തമസ്സ്‌ : ഭാഗം 3

തമസ്സ്‌ : ഭാഗം 3

എഴുത്തുകാരി: നീലിമ

മുന്നിൽ നിന്ന് ആർത്തലച്ചു കരയുന്നവളെ….. പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പുന്നവളെ നോക്കി എന്ത് ചെയ്യണം എന്നറിയാതെ നിന്നുപോയി അവൻ….. വിറയ്ക്കുന്ന ശരീരത്തിന് ആശ്വാസമായി ഒന്നു പൊതിഞ്ഞു പിടിക്കാൻ….. നിനക്ക് ഒന്നുമില്ല എന്ന് പറഞ്ഞോന്നു ആശ്വസിപ്പിക്കാൻ…. നിറഞ്ഞൊഴുകുന്ന ആ മിഴിനീര് തുടച്ചു മാറ്റാൻ ഉള്ള് കൊണ്ട് കൊതിക്കുമ്പോഴും പ്രജ്ഞയറ്റവനെപ്പോലെ ചലിക്കാനാകാതെ നിൽക്കാനേ മോഹന് കഴിഞ്ഞുള്ളു…. “””എന്താ നിങ്ങൾ അനങ്ങാതെ നിക്കണത്….? വേദന കൂടിക്കൂടി വരുവാ എനിക്ക്….. സഹിക്കാൻ പറ്റണില്ല….മരിച്ചു പോകുമെന്ന് തോന്നുവാ……..

അത് കുത്തി വച്ചാ എന്റെ വേദന എല്ലാം പോകും…… പിന്നെ വേദന അറിയത്തേയില്ല….. വല്ലാത്തൊരു സുഖമാണപ്പോ……. ആ മരുന്ന് ഒന്ന് താ…… ഞാൻ വരാം നിങ്ങൾ പറയുന്നിടത്തേയ്ക്ക്…… എവിടെ ആണെങ്കിലും……”””” മോഹന്റെ മുന്നിൽ നിന്ന് കരച്ചിലോടെ കെഞ്ചി ജാനി……. കഴുത്തിൽ താലി ചാർത്തിയ ശേഷം ഒരു തവണ പോലും ആ കണ്ണുകൾ നിറയാൻ അനുവദിച്ചിട്ടില്ല. ഇന്നവൾ അസ്സഹനീയമായ വേദനയോടെ മുന്നിൽ നിന്ന് കരയുന്നു………. ഒരു നിമിഷം ആ കണ്ണുനീര് കാണാനാകാത്തത് പോലെ കണ്ണുകൾ പൂട്ടി മോഹൻ…… ഷർട്ടിലെ പിടി മുറുകിയപ്പോഴാണ് മോഹൻ കണ്ണുകൾ തുറന്നത്. . പെട്ടെന്നവൾ കോളറിൽ മുറുകെ പിടിച്ചു അവന്റെ മുഖം വലിച്ചടുപ്പിച്ചു…..

ഒരു നിശ്വാസത്തിനപ്പുറം അവളുടെ മുഖം…………അവനൊന്നു ഭയന്നു. ഇരു കണ്ണുകളിലേയ്ക്കും മാറി മാറി നോക്കി അവൾ ……..കണ്ണുകൾ അവന്റെ മുഖമാകെ ഒഴുകി നടന്നു. അവളുടെ മുഖഭാവങ്ങൾ മാറിമറിയുന്നത് മോഹൻ കണ്ടു. അവന്റെ ഉള്ളൊന്നു പിടഞ്ഞു….. അവൾ തന്നെ തിരിച്ചറിഞ്ഞുവോ……? ചിന്തിച്ചു കഴിയുന്നതിനു മുന്നേ അവളവനെ ഊക്കോടെ പിറകിലേയ്ക്ക് തള്ളിയിരുന്നു…… പിറകിലായി നിന്ന ആൽവിയുടെ ശരീരത്തിൽ ഇടിച്ചു നിന്നു. വീണ് പോകാതെ ആൽവിയെ അവൻ മുറുകെ പിടിച്ചു . “”””നീ…. നീയല്ല…. നീയല്ല….. അപ്പൊ അവൻ എവിടെ?””” വല്ലാത്തൊരു പരവേശത്തോടെ അവൾ ചുറ്റും കണ്ണുകൾ കൊണ്ട് പരതി…… “””വരാൻ പറയ്‌ അവനോട്…. എന്നിട്ട് എനിക്ക് ആ മരുന്ന് തരാൻ പറയ്‌…..

