ജനനി: ഭാഗം 41

ജനനി: ഭാഗം 41

എഴുത്തുകാരി: അനില സനൽ അനുരാധ

നീരവ് ജാനിയെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…. അധരങ്ങൾ വിതുമ്പുന്നു… “ജാനി…. ” അവൻ വിങ്ങലോടെ വിളിച്ചു… ജനനി മുഖം തിരിച്ചു കിടന്നു… നീരവ് അവളുടെ അരികിലായി ഇരുന്നു… ഇരു കരങ്ങളും അവളുടെ കവിളിണയിൽ ചേർത്തു വെച്ചു… വിരലുകൾ അവളുടെ മിഴിനീർ കണങ്ങൾ പാടെ മായ്ച്ചു കളഞ്ഞു… “ഞാനില്ലേ നിനക്ക്… പിന്നെ എന്തിനു നീ മെഴുകുതിരി പോലെ സ്വയം ഉരുകി തീരണം… ” ജനനി അവന്റെ വലതു കൈത്തണ്ടയിൽ മുറുകെ പിടിച്ചു… അവളുടെ മൗനം പോലും തന്നിൽ പ്രണയം നിറക്കുന്നത് അവൻ വീണ്ടും അനുഭവിച്ചു കൊണ്ടിരുന്നു …

അവളെ ആദ്യമായി കണ്ട നിമിഷം തന്റെ ഹൃദയം വല്ലാതെ പിടച്ചിരുന്നു… അവളുടെ മുറുകുന്ന വിരലുകൾക്കൊപ്പം അവന്റെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിൽ ആകുന്നത് അവൻ തിരിച്ചറിഞ്ഞു… എന്റെ പെണ്ണ്… അവൾ തന്നെ സ്നേഹിക്കുന്നു എന്ന് പറയാതെ പറയുകയല്ലേ… അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു… അതിലൊരു തുള്ളി അവളുടെ അധരങ്ങളിലേക്ക് അടർന്നു വീണ് മോക്ഷം കൊണ്ടു… ജനനി പെട്ടന്ന് അവന്റെ കയ്യിലെ പിടി വിട്ടു… അവന്റെ കണ്ണുകളിലേക്ക് നോക്കി… ജനനിയുടെ കവിളിൽ ഒന്നു തലോടിയ ശേഷം അവൻ എഴുന്നേറ്റു…

പിന്നെ ഡിസ്ചാർജ് ആകുന്നത് വരെ അവളുടെ അരികിൽ വന്നിരുന്നില്ല… ഡിസ്ചാർജ് ബിൽ അടച്ച ശേഷം നീരവ് മുറിയിലേക്ക് വന്നപ്പോഴാണ് തന്നെ കൊണ്ടു പോകാൻ ഏട്ടനും ആര്യനും ഇല്ലെന്ന് അവൾക്ക് മനസ്സിലായത്… അവളുടെ മുഖം വാടി… “ഏട്ടൻ? ” അവൾ പതിയെ തിരക്കി… “പാവത്തിനെ വെറുതെ എന്തിനാ യാത്ര ചെയ്യിപ്പിക്കുന്നത് … ഞാൻ ഉണ്ടല്ലോ…” “ഹ്മ്മ് … ” “എന്തേ.. ഇഷ്ടപ്പെട്ടില്ലേ? ” …………… “ഓഹ് ! ഞാൻ മറന്നു… നിന്നെ ഇനി എന്റെ സ്നേഹവും പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ഞാൻ പറഞ്ഞിരുന്നല്ലേ… നിന്നെ ഇങ്ങനെ അടുത്ത് കാണുമ്പോൾ ഞാൻ എല്ലാം മറന്നു… സോറി…” തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ജനനിയ്ക്ക് കയറാനായി നീരവ് കാറിന്റെ ബാക്ക് ഡോർ ആണ് തുറന്നു കൊടുത്തത്. .

