അവന്തിക: ഭാഗം 11

അവന്തിക: ഭാഗം 11

എഴുത്തുകാരി: വാസുകി വസു

സാറ് എന്നിൽ നിന്ന് അകന്നു പോകുമോ” അന്നാദ്യമായി ഞാനങ്ങനെ ചിന്തിച്ചു.. അതിനു കാരണം ചേച്ചിയും സാറും തമ്മിലുള്ള ചിരപരിചിതര പോലെയുളള സംസാരമായിരുന്നു …. എനിക്കെന്തോ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു.. അത് പിന്നെയും വളർന്നു കൊണ്ടിരുന്നു..ഉള്ളിലെ നിരാശാ ബോധം പിന്നെയും കാർന്ന് തിന്നു കൊണ്ടിരുന്നു.. “ചേച്ചി ശിവദ് സാറിനെ ആഗ്രഹിക്കുമോ? വിവാഹം കഴിക്കണമെന്ന് പറയോ ? മനസ്സിനെ ഭരിക്കുന്ന പലവിധ സംശയങ്ങളും എന്നിലുയർന്നു..ഹേയ് അങ്ങനെയൊന്നും ഉണ്ടാകില്ല..മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.കാരണം മുമ്പത്തെ അനുഭവങ്ങളായിരുന്നു. ശിവദ് സാറിന്റെ സാമീപ്യം ചേച്ചിയെ ഒരുപാട് മാറ്റിയിരിക്കുന്നെന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു..എല്ലാവർക്കും മുമ്പിൽ ഭയന്ന് ഒളിച്ചും കടിച്ചു കീറാനും വന്നവൾ സൗമ്യമായി പെരുമാറുന്നു..

എന്റെ ഉള്ളിലൊരു ലാവ തിളച്ചു മറിഞ്ഞു പൊന്തുന്നത് ഞാനറിഞ്ഞു. ഓരോന്നും ചിന്തിച്ചു നടന്ന് വീടെത്തിയത് അറിഞ്ഞില്ല..ഒന്നും മിണ്ടാതെ വീട്ടിലേക്ക് തിരിഞ്ഞതും പിന്നിൽ നിന്നും സാറിന്റെ വിളിയെത്തി.. ” ഡോ തന്നെ കാണാൻ വന്നിട്ട് താനൊന്നും മിണ്ടാതെ പോവാണോ'” “മിണ്ടാനൊക്കെ ഇപ്പോൾ ആളായല്ലോന്ന് പറയണമെന്നുണ്ടായിരുന്നു..പക്ഷേ ഞാൻ ശബ്ദിച്ചില്ല. ” എന്താടോ കഴുത്തിനു ചുറ്റും നാക്കുളള ആൾക്ക് വീണ്ടും നാവിറങ്ങിപ്പോയോ?” സാറിന്റെ തുടരെ തുടരെയുളള ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകണമെന്നുണ്ട്..പക്ഷേങ്കി നാവ് പൂട്ടു വീണ അവസഥയിലാണ്. ഞാൻ ചേച്ചിയെ നോക്കി..അവളുടെ നോട്ടം സാറിന്റെ മുഖത്താണ് .ഒരുപാട് ഭാവങ്ങളാ മുഖത്ത് മിന്നി മറയണുണ്ട്..ഒന്നും നിർവചിക്കാൻ കഴിയണില്ല.അതോ എല്ലാം എന്റെ തോന്നലുകളാണോന്നും അറിയില്ല. “നിങ്ങൾ സംസാരിക്ക്..ഞാൻ അകത്തോട്ട് ചെല്ലട്ടെ” ചേച്ചി വീട്ടിനകത്തേക്ക് കയറി പോയപ്പോഴാണു എനിക്ക് ശ്വാസം നേരെ വീണത്..

