ജനനി: ഭാഗം 37

ജനനി: ഭാഗം 37

എഴുത്തുകാരി: അനില സനൽ അനുരാധ

“അവൾ വരില്ല…” പുറകിൽ നിന്നും അലർച്ചയോടെ ഒഴുകി വന്ന ശബ്ദം ജയേഷിന്റെ കാതുകളിൽ വന്നു തറഞ്ഞു … ജയേഷ് എഴുന്നേറ്റു തിരിഞ്ഞു നോക്കി… ആര്യനും അവന്റെ പുറകിലായി വിഷ്ണുവും നിൽക്കുന്നുണ്ടായിരുന്നു… വിഷ്‌ണുവല്ല പറഞ്ഞതെന്ന് ജയേഷിന് ഉറപ്പായിരുന്നു… “എന്റെ അനിയത്തി എന്റെ കൂടെ വരില്ലെന്ന് പറയാൻ നീ ആരാ? ” ജയേഷ് ആര്യനോട്‌ തിരക്കി… “ഞാൻ ആരായാലും നിനക്ക് എന്താ… നിന്റെ ചോദ്യത്തിനു ഉത്തരം കിട്ടിയല്ലോ.. പോകാൻ നോക്ക് … ” “നീ പോടാ.” എന്നു പറഞ്ഞ ശേഷം ജയേഷ് ജനനിയുടെ നേർക്ക് തിരിഞ്ഞു… “ജാനി… അമ്മയൊന്നു വീണു…” “അയ്യോ ! എന്നിട്ട്? ” “കാൽ ഒടിഞ്ഞു… നീ കുറച്ചു ദിവസം അവിടെ വന്നു നിൽക്കണം…

അമ്മയ്ക്ക് നിന്നെ കാണണം എന്ന്… ” “ഓഹ് ! നല്ല അമ്മ… മകളെ കാണണം എന്നു തോന്നൽ ഉണ്ടാകാൻ കാല് ഒടിയേണ്ടി വന്നല്ലോ…” ആര്യന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു… വിഷ്ണു അവന്റെ കയ്യിൽ പിടിച്ചു… കണ്ണുകൾ കൊണ്ട് അരുതെന്ന് വിലക്കി… ഇരുവരും ഉമ്മറത്തേക്ക് കയറി… “ജാനി… ജയന് ചായ കൊടുത്തോ? ” വിഷ്ണു തിരക്കി… “ഇല്ല… ഏട്ടാ…” “ഞാൻ നിന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല… എന്റെ അനിയത്തിയെ കൊണ്ടു പോകാൻ വന്നതാണ്… ” വിഷ്ണുവിനോട് ജയേഷ് നീരസത്തോടെ പറഞ്ഞു… “മര്യാദയ്ക്ക് സംസാരിക്കാൻ ആണെങ്കിൽ ഇവിടെ വെച്ചു സംസാരിക്കാം… അല്ലെങ്കിൽ എടുത്തു ഗേറ്റിനു പുറത്തേക്ക് ആക്കും ഞാൻ …” ആര്യൻ പറഞ്ഞു… “നീ ആരാടാ എന്നോട് പറയാൻ… ജാനി… പോയി എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ അതും എടുത്തോണ്ട് വാ… ”

“കാവ്യയുടെ കല്യാണത്തിന് എന്നെ ഇതു പോലെ കൂട്ടി കൊണ്ടു പോകാൻ ഏട്ടൻ എന്താ വരാഞ്ഞത്? ” ജനനി തിരക്കി… “നിന്നെ ക്ഷണിച്ചിരുന്നല്ലോ… ” “കല്യാണത്തിന് എന്നെ കാണാഞ്ഞിട്ടും ഞാൻ എന്താ വരാഞ്ഞത് എന്നു തിരക്കി വരാഞ്ഞതെന്തേ… കല്യാണം കഴിഞ്ഞു പോയ അനിയത്തി പോലും ഒന്നും കാണാൻ വന്നില്ല… ” “കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിയും മുൻപേ അവർ ബാംഗ്ലൂർ പോയി…. അവിടെ ഒരു കമ്പനിയിൽ അവൾ ജോലിക്ക് കയറി… അതാകും…” “ഹ്മ്മ്… അമ്മ വീണില്ലായിരുന്നു എങ്കിൽ ഏട്ടൻ ഇന്ന് ഇങ്ങോട്ട് വരുമായിരുന്നോ… അമ്മയ്ക്ക് വയ്യ എന്നു കേൾക്കുമ്പോൾ എനിക്ക് സങ്കടം തന്നെയാണ്.. പക്ഷേ ഈ ഇരിക്കുന്ന വിഷ്ണുവേട്ടന്റെ ഓപ്പറേഷൻ കഴിഞ്ഞു ഡിസ്ചാർജ് ആകും മുൻപേ ഏട്ടൻ വിളിച്ചപ്പോൾ പോകാൻ തയ്യാറായതാണ് അമ്മ…

