തമസ്സ്‌ : ഭാഗം 2

തമസ്സ്‌ : ഭാഗം 2

എഴുത്തുകാരി: നീലിമ

എന്റെ നെഞ്ചോട് ചെവി ചേർത്തു കിടന്നു നിങ്ങളുടെ ഹൃദയ താളം കേൾക്കാതെ ഞാൻ എങ്ങനെ ഉറങ്ങും ജയേട്ടാ എന്ന് പറഞ്ഞിരുന്ന നീ ……. ഓർമ്മകൾ മരിക്കുന്നില്ലല്ലോ ജാനി….. കണ്ണുകൾ അടച്ച് ഇരു കൈകളിലും തല താങ്ങി മോഹൻ ചെയറിലേയ്ക്കിരുന്നു. അയാൾ ഇറുകെ പൂട്ടിയ മിഴിക്കോണിൽ നിന്നും രണ്ട് തുള്ളി അടർന്നു നിലത്തേക്ക് വീണു. ✨✨✨✨✨✨✨✨✨✨✨ ഏറെ നേരം മോഹൻ അങ്ങനെ തന്നെ ഇരുന്നു……. ഓർമകളുടെ പെരുമഴക്കാലമായിരുന്നു മനസ്സിൽ…… അവളെക്കുറിച്ചുള്ള നല്ല ഓർമകളുടെ…… ആദ്യമായി കണ്ടത്……പ്രതീക്ഷകൾക്ക് ചിറകുകൾ നൽകി ഒന്നായത് ……ഇരു മെയ്യും ഒരു മനസുമായി ഹൃദയങ്ങൾ തമ്മിൽ, ആത്മാക്കാൾ തമ്മിൽ ഇഴുകിച്ചേർന്നു പ്രണയിച്ചത്…..

തങ്ങളുടെ പ്രണയാകാശത്തിലെ പ്രകാശം പരത്തുന്ന കുഞ്ഞു നക്ഷത്രമായി കുഞ്ഞി ഉദിച്ചത് ……. നിറമുള്ള ഓർമ്മകൾ അയാളുടെ മനസിലേയ്ക്ക് ഓടിയെത്തി. ഇതിനിടയിൽ എവിടെയാണ് പിഴച്ചത്……? ജീവിതത്തിന്റെ താളം നഷ്ടമായത്……..? മത്സരിച്ചു സ്നേഹിച്ചിരുന്ന ഹൃദയങ്ങൾ അകന്നത് എപ്പോഴാണ്……? ഇല്ല…………. അകന്നിരുന്നില്ലല്ലോ? എന്റെ ഹൃദയം ഇപ്പോഴും അവളോട് ചേർന്നിരിക്കുകയാണല്ലോ……… ഒരിക്കലും അകലാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട്…….. അതാണ്‌ എന്നെയിപ്പോ ഏറെ വേദനിപ്പിക്കുന്നതും………. ചിന്തകൾ കടിഞ്ഞാൺ പൊട്ടിച്ചു യധേഷ്ടം ഒഴുകി നടന്നു……. നിർത്താതെയുള്ള ഫോൺ ബെൽ ആണ് ചിന്തകളുടെ നൂലിഴ പൊട്ടിച്ചത്. കയ്യിൽ ഇരുന്ന ഫോണിലേക്ക് ഒന്ന് നോക്കി ജയമോഹൻ……. അൽവിയാണ്……. കാൾ എടുത്തപ്പോഴേ ചോദ്യം വന്നു….. “””ടാ…

ഞാൻ ഇവിടുന്ന് ഇറങ്ങട്ടെ? “”” അവന്റെ ചോദ്യം ആദ്യം ഒന്ന് ഞെട്ടിച്ചു. പതിയെ കണ്ണുകൾ ക്ലോക്കിലേയ്ക്ക് സഞ്ചരിച്ചു. സമയം കണ്ട് വീണ്ടും ഞെട്ടി. ഇത്ര നേരം താൻ മറ്റൊരു ലോകത്തായിരുന്നോ? സമയം പോയതൊന്നും അറിഞ്ഞതേ ഇല്ല………. “””കുറച്ചു കഴിഞ്ഞു മതീടാ…. ഞാൻ റെഡി ആയിട്ടില്ല……… “”” “””ഇത്ര നേരമായിട്ടോ? മ്മ്……. ഓരോന്ന് ആലോചിച്ചിട്ട് ഇരുന്നു കാണും ഇതുവരെ….. എന്തിനാടാ ഓരോന്നിങ്ങനെ ആലോചിച്ചു മനസ്സ് വിഷമിപ്പിക്കുന്നത്? നീ പോയാൽ ശരിയാകില്ലെടാ……. നിന്റെ മനസ്സ് എനിക്ക് നന്നായിട്ടറിയാം….. ആരെയും വെറുക്കാൻ നിനക്ക് പറ്റത്തില്ല. ഇല്ലെങ്കിൽ നിന്നെ ചതിച്ചവളെ ഓർത്ത് ഇങ്ങനെ വിഷമിച്ചിരിക്കുമോ? “””

