ജനനി: ഭാഗം 43

Share with your friends

എഴുത്തുകാരി: അനില സനൽ അനുരാധ

ആര്യനും വിഷ്ണുവും ഓഫീസിൽ പോയപ്പോൾ വാതിൽ ലോക്ക് ചെയ്ത് ജാനി മുറിയിൽ വന്നു കിടന്നു… കാളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ടപ്പോൾ അവൾ എഴുന്നേറ്റു… ഡോർ തുറക്കുന്നതിനു മുൻപ് അവൾ ജനൽ കർട്ടൻ സ്വല്പം മാറ്റി ആരാണ് വന്നിരിക്കുന്നത് എന്നു നോക്കി .. അവിടെ നിൽക്കുന്ന രണ്ടു പേരെയും അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു… വാതിൽ തുറന്നു പുറത്തേക്ക് ചെന്ന ജനനിയെ ആഗതർ തെല്ലു പരിഭ്രമത്തോടെ നോക്കി… “അകത്തേക്ക് വരൂ…” അവൾ പുഞ്ചിരിയോടെ ക്ഷണിച്ചപ്പോൾ ആഗതർ പരസ്പരം നോക്കി… പിന്നെ അകത്തേക്ക് കടന്നു… “ഇരിക്കൂ… ” അവൾ പറഞ്ഞു… “മോൾക്ക് ഞങ്ങളെ മനസ്സിലായോ? ” അവർ ഇരുന്നു കൊണ്ട് തിരക്കി … “മനസ്സിലായി…

അതു കൊണ്ടല്ലേ വാതിൽ തുറന്നു തന്നതും അകത്തേക്ക് ക്ഷണിച്ചതും…” “എന്നാൽ ആരാണെന്നു പറയൂ… ” “ആര്യൻ ചേട്ടന്റെ അച്ഛൻ.. ഇത് അമ്മ… ” ജനനി പറഞ്ഞതും ലളിതയും ദാസനും പുഞ്ചിരിച്ചു…. “അപ്പോൾ മോള് ഞങ്ങളെ മറന്നിട്ടില്ല… കുറേ നാളായി വന്നു കാണണം എന്നു വിചാരിക്കുന്നു…” “അച്ഛനും അമ്മയും വന്നു കാണണം എന്നു പറയുന്നുണ്ടെന്നു ഏട്ടൻ ഒരു ദിവസം പറഞ്ഞിരുന്നു… ” “വിച്ചുവിന്റെയും മോളുടെയും വിശേഷങ്ങൾ ആര്യൻ എന്നും രാത്രി ഇരുന്ന് ഞങ്ങളോട് പറയും… വിച്ചുവിന്റെയും ജാനിയുടെയും കാര്യങ്ങൾ പറയുമ്പോൾ അവനു നൂറു നാവാണ്… ” ലളിത പറഞ്ഞു… “അന്നു വിവാഹ നിശ്ചയം ആണെന്ന് അറിഞ്ഞു കൊണ്ടല്ല മോളെ ഞങ്ങൾ വന്നത് …

വിച്ചുവിന് വേണ്ടി വഴക്ക് ഉണ്ടാക്കി ആര്യൻ ജയിലിൽ പോയപ്പോൾ അപ്പോഴത്തെ ദേഷ്യവും സങ്കടവും സാഹചര്യവും കാരണം വിച്ചുവിനെ അവിടെ നിന്നും മാറ്റാൻ തോന്നി… അവന്റെ അച്ഛന്റെ അടുത്തേക്ക് തന്നെ മാറ്റുന്നതാണ് അപ്പോൾ സ്വീകാര്യമായി തോന്നിയത്… പക്ഷേ അതിന്റെ പരിണിതഫലങ്ങൾ ഇങ്ങനെയൊക്കെ ആയി തീരും എന്ന് കരുതിയില്ല… ജയിലിൽ നിന്നും വന്ന ആര്യൻ വിച്ചുവിനെ കാണുന്നത് വരെ ഞങ്ങളോട് മിണ്ടിയില്ല … വിച്ചു സ്വന്തം ഇഷ്ടത്തിനു പോയതാണെന്നാ അന്ന് മോനോട് പറഞ്ഞിരുന്നത്… എന്തിന് പോകാൻ സമ്മതിച്ചു എന്നൊക്കെ ചോദിച്ചു ഒരു ദിവസം ബഹളം വെച്ചിരുന്നു… പിന്നെ അവൻ മിണ്ടുന്നത് വിച്ചുവിനെ ഹോസ്പിറ്റലിൽ വെച്ചു കണ്ടതിനു ശേഷമാണ്… അന്ന് ഹോസ്പിറ്റലിൽ വെച്ച് എന്തോ അടിപിടിയൊക്കെ ഉണ്ടായല്ലേ…

