ജനനി: ഭാഗം 44- അവസാനിച്ചു

ജനനി: ഭാഗം 44- അവസാനിച്ചു

എഴുത്തുകാരി: അനില സനൽ അനുരാധ

ദിവസങ്ങൾ പൊഴിഞ്ഞു വീഴും തോറും നീരവിന്റെയും ജനനിയുടെയും പ്രണയം ശക്തമായി കൊണ്ടിരുന്നു… നിശബ്ദ പ്രണയം വാചാലമായി തീർന്നു… ഭാവിയെപ്പറ്റി അവർ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി… നീരവിന്റെയും ജനനിയുടെയും സന്തോഷം അവരെ സ്നേഹിക്കുന്നവരിലും സന്തോഷം നിറച്ചു… ജനനി പഴയ പോലെ വീണ്ടും ഓഫീസിൽ പോയി തുടങ്ങി… ഓഫീസിൽ എല്ലാവരും അവരുടെ വിവാഹം തീരുമാനിച്ച കാര്യം അറിഞ്ഞിരുന്നു… ടാക്സ് അസിസ്റ്റന്റ്‌സിന്റെ കാബിനിൽ നിന്നും നീരവിന്റെ അസിസ്റ്റന്റ് ആയി ജാനി മാറി… അങ്ങനെ അവന്റെ കാബിന്റെ കോർണറിൽ അവൾക്കുള്ള ഡസ്ക് സജ്ജീകരിച്ചു….

സെലിനും ഹർഷയും ജനനിയെ കാണുമ്പോൾ കാണിച്ചിരുന്ന അവഗണനയ്ക്ക് പകരം ബഹുമാനിക്കാൻ തുടങ്ങിയിരുന്നു… അവർ മാത്രമല്ല ഓഫീസിലെ എല്ലാ സ്റ്റാഫുകളും… നീരവ് ഓഫീസ് കാര്യങ്ങൾ ഡീറ്റെയിൽ ആയി ജനനിയെ പഠിപ്പിച്ചു കൊണ്ടിരുന്നു…. ഒരു ദിവസം ഞാൻ ഇവിടെ ഇല്ലെങ്കിലും നീ ഉത്തരവാദിത്വത്തോടെ ഇവിടുത്തെ കാര്യങ്ങൾ ചെയ്യണം എന്നു പറഞ്ഞ് എല്ലാ കാര്യങ്ങളും അവൾക്ക് പറഞ്ഞു കൊടുക്കും… ജനനി ഉത്സാഹത്തോടെ എല്ലാം പഠിച്ചെടുക്കുകയും ചെയ്യും… ജാനി നീ എന്റെ പ്രണയമാണ് ജീവിതമാണ് എന്നൊക്കെ നീരവ് പ്രണയാർദ്രനായി പറയാറുണ്ടെങ്കിലും ജനനി എന്തെങ്കിലും തെറ്റ് കാട്ടിയാൽ അവൻ അറിയാതെ ഗൗരവക്കാരനാകും…

തന്റെ ഭാഗത്തെ തെറ്റ് മനസ്സിലാക്കി അതു വേഗം തിരുത്താൻ മനസ്സ് കാണിക്കുന്ന ജനനിയോട് അവന്റെ ഇഷ്ടം കൂടുകയല്ലാതെ ഒരിക്കലും കുറഞ്ഞില്ല… വിവാഹത്തിന് സമ്മതം മൂളിയിട്ടില്ലെങ്കിലും വിന്ദുജ വിഷ്ണുവിന്റെ പുറകെ വിടാതെ തന്നെ കൂടിയിട്ടുണ്ട്… അധികം താമസിയാതെ വിഷ്ണു വിവാഹത്തിന് സമ്മതിക്കും എന്നു തന്നെയാണ് എല്ലാവരുടെയും കണക്കു കൂട്ടൽ… വിഷ്ണുവിന്റെ മനസ്സിൽ കയറിപ്പറ്റാൻ വിന്ദുജക്ക് ഫുൾ സപ്പോർട്ട് ആയി പാളി പോകുന്നതും വിജയിക്കുന്നതുമായ ഓരോ ഐഡിയകൾ പറഞ്ഞു കൊടുത്ത് കൂടെ വിനോദും അഞ്ജലിയുമുണ്ട്…

ജനനിയുടെയും വിഷ്ണുവിന്റെയും ജീവിതത്തെ നേർത്തൊരു പുഞ്ചിരിയോടെ വീക്ഷിച്ചു കൊണ്ട് അവരുടെ നന്മയ്ക്കു വേണ്ടി എന്തും ചെയ്യാനുള്ള മനസ്സോടെ തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ അവരുടെ ജീവിതത്തിൽ ആര്യന്റെ സാന്നിധ്യം നിറഞ്ഞു നിന്നു… ജനനിയോട് തനിക്ക് ആരാധനയാണോ പ്രണയമാണോ അതോ സൗഹൃദമാണോ എന്നൊന്നും തിരിച്ചറിയാനാവാത്ത വിധം ആര്യനിൽ ജനനി വേരൂന്നി കഴിഞ്ഞിരുന്നു… തന്റെ മനസ്സിൽ അവൾക്കുള്ള യഥാർത്ഥ സ്ഥാനം എന്താണെന്ന് തേടി കണ്ടു പിടിക്കാനോ നീരവിന്റെയോ ജനനിയുടെ ജീവിതത്തിൽ ഒരു കരടായി തീരുവാനോ ആര്യൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല…

അവളുടെ മുഖത്തെ മായാത്ത പുഞ്ചിരിയ്ക്ക് അപ്പുറം അവളിൽ നിന്നും അവൻ ഒന്നും ആഗ്രഹിക്കുന്നില്ലായിരുന്നു… ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്‌നങ്ങളിൽ ജനനിയോടൊപ്പം ആര്യൻ നീരവിനെയും ചേർത്തു വെച്ചു… പക്ഷേ ഇടയ്ക്ക് അവൾ അവന്റെ നിദ്രയിൽ സ്വപ്‌നങ്ങളിലൂടെ കടന്നു വന്നു കൊണ്ടിരുന്നു… സ്വപ്‌നങ്ങളിൽ അവന്റെ കൈ കോർത്തു പിടിച്ചു കൊണ്ട് ജനനി നടന്നു… കാറ്റിനൊപ്പം പാറിപ്പറക്കുന്ന അവളുടെ ചുരുൾ മുടിയിഴകൾ പലപ്പോഴും അവന്റെ മുഖത്തെ തഴുകി കടന്നു പോയി… അവൾ തമാശകൾ പറഞ്ഞ് ഉറക്കെച്ചിരിച്ചു…