“””ആൽവി പ്ലീസ്…. വേണ്ട…. “”” “”” ഓ… ശരി … ഞാൻ ഒന്നും പറയുന്നില്ല….. പറഞ്ഞിട്ടും കാര്യമില്ലല്ലോ? പെട്ടെന്ന് റെഡി ആയി നിലക്ക്. ഞാൻ ഒരു പത്തു മിനിറ്റ് കഴിഞേ ഇവിടുന്ന് ഇറങ്ങുന്നുള്ളൂ . ഇപ്പൊ തന്നെ ലേറ്റ് ആയി… രാവിലെ അങ്ങ് എത്തേണ്ട? “”” “””ഹാ ടാ…. ഞാൻ ദാ ഇപ്പൊ റെഡി ആകാം…. ഒരു പത്തു മിനിറ്റ് കഴിഞ്ഞു നീ ഇങ് പോരെ….. കാർ എടുക്കണ്ട. എന്റെ കാറിൽ പോകാം…..””” “””മ്മ്… ശരി… ഇനിയും ഓരോന്ന് ആലോചിച്ചു ഇരിക്കാതെ പെട്ടെന്ന് റെഡി ആകാൻ നോക്ക്. “”” “””ഓക്കേ ടാ……””” ✨✨✨✨✨✨✨✨✨✨ റെഡി ആയിക്കഴിഞ്ഞു മോഹൻ ഒരു ചെറിയ ബാഗിലേയ്ക്ക് ഒരു ജോഡി ഡ്രസ്സ്‌ കൂടി എടുത്ത് വച്ചു. ചിലപ്പോൾ ഒരു ദിവസം എങ്ങാനും തങ്ങേണ്ട ആവശ്യം വന്നാലോ എന്ന് തോന്നി പെട്ടെന്ന്. പിന്നെ ഉറങ്ങുകയായിരുന്ന കുഞ്ഞിനരികിലേയ്ക്ക് ചെന്നു….. ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയുമായി ഉറങ്ങുകയായിരുന്നു കുഞ്ഞി ……..

അവൾ സ്വപ്നം കാണുകയാകുമോ? ആരെയാകും സ്വപ്നം കാണുന്നത്? തന്നെയാകുമോ? അതോ അവളുടെ അമ്മയെയോ? ഒരു നിമിഷം അവൻ ഓർത്തു നിന്നു പോയി…….. . കുനിഞ്ഞു ആ കുഞ്ഞു നെറ്റിയിൽ ഒന്ന് ചുംബിച്ചു…. അപ്പോൾ ആ കുഞ്ഞിചുണ്ടിലെ ചിരി കൂടുതൽ വിരിയുന്നത് കണ്ടു…… അത് കണ്ട് അവന്റെ ചുണ്ടുകളിലും നേർത്ത ഒരു ചിരി സ്ഥാനം പിടിച്ചു. പതിയെ ബാഗും എടുത്ത് അവൻ പുറത്തേയ്ക്കിറങ്ങി. ✨✨✨✨✨✨✨✨✨✨ ആഹാരം കഴിഞ്ഞു സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്നു പ്രഭാകരനും ജയശ്രീയും . റൂമിൽ നിന്നും ഇറങ്ങി വരുന്ന മോഹനെക്കണ്ടു പ്രഭാകരൻ ഒന്ന് ചിരിച്ചു. “””മോഹൻ എറണാകുളത്തു പോകുവാണെന്നു ജയ പറഞ്ഞു. എന്താ മോനേ പെട്ടെന്ന്?””” അയാൾക്ക് എന്ത് മറുപടി നൽകണമെന്ന് കുറച്ചു നിമിഷങ്ങൾ മോഹൻ ആലോചിച്ചു നിന്നു.

