദ്യങ്ങളും നിൽക്കുന്നുണ്ടായിരുന്നു….. തമ്മിൽ ഇഷ്ടത്തിൽ ആയി ഇനി അതിൻറെ ഭാവി എന്തായിരിക്കുമെന്ന് ആയിരുന്നു ആ നിമിഷം അവൾ ചിന്തിച്ചത്……

ജാതി വേറെയാണ്……. ആളെക്കുറിച്ച് ഒന്നും തനിക്ക് അറിയുകപോലുമില്ല….. എതിർപ്പുകൾ മാത്രമേ എല്ലാ വശത്തുനിന്നും ഉണ്ടാവുകയുള്ളൂ….. പക്ഷേ ഹൃദയത്തിൽ പതിഞ്ഞുപോയ മുഖമാണ്……!! അതും ഒരിക്കലും മായ്ക്കാൻ കഴിയാതെ പതിഞ്ഞുപോയ മുഖം…… തൽക്കാലം മറ്റു ചിന്തകൾക്ക് ഒന്നും തൻറെ മനസ്സിൽ സ്ഥാനമില്ലെന്നും ഇപ്പോൾ തൻറെ മനസ്സിൽ തന്റെ പ്രണയത്തിന് മാത്രമേ സ്ഥാനമുള്ളൂ എന്നും ഒക്കെ ഒരല്പം സ്വാർത്ഥതയോടെ അനു മനസ്സിലാക്കുകയായിരുന്നു…… അപ്പോഴും രാധ എന്നുള്ള ആർദ്രമായ വിളി മാത്രമായിരുന്നു മനസ്സിൽ അവശേഷിച്ചിരുന്നത്……. പള്ളിയിലേക്ക് കയറിച്ചെന്ന് ഫാദറിനെ കണ്ട് കുറച്ച് നേരം സംസാരിച്ചു…….. അപ്പോഴെല്ലാം കണ്ണുകൾ ആർത്തിയോടെ പരത്തിയത് പ്രതീക്ഷിച്ച മുഖം ആയിരുന്നു……

പക്ഷേ ആ മുഖം മാത്രം കണ്ണുകളിൽ തെളിഞ്ഞിരുന്നില്ല…… അവസാനം ആൾ എവിടെയെന്ന് ആരോടും ചോദിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു……. പിന്നീട് ഫാദറിനോട് പറഞ്ഞു ലൈബ്രറിയിലേക്ക് നടക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…… ഇത്രയൊക്കെ നേരമായിട്ടും ആളെ ഒന്ന് കാണാൻ കഴിയാത്തതിനാൽ ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു……. ലൈബ്രറിയിലേക്ക് കയറാൻ തുടങ്ങിയതും പെട്ടെന്നാണ് ഒരു കൈ തന്നെ വലിച്ചടുപ്പിച്ച് നെഞ്ചിലേക്ക് ചേർത്തത്…… ഒരു നിമിഷം ഒന്ന് ഭയന്നെങ്കിലും ആ ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആ ഭയം മാറി തൻറെ മുഖം കുങ്കുമ ചുവപ്പിൽ തിളങ്ങി തുടങ്ങിയിരുന്നു……..!!(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 12

Share this story