പക്ഷേ ഓരോ സ്വപ്‌നങ്ങളിലും അവസാനം അവൾ അവനെ തനിച്ചാക്കി മറ്റൊരാളുടെ കരങ്ങളിൽ മുറുകെപ്പിടിച്ച് അകന്നു പോയി… ആരോടും പങ്കു വെക്കാതെ സുഖകരമായൊരു നോവ് പോലെ എല്ലാ സ്വപ്‌നങ്ങളും ആര്യൻ തന്റെ നെഞ്ചിൽ മാത്രം കൊണ്ടു നടന്നു… *** ജനനി കുളി കഴിഞ്ഞു മുറിയിലേക്ക് വരുമ്പോൾ ബെഡിൽ തന്നെ ഇമ ചിമ്മാതെ നോക്കിയിരിക്കുന്ന നീരവിനെയാണ് കണ്ടത്… അവനോട് ഒന്നു പുഞ്ചിരിച്ച ശേഷം അവൾ കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു… മുടിയിൽ ചുറ്റിയിരുന്ന ടവൽ അഴിച്ച് മുടി പിന്നിലേക്ക് ഇട്ടപ്പോൾ മുടിയിഴയിൽ നിന്നും കുറച്ചു നീർത്തുള്ളികൾ നീരവിന്റെ മുഖത്തും നെഞ്ചിലും വന്നു പതിച്ചു ..

അവൾ മുടി കോതി കുളിപ്പിന്നൽ ഇട്ട ശേഷം കണ്മണിയെടുത്ത് കണ്ണെഴുതി… മഞ്ഞൾ കുറി നെറ്റിയിൽ വരച്ച ശേഷം അതിനു നടുവിലായി ചുവന്ന കുറി വരച്ചു… അതിനു ശേഷം തിരിഞ്ഞു നോക്കുമ്പോഴും അവളെ തന്നെ നോക്കിയിരിക്കുന്ന നീരവിനെയാണ് കണ്ടത്… ജനനി അവനെ നോക്കി പുഞ്ചിരിച്ചു… തിരികെ അവനും… “ഇന്നെന്താ പോകുന്നില്ലേ? ” എന്നു തിരക്കി അവൾ ബെഡിനു അരികിലേക്ക് ചെന്നു… നീരവ് അതേ പുഞ്ചിരിയോടെ നിശബ്ദനായി അവളെ നോക്കി കൊണ്ടിരുന്നു… “ഇങ്ങനെ നോക്കാതെ… ”

എന്നും പറഞ്ഞ് അവന്റെ കവിളിൽ നുള്ളിയതും കൈ പിൻവലിച്ച് ജനനി ഞെട്ടലോടെ പിന്നിലേക്ക് മാറി… കവിളിൽ തടവി കൊണ്ട് നീരവ് ബെഡിൽ നിന്നും എഴുന്നേറ്റു… മീശ പിരിച്ചു വെച്ചു കൊണ്ട് ചിരിച്ചു… ജനനിയുടെ മുഖം ചുവന്നു പോയി… “ഇതെപ്പോൾ വന്നു…” അവൾ മുഖം കുനിച്ചു കൊണ്ട് തിരക്കി… “ജാനി കുളി കഴിഞ്ഞ് ഇറങ്ങി വരുന്നതിനു കുറച്ചു മുൻപ്.. ഇറങ്ങി വരുമ്പോൾ എന്നെ കണ്ടില്ലായിരുന്നോ? “ഹ്മ്മ് … ” “എന്നിട്ട് ഒന്നും മിണ്ടാതെ ഒരു പോക്ക് ആയിരുന്നല്ലോ… ” “ഞാൻ വിചാരിച്ചു അവിടെ ഇരിക്കുന്നുണ്ടെന്നു എനിക്ക് തോന്നിയതാണെന്ന്…”

“ആഹാ ! അതു കൊള്ളാമല്ലോ… അങ്ങനെ തോന്നാറുണ്ടോ? ” “ഹ്മ്മ്… ” “എന്നിട്ട് എന്നോട് ഇതു വരെ പറഞ്ഞില്ലല്ലോ…” അവൾ ഒന്നും പറയാതെ അവനെ നോക്കി… നീരവ് ജാനിയുടെ തോളിൽ കയ്യിട്ടു കൊണ്ട് നെഞ്ചോടു ചേർത്തു പിടിച്ചു… “അച്ഛനും അമ്മയും വിനുവും എന്റെ കൂടെ വന്നിട്ടുണ്ട്? ” “അതെയോ… എന്നാൽ അങ്ങോട്ട് പോകാം…” “പോകാം… അതിനു മുൻപ് ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ? ” അവൾ തലയാട്ടി… അവൻ ഇരുകൈകളിലുമായി അവളുടെ കരങ്ങൾ കോർത്തു പിടിച്ചു… “അടുത്ത മാസം പത്താം തിയ്യതി… അതായത് ഇന്നേക്ക് ഇരുപത്തിരണ്ടാം ദിവസം ഈ നിൽക്കുന്ന നീരവ് ജനനിയുടെ കഴുത്തിൽ താലി ചാർത്താൻ പോകുന്നു…” അവന്റെ കയ്യിൽ ഇരുന്ന അവളുടെ കൈകൾ വിറ കൊണ്ടു…

അവൻ അവളുടെ കൈകൾ നെഞ്ചോടു ചേർത്തു… അതിനു ശേഷം മൃദുവായി ചുംബിച്ചു… “സന്തോഷമായോ? ” “ഹ്മ്മ്…” “എന്നാൽ അകത്തേക്ക് പോകാം…” എന്നു പറഞ്ഞ് അവളിലെ പിടിവിട്ട് നീരവ് മുൻപിലായി നടന്നു… “കല്യാണം അടുത്തല്ലോ ജാനി? ” വിനോദ് ചിരിയോടെ തിരക്കി… ജനനി നീരവിനെ നോക്കി… “വീട്ടിൽ നിന്നും ആരൊക്കെ വരും എന്നൊന്നും അറിയില്ല… ജാനിയുടെ സഹോദരന്മാരുടെ സ്ഥാനത്ത് ഞാനും ആര്യനും ഉണ്ടാകും…. ” വിഷ്ണു എല്ലാവരോടുമായി പറഞ്ഞു… “അതു മതി.. പക്ഷേ വീട്ടിൽ പോയി വിവാഹക്കാര്യം പറയണം… വരുന്നതും വരാതിരിക്കുന്നതും അവരുടെ ഇഷ്ടം…”

