കള്ളനസ്രാണി : ഭാഗം 5

കള്ളനസ്രാണി : ഭാഗം 5

എഴുത്തുകാരി: അഭിരാമി

സന്ധ്യ കഴിഞ്ഞപ്പോഴായിരുന്നു സാമൂവൽ വീട്ടിലേക്ക് വന്നത്. ആനിയപ്പോഴും കൊന്തയും ജപിച്ചുകൊണ്ട് ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അയാളെ കണ്ടതും അവരെണീറ്റ് അടുത്തേക്ക് ചെന്നു. ” ഇച്ചായാ ക്രിസ്റ്റിയേപ്പറ്റി എന്തെങ്കിലും വിവരം…. ” ” മ്മ്ഹ്….. ജാമ്യമെടുത്തിട്ടുണ്ട്. ” സാമൂവൽ പറഞ്ഞതും ആനിയിൽ വല്ലാത്തൊരു ആശ്വാസം തോന്നിച്ചു. അവർ നെഞ്ചിൽ കൈവച്ചുകൊണ്ട് ഭിത്തിയിൽ തൂക്കിയിരുന്ന മാതാവിന്റെ ചിത്രത്തിലേക്ക് നോക്കി. കയ്യിലിരുന്ന കൊന്തയിലെ കുരിശിൽ അമർത്തി ചുംബിച്ചു. ” എന്നിട്ടവനെവിടെ ??? ഈ നേരമായിട്ടും അവനെന്നാ ഇങ്ങോട്ട് വരാത്തത് ??? ” വേവലാതിയോടെ അവർ ചോദിച്ചു. ” സ്റ്റേഷനിൽ നിന്നിറക്കിയുടൻ കുറെ കൂട്ടുകാര് വന്നിരുന്നു. അവരോടൊപ്പം പോയി……

പിന്നെ നിർബന്ധിച്ച് ഒപ്പം കൂട്ടാനുള്ള അധികാരവും അവകാശവുമൊന്നും അവനിലെനിക്കില്ലല്ലോ….. ” വേദന നിറഞ്ഞൊരു ചിരിയോടെ അയാൾ പറഞ്ഞു. ” ഇങ്ങനെ വിഷമിക്കല്ലേ ഇച്ചായാ….. എല്ലാം ശരിയാകും…. ” ” ഇനിയെന്നാ ആനി ??? നീയീ പറഞ്ഞ എല്ലാം ശരിയാവുന്ന ആ ദിവസത്തിന് വേണ്ടിയല്ലേ പത്തൊൻപത് കൊല്ലമായി ഞാനും നീയും കാത്തിരിക്കുന്നത്….. എന്നിട്ട് എന്തെങ്കിലും ശരിയായോ ???? ” വേദനയോടെ ചോദിക്കുന്ന അയാളോടെന്ത് പറയണമെന്ന് ആനിക്കുമറിയുമായിരുന്നില്ല അപ്പോൾ. അവരും വേദന കടിച്ചമർത്തി നിന്നു. ” ആഹ് അത് പോട്ടെ…… ജെസ്സി മോളെവിടെ ??? ” ” മുറിയിലുണ്ട്…. ” ” അവള് വല്ലതും കഴിച്ചായിരുന്നോ ???? ”

” ഇല്ല…… ഇതൊക്കെ അറിഞ്ഞപ്പോൾ മുതൽ മുറിയിൽ കയറി കതകടച്ചിരുപ്പാ…. ഉച്ചക്ക് കഴിക്കാൻ സുനന്ദ ചെന്ന് വിളിച്ചിട്ടും വിശപ്പില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ” ” മ്മ്ഹ്….. പാവം അതിന്റെയൊരു ഗതി…. നമ്മളെ എത്ര വേണമെങ്കിലും ശിക്ഷിച്ചോട്ടേ പക്ഷേ ഒരുപാട് പ്രതീക്ഷകളുമായി അവന്റെ മിന്ന് സ്വീകരിച്ച ആ പെണ്ണിനോടെങ്കിലും അവനൊന്ന് നന്നായി പെരുമാറിയാൽ മതിയായിരുന്നു. ” ഒരു നെടുവീർപ്പോടെ പറഞ്ഞിട്ട് സാമൂവൽ അകത്തേ മുറിയിലേക്ക് നടന്നു. ” ഇച്ചായാ….. ” ആനി വിളിക്കുന്നത് കേട്ട് അയാൾ വീണ്ടും തിരിഞ്ഞുനിന്നു. ” അവനെന്തിനാ ഇപ്പൊ ഇങ്ങനൊക്കെ…. ” ” അത്…. അതൊന്നുല്ലഡോ…..