എത്ര വിരോധം ഉണ്ടെന്ന് പറഞ്ഞാലും … എത്ര ദേഷ്യം ഉണ്ടെന്ന് പറഞ്ഞാലും… അവൾ….. ജാനകി……..അവരുടെ മകളാണ്…… അതങ്ങനെ അല്ലാതാകില്ലല്ലോ? ഒരച്ഛനും കാണാനോ അറിയാനോ ആഗ്രഹിക്കാത്ത ഒരു സാഹചര്യത്തിൽ അവൾ പോലീസ് പിടിയിലായി എന്നറിഞ്ഞാൽ…. സ്വബോധം പോലും നഷ്ടമായ അവസ്ഥയിൽ ആണ് അവളിപ്പോൾ ഉള്ളതെന്നു അവരറിഞ്ഞാൽ….. എങ്ങനെ അവർക്കത് സഹിക്കാനാകും…..? വേണ്ട… ഇപ്പൊ അവര് ഒന്നും അറിയേണ്ട…. ഒടുവിൽ മോഹൻ അങ്ങനെ തീരുമാനിച്ചു….. “””എന്താ മോനേ?. എന്തെങ്കിലും പ്രശ്നം ഉണ്ടോ? “”” മോഹൻ മിണ്ടാതെ നിൽക്കുന്നത് കണ്ട് പ്രഭാകരൻ വീണ്ടും ചോദിച്ചു. “””ഏയ്…. ഒന്നുമില്ല…. അത്… പിന്നെ….. “””

മറുപടി ഇല്ലാതെ വാക്കുകൾക്കായി മോഹൻ പരതുന്നത് കണ്ടപ്പോൾ തങ്ങളോട് പറയാൻ കഴിയാത്ത എന്തോ ആണ് അവന്റെ മനസ്സിൽ എന്ന് പ്രഭാകരന് മനസിലായി. കൂടുതൽ ചോദിച്ചു അവനെ വിഷമിപ്പിക്കേണ്ട എന്ന് അയാൾക്ക് തോന്നി. “””പ്രയാസമാണെങ്കിൽ പറയണ്ട മോഹൻ… ഞാൻ ചോദിച്ചു എന്നെ ഉളളൂ….. “””” “”””ഏയ്… അങ്ങനെ ഒന്നും ഇല്ലച്ഛാ…. ഞാൻ തിരികെ വന്നിട്ട് പറയാം….. “””” “”””ഹാ… എന്നാൽ അങ്ങനെ ആകട്ടെ ….. “”” ബാഗും എടുത്ത് പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയ മോഹനെ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ വിളിച്ചു….. “”””നാളെ സാധനങ്ങൾ എടുക്കാം എന്നല്ലേ തീരുമാനിച്ചിരുന്നത്…. ഞാൻ അങ്ങ് പോകാം …. ഇനിയിപ്പോ മോൻ വരുന്നത് വരെ കാക്കുന്നതെന്തിനാ? “””” “””അത് പിന്നെ അച്ഛാ….. അച്ഛൻ ഒറ്റയ്ക്ക്…..?

കിഷോറിനെക്കൂടി കൂട്ടാം എന്ന് കരുതിയാൽ കടയിൽ ആളില്ലാതെ ആയിപ്പോകില്ലേ? കട അടയ്ക്കാം എന്ന് വിചാരിച്ചാൽ സ്ഥിരമായി പാലും ബേക്കറിയുമൊക്കെ വാങ്ങുന്നവർക്ക് അത് ബുദ്ധിമുട്ടാകും…… നമുക്ക് നാളെക്കഴിഞ്ഞു പോകാം അച്ഛാ…. അത് പോരെ? “””” തീർത്തും സൗമ്യമായി മോഹൻ ചോദിച്ചപ്പോൾ അതാണ്‌ നല്ലത് എന്ന് അയാൾക്കും തോന്നി. “””എന്നാൽ അത് മതി ….. “””” അപ്പോഴേയ്ക്കും ആൽവിയുടെ ബൈക്ക് മുറ്റത്ത് എത്തിയിരുന്നു….. അവനെക്കണ്ടു ബാഗും എടുത്ത് മോഹനും മുറ്റത്തേയ്ക്ക് ഇറങ്ങി. “”””കേറുന്നില്ലേ ആൽവി ? “””” ജയശ്രീ വിളിച്ചു ചോദിച്ചു. “””ഇല്ല ആന്റി… ഇപ്പൊത്തന്നെ ലേറ്റ് ആയി…….””” മോഹനടുത്തേയ്ക്ക് നടന്നു കൊണ്ട് ആൽവി പറഞ്ഞു.