അതില്ലാതെ എനിക്ക് പറ്റില്ലാന്നു പറയ്‌….. ഞാൻ മരിച്ചു പോകുമെന്ന് പറയ്‌…… അല്ലെങ്കിൽ…. അല്ലെങ്കിൽ അവരോടത് തരാൻ പറയ്‌……. ആ തടിച്ച സ്ത്രീയോട്……അവരെന്നെ എത്ര ചീത്ത പറഞ്ഞാലും ഞാൻ തിരികെ ഒന്നും പറയില്ല എന്ന് പറയ്‌……. എന്തായിരുന്നു അവരുടെ പേര്….???”””” ഇരു ചെന്നിയിലും വിരലുകൾ അമർത്തി ഓർക്കാൻ ശ്രമിച്ചു ജാനി…… ഓരോന്ന് പറയുമ്പോഴും വല്ലാതെ പിടയുന്ന ഉഴറി നടക്കുന്ന അവളുടെ കണ്ണുകളിൽ ആയിരുന്നു മോഹന്റെ ശ്രദ്ധ…….. അവളുടെ പരവേശം അവനെ വല്ലാതെ ഭയപ്പെടുത്തി. ഏറെ നേരം ഓർക്കാൻ ശ്രമിച്ചു പരാജയം സമ്മതിച്ചു തല കുടഞ്ഞു അവൾ.

“””ഓർക്കാൻ പറ്റണില്ല…. ഒന്നും ഒന്നും ഓർക്കാൻ പറ്റണില്ല എനിക്ക്……. തല വല്ലാതെ വേദനിക്കണു …..”””” വിരലുകൾ മുടിയിഴകളിൽ കോർത്തു വലിച്ച് ഉറക്കെ കരഞ്ഞു കൊണ്ട് അവൾ താഴേയ്ക്കിരുന്നു. വല്ലാത്ത വേദന ആയിരുന്നു മോഹന് ആ കാഴ്ച്ച…… അവളുടെ കണ്ണീരു ഹൃദയത്തെ പൊള്ളിക്കുന്നത് പോലെ തോന്നി അവന്. എന്നെ ചതിച്ചവളാണ്….. എന്നെയും കുഞ്ഞിയെയും ഉപേക്ഷിച്ചു സ്വന്തം സുഖം തേടി പോയവൾ……….. പക്ഷെ വെറുക്കാനാകുന്നില്ല. നാല് വർഷം അവൾ നൽകിയ സ്നേഹം……….അതിൽ കാപട്യം ഉണ്ടെന്നു വിശ്വസിക്കാൻ ആകുന്നില്ല. കടലോളം സ്നേഹം ഒളിപ്പിച്ച ജയേട്ടാ എന്നുള്ള അവളുടെ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു…………

ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത അവസ്ഥയിൽ ഇന്നവൾ മുന്നിലിരുന്നു പൊട്ടിക്കരയുന്നു. സഹിക്കാനായില്ല മോഹന്…….. കരഞ്ഞു പോകും എന്ന് തോന്നിയപ്പോൾ ആൽവിയുടെ കൈകളിൽ മുറുകെ പിടിച്ചു മോഹൻ…… മോഹന്റെ അവസ്ഥ ആൽവിയ്ക്കും മനസിലായി. ഇനിയും മോഹൻ അവിടെ നിൽക്കുന്നത് നല്ലതല്ല എന്ന് അവന് തോന്നി. “”””ടാ… നീ വന്നേ….””””” അവന്റ കയ്യിൽ പിടിച്ചു ആൽവി പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങി. “”””എടാ..അവള്…..?”””” മോഹൻ വീണ്ടും തിരിഞ്ഞു ജാനകിയെ നോക്കി. മോഹന്റെ അവസ്ഥ ശരത്തിനെയും വിഷമിപ്പിച്ചു. അയാൾ അവർക്ക് അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു…. “””” നിങ്ങളെ അവർക്ക് തിരിച്ചറിയാനാകും എന്നുകരുതി മോഹൻ…….

