ജനനി: ഭാഗം 39

ജനനി: ഭാഗം 39

എഴുത്തുകാരി: അനില സനൽ അനുരാധ

വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു… “ഞാൻ പറഞ്ഞതല്ലേ.. ഒന്നും വേണ്ട എന്നു പറഞ്ഞതല്ലേ? ” കണ്ണുകൾ തുടച്ചു കൊണ്ട് വിഷ്ണു ആര്യന്റെ നേർക്ക് തിരിഞ്ഞു… “വിച്ചു…. നീ കാര്യം അറിയാതെ സംസാരിക്കാൻ വരരുത്… ആക്‌സിഡന്റ് പ്ലാൻ ചെയ്തു എന്നത് സത്യമായിരുന്നു… പക്ഷേ അതു നീരവിനല്ലേ… അഞ്ജു അതേ കുറിച്ച് നീരവിനോട്‌ സംസാരിക്കാൻ ഇരിക്കുന്നതേയുള്ളു… കാര്യം അറിയാതെ ഓരോന്ന് വിളിച്ചു പറഞ്ഞാൽ എനിക്ക് സ്വയം നിയന്ത്രിക്കാൻ പറ്റിയെന്നു വരില്ല…” ഓഫീസിൽ ആണെന്ന് പോലും ഓർക്കാതെ ആര്യൻ ശബ്ദം ഉയർത്തി… വിനോദ് വേഗം വിഷ്ണുവിന്റെ ക്യാബിനിലേക്ക് വന്നു… “വാ… നമുക്ക് വേഗം ഹോസ്പിറ്റലിൽ എത്തണം… ” വിനോദ് തിരക്ക് കൂട്ടി…

വിഷ്ണുവിന്റെ കയ്യിൽ മുറുകെ പിടിച്ച് ആര്യൻ മുൻപോട്ടു നടന്നു… ഹോസ്പിറ്റലിൽ എത്തുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല… നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു കൊണ്ട് വിഷ്ണു ഇരുന്നു… എന്റെ ജാനി… എന്നു മാത്രം അവന്റെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു… ഹോസ്പിറ്റലിൽ എത്തി വേഗം ഐ സി യു ലക്ഷ്യമാക്കി നടന്നു… അവിടേക്ക് എത്തിയതും കണ്ടത് വല്ലാത്തൊരു ഭാവത്തോടെ ഇരിക്കുന്ന നീരവിനെ ആയിരുന്നു… വിനോദ് വേഗം ചെന്ന് അവന്റെ തോളിൽ പിടിച്ചു… നീരവ് ഇരുന്നു കൊണ്ട് തന്നെ അവനെ പുണർന്നു… വിനോദിന്റെ വയറിനു മീതെ മുഖം പൂഴ്ത്തി വെച്ചു… ആര്യൻ വിഷ്ണുവിനെ നീരവിന്റെ അരികിൽ ഇരുത്തിയതിനു ശേഷം വിനോദിനെ വിളിച്ചു… വിനോദ് നീരവിന്റെ പുറത്ത് ഒന്നു തട്ടിയതിനു ശേഷം ആര്യനെയും കൂട്ടി ഐ സി യുവിന്റെ ഡോറിനു അരികിൽ വന്നു നിന്നു…

കുറച്ചു കഴിഞ്ഞതും ഒരു നഴ്സ് ഡോർ തുറന്നു വന്നു… “സിസ്റ്റർ… ജനനി… ജാനിയ്ക്ക് എങ്ങനെയുണ്ട്? ” ആര്യൻ പെട്ടെന്ന് തിരക്കി… “പേടിക്കാൻ ഒന്നുമില്ല… ഹെഡ് ഇഞ്ച്വറിയായ കാരണം ഇരുപത്തിനാലു മണിക്കൂർ ഒബ്സെർവേഷനിലാണ്…” ആര്യന് ആശ്വാസം തോന്നി… “ഒന്നു കയറി കാണാമോ?” “ഇപ്പോൾ പറ്റില്ല… കുറച്ചു കഴിഞ്ഞാൽ ഒരാൾക്ക് കയറിക്കാണാം… ” വിനോദ് റൂം എടുത്ത ശേഷം നീരവിനോട്‌ അവിടെ പോയി ഇരിക്കാൻ പറഞ്ഞെങ്കിലും അവൻ കൂട്ടാക്കിയില്ല… വീഴ്ചയിൽ റോഡിൽ ഉരഞ്ഞു നെറ്റിയിൽ നിന്നും കൈത്തണ്ടയിൽ നിന്നും തോല് പോയിരുന്നു… ഷർട്ടിലും ചോര പടർന്നിരുന്നു… ആര്യൻ പുറത്തേക്ക് പോയി നീരവിനു മാറാനുള്ള ഡ്രസ്സ്‌ വാങ്ങി വന്നു…

