നീ മാത്രം…❣️❣️ : ഭാഗം 24

നീ മാത്രം…❣️❣️ : ഭാഗം 24

എഴുത്തുകാരി: കീർത്തി

ഇന്നാണ് ശില്പയുടെ വിവാഹനിശ്ചയം. ഗീതു ഒരു തവണ ശില്പയുടെ വീട്ടിൽ പോയിട്ടുള്ളത് കൊണ്ട് വീട് കണ്ടുപിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടണ്ടി വന്നില്ല. ഞങ്ങൾ അവിടെ എത്തുമ്പോൾ കുറെപേര് ചേർന്ന് കല്യാണപ്പെണ്ണിന്റെ മുടിയിൽ പണിത് വെച്ചിരിക്കുന്ന താജ് മഹൽലിൽ മുല്ലപ്പൂവ് കൊണ്ട് അലങ്കരിക്കുകയായിരുന്നു. ഓഫീസിൽ ഏറ്റവും അടുത്ത കുറച്ചു പേരെ മാത്രമേ ക്ഷണിച്ചിട്ടുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാരെയും വിവാഹത്തിനാണത്രെ ക്ഷണം ഉള്ളൂ. പക്ഷെ ആരെയും കണ്ടില്ല. പിന്നെ മാനുവേട്ടൻ, മണിയേട്ടൻ പിന്നെ വേറെ രണ്ടു പേരും മാത്രം. പക്ഷെ അവരൊന്നും വന്നിരുന്നില്ല. ബോസ്സിനെ പിന്നെ എന്തായാലും ക്ഷണിക്കണമല്ലോ. അതുകൊണ്ട് ആനന്ദേട്ടനെയും വിളിച്ചിരുന്നു. പക്ഷെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല ന്നാണ് ഇന്നലെ പറഞ്ഞു കേട്ടത്. ആനന്ദേട്ടൻ തന്നെ നേരിട്ട് വരില്ല ന്ന് പറഞ്ഞത് കൊണ്ട് ഓണാഘോഷത്തിന് വരില്ലെന്ന് പറഞ്ഞു വന്നത് പോലെയാവില്ല ന്നുള്ള ഒരു സന്തോഷം എനിക്കുണ്ടായിരുന്നു.

എന്നാൽ ചെറുക്കനും കൂട്ടരും വരുന്നതിന് നിമിഷങ്ങൾ ബാക്കി നിൽക്കേ കുടു കുടു ശബ്ദത്തിൽ അവിടെക്ക് വന്ന ഒരു ബുള്ളറ്റ് കാണുന്നത് വരെയേ ആ സന്തോഷത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ബുള്ളറ്റിന്റെ സാരഥിയായി മനുവേട്ടനോടൊപ്പം ഉണ്ടായിരുന്നത് ആനന്ദേട്ടനായിരുന്നു. “എനിക്ക് ഒറ്റയ്ക്ക് വരാനൊരു മടി പോലെ. അതുകൊണ്ട് പിടിച്ച പിടിയാലേ ഇവനേം കൊണ്ട് വന്നു. ” വീണ്ടും വീണ്ടും എന്നെ പറ്റിക്കാണ് ല്ലേ ന്നുള്ള അർത്ഥത്തിൽ ഞാൻ ആനന്ദേട്ടനെ നോക്കുന്നത് കണ്ട് മനുവേട്ടനാണ് അത് പറഞ്ഞത്. “അതിന് ഞങ്ങളൊന്നും ചോദിച്ചില്ലല്ലോ. ” താല്പര്യമില്ലാത്തത് പോലെ ഞാൻ പറഞ്ഞു. പിന്നെയും മാനുവേട്ടൻ എന്തോ പറയാൻ തുടങ്ങിയതും ചെറുക്കനും കൂട്ടരും എത്തി, പിന്നെ അതിന്റെ തിരക്കായി. ഒരു എന്റർടൈൻമെന്റ്ന് അത്യാവശ്യം പൂവന്മാരും പിടകളുമൊക്കെ ഉണ്ടായിരുന്നു അവിടെ.