അതുവരെയൊരു പിടച്ചിലായിരുന്നു.. “എന്നെ ഇങ്ങനെ അവഗണിക്കാൻ മാത്രം ഞാനെന്ത് തെറ്റാ ചെയ്തത്?” തേങ്ങലോടെ ഞാൻ ചോദിച്ചതും സാറൊന്ന് അമ്പരക്കണതു കണ്ടു.. “എടോ ആരാധ്യയോട് ആദ്യമായി ആണ് സംസാരിക്കുന്നത്..അവൾ കൂടുതൽ സംസാരിച്ചപ്പോൾ ഞാനും സംസാരിച്ചുന്നുളളത് ശരിയാണ്.. എന്നു കരുതി തന്നെ അവഗണിച്ചൂന്ന് അർത്ഥമില്ല.. തന്റെ ചേച്ചിയല്ലേ അത്” “ചേച്ചി ആയാലും ശരി ആരായാലും ശരി..എന്നോട് മാത്രം മിണ്ടിയാൽ മതി” ലേശം കുശുമ്പോടെ ഞാൻ പറഞ്ഞു.. എനിക്ക് തന്നെ അത്ഭുതമായിരുന്നു സാറിനോട് ഞാൻ ഇങ്ങനെയൊക്കെ തുറന്ന് സംസാരിക്കുന്നത്..സാറിലും അതേ അമ്പരപ്പ് കാണായിരുന്നു.. സ്വന്തമെന്നു കരുതണത് നഷ്ടപ്പെടുമെന്ന് തോന്നലുണ്ടാകുമ്പോൾ ചിലപ്പോൾ സംസാരിച്ചു പോയേക്കാം..എനിക്ക് അങ്ങനെ തോന്നി.. “എടോ തന്നെ കളഞ്ഞിട്ട് പോകോന്നാ തന്റെ പേടിയെങ്കിൽ അതുവേണ്ടാ..

എന്റെ നെഞ്ചിലാ തനിക്കുളള സ്ഥാനം..” സാറ് പറഞ്ഞത് കേട്ട് എന്റെ നെഞ്ച് കുളിരുകോരി..ശൊ..ഞാനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്.എനിക്ക് തന്നെ നാണക്കേട് വന്നു.. “അല്ലാ…അതൊക്കെ പോട്ടെ..ഇന്ന് തനിക്ക് നാവിനു നീളം കൂടുതലാണല്ലോ?’ സാറ് വിടാനുള്ള ഭാവമില്ല…എന്നെ കളയാക്കുകയാണെന്ന് മനസ്സിലായി. ” എന്താടോ വീണ്ടും നാവിറങ്ങിപ്പോയോ” പറഞ്ഞിട്ട് സാറ് തന്നെ പൊട്ടിച്ചിരിച്ചു.. ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി.. വട്ടമുഖം..വെളുത്ത നിറം..ചീകി ഒതുക്കിയട്ടും അനുസരണയില്ലാതെ മുമ്പോട്ട് കിടക്കുന്ന തലമുടി..തിളക്കമുള്ള കണ്ണുകൾ.. വെട്ടി ഒതുക്കിയ കട്ടിമീശ..കാണാൻ നല്ല ചുളളനാണ്.ഇഷ്ടമാണെന്നൊരു വാക്ക് കേട്ടാൽ മതി ഏതൊരു പെൺകുട്ടിയും ചാടി യെസ് മൂളും.. “താനെന്താ എന്നെ സൂക്ഷിച്ചു നോക്കുന്നത്..ഇതുവരെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലേ” ശ്ശൊ..ഞാൻ നാണിച്ചു പോയി…

ഇനി അവിടെ നിന്നാൽ ശരിയാകില്ല. “സാറ് വീട്ടിലേക്ക് കേറണില്ലേ” തനിച്ചൊന്ന് സംസാരിക്കാൻ മനസ്സ് വല്ലാതെ കൊതിക്കണുണ്ട്…തുറന്നു സമ്മതിക്കാൻ വയ്യ..ഒരുനിമിഷം കൊണ്ട് ഒരുപാട് തെറ്റിദ്ധാരണ ഉണ്ടായി..അതിൽ നീറുകയും ചെയ്തു.. “അപ്പോൾ മനസ്സിലായി സാറിനെ ഞാനെത്രമാത്രം സ്നേഹിക്കുന്നുവെന്ന്..തുറന്നു സംസാരിക്കാൻ അതുകൊണ്ട് ധൈര്യവും കിട്ടി.. ” സമയം കിടക്കുകയല്ലേ..പിന്നീട് ഒരിക്കലാകാം” സാറ് യാത്ര ചോദിച്ചു നടന്നു നീങ്ങി..കണ്ണിൽ നിന്ന് മറയും വരെ ഞാൻ നോക്കി നിന്നു. പതിയെ മനസ്സിലൊരു നഷ്ടബോധം ഉടലെടുത്തു.. മനസ്സ് സാറിന്റെ സാമീപ്യം പിന്നെയും പിന്നെയും ആഗ്രഹിക്കുകയാണ്.. ഞാൻ വീടിനു അകത്തേക്ക് കയറി… ചേച്ചി കിടക്കയിൽ എന്തോ ചിന്തിച്ചു കൊണ്ട് കിടക്കുന്നു.. അച്ഛൻ മുറിയിലുണ്ട്.. ഞാൻ പഴയൊരു പാവാടയും ബ്ലൗസും ധരിച്ച് അടുക്കളയിൽ കയറി… കോളേജിൽ പോകണം. സാറിനെ കാണുന്നത് ഓർത്തതും മനസ്സിൽ സുഖമുള്ളൊരു കുളിര് നിറഞ്ഞു…

