ആത്മിക : ഭാഗം 9

ആത്മിക : ഭാഗം 9

എഴുത്തുകാരി: ശിവ നന്ദ

പിന്നെ ഒട്ടും താമസിച്ചില്ല.അമ്മുവിന്റെ വലംകൈ അന്തരീക്ഷത്തിൽ ഒന്ന് ഉയർന്ന് താഴ്ന്നു.പ്രതീക്ഷിക്കാതെയുള്ള അടിയിൽ അവളുടെ ഇടുപ്പിൽ ഉള്ള പിടി വിട്ട് ക്രിസ്റ്റി പകച്ച്‌ നിന്നു.താക്കീതെന്നോണം അവനെ രൂക്ഷമായൊന്ന് നോക്കി അമ്മു അകത്തേക്ക് നടന്നു. ഇടത്തെ കവിൾ അമർത്തി തടവിക്കൊണ്ട് നിൽക്കുന്നവനെ കണ്ടതും വെറുതെ ചെവിയിലേക്ക് വെച്ചിരുന്ന ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ഒരു ചിരിയോടെ ആൽബിയും പന്തലിലേക്ക് നടന്നു. “നീയിത് എവിടെ പോയതാടാ??” ടീനുവിന്റെ ചോദ്യം കേട്ട് അവൻ അവളെ കണ്ണ് ചിമ്മി കാണിച്ചു. “കണ്ണടച്ച് കാണിക്കാതെ കാര്യം പറയടാ” “ആത്മികയുടെ പിറകെ ഒരുത്തൻ പോകുന്നത് കണ്ടു.എന്താ സംഭവമെന്ന് അറിയാൻ ഞാൻ അങ്ങോട്ട് ഒന്ന് പോയതാ” “എന്നിട്ട്?” “എന്നിട്ടെന്താ..കൊടുക്കാനുള്ളത് അവൾ കൊടുത്തു.കിട്ടാനുള്ളത് രണ്ട് കൈയും നീട്ടി വാങ്ങിയിട്ട് ദേ വരുന്നു അവൻ” ഹർഷന്റെ അടുത്തേക്ക് നടന്ന് പോകുന്ന ക്രിസ്റ്റിയെ ചൂണ്ടി ആൽബി പറഞ്ഞു.

“ആ നിൽക്കുന്നവൻ അല്ലേ ഹർഷൻ..പോയി രണ്ടെണ്ണം കൊടുത്താലോ” “നീ എന്തിനാ ടീനു അവനിട്ട് കൊടുക്കുന്ന..നീ നിന്റെ കാര്യം നോക്കി ഇവിടെ അടങ്ങി നിൽക്ക്” “ഈ പറയുന്നയാള് സ്വന്തം കാര്യം നോക്കിയാണല്ലോ നിൽകുന്നത്” “നീ എന്തോ കൊള്ളിച്ച് പറയുന്നത് പോലെ” “ഉള്ള കാര്യമല്ലേ ഞാൻ പറഞ്ഞത്..വന്നപ്പോൾ തന്നെ ആത്മികയുടെ സെക്യൂരിറ്റി പണി ഏറ്റെടുത്തല്ലോ നീ” അർത്ഥം വെച്ചുള്ള അവളുടെ സംസാരം കേട്ടതും ആൽബിയ്ക്ക് ദേഷ്യം വന്നു.അവൻ അവളിൽ നിന്നും അല്പം അകന്ന് നിന്നതും അവൾ അവന്റെ കൈയിൽ പിടിച്ച് ചേർത്ത് നിർത്തി. “പിണങ്ങല്ലേ..ഞാൻ ചുമ്മാ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ..അല്ല എന്നിട്ട് കക്ഷി എവിടെ?? ഞാൻ ഇതുവരെ അവളെ കണ്ടിട്ടില്ല” “ആ എനിക്ക് എങ്ങും അറിയില്ല..വേണേൽ പോയി നോക്ക്” താല്പര്യമില്ലാത്തത് പോലെ പറഞ്ഞിട്ട് അവൻ ഫോൺ എടുത്ത് എന്തോ നോക്കാൻ തുടങ്ങി.