പക്ഷെ ബോഡിഗാർഡ് പോലെ രണ്ടെണ്ണം ഇടംവലം നിൽക്കുന്നത് കൊണ്ട് ഒരെണ്ണം പോലും ഞങ്ങളെ മൈൻഡ് ചെയ്തില്ല. അതിന്റെ സങ്കടം ഏറ്റവും കൂടുതൽ ഗീതുവിനായിരുന്നു. ചടങ്ങിനിടയിൽ ഞാനും ഗീതുവും മനുവേട്ടനും ആനന്ദേട്ടനും ഒരുമിച്ചായിരുന്നു ഇരുന്നത്. പലപ്പോഴും മാനുവേട്ടൻ ആനന്ദേട്ടനെ പിടിച്ച് എന്റെ അടുത്ത് കൊണ്ടുവന്ന് ഇരുത്താനും നിർത്താനും ശ്രമിക്കുന്നുണ്ടായിരുന്നു. അതും യാദൃശ്ചികമായി സംഭവിക്കുന്നത് പോലെ തോന്നൂ. എന്തൊരു അഭിനയം. പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് ഞാനും മനുവേട്ടന്റെ ശ്രമങ്ങൾ തടഞ്ഞുക്കൊണ്ടിരുന്നു. ഫോട്ടോ എടുക്കാൻ സ്റ്റേജിൽ കയറിയപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ. എന്നാൽ കുറച്ചു മാറി നിന്നിരുന്ന രണ്ടു കുട്ടികളെ വിളിച്ചു കൂടെ നിർത്തി ഞാൻ ആനന്ദേട്ടന്റെ അടുത്ത് നിന്നും മാറിനിന്നു.

മാറി നിൽക്കുമ്പോൾ വിജയിഭാവത്തിൽ ആനന്ദേട്ടനെ നോക്കി ഞാനൊന്ന് പുഞ്ചിരിക്കാനും മറന്നില്ല. “ചേട്ടാ… ചേട്ടനൊന്ന് ഇപ്പുറത്തേക്ക് നിൽക്കുവോ? ” ആനന്ദേട്ടനോടുള്ള ഫോട്ടോഗ്രാഫറുടെ ആ നിർദേശം കേട്ടതും മനുവേട്ടനും ഗീതുവും എന്നെനോക്കി ആക്കി ചിരിക്കുന്നുണ്ടായിരുന്നു. വേറൊരാള് നേരത്തെ ഞാൻ ചിരിച്ചതിലും ഭംഗിയായി എന്നെനോക്കി ചിരിച്ചുകൊണ്ട് അത് കേൾക്കാൻ കാത്തിരുന്ന പോലെ എന്റെ അടുത്ത് വന്നുനിന്നു. “കണ്ടോ ആ ക്യാമറ മേനോന് വരെ അറിയാം നമ്മളാണ് അടുത്തടുത്ത് നിൽക്കേണ്ടത് ന്ന്. ” അടുത്തെത്തിയതും തലയല്പം ചെരിച്ച് ആനന്ദേട്ടൻ എന്റെ കാതോരം പറഞ്ഞു. “ക്യാമറ മേനോനല്ല. ക്യാമറ വർമ്മ. ഹും….. ” “ഇവിടെ ഇങ്ങനെ നിന്നാൽ മാത്രം മതിയോ ആവോ? ” “വേണ്ട. പറ്റുമെങ്കിൽ ഒരു ഡാൻസും ആയിക്കോട്ടെ ” ആരോടെന്നില്ലാതെ ആനന്ദേട്ടൻ വീണ്ടും എന്റെ ചെവിയിൽ വന്നുപറയുന്നത് കേട്ടപ്പോൾ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാവാതെ ഞാനാ മുഖത്തേക്ക് കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

