കള്ളനസ്രാണി : ഭാഗം 6

കള്ളനസ്രാണി : ഭാഗം 6

എഴുത്തുകാരി: അഭിരാമി

വൈകുന്നേരം ലാസ്റ്റ് ക്ലാസ്സ്‌ കട്ട് ചെയ്ത് കോളേജിൽ നിന്നുമിറങ്ങുമ്പോൾ ക്രിസ്റ്റിയെ കാണണം എന്നൊരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു ജെസ്സിക്ക്. ബസ്സിറങ്ങി നേരെ ചെന്നത് ക്രിസ്റ്റിയെ പതിവായി കാണാറുള്ള പ്ലാന്തോട്ടത്തിൽക്കാരുടെ തന്നെ പൂട്ടിക്കിടക്കുന്ന കടത്തിണ്ണയിലേക്കായിരുന്നു. പ്രതീക്ഷ പോലെ അവനവിടെത്തന്നെ ഉണ്ടായിരുന്നു. ” നീയെന്താഡീ ഇവിടെ ??? ” അവളെ കണ്ടതും കയ്യിലിരുന്ന എരിയുന്ന സിഗരറ്റ് ഒന്നുകൂടി ആഞ്ഞുവലിച്ചുകൊണ്ട് ക്രിസ്റ്റി ചോദിച്ചു. ” ഒന്ന് കാണാൻ വന്നതാ….. ” ” എന്നേ കാണാൻ ഞാനാരാ നിന്റെ ??? വെറുതെ ആമ്പിള്ളേരുടെ പുറകെ നടക്കാതെ വീട്ടിപ്പോഡീ…. ” അവൻ പറഞ്ഞത് കേട്ട് ജെസ്സിയുടെ മുഖം മാറി. ” ദേ ഇച്ചായാ ഇങ്ങനെ പുറകെ നടക്കുന്നെന്നും പറഞ്ഞ് തോന്നിവാസം പറഞ്ഞാലുണ്ടല്ലോ…..

ഇന്ന് കാലത്ത് മുതൽ ഞാൻ സഹിക്കുവാ ഒരുമാതിരി വൃത്തികെട്ട പെണ്ണുങ്ങളോട് സംസാരിക്കുന്ന മാതിരിയുള്ള സംസാരം.” മുഖം ചുളിച്ചവൾ പറഞ്ഞതെല്ലാം കേട്ടിരിക്കുകയായിരുന്ന അവനൊന്ന് ചിരിച്ചു. ” പിന്നെ കണ്ട ആണുങ്ങൾ പോന്നപുറകെയൊക്കെ ഇങ്ങനെ നടക്കുന്ന നിന്നോട് ഞാൻ പിന്നെങ്ങനെ സംസാരിക്കണം. നിന്ന് ചിലക്കാതെ പോകാൻ നോക്കെടി കോപ്പേ…. ” പറഞ്ഞിട്ട് എണീറ്റ് പോകാനൊരുങ്ങിയതും ജെസ്സി പെട്ടന്നവന്റെ കൈയിൽ കയറിപ്പിടിച്ചു. ” എന്താടി പുല്ലേ…… ” ” അങ്ങനിപ്പോ പോണ്ട…. എന്റെ ചോദ്യത്തിനുള്ള മറുപടി തന്നിട്ട് പോയാമതി…. ഞാനേതൊക്കെ ആണുങ്ങടെ വായിനോക്കുന്നതാ ഇച്ചായൻ കണ്ടത് ??? ”

