മധുരനൊമ്പരക്കാറ്റ്: ഭാഗം 3

മധുരനൊമ്പരക്കാറ്റ്: ഭാഗം 3

എഴുത്തുകാരി: പത്മപ്രിയ

6 വർഷങ്ങൾക്കു മുൻപ്…. മുത്തശ്ശിയുടെ ആഗ്രഹം മാനിച്ചു എന്റെ UG കംപ്ലീറ്റ് ചെയ്തു വെക്കേഷന് ഞങ്ങൾ ആദ്യമായി നെന്മാറയിൽ എത്തി…. ആദ്യമായി അച്ഛന്റെ നാടും വീടും സ്വന്തക്കാരെയും ഒക്കെ കാണാൻ പോകുന്ന ഉത്സാഹത്തിൽ ആയിരുന്നു ഞാനും…. ഈ യാത്ര എന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പോകുന്ന ഒന്നായിരുന്നു എന്ന് അന്നെനിക്ക് അറിവില്ലായിരുന്നു…. അമ്പലപ്പാട്ടെ മുറ്റത്ത്‌ ഒരു ഉത്സവ പ്രതീതി ആയിരുന്നു ഞങ്ങൾ വന്നിറങ്ങുമ്പോൾ… വണ്ടിയിൽ നിന്നിറങ്ങിയതും കണ്ടു മുറ്റത്ത് ഞങ്ങൾക്കായി കാത്തു നിൽക്കുന്നവരെ…. എല്ലാരേം അച്ഛൻ പറഞ്ഞുള്ള അറിവ് മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു എങ്കിലും ഒറ്റനോട്ടത്തിൽ ആൾക്കാരെ എല്ലാം മനസിലായി….

കൂട്ടത്തിൽ എനിക്ക് പറ്റിയ കൂട്ടിനായി കിട്ടിയതാണ് രമ്യയെ… വല്യച്ഛന്റെ ഇളയ മകൾ… എന്റെ അതേ പ്രായം ആയിരുന്നു അവളും.. അതിനാൽ ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി…. വർഷങ്ങൾക്കിപ്പുറം ഒരു വല്യ കുടുംബത്തിന്റെ മുഴുവൻ സ്നേഹവും ലാളനയും അനുഭവിച്ചു തുടങ്ങിയിരുന്നു ഞാൻ…. തറവാടും, തൊടിയും, വയലും, കുളവും, മലയും എല്ലാം എല്ലാം എനിക്ക് പുതിയൊരു അനുഭവം ആയിരുന്നു…. ഇന്നുവരെ കണ്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഒന്ന്…. അതുകൊണ്ട് തന്നെ തക്കം കിട്ടുമ്പോൾ ഞാൻ രമ്യയേം കൂട്ടി പുറത്തേക്കിറങ്ങിയിരുന്നു…. എന്റെ ഓരോരോ വട്ടു കണ്ടു തലയ്ക്കു കിഴുക്കാൻ കൂട്ടിന് അവളും എപ്പോഴും ഉണ്ടായിരുന്നു…. അങ്ങനെ ഇരിക്കെ ഒരിക്കൽ ഞാറു നടുന്നത് കാണാൻ പോണം എന്ന് പറഞ്ഞ എന്നെയും കൂട്ടി വയലിലേക് ഇറങ്ങിയതായിരുന്നു രമ്യ.

പരിചയമില്ലാത്തതിനാൽ പോകുന്ന വഴിയിൽ ഞാൻ അബദ്ധവശാൽ കാല് തെന്നി ചേറിലേക്ക് വീണുപോയി.. ചേറിൽ മുങ്ങി കുളിച്ചു കണ്ണുപോലും തുറക്കാൻ പറ്റാതെ ഇരിക്കുന്ന എന്നെയും കൂട്ടി എന്ത് ചെയ്യണം എന്നറിയാതെ നിന്ന രമ്യയുടെ അടുത്ത് പരിചയമില്ലാത്ത ഗാംഭീര്യമാർന്ന ഒരു ശബ്ദം ഞാൻ കേട്ടിരുന്നു…. അതാരാണെന്നറിയാൻ ഉള്ളം തുടിച്ചു…കണ്ണു തുറക്കാൻ സാധിക്കാതെ അവരുടെ സംസാരത്തിൽ കാതോർത്തു…. രമ്യയുടെ സംഭാഷണത്തിനിടെ സിദ്ധുവേട്ടാ എന്ന വിളിയിൽ നിന്നും വന്നത് അവൾക് പരിചയമുള്ള ആരോ ആണെന് മനസിലായി… കൂട്ടത്തിൽ എന്നെപ്പറ്റി പറയുകേം ചെയ്യുന്നുണ്ട്…. ഒടുവിൽ എന്നെയും കൂട്ടി അവളോടൊപ്പം കുളം വരെ കൂടെ ഉണ്ടായിരുന്നു ആ ശബ്ദത്തിനുടമ….