“ദേ ദേവു വരുന്നു” ടീന പറഞ്ഞതും ആൽബി ഫോണിൽ നിന്നും തലയുയർത്തി നോക്കി.അകത്തുനിന്നും പന്തലിലേക്ക് നടന്നുവരുന്ന ദേവുവിനെ അല്ല പകരം അവളുടെ പിറകിലായി വരുന്ന അമ്മുവിനെ ആണ് ആൽബി ശ്രദ്ധിച്ചത്. “ടീനു….ദേ ആ ഗ്രീൻ ദാവണി ആണ് ആത്മിക” അമ്മുവിനെ കണ്ട ടീനയുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി ഉണ്ടായിരുന്നു. “ഡാ ചെക്കാ..നീ അവളെ വർണിച്ച് പറഞ്ഞതൊക്കെ സത്യം ആണല്ലോ” “ഒന്ന് പോടീ..ഞാൻ അതൊക്കെ വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞില്ലേ” “വെറുതെ പറഞ്ഞിട്ട് ഇത്രയും പെർഫെക്ട് ആയി..അപ്പോൾ നീ അവളെ ശെരിക്കും നോക്കിയിരുന്നെങ്കിലോ..” അപ്പോഴാണ് ആൽബി അമ്മുവിനെ നല്ലതുപോലെ നോക്കുന്നത്.താൻ പറഞ്ഞത് പോലെ നല്ല ഐശ്വര്യമുള്ള പെണ്ണ്..നീണ്ട ഇടതൂർന്ന മുടി..കരിമഷിയാൾ കറുപ്പിച്ച കണ്ണുകൾക്ക് ഒരായിരം കഥകൾ പറയാനുള്ളത് പോലെ. “ഡാ ദേവുവിന് ഒരു സന്തോഷം ഇല്ലല്ലോ..

അവൾക് എന്താ പറ്റിയത്??” ടീനയുടെ ചോദ്യം കേട്ടാണ്‌ അമ്മുവിൽ നിന്നുള്ള നോട്ടം മാറ്റിയത്.അവനും ദേവുവിനെ ശ്രദ്ധിച്ചു.പന്തലിൽ അവർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ കിച്ചന്റെ അടുത്ത് ഇരിക്കുമ്പോഴും ദേവുവിൽ ഒരു നിസ്സംഗത ആയിരുന്നു. ദേവുവിന്റെ മനസ്സിൽ എന്താണെന്ന് അറിയാവുന്നത് കൊണ്ട് കിച്ചൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.മെല്ലെ അവളുടെ കൈയിൽ ഒന്ന് തൊട്ടതും എന്തോ ഓർത്തിരുന്ന ദേവു ഞെട്ടലോടെ അവനെ നോക്കി..ഒന്നുമില്ലെന്ന് അവൻ കണ്ണുചിമ്മി കാണിച്ചതും അവൾ ഒന്ന് ചിരിച്ചു…ആർക്കോ വേണ്ടിയെന്ന പോലെ… അച്ഛന്റെ കൈയിൽ നിന്നും മോതിരം വാങ്ങി കിച്ചൻ അത് ദേവുവിന്റെ വിരലിൽ അണിയിച്ചു.അവളുടെ പേര് കൊത്തിയ മോതിരം ഹർഷൻ നീട്ടിയതും ദേവു അവനെ തന്നെ നോക്കി നിന്നു.

“എന്താ മോളെ നോക്കി നിൽക്കുന്ന..ഇത് കിരണിന്റെ വിരലിൽ അണിയിക്ക്” ഹർഷൻ പറഞ്ഞതും യാന്ത്രികമായി അവൾ ഒന്ന് തലയാട്ടി.പിന്നെ മോതിരം എടുത്ത് കിച്ചനെ നോക്കി.അവന്റെ മുഖത്തെ ചിരി കണ്ടതും മറ്റെല്ലാം മറന്ന് നിറഞ്ഞ മനസോടെ അവൾ ചിരിച്ചുകൊണ്ട് മോതിരം അവനെ അണിയിച്ചു. ഇതെല്ലാം മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നുണ്ടെങ്കിൽ ക്രിസ്റ്റി കൂടുതലും ഫോക്കസ് ചെയ്തത് അമ്മുവിനെ ആണ്.ദിയയെ ഒന്നുരണ്ട് തവണ മുട്ടാൻ ശ്രമിച്ചെങ്കിലും അവൾ എപ്പോഴും ഹർഷനെ ചുറ്റിപറ്റി നില്കുന്നത് കൊണ്ട് ക്രിസ്റ്റിയുടെ ശ്രദ്ധ മുഴുവനും അമ്മുവിലേക്ക് മാത്രമായി..പോരാത്തതിന് അവൾ അടിച്ചതിന്റെ പകയും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു.എന്തൊക്കെയോ ഉറപ്പിച്ച് അവൻ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു. മോതിരമാറ്റം കഴിഞ്ഞതും ഫോട്ടോയെടുപ്പും ഊണുകഴിക്കലുമായി പലരും പലവഴിക്ക് തിരിഞ്ഞു.