മോഹനകൃഷ്ണൻ പറഞ്ഞു… ” “ഞാനും ജാനിയും കൂടെ പോകാം അച്ഛാ… ” നീരവ് പറഞ്ഞു… “ഹ്മ്മ്… ” “ആര്യൻ എവിടെ… കണ്ടില്ലല്ലോ…” വിനോദ് തിരക്കി… “ഇന്നു ഞായറാഴ്ചയല്ലേ… കിടന്ന് ഉറങ്ങിക്കാണും…” ബുള്ളറ്റിന്റെ ശബ്ദം കേട്ടു തുടങ്ങിയിരുന്നു… “ആഹ് ! ഉറക്കം ഒന്നുമല്ല… ആളെത്തി… ” എന്നും പറഞ്ഞ് ജനനി ഉമ്മറത്തേക്ക് ചെന്നു… ബുള്ളറ്റിൽ നിന്നും ഇറങ്ങിയ ആര്യൻ ജനനിയെ നോക്കി പുരികം ഉയർത്തി… അവൾ ഒന്നും ഇല്ലെന്ന് ചുമൽ കൂച്ചി കാണിച്ചു… “നീരവ് വന്നിട്ടുണ്ടല്ലേ? ” അവളുടെ അരികിൽ എത്തിയപ്പോൾ ആര്യൻ തിരക്കി… “അച്ഛനും അമ്മയും വിനുവേട്ടനും എല്ലാം വന്നിട്ടുണ്ട്…”

ആര്യൻ അകത്തേക്ക് കടന്ന ശേഷം എല്ലാവരെയും ഒന്നു നോക്കി… അതിനു ശേഷം വിഷ്ണുവിന്റെ അരികിൽ ഇരുന്നു .. “കല്യാണത്തിന്റെ ഡേറ്റ് നോക്കി ആര്യാ… അടുത്ത മാസം പത്തിന്…” മോഹനകൃഷ്ണൻ പറഞ്ഞു… “അതു നന്നായി… ഇനി അധികം ഇല്ലല്ലോ… ” “വിഷ്ണുവിന്റെ തീരുമാനം കൂടെ അറിയണം എന്നുണ്ട്… ” വിനോദ് പറഞ്ഞു…. “അളിയനും പെങ്ങളും ഇന്നു രാവിലെ കൂടി വിളിച്ചിരുന്നു… രണ്ടും ഒപ്പം നടത്തിയാലോ എന്നൊരു ആലോചനയുണ്ട്.. ” മോഹനകൃഷ്ണൻ പറഞ്ഞു… “അതു വേണ്ട…” വിഷ്ണു പെട്ടെന്ന് പറഞ്ഞു… “വിഷ്ണു എന്റെ പെങ്ങൾക്ക് നിന്നെ അത്രയ്ക്കും ഇഷ്ടമാണ്…

അവളുടെ കുട്ടിക്കളിയായി കാണരുത്… ” വിനോദ് പറഞ്ഞു… “ജാനിയുടെയും കുഞ്ഞന്റെയും വിവാഹം ആദ്യം നടക്കട്ടെ…” “അതു കഴിഞ്ഞു ഒരു ആറു മാസം കഴിഞ്ഞ് വിച്ചുവിന്റെയും വിന്ദുവിന്റെയും… ” ആര്യൻ പറഞ്ഞു… വിഷ്ണു ആര്യനെ തുറിച്ചു നോക്കി… “ഇവന് വിന്ദുവിനോട് ഇഷ്ടക്കുറവൊന്നും ഇല്ല… പിന്നെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന ചില പ്രശ്നങ്ങൾ അതാണ് അവനെ അലട്ടുന്നത്… വിന്ദു കുറച്ചു ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി… ആരെയും വേദനിപ്പിക്കാൻ എന്റെ വിച്ചുവിന് കഴിയില്ല… ” ആര്യൻ പറഞ്ഞു നിർത്തിയതും വിഷ്ണു അവന്റെ തോളിൽ മുഖം ചേർത്തു വെച്ചു…

ആര്യൻ അവനെ കരുതലോടെ നെഞ്ചോടു ചേർത്തു പിടിച്ചു… *** വീട്ടിലേക്കുള്ള യാത്രയിൽ ജനനി ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു… നീരവ് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഇടയ്ക്ക് അവളെ മുഖം ചെരിച്ചു നോക്കി… നീരവ് കാർ സൈഡ് ആക്കി നിർത്തി… “ജാനി…” അവൻ വിളിച്ചപ്പോഴാണ് അവൾ മുഖം തിരിച്ച് അവനെ നോക്കിയത്… അവളുടെ മിഴികൾ കലങ്ങിയിരുന്നു… “ഇങ്ങനെ സങ്കടപ്പെടാൻ എന്തുണ്ടായി? ” “ഒന്നുമില്ല… ” “പറയാതെ നമ്മൾ ഇവിടെ നിന്നും പോകുന്നില്ല…” എന്നു പറഞ്ഞ് അവൻ സീറ്റിലേക്ക് ചാരി കിടന്നു… ജനനി അവന്റെ ഇടതു കൈത്തണ്ടയിൽ മുറുകെ പിടിച്ചു…

“ഞാൻ വെറുതെ ഓരോന്ന് ഓർത്തു പോയി… ഇങ്ങനെ അകറ്റി നിർത്താൻ മാത്രം ഞാൻ എന്തു തെറ്റ് ചെയ്തു എന്ന് മനസ്സിലാകുന്നില്ല… ” “എന്റെ ജാനി അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്ക് അറിയാം… നിന്നെ മാറ്റി നിർത്തുന്നതായിരുന്നു അവരുടെ സന്തോഷം… അതു മനസ്സിലാക്കി നമ്മൾ ഒന്നും മാറി നിൽക്കുക… നിനക്ക് ആക്‌സിഡന്റ് ആയി എന്നു പറഞ്ഞപ്പോൾ പോലും തിരിഞ്ഞു നോക്കാത്തവരാണ്… എന്നാലും നമുക്ക് അവരെ പോയി കാണാം… വിവാഹക്കാര്യം പറയാം…. വരാൻ പറയാം… വരുന്നതും വരാതിരിക്കുന്നതും അവരുടെ ഇഷ്ടം…” “ഹ്മ്മ്… ” “പോകാം? ” “ഹ്മ്മ്… ” “ജാനി… ” “ഹ്മ്മ്… ” “ജാനി… ”

“എന്തോയ് !” “ഐ ലവ് യൂ… ജാനി… ” എന്നു പറഞ്ഞ് അവൻ കാർ സ്റ്റാർട്ട്‌ ചെയതപ്പോൾ അവൾ അവനെ നോക്കി മിഴികൾ ചിമ്മി കാട്ടി… വീട്ടിൽ എത്തുമ്പോൾ വൈകുന്നേരമായിരുന്നു… വാതിൽ തുറന്നു കിടന്നിരുന്നു… “അമ്മേ… ” ഉമ്മറത്തേക്ക് കയറിയ ശേഷം ജനനി വിളിച്ചു… അകത്തു നിന്നും ആരും വന്നില്ല… നീരവ് കാളിംഗ് ബെൽ അടിച്ച ശേഷം ജനനിയുടെ അരികിൽ വന്നു നിന്നു… കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും ആരോ വരുന്നത് പോലെ തോന്നി… “ചേച്ചി…” കാവ്യ വിളിച്ചു… കാവ്യയെ നോക്കിയ ജനനിയുടെ ഹൃദയം നൊന്തു പോയി… മെലിഞ്ഞു ക്ഷീണിച്ച ഒരു രൂപം..