ഒരുമിച്ചു കാറിനടുത്തേക്ക് നടക്കുമ്പോ ആൽവി വീണ്ടും ചോദിച്ചു……. “””നമുക്ക് പോകണോടാ? മനസ്സിൽ കുഴി വെട്ടി മൂടിയതൊക്കെ വീണ്ടും കുത്തിപ്പൊക്കാണോ?”””” “”””ഇല്ലെടാ… പോകണം… എന്തോ എന്റെ മനസ്സ് അങ്ങനെ പറയുന്നു…. എനിക്കറിയില്ലെടാ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന്……. പോകണം… അത് മാത്രം അറിയാം…. “”” മോഹന്റെ ശബ്ദം തീരെ നേർത്തിരുന്നു…… അവന്റെ മനസ്സ് മനസിലായിട്ടെന്നോണം ആൽവി മറുത്തൊന്നും പറഞ്ഞില്ല. “”””എന്തായാലും നീ ഡ്രൈവ് ചെയ്യണ്ട… ഞാൻ ഓടിച്ചോളാം…. “””” മോഹന്റെ കയ്യിൽ നിന്നും ചാവി വാങ്ങി ആൽവി ഡ്രൈവിംഗ് സീറ്റിലേക്ക് കടന്നിരുന്നു. കോഡ്രൈവർ സീറ്റിലേക്ക് മോഹനും ഇരുന്നു. “”””ഓരോന്ന് ആലോചിച്ചിരിക്കാതെ നീ ഒന്ന് മയങ്ങാൻ നോക്ക്…. “””” ആൽവി കാർ മുന്നോട്ട് എടുക്കുമ്പോ കണ്ണുകളടച്ചു സീറ്റിലേക്ക് ചാഞ്ഞിരുന്നു മോഹൻ….. എന്ത് കൊണ്ടോ ഉറക്കം വേഗത്തിൽ അവന്റെ കണ്ണുകളെ തേടിയെത്തി. ✨✨✨

“”””ആരാടി അവൻ? എനിക്കിപ്പോ അറിയണം…”””” വർധിച്ച ദേഷ്യത്തോടെ അവരുടെ മുടിക്കുത്തിനു പിടിച്ചു അലറുകയാണയാൾ…. “”””എന്നെ വിട്…… എനിക്ക് നോവുന്നു……അത് പാൽക്കാരനാണ്….. പാലിന്റെ കാശ് വാങ്ങാൻ വന്നതാ…..”””” “”””ആരാടി ഇവിടെ പാല് കുടിക്കുന്നത്? നീയോ?. ഇനി അതിന്റെ കൂടൊരു കുറവേ ഉള്ളൂ …..””” അതിന് അവര് പറഞ്ഞ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവരെ തല്ലി അവശയാക്കി അയാൾ….. ഇടയിലേക്ക് വന്ന കറുത്ത് മെലിഞ്ഞ ആ പയ്യനെ ചവിട്ടി നിലത്തേയ്ക്കിട്ടു…….. അലറിക്കരയുന്ന അവനെ വക വയ്ക്കാതെ അയാൾ അകത്തേയ്ക്ക് കടന്ന് കട്ടിലിലേക്ക് മറിഞ്ഞു….. ശരീരം മുഴുവൻ അടി കൊണ്ട പാടുകളുമായി നെറ്റി പൊട്ടി ചോര ഒലിപ്പിച്ചു ബോധരഹിതയായി കിടക്കുന്ന അമ്മയെ കുലുക്കി വിളിച്ചു ആ പയ്യൻ ഉറക്കെ അലറി… “”””””””അമ്മേ…………… “”””””” ✨✨✨

ഞെട്ടലോടെ കണ്ണുകൾ തുറന്നു മോഹൻ….. നെറ്റിയിലൂടെ വിയർപ്പ് ചാലുകൾ ഒഴുകിത്തുടങ്ങിയിരുന്നു……… ഭയന്ന കണ്ണുകൾ ചുറ്റും പരതുമ്പോൾ അടുത്തിരുന്ന ആൽവി ഭയത്തോടെ നോക്കുന്നതാണ് കണ്ടത്. ആൽവി വേഗം കാർ റോഡിന്റെ ഓരം ചേർത്ത് നിർത്തി. പിന്നെ ബോട്ടിൽ തുറന്ന് വെള്ളം മോഹന് നേരെ നീട്ടി…. അവൻ അത് വാങ്ങി ആർത്തിയോടെ കുടിച്ചു. ബോട്ടിൽ തിരികെ വാങ്ങി വച്ച ശേഷം മോഹന്റെ തോളിലേക്ക് പതിയെ കൈ വച്ചു കൊണ്ട് ആൽവി ചോദിച്ചു… “””””എന്താടാ? എന്ത് പറ്റി? എന്തെങ്കിലും വയ്യായ്ക ഉണ്ടോ? ആകെ വല്ലാതിരിക്കുന്നല്ലോ? “”””” “”””ഒന്നൂല്ലെടാ… ഒരു സ്വപ്നം…… “””” അത് പറയുമ്പോഴും മോഹന്റെ മുഖത്തേ ഭയം പൂർണമായും വിട്ടുമാറിയിരുന്നില്ല.