ഞാൻ അങ്ങോട്ട് താമസിക്കാൻ വരില്ല ഏട്ടാ…” “അമ്മയേക്കാൾ വലുതാണോ ഇവൻ നിനക്ക്? ” “നമ്മുടെ ഏട്ടനാണ് അത്… അച്ഛന്റെ ആദ്യത്തെ മകൻ … ആ ബഹുമാനമെങ്കിലും കൊടുത്തു കൂടെ ജയേട്ടാ… ” “ഇങ്ങനെ ഒരു ഏട്ടൻ എനിക്ക് ഇല്ല…” ജനനി വിഷ്ണുവിന്റെ അരികിലേക്ക് നിന്നു… “പോകണോ? ” വിഷ്ണു തിരക്കി… “അമ്മയെ ഇങ്ങോട്ട് കൊണ്ടു വന്നോട്ടെ? ” “ജാനിയുടെ ഇഷ്ടം… ഞാൻ എതിരു നിൽക്കില്ല…. ” വിഷ്ണു പറയുന്നത് ആര്യനിൽ ദേഷ്യം നിറയുന്നുണ്ടായിരുന്നു… ജനനി ജയേഷിനെ നോക്കി… “ജയേട്ടാ… ഇതു വിഷ്ണുവേട്ടന്റെ വീടാണ്… ഇവിടെ വന്നു നിൽക്കാൻ അമ്മയ്ക്ക് വിരോധം ഇല്ലെങ്കിൽ അമ്മയെ ഇങ്ങോട്ട് കൊണ്ടു വന്നോളൂ… ഞാൻ അമ്മയെ നോക്കിക്കോളാം…

അമ്മയ്ക്ക് ഇങ്ങോട്ട് വരാൻ സമ്മതം ആണെങ്കിൽ ഏട്ടൻ കൂട്ടി കൊണ്ടു വരണം എന്നു നിർബന്ധം ഇല്ല. എന്നെ ഒന്നു അറിയിച്ചാൽ മതി… കൂട്ടി കൊണ്ട് വന്നോളാം… അല്ലെങ്കിൽ അമ്മയുടെ കാൽ സുഖം ആകുന്നതു വരെ എനിക്കും അമ്മയ്ക്കും താമസിക്കാൻ മറ്റൊരു വീട് ഏട്ടൻ എടുത്തു തരണം… ” “അതൊന്നും ശരിയാകില്ല… റെന്റ് ആര് കൊടുക്കും… ” “ഏട്ടൻ കൊടുക്കണം… ” “അങ്ങനെ ചിലവാക്കാൻ പണം ഉണ്ടെങ്കിൽ ഞാൻ ഇങ്ങോട്ട് വരുമായിരുന്നോ… ഒരു ഹോം നഴ്സിനെ വീട്ടിൽ നിർത്തിയാൽ മതിയായിരുന്നല്ലോ… ” “ഓഹ്! അപ്പോൾ ഹോം നഴ്സിനു കൊടുക്കാൻ പണം ഇല്ലാത്തതു കൊണ്ടു മാത്രം തേടി വന്നതാണല്ലേ… സന്തോഷമായി… ഏട്ടൻ ഹോം നഴ്സിനെ നോക്കിക്കോളൂ…