കയ്യിൽ പൊള്ളലേറ്റ പാടുകൾ… തന്റെ അനിയത്തിയുടെ ഒരു നിഴൽ മാത്രമാണ് മുൻപിൽ നിൽക്കുന്നത് എന്നു തോന്നിപ്പോയി.. “നീ ബാംഗ്ലൂർ പോയി എന്നു പറഞ്ഞിട്ട്…. നിനക്ക് എന്താ പറ്റിയത്? ” ജനനി വെപ്രാളത്തോടെ തിരക്കി… അവൾ മറുപടി പറയും മുമ്പേ അമ്മ അകത്തു നിന്നും വന്നു… അമ്മയുടെ മുഖത്തും ദുഃഖം നിറഞ്ഞു നിൽക്കുന്നു… ജനനിയെ പ്രതീക്ഷിക്കാതെ കണ്ടതിന്റെ പരിഭ്രമം അവരുടെ മുഖത്ത് ഉണ്ടായിരുന്നു… “അമ്മയ്ക്ക് സുഖാണോ?” തിരക്കുമ്പോൾ ജനനിയുടെ ശബ്ദം ഇടറി… “സുഖം… അതിനി ഈ ജന്മം വിധിച്ചിട്ടില്ലെന്ന് തോന്നുന്നു… അവൻ ഇവളെ ചതിച്ചിട്ട് ഇട്ടേച്ചു പോയി മോളെ…

വേറെ പെണ്ണിന്റെ കൂടെ….” അമ്മ വിതുമ്പി കൊണ്ട് പറഞ്ഞു… കാവ്യ തല കുനിച്ചു നിന്നു… “മോളെന്താ ഈ നേരത്ത്… ഇതാരാ കൂടെ?” സാരിത്തലപ്പ് കൊണ്ടു മുഖം തുടച്ച ശേഷം അമ്മ തിരക്കി … “ഞങ്ങളുടെ കല്യാണമാണ് അമ്മേ… ” നീരവ് പറഞ്ഞതും കാവ്യയും അമ്മയും ഇരുവരെയും നോക്കി… അവൻ പറയുന്നത് സത്യമാണെന്ന പോലെ ജനനി അവന്റെ അരികിലേക്ക് നീങ്ങി നിന്നു… “ജയേഷേട്ടൻ? ” “സിന്ധുവിനെ കൂട്ടി ഹോസ്പിറ്റലിൽ പോയതാണ്… ഈ സമയം ആകുമ്പോഴേക്കും വരാറുണ്ട്…” “ഇവൾ വന്ന കാര്യം പോലും അറിയിക്കാൻ പറ്റാത്ത വിധം ഞാൻ അന്യയായിപ്പോയോ അമ്മേ? ”

“നിനക്ക് അറിയാലോ വിഷ്ണുവിനെ ജയേഷിന് ഇഷ്ടം ഇല്ലെന്ന്… അതിനിടയിൽ നിങ്ങൾ ഒരു വീട്ടിൽ താമസിക്കുന്നതൊന്നും അവനു ഇഷ്ടമാകുന്നില്ല… വിഷ്ണുവിനെ ഉപേക്ഷിച്ചു നീ വന്നാലേ ഇങ്ങനെ ഒരു അനിയത്തിയുള്ളൂ എന്നാ അവൻ പറയുന്നത്… ” “ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അമ്മേ? ” നീരവ് തിരക്കി. അമ്മ സമ്മത ഭാവത്തിൽ അവനെ നോക്കി… “ഈ നിൽക്കുന്ന മകളെ ഉപേക്ഷിച്ചു കൊണ്ട് അവളുടെ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം പോയി… അയാളോടും കൂടെപ്പോയ സ്ത്രീയോടും അമ്മയ്ക്ക് തോന്നുന്ന വികാരം എന്താണ്? ദേഷ്യവും വെറുപ്പും ആയിരിക്കും അല്ലേ? ” അമ്മ തലയാട്ടി…

“വിഷ്ണുവിന്റെ അമ്മയെ ഉപേക്ഷിച്ചു കൊണ്ടാണ് അവന്റെ അച്ഛൻ പുതിയ ജീവിതം തിരഞ്ഞെടുത്തത്… ഇപ്പോൾ അമ്മയുടെ മകൾ നിൽക്കുന്ന സ്ഥാനത്താണ് ഒരു കൈക്കുഞ്ഞിനെയും കൊണ്ട് ആ അമ്മ ഒറ്റപ്പെട്ടു പോയത്… ആ അമ്മയ്ക്കും മകനും കിട്ടേണ്ട സ്നേഹവും കരുതലുമാണ് നഷ്ടപ്പെട്ടത്… എന്നിട്ട് ആ മകനെ എല്ലാവരും മാറ്റി നിർത്തുന്നതിനു പുറകിലെ ചിന്ത എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല…” അമ്മ മുഖം കുനിച്ചു… “കാലം ഇളയ മകളുടെ ജീവിതം കൊണ്ട് കണക്കു ചോദിക്കുകയാണ് … പക്ഷേ ഇവൾക്ക് രക്ഷപ്പെടാമായിരുന്നു…

ഇവളെ നേർവഴിക്കു നടത്താൻ ഒരു ചേച്ചി ഉണ്ടായിരുന്നു… അനിയത്തിയ്ക്ക് ഫീസ് അടക്കാൻ പണം ഇല്ലാതെ മാലയും വളയും വിറ്റു ഫീസ് അയച്ചു തരുമ്പോൾ പോലും ജാനിക്ക് അതിൽ നിരാശ ഇല്ലായിരുന്നു. അനിയത്തി പഠിച്ച് സ്വന്തം കാലിൽ നിൽക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു… എന്നിട്ടും ആ അനിയത്തി പോലും ചേച്ചിയെ മനസ്സിലാക്കിയില്ല… ഉപദേശിച്ചു നേരെയാക്കാൻ വന്ന ചേച്ചിയെ ചേച്ചിയ്ക്ക് കല്യാണം കഴിക്കാതെ നിന്നു പോയതിന്റെ അസൂയ… അതല്ലേ കാവ്യ പറഞ്ഞത്… ചിലർ കണ്ടാൽ പഠിക്കില്ല… കൊണ്ടാലെ പഠിക്കൂ.. ഇനി മോള് നന്നാവും….

സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി കണ്ടെത്തണം… അനുഭവത്തതിനെക്കാൾ വലിയ പാഠപുസ്തകം ഇല്ലല്ലോ…” നീരവ് പറഞ്ഞു നിർത്തി… നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കാവ്യ തുടച്ചു… ജനനിയുടെ ഹൃദയവും പൊള്ളിപ്പിടഞ്ഞു… “എന്നെക്കുറിച്ച് എന്തെങ്കിലും അറിയണം എന്നുണ്ടെങ്കിൽ ചോദിച്ചോളൂ… ” നീരവ് പറഞ്ഞു… അമ്മയും കാവ്യയും നിശബ്ദരായി നിന്നു… “ഇതാണ് ഓഫീസിലെ നീരവ് സർ… സാറിനും വീട്ടുകാർക്കും നമ്മളെക്കുറിച്ച് എല്ലാം അറിയാം… അന്നത്തെ നിശ്ചയം മുടങ്ങിയത് ഉൾപ്പെടെ… ഏട്ടൻ സമ്മതിച്ചില്ലെങ്കിൽ അമ്മ വിവാഹത്തിനു വരില്ലെന്ന് അറിയാം… അനുഗ്രഹിക്കണം… ” എന്നു പറഞ്ഞ് ജനനി അമ്മയുടെ കാലു തൊട്ട് അനുഗ്രഹം വാങ്ങി.. കൂടെ നീരവും…

കുറച്ചു നേരം കഴിഞ്ഞപ്പോൾ ജയേഷും സിന്ധുവും എത്തി… “മോനെ ജാനിയുടെ കല്യാണമായി… അതു പറയാൻ വന്നതാണ്.. ” അമ്മ പറഞ്ഞു… “ഹ്മ്മ്…” ജയേഷ് അത്ര ഇഷ്ടമില്ലാത്ത മട്ടിൽ മൂളി… “ചേച്ചിയും അളിയനും എല്ലാവരെയും കൂട്ടി നേരത്തെ വരണം…” എന്നു പറഞ്ഞ് നീരവ് വെഡിങ് കാർഡ് നീട്ടി… ജയേഷ് അതു വാങ്ങി.. ഇരുവരും അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി… ചെരിപ്പിട്ട് നടക്കാൻ ഒരുങ്ങിയതും അവർക്ക് മുൻപിലേക്ക് ഇൻവിറ്റേഷൻ കാർഡ് പല കഷ്ണങ്ങളായി ചിതറി വീണു… നീരവിന്റെ മുഖം വലിഞ്ഞു മുറുകി… ജനനി അവന്റെ കയ്യിൽ പിടിച്ച് വേഗം മുൻപോട്ടു നടന്നു… **

ജനനിയുടെ കയ്യിൽ മൈലാഞ്ചി ഇട്ടു കൊടുക്കുകയായിരുന്നു ആര്യൻ… വിഷ്ണു അവരുടെ അരികിൽ ഇരുന്ന് ചോറ് ഉരുളകളാക്കി ജനനിയുടെയും ആര്യന്റെയും വായിൽ വെച്ചു കൊടുക്കുന്നുണ്ടായിരുന്നു…. ഇടയ്ക്ക് ഓരോ ഉരുള അവനും കഴിക്കും.. അവരെ കൂടാതെ ആര്യന്റെ അച്ഛനും അമ്മയും അഞ്ജലിയും അവിടെ ഉണ്ടായിരുന്നു… അവരും ഭക്ഷണം കഴിക്കുകയായിരുന്നു… ജനനിയുടെ ഇരു കൈകളിലും മൈലാഞ്ചി ഇട്ടു കഴിഞ്ഞതും ആര്യൻ എഴുന്നേറ്റു പോയി വായയും മുഖം കഴുകി വന്നു … അതോടെ കൈകൾ നീട്ടി അഞ്ജലി അവന്റെ അടുത്തു കൂടി…

“അതേയ് നമുക്കും ഒരു കല്യാണം നോക്കണ്ടേ? ” അഞ്ജലി തിരക്കി… “ഈ രാത്രി തന്നെ വേണോ? ” “ഏയ്‌… നേരം വെളുത്തിട്ട് ആയാലും മതി… ” “ഭാഗ്യം….” “കെട്ടുമ്പോൾ നല്ലൊരു പെണ്ണിനെ നോക്കി കെട്ടണം… ഈ അസൂയ കുശുമ്പ് തുടങ്ങിയ സാധനങ്ങൾ ഇല്ലാത്ത ഒരു പാവം പെണ്ണിനെ… അല്ലെങ്കിൽ പിന്നെ ഏട്ടനെ ഞങ്ങൾക്ക് ഇതു പോലെ കിട്ടില്ല…. അല്ലേ ജാനി? ” അഞ്ജലി തിരക്കി… “ശരിയാ…” ജനനിയും ശരി വെച്ചു… “എന്നെങ്കിലും അങ്ങനെ ഒരുവൾ എന്നെത്തേടി വരുമോ എന്നു നോക്കട്ടെ… അങ്ങനെ വന്നാൽ അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ലെന്നു തോന്നും വിധം എന്നിൽ നിറയട്ടെ… അന്നു ഞാൻ അവളെ സ്വന്തമാക്കും…