അതാ ഇപ്പോൾ തന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്. പക്ഷേ…… ഇനിയും നമ്മൾ ഇവിടെ നിന്നാൽ അവരുടെ ഈ അസ്വസ്ഥത കൂട്ടുകയെ ഉള്ളൂ ….. ഇപ്പോൾ അവരെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലത്. മോഹൻ വരൂ ….”””” ശരത് പുറത്തേക്കിറങ്ങി. പിറകിലായി മോഹനും ആൽവിയും….. “”””ശരത്….. നിങ്ങൾ എന്റെ റൂമിൽ വെയിറ്റ് ചെയ്യൂ…. ഞാൻ ഇപ്പോൾ വന്നേക്കാം…..””” പുറത്തേക്കറിറങ്ങാൻ തുടങ്ങിയ ശരത്തിനോടായി മദർ പറഞ്ഞപ്പോൾ അയാൾ തല കുലുക്കി സമ്മതം അറിയിച്ചു. “”””ട്രീസാ ഇവളെ ഒന്ന് ശ്രദ്ധിക്കണേ….. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ എന്റെ റൂമിൽ ഉണ്ടാകും…അങ്ങോട്ടേക്ക് വന്നാൽ മതി……”””” മുറിയിൽ ഉണ്ടായിരുന്ന സിസ്റ്ററിനോടായി പറഞ്ഞിട്ട് മദറും അവരുടെ പുറകെ ഇറങ്ങാൻ തുടങ്ങി.

“”””മദർ ഇവർ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. കഴിക്കാൻ പറയുമ്പോൾ ആ മരുന്ന് മാത്രം മതിയെന്നു പറഞ്ഞു ബഹളം വെക്കുകയാണ്.”””” എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തലയിൽ കൈ താങ്ങി താഴെ ഇരിക്കുന്ന ജാനകിയെ മദർ ഒന്ന് നോക്കി. “”””ഫുഡ്‌ കഴിച്ചാൽ മരുന്ന് തരാമെന്നു പറയൂ. അവൾ കഴിച്ചോളും….. അതിന് വേണ്ടി അവളിപ്പോ എന്തും അനുസരിക്കും …….”””” ജാനകിയെ നോക്കി ഒന്ന് ദീർഘമായി നിശ്വസിച്ചു മദർ പുറത്തേക്കിറങ്ങി നടന്നു. 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 മോഹന്റെ ഇരിപ്പും നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ ആൽവിയ്ക്ക് ദേഷ്യമാണ് തോന്നിയത്.

“”””എന്താടാ നീ ഇങ്ങനെ ഇരിക്കണത്? അവള് ചത്തിട്ടൊന്നും ഇല്ലല്ലോ ഇങ്ങനെ മോങ്ങാൻ? എത്ര കിട്ടിയാലും നീ പഠിക്കില്ല എന്ന് തന്നെയാണ് അല്ലെടാ….. എന്താ അവളെ ഒന്നൂടെ കെട്ടാൻ വല്ല പ്ലാനും ഉണ്ടോ നിനക്ക്?”””” ദേഷ്യത്തോടെയുള്ള ആൽവിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ തല കുനിച്ചിരുന്നതേ ഉള്ളു മോഹൻ…. “”””ഇവിടെ വന്ന് അവളുടെ പൂങ്കണ്ണീര് കാണുമ്പോ നീ വീണ് പോകുമെന്നു എനിക്കറിയാമായിരുന്നു. അതാ വരണ്ട എന്ന് പറഞ്ഞത്. ആ നശിച്ചവളെ ഒപ്പം കൂട്ടാനാണ് നിന്റെ പ്ലാൻ എങ്കിൽ, മോഹൻ, ഞാൻ ഒന്ന് പറയാം,പിന്നെ നിന്റെ ഒരാവശ്യത്തിനും നീ എന്നെ നോക്കണ്ട…..””””