അവർക്ക് കൊടുക്കാനുള്ള പണം ഞാൻ അയച്ചു തന്നോളാം… ” എന്നു പറഞ്ഞ് അവൾ അകത്തേക്ക് പോയി… ജയേഷ് മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ പോകാൻ തയ്യാറായി… “നാണം ഉണ്ടോടോ അവളെ തേടി വരാൻ… ” ജയേഷ് ഒന്നും പറയാതെ പടികൾ ഇറങ്ങാൻ തുടങ്ങി… “ജയാ … ” വിഷ്ണു പിറകിൽ നിന്നും വിളിച്ചു…. ജയേഷ് തിരിഞ്ഞു നോക്കി… “അവളിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ച് ഇല്ലാത്ത സ്നേഹം കാണിച്ചു വരാനാണെങ്കിൽ ഇനി ഈ പടി കടന്ന് ഇങ്ങോട്ട് വരരുത്… അവളെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല… ” ജയേഷ് മറുപടി ഒന്നും പറയാതെ ഇറങ്ങി നടന്നു… ഗേറ്റ് വലിയ ശബ്ദത്തോടെ വലിച്ചടച്ചു… “വല്ലാത്ത ജന്മം തന്നെ… നീ എന്തിനാ അവന്റെ അമ്മയെ ഇവിടെ താമസിപ്പിക്കാം എന്നു പറഞ്ഞത്… ”

“അത് അവന്റെ മാത്രം അമ്മയല്ല… എന്റെ ജാനിയെ പ്രസവിച്ചതും അവർ തന്നെയല്ലേ…” “നിന്റെ കണ്ണുനീരിന്റെ കാരണക്കാരിയും ആ സ്ത്രീ തന്നെയായിരുന്നു… അച്ഛൻ ഉണ്ടായിട്ടും അച്ഛൻ ഇല്ലാതെ വളരുന്നതിന് കാരണക്കാരി ആയവർ… ചെറ്യമ്മയുടെ ജീവിതം തകർത്ത സ്ത്രീ… ” “അവരെ എന്തിനു കുറ്റം പറയണം… എറ്റവും വലിയ തെറ്റു ചെയ്തത് അച്ഛൻ ആയിരുന്നില്ലേ… ഭാര്യയും കുഞ്ഞും ഉള്ളപ്പോൾ മറ്റൊരുവളെ തേടി പോയി… ഒരുപാട് വേദന അനുഭവിച്ചല്ലേടാ നമ്മൾ ഒക്കെ വളർന്നു വലുതായി വന്നത്… ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിരുന്നു… അച്ഛൻ… അമ്മ എന്റെ കാൽ പാദം… ആത്മാർത്ഥമായി സ്നേഹിച്ചവൾ… അങ്ങനെ പലതും… എന്നിട്ടും കാലം എന്നെ സ്നേഹിക്കാനും എനിക്കു സ്നേഹിക്കാനും പ്രിയപ്പെട്ടവരെ തന്നില്ലേ…

എന്റെ ആര്യനും എന്റെ ജാനിയും… അതുമതിയെടാ എനിക്ക് ഈ ജന്മം…” “അവൾ കല്യാണം കഴിഞ്ഞാൽ അങ്ങു പോകും… പിന്നെ ഞാൻ മാത്രമേ കാണൂ…” “കല്യാണം കഴിഞ്ഞാലും ഞാൻ അവളുടെ ഏട്ടൻ അല്ലാതാകില്ലല്ലോ… സങ്കടം വരുമ്പോൾ എന്റെ നെഞ്ചിൽ അവൾ അഭയം കണ്ടെത്തുന്നത് എന്തു കൊണ്ടാണെന്ന് അറിയുമോ… അവൾക്ക് ഞാനും അത്രമേൽ പ്രിയപ്പെട്ടതാണ്… അങ്ങനെ ഒന്നും എന്നെ അവൾ ഉപേക്ഷിക്കില്ല.. നിന്റെ കാര്യം ഓർത്താണ് എനിക്ക് പേടി… നിന്റെ കല്യാണം കഴിഞ്ഞാൽ എന്താകുമോ എന്തോ… ” “ഒന്നു പോടാ.. ” എന്നു പറഞ്ഞ് ആര്യൻ അകത്തേക്ക് കയറി… കയ്യും മുഖവും കഴുകിയ ശേഷം അടുക്കളയിൽ പോയി ചായയ്ക്ക് വെള്ളം വെച്ചു…