ഒന്ന് മുങ്ങി താന്ന് ചേറെല്ലാം കഴുകി വൃത്തിയാക്കിയപോഴേക്കും രമ്യ ഒരു തോർത്തും മേൽമുണ്ടുമായി എത്തിയിരുന്നു…. കൂടുതൽ ഒന്നും തിരക്കാതെ അതും ചുറ്റി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു …. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 തിരികെ തറവാട്ടിൽ അതേ കോലത്തിൽ ചെന്നു കേറുമ്പോളേക്കും അച്ഛന്റെ വിളി വന്നിരുന്നു ഒടുവിൽ കാര്യങ്ങളെല്ലാം വിശദമായി തന്നെ രമ്യ പറഞ്ഞുകൊടുത്തു… അവരുടെ സംഭാഷണത്തിനിടെ ആണ് ആദ്യമായി ഞാനാ പേര് കേൾക്കുന്നത്…. “സിദ്ധാർഥ് നാരായണൻ…” ദേവർമഠത്തിലെ നാരായണന്റേം വസുന്ധരയുടേം ഏക മകൻ… ഇവിടുത്തെ സ്കൂളിൽ മലയാളം മാഷ്…. വലിയ തറവാട്ടുകാരായിരുന്നു ദേവർമഠത്തുകാർ പക്ഷെ പിന്നീട് നാരായണന്റെ പിടിപ്പുകേട് കൊണ്ട് എല്ലാം തുലച്ചു ഒടുവിൽ കടം കേറി..

നാരായണന്റെ മരണശേഷം മകൻ അമ്മയേം കൂട്ടി ചെറിയൊരു വീട്ടിലേക്ക് താമസം മാറി…. ഇതെല്ലാം കേട്ടുകൊണ്ടിരുന്നപ്പോഴാണ് ഈ പറഞ്ഞ വ്യക്തിത്വത്തെ ഇന്ന് നേരിൽ കാണാൻ കഴിഞ്ഞില്ലാലോ എന്ന തോന്നൽ ഉണ്ടായത്…. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 പിറ്റേന്ന് രാവിലെ രമ്യയോടൊപ്പം അമ്പലത്തിലേക്ക് ഇറങ്ങി… തൊഴുതു വലം വെച്ചു വന്നപ്പോൾ കണ്ടു രമ്യ പ്രായമായ ഒരു സ്ത്രീയോട് സംസാരിക്കുന്നത്… ഒരു 55 വയസ്സിനോട് അടുത്ത് പ്രായം വരും, വെളുത്ത മുടിയുള്ള നല്ല ഐശ്വര്യം തുളുമ്പുന്ന മുഖവുമായി ഒരമ്മ…. ഞാൻ വരുന്നത് കണ്ടതും എന്നെ നോക്കി ചിരിച്ചു… ഞാനും തിരികെ മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു രമ്യയോടൊപ്പം നിന്നു… അപ്പോഴാണ് അറിയുന്നത് ഇതാണ് അച്ഛൻ ഇന്നലെ പറഞ്ഞ ദേവർമഠത്തിലെ വസുന്ധരാമ്മ എന്ന്….