ആൽബിയും ടീനയും കിച്ചന്റെയും ദേവുവിന്റെയും അടുത്ത് തന്നെയുണ്ടായിരുന്നു.അപ്പോഴാണ് എല്ലാത്തിൽനിന്നും മാറി നിൽക്കുന്ന അമ്മുവിനെ ടീന ശ്രദ്ധിച്ചത്. “എടോ ദേവു..തന്റെ മറുപാതിയ്ക്ക് ഫോട്ടോ എടുക്കുന്നത് ഇഷ്ടമല്ലേ??” ടീനയുടെ ചോദ്യം മനസിലാകാതെ ദേവു കിച്ചനെ ഒന്ന് നോക്കി. “ഇവന്റെ കാര്യം അല്ല..ആത്മികയെ ആണ് ഞാൻ ഉദ്ദേശിച്ചത്” അപ്പോഴാണ് ദേവു അമ്മുവിനെ നോക്കുന്നത്.കണ്ണുനിറച്ച് തങ്ങളെ നോക്കി നിൽക്കുന്നവളെ കണ്ടതും ദേവുവിന്റെ ചങ്ക് പിടഞ്ഞു.ഓർമവെച്ച കാലം മുതൽ തന്റെ കൂടെയുള്ളവൾ..എന്നിട്ടും അവൾ….. അപ്പോഴേക്കും കിച്ചൻ അവളെ കൈകാട്ടി വിളിച്ചിരുന്നു.ആദ്യം നിരസിച്ചെങ്കിലും പിന്നീട് അവൾ അവരുടെ അടുത്തേക്ക് ചെന്നു.അമ്മുവിനെ പരിചയപെടാനായി ടീന ചെന്നതും അവൾക് ഓഫീസിൽ നിന്നും കാൾ വന്നു. “ആൽബി ആ കനേഡിയൻ പ്രൊജക്റ്റ്‌ സാങ്ക്ഷന് ആയി.

നീയാ മെയിൽ ഒന്ന് നോക്ക്” ആൽബിയും ടീനയും പോയതും അവിടെ കിച്ചനും ദേവുവും അമ്മുവും മാത്രമായി.ദേവു തന്നെ ശ്രദ്ധിക്കാത്തത് കൊണ്ട് കിച്ചന്റെ നിർബന്ധത്തിന് ഒരു ഫോട്ടോ അവരോടൊപ്പം നിന്ന് എടുത്തിട്ട് അമ്മു വീടിനുള്ളിലേക്ക് കയറി.അവൾക്ക് നെഞ്ച് വല്ലാതെ വിങ്ങുന്നത് പോലെ തോന്നി.താൻ എന്ത് തെറ്റാ ദേവുനോട്‌ ചെയ്തത്?? എന്തിനാ അവൾ തന്നെ ഒഴിവാക്കുന്നത്?? വേണ്ടാ ദേവു..എനിക്ക് ഇത് സഹിക്കാൻ പറ്റില്ല..നീ അല്ലാതെ എനിക്ക് വേറെ ആരുമില്ല മോളെ.. കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയതും അമ്മു അവളുടെ മുറിയിൽ കയറി വാതിൽ അടച്ചു.അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എടുത്ത് പതം പറഞ്ഞ് കരയാൻ തുടങ്ങി. “അച്ഛന്റെ അമ്മുട്ടി ഒറ്റയ്ക്കായിട്ടോ…ഞാനും വന്നോട്ടെ നിങ്ങളുടെ അടുത്തേക്ക്..കൊണ്ട് പോകുവോ എന്നെ…” ***********

ഇതേ സമയം ഫോണിൽ നോക്കി നടക്കുന്നതിനിടയിൽ ടീന ദിയയുമായി കൂട്ടിയിടിച്ചു.ടീനയുടെ ഫോൺ താഴെ വീണതും അവൾ അത് എടുത്തിട്ട് ദിയയെ നോക്കി.അപ്പോഴാണ് ഇടിയുടെ ആഘാതത്തിൽ ദിയ നിലത്ത് വീണത് ടീന അറിഞ്ഞത്.എന്തോ അവളുടെ ആ കിടപ്പ് കണ്ടപ്പോൾ ടീനയ്ക്ക് ചിരി വന്നു.അത് ഒരുവിധം അടക്കി അവൾ ദിയയെ പിടിച്ച് എഴുന്നേൽപ്പിച്ചു. “അയ്യോ അമ്മേ..എന്റെ നടുവ് പോയേ…” “അതേ ഇങ്ങനെ നിലവിളിക്കണ്ട..വാ ഞാൻ അകത്ത് കൊണ്ട് കിടത്താം” “വിടടി..എന്റെ വീട്ടിൽ വന്നിട്ട് നീ എന്നെ കൊണ്ട് കിടത്താമെന്നോ..” ദിയയുടെ അഹങ്കാരം കേട്ടതും ടീന അവളുടെ പിടി വിട്ടു..അതോടെ ദിയ ഒന്നുകൂടി നിലത്ത് വീണു.ഇതും കണ്ടുകൊണ്ടാണ് ഹർഷൻ വന്നത്.അവനെ കണ്ടതും ദിയയുടെ വേദന കുറച്ചും കൂടി അങ്ങ് കൂടി. “അയ്യോ ഹർഷേട്ടാ..ഈ പെണ്ണെന്നെ”