” ഒഴിഞ്ഞുമാറാൻ ശ്രമിച്ചുകൊണ്ട് സാമൂവൽ അകത്തേക്ക് പോകാനൊരുങ്ങി. പക്ഷേ അതിന് മുൻപ് ആനി അയാളെ തടഞ്ഞിരുന്നു. ” എന്നായാലും പറ ഇച്ചായാ….” ” പെണ്ണ്….. പെണ്ണ് കേസാ ആനി….. കാര്യം കൃത്യമായി അറിഞ്ഞില്ല ഞാൻ. പോലിസ് സ്റ്റേഷനകത്തേക്കും വക്കീലൊറ്റയ്ക്കാ പോയത്. ഞാൻ ചെന്നാൽ ചിലപ്പോൾ അവൻ ജാമ്യം പോലും വേണ്ടെന്ന് പറഞ്ഞാലോ ??? ആ കെട്ടിയോൻ ചത്ത ഒരുത്തിയില്ലേ കിഴക്കുപുറത്ത് അവളുടെ എന്തോ കാര്യമാണെന്നാ അറിഞ്ഞത്….. അല്ലേലും കെട്ടിയോൻ ചത്തശേഷം കണ്ടവന്റെയെല്ലാം കൂടെക്കിടക്കുന്ന അവൾക്കിപ്പോ ചിലവിന് കൊടുക്കുന്നത് നമ്മുടെ സീമന്തപുത്രനാണെന്നാ നാട്ടിലൊക്കെ സംസാരം. ഇതുകൂടിയായപ്പോ പൂർത്തിയായി.

ആഹ് നീയേതായാലും ഇതൊന്നും ജെസ്സി മോളോട് പറയാൻ നിക്കണ്ട. എന്തിനാ വെറുതെ അതിനേക്കൂടി വിഷമിപ്പിക്കുന്നത്. നമുക്ക് പിന്നെ ഇതൊക്കെ ശീലമല്ലേ….” പറഞ്ഞിട്ട് സാമൂവൽ തിരിഞ്ഞുനോക്കിയതും കണ്ടത് സ്റ്റെയർകേസിന് മുകളിൽ അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്ന ജെസ്സിന്തയേ ആയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. ” മോളെ….. ” ആനി വിളിച്ചുവെങ്കിലും അവളത് ശ്രദ്ധിക്കാതെ മുറിയിലേക്ക് തന്നെ ഓടി. ” മോളെ പപ്പയൊന്ന് പറയട്ടെ….. ” സാമൂവലും പറഞ്ഞെങ്കിലും ആ വാക്കുകൾക്കും അവളെ തടയാൻ കഴിഞ്ഞില്ല.

ഓടി മുറിയിൽ കയറിയ ജെസീന്ത വാതിലടച്ച് അതിൽ തന്നെ ചാരിനിന്ന് പൊട്ടിക്കരഞ്ഞു. ഒടുവിൽ കരഞ്ഞുകരഞ്ഞവൾ ഊർന്ന് നിലത്തേക്ക് ഇരുന്നു. അപ്പോഴൊക്കെ ക്രിസ്റ്റിയേ പറ്റി കേട്ട വാക്കുകളവളവളുടെ ഹൃദയത്തേ പൊള്ളിച്ചുകൊണ്ടിരുന്നു. മണിക്കൂറുകൾ കടന്നുപോയത് പോലുമറിയാതെ ആ വെറും നിലത്ത് ചടഞ്ഞിരിക്കുമ്പോൾ അവളുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 💕 നീ വരുന്ന വഴിയോര സന്ധ്യയിൽ കാത്തു കാത്തു നിഴലായി ഞാൻ.. അന്നുതന്നൊരനുരാഗരേഖയിൽ നോക്കി നോക്കിയുരുകുന്നു ഞാൻ.. രാവുകൾ ശലഭമായ്.. പകലുകൾ കിളികളായ്.. നീ വരാതെയെൻ രാക്കിനാവുറങ്ങീ…