രണ്ടു പേരും മൗനത്തെ കൂട്ടു പിടിച്ചു … വീട്ടിൽ എത്തുമ്പോൾ രാത്രിയോട് അടുത്തിരുന്നു… ആര്യനും അഞ്ജലിയും വിനോദും വിന്ദുജയും നീരവിന്റെ അച്ഛനും അമ്മയും എല്ലാം അവിടെ ഉണ്ടായിരുന്നു… അഞ്ജലിയാണ് ജനനിയെ കാറിൽ നിന്നും കൈപ്പിടിച്ച് ഇറക്കിയത് .. ജനനിയോടൊപ്പം മുറ്റത്തേക്ക് നടക്കുമ്പോൾ അഞ്ജലി നീരവിനെ കളിയാക്കുന്നതു പോലെ നോക്കി… നീരവ് അവളെ കണ്ണുരുട്ടി… വിഷ്ണു വന്ന് ജനനിയുടെ കയ്യിൽ പിടിച്ചു.. അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവൻ അവളെ ചേർത്തു പിടിച്ച് തന്നെ അകത്തേക്ക് നടന്നു… “അവിടെ എന്നെ ഒറ്റയ്ക്കാക്കി പോന്നല്ലേ? ” ജനനി പരിഭവത്തോടെ തിരക്കി…. “അങ്ങനെ ഒറ്റയ്ക്കാക്കാൻ എനിക്ക് പറ്റുമോ ജാനി?” “പറ്റും… ”

എല്ലാവരും ഉണ്ടെന്നതു പോലും ഓർക്കാതെ അവൾ മുഖം വീർപ്പിച്ചു… “അങ്ങനെ പറയല്ലേ ജാനി… എന്റെ ജാനിയും ആര്യനും ഇല്ലെങ്കിൽ പിന്നെ ഞാനുണ്ടോ?” വിഷ്ണുവിന് സങ്കടത്തോടെ തിരക്കി… “ആര്യനും ജാനിയും മാത്രമല്ല വിഷ്ണുവേട്ടനെ സ്നേഹിക്കാൻ ഉള്ളത്… എപ്പോഴും അനിയത്തിയേയും മനസാക്ഷിസൂക്ഷിപ്പുകാരനെയും മാത്രം മതി…” വിന്ദുജ പറഞ്ഞു… ഈ പെണ്ണ് ഇതെന്താണ് വിളിച്ചു പറയുന്നത് എന്ന ചിന്തയിൽ വിഷ്ണു വിന്ദുജയെ നോക്കി… അവൾ ചിറി കോട്ടി കാണിച്ചു… വിനോദ് അവളുടെ മുഖത്തെ മിന്നിമറയുന്ന ഭാവങ്ങൾ നോക്കി നിന്നു പോയി… അഞ്ജലിയും വിന്ദുജയും കൂടെ രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു … ജാനിയുടെ അടുത്ത് തന്നെ അഞ്ജലി നീരവിനെ പിടിച്ചിരുത്തി…

അവരുടെ എതിർ വശത്ത് കഴിക്കാൻ ഇരുന്ന വിഷ്ണു കഴിക്കാൻ പോലും മറന്ന് അവർ കഴിക്കുന്നത് നോക്കി ഇരുന്നു… “ഇങ്ങനെ എപ്പോഴും അനിയത്തിയെ മാത്രം നോക്കി ഇരിക്കാതെ ഞങ്ങളെ കൂടി ഒന്നു നോക്ക്… ” വിന്ദുജ പറഞ്ഞു…. “ഈ പെണ്ണിന് ഇതെന്താ പ്രശ്നം? ” അരികിൽ ഇരിക്കുന്ന ആര്യനോട്‌ വിഷ്ണു തിരക്കി… പതിയെ തിരക്കിയത് ആണെങ്കിലും എല്ലാവരും കേട്ടു.. . “നീ എന്റെ പെങ്ങളെ അങ്ങു കെട്ടിയേക്ക് വിഷ്ണു…” വിനോദ് പറയുന്നത് കേട്ടതും വിഷ്ണു ഞെട്ടി…. “തമാശയല്ല… ഈ കാര്യം സംസാരിക്കാനും കൂടിയാണ് അപ്പച്ചിയും അങ്കിളും വന്നിരിക്കുന്നത്… ” വിഷ്ണു ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റു…. ജനനി വിന്ദുജയെ നോക്കി…. അവൾ കണ്ണടിച്ചു കാണിച്ചതും ജനനി നീരവിനെ നോക്കി…

ചപ്പാത്തിയും ചിക്കൻ കറിയും ആസ്വദിച്ച് കഴിക്കുകയായിരുന്നു അവൻ… ഭക്ഷണ ശേഷം എല്ലാവരും ഹാളിൽ ഒത്തു കൂടി… സോഫയിലും കസേരയിലും നിലത്തുമായി എല്ലാവരും ഇരുന്നു… “അഞ്ജലിയുടെ തോളിൽ മുഖം ചായ്ച്ച് നിലത്ത് ഇരിക്കുകയായിരുന്നു ജനനി … “വിഷ്ണു…. ” മോഹനകൃഷ്ണൻ വിളിക്കുന്നത് കേട്ടതും ജനനി നേരെ ഇരുന്നു… “ജാനിയുടെ രക്ഷകർത്താവിന്റെ സ്ഥാനത്ത് ഇപ്പോൾ വിഷ്ണുവാണല്ലോ… എന്റെ കുഞ്ഞന് ജാനി ഇല്ലാതെ ഒരു ജീവിതം ഇല്ല… അതു പൂർണ്ണമായും ഉൾകൊള്ളാൻ ഞാൻ കുറച്ചു വൈകിപ്പോയി…. അവൾ നല്ല കുട്ടിയാണ്… അത് അറിയാതെ അല്ല…