ഒന്നാമത് ദിയയുടെ ആറ്റിട്യൂട് ഇഷ്ടപ്പെടാതെ നിൽക്കുന്ന ടീനയ്ക്ക് ഹർഷനെയും കൂടി കണ്ടതോടെ അരിശം വന്നു.ദിയയെ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് ഹർഷൻ ടീനയെ അടിമുടി ഒന്ന് നോക്കി.അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും ടീന കൈകെട്ടി നിന്നുകൊണ്ട് അവന്റെ കണ്ണിൽ തന്നെ നോക്കി. “കൂടുതൽ നോക്കണ്ട ചേട്ടാ..ചേട്ടൻ കണ്ടിട്ടുള്ള പെൺപിള്ളേരെ പോലെയല്ല..ഇത് ആള് വേറെയാ” അവളിൽ നിന്നും അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിക്കാത്തത് കൊണ്ട് അവൻ ഒളികണ്ണിട്ട് ദിയയെ ഒന്ന് നോക്കി.ഒന്നും മനസിലാകാതെ നിൽക്കുന്ന ആ പൊട്ടിപെണ്ണിനെ കണ്ടതും ഹർഷൻ വല്ലാത്തൊരു ഭാവത്തോടെ ടീനയെ നോക്കി.എന്നാൽ അവരുടെ അടുത്തേക്ക് വരുന്ന ആൽബിയെ കണ്ടതും അവന്റെ കണ്ണുകൾ കുറുകി. “എന്താ ടീനു..എന്താ ഇവിടെ പ്രശ്നം??” “ഏയ്‌ പ്രശ്നം ഒന്നുമില്ലടാ..ഈ കുട്ടി ഒന്ന് വീണു..ഈ ചേട്ടന് വേണ്ടപ്പെട്ട കുട്ടി ആണെന്ന് തോന്നുന്നു..

കണ്ടില്ലേ ചേർത്ത് പിടിച്ചേക്കുന്നത്” “അതേടി വേണ്ടപ്പെട്ട കുട്ടി തന്നെയാ..ഞാനേ ഹർഷേട്ടന്റെ പെണ്ണാ..അപ്പോൾ ഏട്ടൻ എന്നെ ചേർത്ത് പിടിച്ചെന്ന് ഇരിക്കും..” എടുത്തടിച്ചത് പോലുള്ള ദിയയുടെ സംസാരത്തിൽ ഹർഷൻ ചുറ്റുമൊന്ന് നോക്കി.താൻ രഹസ്യമായി ഇവളെ പ്രണയിക്കുന്നത് ആരെങ്കിലും കേട്ടാൽ തന്റെ ഉദ്ദേശം ഒന്നും നടക്കില്ലെന്ന പേടി ആയിരുന്നു അവന്റെ മനസ്സിൽ. “ആഹാ ഹർഷേട്ടന്റെ പെണ്ണായിരുന്നോ..അറിഞ്ഞതിൽ സന്തോഷം…” പുച്ഛത്തോടെയുള്ള ടീനയുടെ വാക്കുകൾക്ക് തിരിച്ച് മറുപടി പറയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഹർഷൻ ദിയയെയും പിടിച്ച് അകത്തേക്ക് നടന്നിരുന്നു.തിരിഞ്ഞൊന്ന് നോക്കിയപ്പോൾ തന്നെ നോക്കിനിൽക്കുന്ന ആൽബിയെ കണ്ട് അവൻ ഒന്ന് നിന്നു.ചുണ്ട് കോട്ടിയുള്ള ഹർഷന്റെ ചിരിക്ക് ആൽബിയും ഒരു ചിരി നൽകി..അവർ പോലും അറിയാതെ ഒരു പോർവിളി അവിടെ തുടങ്ങിയിരുന്നു..ഒരു നിയോഗം പോലെ…