“അതല്ലാ….ഇനി ഈ കൈ ഇങ്ങനെ….. ” എന്റെ തോളിലൂടെ കൈയിടുന്നതായി കാണിച്ചു കൊണ്ട് ആനന്ദേട്ടൻ നിഷ്കളങ്കമായി വിശദീകരിക്കാൻ തുടങ്ങി. “അതേയ്…. നിശ്ചയം ശില്പയുടെയാ… നമ്മുടെയല്ല. ” “നമുക്ക് ഇനി നിശ്ചയത്തിനുള്ള സമയമൊന്നുമില്ല ഗാഥക്കുട്ടി. ഡയറക്റ്റ് കല്യാണം മതി. അതല്ലേ നല്ലത്. ” ഇരച്ചു വന്ന ദേഷ്യത്തിൽ അതിനുള്ള മറുപടി പറയാൻ നിന്നതും ആനന്ദേട്ടന്റെ ആ മേനോൻ അങ്ങോട്ട് നോക്കി ഇളിക്കാൻ പറഞ്ഞു. വേഗം കഴിഞ്ഞുകിട്ടിയാൽ മതി ന്നുള്ളത് കൊണ്ട് ഒന്ന് ചിരിച്ചു കൊടുത്ത് അവിടുന്ന് ഇറങ്ങിപോന്നു. രക്ഷപെട്ടു ന്ന് കരുതിയപ്പോളാണ് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ആ പരട്ടകളായ മാനുവേട്ടനും ഗീതുവും കൂടി എന്നെപിടിച്ച് ആനന്ദേട്ടന്റെ അടുത്ത് തന്നെ ഇരുത്തി. അത്രയും നേരം അടുത്ത് ഇരുന്ന ഗീതുവിനെ ഒരു മിനിറ്റ് ന്നും പറഞ്ഞ് മാനുവേട്ടൻ എഴുന്നേൽപ്പിച്ച് അവിടെ ആനന്ദേട്ടനെ പ്രതിഷ്ക്കുകയായിരുന്നു.

എല്ലാരും ഒത്തുള്ള കളിയാണെന്ന് എല്ലാമെന്ന് മനസിലായി. പിന്നീട് അതിനനുസരിച്ചു നിന്നു കൊടുത്തു. കൂടുതലൊന്നും പറയാനോ ദേഷ്യപ്പെടാനോ നിന്നില്ല. എന്താന്ന് വെച്ചാൽ കാണിച്ചു കൂട്ടട്ടെ. എല്ലാം അറിയാവുന്ന ഗീതുവും അവരുടെ കൂടെ കൂടിയതിലാണ് എനിക്ക് കൂടുതൽ വിഷമം തോന്നിയത്. എടി ബ്രൂട്ടസി… നിനക്കുള്ളത് ഞാൻ വീട്ടിലെത്തിയിട്ട് തരുന്നുണ്ട്. ഞാൻ മനസ്സിൽ കുറിച്ചു. എല്ലാം കഴിഞ്ഞു ശില്പയോടും അവളുടെ വീട്ടുകാരോടും യാത്ര പറഞ്ഞിറങ്ങിയതും കണ്ടു മുറ്റത്ത് ഞങ്ങളെയും കാത്തെന്നപോലെ നിൽക്കുന്ന മനുവേട്ടനെയും ആനന്ദേട്ടനെയും. രണ്ടുപേരും ബുള്ളറ്റിൽ ചാരി നിന്ന് സംസാരിക്കുകയായിരുന്നു. ഗീതുവിന്റെ സ്കൂട്ടിയും അവിടെ അടുത്ത് തന്നെ നിർത്തിയിട്ടിരിക്കുന്നത് കൊണ്ട് അങ്ങോട്ട്‌ പോകാതിരിക്കാനും പറ്റില്ല. പോരാത്തതിന് ഞങ്ങളെ കണ്ടതും മാനുവേട്ടൻ അടുത്തേക്ക് ചെല്ലാൻ കൈകൊണ്ട് മാടിവിളിച്ചു.