ഉറങ്ങീ.. ഇനിയെന്തുവേണം ഇനിയെന്തുവേണമീ മൗനമേഘമലിയാൻ പ്രിയംവദേ… തെല്ലുറങ്ങിയുണരുമ്പോഴൊക്കെയും നിൻ തലോടലറിയുന്നു ഞാൻ.. തെന്നൽ വന്നു കവിളിൽ തൊടുമ്പോഴാ ചുംബനങ്ങളറിയുന്നു ഞാൻ.. ഓമനേ ഓർമ്മകൾ.. അത്രമേൽ നിർമ്മലം.. നിന്റെ സ്നേഹലയമർമ്മരങ്ങൾ പോലും.. തരളം.. ഏതിന്ദ്രജാലമൃദുമന്ദഹാസമെൻ നേർക്കു നീട്ടിയലസം മറഞ്ഞു നീ….💕 ” മതിയെടി ഊറ്റിയത്…. വർഷം കുറേ ആയല്ലോ നീയിങ്ങനെ ചോരയൂറ്റാൻ തുടങ്ങിയിട്ട്. എന്നിട്ടിത് വരെ വല്ലോം നടന്നോ ???? ” ഡ്രൈവിംഗ് സീറ്റിന്റെ ഓപ്പോസിറ്റ് ആയുള്ള പെട്ടിപ്പുറത്തിരുന്നുകൊണ്ട് ഡ്രൈവറേ വായിനോക്കുന്ന ജെസ്സിയേ നുള്ളിക്കൊണ്ട് റിയ പറഞ്ഞു.

” സ്സ്…. ഒന്ന് വെറുതേയിരി പെണ്ണേ കോളേജ് എത്താറായി അതുവരെ ഞാനൊന്ന് നോക്കിയെങ്കിലും നിർവൃതിയടഞ്ഞോട്ടെ…. ” അവനെ നോക്കിത്തന്നെ ഇരുന്നുകൊണ്ട് ഒരു നെടുവീർപ്പോടെ ജെസ്സി പറഞ്ഞു. ” എന്തിനാ പെണ്ണേ തിരികെയൊരു നോട്ടം പോലും കിട്ടില്ലെന്നറിഞ്ഞിട്ടും വീണ്ടുമിങ്ങനെ അവന്റെ പിന്നാലെ നടക്കുന്നത്…… ” ” എനിക്കറിയില്ലെടി ഞാൻ ആറാം ക്ലാസ്സിലും അങ്ങേര് പ്ലസ് ടു വിനും പഠിക്കുമ്പോൾ തുടങ്ങിയതാ എന്റെയീ ഭ്രാന്ത്…. എന്റെ നോക്കിനോ വാക്കിനോ ഒരിക്കൽ പോലുമൊരു പ്രതികരണമുണ്ടായിട്ടില്ല ഒരിക്കലും. എന്നാലും എനിക്ക് ഭ്രാന്താടാ ഇയാളോട്….. ” ക്രിസ്റ്റിയിൽ നിന്നും കണ്ണ് പിൻവലിക്കാതെ തന്നെ അവൾ പറഞ്ഞു. ”

എടി എന്നാലും നിനക്കീ ബസ്കാരെ ഒക്കെയേ കിട്ടിയുള്ളോ പ്രേമിക്കാൻ ??? ഈ ബസ്കാരൊക്കെ ഏത് തരക്കാരാണെന്ന് എങ്ങനെയറിയാം. ” അസ്വസ്തതയോടെ റിയ പറഞ്ഞത് കേട്ട് ജെസീന്ത വെറുതെയൊന്ന് പുഞ്ചിരിച്ചു. ” നിനക്കീ ക്രിസ്റ്റിയേപ്പറ്റി എന്തറിയാം….. മൂൺ ലൈറ്റ് മോട്ടോർസിന്റെ വെറുമൊരു ഡ്രൈവറായ ക്രിസ്റ്റിയേ മാത്രമല്ലേ നിനക്കറിയൂ…. പക്ഷേ….. ഈ ബസ് ഉൾപ്പെടെ പ്ലാന്തോട്ടത്തിൽ കുടുംബത്തിന്റെ സകലബിസ്നെസുകളുടേയും ഏകഅവകാശിയായ ക്രിസ്റ്റി സേവ്യറിനെയും എനിക്കറിയാം….പ്ലാപ്പറമ്പിൽ സാമുവലിന്റെയും ആനിയുടേയും ഒരേയൊരു മകനാണ് ക്രിസ്റ്റി….. ” ജെസ്സി പറഞ്ഞത് കേട്ട് വായും തുറന്നിരിക്കുകയായിരുന്നു റിയ അപ്പോൾ.