“നിനക്ക് എന്തിന്റെ കേടാ ടീനു??” “അവന്റെ ആ വൃത്തികെട്ട നോട്ടം കണ്ടപ്പോൾ ഒന്ന് കൊടുക്കാനാ തോന്നിയത്.പിന്നെ കിച്ചുനെ ഓർത്തിട്ട ഞാൻ” “അതാ ഞാനും പറയുന്നത്.കിച്ചന്റെ ഫ്രണ്ട്‌സ് ആണ് നമ്മൾ.അപ്പോൾ ആ ലിമിറ്റേഷൻസ് നമുക്ക് ഇവിടെ ഉണ്ട്.വെറുതെ ആ കുട്ടിയും ആയിട്ട് ഒരു പ്രശ്നം ഉണ്ടാക്കി..എത്രയൊക്കെ ആയാലും അവൾ ദേവുവിന്റെ റിലേറ്റീവ് ആണ്” “മ്മ്മ്…” അവളുടെ മൂളക്കം കേട്ടപ്പോൾ തന്നെ ആൽബിയ്ക്ക് ചിരി വന്നു.താൻ ഒന്ന് ദേഷ്യപ്പെട്ടാൽ അവിടെ തീരും ടീന എന്ന പുലിക്കുട്ടിയുടെ ശൗര്യം. ************ “വേണ്ടാ ഹർഷേട്ടാ..ഓയിന്റ്മെന്റ് ഞാൻ ഇട്ടോളാം” “നടുവിന് നീയെങ്ങനെ സ്വയം ഇടാനാ..കൈ മാറ്റ് ഞാൻ ഇട്ട് തരാം” “വേണ്ടാ വേണ്ടാ..ഞാൻ അമ്മയെ വിളിച്ചോളാം” “അവരൊക്കെ അവിടെ വിരുന്നുകാർക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിൽ ആണ്..നിനക്ക് വേണ്ടിയല്ലേ ഞാൻ ആ തിരക്കൊക്കെ മാറ്റി ഇവിടെ വന്നിരിക്കുന്നത്” അവന്റെ പ്രണയത്തോടെയുള്ള വാക്കുകളിൽ അവൾ അലിഞ്ഞുപോയി.

ചെറിയ മടിയോടെയും അതിനേക്കാൾ കൂടുതൽ നാണത്തോടെയും അവൾ കമിഴ്ന്ന് കിടന്നുകൊണ്ട് ദാവണിയുടെ ഷാൾ മാറ്റി.വേദനയുള്ള ഭാഗത്ത്‌ ഓയിന്റ്മെന്റ് പുരട്ടി തടവുമ്പോൾ ഹർഷന്റെ മനസ്സിൽ എന്ത്‌ ഉദ്ദേശമാണെന്ന് അവൾ അറിഞ്ഞില്ല.അവന്റെ കൈ സ്ഥാനംമാറി സഞ്ചരിച്ചതും കതകിൽ ശക്തമായി ആരോ തട്ടി.ഒന്ന് ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച് ഹർഷൻ വാതിൽ തുറന്നു.മുന്നിൽ അമ്മുവിനെ കണ്ടതും അവൻ അവളെ ദേഷ്യത്തോടെ നോക്കി. “ഹർഷേട്ടനെ അവിടെ തിരക്കുന്നുണ്ട്..ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം” സൗമ്യമെങ്കിലും ഉറച്ചതായിരുന്നു അവളുടെ വാക്കുകൾ.മറുത്തൊന്നും പറയാതെ ദിയയെ ഒന്ന് നോക്കിയിട്ട് ഹർഷൻ പുറത്തേക്ക് ഇറങ്ങി.ഓയിന്റ്മെന്റും എടുത്ത് അമ്മു അകത്തേക്കും കയറി. “നിനക്ക് എന്താടി?? ഞാൻ എന്റെ ഹർഷേട്ടന്റെ അടുത്ത് ഇരിക്കുമ്പോഴൊക്കെ ഒരു വിലങ്ങുതടിയായി നീ അവിടെ വരുമല്ലോ”

“ചേച്ചി ആവശ്യമില്ലാത്തത് ഒന്നും പറയല്ലേ..ചേച്ചിയെ താങ്ങി പിടിച്ച് ഹർഷേട്ടൻ വരുന്നത് കണ്ടതുകൊണ്ടാ ഞാൻ വന്നത്” “താങ്ങിപ്പിടിച്ച് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ നോക്കാനും ഹർഷേട്ടന് അറിയാം..നീ എന്തിനാ ആവശ്യമില്ലാത്തതിൽ ഒക്കെ ഇടപെടുന്നത്” “പ്രണയിക്കാം..അതുപക്ഷേ സ്വന്തം ശരീരം വിറ്റുകൊണ്ട് ആകരുത്.” “അപ്പോൾ നിനക്ക് മനസിലായി ഞങ്ങൾ പ്രണയത്തിൽ ആണെന്ന്..എന്നിട്ടും നീ എന്തിനാ ഞങ്ങൾക്കിടയിൽ വരുന്നത്?? ഞാൻ ചിലപ്പോൾ ഹർഷേട്ടന്റെ കൂടെ കിടന്നെന്നിരിക്കും..കാരണം ഞാൻ ഹർഷേട്ടന്റേത് ആണ്..” “ഒരു ചടങ്ങ് നടക്കുന്ന വീട്ടിൽ ഇമ്മാതിരി വൃത്തികേട് കാണിക്കാൻ നാണമില്ലേ ചേച്ചിക്ക്??” ചോദിച്ച് തീർന്നതും ദിയയുടെ കൈ അമ്മുവിന്റെ മുഖത്ത് പതിഞ്ഞിരുന്നു. “ഇനിമേലിൽ എന്റെ കാര്യത്തിൽ ഇടപെടരുത്” വിരൽ ചൂണ്ടി അത് പറഞ്ഞിട്ട് ദിയ മുറിയിൽ നിന്നിറങ്ങി പോയി.