” ഓ പിന്നേ നീയെവനെയൊക്കെ നോക്കി ചോരയൂറ്റുന്നുണ്ടെന്ന് നോക്കി നടക്കലല്ലേ എന്റെ പണി…. ” അവളെ നോക്കി പുച്ഛിച്ചുകൊണ്ട് ക്രിസ്റ്റി പറഞ്ഞു. ” അങ്ങനെ കണ്ട ആണുങ്ങളെയൊന്നും ഞാൻ നോക്കിയിട്ടില്ല ഒരു തലതെറിച്ചവനെ മാത്രേ നോക്കിയിട്ടുള്ളു….. ” ” ആരാടി തലതെറിച്ചവൻ ??? ” ചോദിച്ചതും അവളുടെ കൈപിടിച്ച് പിന്നിലേക്കമർത്തി അവളെ ചേർത്തുപിടിച്ചവൻ. ” ആഹ്….. ഇച്ചായാ…..പ്ലീസ് വിട് കൈ വേദനിക്കുന്നു…. ” ” വേദനിക്കാനാഡി പിടിച്ചത്….. ” പറഞ്ഞുകൊണ്ട് അവനൊന്നുകൂടി ആ കൈ മുറുക്കി. വേദനകൊണ്ട് ജെസ്സിയുടെ കണ്ണുകൾ ചുവന്നുകലങ്ങി. പെട്ടന്നായിരുന്നു നിന്ന നിൽപ്പിൽ അവളൊന്നുയർന്നു പൊങ്ങി അവന്റെ കവിളിൽ ആഞ്ഞുകടിച്ചത്. ആ കടിയുടെ വേദനകൊണ്ട് ക്രിസ്റ്റിയുടെ കണ്ണ് നിറഞ്ഞുപോയി.

അറിയാതെ അവളിലെ അവന്റെ പിടുത്തമയഞ്ഞു. ആ സമയം കൊണ്ട് അവനെ പിന്നിലേക്ക് തള്ളി മാറ്റി ജെസ്സി റോഡിലേക്ക് ചാടി. ” എഡീ…… ” ” ഐ ലവ് യൂ ഇച്ചായാ….. ” പറഞ്ഞുകൊണ്ട് വളകിലുങ്ങും പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിപ്പോകുന്ന അവളെ നോക്കി നിൽക്കുമ്പോൾ അറിയാതവന്റെ ചുണ്ടുകളും വിടർന്നിരുന്നു. അവളെത്തന്നെ നോക്കി നിന്നുകൊണ്ട് അവളുടെ പല്ലുകൾ പതിഞ്ഞ കവിളിൽ അവൻ പതിയെ തഴുകി. 💥💥💥 ജെസ്സി പോയ പിന്നാലെയായിരുന്നു സിബിയങ്ങോട്ട്‌ കയറി വന്നത്. ” എന്താടാ നിന്റെ ജെസ്സിയിവിടുന്നിറങ്ങി പോണത് കണ്ടല്ലോ…. എന്തായിരുന്നു രണ്ടും കൂടെ ഈ പെരുവഴിയിൽ പരിപാടി ???? ” ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചതും ക്രിസ്റ്റിയുടെ മുഖം വിളറിപ്പോയി. അറിയാതവന്റെ വലം കൈ സ്വന്തം കവിളിലേക്ക് പോയി. ” ഒന്ന് പോടാ കോപ്പേ അവളിതിലേ നടന്നുപോയെന്..ഞാനെന്നാ വേണം ???

” സിബിക്ക് മുഖം കൊടുക്കാതെ ദേഷ്യമഭിനയിച്ചുകൊണ്ട് ക്രിസ്റ്റി പറഞ്ഞു. ” മോനെ ക്രിസ്റ്റി അതങ്ങ് കള…… നീ പോന്ന വഴി തന്നെ കൃത്യമായി അവളും വരുന്നത് വല്ലാത്തൊരു അതിശയം തന്നെയാ…. അവള് നല്ല കൊച്ചല്ലേടാ പിന്നെ നീയെന്നാത്തിനാ അതിനേയിങ്ങനെ നടത്തുന്നത്. കെട്ടി ഒപ്പം കൂട്ടെഡാ….. അതോ ഇനി അവൾ നിന്റെപ്പന്റെ ആശ്രിതന്റെ മോളായിപ്പോയത് നിനക്ക് കുറച്ചിലാണോ ??? ” സിബിയുടെ ചോദ്യം കേട്ടതും ക്രിസ്റ്റിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും ഒന്നും പറയാൻ നിൽക്കാതെ അവൻ വേഗത്തിൽ അവിടെ നിന്നുമെണീറ്റ് നടന്നു. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 ദിവസങ്ങൾ വീണ്ടുമടർന്ന് മാറിക്കൊണ്ടിരുന്നു. ക്രിസ്റ്റിയുടെ പിന്നാലെയുള്ള ജെസ്സിയുടെ നടപ്പ് തുടർന്നുകൊണ്ടേയിരുന്നു. അവനാണെങ്കിൽ വളരെ ഭംഗിയായി പുച്ഛമെറിഞ്ഞുകൊണ്ടുമിരുന്നു.

