ഒറ്റ മന്ദാരം: ഭാഗം 5

ഒറ്റ മന്ദാരം: ഭാഗം 5

എഴുത്തുകാരി: നിഹാരിക

താലിയിൽ കൊത്തിവച്ച തന്റെ പ്രാണൻ്റ പേരിലേക്ക് പ്രണയത്തോടെ നോക്കി.. മെല്ലെ യത് ചുണ്ടോട് ചേർത്തവൾ മിഴികൾ പൂട്ടി….. എല്ലാം കണ്ട് മുറിയിലേക്ക് കയറി വന്നിരുന്നു അവളുടെ നന്ദേട്ടൻ… “ഭ്രാന്ത്… മറ്റുള്ളോരെ കാണിക്കാൻ ഉള്ള വെറും ഭ്രാന്ത്….. ” എന്ന് അവൾ മാത്രം കേൾക്കാൻ പാകത്തിൽ പിറുപിറുത്ത് പുറത്തേക്കിറങ്ങി നന്ദൻ … തന്നെ മനസിലാക്കാത്തതിൽ തൻ്റെ വേദനയറിയാത്തതിൽ മനം നൊന്ത് അവൾ ആ കട്ടിലിലേക്കിരുന്നു തലയിലെ മരവിപ്പ് മാറും വരെ… നിഴലിനോട് പടവെട്ടി ജയിച്ച് ഒടുവിൽ താൻ ഒന്നും നേടിയിട്ടില്ല എന്ന് തിരിച്ചറിയുന്ന ഒരു യോദ്ധാവിനെ പോലെ തോന്നി അവൾക്ക് സ്വയം….. 🌹🌹🌹

മുഖമൊന്ന് അമർത്തിത്തുടച്ച് അടുക്കളയിൽ എത്തി നിള… ഉണങ്ങല്ലരി പൊടിച്ചതിൽ ശർക്കര ഉരുക്കി ഒഴിച്ച് കൊപ്രത്തേങ്ങ നുറുക്കി ഇടുന്നുണ്ടായിരുന്നു അവർ… “ഇതെന്താ ടീച്ചറമ്മേ? നല്ല മണം ണ്ട് ട്ടോ ” “അല്ല മോളിപ്പോ എന്താ വിളിച്ചേ? അതേ ൻ്റെ നന്ദൻ്റെ ഭാര്യ ന്നെ അമ്മേ ന്ന് വിളിച്ചില്ലെങ്കിലേ ചെവി ഞാൻ പൊന്നാക്കും ട്ടോ..” “””നന്ദൻ്റെ ഭാര്യ “”” കേൾക്കുമ്പോൾ ഒരു മഞ്ഞു വീണ സുഖം ഉണ്ടെങ്കിലും… ഒരു നോവു കൂടി അതിനൊപ്പം തന്നിൽ പടരുന്നത് അവൾ അറിഞ്ഞു, ചിന്തകളെ പാടേ മാറ്റി ചിരിച്ച് ഒരു കഷണം കൊപ്രത്തേങ്ങ എടുത്ത് കടിച്ചു.. “ഹാ! വെറും വയറ്റിലാ കുട്ട്യേ കഴിക്കണേ ഫ്ലാസ്കില് ശർക്കരക്കാപ്പിണ്ട്..