അധികം സംസാരിച്ചു നിൽക്കാതെ ഗീതുവും പോകാൻ തിടുക്കം കൂട്ടുന്നത് കണ്ടു. ഒരുപക്ഷെ ഇനിയും എന്നെ ബുദ്ധിമുട്ടിക്കണ്ട ന്ന് അവൾക്ക് തോന്നിക്കാണും. ആനന്ദേട്ടൻ എന്തുകൊണ്ടോ അപ്പോൾ കാഴ്ചക്കാരനായി മാത്രം നിന്നത് അല്പം ആശ്വാസമായിരുന്നു. പക്ഷെ മൗനത്തെ മറയാക്കി ചുണ്ടിൽ വിരിയിച്ച കുസൃതിചിരിയോടെ ആ കണ്ണുകൾ ഇമ ചിമ്മാൻ പോലും മറന്ന് എന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുകയായിരുന്നുവെന്ന് ഞാൻ മനസിലാക്കി. അതുകൊണ്ട് തന്നെ അബദ്ധത്തിൽ പോലും ഒരു നോട്ടം ആനന്ദേട്ടനിലേക്ക് പോകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഗീതു വണ്ടി സ്റ്റാർട്ടാക്കി മുന്നിൽ കൊണ്ടുവന്നു നിർത്തിയപ്പോഴും മനുവേട്ടനോട് മാത്രം യാത്ര പറഞ്ഞ് അവൾക്ക് പിറകിൽ കയറിയിരിക്കുകയാണ് ചെയ്തത്. വീട്ടിലേക്കുള്ള യാത്രയിൽ ഗീതുവും നിശബ്ദയായിരുന്നു. ഞാനും. എന്റെ മനസ് അപ്പോൾ കുറ്റബോധത്താൽ നീറുകയായിരുന്നു.

വണ്ടി നീങ്ങിതുടങ്ങിയപ്പോഴെങ്കിലും ഒന്ന് വെറുതെ ആ മുഖത്തേക്ക് നോക്കാമായിരുന്നു. ഒരുപക്ഷെ ആനന്ദേട്ടൻ പ്രതീക്ഷിച്ചു കാണില്ലേ… ദേഷ്യത്തോടെയാണെങ്കിലും ഞാനൊന്ന് നോക്കുമെന്ന്. ആ പ്രതീക്ഷയല്ലേ തെറ്റിയത്. ആനന്ദേട്ടൻ വിചാരിച്ചോട്ടെ ആനന്ദേട്ടനോട് എനിക്ക് ഒട്ടും ഇഷ്ടമില്ലെന്ന്. ഞാൻ സ്നേഹിച്ചിട്ടില്ലെന്ന്. എനിക്ക് അത്രമാത്രം ദേഷ്യമാണ് ഇപ്പോഴെന്ന്. അങ്ങനെ എന്നെയും വെറുക്കട്ടെ….. ഞങ്ങൾ തമ്മിൽ പരിചയപ്പെടാൻ പാടില്ലായിരുന്നു. ഗീതുവിന്റെ വിജയ് സാറായി മാത്രം അറിഞ്ഞാൽ മതിയായിരുന്നു. വിജയ് സാർ മാത്രമായിട്ട്. എങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ഞാനിങ്ങനെ സ്വയം ഉരുകേണ്ടി വരില്ലായിരുന്നു. പെട്ടന്ന് കണ്മുന്നിൽ ഒരു ത്രാസ് തെളിഞ്ഞുവന്നു. അതിൽ ഒരു തട്ടിൽ അച്ഛൻ മറുതട്ടിൽ ആനന്ദേട്ടൻ. രണ്ടും ഇപ്പോൾ നേർരേഖയിലാണ് നിൽക്കുന്നത്. ആരുടെ തട്ടിനാണ് ഞാൻ കൂടുതൽ പ്രാധാന്യം നൽകേണ്ടത്.