അവിടെ നിന്നും വന്നതിനു ശേഷം വീട്ടിൽ വന്നു ഞങ്ങളോടു ദേഷ്യപ്പെട്ടു… പിന്നെ ഒരു ദിവസം ഒരുപാട് സന്തോഷത്തോടെ അവൻ വീട്ടിലേക്ക് കയറി വന്നു… പതിയെ പതിയെ അവന്റെ സ്വഭാവം മാറി വരുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു… ഇപ്പോൾ കൃത്യമായി ജോലിക്ക് പോകുന്നുണ്ട്… ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്… അവന്റെ പഴയ ദേഷ്യത്തിനും എടുത്തു ചാട്ടത്തിനും കുറവു വന്നു… ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഒക്കെ വന്നതു പോലെ തോന്നാണ്… ” ദാസൻ പറഞ്ഞു… “വിഷ്ണുവേട്ടനും പറയാറുണ്ട്… പണ്ടത്തെ ആര്യനിൽ നിന്നും ഒരുപാട് മാറിപ്പോയി എന്ന്…” “മോളോട് ക്ഷമ പറയാൻ കൂടിയാണ് ഞങ്ങൾ വന്നത്… ” ലളിത പറഞ്ഞു… “അയ്യോ ! അതൊന്നും വേണ്ട… കുടിക്കാൻ ചായ എടുക്കട്ടെ?” “വേണ്ട മോളെ… ”

“എന്നാലും ആദ്യമായി ഇങ്ങോട്ട് വന്നിട്ട്… ” “എന്നാൽ വെള്ളം എടുത്താൽ മതി… മോൾക്കും വയ്യല്ലോ… അതെടുത്തു വന്നിട്ട് ഇവിടെ ഇരിക്ക്…” ദാസൻ പറഞ്ഞു… ജനനി വെള്ളം എടുത്തു വരുമ്പോൾ അവർ ചുമരിലായി ആര്യൻ വരച്ച ജനനിയുടെ ചിത്രത്തിൽ നോക്കി നിൽക്കുകയായിരുന്നു .. “എങ്ങനെയുണ്ട്… കൊള്ളാമോ? “ജനനി തിരക്കി… “ഇല്ലാതെ പിന്നെ… ഞങ്ങളുടെ മോനായതു കൊണ്ട് പറയുന്നതല്ല… മോളെ നേരിൽ കാണുന്നതു പോലെ അങ്ങു പകർത്തി വെച്ചിരിക്കുകയല്ലേ…” ലളിത പറഞ്ഞു… ജനനി പുഞ്ചിരിച്ചു… “അവൻ വരച്ചിരിക്കുന്ന എത്രയോ ചിത്രങ്ങൾ കണ്ടിരിക്കുന്നു… അതെല്ലാം മനോഹരവുമായിരുന്നു… എങ്കിലും ഈ ചിത്രത്തിനു എന്തോ പ്രത്യേകതയുള്ള പോലെ തോന്നുന്നു… ” ദാസൻ പറഞ്ഞു… “സത്യം… അവന്റെ ഉള്ളിൽ മോള് നന്നായി പതിഞ്ഞിരിക്കുന്നു…