സിദ്ധുവേട്ടൻ വന്നില്ലേ എന്നുള്ള രമ്യയുടെ ചോദ്യത്തിന് വഴിപാട് പ്രസാദം വാങ്ങിക്കാൻ പോയിരിക്കുന്നു എന്ന മറുപടിയാണ് കിട്ടിയത്… കണ്ണുകൾ ചുറ്റും ആർക്കോ വേണ്ടി തേടിയതും ആരെയും കണ്ടുകിട്ടാതെ നിരാശയോടെ മടങ്ങി…. വസുന്ധരാമ്മയോട് യാത്ര പറഞ്ഞു നേരെ അമ്പല കുളത്തിലേക്ക് വെച്ചു പിടിച്ചു ഞങ്ങൾ രണ്ടും… വെള്ളയും നീലയും നിറത്തിലുള്ള ആമ്പലുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന കാഴ്ച കണ്ടു എന്റെ കണ്ണുകൾ വിടർന്നു…. അത്രയും മനോഹരമായ കാഴ്ച…. ഇന്നുവരെ അച്ഛൻ പറഞ്ഞുതന്ന കഥകളിൽ മാത്രം കേട്ടിരുന്ന ഒരു വർണ്ണകാഴ്ച…. അതിന്റെ ഭംഗി ആസ്വദിച്ചു ഞാൻ ആ പടവിൽ ഇരുന്നു…. എന്നെ അവിടെ ഇരുത്തി മീനുകൾക്കു അവിലും മലരും വാങ്ങിയിട്ട് വരാമെന്നു പറഞ്ഞു രമ്യ എണിറ്റു പോയി….

കുളത്തിലെ തെളിനീരിലേക്ക് കാലിട്ട് മിഴിനാട്ടു ഇരിക്കുമ്പോളാണ് പുറകിലൊരു നിഴലനക്കം വെള്ളത്തിൽ കണ്ടത്…. വെട്ടിതിരിഞ്ഞു നോക്കിയതും കണ്ടു എന്റെ നേർക്ക് ചിരിയോടെ നിൽക്കുന്നവനെ…. ഹൃദയം പെരുമ്പാറ കൊട്ടാൻ തുടങ്ങിയിരുന്നു… ഇതാണ് സിദ്ധുവേട്ടൻ എന്ന് ഉള്ളിൽ നിന്നാരോ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു….. അപ്പോഴും ഒരടി അനങ്ങാൻ കഴിയാതെ ഒന്നുരിയാടാൻ കഴിയാതെ ഏതോ സ്വപ്നലോകത്തെന്നപോൽ അവനിൽ തന്നെ കണ്ണുകൾ പതിപ്പിച്ചു നിന്നുപോയി… സ്വബോധം വീണ്ടെടുത്തു പിന്നിലേക്ക് മാറാൻ ശ്രമിക്കവേ കാലിടറിപ്പോയി….

കുളത്തിലേക്ക് വീഴും മുന്നേ ബലിഷ്ഠമായ രണ്ടു കരങ്ങൾ പിടിച്ചു വലിച്ചു നെഞ്ചോടു ചേർക്കുന്നത് ഏതോ മായികലോകത്തിരുന്നപോൽ ഞാൻ അറിഞ്ഞിരുന്നു…. തിരിച്ചും ഒന്നാഞ്ഞു പുൽക്കാൻ ഉള്ളം എന്തുകൊണ്ടോ കൊതിച്ചുപോയി… ഇതുവരെ ഉടലെടുക്കാത്ത പേരറിയാത്ത പലതരം വികാരങ്ങളും ഉടലാകെ വന്നു പൊതിയുന്നത് ഞാൻ അറിഞ്ഞു…. വല്ലാത്തൊരു സുരക്ഷിതത്വവും സമാധാനവും തോന്നി പോയി ആ കരവലയത്തിനുള്ളിൽ…. അത്‌ വേണ്ടുവോളം ആസ്വദിച്ചു ഒരു പൂച്ചക്കുട്ടിയെ പോൽ ആ കൈകൾക്കുളളിൽ ഒതുങ്ങി കൂടി…. അൽപ നേരം കഴിഞ്ഞ് എന്നെ അടർത്തി മാറ്റി പരിഭ്രാന്തിയോടെ ചോടോക്കുന്നത് കേട്ടു…. “ടോ താൻ ok അല്ലെ?? കുഴപ്പമൊന്നുമില്ലലോ??