” എഡീ….. ഞാനൊരു കാര്യം പറഞ്ഞാൽ നീയെന്നോട് ദേഷ്യപ്പെടരുത്. ഇന്നലെ അപ്പാ പറയുന്നത് കേട്ടതാ…. ” ലഞ്ച് ബ്രേക്കിൽ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ജെസ്സിയോടായി മീര പറഞ്ഞത്. ” എന്താടി നീ കാര്യം പറ….. ” അവൾ പറഞ്ഞുതുടങ്ങിയതും എന്തുകൊണ്ടോ ജെസ്സിയുടെ ഉള്ളിലേക്കോടിയെത്തിയത് ക്രിസ്റ്റിയുടെ മുഖമായിരുന്നു. എന്തെന്നറിയാത്ത ഒരു വെപ്രാളം തോന്നിയെങ്കിലും അത് മറച്ചുവച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു. ” എടി അതുപിന്നെ നിനക്കറിയില്ലേ ആ ഭർത്താവ് മരിച്ചുപോയ രേഖ ചേച്ചിയേ ??? ” ” ആഹ്….. ക…കണ്ടിട്ടുണ്ട് അവർക്കെന്ത് പറ്റി ??? ” ” അവർക്കൊന്നും പറ്റിയില്ല പക്ഷെ…… ”

” എന്താടീ….. ” ” എടി അതുപിന്നെ ക്രിസ്റ്റി…..ക്രിസ്റ്റിക്കവരുമായി എന്തോ….. ” അവളുടെ മുഖത്ത് നോക്കി ബാക്കി പറയാൻ മീരയെന്തോ ഒന്ന് മടിച്ചു. ” ഇല്ല…. ഇല്ല…. ഇച്ചായൻ…. ഇച്ചായനങ്ങനൊന്നും…. ” വല്ലാത്തൊരു ഭാവത്തിലായിരുന്നു ജെസ്സിയത് പറഞ്ഞത്. ആ മിഴികളിൽ നിന്നും നീർമുത്തുകൾ ഒഴുകിയിറങ്ങി. അധരങ്ങൾ വിറപൂണ്ടു. എത്രത്തോളം ആഴത്തിൽ ക്രിസ്റ്റിയവളിൽ വേരുറപ്പിച്ചിരുന്നുവെന്ന് മനസ്സിലാക്കാൻ അവളിൽ നിന്നൊഴുകിയിറങ്ങിക്കൊണ്ടിരുന്ന മിഴിനീര് മാത്രം മതിയായിരുന്നു. പിന്നീടാരുടേയുമൊരു സഹതാപത്തിന് പോലും ചെവി കൊടുക്കാതെ അവളവിടെ നിന്നുമിറങ്ങി. 💥💥💥

അടച്ചിരുന്ന വാതിൽ തള്ളിത്തുറന്ന് ക്രിസ്റ്റി ഉള്ളിലേക്ക് വന്നപ്പോഴായിരുന്നു ഓർമ്മകളുടെ പടുകുഴിയിൽ നിന്നും ജെസ്സി കരകേറിയത്. നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന മിഴികളമർത്തിത്തുടച്ച് അവളുടെ നോട്ടമവനിലേക്ക് എത്തുമ്പോൾ അവനും അവളെത്തന്നെ നോക്കി നില്ക്കുകയായിരുന്നു. മദ്യപിച്ചിരുന്നുവെങ്കിലും ബോധമില്ലാത്ത അവസ്ഥയിലായിരുന്നില്ല അവന്റെ അപ്പോഴത്തെ നില. അവളുടെ ഭാവം കണ്ട് ഒരുതരം അമ്പരപ്പായിരുന്നു ക്രിസ്റ്റിയിൽ നിറഞ്ഞിരുന്നത്. പക്ഷെ ജെസ്സിയുടെ ഒരു നോട്ടത്തിൽ പോലും അത്യധികം വെറുപ്പായിരുന്നു നിറഞ്ഞിരുന്നത്. അതവന് ബോധ്യമാവുകയും ചെയ്തിരുന്നു. അല്പനേരമങ്ങനെ തന്നെ ഇരുന്നിട്ട് അവനോടൊരുവാക്ക് പോലും മിണ്ടാതെ അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. ബെഡിൽ കിടന്നിരുന്ന ഷീറ്റെടുത്ത് വെറും നിലത്ത് വിരിച്ച് അതിലേക്ക് കിടന്നു.