അടികിട്ടിയ കവിൾ നീറിപുകഞ്ഞെങ്കിലും അമ്മു കരഞ്ഞില്ല.അതിലും നീറ്റൽ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു..അല്ലെങ്കിലും മരണത്തെ കാത്ത് നിൽക്കുന്നവൾ ഇനി എന്തിന് കരയണം??? ************* ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പോയി.ദേവു അവളുടെ മുറിയിൽ കയറി ഡ്രസ്സ്‌ ഒക്കെ മാറ്റി വന്നു.ദിയയും അമ്മായിയും അന്ന് അവിടെ കൂടാമെന്ന് തീരുമാനിച്ചത് അറിഞ്ഞതും ഹർഷൻ ക്രിസ്റ്റിയുമായി ടെറസിൽ പോയിരുന്നു.അവരുടെ പ്ലാനിംഗ് അന്ന് തന്നെ നടപ്പിലാക്കണമെന്ന് തീരുമാനിച്ചിട്ടാണ് അവർ താഴേക്ക് ഇറങ്ങിയത്. രാത്രി വരെ അമ്മു അവളുടെ മുറിയിൽ തന്നെ ഒതുങ്ങി കൂടി.ദേവുവിന്റെ അകൽച്ചയുടെ കാരണം അറിയണമെന്ന് അവൾക് തോന്നി.പോരാത്തതിന് ദേവു ഇങ്ങനെ പെരുമാറുന്നത് കൊണ്ട് രാത്രിയിൽ അവളുടെ കൂടെ കിടക്കാൻ മനസ്സ് അനുവദിക്കുന്നില്ല..ഹർഷന്റെ കൂടെ ഇപ്പോൾ ക്രിസ്റ്റിയെ കൂടെ സൂക്ഷിക്കണമെന്നുള്ളത് കൊണ്ട് ഒറ്റക്ക് കിടക്കാനും അവൾക് പേടിയാണ്.അപ്പോഴാണ് ദേവു അവളുടെ റൂമിലേക്ക് വന്നത്.

“നീ എന്താ കിടക്കാൻ വരുന്നില്ലേ??” “ദേവു..എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം” “അതൊക്കെ സംസാരിക്കാം..നീ വാ..എനിക്ക് ഉറങ്ങണം” “നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ഇവിടെ കിടന്നോളാം” മറുപടി പറയാതെ ദേവു അവളുടെ കൈയിൽ പിടിച്ച് സ്വന്തം മുറിയിലേക്ക് നടന്നിരുന്നു.കിടക്കാനായി അവൾ ഷീറ്റ് വിരിച്ചപ്പോൾ ആണ് ഹർഷൻ വന്നത്. “മോളെ ദേവു..ദിയ നിന്റെ കൂടെ കിടക്കട്ടെ” “അല്ല ഹർഷേട്ടാ..അമ്മു ഉണ്ട്..പിന്നെ ദിയ ചേച്ചിക്കും കൂടി കിടക്കാൻ സ്ഥലം കാണില്ല” “അമ്മു അവളുടെ മുറിയിൽ കിടക്കട്ടെ.അമ്മയും അമ്മായിയും ഇന്ന് ഒരുമിച്ചാണ്.അപ്പോൾ ദിയയെ ഒറ്റക്ക് കിടത്താൻ പറ്റില്ലല്ലോ.” ഹർഷൻ പറഞ്ഞുകൊണ്ട് നിൽകുമ്പോൾ തന്നെ ദിയ കട്ടിലിൽ കയറി കിടന്നിരുന്നു.പിന്നെ മറ്റു നിർവാഹമില്ലാതെ അമ്മു അവളുടെ മുറിയിലേക്ക് കയറി.