ഇത്രയും നാളും വളർത്തി വലുതാക്കി എന്നെ ഞാനാക്കിയ അച്ഛനെയോ അതോ എന്റെ…… പെട്ടന്ന് കാഴ്ചയെ മറച്ചുകൊണ്ട് എന്റെ ഇരുക്കണ്ണുകളും ജലാശയങ്ങളായി. കാറ്റിന്റെ ശക്തിയിൽ അന്തരീക്ഷത്തിലേക്ക് പാറിവീണുകൊണ്ടിരുന്ന ആ നീർമുത്തുകളിലൊന്ന് എന്റെ കൈയിലേക്ക് ഇറ്റുവീണു. വീട്ടിലെത്തി കുറേ നേരത്തേക്ക് എന്റെ മനസ്സിൽ അതൊക്കെ തന്നെയായിരുന്നു. ഗീതു അതിനിടയിൽ എന്നോട് എന്തൊക്കെ പറഞ്ഞുവെന്നോ ചോദിച്ചുവെന്നോ അറിയില്ല. ഒരു മാറ്റത്തിന് വേണ്ടിയാണ് ഗീതുവിനോട് പറഞ്ഞ് ടീച്ചറമ്മയുടെ അടുത്തേക്ക് പോന്നത്. പുള്ളിക്കാരി ചെടികൾക്ക് പാട്ട് പാടികൊടുക്കുകയായിരുന്നു. പാട്ടിൽ ലയിച്ചു നിൽക്കുന്ന ടീച്ചറമ്മ ഞാൻ വന്നത് അറിഞ്ഞിട്ടില്ലായിരുന്നു. നടുമുറ്റത്തേക്ക് ഇറങ്ങുന്ന പടിക്കെട്ടിൽ തൂണിൽ ചാരിയിരുന്ന് ഞാനും ആ പാട്ടിൽ മുഴുകി. കുറേ നേരം അത് കേട്ടിരുന്നപ്പോൾ മനസ് അല്പം ശാന്തമായത് പോലെ.

പെട്ടന്ന് തിരിഞ്ഞുനിന്ന ടീച്ചറമ്മ എന്നെ കണ്ടതും എല്ലാം നിർത്തി എന്റെ അടുത്ത് വന്നിരുന്നു. ചോദ്യങ്ങൾക്കൊന്നും ഇടനൽകാതെ ഞാനാ മടിയിൽ തലചായ്ച്ചു. ഞാനപ്പോൾ അങ്ങനെ ചെയ്യുമെന്ന് ടീച്ചറമ്മ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. കാരണം കുറച്ചു നേരത്തിനു ശേഷമാണ് ആ കൈവിരലുകൾ എന്റെ മുടിയിലൂടെ തഴുകിത്തുടങ്ങിയത്. “എനിക്ക് ആ പാട്ട് പാടിതരുവോ? ” ആ മടിയിൽ കിടന്ന് ദൂരേയ്ക്ക് കണ്ണും നട്ട് വളരെ പതിയെ ഞാൻ ചോദിച്ചു. കുറച്ചു നേരത്തേക്ക് ടീച്ചറമ്മയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഇല്ലായിരുന്നു. എന്നോട് എന്തെങ്കിലും ചോദിക്കാനായിരിക്കും ഈ മൗനമെന്ന് ഞാനും കരുതി. എന്നാൽ ഒന്നും ചോദിക്കാതെ ടീച്ചറമ്മ എന്റെ നീലരാവ് എനിക്കായ് പാടിത്തുടങ്ങി. സാധാരണ ആ പാട്ട് കേട്ടിരിക്കുമ്പോൾ ആ പഴയ ഓർമ്മകളും ആ വികൃതി ചേട്ടനുമാണ് മനസ്സിൽ തെളിയാറ്.