ഇന്നുവരെ ആരെയും പ്രണയിച്ചിട്ടില്ല..സാഹചര്യം ഇല്ലാഞ്ഞിട്ടല്ല..അതിനു താല്പര്യം ഇല്ലായിരുന്നു.. ചേച്ചിയുടെ അനുഭവം കൂടി ആയപ്പോഴേക്കും പ്രണയത്തെ വെറുത്തു.. പക്ഷേ ഇപ്പോൾ ശിവദ് സാറ് അനുവദം പോലും ചോദിക്കാതെ ഹൃദയത്തിലേക്ക് നുഴഞ്ഞു കയറി മനസ്സ് സ്വന്തമാക്കി.. പ്രണയത്തിന്റെ വർണ്ണക്കൂട്ട് ഉള്ളിൽ നിറച്ചു തന്നു..ഓരോന്നും ഓർത്ത് ഞാൻ ജോലിയിൽ മുഴുകി.. എട്ടരക്ക് മുമ്പേ എല്ലാം ശരിയായി..ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ചേച്ചിയെ അച്ഛന്റെ കാര്യങ്ങൾ ഏൽപ്പിച്ചിട്ട് ഞാനിറങ്ങി… ചേച്ചി വന്നത് ആശ്വാസമായി… കുറച്ചു ദിവസം അച്ഛനിലൊരു ശ്രദ്ധയുണ്ടാകും.. പതിവ് ബസിൽ കയറി ആരാധനക്കൊപ്പം കോളേജിലേക്ക് പോയി…സെക്കന്റ് അവർ സാറിന്റെ ക്ലാസാണ്..മനസ്സും ശരീരവും ഒരുപോലെ ഉണർന്നു… പക്ഷേ എന്നെ നിരാശയാക്കി മറ്റൊരു സാറാണു ക്ലാസ് എടുക്കാൻ വന്നത്… ശിവദ് സാറ് എവിടെ… എന്ത് പറ്റി ആൾക്ക്..

എനിക്ക് ക്ലാസിൽ ഇരിക്കപ്പൊറുതി ഇല്ലാതായി.. മനസ്സ് വെപ്രാളപ്പെട്ടു..ഹൃദയമിടിപ്പ് വർദ്ധിച്ചു.. “നീയൊന്ന് അടങ്ങെടീ ഈ അവർ തീർന്നിട്ട് നമുക്ക് തിരക്കാം” ആരാധന ചാടിച്ചതും നിവർത്തിയില്ലാതെ ഞാൻ അടങ്ങിയിരുന്നു…സാറ് പോയി കഴിഞ്ഞതും ഞാൻ ക്ലാസിൽ നിന്നും ഇറങ്ങി. “എന്തുവാടീ ലോകത്താരും പ്രണയിച്ചിട്ടില്ലാത്ത പോലെയാണല്ലോ നിന്റെ ഭാവം” ആരാധന കളിയാക്കിയത് ആസ്വദിക്കാൻ പറ്റാത്ത അവസ്ഥയാണ് ‌‌..അവൾക്ക് അങ്ങനെ പറയാം നോവുന്നതും നീറുന്നതും എന്റെ മനസ്സാണ് ..എന്നിലെ പിടച്ചിൽ എനിക്കല്ലേ അറിയൂ.. “സാറിന്റെ നമ്പർ ഉണ്ടെങ്കിൽ ഫോൺ വിളിക്കെടീ” ആരാധന പറഞ്ഞപ്പോൾ ഞാൻ കൈമലർത്തി.. “നീയൊക്കെ എന്തോന്ന് ഓഞ്ഞ കാമുകിയാടീ” സാറിനോട് നേരാവണ്ണം സംസാരിക്കുന്നത് രാവിലെയാണ്..അതും നഷ്ടപ്പെട്ടു പോകുമോന്നൊരു ഭയം മനസ്സിൽ ഉടലെടുത്തപ്പോഴാണ്..