ജീവൻ തുടിക്കുന്ന ചിത്രമാണിത് എന്നതിൽ ഒരു സംശയവും ഇല്ല… മോളെ വലിയ കാര്യമാണ് അവന്… ” ലളിത പറഞ്ഞു… “അറിയാം അമ്മേ… വിഷ്ണുവേട്ടൻ എപ്പോഴും പറയും… എന്റെ ആര്യനെ എന്നെ പോലെ കാണണം എന്നൊക്കെ… വിഷ്ണുവേട്ടനെ പോലെ എനിക്ക് പ്രിയപ്പെട്ട ഏട്ടൻ തന്നെയാണ് ആര്യൻചേട്ടനും… ഞങ്ങൾ മൂന്നു പേരും ഒരു അമ്മയുടെ വയറ്റിൽ പിറന്നില്ല എന്നേയുള്ളു… ” ജനനി പറഞ്ഞു നിർത്തിയതും ദാസന്റെയും ലളിതയുടെയും മുഖത്തെ പുഞ്ചിരി മാഞ്ഞു… ലളിത എന്തോ പറയാൻ തുനിഞ്ഞതും ദാസൻ അരുതെന്ന് കണ്ണുകൾ കൊണ്ട് വിലക്കി… കുറച്ചു കഴിഞ്ഞപ്പോൾ അവർ പോകാൻ തിടുക്കം കൂട്ടി… ഉച്ച ഭക്ഷണം കഴിഞ്ഞു പോകാം എന്ന് ജനനി നിർബന്ധപൂർവ്വം പറഞ്ഞെങ്കിലും അവർ സ്നേഹത്തോടെ നിരസിച്ച് അവിടെ നിന്നും ഇറങ്ങി… **

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോഴാണ് ജനനി ഉണർന്നത്… അവൾ എടുക്കുമ്പോഴേക്കും കാൾ കട്ട്‌ ആയി… നീരവിന്റെ പേര് ഡിസ്പ്ലേയിൽ കണ്ടതും അവൾ വേഗം തിരിച്ചു വിളിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ഇരുന്ന് പോയി… കുറച്ചു കഴിഞ്ഞതും വീണ്ടും കാൾ വന്നു.. ഫസ്റ്റ് റിംഗിൽ തന്നെ അവൾ നീരവിന്റെ കാൾ എടുത്തു… “ഹലോ… ” “ജാനി… ” “ഹ്മ്മ്? ” “എവിടെയാ പെണ്ണേ നീ… ഒരു വിവരവും ഇല്ലല്ലോ… ” “ഞാൻ ഇവിടെ ഉണ്ടായിരുന്നു…” “എന്നിട്ട് ഞാൻ വിളിച്ചിട്ട് എന്തെ എടുക്കാഞ്ഞത്? ” “എടുക്കുമ്പോഴേക്കും കട്ടായിപ്പോയി…. ” “ഭക്ഷണം കഴിച്ചോ? ” “കഴിച്ചു… ടാബ്ലറ്റ് കഴിച്ച് അങ്ങനെ കിടന്നതാ.. അങ്ങനെ ഉറങ്ങിപ്പോയി…” “ബുദ്ധിമുട്ട് ആയോ ഇപ്പോൾ വിളിച്ചത്? ” “ഏയ്‌! ഇല്ല… ” “നെറ്റിയിലെ മുറിവ് എങ്ങനെയുണ്ട്? ” “കുഴപ്പമില്ല… വേദന കുറവുണ്ട്… ഇന്ന് ഓഫീസിൽ പോയില്ലേ? ”

“ഹ്മ്മ്… ക്യാബിനിൽ ഇരിക്കുമ്പോൾ കണ്ണ് അറിയാതെ സ്ക്രീനിലേക്ക് ഓടും… സത്യം പറഞ്ഞാൽ ജാനി ജോയിൻ ചെയ്തതിൽ പിന്നെ ഞാൻ ഏറ്റവും കൂടുതൽ സ്‌ക്രീനിൽ ചെക്ക് ചെയ്യുക നിങ്ങളുടെ ക്യാബിൻ ആയിരിക്കും.. അവിടെ ജാനിയേയും… ” “അപ്പോൾ സി സി ടീ വി ഫിക്സ് ചെയ്തത് വായി നോക്കാൻ ആണല്ലേ? ” ജാനി ചിരിയോടെ തിരക്കി… “അതിനു വേണ്ടിയല്ല… പക്ഷേ നിന്നെ നോക്കിയിരുന്നിട്ടില്ല എന്ന് ഞാൻ പറയില്ല… ” “ഹ്മ്മ്… ” “ഇനി എന്നാ കാണുക? ” “ഒരാഴ്ച എന്നോട് ഓഫീസിലേക്ക് വരണ്ട എന്ന് സാർ പറഞ്ഞെന്ന് വിഷ്ണുവേട്ടൻ പറഞ്ഞല്ലോ… ” “ഞാൻ അങ്ങോട്ട് ഒന്നു വന്നോട്ടെ? ” “ഇപ്പോഴോ? ” “ഹ്മ്മ്… ” “ഇന്നലെ രാത്രി നമ്മൾ കണ്ടതല്ലേ… ഇപ്പോൾ വരണ്ട… ഇവിടെ ആരും ഇല്ല… ” “ജാനി ഉണ്ടല്ലോ… ” “വിഷ്ണുവേട്ടൻ ഉള്ളപ്പോൾ വന്നാൽ മതി… ” “പേടിയാണോ എന്നെ? ” “പേടിച്ചിട്ടൊന്നും അല്ല…”