പക്ഷേ ഒന്നുണ്ട്… ഞാൻ അവളെയല്ല അവൾ എന്നെയാണ് തേടി വരേണ്ടത്… ” ആര്യൻ പറഞ്ഞു നിർത്തി… “അങ്ങനെ ഒരുവൾ എന്നു വരും… ” അഞ്ജലി തിരക്കി… “അറിയില്ല…. പക്ഷേ ഞാൻ അവൾക്കു വേണ്ടി കാത്തിരിക്കും… ” ആര്യൻ പുഞ്ചിരിയോടെ പറഞ്ഞു… ** നീരവിന്റെ കുടുംബക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം… നീരവിന്റെ അടുത്ത ബന്ധുക്കളും ആര്യന്റെ കുടുംബവും പങ്കെടുക്കുന്ന ലളിതമായ ചടങ്ങ്.. ഒമ്പതരയ്ക്കായിരുന്നു മുഹൂർത്തം… ദേവി നടയിൽ നീരവും ജനനിയും തൊഴുതു നിന്നു… വീതിയിൽ കസവു കരയുള്ള മുണ്ടും നേര്യതും ആയിരുന്നു ജനനിയുടെ വേഷം… മുടിയിൽ നിറയെ മുല്ലപ്പൂ ചൂടിയിരുന്നു… ഇപ്പോഴുള്ള ആഭരണങ്ങൾ അല്ലാതെ വേറെയൊന്നും എടുക്കരുത് എന്ന് നീരവ് പറഞ്ഞിരുന്നെങ്കിലും ആര്യനും വിഷ്ണുവും കൂടി കുറച്ച് ആഭരണങ്ങൾ കൂടി എടുത്തിരുന്നു …

മുഹൂർത്തത്തിനുള്ള സമയം അടുത്തിട്ടും ജനനിയുടെ വീട്ടിൽ നിന്നും ആരും വന്നില്ല… നീരവ് ജനനിയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ വിഷ്ണുവിന്റെ അരികിൽ അവന്റെ വലതു കയ്യിൽ പിടിച്ചു കൊണ്ടു പുഞ്ചിരിക്കുന്ന മുഖത്തോടെ വിന്ദുജയും ഉണ്ടായിരുന്നു… നീരവ് ജനനിയുടെ സീമന്തരേഖയിൽ കുങ്കുമം ചാർത്തുമ്പോൾ അവൾ ദീർഘ സുമംഗലിയായി നീരവിനും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുമൊപ്പം ജീവിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ ആര്യൻ നിന്നു…. നീരവിന്റെ വീട്ടിലേക്ക് വലതു കാൽ വെച്ച് സുമിതയുടെ കയ്യിൽ നിന്നും നിലവിളക്കും ഏറ്റു വാങ്ങി ജനനി കടന്നു ചെന്നു..

നീനയുടെയും ആരോമലിന്റെയും മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു എങ്കിലും ആരും വാക്കുകൾ കൊണ്ട് അവളെ മുറിവേൽപ്പിച്ചില്ല.. വൈകുന്നേരത്തോടെ എല്ലാവരും തിരിച്ചു പോയപ്പോൾ അച്ഛനും അമ്മയും നീരവും ജനനിയും മാത്രം അവിടെ അവശേഷിച്ചു… ** രാത്രി അമ്മ തന്ന പാലുമായി മുറിയിലേക്ക് ജനനി കടന്നു ചെന്നു… മുറിയിൽ നീരവ് ഇല്ലായിരുന്നു… ബാൽക്കണിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതും പാൽ ഗ്ലാസ്സ് ടേബിളിൽ വെച്ച് അവൾ അങ്ങോട്ട് ചെന്നു… ജനനിയുടെ കാൽപ്പെരുമാറ്റം അറിഞ്ഞതും നീരവ് തിരിഞ്ഞു നോക്കി… “എന്താ ഇവിടെ വന്നു നിന്നത്? ” കൈ വരിയിൽ പിടിച്ചു നിൽക്കുന്ന അവന്റെ കയ്യിൽ കൈ ചേർത്തു വെച്ച് അവൾ തിരക്കി..

“അതോ… അവിടെ ഒരു പെണ്ണുണ്ടായിരുന്നു… എന്റെ ഹൃദയം കവർന്നവൾ… ഇവിടെ വന്നു നിന്നാൽ അവൾ എന്നിൽ നിറയും…” “എനിക്ക് അറിയാം… ” “അറിയാമെന്നോ? ” “ഹ്മ്മ്… ഇവിടെ നിന്നും നോക്കുന്നത് ഞാനും എപ്പോഴോ അറിഞ്ഞു തുടങ്ങിയിരുന്നു… ” “എന്നിട്ടാണോ . ഒരു നോട്ടം പോലും എനിക്ക് തരാതെ കടന്നു കളഞ്ഞു കൊണ്ടിരുന്നത്? ” അവളെ വലിച്ചു നെഞ്ചോടു ചേർത്തു കൊണ്ട് നീരവ് തിരക്കി… ……. “ഇനിയും മൗനമോ? ” ചോദിക്കുമ്പോൾ നീരവിന്റെ കൈകൾ ഒന്നു കൂടെ മുറുകി… “പേടിയായിരുന്നു… പ്രതീക്ഷകൾക്ക് നൽകി അവസാനം ഞാൻ തനിച്ചാക്കി പോയാൽ…

കുഞ്ഞേട്ടനെ അവഗണിച്ചു നടന്നതിനേക്കാൾ വേദന അനുഭവിക്കേണ്ടി വന്നേനെ…” “നീ ഇപ്പോൾ എന്താ വിളിച്ചേ? ” “കുഞ്ഞേട്ടൻ… ” അവൾ നാണത്തോടെ പറഞ്ഞു… നീരവ് അവളെ നോക്കി കുസൃതിയോടെ ചിരിച്ചു… “വാ… നമുക്ക് അളിയനെ വിളിച്ചു നോക്കാം… പാവം ചിലപ്പോൾ സങ്കടത്തിൽ ആയിരിക്കും… രണ്ടു പേരും മുറിയിലേക്ക് നടന്നു… ബെഡിൽ ഇരുന്ന് കൊണ്ട് നീരവ് വിഷ്ണുവിന്റെ ഫോണിലേക്ക് കാൾ ചെയ്തു… “ഹലോ… ” അഞ്ജലിയുടെ ശബ്ദം കേട്ടതും നീരവ് ഫോൺ ചെവിയിൽ നിന്നും മാറ്റി ഡിസ്പ്ലേയിലേക്ക് നോക്കി. അതു വിഷ്ണുവിന്റെ നമ്പർ തന്നെ ആണെന്ന് ഉറപ്പിച്ചു… “നിങ്ങൾ ഇന്ന് അവിടെയാണോ? ” “അതേ…. ഞാനും ചേട്ടായിയും ഏട്ടനും വിന്ദുവും എല്ലാം ഉണ്ട്…” “അവൾ കല്യാണത്തിന് മുൻപേ അവിടെ കയറി താമസം തുടങ്ങിയോ? ” “അറിയില്ല…