സ്നാക്ക്സ് എടുത്തു പ്ലേറ്റിൽ വെച്ചു… ചായ ഗ്ലാസ്സിലേക്ക് പകർത്തിയ ശേഷം എല്ലാം കൂടെ ടേബിളിൽ കൊടുന്നു വെച്ചു… വിഷ്ണു ജനനിയുടെ റൂമിൽ ആണെന്ന് അവനു തോന്നിയിരുന്നു… അങ്ങോട്ട് ചെന്നു… വിഷ്ണുവിന്റെ അരികിൽ ജനനി ഇരിക്കുന്നുണ്ടായിരുന്നു… “ചായ കുടിക്കാം… ” ആര്യൻ വാതിൽക്കൽ നിന്ന് പറഞ്ഞതും ജനനി കണ്ണുകൾ തുടച്ച് എഴുന്നേറ്റു… ആര്യൻ അവരുടെ അടുത്തേക്ക് നടന്നു… “ഇവിടെ ഒരാളുടെ കണ്ണുനീർ അമൂല്യമായതാണ്… അത് അങ്ങനെയൊന്നും ആർക്കും കാണാൻ പറ്റില്ല എന്നായിരുന്നല്ലോ പറച്ചിൽ… അല്ലേ വിച്ചു? ” ആര്യൻ തിരക്കി… “അവളോട്‌ ആർക്കും സ്നേഹം ഇല്ലെന്ന്… പരിഭവം…” വിഷ്ണു ചിരിയോടെ പറഞ്ഞു… “ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ കാണാൻ കണ്ണ് ഇല്ലാത്തവർക്ക് അങ്ങനെയൊക്കെ തോന്നും… ” ജനനി ആര്യനെ നോക്കി… “മതി ആര്യാ… വാ ചായ കുടിക്കാം… ” വിഷ്ണു പറഞ്ഞു… “എന്നാൽ എഴുന്നേറ്റു വാ…

എല്ലാ ടേബിളിൽ ഉണ്ട്… ” മൂന്നു പേരും ചായ കുടിക്കാൻ വന്നിരുന്നു… “നീരവിന്റെ കാര്യം അറിഞ്ഞില്ലേ വിച്ചു… ആ ആരോമലിന്റെ കൈ അവൻ ഒടിച്ചെന്ന്…” “അറിഞ്ഞു… വിനു പറഞ്ഞു.. അതു മാത്രമല്ല… കുഞ്ഞന്റെ പുറത്തും നെഞ്ചിലും എല്ലാ ചവിട്ടും അടിയുമൊക്കെ കിട്ടിയ പാടുകൾ ആണത്രേ… ” “ഹ്മ്മ്… അത് ആരതിയുടെ കല്യാണം നടത്തി കൊടുത്തതിനുള്ള സമ്മാനം ആയിരുന്നു… ഇനി കിട്ടാൻ പോകുന്നത് ആരോമലിന്റെ ദേഹം നൊന്തതിനുള്ള മറുപടി ആയിരിക്കും… ഒരു ഗാങ് തന്നെയുണ്ട് അയാൾക്ക്‌… അടങ്ങി ഇരിക്കില്ല അയാൾ… ഭാര്യയുടെ സഹോദരൻ ആണെന്നുള്ള ഒരു പരിഗണനയും കൊടിക്കില്ല.. നീരവിന്റെ സ്വഭാവം വെച്ച് അവൻ ഒതുങ്ങി കൊടുക്കില്ല… ” ജനനിയെ പാളി നോക്കി കൊണ്ട് ആര്യൻ പറഞ്ഞു നിർത്തി… “അയാൾ ആള് അത്ര ശരി അല്ല……