തിരികെ ഐ സി യുവിന് മുൻപിൽ എത്തിയപ്പോൾ വിഷ്ണു മാത്രമേ ഉണ്ടായിരുന്നുള്ളു… നീരവിനെ കൂട്ടി വിനോട് റൂമിലേക്ക് പോയെന്ന് വിഷ്ണു പറഞ്ഞപ്പോൾ ആര്യൻ അങ്ങോട്ട് നടന്നു… “എനിക്ക് പോകണം… എന്നെ വിട് വിനൂ…” ഡോർ ബെൽ അടിക്കാൻ ഒരുങ്ങുമ്പോൾ നീരവിന്റെ ശബ്ദം ആര്യൻ കേട്ടു… “ഇപ്പോൾ ഒരു പ്രശ്നത്തിനും പോകല്ലേ കുഞ്ഞാ… നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്…” “ഞാൻ കണ്ടതാ… അന്നെന്നെ പിടിച്ചു കൊണ്ട് പോയതിൽ ഉണ്ടായിരുന്ന തടിയൻ തന്നെയാണ് ഞങ്ങളെ വന്നിടിച്ചത്… ” “നീ ഒന്നു സമാധാനമായി ഇരിക്ക് കുഞ്ഞാ… അവൾക്ക് ഒന്നും പറ്റിയിട്ടില്ലല്ലോ… നീ ഇപ്പോൾ കയറി കണ്ടതല്ലേ… നമുക്ക് പരിഹാരം ഉണ്ടാക്കാം… എടുത്തു ചാടി ഒന്നും ചെയ്യാൻ നിൽക്കരുത്…

നിന്റെ ചേച്ചിയുടെ ഭർത്താവാണ് എതിർ വശത്ത്…” “അതിന്… എന്നെ എന്തെങ്കിലും ചെയ്താൽ ഞാൻ ക്ഷമിച്ചെന്നു വരും… പക്ഷേ അവളെ നോവിച്ചാൽ ഞാൻ അടങ്ങി ഇരിക്കില്ല… അന്നു കയ്യേ ഒടിച്ചുള്ളു.. ഇനി രണ്ടു കാലും കൂടെ ഒടിച്ച് മൂലയ്ക്ക് കിടത്തി കളയും… ” “എന്റെ കുഞ്ഞാ ഇപ്പോൾ തല്ക്കാലത്തേക്ക് നീ ഒന്ന് അടങ്ങി ഇരിക്ക്… ഇനി ഇതൊന്നും ആര്യനോടും വിഷ്ണുവിനോടും പറയാൻ നിൽക്കണ്ട… ” വിനോദ് പറഞ്ഞു… നീരവ് ബെഡിൽ വലതു കൈ കൊണ്ട് ഇടിച്ച് ശാന്തനാകാൻ ശ്രമിച്ചു കൊണ്ടിരുന്നു… കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഡോറിൽ തട്ടുന്നത് കേട്ടപ്പോൾ വിനോദ് ചെന്ന് വാതിൽ തുറന്നു… ആര്യൻ കയ്യിൽ ഇരുന്ന കവർ നീട്ടി… “നീ കയറുന്നില്ലേ?” കവർ വാങ്ങുമ്പോൾ വിനോദ് തിരക്കി…