“നമുക്ക് സാറിന്റെ വീട്ടിലേക്ക് പോയാലോ?” “ഏഹ്ഹ്ഹ്..ഞാനില്ല” ഞാൻ ചാടിക്കയറി പറഞ്ഞു… അറിയാവുന്ന രീതിയിലൊക്കെ അൻവേഷിച്ചിട്ടും സാറ് ക്ലാസിൽ വരാഞ്ഞതിന്റെ കാരണം അറിയാൻ കഴിഞ്ഞില്ല..എന്റെ മനസ്സാകെ ഉരുകി..ഹൃദയം നീറിപ്പിടഞ്ഞു.. ക്ലാസിലിരിക്കാൻ തോന്നിയില്ല..ആരാധനയോട് പറഞ്ഞിട്ട് ഞാൻ വീട്ടിലേക്ക് പോന്നു.. “എന്താ കണ്ണാ ഇന്ന് ക്ലാസില്ലേ” എന്നെ കണ്ടതും അച്ഛൻ ചോദിച്ചു.. “വല്ലാത്ത തലവേദന… ഇങ്ങ് പോണൂ” “ന്റെ കുട്ടി നന്നായൊന്ന് മയങ്ങൂ..തലവേദന പമ്പ കടക്കും” “ഹ്മ്മ്ം ഹ്മ്മ്” മൂളലിൽ മറുപടി കൊടുത്തു ഞാൻ റൂമിലെത്തി.. ചേച്ചിയെ അവിടെയെങ്ങും കണ്ടില്ല…ഞാൻ തിരക്കിയതുമില്ല..കിടന്നൊന്നു മയങ്ങി..എപ്പോഴോ ദുസ്വപ്നം കണ്ടു ഞെട്ടിയുണർന്നു.. പിന്നെ കണ്ണടക്കാൻ കഴിഞ്ഞില്ല..

എഴുന്നേറ്റു ചെന്ന് അടുക്കളയിൽ കയറി കട്ടൻ ചായ ഇട്ടു കുടിച്ചു..തലവേദനക്ക് ചെറിയൊരു ആശ്വാസം അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി എവിടെയോ പോയിട്ട് മടങ്ങി വരുന്നത് കണ്ടു..കയ്യിൽ കുറച്ചു പുസ്തകങ്ങളുണ്ട്..ഗ്രാമത്തിലെ ലൈബ്രറിയിൽ പോയതാണെന്ന് മനസ്സിലായി..ആരാധ്യ പുസ്തക പ്രാന്തിയാണ്..എന്തു കിട്ടിയാലും വായിക്കും..അതാണവളുടെ ഏറ്റവും വലിയ സവിശേഷത.. “ഞാൻ ലൈബ്രറിയിൽ ഒന്ന് പോയി കണ്ണാ…ഇവിടെ വെറുതെ ഇരിക്കയല്ലേ..കുറച്ചു പുസ്തകങ്ങളെടുത്തു” “വായന നല്ലതാ ചേച്ചി..മനസ്സിനു ആശ്വാസം കിട്ടും” ഉള്ളിലെ നീറ്റൽ മറച്ചു പിടിച്ചു ഞാൻ മറുപടി കൊടുത്തു… ചേച്ചി പുസ്തകവുമായി മുറിയിലേക്ക് കയറിപ്പോയി..സാറിനെ കുറിച്ച് അറിയാതെ എന്റെ മനസ് വെന്തുകൊണ്ടിരുന്നു.. രാത്രിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല…

സാറിനെ കുറിച്ച് ആയിരുന്നു ചിന്ത മുഴുവനും… വെളുപ്പിനെ എഴുന്നേറ്റു കുളിച്ചു ക്ഷേത്രത്തിലേക്ക് പോകാനൊരുങ്ങി..ചേച്ചി വരുന്നില്ലെന്ന് പറഞ്ഞതിനാൽ ഞാൻ തനിച്ചാണു പോയത്…സാറിനു വേണ്ടി മനസ്സ് ഉരുകി പ്രാർത്ഥിച്ചു.. ശ്രീകോവിലിൽ നിന്ന് ഇറങ്ങിയപ്പോൾ അരയാൽ ചുവട്ടിലേക്ക് കണ്ണുകളെത്തി…സാറ് അവിടെ നിൽക്കുന്നു… ഓടി സാറിനു അരികിൽ ചെന്നു…തേങ്ങലോടെ ആ മാറിലേക്ക് ചാഞ്ഞതും സാറെന്നെ പൊതിഞ്ഞ് പിടിച്ചു… “ഇന്നലെ കാണാഞ്ഞിട്ട് എത്ര കരഞ്ഞൂന്ന് അറിയോ” ഞാൻ ഏങ്ങലടിച്ചു കരഞ്ഞു… “എനിക്ക് കാണാതിരിക്കാൻ കഴിയില്ല…അത്രയേറെ ഇഷ്ടാ എന്റെ സാറിനെ..ഒരുദിവസം കൊണ്ട് അത്രയേറെ തീ തിന്നു” കരച്ചിലിനിടയിൽ എന്നിൽ നിന്ന് വാക്കുകൾ മുറിഞ്ഞു വീണു…ആലിംഗനം ചെയ്ത സാറിന്റെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി… “അറിയാടൊ തന്റെ മനസ്സ്..അതോണ്ടല്ലേ തന്നെ ഞാൻ തിരഞ്ഞെടുത്തതും” പറഞ്ഞതും സാറ് കവിളിൽ അമർത്തി ചുംബിച്ചു… ആദ്യ പുരുഷന്റെ ആദ്യ ചുംബനം..