എന്ന്… അപ്പോഴും മറ്റേതോ ലോകത്തെന്നപോൽ മിഴിച്ചുനിൽക്കുന്ന എന്നെ കണ്ടിട്ടാവണം ചിരിയോടെ പറഞ്ഞു. “പേടിക്കണ്ട വീണിട്ടില്ല….” എന്ന് അപ്പോഴാണ് ഞാൻ ആ മുഖത്തേക്ക് നോക്കുന്നത്… ആ കണ്ണുകളിലെ ആഴിയിൽ സ്വയം മറന്ന് അലിഞ്ഞുചേരാൻ കൊതിച്ചുപോയി ഹൃദയം…. അയാളുടെ ചോദ്യങ്ങൾക്കൊക്കെ യാന്ത്രികമായി തലയാട്ടികൊണ്ടേയിരുന്നു…. രമ്യ തിരിച്ചു വന്നു എന്നെയും സിദ്ധുവേട്ടനെയും ഒന്നിച്ചു കണ്ടു കാര്യങ്ങൾ തിരക്കി…. അപ്പോഴും അയാളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്ക് എന്നെത്തന്നെ നഷ്ടമായിക്കൊണ്ടിരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു….

അവരുടെ സംഭാഷണത്തിൽ ഒന്നും ശ്രദ്ധ പോയില്ലെങ്കിലും കണ്ണുകൾ അയാളെ തന്നെ വലയം ചെയ്തുകൊണ്ടിരുന്നു….. അയാളുടെ കാപ്പി കണ്ണുകളുടെ കാന്തിയിൽ… ആ നുണക്കുഴി കവിളിൽ…. ആ ചിരിയിൽ…. അൽപ നേരം സംസാരിച്ചു നിന്നശേഷം അയാളോട് യാത്ര പറഞ്ഞു ഞങ്ങൾ അവിടെനിന്നും തിരിച്ചു…. വീട്ടിലേക്ക് നടക്കുന്ന വഴിയിലും എല്ലാം പതിവിലും മൗനമായിരുന്ന എന്നോട് രമ്യ കാര്യങ്ങൾ തിരക്കി…. അവളോട്‌ കൂടുതൽ അയാളെ പറ്റി തിരക്കണം എന്ന് തോന്നിയെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു…. 🍂🍂🍂🍂🍂

റൂമിൽ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് മിഴിനാട്ടി നിന്ന് ഇന്ന് നടന്നതിനെ പറ്റി ആലോചിച്ചു നിൽക്കെയാണ് രമ്യ ചിരിയോടെ വന്നു പുറകിൽ നിന്നു കെട്ടിപിടിച്ചത്… എന്താടി പെണ്ണെ ഒരു ആലോചന? സത്യം പറ ആരെപ്പറ്റിയ?? ഒറ്റക്കണ്ണിറുക്കി കുസൃതിയോടെ തന്നോട് ചോദിക്കുന്നവളെ കാണെ ചിരിച്ചുപോയി…. എടി…. ആ മാഷില്ലേ…. ഏത് മാഷ്…. എടി ഇന്ന് കണ്ടില്ലേ…. സിദ്ധാർഥ് മാഷ്… ഓ നീ സിദ്ധുവേട്ടനെയാണോ മാഷെന്നു വിളിച്ചേ…. ആഹ്‌ അതേ… എടി പുള്ളി ആൾ എങ്ങനെയാ?? എന്താ മോളെ പതിവില്ലാതെ ഓരോ ചോദ്യം…. മനസ്സിൽ എന്തെങ്കിലും ഒക്കെ തോന്നി തുടങ്ങിയോ?? നിന്റെ കൽക്കട്ടയിലും ബാംഗ്ലൂരും ഇല്ലാത്ത ആൺപിള്ളേരാണോ ഈ കുഗ്രാമത്തിൽ കണ്ടേ?? കളിയാക്കി ചോദിച്ച അവളെ നോക്കി ചുണ്ട് കോട്ടി തിരിഞ്ഞു നിന്നു വീണ്ടും….