എന്നാൽ പതിവിന് വിപരീതമായി ഇന്ന് ടീച്ചറമ്മ അത് പാടിമുഴുമിപ്പിക്കുന്നത് വരെയും മനസ്സിൽ ആനന്ദേട്ടന്റെ മുഖം മാത്രമായിരുന്നു. “എന്താ മോളെ? എന്തിനാ അമ്മേടെ കുട്ടി കരയുന്നെ? ” തന്റെ മടിയിൽ നിന്നും എന്റെ തലയുയർത്തി കൈകുമ്പിളിൽ മുഖം പിടിച്ചു കൊണ്ട് ടീച്ചറമ്മ ചോദിച്ചപ്പോളാണ് അത്രയും നേരം ഞാൻ കരയുകയായിരുന്നുവെന്ന് ഞാൻ പോലും അറിഞ്ഞത്. ഉടനെ രണ്ടുകൈകൊണ്ടും കണ്ണും മുഖവും അമർത്തി തുടച്ചു. ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിയാൻ ഒത്തിരി ശ്രമിച്ചുവെങ്കിലും ടീച്ചറമ്മ വിട്ടില്ല. ഒടുവിൽ എല്ലാം തുറന്നു പറയേണ്ടി വന്നു. ആനന്ദേട്ടനെ കണ്ടത് മുതൽ കഴിഞ്ഞ കുറച്ചു മണിക്കൂർ മുന്നേ നടന്നതടക്കം എല്ലാം പറഞ്ഞു. ആ നെഞ്ചിൽ ചാഞ്ഞ് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കും എന്തോ വല്ലാത്ത ആശ്വാസം പോലെ. മനസ്സിൽ ന്ന് ഒരു വലിയ ഭാരം പകുതിയും ഒഴിഞ്ഞുപോയത് പോലെ തോന്നി. കുറെ നേരം ടീച്ചറമ്മയും ഒന്നും പറയാതെ എന്നെയും ചേർത്ത്പിടിച്ച് ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. “മോള് വിഷമിക്കാതെ എല്ലാം ശെരിയാവും.

പരസ്പരം സ്നേഹിക്കുന്നവരുടെ മനസ് മറ്റാരേക്കാളും ഈ അമ്മയ്ക്കറിയാം. ഈശ്വരൻ നിങ്ങളെ കാണാതിരിക്കില്ല. ഞാൻ പറയാണെങ്കിൽ ആനന്ദ് വന്ന് അച്ഛനോട് സംസാരിക്കട്ടെ ബാക്കിയൊക്കെ പിന്നെ നോക്കാം. വേണേൽ അമ്മ പറയാം അച്ഛനോട്. ” “വേണ്ട. അത് കൂടുതൽ പ്രശ്നമാവും. വേണ്ട. ഞാനിപ്പോൾ ആനന്ദേട്ടനെ മറക്കാൻ ശ്രമിക്കാണ്. ” “എങ്കിൽ പിന്നെ ഇങ്ങനെ വിഷമിച്ചു നടക്കാതെ ഞങ്ങളുടെ പഴയ ഗാഥയാവണം. അമ്മയുടെ കുറുമ്പിപാറുട്ടിയാവണം. പിന്നെ വേറൊരു കാര്യം….. ” ടീച്ചറമ്മ പറഞ്ഞു നിർത്തിയപ്പോൾ എന്താണെന്ന അർത്ഥത്തിൽ ഞാനമ്മയെ നോക്കി. “മോള് എല്ലാം മറക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എങ്കിൽ…. ഇനിമുതൽ ആനന്ദേട്ടൻ വേണ്ട. വിജയ് സാർ മതി. ഗീതുവോക്കെ വിളിക്കുന്ന പോലെ മോൾക്കും അയ്യാള് വിജയ് സാർ ആയിരിക്കണം. മോള്ടെ ബോസ്സ്. കേട്ടല്ലോ. എന്നിട്ട് ആദ്യം അയ്യാളെ കണ്ടുമുട്ടിയ അതേ മനോഭാവമായിരിക്കണം അയാളോട് എപ്പോഴും.