ആര്യൻ മുറിയിലേക്ക് കയറി… നീരവിന്റെ എതിർവശത്തായി കസേരയിൽ ഇരുന്നു… “എന്താ ശരിക്കും ഉണ്ടായത്? ” ആര്യൻ തിരക്കി… നീരവ് ഒന്നും പറയാതെ മിഴികൾ ഉയർത്തി അവനെ നോക്കി… “അതേ കുറിച്ച് പിന്നെ സംസാരിക്കാം ആര്യ…” വിനോദ് പറഞ്ഞു… “പറ്റില്ല വിനൂ… അവൾക്ക് എന്താ പറ്റിയത് എന്ന് അറിയണം…” “കുഞ്ഞൻ തന്നെ പറയണോ അതോ ഞാൻ പറഞ്ഞാൽ മതിയോ? ” “ആര് പറഞ്ഞാലും കുഴപ്പമില്ല.. പറയുന്ന കാര്യങ്ങൾ സത്യസന്ധമായിരിക്കണം… അത്രേയുള്ളൂ… ” “കുഞ്ഞന് ജാനിയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു… അവൻ വിളിച്ചപ്പോൾ അവൾ വരികയും ചെയ്തു… സ്കൂട്ടി അവളോട്‌ ഓടിക്കാൻ പറഞ്ഞപ്പോൾ അവൾ സമ്മതിക്കുകയും ചെയ്തിരുന്നു… പോകുന്ന വഴിയ്ക്ക് ഒരു കാർ സ്കൂട്ടിയിൽ വന്നിടിച്ചു…

വീഴ്ചയിൽ ജാനിയുടെ തല ഒരു കല്ലിൽ ഇടിച്ചതാണ്…” “ഇടിച്ച വണ്ടി? ” “നിർത്താതെ പോയി? ” “കാറിന്റെ നമ്പർ കളർ എന്തെങ്കിലും ഓർമ്മയുണ്ടോ? നമുക്ക് ഒരു കംപ്ലയിന്റ് കൊടുക്കാം… ” “ഒരു വൈറ്റ് ഇന്നോവ ആയിരുന്നു… കാറിന്റെ നമ്പർ നോട്ട് ചെയ്യാൻ പറ്റിയില്ല… ” നീരവ് പറഞ്ഞു… “ഹ്മ്മ്… രാത്രിയ്ക്ക് അഞ്ജു വരില്ലേ?” “ആഹ് ! അവൾ വരും .. ” വിനോദ് പറഞ്ഞു.. “എന്നാൽ ഞാൻ ഇറങ്ങിക്കോട്ടെ… വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു… ഞാൻ രാത്രി ആകുമ്പോഴേക്കും വരാം… വിച്ചുവിന്റെ കൂടെ ഞാൻ നിന്നോളാം…” “ഹ്മ്മ്… ” വിനോദ് മൂളി.. ആര്യൻ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി… ഡോർ ചേർത്ത് അടച്ച ശേഷം ഒരു നിമിഷം കണ്ണുകൾ പൂട്ടി നിന്നു… ഞരമ്പുകൾ വലിഞ്ഞു മുറുകി…. ജാനിയുടെ ചിരിക്കുന്ന മുഖം അവനിൽ നിറഞ്ഞു… മിഴികൾ തുറന്ന് നിശ്വസിച്ചു…. ഇപ്പോൾ പോകണോ വേണ്ടയോ… എന്ന ചിന്ത ഉള്ളിൽ നിറഞ്ഞതും കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ അവൻ പുറത്തേക്ക് നടന്നു… ***

മോഹനകൃഷ്ണൻ നീരവിനെ നോക്കി നിന്നു പോയി… അഞ്ജലി അദ്ദേഹത്തിന്റെയും സുമിതയുടെയും കൂടെയാണ് ഹോസ്പിറ്റലിലേക്ക് വന്നത്… വിഷ്ണുവിന്റെ അരികിൽ ഇരിക്കുകയായിരുന്നു നീരവ്… അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കെ അയാൾ അവനെ ഓർത്ത് അത്ഭുതപ്പെട്ടു… ഓഫീസിൽ ആരോടും യാതൊരു സൗഹൃദവും പുലർത്താത്ത കണിശക്കാരൻ… പുഞ്ചിരിയ്ക്കാൻ പോലും പിശുക്ക് കാട്ടിയിരുന്ന… ദേഷ്യക്കാരൻ… അങ്ങനെയുള്ള മകൻ ഇങ്ങനെ മാറണം എങ്കിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിറ കണ്ണുകളോടെ ഇരിക്കണമെങ്കിൽ അവൾ അവനിൽ അത്രത്തോളം സ്വാധീനം ചെലുത്തി കാണില്ലേ? “എന്താ മോഹനേട്ടാ? ” സുമിത തിരക്കിയപ്പോൾ അയാൾ ഒന്നു പുഞ്ചിരിച്ചു… “നമ്മുടെ കുഞ്ഞൻ ആകെ മാറിപ്പോയി…”