“”””അവളെ ആയിരിക്കും…. ഉണർന്നിരുന്നാൽ അവളെ ഓർത്തോണ്ടിരിക്കും എന്ന് കരുതിയ ഉറങ്ങാൻ പറഞ്ഞത്. ഇതിപ്പോ അതിനേക്കാൾ വലിയ കുരിശായല്ലോ കർത്താവേ….. “””” ആൽവി തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. “”””അവളല്ല…. അമ്മയാ…… അമ്മയെയാ ഞാൻ സ്വപ്നത്തിൽ കണ്ടത്…… “””” വാക്കുകൾ പെറുക്കി വച്ച് മോഹനത് പറയുന്നത് കേട്ടപ്പോൾ ആൽവിയുടെ മുഖത്തും വിഷാദം നിറഞ്ഞു. ഒന്നും മിണ്ടാത്തെ കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങിയ അവന്റെ കയ്യിലേക്ക് മോഹൻ മുറുകെ പിടിച്ചു. ആൽവി നോക്കുമ്പോ ദൂരേയ്ക്ക് കണ്ണ് നട്ടിരിക്കുകയാണ് മോഹൻ. “””””ആൽവി………. നിനക്കറിയാല്ലോ……?. പാവമായിരുന്നു എന്റെ അമ്മ….. ദ്രോഹിച്ചിട്ടേ ഉളളൂ അച്ഛൻ അമ്മയെ…. തരിമ്പ് പോലും സ്നേഹിച്ചിട്ടില്ല…. മദ്യപിച്ചു വന്ന് എന്നും പൊതിരെ തല്ലും….. അമ്മയുടെ ശരീരത്തിൽ നിന്നും ചോര പൊടിയുന്നത് വരെ തല്ലും…കാരണം ഒന്നും ഉണ്ടാകില്ല…. എന്നാലും തല്ലും… ചിലപ്പോൾ എനിക്കും കിട്ടും…….

എന്നിട്ടും അച്ഛൻ എഴുന്നേൽക്കാൻ വയ്യാതെ വീണ് പോയപ്പോ ഒരു പരാതിയും ഇല്ലാതെയാണ് അച്ഛന്റെ കാര്യങ്ങൾ ഓരോന്നും അമ്മ നോക്കിയത്. ഒരു കൊച്ച് കുഞ്ഞിനെ എന്ന പോലെയാണ്‌ അച്ചനെ പരിചരിച്ചത് . അച്ഛനെ കുളിപ്പിക്കുന്നതും ക്ലീൻ ചെയ്യുന്നതുമൊക്കെ ഒട്ടും വെറുപ്പോ അറപ്പോ ഇല്ലാതെ ചെയ്യുന്നത് കണ്ടിട്ടുണ്ട് ഞാൻ….. അമ്മയെ സ്നേഹിക്കാത്ത ഒരാളിനെ എങ്ങനെ ഇത്രയധികം സ്നേഹിക്കാൻ കഴിയുന്നു എന്ന് ചോദിച്ചപ്പോ, സ്നേഹം തിരികെ പ്രതീക്ഷിക്കാതെ കൊടുക്കേണ്ടതാണ് എന്നായിരുന്നു അമ്മേടെ മറുപടി…… പിന്നെ നമ്മുടെ ദേഷ്യം തീർക്കേണ്ടത് അവര് വീണ് പോകുമ്പോൾ അല്ല എന്നും…..”””” കുറച്ചു സമയം നിശബ്ദനയായിരുന്നു മോഹൻ… അവന്റെ വിതുമ്പുന്ന ചുണ്ടുകൾ ആൽവിക്കും വേദനയായി. “”””ശരിയാണ് അല്ലേടാ…….