ഹയ് ഞാൻ വെറുതെ ചോദിച്ചതാടി പെണ്ണേ…. പിന്നെ സിദ്ധുവേട്ടൻ ആണെങ്കിൽ… ആളൊരു പാവമാ… ഇവിടെ എല്ലാർക്കും വല്യ കാര്യമാ…. ഒരു ശുദ്ധൻ.. ഇന്ന് കണ്ടില്ലേ ആ അമ്മ മാത്രേ ഉള്ളു… കല്യാണം ആയിട്ടില്ല ഇതുവരെ.. അതെന്താ എന്നറിയില്ല…… പിന്നെ ആൾ നല്ലോണം പാടും…. ഇവിടൊരു വായനശാലയുണ്ട്… മിക്ക ഒഴിവു ദിവസവും അവിടെ കാണാം….. സൗമ്യേച്ചിടെ ഒപ്പം പഠിച്ചതാ ആള്… പിന്നീട് ഇവിടെ സ്കൂളിൽ മാഷായി കേറിയത്…. വല്യ തറവാട്ടുകാരായിരുന്നു പക്ഷെ സിദ്ധുവേട്ടൻ പഠിച്ചുകൊണ്ടിരുന്ന സമയത്ത് പുള്ളികാരന്റെ അച്ഛൻ കടം കേറി എല്ലാം നശിപ്പിച്ചു…. പിന്നെ വല്യ കഷ്ടപ്പാടിലാ ജീവിച്ചേ…. സിവിൽ സെർവിസിന് പോണം എന്നൊക്കെയായിരുന്നു പുള്ളിയുടെ ആഗ്രഹം എന്ന് ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട്….

പക്ഷെ അച്ഛന്റെ മരണശേഷം ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ അതൊക്കെ ഉപേക്ഷിച്ചു ഇപ്പോൾ ഇവിടുത്തെ സ്കൂളിൽ മാഷായി പഠിപ്പിക്കുവാണ്….. അവൾ പറഞ്ഞ ഓരോ കാര്യവും ഞാൻ എന്റെ ഹൃദയത്തിലാ കോറിയിട്ടേ…. എവിടെയോ ഒരു സുഖമുള്ള നോവായി അവൾ പറഞ്ഞ കാര്യങ്ങൾ എന്നിൽ തങ്ങിനിന്നു… അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു ആ കാപ്പി കണ്ണുകളും നുണക്കുഴി വിരിയിച്ച ചിരിയും….. പിന്നീട് അവളോടൊപ്പം മാഷ് പോകാവുന്ന എല്ലായിടത്തും ആയി ചുറ്റികറക്കം….. ഇന്നുവരെ വായിച്ചു ശീലമില്ലാത്ത വായന ഇഷ്ടമല്ലാത്ത ഞാൻ അവളെയും കൊണ്ട് വായനശാലയിൽ പോയി മെമ്പർഷിപ്പ് വരെ എടുത്തു… ഒരു നോട്ടത്തിനായി ഒരു ചിരിക്കായി കാത്തുകാത്തിരുന്നു…. മനസിലൊളിപ്പിച്ച പ്രണയത്തോടെ…. 🍂🍂🍂🍂

അമ്പലത്തിലെ ഉത്സവ സമയത്ത് ചെണ്ടമേളം നടക്കുന്നിടത് കണ്ടു എല്ലാം മറന്നു അതിൽ ലയിച്ചു നില്കുന്നവനെ…. കണ്ണെടുക്കാൻ തോന്നിയില്ല…. കുളപ്പടവിലേക്ക് അടുക്കുന്നവനെ കണ്ട് ഇന്നുതന്നെ ഉള്ളിലെ ഇഷ്ടം തുറന്നു പറയണം എന്ന് തീരുമാനിച്ച് പുറകെ ചെന്നു…. മുഖം കഴുകി തിരിഞ്ഞതും പമ്മി പമ്മി ഉള്ള തന്റെ നിൽപ് കണ്ട് ചിരിപ്പൊട്ടി കാര്യം തിരക്കി…. എനിക്ക്…. ഒരു കാര്യം…. എന്താ ടോ മീനാക്ഷി?? എന്താ കാര്യം… അത്… എനിക്ക്… എനിക്ക് മാഷിനെ ഒരുപാട് ഇഷ്ടാ….ശെരിക്കും ഇഷ്ടാ… അതുപോലെ എന്നേം ഇഷ്ടപ്പെടുമോ?? നിഷ്കളങ്കമായി തന്നോട് ചോദിക്കുന്ന പെണ്ണിനെ കണ്ട് അവന്റെ കണ്ണിൽ നിറഞ്ഞത് വാത്സല്യമായിരുന്നു….ചിരിയോടെ അടുത്തേക് വന്നു പറഞ്ഞു…