” ഡീ നീയിപ്പോ എന്നാത്തിനാ ഈ വെറും നിലത്ത് കിടക്കുന്നെ ??? കേറി ബെഡിൽ കിടന്നോ……” അവൻ പറഞ്ഞത് കേട്ടതും തല ഉയർത്താതെ തന്നെ കത്തുന്ന മിഴികളോടെ അവളാമുഖത്തേക്ക് നോക്കി. ” പേടിക്കണ്ടെടി ഒന്നരക്കാലന്റെ മോളെ നിന്റെയീ ശരീരം കണ്ടൊന്നും ക്രിസ്റ്റി അടിതെറ്റി വീണുപോവില്ല. ” പറഞ്ഞുകൊണ്ട് അവൻ വെറുതെ ഒന്ന് ചിരിച്ചു. അത് കൂടി കേട്ടതും അവളിലെ ക്ഷമ പൂർണമായും നശിച്ചിരുന്നു. ” അത് മാസങ്ങൾക്ക് മുൻപ് തന്നെ ഞാൻ തിരിച്ചറിഞ്ഞതാ….. ഈ ഒന്നരകാലന്റെ മകളുടെ റേഷനരി തിന്നുണ്ടായ ശരീരമൊന്നും പ്ലാന്തോട്ടത്തിലെ ക്രിസ്റ്റി സേവ്യറിന്റെ മനസ്സിളക്കില്ലെന്ന് നല്ല ബോധ്യമുണ്ട്.

നിങ്ങളിളകണമെങ്കിൽ സ്വന്തം മാംസം തന്നെ വിറ്റുതിന്ന് കൊഴുത്തവളുമാരുടെ ശരീരം തന്നെ വേണമെന്നുമറിയാം. അതുകൊണ്ട് ആ പേടിയൊന്നുമില്ലെനിക്ക്. പക്ഷെ നിങ്ങളെപ്പോലൊരുത്തന്റെ ഒപ്പം കിടന്നാൽ പോലും എന്റെ ദേഹം പൊള്ളും…. അത്ര അറപ്പാ എനിക്ക് നിങ്ങളെ…. വെറുപ്പാ…. ” പറഞ്ഞതും പൊട്ടിക്കരഞ്ഞുകൊണ്ടവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി. ആ വാക്കുകളുടെ ആഴം തിരിച്ചറിഞ്ഞതും വല്ലാത്തൊരു മരവിപ്പോടെ നിൽക്കുകയായിരുന്നു ക്രിസ്റ്റി. ഒരു നിമിഷത്തേ അമ്പരപ്പ് മാറിയതും അവന്റെ കണ്ണുകൾ ചുവന്നു. ദേഷ്യം കൊണ്ട് മുഷ്ടികൾ മുറുകി. ” അങ്ങനിപ്പോ നീയുറങ്ങണ്ടെഡീ….. എന്നോടിത്ര അറപ്പ് തോന്നാനുള്ള കാരണം പറഞ്ഞിട്ട് ഉറങ്ങിയാൽ മതി നീ….