നമ്മൾ സ്നേഹിക്കുന്നത് പോലെ തിരികെ സ്നേഹിക്കണം എന്ന് വാശി പിടിക്കുന്നത് വിഢിത്തമാണല്ലേ…..? ഞാൻ ……… ഞാൻ എന്റെ പ്രാണൻ കൊടുത്തു സ്നേഹിച്ചതല്ലേ അവളെ? അവൾ ചോദിക്കാതെ തന്നെ അവളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിയിരുന്നില്ലേ ഞാൻ….. ? എന്നിട്ടും അവൾ……… അവൾ എന്നെ സ്നേഹിച്ചിരുന്നില്ലേ ആൽവി………? “”””” ചോദ്യത്തോടെ അവൻ ആൾവിയെ നോക്കി….. വീണ്ടും എന്തോ പറയാൻ തുടങ്ങി. പക്ഷെ കൂടുതൽ പറയാനാകാതെ മുഖം പൊത്തി മോഹൻ……. “”””എന്താടാ ഇത്? ഒരുമാതിരി പെണ്ണുങ്ങളെപ്പോലെ……. എത്ര തവണ പറഞ്ഞു കഴിഞ്ഞതാണ് ഇതൊക്കെ..? വീണ്ടും ഓരോന്ന് ഓർത്ത് ഓർത്ത് കരയണത് എന്തിനാ? “””” ആൽവിയുടെ സ്വരത്തിൽ മോഹൻ ഇപ്പോഴും അവളെ ഓർത്ത് വിഷമിക്കുന്നതിലുള്ള ഈർഷ്യ ഉണ്ടായിരുന്നു.

“”””സങ്കടം… അത് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എല്ലാം ഒരേ അളവ് തന്നെ ആണെടാ……. ആണുങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കും… കണ്ണീരു പുറത്തു ചാടാതെ പിടിച്ചു നിർത്തും….. അപ്പോഴാണ് കൂടുതൽ നോവുന്നത്…… ഇപ്പോഴും നോവാണെടാ അവളെ ഓർക്കുമ്പോ….. വേദന അല്ലാതെ വെറുപ്പ് തോന്നിയിട്ടില്ല ഇത് വരെ……. ഒരു പാട് സ്നേഹിച്ചതല്ലേ? വെറുക്കാൻ മനസിന് പറ്റണില്ലായിരിക്കും…….”””” “”””മതി മതി… നിർത്തു…. നീ പോകണ്ട…. ഒരുത്തിയെയും കാണാൻ പോകണ്ട. ശരിയാവില്ല നീ പോയാൽ……..”””” ദേഷ്യത്തോടെ തല വെട്ടിച്ചു ആൽവി സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചു. “”””പോണം…. പോണം ആൽവി…. അത് പക്ഷെ അവളുടെ അവസ്ഥ കണ്ട് സന്തോഷിക്കാനല്ല…. മറിച്ചു എന്നിൽ അവൾ കണ്ട കുറവ് എന്താണെന്ന് ചോദിക്കാൻ….. അവൾ ഏത് അവസ്ഥയിൽ ആണെന്ന് എനിക്കറിയില്ല…

എന്നാലും എന്നെ അവൾ തിരിച്ചറിയും എന്നെന്റെ മനസ്സ് പറയുന്നു……””””” ആൽവി കുറച്ചു സമയം മോഹന്റെ മുഖത്ത് നോക്കിയിരുന്നു. പിന്നെ ഒന്നും മിണ്ടാത്തെ വണ്ടി മുന്നോട്ടെടുത്തു. മോഹന് പിന്നെ ഉറങ്ങാനായില്ല…പുറത്തെ ഇരുട്ടിലേയ്ക്ക നോക്കിയിരുന്നു…… പുറത്ത് ഉള്ളതിനേക്കാൾ ഇരുൾ തന്റെ മനസ്സിൽ ഉണ്ടെന്ന് അവനപ്പോൾ തോന്നി….. ✨✨✨✨✨✨✨✨✨✨ “””എടാ… ആ ഫോൺ എടുക്കു… എപ്പോഴേ അത് കിടന്ന് വിളിക്കുന്നു? “””” ആൽവി തട്ടി വിളിച്ചപ്പോഴാണ് മോഹൻ ഫോണിലേക്ക് നോക്കിയത്. SI യാണ്‌…. കാൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു. “”””മോഹൻ……നിങ്ങൾ സ്റ്റേഷനിലേയ്ക്ക് വരണ്ട… ഞാൻ ഇപ്പൊ ഇവിടെ അടുത്തൊരു ഓർഫനേജിൽ ആണ്… അവരെ അവിടെ നിർത്താൻ പറ്റാത്ത അവസ്ഥ വന്നപ്പോ ഇങ്ങോട്ടേക്ക് കൊണ്ട് വന്നതാണ്…