“”””എന്താടോ അയാള് വിഷമിച്ചിരിക്കുമ്പോഴാണോ ഇങ്ങനെയൊക്കെ പറയുന്നത്? ആപത്ത് വരുമ്പോ ഒപ്പം നിൽക്കാനും ആശ്വസിപ്പിക്കാനുമുള്ളതല്ലേ സൗഹൃദങ്ങൾ…?””””” ആൽവിയുടെ സംസാരം ഇഷ്ടമാകാത്തത് പോലെ ശരത് പറഞ്ഞപ്പോൾ മോഹൻ തല ഉയർത്തി അയാളെ നോക്കി. “””””സ്നേഹം കൊണ്ട സാർ ….. എനിക്ക് നൊന്താൽ അതിനേക്കാൾ ഇവന് നോവും…. അതിന് പക്ഷെ ഇങ്ങനെ പ്രതികരിക്കാനേ ഇവനറിയൂ……”””” മോഹൻ അത് പറയുമ്പോ SI ആൽവിയെ ഒന്നൂടെ നോക്കി…. നിറഞ്ഞിരിക്കുന്ന അവന്റെ കണ്ണുകൾ അപ്പോഴാണ് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. “”””പിന്നെ ഞാൻ എന്ത് പറയണം സാർ…? ഇവനെ വേണ്ടാന്നു പറഞ്ഞു പോയതാ അവള്….. അത് സാറിനും അറിയുന്നതല്ലേ?

ഇവന്റെ കണ്ണീരോ കുഞ്ഞീടെ കരച്ചിലോ ഒന്നും അവൾക്ക് വിഷയമായിരുന്നില്ല. പക്ഷെ ഇവൻ കരഞ്ഞു. കഴിഞ്ഞ മൂന്ന് വർഷം…. ഉള്ളുരുകി കരഞ്ഞു……. ഇവന്റെ വിഷമം കണ്ടു ഞങ്ങളും കൊറേ കരഞ്ഞിട്ടുണ്ട് …..എല്ലാം ഒന്ന് ആറിതണുത്തു എന്ന് കരുതിയതാ……..ഇപ്പൊ ദാ വീണ്ടും….. വരണ്ട എന്ന് പറഞ്ഞതാ ഞാൻ ഇവനോട്. കേട്ടില്ല…… ഇപ്പൊ അവളുടെ അവസ്ഥ കണ്ടപ്പോൾ അവനു സഹതാപം….. എന്തിന്? ഇവനെ നോവിച്ചതിനു അവൾക്ക് കർത്താവ്‌ കൊടുത്ത ശിക്ഷയാണിത്. അത് കുറഞ്ഞു പോയീന്നെ ഞാൻ പറയൂ…..”””” ആൽവിയുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടു കൊണ്ടാണ് മദർ അങ്ങോട്ടേക്ക് വന്നത്.

“”””എന്തിനാണ് ആൽവിൻ ഇങ്ങനെ ദേഷ്യപ്പെടുന്നത്? പൂർണമായും അറിയില്ലെങ്കിലും കുറച്ചൊക്കെ ശരത് എന്നോട് പറഞ്ഞു. തെറ്റുകൾ മനുഷ്യസഹജമാണ്…… അത് ആർക്കും സംഭവിക്കാം…..എനിക്കും തനിക്കുമൊക്കെ…. ആ തെറ്റുകൾ ക്ഷമിക്കാൻ കഴിയുമ്പോഴാണ് നമ്മളൊക്കെ മനുഷ്യരാകുന്നത്….. ക്രൂശിലേറ്റിയവരോട് പോലും ക്ഷമിക്കാനല്ലേ കർത്താവ്‌ പ്രാർത്ഥിച്ചത്……..?”””” “”””ഞാനൊരു സാധാരണ മനുഷ്യനാണ് മദർ. എന്നെ വേദനിപ്പിക്കുന്നവരെ സ്നേഹിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല. ഇവനത് എങ്ങനെ സാധിക്കുന്നു എന്നോർത്താണ് എനിക്ക് അത്ഭുതം.””””

“”””ചില സ്നേഹങ്ങൾ അങ്ങനെയാണ് കുഞ്ഞേ…. എത്ര വേദനിപ്പിച്ചാലും ചിലപ്പോൾ നമുക്കവരെ വെറുക്കാൻ കഴിഞ്ഞു എന്ന് വരില്ല. അവരുടെ കുറവുകളും തെറ്റുകളും തിരിച്ചറിഞ്ഞാലും മനസ്സ് അവർക്ക് വേണ്ടി വാദിച്ചു കൊണ്ടിരിക്കും……”””” മദർ ഒരുചെറു ചിരിയോടെ പറഞ്ഞപ്പോൾ ആൽവിയുടെ മുഖത്ത് പുച്ഛമായിരുന്നു. “”””വെറുത്താലും ഇല്ലെങ്കിലും ഇനിയും ഇവന്റെ ജീവിതത്തിലേയ്ക്ക് അവള് വരാൻ ഞാൻ സമ്മതിക്കില്ല.”””” “”””ഇല്ല ആൽവി… ഇനി ഞാനവളെ ഒപ്പം കൂട്ടാനൊന്നും പോകുന്നില്ല. പക്ഷെ അവളുടെ ഈ അവസ്ഥ എങ്ങനെയാടാ കണ്ടില്ല എന്ന് നടിക്കണത്…..?””””