എന്നാലും വെറുതെ നിങ്ങളുടെ ഫാമിലിയെപ്പറ്റി ഓരോന്ന് പറഞ്ഞ് ജാനിയെ വിഷമിപ്പിക്കുന്ന വിധം അവൾ കേൾക്കുന്നുണ്ട് എന്ന് അറിയാതെ ഞാൻ സംസാരിച്ചു പോയി… ” അദ്ദേഹം എഴുന്നേറ്റു ജനനിയുടെ മുൻപിൽ മുട്ട് കുത്തി ഇരിക്കാൻ തുടങ്ങിയതും അവൾ വേഗം നിലത്തു നിന്നും എഴുന്നേറ്റു… “ഞാൻ പറഞ്ഞ വാക്കുകളുടെ പേരിൽ കുഞ്ഞന്റെ സ്നേഹം കണ്ടില്ലെന്ന് വെക്കരുത് മോള്… അച്ഛൻ അപേക്ഷിക്കുകയാണ്…” അദ്ദേഹം കൈ കൂപ്പി പറഞ്ഞതും അവൾ ആ കൈകൾ കൂട്ടി പിടിച്ച ശേഷം വിഷ്ണുവിനെ നോക്കി… അവൻ എഴുന്നേറ്റു വന്നു… “ഞങ്ങളുടെ കുടുംബത്തിന്റെ വേരുകൾ അന്വേഷിച്ച് ജാനിയെ വേദനിപ്പിക്കും വിധം ഇറങ്ങി ചെല്ലില്ലെങ്കിൽ കുടുംബത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തിയവരുടെ സന്തതികൾ എന്ന ഭാരം അടിച്ചേൽപ്പിക്കാൻ ഇട വരുത്തില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഞങ്ങൾക്ക് ഈ വിവാഹത്തിനു സമ്മതമാണ്… ” വിഷ്ണു പറഞ്ഞു…

“വിഷ്ണു മാത്രം പറഞ്ഞാൽ പോരാ… ജാനി പറയണം… വിവാഹത്തിനു സമ്മതം ആണെന്ന് പറയണം…” നീരവ് പറഞ്ഞു… ജനനി മോഹനകൃഷ്ണന്റെ കയ്യിലെ പിടി വിട്ടു… “വീട്ടിലെ മുതിർന്ന അംഗങ്ങൾ ഈ വിവാഹത്തിനു സമ്മതം അറിയിച്ച സ്ഥിതിയ്ക്ക് ചെക്കനും പെണ്ണും തനിയെ സംസാരിച്ച് തീരുമാനത്തിൽ എത്തട്ടെ… നമുക്ക് എല്ലാവർക്കും ഉമ്മറത്തേക്ക് നീങ്ങിയാലോ? ” ആര്യൻ തിരക്കി… “അപ്പോൾ എന്റെ കാര്യം എങ്ങനെയാണ്?” വിന്ദുജ തിരക്കി… “എല്ലാം നമുക്ക് ശരിയാക്കാമെന്നേ… ” ആര്യൻ പറഞ്ഞു… വിഷ്ണു ഒന്നും പറയാതെ ഉമ്മറത്തു പോയിരുന്നു… വിന്ദുജയും പുറകെ പോയി അവന്റെ അരികിൽ ചെന്നിരുന്നു…. “ദേ… നോക്കു കുട്ടി… ഈ കാര്യത്തിൽ ഇനി ശരിയാക്കാൻ ഒന്നും ഇല്ല…