ഞാൻ തേടിപ്പോയിട്ടുള്ള ഏതൊക്കെ അവളുമാരെ നിനക്കറിയാമെന്നുമെനിക്കറിയണം നിന്റെയീ വായിൽ നിന്നുതന്നെ. ” പറഞ്ഞതും ഒരു കൈകൊണ്ടവളെ പിടിച്ചുപൊക്കി ബെഡിലേക്കെറിഞ്ഞവൻ. ” എന്തിനാ നിർത്തിയത് കൊന്നേക്കെന്നെ…. നിങ്ങളെപ്പോലൊരു വൃത്തികെട്ടവന്റെ മിന്ന് കഴുത്തിലിട്ട് ജീവിക്കുന്നതിലും ഭേദമതാ…. ” പറഞ്ഞതും ക്രിസ്റ്റിയുടെ കയ്യവളുടെ കവിളടക്കം പതിഞ്ഞിരുന്നു. ” അത്രക്ക് വലിയ എന്ത്‌ തെറ്റാടി നിന്നോട് ഞാൻ ചെയ്തത്…. നിന്നേ സ്നേഹിച്ചതോ…. മിന്ന് കെട്ടി ഒപ്പം കൂട്ടിയാതോ ??? പറയെടി %%&$% മോളെ…. ” അവളുടെ കവിളിൽ കുത്തിപ്പിടിച്ച് അലറുകയായിരുന്നു അവനപ്പോൾ. അവന്റെ ഒരിക്കലും കാണാത്ത ആ ഭാവം ജെസ്സിയിലുമൊരു വിറയൽ പടർത്തിയിരുന്നു അപ്പോൾ. എങ്കിലും അവളവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി. ”

നിങ്ങളെന്നെ സ്നേഹിച്ച കഥയൊന്നും പറയണ്ട…..നിങ്ങടെ സ്നേഹമൊക്കെ എങ്ങോട്ടാ പോയിരുന്നതെന്ന് എന്റെയീ രണ്ട് കണ്ണുകൊണ്ട് ഞാൻ കണ്ടതാ…. ” ” എന്താടീ നീ കണ്ടത് ??? ” ” നിങ്ങൾക്കാ കെട്ടിയോൻ ചത്ത ഒരുമ്പെട്ടവളുമായി ബന്ധമുണ്ടെന്ന് പലരുമെന്നോട് പറഞ്ഞതാ…..എന്നിട്ടും ഒന്നും ഞാൻ വിശ്വസിച്ചില്ല. അത്രയ്ക്ക്…. അത്രയ്ക്കെനിക്…..” നൊമ്പരം തൊണ്ടയിൽ കുരുങ്ങിയപ്പോൾ അവളിലെ വാക്കുകൾ മുറിഞ്ഞുപോയി. ക്രിസ്റ്റി പതിയെ കൈകൾ പിൻവലിച്ചു. ” ഒടുവിൽ…. ഒടുവിൽ എന്റെ കണ്ണുകൊണ്ട് തന്നെ ഞാൻ കണ്ടു നിങ്ങൾ…. നിങ്ങളവളുടെ വീട്ടീന്ന് ഇറങ്ങിവരുന്നത്…. അന്ന് മരിച്ചതാ ക്രിസ്റ്റിക്കായി ജീവിച്ചിരുന്ന ജെസ്സി…. ” അവൾ പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു ക്രിസ്റ്റി.

പെട്ടന്നൊരു ദിവസം അവളെ കാണാതായതും പിന്നീട് കണ്ടപ്പോഴൊക്കെ എപ്പോഴും പുഞ്ചിരി നിറഞ്ഞിരുന്ന ആ മുഖത്ത് നിന്നുമൊരു നോട്ടം പോലും തന്നിലേക്ക് നീളാതിരുന്നത് വേദനിപ്പിച്ചതുമൊക്കെ അവന്റെ ഓർമ്മയിലേക്കോടിയെത്തി. പക്ഷെ അതിന്റെയൊക്കെ കാരണമിതായിരുന്നുവെന്നറിഞ്ഞതും വല്ലാത്തൊരു മരവിപ്പായിരുന്നു അവനിൽ. ” എന്താ ഉത്തരം മുട്ടിയോ നിങ്ങൾക്ക് ??? അതും ഞാൻ ചിലപ്പോ ക്ഷമിച്ചേനെ പതിയെ…. പക്ഷെ നിങ്ങളുടേ മിന്നും കഴുത്തിലിട്ട് ഞാനീ വീട്ടിൽ ഉണ്ടായിട്ടും നിങ്ങളവളെ തേടിപ്പോയി അതിന്റെ തെളിവല്ലേ ഇന്നത്തെ ഈ കേസ്…. അത്…. അത് ഞാൻ പൊറുക്കില്ല…. ഈയൊരു രാത്രി കൂടി ഞാനിവിടെ കാണും നിങ്ങളുടെ ഭാര്യയായി ഈ മിന്നിന്റെ ഭാരവും ചുമന്ന്. നാളെ നേരം പുലരുമ്പോ ഞാനിറങ്ങും….. ”