ആ പോക്ക് നോക്കി നിന്ന ഹർഷന്റെ കണ്ണിൽ ഇരയെ കൈയിൽ കിട്ടിയ സന്തോഷം ആയിരുന്നു..അവൻ മുറിയിൽ നിന്നിറങ്ങിയതും ദേവു വാതിൽ അടച്ച് കിടന്നിരുന്നു. മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് തിരിഞ്ഞതും ബലിഷ്ഠമായ രണ്ട് കൈകൾ അമ്മുവിനെ കോരിയെടുത്ത് ബെഡിലേക്ക് ഇട്ടിരുന്നു.പേടിച്ച് നിലവിളിച്ച് അവൾ എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും ക്രിസ്റ്റി അവളുടെ ഇരുവശവും കൈകൾ കുത്തി അവളുടെ മുകളിൽ കിടന്നു. “അവസാനം നീ ഞങ്ങളുടെ വലയിൽ വീണു.നിന്നെ ഈ വീട്ടിൽ നിന്നിറക്കാനുള്ള ഹർഷന്റെ പ്ലാൻ ആണ്.പക്ഷെ നിന്നെ ഞാൻ സ്വന്തമാക്കിയതിന് ശേഷമേ ഈ വാതിൽ തുറക്കു..അത് അവന് അറിയില്ല” “മാറ്…പ്ലീസ്..ഉപദ്രവിക്കരുത്…ദേവു…ദേവൂ….” അവളുടെ പിടച്ചിൽ ആസ്വദിച്ച് അവളിലേക്ക് അമർന്നെങ്കിലും അവൾ അവനെ തള്ളിമാറ്റി എഴുന്നേറ്റു.എന്നാൽ പിറകിലൂടെ അവളെ വട്ടം പിടിച്ച് അവൻ അവളുടെ കരണത്ത് അടിച്ചിരുന്നു.നിലത്തേക്ക് വീണുപോയ അമ്മുവിന്റെ മുടിയിൽ കുത്തിപ്പിടിച്ച് അവൻ എഴുന്നേൽപ്പിച്ചു..അപ്പോഴേക്കും വാതിലിൽ തുടരെ തുടരെ മുട്ട് കേട്ടു.

“അമ്മു…അമ്മു വാതിൽ തുറക്ക്” താൻ ഉദ്ദേശിച്ചത് പോലെ നടക്കില്ലെന്നു മനസ്സിലായതും ഇനി ഹർഷൻ പറഞ്ഞത് പോലെ ചെയ്യാമെന്ന് ഉറപ്പിച്ച് അവൻ അമ്മുവിനെ വിട്ടു.അവൾ ഓടിച്ചെന്ന് വാതിൽ തുറന്ന് ദേവുവിനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.അപ്പോഴേക്കും എല്ലാവരും അവിടേക്ക് വന്നിരുന്നു. “എന്താ എന്താ ഇവിടെ??” ഹർഷന്റെ ശബ്ദം കേട്ടതും ഷർട്ട്‌ ബട്ടൺ ഇട്ടുകൊണ്ട് ക്രിസ്റ്റി പുറത്തേക്ക് ഇറങ്ങി.അവനെ കണ്ടതും ഹർഷൻ കോളറിൽ പിടിച്ച് വലിച്ച് എല്ലാവരുടെയും മുന്നിലേക്ക് നിർത്തി. “സോറി ഹർഷ..ഞാൻ പറഞ്ഞതല്ലേ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്..അതുകൊണ്ട് ഞങ്ങൾക്ക് ഒരു തെറ്റ് പറ്റിപ്പോയി” അവന്റെ വാക്കുകൾ കേട്ടതും ഞെട്ടലോടെ അമ്മു ദേവുവിൽ നിന്നടർന്ന് മാറി അവനെ നോക്കി. “കള്ളം പറയുവാ ഇയാള്…ഇയാൾ എന്നെ ഉപദ്രവിക്കാൻ നോക്കി” “ഇത്രയും നേരം എന്റെ കൂടെ ഉണ്ടായിരുന്നവൻ നിന്റെ മുറിയിൽ നീ അറിയാതെ കയറില്ലല്ലോ??” ഹർഷന്റെ ചോദ്യത്തിന് നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് അവൾ ഒരാശ്രയത്തിനായി ദേവുവിനെ നോക്കി.എന്നാൽ ദേവുവിന്റെ ആ മൗനം..

അതവളെ കൊല്ലുന്നതിന് തുല്യമായിരുന്നു. “ഈ പിഴച്ചവളെ അന്നേ വല്ല വിഷവും കൊടുത്ത് കൊന്നാൽ മതിയായിരുന്നു..ഇതിപ്പോ കുടുംബത്തിന് മുഴുവൻ നാണക്കേടും ആയി..ആ കിരണിന്റെ വീട്ടുകാർ എങ്ങാനും അറിഞ്ഞാൽ…” അമ്മായി ഓരോന്ന് പറയുമ്പോഴും അമ്മുവിന്റെ നോട്ടം ദേവുവിൽ തന്നെയായിരുന്നു. “ഇനി നാണക്കേട് ഒഴിവാക്കാൻ ഒരു മാർഗമേ ഉള്ളു..ക്രിസ്റ്റി നീ ഇവളെയും കൊണ്ട് ഇപ്പോൾ തന്നെ ഹൈദരാബാദ് പോകണം.” “ഇല്ല..ഞാൻ സമ്മതിക്കില്ല..ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ദേവു..ഇവര് തമ്മിൽ പ്ലാൻ ചെയ്തതാ ഇതൊക്കെ” ദേവുവിന്റെ കൈയിൽ പിടിച്ച് അമ്മു കരഞ്ഞ് പറഞ്ഞെങ്കിലും അവൾ അനങ്ങിയില്ല.അമ്മായിക്ക് ആണെങ്കിൽ അമ്മുവിനെ ഒഴിവാക്കാൻ നല്ലൊരു അവസരം കിട്ടിയ സന്തോഷം ആയിരുന്നു. “ഹർഷേട്ടാ..ഈ രാത്രിയിൽ ഇറക്കി വിടുന്നത് സേഫ് ആണോ?? ഇവരുടെ കല്യാണം നടത്തിയാൽ പോരേ?? ” “ദിയ നീ മിണ്ടാതിരിക്ക്..അവൻ അവളെ കൊണ്ട് പോകുന്നെങ്കിൽ കൊണ്ടുപോട്ടെ.