അമ്മ എടുത്ത് തരണോ?” നന്ദേട്ടന് കാപ്പി ശർക്കര ഇട്ടതാ ഇഷ്ടം എന്ന് ഓർത്തു നിള …. “ഞാൻ എടുത്തോളാ ൻ്റ് ടീച്ചറേ…. ഇത് എന്താ പരിപാടി ന്ന് പറഞ്ഞില്ല ട്ടോ… ” ” മറന്നോ അപ്പോ, പ്രിയപ്പെട്ട കൂട്ടുകാരിയുടെയും സ്വന്തം ഏട്ടൻ്റെയും കല്യാണത്തിന് വരാൻ ടിക്കറ്റ് കിട്ടാണ്ട് അതിന് തൊട്ടടുത്ത ദിവസത്തേക്ക് ടിക്കറ്റ് കിട്ടിയ ആളെ ….?” “ചിഞ്ചു … ” “ആ അത് തന്നെ ഉണ്ണിയപ്പ കൊതിച്ചി…. അന്നിവിടെ നിക്കുമ്പോ ഇടക്കിടക്ക് എന്നേ കൊണ്ട് ഉണ്ടാക്കിപ്പിക്കും അവള് …. ഒപ്പം ഒരു പൊതി നിള മോൾക്ക് ആദ്യേ മാറ്റി വക്കേം ചെയ്യും.. രണ്ടാൾക്കു് കൂടി ഉണ്ടാക്ക്വാ അമ്മ…” ചിഞ്ചുനെ പറ്റി ഓർത്ത് ഇത്തിരി നേരം കൂടെ അവിടെ നിന്നു..

“നന്ദന് കാപ്പി കൊടുത്തില്യ കുട്ട്യേ… ഒന്ന് കൊണ്ട് കൊടുക്കു… ” കാപ്പി ഗ്ലാസിലേക്ക് പകരുമ്പോൾ നന്ദൻ്റെ മുഖം ഉള്ളിൽ തെളിഞ്ഞതും കൈ ഒന്ന് വിറച്ചു… ചുടുള്ള കാപ്പി ഇത്തിരി കയ്യിൽ വീണു… “സ്.സ്….” ചൂടിനാൽ എരിവ് വലിച്ചതും “അയ്യോ എന്താ മോളേ ” എന്നും പറഞ്ഞ് വന്നിരുന്നു ആ അമ്മ.. ” ഒന്നുല്യ അമ്മേ ” എന്ന് പറഞ്ഞ് ആ കാപ്പിയുമായി ഉമ്മറത്തേക്ക് പോകുമ്പോൾ ഉള്ളിൽ ആധിവന്ന് നിറയുന്നതവൾ അറിയുന്നുണ്ടായിരുന്നു, 🌹🌹🌹 ഒന്ന് കുടഞ്ഞ് പേപ്പറിലെ ചുളിവ് നിവർത്തി മറ്റെങ്ങും ശ്രദ്ധിക്കാതെ വായിക്കുന്നവനെ ഒന്ന് നോക്കി… അടുത്ത് ചെന്ന് “നന്ദേട്ടാ…..” എന്ന് വിളിച്ചതും ആ കണ്ണുകൾ മാത്രം തൻ്റെ നേരെ നീണ്ടു … പെട്ടെന്ന് തന്നെ തിരികെ യും … ”

കാപ്പി ദാ…” എന്ന് പറഞ്ഞതും “അമ്മേ…… കാപ്പി ” എന്ന് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു നന്ദൻ :… “ൻ്റേല് തന്ന് വിട്ടത് അമ്മ തന്ന്യാ… വെറുതേ അമ്മേ വിഷമിപ്പിക്കണ്ടാ ട്ടോ പാവല്ലേ? ” എന്ന് പറഞ് ആ ഗ്ലാസ് അടുത്ത് കണ്ട ടീപ്പോയിൽ വച്ച് അവൾ തിരികെ നടന്നു…. ഉള്ളിൽ അവഗണയുടെ തീക്ഷ്ണ ചൂടിൽ പൊട്ടിപ്പുറത്തേക്കൊഴുകാനായി ഒരഗ്നി പർവ്വതം പുകയുന്നുണ്ടെങ്കിൽ കൂടി.. അതവളെ അത്രമേൽ പൊള്ളിക്കുന്നുണ്ടെങ്കിൽ കൂടി … 🌹🌹🌹 മുറ്റത്ത് നിന്ന് തെങ്ങിൻ ചൂല് നിലത്ത് തൂക്കുമ്പോഴുള്ള പര പര ശബ്ദം കേട്ട് മെല്ലെ അങ്ങോട്ട് ചെന്നു നിള…. ടീച്ചറമ്മ നന്ദൻ്റെയും മാഷിൻ്റെയും കൂടെ ഇരുന്ന് വർത്തമാനത്തിലാണ്, തന്നെ കൂടെ അച്ഛൻ വിളിച്ചെങ്കിലും മനപ്പൂർവ്വം ചെല്ലാത്തതാണ് …..