” ഏഹ്….. പിന്നെന്നാത്തിനാ ഇയാളീ ബസ്ഡ്രൈവറ് കളിച്ചുനടക്കുന്നേ ??? ” അത്ഭുതത്തോടെ തന്നെയായിരുന്നു അവളത് ചോദിച്ചത്. ” അവരപ്പനും മകനും കൂടി ചേരില്ല ഒരിക്കലും…. ഇച്ചായന്റെ ഈ കുത്തഴിഞ്ഞ ജീവിതം കാരണം അവർ നേരിൽ കണ്ടാൽ കീരിയും പാമ്പുമാ…. അതുകൊണ്ട് തന്നെ അപ്പന്റെ പൈസ വെറുതെ വേണ്ടെന്നും പറഞ്ഞാ സ്വന്തം ബസ്സിൽ തന്നെ ഡ്രൈവർ പണി ചെയ്ത് പൈസ വാങ്ങുന്നത്. ” ” അല്ല നീ ഇതൊക്കെ എങ്ങനറിഞ്ഞു ??? കാമുകന്റെ ജീവചരിത്രം വരെ കയ്യിലുണ്ടല്ലോ മോളേ…. ” കളിയായി പറഞ്ഞുകൊണ്ട് റിയ ചിരിച്ചു. ” എന്റെ കുടുംബം നിലനിൽക്കുന്നത് പോലും ഇച്ചായന്റെ പപ്പ സാമുവലങ്കിള് കാരണമാ.

അങ്കിളും എന്റെ പപ്പയും പണ്ടേ കൂട്ടുകാരായിരുന്നു. പപ്പയുടെ കാല് പോയപ്പോ വേറെ ജോലിക്കൊന്നും പോകാൻ പറ്റത്തില്ലല്ലോന്നും പറഞ്ഞ് അങ്കിളിട്ട് കൊടുത്തതാ പപ്പേടെ കട. ചേച്ചിയുടെ കല്യാണം നടന്നതും അങ്കിളിന്റെ സഹായം കൊണ്ടാ. അങ്ങനെയുള്ളപ്പോ ആ കുടുംബത്തേപ്പറ്റി എനിക്കറിയാതിരിക്കോ….” ” ആഹാ അപ്പോ മോള് പുളിങ്കൊമ്പിലാണല്ലോ പിടിച്ചേക്കുന്നെ….” റിയ പറഞ്ഞത് കേട്ട് ജെസ്സിയുമൊന്ന് ചിരിച്ചു. ” കാണുന്നവർക്കങ്ങനെ പലതും തോന്നാം…. പക്ഷേ പ്രണയമെന്ന വികാരം ഉള്ളിൽ മൊട്ടിട്ട കാലം മുതൽ എന്റെ മനസ്സിൽ ഈയൊരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. പരസ്പരമുള്ള അന്തരം മനസ്സിലായി തുടങ്ങിയ കാലത്ത് ഒരുപാട് ശ്രമിച്ചതാണ് എല്ലാം മറക്കാൻ.

കാണാതിരിക്കാൻ…. പക്ഷേ… പക്ഷേ കഴിഞ്ഞില്ല. മറക്കാൻ ശ്രമിക്കും തോറും കൂടുതൽ കൂടുതൽ ശക്തമായി ആ മുഖം എന്നിൽ വേരുറപ്പിച്ചുകൊണ്ടിരുന്നു…. ” ജെസ്സി പറഞ്ഞുനിർത്തുമ്പോഴേക്കും ബസ് കോളേജ് സ്റ്റോപ്പിൽ എത്തിയിരുന്നു. റിയയുടെ പിന്നാലെ ബാഗുമെടുത്ത് ധൃതിയിൽ ഇറങ്ങുന്നതിനിടയിലും അവളുടെ മിഴികൾ അവനിൽ തന്നെ തറഞ്ഞുനിന്നിരുന്നു. അവന്റെ മുഖത്ത് പക്ഷേ പതിവ് പുച്ഛം തന്നെയായിരുന്നു. ” എന്റെ കൊച്ചേ ഒന്ന് നേരെ നോക്കി നടന്നൂടെ…. കാലത്തേ കൊറേ കോളേജ് പിള്ളേരിങ്ങോട്ടിറങ്ങും ഒരുങ്ങിക്കെട്ടി മനുഷ്യനെ തള്ളിയിട്ട് കൊല്ലാൻ…. ”