” അങ്ങനങ്ങു പോയാലോഡീ…. നിനക്ക് പറയാനുള്ളതെല്ലാം ഞാൻ കേട്ടില്ലേ ഇനി എനിക്ക് പറയാനുള്ളത് കേൾക്കണ്ടേ നിനക്ക്???? നീയാരെയാടീ പറഞ്ഞത് മാംസം വിൽക്കുന്നവളെന്ന് ???? ആ പാവം സ്ത്രീയേയൊ?? നീ കണ്ടിട്ടുണ്ടോഡീ അവരാ പണിക്ക് പോണത് ?? അതോ നിന്റെയാ ഒന്നരക്കാലൻ തന്ത കണ്ടോ ?? പറയെടീ….” അവന്റെയാ ചോദ്യതിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല അവളിൽ. അവൾ മൗനമായി കണ്ണുനീർ വാർത്തു. ” പിന്നെ ഞാനാ വീട്ടിലേക്ക് പോയപ്പഴേ നീയങ്ങുറപ്പിച്ചല്ലേഡീ അവിടെ നടക്കുന്നത്….. ഞാനിട്ട് വട്ടുകളിപ്പിച്ചതിന്റെ ചെറിയൊരു സൗന്ദര്യപിണക്കമാണ് നിനക്കെന്നേ ഞാൻ കരുതിയുള്ളൂ…. അതൊക്കെ ഒരു മിന്ന് കെട്ടി നിന്നേയെന്റെയാക്കിയിട്ട് മാറ്റാമെന്ന് കരുതി.

പക്ഷെ അപ്പോഴൊന്നും ഞാനറിഞ്ഞില്ലെടി നിന്റെ ഉള്ളിലിത്രയും വിഷം നിറഞ്ഞിരുന്നുവെന്ന്. ജീവിതത്തിൽ തനിച്ചായിപ്പോയ ആ പെണ്ണിന് ചുറ്റും അങ്ങനെ പലരും നടന്നിട്ടുണ്ട്. പക്ഷെ അവരതിന് നിന്നുകൊടുത്തിട്ടില്ല ഇന്നുവരെ. ഈ നാട്ടിലെ പല പകൽമാന്യൻമാരും അവരുടെ കതകിന് തട്ടിയിട്ടുമുണ്ട്. പക്ഷെ എവിടെയും തളർന്നുപോയിട്ടില്ലാ പാവം. അതിന്റെ ശിക്ഷയായിട്ട് അവർക്ക് ചാർത്തികിട്ടിയ പേരാ അഴിഞ്ഞാട്ടക്കാരി…. ഞാനാ വീട്ടിൽ പോയിട്ടുണ്ട്….പോകാറുണ്ട് …. ഇന്നും പോയിട്ടാ വരുന്നത്.. പക്ഷെ അത് നീ ഉദ്ദേശിച്ച കാര്യതിനല്ല…. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എന്റെ കൂടെപ്പിറക്കാത്ത കൂടപ്പിറപ്പിനും കുഞ്ഞിനും കാവലുണ്ടെന്ന് അവരെയും ഈ നാട്ടുകാര് പട്ടികളെയും ബോധ്യപ്പെടുത്താൻ….. പിന്നെ ഇന്നത്തെ കേസ്….