കാരണം ഓരോ തവണയും ആ ഒരാളുടെ ചെറിയ അവഗണനകൾ പോലും ഉള്ളിൽ എന്തുമാത്രം നീറ്റലാണ് ഉണ്ടാക്കുന്നതെന്നോ?…’ ” ആ … പുത്യണ്ണ് രാവിലെന്നെ കുളിച്ച് സുന്ദരിയായോ?” മുറ്റമടിക്കുന്നതിനിടയിൽ നിവർന്ന് നിന്ന് ചൂല് കെ വെള്ളയിൽ രണ്ട് തട്ട് തട്ടി രമ ചേച്ചി ചോദിച്ചു… ” ഉം ” നേർത്ത ചിരിയോടെ ഒന്ന് മൂളി … “ന്താ കുട്ട്യേ ആകെപ്പാടെ വല്ലാണ്ട്?? ഇന്നലത്തെ ക്ഷീണാ??” എല്ലാ പല്ലും പുറത്ത് കാട്ടി ആകെ ഒന്നുഴിഞ്ഞ് നോക്കി അവര് ചോദിച്ചു…. ചോദ്യത്തിലെ മുള്ള് അവൾ തിരിച്ചറിഞ്ഞിരുന്നു… പുഴയിലെ അലക്കൽ മഹാമഹത്തിൽ കൂട്ടക്കാരികളോട് പറയാനുള്ള വിഷയമായി … ഒന്ന് നാണിച്ച് ചിരിച്ച് അവൾ അകത്തേക്ക് കയറി… അർത്ഥം വച്ചൊന്ന് മൂളി വീണ്ടും മുറ്റത്ത് കളം വരക്കാൻ തുടങ്ങി ര മ …. ഏറെ മോഹിച്ച… കൊതിച്ച ജീവിതം… ഈ വീട്ടിൽ മരുമകളായി, ഇപ്പോ ഇത് തന്നെ ശ്വാസം മുട്ടിക്കുന്നു… ആ ഒരാളുടെ അവഗണന .. അത് ഒന്ന് കൊണ്ട് മാത്രം… 🌹🌹🌹

ചായ കഴിഞ്ഞ് നന്ദൻ വീണ്ടും തൻ്റെ ലോകത്തേക്ക് ചേക്കേറി…. ഏതോ ഒരു പുസ്തകം കയ്യിലെടുത്ത് അതിലേക് ആഴ്ന്നിറങ്ങി … നിള അവിടെയെത്തിയിരുന്നു .. ആദ്യമായി താൻ കണ്ടത് പോലെ തന്നെ പുറം തിരിഞ്ഞ് ഇരിക്കുന്നുണ്ട് നന്ദൻ ….. അന്ന് ഈ ഉള്ളിൽ കുടിയേറിയതാണ് ഈയൊരാൾ, അന്നു മുതൽ അന്നു മുതൽ ഉണ്ട് ഉള്ളിൽ പ്രാണവായു പോലെ കൂടെ… അവൾ മെല്ലെ ഇത്തിരി കൂടെ അടുത്തേക്ക് നീങ്ങി….. ” നന്ദേട്ടാ ” ഇഷ്ടാവില്ല എന്നറിഞ്ഞും വിളിച്ചു അവൾ, ശക്തിയിൽ പുസ്തകം അടച്ച് എതിർ വശത്തേക്ക് മുഖം തിരിച്ചു നന്ദൻ… “ന്നോട് ദേഷ്യന്നറിയാം….. തെറ്റിപ്പോയി നിളക്ക്.. അവളുടെ നന്ദേട്ടനെ അളക്കണതിൽ…. എൻ്റെ ഇഷ്ടം മാത്രേ ഞാൻ നോക്കീ ള്ളൂ…. നന്ദേട്ടൻ്റെ മനസ് കാണാൻ ശ്രമിച്ചില്ല… ” ഒരു പൊട്ടിക്കരച്ചിൽ അവളുടെ തൊണ്ടയിൽ ചിറകു നീർത്താനാവാതെ പിടഞ്ഞു….