നമ്മൾ തമ്മിലുള്ള പ്രായ വിത്യാസം… പിന്നെ എന്റെ കാല്…. എല്ലാത്തിലും ഉപരി എന്റെ മനസ്സിലെ പ്രണയമെല്ലാം എന്നോ ഞാൻ ഒരുവൾക്ക് സമ്മാനിച്ചതാണ്… അതുകൊണ്ട് എല്ലാം കൊണ്ടും നമ്മൾ തമ്മിൽ ചേരില്ല… എന്തെങ്കിലും ആഗ്രഹം മനസ്സിൽ പൊട്ടി മുളച്ചിട്ടുണ്ടെങ്കിൽ അത് വേരോടെ മനസ്സിൽ നിന്നും പിഴുതു കളഞ്ഞേക്ക്…” വിഷ്ണു പറഞ്ഞു… “ഇപ്പോൾ പറഞ്ഞതൊന്നും എനിക്ക് കുഴപ്പം ഇല്ലെങ്കിലോ… എനിക്ക് ഇഷ്ടാണ്…. എന്റെ വീട്ടുകാർക്കും ഇഷ്ടാണ്… ഇനി ഏട്ടനും അനിയത്തിയും കൂടെ കുറേ ആലോചിച്ച ശേഷം എന്നെ ഇഷ്ടാണ് എന്ന് പറഞ്ഞേക്ക്… ” വിന്ദുജ പറഞ്ഞു… “ഭീഷണിയാണോ? ” ആര്യൻ തിരക്കി… “അല്ല ചേട്ടാ… ഒരു പ്രണയിനിയുടെ രോദനം… ” അവൾ ചിരിയോടെ പറഞ്ഞു… “വിഷ്ണുവേട്ടന്റെ കാര്യത്തിൽ ഇനി ഒന്നും നോക്കാൻ ഇല്ല…

എന്റെ അനിയത്തി ആയോണ്ട് പൊക്കി പറയുന്നത് അല്ല… കുഞ്ഞേട്ടൻ നീരാളിയാണെങ്കിൽ ഇവൾ ഉടുമ്പാണ്… പിടി വിടില്ല… ഇനി ഏട്ടന് കൂടെ ഒരു പെണ്ണിനെ കണ്ടു പിടിക്കണം…” അഞ്ജലി ആര്യനെ നോക്കി പറഞ്ഞു… “അങ്ങനെ ഒരാൾ മുന്നിൽ വരട്ടെ… അപ്പോൾ നോക്കാം… ” എന്നു പറഞ്ഞു പുഞ്ചിരിക്കുമ്പോൾ ആര്യന്റെ മനസ്സിൽ ജനനിയുടെ ചിത്രം തെളിഞ്ഞു… അവളുടെ വലതു ഭാഗത്ത് ആര്യൻ നീരവിന്റെ ചിത്രം കൂടെ കോറിയിട്ടു… *** “ഒരു സമ്മതം പറയാൻ ഇത്രയും സമയം വേണോ? ” നീരവിന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു… “ഒരു നിമിഷം…” എന്നു പറഞ്ഞ് അവൾ മുറിയിലേക്ക് പോയി… കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളെ കാണാതെ അവൻ റൂമിന്റെ വാതിൽക്കൽ ചെന്നു നിന്നു…

മുറിയിൽ നിന്നും പുറത്തേക്ക് കടക്കാൻ ഒരുങ്ങിയ ജനനി തൊട്ട് മുൻപിൽ അവനെ കണ്ട് ഞെട്ടലോടെ പുറകിലേക്ക് നീങ്ങി.. അവൻ മുറിയിലേക്ക് കടന്ന ശേഷം അവളുടെ തോളിൽ പിടിച്ച് ബെഡിനു അരികിലേക്ക് നടന്നു… അവളുടെ തോളിൽ പിടിച്ച് ബെഡിൽ കിടത്തി… “ഇന്ന് ഹോസ്പിറ്റലിൽ നിന്നും വന്നല്ലേയുള്ളൂ… റസ്റ്റ്‌ എടുത്തോളൂ… എന്നോട് എങ്ങനെ പറയും എന്നോർത്ത് ടെൻഷൻ അടിച്ച് അധികം സ്‌ട്രെയിൻ എടുക്കണ്ട… പിന്നെ നീ പറഞ്ഞില്ലേലും എനിക്ക് അറിയാം ഞാൻ നിനക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്… എന്നാലും എല്ലാവരുടെയും മുൻപിൽ വെച്ച് സമ്മതം പറയുന്നത് കേൾക്കാൻ ഒരു കുഞ്ഞു മോഹം.. ടേക്ക് കെയർ ജാനി…”

എന്നു പറഞ്ഞ് അവളുടെ കവിളിൽ പതിയെ തട്ടിയ ശേഷം അവൻ നടക്കാൻ ഒരുങ്ങി.. അവൾ അവന്റെ കയ്യിൽ പിടിച്ചു… അതിനു ശേഷം ഭദ്രമായി വർണ്ണക്കടലാസിൽ പൊതിഞ്ഞു സൂക്ഷിച്ച നിധി അവന്റെ കയ്യിൽ വെച്ചു കൊടുത്തു……തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 40

Share this story