ഞാനൊന്ന് പിടഞ്ഞെങ്കിലും കൂടുതൽ ചേർന്ന് നിന്നു.. “എനിക്ക് പേടിയാ…സാറിന്റെ സ്നേഹം നഷ്ടപ്പെടോന്ന്” മനസ്സിലെ ആശങ്ക ഞാൻ തുറന്നു പറഞ്ഞു.. “അതൊക്കെ തന്റെ മനസ്സിന്റെ വെറും തോന്നലാടൊ…അധികം താമസിയാതെ ഒരു താലി വാങ്ങി ഈ കഴുത്തിൽ ചാർത്തി എന്റെ സ്വന്തമാക്കും..നാടും നാട്ടാരും വീട്ടാരും അറിഞ്ഞ്” “ഹ്മ്മ്ം… ഹ്മ്മ്മ്മ്” ഞാൻ നാണത്തോടെ മൂളി… “എന്നെ കാണാൻ തന്റെ അച്ഛൻ വന്നിരുന്നു… ആരാധ്യയുടെ പഠിപ്പിനെ കുറിച്ച് സംസാരിക്കുവാൻ” ഞാൻ മുഖമുയർത്തി സാറിനെ നോക്കി.. “ആരാധ്യയെ നാട്ടിൽ നിർത്തി പഠിപ്പിക്കാനാ അച്ഛനു താല്പര്യം.. അവൾക്കും അതാ ഇഷ്ടം.. ഞാനും കൂടി അടുത്ത ദിവസം ആരാധ്യയുടെ കൂടെ ബാംഗ്ലൂരിലേക്ക് പോണമത്രേ..അവിടുന്ന് ടിസി ഒക്കെ വാങ്ങി വരണം” മനസ്സിൽ വലിയൊരു സ്ഫോടനം നടന്നു… പെട്ടെന്ന് ഞാൻ സാറിൽ നിന്നും അകന്നുമാറി.. ഇന്നലെ മുതൽ കാണുന്ന സ്വപ്നം…

ഇപ്പോൾ ഏകദേശം ഫലിച്ചിരിക്കുന്നു…ഇരുട്ടിൽ കെട്ടുപിണയുന്ന രണ്ടു നിഴലുകൾക്ക് ഇപ്പോൾ മുഖം വ്യക്തമായിരിക്കുന്നു.. “ഇല്ല…ഞാൻ സമ്മതിക്കില്ല..ആരാധ്യക്കൊപ്പം സാറ് പോണ്ടാ..‌ഞാൻ വിടില്ല..എനിക്ക് നഷ്ടമാകും സാറിനെ” ഭ്രാന്തിയെ പോലെ ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് സാറിനെ കെട്ടിപ്പിടിച്ചു കവിളിൽ ചുണ്ടുകൾ അമർത്തി… “സാറ് എന്റെയാ… എന്റെ മാത്രം… നഷ്ടപ്പെട്ടാൽ നിക്ക് സഹിക്കൂല്ലാ” എന്നിൽ നിന്ന് പൊട്ടിയൊഴുകിയ കണ്ണുനീർ തുള്ളികൾ സാറിന്റെ നെഞ്ചിനെ നനച്ചു…സാറ് അപ്പോഴും ഒന്നും മനസ്സിലാകാതെ അമ്പരന്നു നിൽക്കുകയായിരുന്നു… “അവന്തി…നീ എന്ത് പൊട്ടത്തരമാ പറയണത്…എന്റെ പെണ്ണ് നീയാ…അരാധ്യയല്ല” സാറിൽ നിന്നും അടർന്നു വീണ വാക്കുകൾക്ക് എന്നെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല…മനസ്സിൽ നിറയെ ഉച്ചക്ക് കണ്ട സ്വപ്നമാണ്……. (തുടരും)

അവന്തിക: ഭാഗം 10

Share this story