മീനാക്ഷി.. താൻ നല്ല കുട്ടിയാണ്… ആർക്കാ തന്നെ ഇഷ്ടമാവാത്തെ?? എല്ലാർക്കും ഇഷ്ടവുല്ലോ തന്നെപോലൊരു കുട്ട്യേ! അവന്റെ മറുപടി കേട്ട് സന്തോഷത്തോടെ അതിലുപരി അത്ഭുതത്തോടെ കണ്ണുമിഴിച്ചു ആ പെണ്ണ്….അത് കണ്ട് അവനും നിറഞ്ഞ ചിരി നൽകി…. അപ്പോൾ എന്നെ കല്യാണം കഴിക്കുവോ?? അവളുടെ ആ ചോദ്യം അവന്റെ ചിരിയെ പാടെ മായ്ച്ചു കളഞ്ഞു….. അവളെ പറഞ്ഞു മനസിലാക്കിപ്പിക്കാൻ അതിലുപരി അവളെ വേദനിപ്പിക്കാതിരിക്കാൻ ആണ് താൻ അങ്ങനെ ഒരു മറുപടി ആദ്യമേ നൽകിയത്…അവൾ പറഞ്ഞത് മനസിലായിട്ടും ആവാത്തപോലെ സംസാരിച്ചതും….

അവന്റെ മറുപടിക്കായി പ്രതീക്ഷയോടെ മുഖത്തേക്ക് ഉറ്റുനോക്കി നിന്നു ആ പൊട്ടിപെണ്ണ്…. ടോ… താൻ എന്താ ചോദിക്കണേ എന്ന് വല്ല നിച്ഛയം ഉണ്ടോ? താൻ കൊച്ച് കുട്ടിയാ…. നമ്മൾ തമ്മിൽ എത്ര വയസ്സ് വ്യത്യാസം ഉണ്ടെന്ന് അറിയോ?പോരാത്തതിന് താൻ പട്ടണത്തിൽ ഒക്കെ പഠിച്ചു വളർന്ന വലിയ വിദ്യാഭ്യാസം ഉള്ള കുട്ടിയും…സമയമാകുമ്പോൾ തനിക്കു ചേർന്നൊരു നല്ല പയ്യനെ തന്റച്ഛൻ തന്നെ കണ്ടെത്തി തരും…അതുവരെ അനാവശ്യ ചിന്തകൾ ഒന്നും വേണ്ട ട്ടോ…. ഇത്രയും പറഞ്ഞു മുഖത്തേക്ക് പോലും നോക്കാതെ പടവുകൾ കയറി പോകുന്നവനെ കണ്ണുനിറച്ചു നോക്കി നിന്നു അവൾ…. 🍂🍂🍂🍂

അതുകൊണ്ടൊന്നും പിൻവാങ്ങാൻ അവൾ തയ്യാറായിരുന്നില്ല…. പഴയപോലെ തന്നെ അവൻ പോകാറുള്ള ഇടങ്ങളിൽ അവനെ കാണാൻ ആയി അവൻ കാൺകെ തന്നെ നിന്നു പെണ്ണ്…. അവന്റെ തലവെട്ടം കണ്ടാൽ “മാഷേ…” എന്ന് വിളിച്ചു പുറകെ ഓടിയിരുന്നു…. എത്ര അവഗണിച്ചാലും ആട്ടിയോടിക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും പുറകെ വന്നുകൊണ്ടിരുന്നു ആ പെണ്ണ്…. എന്ത് ചെയ്താലാ എന്നെ ഇഷ്ടമാവുക മാഷെക്ക്? എങ്ങനെ ഇരിക്കണം മാഷെക്ക് എന്നെ ഇഷ്ടമാവാൻ…. എന്നിങ്ങനെ അവന്റെ ഇഷ്ടമില്ലായ്മക്ക് കാരണം തിരക്കി കൊണ്ടേ ഇരുന്നു അവൾ…..