“പിന്നെ… വിശ്വാസം ഇല്ലാതെയാണോ… അന്നു ഞാൻ ചെയ്ത പോലെ എന്തെങ്കിലും ചെയ്യുമോ എന്ന് കരുതിയാണോ? ” “അങ്ങനെ ഒന്നും അല്ല… ഞാൻ സാറിന്റെ സ്വന്തം ആകുന്നതു വരെ ഇങ്ങനെ മതി… ” “നീ എന്റെ സ്വന്തം തന്നെയല്ലേ ജാനി? ” “ഹ്മ്മ്… “മൂളാതെ പറയൂ… എന്റെ സ്വന്തം തന്നെയല്ലേ? ” “അതേ… സാറിന്റെ സ്വന്തം തന്നെയാ… ” “പിന്നെ നേരത്തെ പറഞ്ഞതോ? ” “ഇന്നലെ ഇവിടെ നിന്നും കൊണ്ടു പോയ ആ താലി എന്റെ കഴുത്തിൽ അണിയുന്നതു വരെ ഇങ്ങനെ മതി… ” “ജാനിയുടെ ഇഷ്ടം… മുൻവശത്തെ ഡോർ ഒന്നു തുറക്കാമോ? ” “എന്തിനാ? ” “ഒന്നു തുറക്കെടോ… ” എന്നു പറഞ്ഞ് നീരവ് കാൾ കട്ട്‌ ചെയ്തു… ഒന്നു ശങ്കിച്ചെങ്കിലും അവൾ ചെന്ന് വാതിൽ തുറന്നു… നേരെ നോക്കിയതും ഗേറ്റിനു മുൻപിൽ നിർത്തിയിട്ടിരിക്കുന്ന കാറാണ് കണ്ടത്…

ഗ്ലാസ്സ് താഴ്ത്തി നീരവ് കൈ വീശി കാണിച്ചതും ജനനി കണ്ണുകൾ മിഴിച്ച് അവനെ നോക്കി… അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് കാർ അവളിൽ നിന്നും അകന്നു പോയി…. ജനനി വേഗം അകത്തേക്ക് ഓടിച്ചെന്നു… ഫോൺ എടുത്ത് അവനെ വിളിച്ചു… “ഇവിടെ നിന്നാണോ കാൾ ചെയ്തത്? ” “ഓഫീസിൽ ഇരുന്നപ്പോൾ ഒരു സമാധാനവും ഇല്ലായിരുന്നു… അവിടെ ഇരുന്നാലും ഓഫീസ് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ പറ്റില്ല… നീ തനിച്ചല്ലേ… വിഷ്ണു വരുന്നതു വരെ ഒരു കമ്പനി തരാൻ വന്നതായിരുന്നു… സാരമില്ല… ” “ഹ്മ്മ്… ” “ഞാൻ പിന്നെ വിളിക്കാം ജാനി… ” എന്നും പറഞ്ഞ് കാൾ അവസാനിച്ചപ്പോൾ അവൾക്ക് അവനെ കാണാൻ തോന്നി . ഒരുപാട് നേരം സംസാരിച്ചിരിക്കാൻ തോന്നി… വിരലിൽ കിടക്കുന്ന മോതിരത്തിലേക്ക് അവൾ പുഞ്ചിരിയോടെ നോക്കി… പതിയെ അധരങ്ങൾ ചേർത്തു വെച്ചു….