ഒന്നുമല്ലെങ്കിലും അവര്‌ പരസ്പരം പ്രേമിച്ചവർ അല്ലേ?” അമ്മായി കൂടി അങ്ങനെ പറഞ്ഞതും ഹർഷന് കൂടുതൽ ധൈര്യമായി.അവൻ ക്രിസ്റ്റിയെ ഒന്ന് നോക്കി.അതോടെ ക്രിസ്റ്റി അമ്മുവിന്റെ കൈയിൽ പിടിച്ചു. “നീ ഇപ്പോൾ ഇങ്ങനെ കരഞ്ഞ് എന്നെ കുറ്റക്കാരൻ ആകുന്നത് എന്തിനാ ആത്മിക?? നിന്നെ ഞാൻ ഉപേക്ഷിക്കില്ല..വാക്ക് തന്നത് പോലെ താലികെട്ടി എന്റെ പാതിയാക്കും ഞാൻ” “വിട് എന്നെ..ദേവു എന്നെ കൊണ്ട് പോകല്ലേന്ന് പറ മോളെ..നിനക്ക് അറിയില്ലേ എന്നെ..ഇവർ എന്നെ ഇല്ലാതാക്കും..ചതിയാ മോളെ” പക്ഷെ അവളുടെ വാക്കുകൾക്ക് മറുപടി പറയാതെ ദേവു അവളുടെ മുറിയിൽ കയറി വാതിൽ അടച്ചു.അതോടെ അമ്മു ആകെ തകർന്നു.അവളുടെ ശബ്ദം പോലും നിലച്ചത് പോലെയായി..ക്രിസ്റ്റി അവളെ പിടിച്ച് വലിച്ച് പുറത്തേക്ക് ഇറങ്ങി. “ഹർഷേട്ടാ..എനിക്കെന്തോ ഇത് ശെരിയായി തോന്നുന്നില്ല” “നീ പേടിക്കണ്ട ദിയ..ക്രിസ്റ്റിയെ എനിക്ക് അറിയാം.

അവൻ അവളെ ചതിക്കില്ല” അതും പറഞ്ഞ് ക്രിസ്റ്റിയെ ഒന്ന് കണ്ണ് കാണിച്ച് ഹർഷൻ വാതിൽ അടച്ചു.മുറ്റത്തുകൂടി ക്രിസ്റ്റി അവളെ വലിച്ചുകൊണ്ട് അവർ മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ പുറത്ത് റോഡിൽ പാർക്ക്‌ ചെയ്തിരുന്ന കാറിനെ ലക്ഷ്യം വെച്ച് നടന്നു.അവളുടെ കരച്ചിൽ ആ ഇരുട്ടിൽ പ്രതിധ്വനിച്ച് ഇല്ലാതായി. കാർ തുറന്ന് അമ്മുവിനെ അകത്തേക്ക് തള്ളിയിട്ടപ്പോൾ ആണ് തൊട്ടുമുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ഹെഡ്‍ലൈറ് ഓൺ ആയത്.അതിന്റെ പ്രകാശം കണ്ണിൽ തട്ടിയതും ക്രിസ്റ്റി ദേഷ്യത്തോടെ കാറിൽ നിന്നിറങ്ങി.ആ അവസരത്തിൽ അമ്മുവും പിടഞ്ഞ് പുറത്തേക്ക് ഇറങ്ങി..ആ ഹെഡ്‍ലൈറ്റിന്റെ വെട്ടത്തിൽ അവൾ കണ്ടു…ബൈക്കിൽ ഇരിക്കുന്നവന്റെ രോമം നിറഞ്ഞ ആ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന പൊൻകുരിശിന്റെ തിളക്കം…….. (തുടരും )

ആത്മിക: : ഭാഗം 8

Share this story