രണ്ടാളും ഉമ്മറത്തു സംസാരിച്ചു കൊണ്ട് ഇരിപ്പുണ്ട്… ഞാൻ ഫോൺ കൊടുക്കാം… ” “ഏയ്‌… വേണ്ട…. അവർ സംസാരിച്ചോട്ടെ.. എന്നാൽ ഗുഡ് നൈറ്റ്… ” “കുഞ്ഞേട്ടാ… ” “എന്താ?” “ഹാപ്പി ഫസ്റ്റ് നൈറ്റ്… ” “പോടീ… ” ചിരിയോടെ നീരവ് പറഞ്ഞതും അഞ്ജലി കാൾ കട്ട്‌ ചെയ്തു… അതിനു ശേഷം ആര്യനെ നോക്കി അഞ്ജലി ഒരു ചിരി പാസ്സാക്കി… “അവൾ എന്താ പറഞ്ഞത്? ” ജനനി തിരക്കി… “പറയട്ടെ? ” “ഹ്മ്മ്… ” “ഹാപ്പി….” എന്നു പറഞ്ഞ് അവൻ നിർത്തി .. “ഓഹ് ! ഹാപ്പി മാരീഡ് ലൈഫ്… ” “അല്ല… ഹാപ്പി ഫസ്റ്റ് നൈറ്റ്‌… ” എന്നും പറഞ്ഞ് നീരവ് അവളെ പുണർന്നു… *** രാവിലെ നീരവ് എഴുന്നേൽക്കുമ്പോൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ജനനി ഉറക്കമായിരുന്നു…. നീരവ് അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ചെവിക്കു പുറകിലേക്ക് നീക്കി വെച്ചു… അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ച ശേഷം മിഴികൾ പൂട്ടി കിടന്നു…

ജനനി എഴുന്നേറ്റു പോകുന്നത് അറിഞ്ഞെങ്കിലും അവൻ അറിയാത്ത പോലെ കിടന്നു… കുളി കഴിഞ്ഞു വന്നപ്പോൾ നീരവിനെ ഉണർത്തിയ ശേഷം അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ വേഗം താഴേക്കു പോയി… ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴും അവൾ അവനെ നോക്കുന്നില്ലായിരുന്നു… വീട്ടിലേക്ക് പോകാനായി ജനനി സാരി ഉടുത്തു… അതിനു ശേഷം മുടി ചീകുമ്പോൾ നീരവ് അവളുടെ മുൻപിൽ വന്നു നിന്നു… “എന്റെ മുഖത്തേക്ക് നോക്ക് ജാനി… ” എന്നും പറഞ്ഞ് അവൻ ഗൗരവത്തിൽ അവളുടെ മുഖം പിടിച്ച് ഉയർത്തി… അവളുടെ മുഖം ചുവന്നു വരുന്നതും നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിയുന്നതും നേർത്ത പുഞ്ചിരിയോടെ നീരവ് നോക്കി നിന്നു പോയി… “എന്റെ ജാനി… ഇനി ഞാനും നിന്റെ മുഖത്തേക്ക് നോക്കാതെ നടന്നോട്ടെ..” “വേണ്ട… ”

എന്നും പറഞ്ഞ് അവൾ തിരിഞ്ഞു നിന്നപ്പോൾ നീരവ് അവളെ പുറകിൽ നിന്നും പുണർന്നു.. ഇങ്ങനെ പോയാൽ നീ ഇനി എന്റെ മുഖത്തേക്ക് നോക്കില്ലല്ലോ… ഒരു രാത്രി കൊണ്ട് ഇങ്ങനെ നോക്കാൻ പറ്റാത്ത വിധം എന്റെ മുഖം മോശമായോ…” എന്നും പറഞ്ഞ് അവളെ വിട്ട് അവൻ കണ്ണാടിയുടെ മുൻപിൽ ചെന്നു നിന്നു… തന്നെ നോക്കി നിൽക്കുന്ന ജനനിയുടെ രൂപം കണ്ണാടിയിൽ തെളിയുന്നത് പ്രണയത്തോടെ നീരവ് നോക്കി നിന്നു… *** വീട്ടിൽ എത്തിയതും ജനനി ഓടിപ്പോയി വിഷ്ണുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു… സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയാതെ അവൾ കരഞ്ഞു പോയി… വിഷ്ണു അവളുടെ തോളിൽ പതിയെ തട്ടി കൊണ്ടിരുന്നു… വൈകുന്നേരം എല്ലാവരും കൂടെ പാടത്തേക്ക് ഇറങ്ങി… വിഷ്ണുവിന്റെ കയ്യും പിടിച്ചാണ് വിന്ദുജ നടക്കുന്നത്…

അവരുടെ പുറകിലായി വിനോദ്… അതിനു പുറകിൽ ജനനിയും നീരവും… ഏറ്റവും പുറകിലായി ആര്യനും അഞ്ജലിയും… ഞാൻ ഏട്ടന്റെ കൂടെ നടക്കും… അല്ലേൽ പെട്ടെന്ന് ഏട്ടൻ തനിച്ചായ പോലെ ആകും എന്ന് വീട്ടിൽ നിന്നും ഇറങ്ങും മുൻപേ ആരും കാണാതെ അഞ്ജലി വിനോദിനോട്‌ പറഞ്ഞിരുന്നു… അവളുടെ കലപില ഇല്ലാതെ സ്വസ്ഥമായി നടക്കട്ടെ എന്നും പറഞ്ഞാണ് വിനോദ് മുൻപേ നടക്കുന്നത്…. കുറച്ചു ദൂരം നടന്നാൽ ഒരു ചിറയുണ്ട് അതു കാണാൻ വേണ്ടിയുള്ള നടത്തമാണ്… വലിയ വരമ്പിൽ നിന്നും താഴെയുള്ള വരമ്പിലേക്ക് ഇറങ്ങാൻ കുത്തനെയുള്ള ഒരു ഇറക്കമുണ്ട്… അല്ലെങ്കിൽ കുറച്ചു ചുറ്റി വളഞ്ഞ് പോകണം…. വിഷ്ണുവിനും വിന്ദുജയ്ക്കും താൻ പുറകിൽ നടക്കുന്നത് ബുദ്ധിമുട്ട് ആകണ്ട എന്നു കരുതി വിനോദ് എളുപ്പ വഴിക്ക് ഇറങ്ങി…