നിങ്ങൾ ഇങ്ങോട്ട് വന്നാൽ മതി. “””” “”””എന്ത്‌ പറ്റി സാർ? “””” ആധിയോടെ മോഹൻ ചോദിച്ചു. “”””ഏയ്… പേടിക്കാനൊന്നുമില്ല…. ഒക്കെ വന്നിട്ട് പറയാം…. അഡ്രസ് ഞാൻ വാട്സ്ആപ്പ് ചെയ്യാം…. “””” “”””ശരി സാർ…..”””” കാൾ അവസാനിപ്പിച്ചു SI പറഞ്ഞതൊക്കെ ആൽവിയോട് മോഹൻ പറഞ്ഞു. “”””ഓർഫനേജിലോ? അവിടെ ഇപ്പൊ എന്താ? ഹാ.. എന്തേലും ആകട്ടെ… അവിടെ എത്തുമ്പോ അറിയാല്ലോ….. “””” ഒരൊഴുക്കാൻ മട്ടിൽ ആൽവി പറയുമ്പോൾ മോഹന്റെ ചിന്തയും അത് തന്നെ ആയിരുന്നു. ✨✨✨✨✨✨✨✨✨✨ മാതാവ്….. ഓർഫനേജിന്റെ പേര് രണ്ട് വട്ടം വായിച്ച് നോക്കി മോഹൻ. പിന്നെ പതിയെ കാറിൽ നിന്നും ഇറങ്ങി. അവരെ കണ്ട ഉടനെ SI അവർക്കരികിലേയ്ക്ക് നടന്നു വന്നു. “”””ഇത് എനിക്ക് വളരെ പരിചിതമായ സ്ഥലമാണ്… അതാണ്‌ ഞാൻ അവരെ ഇങ്ങോട്ട് തന്നെ കൊണ്ട് വന്നത്…..

ഈ ജോലി കിട്ടുന്നത് വരെ ഞാനും ഇവിടുത്തെ ഒരംഗം ആയിരുന്നു. “‘””” അത് പറയുമ്പോ അയാളുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. “”””വരൂ… നമുക്ക് മദറിനെ കാണാം….. “”””” SI ശരത് കുമാറിന്റെ പിറകിലായി മോഹനും ആൽവിയും നടന്നു. ☘☘☘☘☘☘☘☘☘☘ മാതാവിന്റെ രൂപത്തിന് മുന്നിൽ കണ്ണുകളടച്ചു പ്രാര്ഥനയിലായിരുന്നു മദർ. കുറച്ചു സമയം മൂവരും മദറിനരികിലായി പ്രാർത്ഥിച്ചു നിന്നു. പ്രാർത്ഥിച്ചു തിരിയുമ്പോ അവരെക്കണ്ടു മദർ പുഞ്ചിരിച്ചു. ആ മുഖത്ത് വല്ലാത്തൊരു പ്രകാശം ഉള്ളതായി മോഹന് തോന്നി……. ശരിക്കും മാതാവ് മുന്നിൽ വന്ന് നിൽക്കുന്നത് പോലെ……. “”””നിങ്ങൾ വന്നോ കുട്ടികളെ….?. അവൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ഞാൻ…..

“””””. പറഞ്ഞിട്ട് മദർ മാതാവിന്റെ രൂപത്തിലേക്ക് ഒന്നുകൂടി നോക്കി… പിന്നീട് ” വരൂ….” എന്നുപറഞ്ഞു കൊണ്ട് മുന്നിൽ നടന്നു…… മദറിനെ അനുഗമിക്കുമ്പോ മോഹന്റെ ഹൃദയം അത്യുച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. ✨✨✨✨✨✨✨✨✨ സാമാന്യം വലിപ്പമുള്ള ഒരു റൂമിലാണ് അവർ എത്തിയത്. വലിയൊരു കട്ടിലും ഒരു ടേബിളും ഒരു ബുക്ക്‌ ഷെൽഫും മാത്രമായിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്. മുറിയിലേയ്ക്ക് കയറുമ്പോഴേ കണ്ട് മുറിയുടെ മൂലയ്ക്കായി കാൽമുട്ടിൽ മുഖം ഒളിപ്പിച്ചിരിക്കുന്ന ഒരു പെണ്ണിനെ……… വിറയ്ക്കുന്ന കാലടികളോടെയാണ് മോഹൻ അവൾക്കരികിലേയ്ക്ക് ചെന്നത്. കാൽപ്പെരുമാറ്റം കേട്ടിട്ടാകും അവൾ മുഖമുയർത്തി നോക്കി…… മുന്നിൽ കണ്ട മുഖം മോഹനെ വല്ലാതെ ഞെട്ടിച്ചു. മോഹന് ആ മുഖം തീരെ പരിചിതമായിരുന്നില്ല……