“”””അവളുടെ ഈ അവസ്ഥക്ക് കാരണക്കാരി അവൾ മാത്രമാണ് മോഹൻ…… അവൾ ചെയ്ത തെറ്റിന്റെ ശിക്ഷ അവളനുഭവിക്കുന്നു. അത്ര തന്നെ….ഇത്രയൊന്നും പോരാ എന്നെ ഞാൻ പറയൂ………”””” ആൽവിയുടെ രോഷം അപ്പോഴും അടങ്ങിയിരുന്നില്ല. “”””അങ്ങനെ അല്ല മോനേ ……നിങ്ങൾക്ക് ആ കുട്ടിയോട് ദേഷ്യം ഉണ്ടാകും. പക്ഷെ ഉള്ളിലെ ദേഷ്യം പ്രകടിപ്പിക്കേണ്ടത് അവർക്ക് ഒരാപത്തുണ്ടാകുമ്പോഴല്ല. ക്ഷമിക്കാനാകാത്ത തെറ്റാണ് ജാനകി ചെയ്തതെന്നറിയാം. പക്ഷേ ഇങ്ങനെയൊരു അവസ്ഥയിൽ അവരെ കൈവിടുന്നത് ശരിയാണോ കുഞ്ഞേ……? എന്താണ് സംഭവിച്ചത് എന്നെങ്കിലും നമുക്ക് അറിയേണ്ടേ.? നിങ്ങൾ ഉപേക്ഷിച്ചാലും എനിക്കതിന് കഴിയില്ല.

നിങ്ങളോട് അവരെ സംരക്ഷിക്കണം എന്ന് ശഠിക്കാനും കഴിയില്ല. അവൾ ചെയ്തത് ചെറിയ തെറ്റ് ആയിരുന്നില്ലല്ലോ……. ആശ്രയമില്ലാത്തവരെ സംരക്ഷിക്കാനാണ് കർത്താവു ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്. നിങ്ങൾക്ക് വേണ്ടെങ്കിലും ഞാൻ അവളെ കൈവിടില്ല. അവരിവിടെ നിൽക്കട്ടെ…..”””” മദറിന്റെ വാക്കുകൾ മോഹന് ആശ്വാസമാണ് നൽകിയത്. മോഹന്റെ മുഖത്ത് നിന്നും അത് വായിച്ചെടുത്തു മദർ ഒന്ന് പുഞ്ചിരിച്ചു. “””പക്ഷെ മദർ….. അവൾ എന്താണ് ഇങ്ങനെ പെരുമാറുന്നത്? പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നത്……? എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത്……? അവളുടെ കയ്യിലെ ആ കറുത്ത പാടുകൾ….. അത് എന്തായിരുന്നു……?

എന്തോ മരുന്ന് കുത്തി വയ്ക്കാൻ അവളു പറയുന്നുണ്ടായിരുന്നല്ലോ…. എന്താ അത്?””” മനസ്സിൽ ഉയർന്ന ചോദ്യങ്ങൾ ഒക്കെ അവൻ മദറിനോട് ചോദിച്ചു കൊണ്ടിരുന്നു……. ഇതിനോടകം പല തവണ ഇതിന്റെയൊക്കെ ഉത്തരം തേടി പരാജയപ്പെട്ടിരുന്നു അവന്റെ മനസ്സ്…….. “”””അവൾ…. അവൾക്ക് ഭ്രാന്താണോ മദർ…..?”””” അവസാനമായി അത് ചോദിക്കുമ്പോൾ ഇടറിപ്പോയിരുന്നു അവന്റെ ശബ്ദം…… നേർത്ത ഒരു പുഞ്ചിരിയോടെ മദർ മോഹനരികിലുള്ള ചെയറിലേയ്ക്കിരുന്നു…… മദറിന്റെ മുഖത്തെ ശാന്തതയ്ക്കും പുഞ്ചിരിക്കും അവന്റെ മനസ്സിനെ തണുപ്പിക്കാനായില്ല…..