“കണ്ടില്ലേ അവന്റെ കോലം… പാവം… ” “ഹ്മ്മ്… ” “അവരെ ഒന്നിപ്പിച്ചേക്ക് മോഹനേട്ടാ…” സുമിത താഴ്മയോടെ പറഞ്ഞു… “നമ്മുടെ സ്റ്റാറ്റസ്…. ” “ഇനി ആ വാക്ക് പറയല്ലേ… നമ്മുടെ മോന്റെ ഇഷ്ടം… അതിലും ഉപരിയായി അവൾ നല്ല കുട്ടിയാണ്… ” മോഹനകൃഷ്ണൻ പറയുന്നത് പൂർത്തിയാക്കാൻ അനുവദിക്കാതെ സുമിത പറഞ്ഞു… “അവൾ നല്ല കുട്ടിയാണ്… അവൾ പഠിപ്പിച്ച സ്റ്റുഡന്റസിനു പോലും അവൾ ഏറെ പ്രിയപ്പെട്ടവളാണ്… അവൾക്ക് ഹാർഡ് വർക്ക്‌ ചെയ്യാനുള്ള ഒരു മനസ്സുണ്ട്… പക്ഷേ എന്തോ എന്നെ പിന്നിലേക്ക് വലിക്കുന്നു സുമി… ” “ഇനി എനിക്ക് ഈ കാര്യത്തിൽ ഒന്നും പറയാൻ ഇല്ല മോഹനേട്ടാ… അവൾക്ക് അവനെ ഇഷ്ടമാണെന്നാ അഞ്ജു എന്നോട് പറഞ്ഞത്… പക്ഷേ അന്നു രാത്രി അവളുടെ മുടങ്ങി പോയ കല്യാണത്തിനെ കുറിച്ച് സംസാരിക്കുന്നത് ജാനിയും അഞ്ജുവും കേട്ടിരുന്നു…

അതു കൊണ്ട് മാത്രമാണ് അവൾ ഇപ്പോഴും അവന്റെ ഇഷ്ടം അംഗീകരിച്ചു കൊടുക്കാത്തതെന്ന്… ” “അവൾ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകട്ടെ… നമുക്ക് ആലോചിക്കാം… എന്നാൽ ഇറങ്ങിയാലോ? ” എന്നു ചോദിച്ച് മോഹനകൃഷ്ണൻ എഴുന്നേറ്റു നീരവിന്റെ അരികിലേക്ക് നടന്നു… “നീ വരുന്നില്ലേ കുഞ്ഞാ? ” അദ്ദേഹം തിരക്കി… അവൻ ഇല്ലെന്ന് തലയാട്ടി… “ഹ്മ്മ്.. ” വിഷ്ണുവിനോട് യാത്ര പറഞ്ഞ് അവർ ഇറങ്ങി.. കൂടെ വിനോദും… അഞ്ജലി വിഷ്ണുവിനെ നിർബന്ധിച്ചു റൂമിൽ ആക്കി… “ആര്യൻ വന്നില്ലല്ലോ… വിളിച്ചിരുന്നോ അവൻ? ” വിഷ്ണു തിരക്കി… “നീനേച്ചിയുടെ വീട്ടിലേക്ക് പോകാനുള്ള വഴി ചോദിച്ച് വിളിച്ചിരുന്നു… ” “എപ്പോൾ? ” “കുറേ നേരമായി… ” “അവൻ എന്തിനാ അവളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചത്? ” “അന്ന് ആരതിയുടെ കല്യാണം കൂടാൻ ഓഡിറ്റോറിയത്തിൽ അല്ലേ വന്നത്…