കറുത്ത് ഇടതൂർന്ന മുടിയാകെ പൊഴിഞ്ഞു പോയിരിക്കുന്നു….. കണ്ണുകളിലെ തിളക്കം പൂർണമായും ഇല്ലാതായിരിക്കുന്നു….. കൺതടങ്ങളിൽ കറുപ്പ് പടർന്നിട്ടുണ്ട്….. ഇളം ചുവപ്പാർന്ന ചുണ്ടുകളിലെ നിറത്തിനു പോലും മങ്ങലേറ്റിരിക്കുന്നു…… കീറിപ്പറിഞ്ഞിരിക്കുന്ന വസ്ത്രങ്ങൾക്ക് മുകളിലായി ഒരു ഷാൾ പുതച്ചിട്ടുണ്ട്… മുന്നിലിരിക്കുന്ന സ്ത്രീ രൂപം ജാനകിയുടെ വെറും നിഴൽ മാത്രം ആണെന്ന് തോന്നി മോഹന്……. അവൾ പക്ഷെ മോഹനെക്കണ്ടുടനെ പിടഞ്ഞെഴുന്നേറ്റിട്ടു……. “”””നീ വന്നോ….? നീ വന്നോ….? “””” വല്ലാത്ത ഒരാവേശത്തോടെ അവൾ മോഹനരികിലേയ്ക്ക് ഓടി വന്നു…. “”””താ… എനിക്കത് താ….. “”””‘ അവൾ മോഹന്റെ മുഖത്തേയ്ക്ക് തുറിച്ചു നോക്കി ഉറക്കെ പറഞ്ഞു……. “”””ദാ… ഇവിടെ… ഇവിടെ കുത്തി താ…. “””””

ഇടത് കൈ മുഷ്ടി ചുരുട്ടിപിടിച്ചു കൈ മുന്നിലേയ്ക്ക് നീട്ടി ഭ്രാന്തമായ ഒരാവേശത്തോടെ അവളത് പറയുമ്പോൾ മോഹന്റെ കണ്ണുകൾ അവളുടെ മുഖത്ത് നിന്നും കൈകളിലേക്ക് നീണ്ടു. വെളുത്ത കയിൽ പച്ച നിറത്തിൽ ഞരമ്പുകൾ തെളിഞ്ഞു കാണാമായിരുന്നു. അതിനിടയിൽ സൂചി കുത്തിയത് പോലെ കറുത്ത ചില അടയാളങ്ങൾ……. “””””ഇവിടെ… ഇവിടെ കുത്തി താ…… “””” അവൾ വീണ്ടും അതാവർത്തിച്ചു കൊണ്ടിരുന്നു……. “”””പറ്റണില്ല എനിക്ക് അതില്ലാതെ…. തല വെട്ടി പൊളിയണത് പോലെ വേദനിക്കുവാ….. ഞരമ്പുകളൊക്കെ വലിഞ്ഞു മുറുകണത് പോലെ……താ എനിക്കത്….. നിങ്ങൾ പറയണതൊക്കെ ഞാൻ ചെയ്യാം…. എവിടെ വേണോ വരാം…. എനിക്ക്… എനിക്കത് കിട്ടിയ മാത്രം മതി…… “””” മുന്നിലേയ്ക്ക് വന്നു മോഹന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവൾ അപേക്ഷ പോലെ പറഞ്ഞു……

പിന്നെ ഉറക്കെ ഉറക്കെ കരഞ്ഞു…….. വിറയ്ക്കുകയായിരുന്നു അവളാകെ….. മുന്നിൽ നിന്ന് ആർത്തലച്ചു കരയുന്നവളെ….. പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പുന്നവളെ നോക്കി എന്ത് ചെയ്യണം എന്നറിയാതെ നിന്നുപോയി അവൻ….. വിറയ്ക്കുന്ന ശരീരത്തിന് ആശ്വാസമായി ഒന്ന് പൊതിഞ്ഞു പിടിക്കാൻ….. നിനക്ക് ഒന്നുമില്ല എന്ന് പറഞ്ഞോന്നു ആശ്വസിപ്പിക്കാൻ…. നിറഞ്ഞൊഴുകുന്ന ആ മിഴിനീര് തുടച്ചു മാറ്റാൻ ഉള്ള് കൊണ്ട് കൊതിക്കുമ്പോഴും പ്രജ്ഞയറ്റവനെപ്പോലെ ചലിക്കാനാകാതെ നിൽക്കാനേ മോഹന് കഴിഞ്ഞുള്ളു……… തുടരും

തമസ്സ്‌ : ഭാഗം 1

Share this story