ക്രിമിനൽ മൈൻഡ് ഉള്ള ആളാണെന്ന് തോന്നുന്നു… ” വിഷ്ണു പറഞ്ഞു… “ശരിയാ… കൊല്ലാൻ പോലും മടി ഇല്ലാത്തവനാണ്… ” ആര്യൻ പറഞ്ഞതു കേൾക്കെ ജനനിയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി… ആര്യൻ വിഷ്ണുവിനെ നോക്കി കണ്ണു ചിമ്മി കാണിച്ചു… രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് ആര്യൻ പോയത്… കുറച്ചു നേരം വിഷ്ണുവിനോട് സംസാരിച്ച് ഇരുന്ന ശേഷം ജനനി ഉറങ്ങാൻ മുറിയിലേക്ക് പോയി… കിടക്കുമ്പോൾ കാതിൽ നിറയുന്നത് ആര്യന്റെ വാക്കുകൾ ആയിരുന്നു… കൊല്ലാൻ പോലും മടി ഇല്ലാത്തവനാണ്… ചിന്തകൾ കാടു കയറി തുടങ്ങിയപ്പോൾ ഉറക്കം എവിടെയോ പോയ്‌ മറഞ്ഞു… നീരവിനു എന്തെങ്കിലും അപകടം പറ്റി കാണുമോ… എന്ന ചിന്ത അവളെ ഭരിച്ചു തുടങ്ങിയിരുന്നു… അവൾ മൊബൈൽ എടുത്ത് നീരവിന്റെ ഫോണിലേക്ക് വിളിച്ചു…

കാൾ എടുക്കാൻ വൈകും തോറും ടെൻഷൻ അധികരിച്ചു… റിംഗ് അവസാനിച്ചതും അവൾ വീണ്ടും വിളിച്ചു നോക്കി… അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ മൂന്നാമത്തെ റിംഗിൽ കാൾ കണക്ട് ആയി… “ഹലോ… ” താളം തെറ്റുന്ന ശ്വാസഗതി നിയന്ത്രിക്കാൻ കഴിയാതെ അവൾ വിളിച്ചു…. ……… “ഹലോ… ” ……… “എന്താ ഒന്നും മിണ്ടാത്തെ? ” “ആഹ് ! എന്താ? ” നീരവിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അവൾക്ക് ആശ്വാസം തോന്നി… “ഞാൻ… ഞാൻ വെറുതെ വിളിച്ചതാ…” “ഫോൺ വിളിച്ച് മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് വെറുതെ വിളിച്ചതാണെന്നോ? ” നീരവിന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു… ………. “ജാനി… ” “ആഹ് ! പറയൂ സർ… ” എനിക്കു കേൾക്കാം… ” “ഇത് ഇങ്ങോട്ട് വന്ന കാൾ അല്ലേ…

അപ്പോൾ എനിക്കാണോ നിനക്കാണോ പറയാനുള്ളത്…” “ഒന്നുമില്ല… സർ ഉറങ്ങിക്കോളൂ… ” “എന്റെ ഉറക്കം കളഞ്ഞിട്ട് ഉറങ്ങിക്കോളാനോ… കാര്യം പറഞ്ഞിട്ട് ഫോൺ വെച്ചാൽ മതി… ” “അതു പിന്നെ… ” “പിന്നെ… ” “ഇവിടെ ഏട്ടനൊക്കെ പറയുന്നു സാറിന്റെ ചേച്ചിയുടെ ഭർത്താവ് ചിലപ്പോൾ പ്രശ്നം ഉണ്ടാക്കുമെന്ന്… ” “അതിന്? ” “സർ സൂക്ഷിക്കണം… ” “സൂക്ഷിച്ചിട്ട് എന്തിനാ… അയാളെ പേടിച്ചു നടക്കാൻ ഒന്നും ഞാൻ ഉദേശിച്ചിട്ടില്ല… അല്ലെങ്കിൽ തന്നെ എനിക്ക് എന്തെങ്കിലും പറ്റിയാൽ നിനക്ക് എന്താ? “അവന്റെ ശബ്ദത്തിൽ അമർഷം നിറഞ്ഞു … ജാനി നിശബ്ദയായി… “അയാൾ എന്നെ എന്തു ചെയ്താലും നിനക്ക് വേദനിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ… എന്നെ അയാൾ വെട്ടി നുറുക്കി കൊന്നാലും നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ… ഉണ്ടോ ജാനി? ” ജാനി എന്നു വിളിക്കുമ്പോൾ അവന്റെ ഉള്ളം ആർദ്രമായി… അവളുടെ മറുപടി കേൾക്കാൻ അവൻ കാതോർത്തു….

…തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 36

Share this story