ഭാഗ്യ ജാതകം: ഭാഗം 3

Share with your friends

എഴുത്തുകാരി: ശിവ എസ് നായർ

സിദ്ധുവിന്റെ മടിയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുകയായിരുന്നു പല്ലവി.. വെളുത്ത ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം. അവൻ കൈനീട്ടി പതിയെ അവളുടെ ഷാൾ എടുത്തു. അതേസമയം ടാക്സിഡ്രൈവർ റിയർവ്യൂ മിററിൽ കൂടി സിദ്ധുവിനെയും ബോധമില്ലാതെ കിടക്കുന്ന പല്ലവിയെയും ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. സിദ്ധു ഷാൾ കൊണ്ട് അവളെ നന്നായി പുതപ്പിച്ചു. അപ്പോഴാണ് ആകാശത്തു ശക്തിയായി ഇടിവെട്ടിയത്. ഇടിമിന്നലിന്റെ അകമ്പടിയോടെ അതിശക്തിയായി മഴ പെയ്തു തുടങ്ങിയിരുന്നു. ടാക്സി ഡ്രൈവർ മഴയിലൂടെ കാർ ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി വേഗത കുറച്ചു ഓടിച്ചു. മഴ വെള്ളം അകത്തേക്ക് വീഴാതിരിക്കാനായി സിദ്ധാർഥ് ഗ്ലാസ്‌ ഉയർത്തി വച്ചു. അപ്പോഴാണ് ടാക്സി ഡ്രൈവറുടെ നോട്ടം ഇടയ്ക്കിടെ തങ്ങളിലേക്ക് നീണ്ടു വരുന്നത് അവൻ ശ്രദ്ധിച്ചത്. “നേരെ നോക്കി വണ്ടിയോടിക്കടോ..”

കനപ്പിച്ച സ്വരത്തിൽ അവൻ പറഞ്ഞു. “സോറി സർ…” തെല്ലൊരു ജാള്യതയോടെ ഡ്രൈവർ പറഞ്ഞു. “ഒന്ന് വേഗത്തിൽ പൊയ്ക്കൂടേ തനിക്ക്. പോയിട്ടല്പം ധൃതിയുണ്ട്.” സിദ്ധു അക്ഷമനായി. “ഓക്കേ സർ… മഴയായത് കൊണ്ടാ വണ്ടി സ്ലോ ആക്കിയത്.” അത് പറഞ്ഞ ശേഷം ഡ്രൈവർ വണ്ടിയുടെ സ്പീഡ് കൂട്ടി. അരമണിക്കൂറിനുള്ളിൽ അവർ ഒരു ഹോസ്പിറ്റലിന്റെ മുന്നിലെത്തിച്ചേർന്നു. ടാക്സി ഡ്രൈവർക്ക് ക്യാഷ് നൽകിയ ശേഷം പല്ലവിയെ തന്റെ കയ്യിലെടുത്തു കൊണ്ട് അവൻ causality ലക്ഷ്യമാക്കി പാഞ്ഞു. പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ന് പല്ലവിയെ പരിശോദിച്ച ശേഷം അവളെ അവിടെ അഡ്മിറ്റ്‌ ചെയ്തു. ****

മാമ്പിള്ളി തറവാട്ടിൽ നിന്നും പല്ലവിയെ കാണാതായ വിവരം ആദ്യം അറിഞ്ഞത് അവളുടെ സഹോദരി പാർവതിയായിരുന്നു. ചേച്ചിയെ അന്വേഷിച്ചു മുറിയിലേക്ക് ചെന്ന പാറു കാണുന്നത് തല ദിവസം രാത്രി പെട്ടെന്ന് കാണാൻ പാകത്തിൽ മേശമേൽ പല്ലവി എഴുതി വച്ചിരുന്ന കത്തായിരുന്നു. കത്തു വായിച്ചു കഴിഞ്ഞതും ഭയവും സങ്കടവും കാരണം പാറു അലറിക്കരഞ്ഞു പോയി. തലേ ദിവസം വരെ കൂടെയുണ്ടായിരുന്ന തന്റെ ചേച്ചി മറ്റൊരാളോടൊപ്പം പോയി എന്ന് വിശ്വസിക്കാൻ അവൾക്കായില്ല. പാറുവിന്റെ കരച്ചിൽ കേട്ടാണ് ഉണ്ണികൃഷ്ണനും ഊർമിളയും അവിടേക്ക് വന്നത്. “എന്താ മോളെ എന്ത് പറ്റി??” അങ്ങോട്ടേക്ക് വന്ന ഉണ്ണികൃഷ്ണൻ ചോദിച്ചു. “അച്ഛാ… പല്ലവിയേച്ചി….” സങ്കടം കൊണ്ടവളുടെ ഒച്ചയിടറി. അവളുടെ കയ്യിലിരുന്ന് കടലാസ് കഷ്ണം വിറപൂണ്ടു. “പല്ലവിക്ക് എന്താ..??”