വാക്കുകളെ തടഞ്ഞു….. ശ്വാസം വലിച്ചെടുത്ത് അവൾ തുടർന്നു ….. ” നന്ദേട്ടനെ നഷ്ടപ്പെട്ടാ പിന്നെ നിളയില്ല നന്ദേട്ടാ അതാ ഞാൻ…. ന്നെ… ന്നെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ലേ ൻ്റെ നന്ദേട്ടന്?? ഞാൻ… ഞാൻ ശല്യാവണുണ്ടോ ൻ്റ നന്ദേട്ടന്??” പൊട്ടി പോയിരുന്നു അവൾ….. കരച്ചിലിനിടയിൽ കേട്ടിരുന്നു, “എന്നെയൊന്ന് വെറുതേ വീടൂ ….” എന്ന് നന്ദൻ കൈകൂപ്പി യാചിക്കുന്നത്,… തിരികെ ഓടി പോരുമ്പോൾ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചിരുന്നു നിളക്ക്…. ഇരുമിഴികളിലും അനുസരണയില്ലാതെ വന്ന കണ്ണീര് നന്ദൻ ആരും കാണാതെ തുടച്ചു നീക്കി…. 🌹🌹🌹

വൈകുന്നേരത്തോടെ എത്തി ചിഞ്ചു ….. എല്ലാരും അവളെ സ്വീകരിക്കാൻ ഉമ്മറത്ത് തന്നെ നിന്നിരുന്നു… ടീച്ചറും… മാഷും ….. നന്ദനും… ഇത്തിരി മാറി ഒരു ശല്യമാവാതെ വാതുക്കൽ പതുങ്ങി അവളും ……. വന്ന് കേറിയതും വല്യമ്മയെ കെട്ടിപ്പിടിച്ചു ചിഞ്ചു … മാഷിന്നെയും നന്ദനേയും കൈ വീശി കാണിച്ചു, ചുറ്റും തിരഞ്ഞ് ചോദിച്ചു “എവടെ മ്മടെ നിള നന്ദകിഷോർ ” വാതിൽക്കൽ നിൽക്കുന്നവളെ കൈപിടിച്ച് വലിച്ച് നന്ദൻ ഇരിക്കുന്നതിനടുത്ത് കൊണ്ട് നിർത്തി….. ” എന്നാ ചേർച്ചയാ ല്ലേ ൻ്റെ ലക്ഷ്മി ടീച്ചറേ ” എന്ന് ഒരു കണ്ണടച്ച് കയ്യിൽ മുദ്രയും പിടിച്ച് ചോദിച്ചപ്പോൾ ” കണ്ണ് വക്കല്ലേ ടി ൻ്റെ കുഞ്ഞുങ്ങളെ ” എന്ന് തിരിച്ചും ടീച്ചർ കളിയായി പറഞ്ഞിരുന്നു… “ടീ…. നിന്നെ ഇനി ഞാൻ എടത്തിയമ്മേ എന്ന് വിളിക്കണോ?”

എന്ന്, നന്ദൻ്റെ അടുത്ത് നിന്ന് ഞെളിപിരി കൊള്ളുന്നവളെ നോക്കി ചോദിച്ചു ചിഞ്ചു ” … ആ പെണ്ണിൻ്റെ കണ്ണുകളപ്പോൾ മെല്ലെ നന്ദന് നേരെ നീണ്ടിരുന്നു.. തല താഴ്ത്തി ഇരിക്കുന്നത് കണ്ട് …. അവളും തലതാഴ്തി…. “ബാ…. ചോയ്ക്കട്ടെ ” എന്നും പറഞ്ഞ് അവളെയും കൂട്ടി ചിഞ്ചു അകത്തേക്ക് പോയപ്പോൾ എന്തിനോ നന്ദൻ്റെ മിഴികൾ അവരുടെ പുറകേ നീണ്ടു ………(തുടരും)

ഒറ്റ മന്ദാരം: ഭാഗം 4

Share this story