മനസ്സാകെ ഉഴറി നടക്കുന്ന നൂറു നൂറു ചോദ്യങ്ങൾ…. അത് അവന്റെ ചിന്തകളെ കാർന്നു തിന്നു കൊണ്ടിരുന്നു…… “”””അവൾക്ക് ഭ്രാന്തല്ല മോഹൻ….. അതിനേക്കാൾ വലിയൊരു പ്രശ്നത്തിലാനവൾ………”””” ചോദ്യ ഭാവത്തിൽ മദറിനെ നോക്കുമ്പോഴും ഉള്ള് വല്ലാതെ പിടയുന്നതറിഞ്ഞു മോഹൻ….. “”””അവൾ ഡ്രഗ് അടിക്ട് ആണ്………മയക്കുമരുന്നിനടിമ……!! ഒരു പക്ഷെ, പെട്ടെന്ന് നിയന്ത്രിക്കാനാകുന്നതിനേക്കാൾ വലിയ അളവിൽ……”””” പറയുമ്പോഴും തീർത്തും ശാന്തമായിരുന്നു മദറിന്റെ സ്വരം…. പക്ഷെ ആ ശബ്ദം മോഹന്റെ ഉള്ളിൽ വലിയൊരു കോളിളക്കമാണ് സൃഷ്ടിച്ചത്. ഞെട്ടലും ഭയവും വേദനയുമൊക്കെ കൂടിക്കലർന്ന വല്ലാത്തൊരു ഭാവത്തിൽ മോഹൻ മദറിനെ നോക്കി…..

“”””അവളത് സ്വയം ഉപയോഗിച്ചതാകാൻ വഴിയില്ല. ആരോ അവളെക്കൊണ്ടത് നിർബന്ധിച്ചു ഉപയോഗിപ്പിച്ചതാകണം. ആരുടെയോ താല്പര്യങ്ങൾക്ക് അവൾ വഴങ്ങാതെ വന്നപ്പോൾ അതിനായി അവർ സ്വീകരിച്ച മാർഗ്ഗം………..!!! അവർക്കറിയാം അടിക്ട് ആയാൽ പിന്നെ അവർ പറയുന്നതെന്തും എതിർപ്പില്ലാതെ അവൾ അനുസരിക്കുമെന്ന്…. ഇത് കിട്ടാനായി മാത്രം…….. ഇപ്പൊത്തന്നെ അവൾ രണ്ടു പേരെക്കുറിച്ച് സംസാരിച്ചു…. ഒരു തടിച്ച സ്ത്രീയും.. പിന്നെ അവൾ, അയാൾ എന്ന് ഇടയ്ക്കിടെ പറയുന്ന ഒരാളും….. അവർ ആരാണെന്ന് നമുക്കറിയില്ല. പക്ഷെ ഡ്രഗിന് വേണ്ടി അവൾ ഇപ്പൊ അവര് പറയുന്നതെന്തും അനുസരിക്കാൻ തയാറാണ്…. അവർക്ക് വേണ്ടിയിരുന്നതും ഇത് തന്നെ ആകും…..

“””” മദർ പറഞ്ഞു നിർത്തുമ്പോൾ എത്ര തടഞ്ഞിട്ടും മോഹന്റെ കണ്ണുകൾ നീർച്ചാലുകൾ തീർത്തു കഴിഞ്ഞിരുന്നു. ഇത്രയേറെ ഭീകരമായ അവസ്ഥയിലാകും അവളെന്നു അവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഒന്നുകിൽ ഓർമ്മകൾ നഷ്ടമായതാകും……. അല്ലെങ്കിൽ ഭ്രാന്ത്‌… അങ്ങനെയേ കരുതിയുള്ളൂ……… ഇതിപ്പോ അതിനേക്കാളൊക്കെ എത്രയോ ഭീകരമാണ്………. മുടിയിഴകളിൽ പിടിമുറുക്കി ഉറക്കെ കരയുന്ന ജാനിയുടെ മുഖം മോഹന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു….. സഹിക്കാനാകാത്ത ഹൃദയ വേദനയോടെ അവൻ കണ്ണുകൾ അമർത്തി തുടച്ചു….. പിന്നെ പെട്ടന്ന് എന്തോ ഓർത്തത് പോലെ മദറിനെ നോക്കി…..