ബെഡിലേക്ക് ചായുമ്പോൾ നമസ്സിലേക്ക് കടന്നു ചെന്ന ദിവസം മനസ്സിൽ തെളിഞ്ഞു. ഗൗരവം നിറഞ്ഞ മുഖത്തോടെ തന്റെ നേർക്ക് അപ്പോയ്ന്റ്മെന്റ് ലെറ്റർ നീട്ടിയ നീരവിനെ നോക്കി ജനനി പുഞ്ചിരിച്ചെങ്കിലും ആ പുഞ്ചിരി പാഴായിപ്പോയി… ഓഫീസിൽ നീരവിനോടുള്ള എല്ലാവരുടെയും ഭയവും ബഹുമാനവും നീരവിന്റെ പൊട്ടിത്തെറികളുമെല്ലാം കാണുമ്പോഴും ജനനിയ്ക്ക് ബഹുമാനമല്ലാതെ ഭയം തോന്നിയിരുന്നില്ല… അതു കൊണ്ട് തന്നെ മറ്റുള്ളവർ നീരവിന്റെ മുഖത്തു നോക്കി സംസാരിക്കാൻ ഭയപ്പെടുമ്പോഴും അവൾ അവന്റെ മുഖത്തു നോക്കി ധൈര്യപൂർവ്വം സംസാരിക്കുമായിരുന്നു… തന്റെ ഭാഗത്ത്‌ വരുന്ന തെറ്റുകൾ അംഗീകരിക്കാനും തിരുത്താനും മടിയില്ലായിരുന്നു അവൾക്ക്… അതു പോലെ തന്റെ നേർക്ക് വരുന്ന ആരോപണങ്ങൾ അതു സത്യമല്ലെങ്കിൽ യാതൊരു കാരണവശാലും അംഗീകരിച്ചു കൊടുക്കാനും അവൾ ഒരുക്കമല്ലായിരുന്നു…

അങ്ങനെയാണ് ഹർഷയും സെലിനും ജനനിയെ ശത്രുവിനെ പോലെ കാണാൻ തുടങ്ങിയതും. അവരുടെ ഭാഗത്തു വരുന്ന തെറ്റുകൾ ജനനിയുടെ തലയിലേക്ക് ഇട്ടു കൊടുത്താൽ അവൾ അതു തിരികെ അവരുടെ തലയിലേക്ക് തന്നെ ഇട്ട് തന്റെ ഭാഗം ക്ലിയർ ചെയ്യുമായിരുന്നു…. ദിവസങ്ങളും മാസങ്ങളും കടന്നു പോകെ ഗൗരവം നിറഞ്ഞ മുഖത്തെ കണ്ണുകളിൽ തന്നോടുള്ള കരുതലും സ്നേഹവും പ്രണയവും ഒളിഞ്ഞിരിക്കുന്നത് ജനനി തിരിച്ചറിഞ്ഞിരുന്നു… തന്റെ കണ്ണുകൾ നിറഞ്ഞാൽ മനസ്സ് അസ്വസ്ഥമായാൽ എല്ലാം സാറിന്റെ സാന്നിധ്യവും കരുതലും തന്നെ വലയം ചെയ്യുന്നത് അവളുടെ കരുത്ത് ആയിരുന്നു…

ആര്യൻ ഹോസ്പിറ്റലിൽ വെച്ച് ഏൽപ്പിച്ച മുറിവുകൾ തന്നേക്കാൾ വേദനിപ്പിച്ചത് സാറിനെ ആയിരുന്നു എന്ന് അവൾക്ക് അറിയാമായിരുന്നു… പുലർച്ചെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ പുറകിൽ തനിക്ക് സുരക്ഷയുടെ കവചം തീർത്ത് തന്റെ സർ ഉണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു…. വരുണേട്ടനെ ഓഫീസിൽ വെച്ചു കണ്ട ദിവസം തനിക്ക് പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് സർ വരുണിനെ അടിച്ചതെന്ന് അവൾക്ക് അറിയായിരുന്നു… എന്നിട്ടും… നീരവ് പ്രണയം തുറന്നു പറഞ്ഞിട്ടും ആ പ്രണയം നെഞ്ചിലേറ്റാൻ കഴിയാതെ നീറി പുകയേണ്ടി വന്നു അവൾക്ക്…. രാത്രി പെയ്ത മഴയിൽ മിഴിനീരിനൊപ്പം നഷ്ടപ്പെടുത്താൻ ശ്രമിച്ച പ്രണയം… സാറിന്റെ ബന്ധുക്കളുടെയും എല്ലാവരുടെയും മുൻപിൽ വെച്ച് നിരസിക്കാൻ ശ്രമിച്ച പ്രണയം ഇന്നിതാ തന്നിൽ ശ്വാസം പോലെ നിറഞ്ഞിരിക്കുന്നു…ജനനി അവൻ അണിയിച്ച മോതിരം നെഞ്ചോടു ചേർത്തു വെച്ചു… മിഴികൾ പൂട്ടിയപ്പോൾ ആനന്ദാശ്രുക്കൾ ചെന്നിയിലൂടെ ഒഴുകി… ***