നമുക്ക് ആ വഴി ഇറങ്ങാം എന്ന് നീരവ് പറഞ്ഞപ്പോൾ ജനനി തലയാട്ടി… ആദ്യം നീരവാണ് ഇറങ്ങിയത്… അതിനു ശേഷം ജനനി ഇറങ്ങാൻ തുടങ്ങി… കുത്തനെയുള്ള ഇറക്കമായതിനാൽ ഒരു കാലെടുത്തു കുത്തി മറ്റേ കാല് ഉയർത്തുമ്പോഴേക്കും കാല് തെന്നി അവൾ മുന്നോട്ട് ആഞ്ഞു പോയി… അഞ്ജലി എന്തു ചെയ്യണം എന്നറിയാതെ തറഞ്ഞു നിന്നു പോയി… അവളെ പുറകിൽ നിന്നും പിടിക്കാമായിരുന്നിട്ടും ആര്യന്റെ കൈകൾ ചലിച്ചില്ല… മറ്റൊരു കൈകളിൽ അവൾ സുരക്ഷിതയായിരിക്കും എന്ന് അവനു അറിയാമായിരുന്നു… നീരവ് മുന്നോട്ട് വന്ന് അവൾ വീഴും മുൻപേ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു…. പെട്ടെന്ന് ഉണ്ടായ ആന്തലിൽ ജനനിയുടെ ശരീരം വിറ കൊണ്ടു… “ഒന്നും ഇല്ല… ” എന്നും പറഞ്ഞ് നീരവ് അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ടിരുന്നു…

ആര്യൻ ഇറങ്ങിയ ശേഷം അഞ്ജലിയെ ശ്രദ്ധയോടെ ഇറക്കി… നീരവിനെയും ജനനിയേയും കടന്ന് അവർ മുൻപോട്ടു നടന്നു… “ഏട്ടൻ എന്തേ അവളെ പിടിച്ചു നിർത്തിയില്ല? ” അഞ്ജലി തിരക്കിയപ്പോൾ ആര്യൻ തിരിഞ്ഞു നോക്കി… നീരവിന്റെ കയ്യിൽ തൂങ്ങി പുറകിലായി ജനനി നടന്നു വരുന്നുണ്ടായിരുന്നു… “അവളുടെ കാലൊന്നു ഇടറിയാൽ താങ്ങി നിർത്താൻ കരുതലോടെ നീരവ് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു… അതൊന്നു കൂടെ ശക്തമാക്കാൻ….” “ഇനി ഞാൻ വീഴാൻ പോയാലും പിടിക്കാതെ ചേട്ടായിയെ നോക്കി നിൽക്കുമോ… ” “നീ വാടീ വായാടി…” എന്നും പറഞ്ഞ് ആര്യൻ നടന്നു… സൂര്യൻ അസ്തമയത്തിനു തയ്യാറെടുത്തു തുടങ്ങിയിരുന്നു… പല വർണ്ണങ്ങളിലുള്ള മേഘങ്ങൾ ആകാശത്ത് പുതിയ ചിത്രങ്ങൾ വരച്ചു ചേർത്തു കൊണ്ടിരുന്നു…

ചിറയിലെ വെള്ളച്ചാട്ടം കണ്ടു തിരികെ മടങ്ങുമ്പോൾ ആര്യനും വിഷ്ണുവും കൈ കോർത്തു പിടിച്ചു നടന്നു… അവരെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി മുൻപിലായി ജനനിയും ഉണ്ടായിരുന്നു…. “ആര്യാ… ജീവിതം ഇത്ര സ്നേഹപ്പൂർണ്ണമായിരുന്നോ? ” വിഷ്ണു തിരക്കി… “ഹ്മ്മ്… ചിലർ ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ അങ്ങനെയാണ്…” “എന്റെ ആര്യാ… നീയും ജാനിയും പിന്നെയും ചുറ്റിലും സ്നേഹം കൊണ്ട് മൂടുന്ന പലരും… ഇതു മതി ആര്യാ.. കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല… ഒന്നും… ” “ഞാനും..” ജനനി നടത്തം നിർത്തി… നീരവ് വിനോദിനോടൊപ്പം നടന്നു നീങ്ങി… ജനനി വിഷ്ണുവിന്റെ കയ്യിൽ പിടിച്ച് ആര്യന്റെയും വിഷ്ണുവിന്റെയും ഒപ്പം നടന്നു നീങ്ങി…

“ഏട്ടൻ പറഞ്ഞ പെൺകുട്ടി വേഗം തേടി വരുമോ?” ജനനി ആര്യനോട്‌ തിരക്കി… “അറിയില്ല… ജാനി ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ചിലപ്പോൾ വേഗം വരുമായിരിക്കും…. ” “ഞാൻ പ്രാർത്ഥിക്കും… ” അവളുടെ പ്രാർത്ഥന വേഗം സഫലമാകട്ടെ എന്ന പ്രാർത്ഥനയോടെ ആര്യനെ നോക്കി ഒരു നക്ഷത്രം കണ്ണു ചിമ്മി… ■ അവരുടെ ജീവിതം അവസാനിക്കുന്നില്ലാട്ടോ… അതങ്ങനെ ഒരു പുഴ പോലെ ശാന്തമായി മുന്നോട്ട് ഒഴുകട്ടെ… പുതിയ അതിഥികൾ കടന്നു വന്ന് അവരുടെ ജീവിതം കൂടുതൽ സുന്ദരമാക്കട്ടെ… സ്നേഹത്തോടെ ✍അനുരാധ സനൽ ❤

വലിയ പാർട്ടാണ്… അപ്പോൾ അഭിപ്രായങ്ങളും കുറച്ചു വലുതായിക്കോട്ടെ… ഞാൻ കാത്തിരിക്കും… ഇതു വരെ എല്ലാവരും തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി… സ്നേഹം… ഇതു വരെ വായിച്ച തുടർക്കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഏതാണെന്നു കൂടെ പറയണേ…. അടുത്ത കഥയുമായി വരാൻ വൈകിയാലും എന്നെ മറക്കില്ല എന്ന് വിശ്വസിക്കുന്നു… പിന്നെ മുൻപ് ഒരു പാർട്ടിൽ ഒരു ജോലി നോക്കുന്ന കാര്യം ഞാൻ പറഞ്ഞിരുന്നല്ലോ… അതു വേണ്ടെന്നു വെച്ചു… പക്ഷേ കൂട്ടിന് ഇപ്പോൾ മറ്റു ചില തിരക്കുകൾ ഉണ്ട്… പിന്നെ അതു കൊണ്ട് ജനനി പെട്ടെന്ന് അവസാനിപ്പിച്ചതൊന്നും അല്ലാട്ടോ… ഇനിയും നീട്ടി വലിച്ച് എഴുതിയാൽ ചിലപ്പോൾ ബോർ ആയിപ്പോകും… സ്നേഹത്തോടെ അനുരാധ❤❤❤അവസാനിച്ചു ….
….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 43

Share this story