മിണ്ടാതിരിക്കാനോ ദേഷ്യപ്പെടാനോ ഒന്നും നിൽക്കരുത്. ആ മനുവിനോട് എങ്ങനെ പെരുമാറുന്നോ അതേപോലെ. അറിഞ്ഞിടത്തോളം അയാളും വലിയ കുഴപ്പത്തിനൊന്നും നിൽക്കുമെന്ന് തോന്നണില്ല. അല്ലാത്തത് മൈൻഡ് ചെയ്യണ്ട. ” ടീച്ചറമ്മ പറയുന്നതെല്ലാം തലയാട്ടി സമ്മതിച്ചു. ഒടുവിൽ കണ്ണെല്ലാം തുടച്ചു തന്ന് എന്നെ ഉഷാറാക്കിയെടുക്കാൻ നോക്കി. “ഇനിയും മോള്ടെ വിഷമം മാറിയില്ലേ? ” എന്നെനോക്കി സംശയത്തോടെ ടീച്ചറമ്മ ചോദിച്ചുപ്പോൾ ഞാൻ തലയാട്ടി ഉവ്വെന്ന് പറഞ്ഞു. “എനിക്ക് തോന്നണില്ല. ഇപ്പഴും മുഖം എന്തോ പോലെ ണ്ട്. ” പറഞ്ഞുകൊണ്ട് പിണക്കം നടിച്ച് ടീച്ചറമ്മ തിരിഞ്ഞു നിന്നു. എത്ര പറഞ്ഞിട്ടും ആള് വിശ്വസിക്കാൻ കൂട്ടാക്കുന്നില്ലായിരുന്നു. ഇനിയിപ്പോ ടീച്ചറമ്മയെ വിശ്വസിപ്പിക്കാൻ എന്താ ചെയ്യാ.ന്ന് ഞാൻ ആലോചിച്ചു. ഉടനെ ഞാനാ താടിയിൽ പിടിച്ചു എനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി.

അപ്പോഴും ആളുടെ മുഖം ഒരു കൊട്ടയ്ക്ക് ഉണ്ടായിരുന്നു. “ഇങ്ങനെ പിണങ്ങി നിൽക്കാതെ എനിക്കൊരു ഉഗ്രൻ ഏലയ്ക്കചായ ഉണ്ടാക്കി താ ന്റെ പാറുക്കുട്ട്യേ… എത്ര ദിവസായി ഈ കൈകൊണ്ടുണ്ടാക്കിയ ചായ കുടിച്ചിട്ട്. ” ഉത്സാഹത്തോടെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും എന്റെ നെറുകിലൊരു മുത്തം സമ്മാനിച്ച് ഇപ്പൊ ഉണ്ടാക്കിത്തരാമെന്നും പറഞ്ഞ് ടീച്ചറമ്മ അടുക്കളയിലേക്ക് പോയി. ടീച്ചറമ്മ പോകുന്നതും നോക്കി ആഞ്ഞൊരു ശ്വാസമെടുത്ത് വിട്ട് ഞാനും പിറകെ അടുക്കളയിലേക്ക് വിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഗീതുവും അങ്ങോട്ട് വന്നു. ഒരുമിച്ചിരുന്ന് ചായയൊക്കെ കുടിച്ച് ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടാണ് വീട്ടിലേക്ക് പോയത്. എന്റെ മാറ്റത്തിൽ ഗീതുവിനും ഒത്തിരി സന്തോഷമായെന്ന് അവളുടെ വാക്കിലും പ്രവർത്തിയിലും ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം അന്ന് രാത്രി ഒരു ടെൻഷനുമില്ലാതെ എന്റെ നീലരാവും കേട്ട് സമാധാനത്തോടെ ഉറങ്ങാൻ എനിക്ക് കഴിഞ്ഞു. ഒരു നല്ല നാളെയുടെ തുടക്കത്തിനായി…..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 23

Share this story