അതും അവർക്ക് വേണ്ടിയാ എന്തിനാന്നറിയോ നിനക്ക് ??? പച്ചപ്പാതിരാത്രി അവരുടെ കതക് ചവിട്ടിപ്പൊളിക്കാൻ നോക്കിയവനെയാ ഞാൻ റോഡിലിട്ട് ചവിട്ടി ചോര തുപ്പിച്ചത്. നാട്ടുകാര് നാറികളെന്ത്‌ വേണേലും പറഞ്ഞോട്ടെ…. പക്ഷെ എന്റെ നെഞ്ചിൽ കൂടപ്പിറപ്പിന്റെ സ്ഥാനത്തുള്ള അവരെയും എന്നെയും കൂട്ടി പറഞ്ഞ നിന്നേയിപ്പോ കൊല്ലാനാ എനിക്ക് തോന്നുന്നത്. പക്ഷെ…. അതിനും എനിക്ക് വയ്യല്ലോ…. ഡീ ……………………… മോളെ നിനക്കറിയോ എനിക്ക് മുകളിൽ ഒരു ചേച്ചി കൂടി എനിക്കുണ്ടായിരുന്നു. സ്നേഹിച്ചുകൊതി തീരും മുന്നേ അങ്ങ് കർത്താവിന്റടുത്തൊട്ട് പോയ എന്റെ ആൻസി ചേച്ചി. ആ സ്ഥാനമാടി അവർക്കെന്റെ ഉള്ളിൽ…. ആ അവരെയാ നീ…. ” അവൻ പറഞ്ഞതൊക്കെ കേട്ടതും ശരീരം തളരുന്നത് പോലെ തോന്നി ജെസ്സിക്ക്.

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഭിത്തിയിലൂടൂർന്ന് നിലത്തേക്കിരുന്നു. ” എടി….. ഛേ… ഞാനെന്തിനാ നിന്നേയിതൊക്കെ ബോധ്യപ്പെടുത്താൻ നിൽക്കുന്നത്…..ഇനി ഞാനെത്രയൊക്കെ ശ്രമിച്ചാലും നിന്റെയീ വൃത്തികെട്ട മനസിലെ ചിന്തകൾ മാറില്ല. അതുകൊണ്ട് അതങ്ങനെ തന്നെ ഇരുന്നോട്ടെ. പിന്നെ….. നിനക്ക് നാളെത്തന്നെ പോകാം. ഇനിയെന്റെകൂടെ അറച്ചറച്ച് ജീവിക്കണ്ട. പിന്നെ ഞാൻ നിന്റെ കഴുത്തിൽ കെട്ടിയ ഈ മിന്നല്ലേ നിന്റെ ഇപ്പോഴത്തേ ഭാരം. ഇനിയാ ഭാരവും നീ സഹിക്കണ്ട. ഇത് നിനക്കൊരു ഭാരമായിരിക്കും പക്ഷെ എനിക്കിതൊരു മോഹമായിരുന്നു. എന്നേ പള്ളിപ്പറമ്പിലേക്കെടുക്കും വരെയും ഇത് നിന്റെകഴുത്തിൽ തന്നെ കാണണം എന്നായിരുന്നു മോഹം. പക്ഷെ ഇനിയത് വേണ്ട. ഞാൻ നിനക്ക് സമ്മാനിച്ച ഭാരം ഞാൻ തന്നെ തിരിച്ചെടുത്തോളാം. ”

അവന്റെയാ വാക്കുകൾ ഒരു വെള്ളിടി പോലെ അവളുടെ ഹൃദയത്തേ തുളച്ചിറങ്ങി. ആ നനഞ്ഞ മിഴികൾ കരയാൻ പോലും മറന്നൊരു പിടച്ചിലോടവനെ നോക്കി. അവനിൽ പക്ഷെ ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഭാവമായിരുന്നു. അവളുടെ മുഖത്തേക്ക് പോലുമൊന്ന് നോക്കാതെ അവളുടെ മുന്നിലേക്ക് മുട്ടുകുത്തിയിരുന്ന് വിറയ്ക്കുന്ന കൈകൾ കൊണ്ടവളുടെ കഴുത്തിലെ മിന്നുമാലയിലേക്കവൻ പിടുത്തമിട്ടു. അവന്റെ പിടുത്തം മുറുകും തോറും ആ മാലയുടെ കൊളുത്തകന്ന് വരുന്നതൊരു മരവിപ്പോടവൾ നോക്കിയിരുന്നു….തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കള്ളനസ്രാണി : ഭാഗം 5

Share this story