ഒടുവിൽ ഒരുനാൾ സഹികെട്ട് അവൻ പറഞ്ഞു അവന് നാടൻ ആയ പാവം നാട്ടിൻപുരത്തുകാരി കുട്ടിയെയാണ് ഇഷ്ടമെന്ന്… അതോടെ അവൾ ഒഴിഞ്ഞു പോകുമെന്ന് കരുതി സമാധാനിച്ചിരുന്ന അവന് മറുപടിയായി കണ്ടത് അടുത്ത ദിവസം രാവിലെ സ്കൂളിൽ പോകുന്ന വഴിക്ക് ഇളം മഞ്ഞയിൽ പച്ച കലർന്ന ദാവണിയും ഉടുത്ത് മുടി പിന്നികെട്ടി മുല്ലപ്പൂവും ചൂടി “മാഷേ..” എന്ന പതിവ് വിളിയോടെ പതിവ് ചിരിയോടെ ഓടിയടുക്കുന്നവളെയാണ്… അവളുടെ ഈ മാറ്റം ആർക്കു മനസിലായില്ലെങ്കിലും അവളുടെ എല്ലാമെല്ലാമായ അച്ഛന് മനസിലായിരുന്നു…. കാര്യം അറിയാനായി തിരക്കിയ അദ്ദേഹത്തോട് അവളുടെ മനസിലുള്ളത് അല്പം നാണത്തോടെ പറഞ്ഞു തുടങ്ങിയെങ്കിലും പറഞ്ഞവസാനിപ്പിച്ചപ്പോൾ കരഞ്ഞുപോയിരുന്നു….

അത്രയ്ക്കും അവൾക്കുള്ളിൽ ആ ചുരുങ്ങിയ സമയത്തിൽ ആഴത്തിൽ വേരൂന്നി പോയിരുന്നു സിദ്ധാർഥ് മാഷ്…. അവളുടെ വിഷമം കണ്ട് ഉള്ളുപിടഞ്ഞ ആ അച്ഛൻ മകൾക്കു വേണ്ടി അവരുടെ വീട്ടിൽ സംസാരിക്കാം എന്ന് പറഞ്ഞെങ്കിലും അവൾ അത്‌ എതിർത്തു…. തന്റെ ഇഷ്ടത്തെ അംഗീകരിക്കുവാൻ അദ്ദേഹം പറഞ്ഞ ന്യായങ്ങൾ ഓരോന്നും നിരത്തി പരിശോധിച്ചിട്ടും അവൾക്കുള്ളിൽ തൃപ്തി ഉണ്ടായിരുന്നില്ല…. എന്നെങ്കിലും തന്നെ പൂർണ മനസോടെ അംഗീകരിക്കും എന്നവൾ ഉറച്ചു വിശ്വസിച്ചു…..അതുകൊണ്ട് തന്നെ എത്ര വേണമെങ്കിലും അതിനായി കാത്തിരിക്കുമെന്നും അവൾ പറഞ്ഞു…. തന്റെ മകൾ സിദ്ധാർത്തിനെ പോലൊരാളെ ജീവിതത്തിലേക്ക് തിരഞ്ഞെടുക്കുമെന്ന് ആ അച്ഛൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…..

ഇപ്പോൾ ഉള്ള അവളുടെ തീരുമാനത്തിൽ അദ്ദേഹം 100 ശതമാനം സംതൃപ്തനും ആയിരുന്നു… സിദ്ധാർത്തിനേക്കാൾ യോഗ്യനായ ഒരു പുരുഷനെ തന്റെ മകൾക്കായി കണ്ടെത്താൻ കഴിയില്ല എന്നദ്ദേഹത്തിന് ഉറപ്പായിരുന്നു… ഈ ചുരുങ്ങിയ കാലയളവിൽ അയാളുമായി ഇടപഴകിയ നിമിഷങ്ങൾ മാത്രം മതിയായിരുന്നു അയാളുടെ മനസിലെ നന്മ മനസിലാക്കാൻ… അവിടെ പ്രായമോ, ജോലിയോ, കുടുംബ മഹിമയോ ഒന്നിനും പ്രധാന്യം ഉണ്ടായിരുന്നില്ല…. സിദ്ധാർഥ് നാരായണൻ എന്ന മനുഷ്യൻ മാത്രം ആയിരുന്നു………. തുടരും…

മധുരനൊമ്പരക്കാറ്റ്: ഭാഗം 2

Share this story