അതാകും വീട്ടിലേക്കുള്ള വഴി ചോദിച്ചത്… ” “അതല്ല അഞ്ജു…. അവനു അവരുടെ വീട്ടിൽ എന്താ കാര്യമെന്ന് .. ” “അതൊന്നും ഞാൻ ചോദിച്ചില്ല… ജാനിയുടെ അടുത്ത് എത്താനുള്ള വ്യഗ്രതആയിരുന്നു…” രാത്രി ഹോസ്പിറ്റൽ കാന്റീനിൽ നിന്നും ഭക്ഷണം വാങ്ങിയെങ്കിലും ആരും കഴിച്ചില്ല… രാത്രി ഏറെ നേരം കഴിഞ്ഞിട്ടും ആര്യൻ തിരിച്ച് എത്തിയില്ല… നീരവും അഞ്ജലിയും ഐ സി യുവിന് മുൻപിലെ കസേരയിൽ ഇരുന്ന് നേരം വെളുപ്പിച്ചു… നീരവ് മുറിയിലേക്ക് ഫ്രഷ്‌ ആകാൻ പോയപ്പോൾ അഞ്ജലി കസേരയിൽ ഉറക്കം തൂങ്ങി ഇരുന്നു… തോളിൽ ഒരു അടി കിട്ടിയതും അവൾ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു… ആര്യൻ അവളുടെ അരികിൽ ഇരുന്നു… “എവിടെ ആയിരുന്നു ഇന്നലെ? ” അവൾ തിരക്കി… “കുറച്ചു തിരക്കിൽ പെട്ടു..” “എന്ത് തിരക്ക്… ” “ഒരു മതില് ചാടാൻ പോയി… ” “പോ ഏട്ടാ തമാശ പറയാതെ..” എന്നു പറഞ്ഞ് അഞ്ജലി ചിരിച്ചു… കൂടെ ആര്യനും മനസ്സ് തുറന്ന് പുഞ്ചിരിച്ചു… **

ജനനിയുടെ കണ്ണുകളിലേക്ക് നോക്കി അവളുടെ അടുത്ത് ബെഡിലായി നീരവ് ഇരുന്നു… അവളുടെ നെറ്റിയിലെ മുറിവ് ഡ്രസ്സ്‌ ചെയ്തിരുന്നു… കയ്യിൽ ഡ്രിപ് കയറ്റുന്നുണ്ടായിരുന്നു… ക്ഷീണം നിറഞ്ഞ അവളുടെ കണ്ണുകൾക്ക് അവന്റെ കണ്ണുകളോടൊപ്പം പിടിച്ചു നിൽക്കാൻ കഴിയുന്നില്ലായിരുന്നു… മിഴികൾ കൂമ്പി അടയുകയും തുറക്കുകയും ചെയ്തു കൊണ്ടിരുന്നു… “സോറി ജാനി… റിയലി സോറി… ഞാൻ നിന്നെ കൂട്ടി പോകാൻ പാടില്ലായിരുന്നു… സൂക്ഷിക്കമായിരുന്നു… ” ജാനി ഒന്നും പറയാതെ അവനെ നോക്കി കിടന്നു… “നിന്റെ ഏട്ടൻ ഇന്നലെ ഒരുപാട് കരഞ്ഞു… ” “എന്റെ ഏട്ടന് ഞാൻ ജീവനാണ്… ” “എനിക്കും… ” നീരവ് അവളുടെ നെറ്റിയിൽ തലോടി കൊണ്ട് പറഞ്ഞു…

അഞ്ജലി അവരുടെ അടുത്തേക്ക് വന്നു… “കുഞ്ഞേട്ടനെ ചേട്ടായി വിളിക്കുന്നുണ്ട്… ” അഞ്ജലി പറഞ്ഞതും നീരവ് അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കു നടന്നു… അതുവരെ ജാനിയുടെ മിഴികളും അവനെ അനുഗമിച്ചു… “ഇന്നലെ രാത്രി നീ പുറത്തു പോയോ കുഞ്ഞാ? ” “ഞാൻ എങ്ങും പോയില്ല… ” “സത്യം പറ കുഞ്ഞാ… ” “നീ കാര്യം തെളിച്ചു പറയ്… ” “നിന്റെ അളിയന്റെ രണ്ടു കാലും ആരോ തല്ലി ഒടിച്ചു…” നീരവ് ഞെട്ടി വിനോദിനെ നോക്കി… “നീ തന്നെയാകും ചെയ്തത്… അല്ലാതെ ആരാണ് ധൈര്യപ്പെടുക?” വിനോദ് അവന്റെ തോളിൽ പിടിച്ച് തിരക്കി… “ഞാൻ…” പുറകിൽ നിന്നും മറുപടി വന്നതും നീരവിൽ നിന്നും പിടി വിട്ട് വിനോദ് തിരിഞ്ഞു നോക്കി…….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 38

 

Share this story