ക്രിസ്റ്റിയേ ശ്രദ്ധിച്ചുകൊണ്ട് ഇറങ്ങുന്നതിനിടയിൽ ബാലൻസ് തെറ്റി പ്രായമായ ഒരു സ്ത്രീയേ ചെന്നിടിച്ച ജെസ്സിയോടായി അല്പം ഉച്ചത്തിൽ ദേഷ്യത്തിൽ തന്നെയായിരുന്നു അവർ പറഞ്ഞത്. പെട്ടന്ന് തന്നെ എല്ലാവരുടേയും നോട്ടം തന്നിലേക്കായത് കണ്ടതും വല്ലാത്ത നാണംകേട് തോന്നിയ ജെസ്സി ഒരുനിമിഷമവിടെത്തന്നെ തറഞ്ഞ് നിന്നുപോയി. ” നിന്ന് സ്വപ്നം കാണാതെ ഇറങ്ങിപ്പോടീ അങ്ങോട്ട്‌…. രാവിലെ കെട്ടിയൊരുങ്ങി ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ. അതെങ്ങനാ കാണുന്ന ആണുങ്ങളുടെയൊക്കെ ചോരയൂറ്റുന്നതിനിടയിൽ നിലത്ത് നോക്കാൻ സമയം വേണ്ടേ ഇതിനൊക്കെ…. ” പെട്ടന്ന് മുഴങ്ങിക്കേട്ട ആ ശബ്ദം ജെസ്സിയുടെ ഹൃദയത്തേ ഈർന്നുമുറിച്ചുകൊണ്ട് കടന്നുപോയി.

തോളിലെ ബാഗിന്റെ വള്ളിയിൽ അള്ളിപ്പിടിച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ കണ്ടു അവജ്ഞയോടെ തന്നെത്തന്നെ നോക്കി ഇരിക്കുന്ന ക്രിസ്റ്റിയേ. ആ ചൊടികളിൽ നിന്നാണ് തന്നേയിത്രമെൽ പൊള്ളിച്ച ആ വാക്കുകൾ വന്നതെന്നോർക്കേ അറിയാതെ തന്നെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി. ഈ മുഖത്തല്ലാതെ എത്ര ആണുങ്ങളേ താൻ നോക്കുന്നത് കണ്ടിട്ടുണ്ടെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും നാവ് ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് അവളറിഞ്ഞു. കാലുകൾ നിലത്തുറഞ്ഞുപോയത് പോലെ…. പക്ഷേ എങ്ങനെയൊക്കെയോ ബസിൽ നിന്നും ധൃതിയിലവളിറങ്ങി. രണ്ട് കാലുകളും റോഡിലേക്ക് വയ്ക്കും മുൻപ് തന്നെ വണ്ടി മുന്നോട്ട് നീങ്ങിയിരുന്നു.

റിയയുടെ കൈകൾ താങ്ങായത് കൊണ്ട് മാത്രം നിലതെറ്റിയവൾ റോഡിലേക്ക് വീണില്ല. പക്ഷേ അവളതൊന്നും ശ്രദ്ധിച്ചില്ല. ആരോടോ ഉള്ള ദേഷ്യം കൊണ്ടെന്നപോൽ പാഞ്ഞുപോകുന്ന ആ ബസ് നോക്കി നിൽക്കുമ്പോഴും ആ വാചകങ്ങളവളുടെ ഉള്ളിലലയടിച്ചുകൊണ്ടിരുന്നു. ” അതെങ്ങനാ കാണുന്ന ആണുങ്ങളുടെയൊക്കെ ചോരയൂറ്റുന്നതിനിടയിൽ നിലത്ത് നോക്കാൻ സമയം വേണ്ടേ ഇതിനൊക്കെ…. “…തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കള്ളനസ്രാണി : ഭാഗം 4

Share this story