“””പക്ഷെ മദർ…. അപ്പൊ അവൾക്കെന്നെ തിരിച്ചറിയാനാകാത്തതോ? ഓർമ ഇല്ലാത്തത് പോലെ അവൾ പെരുമാറുന്നതോ?””” സംശയത്തോടെ മോഹൻ മദറിനെ നോക്കുമ്പോൾ അവനുള്ള മറുപടി നൽകിയത് ശരത്താണ്…. “””ചില മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം ഓർമകളെപ്പോലും അപഹരിക്കും എന്ന് കേട്ടിട്ടുണ്ട്…. അതിനെക്കുറിച്ചൊന്നും ആധികാരികമായി പറയാൻ എനിക്കറിയില്ല. നമുക്ക് ഏറ്റവും ആദ്യം ചെയ്യാൻ കഴിയുന്നത് എത്രയും വേഗം അവരെ ഒരു ഡോക്ടറിനെ കാണിക്കുക എന്നുള്ളതാണ്…… അതും രഹസ്യമായിരിക്കണം. കാരണം ഇവർ നമ്മളോടൊപ്പം ഉള്ളത് ആരും അറിയാൻ പാടില്ല. ഇതിന് പിറകിൽ ഉള്ളവർ ചെറിയ ടീംസ് ആണെന്ന് തോന്നുന്നില്ല.

അപ്പൊ ഇവർ നമ്മളോടൊപ്പം ഉണ്ടെന്നു ആരും അറിയാതിരിക്കുന്നതാണ് നമുക്കും അവർക്കും നല്ലത്……””” SI പറഞ്ഞു നിർത്തുമ്പോൾ കാര്യങ്ങൾ അത്ര നിസാരമില്ല എന്ന് ആൽവിക്കും മോഹനും മനസ്സിലായി കഴിഞ്ഞിരുന്നു. ജാനകിയുടെയും മോഹന്റെയും ജീവിതപ്രശ്നം എന്നതിലുപരി അവർക്ക് ജാനകി ചില വമ്പന്മാരിലേയ്ക്ക് എത്താനുള്ള പിടിവള്ളിയാണ്…… എന്തായാലും ജാനകിയെ ഉടൻ തന്നെ ഒരു ഡോക്ടറിനെ കാണിക്കണമെന്ന് മോഹനും തോന്നി….. “”””പരിചയമുള്ള ഡോക്ടർ എന്ന് പറയുമ്പോൾ അങ്ങനെ ആരാണ് സർ ഉള്ളത്?”””” “””അതാണ് ഞാനും ആലോചിക്കുന്നത്….””” മോഹന്റെ ചോദ്യത്തിന് മറുപടിയായി ശരത് പറയുമ്പോൾ അങ്ങനെ ഒരാൾക്കായി ഓർമ്മകളിൽ പരതുകയായിരുന്നു ആൽവിയും …….

“””ശരത്, ഫാദർ ആന്റണിയുടെ ബ്രദർ ബിജോയ് ജോൺ ഡോക്ടർ അല്ലേ?””” ഒട്ടൊരു സംശയത്തോടെയാണ് മദർ അത് ചോദിച്ചത്….. “”””അതേ മദർ ഞാനത് മറന്നു… അദ്ദേഹം സൈക്ക്യാട്രിസ്റ്റാണ്……..””” ഒരു സൊല്യൂഷ്യൻ കിട്ടിയതിന്റെ സന്തോഷം ശരത്തിന് സ്വരത്തിൽ തെളിഞ്ഞുനിന്നു…. “””എന്നാൽ ഞാൻ ഫാദർ ആന്റണിയെ വിളിച്ചു സംസാരിക്കട്ടെ നിങ്ങൾ ഇരിക്കൂ…….””” മോഹനോടും ആൽവിയോടുമായി പറഞ്ഞിട്ട് മദർ പുറത്തേക്കിറങ്ങുമ്പോൾ കണ്ണടച്ച് കസേരയിലേക്ക് ചാരിയിരുന്നു മോഹൻ …… ആൽവിയും ശരത്തും വിഷമത്തോടെ അവനെ നോക്കിനിന്നു………. തുടരും

തമസ്സ്‌ : ഭാഗം 2

Share this story