ആര്യൻ വീട്ടിൽ എത്തുമ്പോൾ അച്ഛനും അമ്മയും അവനെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു… “ജാനിയെ കാണാൻ പോയിരുന്നല്ലേ? ” അവൻ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചു കൊണ്ട് തിരക്കി.. “പോയിരുന്നു…. ” ലളിത സങ്കടത്തോടെ പറഞ്ഞു… “അങ്ങോട്ട് പോകണം എന്നു പറഞ്ഞ് വലിയ തിരക്ക് ആയിരുന്നല്ലോ… എന്നിട്ട് അവളെ കണ്ടപ്പോൾ എന്തുപറ്റി?” ആര്യൻ തിരക്കി… “ഞങ്ങൾ വിചാരിച്ചത് മോന് അവളെ ഇഷ്ടമാണെന്നാ… ” ദാസൻ പറഞ്ഞു… “എനിക്ക് അവളെ ഇഷ്ടമാണല്ലോ… ” “ജാനിമോൾക്ക് ഒരു ആലോചന വന്ന കാര്യം മോൻ പറഞ്ഞിരുന്നല്ലോ… അതിനു അവർ തീരുമാനം എടുത്തിട്ടില്ലെങ്കിൽ നമ്മുടെ വീട്ടിലേക്ക് അവളെ കൊണ്ട് വരണം എന്നുണ്ടായിരുന്നു…

നിന്റെ ഭാര്യയായിട്ട്… പക്ഷേ… ” “ഞാൻ പറഞ്ഞതല്ലേ അമ്മേ അവളുടെ വിവാഹം ഉറപ്പിച്ച പോലെ തന്നെയാണെന്ന് പിന്നെ എന്തിനാ വെറുതെ… ” “അവൾ പറഞ്ഞു മോനെ… നീയും വിച്ചുവും അവളും ഒരു അമ്മയുടെ വയറ്റിൽ പിറന്നില്ല എന്നേയുള്ളു എന്ന്… ” “ഹ്മ്മ്… ” “ഞങ്ങൾ വിചാരിച്ചു മോന് അവളെ…. ” അമ്മ പൂർത്തിയാക്കാതെ നിർത്തി.. “ജാനി സന്തോഷമായിരിക്കണം അത്രയേയുള്ളൂ എന്റെ മനസ്സിൽ… അവളെ സ്വന്തമാക്കണം എന്നോ അവൾ എന്നെ സ്നേഹിക്കണമെന്നോ എന്നൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല… നീരവിന്റെ കൂടെ അവൾ സന്തോഷവതിയായിരിക്കും… ഇനി അതിനുള്ള കാത്തിരിപ്പാണ്… അവൾ സുമംഗലിയായി തീരുന്നത് കാണാനുള്ള കാത്തിരിപ്പ്…. ”

എന്നും പറഞ്ഞ് ആര്യൻ മുറിയിലേക്ക് പോയിട്ടും ലളിതയും ദാസനും അവിടെ തന്നെ ഇരുന്നു… ആര്യൻ കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു… തന്റെ പ്രതിബിംബത്തിലേക്ക് നോക്കി… അരികിൽ ചുരുൾ മുടി വിടർത്തിയിട്ട് നിൽക്കുന്ന ജനനിയുടെ രൂപം തെളിഞ്ഞു വന്നതും അവൻ മുഷ്ടി ചുരുട്ടി കണ്ണാടിയിൽ ഇടിച്ചു… തകർന്നു വീണ ചില്ലുകഷ്ണങ്ങളിൽ അവന്റെ രക്തവും പടർന്നിരുന്നു…….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 42

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-