ഊർമിളയാണ് അത് ചോദിച്ചത്. പാറു തന്റെ കയ്യിലിരുന്ന കടലാസ് അച്ഛന് നേർക്ക് നീട്ടി. സന്ദേഹത്തോടെ അയാളത് വാങ്ങി നോക്കി. പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയാൻ, അച്ഛൻ എന്നെ വെറുക്കുന്നതിനാൽ ഇനിയും ഞാൻ ഇവിടെ തുടരുന്നതിൽ അർത്ഥമില്ല. അച്ഛൻ എന്നെ അവഗണിക്കാനുണ്ടായ കാരണം എനിക്കറിയില്ല. അതുകൊണ്ട് തന്നെ അച്ഛൻ കൊണ്ടുവന്ന ആളെ വേളി കഴിക്കാനും എനിക്ക് കഴിയില്ല. എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരാളോടൊപ്പം ഞാൻ നിങ്ങളെ എല്ലാരേം ഉപേക്ഷിച്ചു പോവുകയാണ്. അച്ഛനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് ചെക്കന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തു അച്ഛൻ നാണംകെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അച്ഛന് എന്നോട് സ്നേഹമുണ്ടെങ്കിൽ മാത്രം എന്റെ പിന്നാലെ അന്വേഷിച്ചു വരാം.

അമ്മയോടും പാറുനോടും അച്ചുവിനോടും വിഷമിക്കരുതെന്ന് പറയണം. അമ്മായിമാരുടെ ശകാരവും അച്ഛന്റെ അവഗണനയും സഹിച്ചു മടുത്തു. ഇനിയൊരു ശല്യമായി ഞാൻ വരില്ല. എന്ന് സ്വന്തം പല്ലവി കത്ത് വായിച്ചു ഉണ്ണികൃഷ്ണൻ നിശബ്ദമായി ഇരുന്നു. അയാൾക്ക് ദേഷ്യമോ സങ്കടമോ ഒന്നും തോന്നിയില്ല. പാറു അപ്പോഴും കരച്ചിലായിരുന്നു. “എന്താ ഉണ്ണി?? എന്താ കാര്യം?” ഇതെല്ലാം കണ്ടു നിന്ന ഊർമിള ആരാഞ്ഞു. “അവൾ പോയി ചേച്ചി….” അത്രമാത്രം പറഞ്ഞു കൊണ്ട് ഉണ്ണികൃഷ്ണൻ സുഭദ്രയുടെ അടുത്തേക്ക് പോയി. മുറ്റത്ത്‌ ചെടികളെ നനച്ചു കൊണ്ടിരുന്ന സുഭദ്ര അകത്തു നടന്ന കാര്യങ്ങളൊന്നുമറിഞ്ഞിരുന്നില്ല. ഏത് നിമിഷവും പല്ലവി തറവാട്ടിൽ ഇല്ലെന്നുള്ളത് എല്ലാവരും മനസിലാക്കുമെന്ന് അറിയാമായിരുന്നതിനാൽ എന്ത് പൊട്ടിത്തെറിയും സഹിക്കാനുള്ള മനക്കരുത്ത്‌ സുഭദ്ര കൈവരിച്ചിരുന്നു.

“സുഭദ്രേ…” അപ്രതീക്ഷിതമായി പിന്നിൽ നിന്നും ഉണ്ണി കൃഷ്ണന്റെ വിളി കേട്ട് അവർ ഞെട്ടിത്തരിച്ചു. ഭർത്താവിന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ സുഭദ്ര കാര്യങ്ങൾ ഏതാണ്ട് ഊഹിച്ചു. ഒന്നുമറിയാത്ത ഭാവത്തിൽ സുഭദ്ര അയാളെ നോക്കി. “എന്താ ഏട്ടാ എന്ത് പറ്റി??” പരിഭ്രമം ഭാവിച്ചു കൊണ്ട് അവർ ചോദിച്ചു. “ഇതു കണ്ടോ നീ…. നിന്റെ മോള് എല്ലാരേം പറ്റിച്ചു ഏതോ ഒരുത്തന്റെ കൂടെ നാടുവിട്ടു പോയി.” ഉണ്ണികൃഷ്ണന്റെ ശബ്ദം വിറച്ചു. “ഉണ്ണിയേട്ടാ… ന്റെ മോള്..” സുഭദ്ര അയാളുടെ അടുത്തേക്ക് ചെന്ന് കയ്യിലിരുന്ന കത്ത് വാങ്ങി നോക്കി. വരികളിലൂടെ കണ്ണോടിച്ച ശേഷം അരഭിത്തിയിലേക്ക് ചാരി തളർച്ച ഭാവിച്ചു അവർ നിലത്തേക്കിരുന്നു. അപ്പോഴും സുഭദ്രയുടെ മനസ്സിൽ അലയടിച്ചത് “നിന്റെ മോള്” എന്ന് പറഞ്ഞ ഉണ്ണി കൃഷ്ണന്റെ വാക്കുകളാണ്.

ഒന്നുമുരിയാടാൻ കഴിയാതെ നിസ്സംഗതതയോടെ സുഭദ്ര ഉമ്മറ പടിക്കലിരുന്നു. “തള്ളയുടെ വളർത്തു ദോഷം… അല്ലാതെന്തു പറയാനാ. തള്ള വേലി ചാടിയാൽ മോള് മതില് ചാടും.” ഉമ്മറ കോലായിലേക്ക് വന്ന ഉത്തരയും ഊർമിളയും ഒരേ സ്വരത്തിലാണ് അത് പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെ സുഭദ്ര അവരെ നോക്കി. “ഞാൻ വേലി ചാടിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ പുന്നാര ആങ്ങള നിർബന്ധിച്ചിട്ട് തന്നെയാ. സ്വന്തമായിട്ട് കിടപ്പാടമില്ലാതെ നിങ്ങൾ അന്തിയുറങ്ങുന്നത് എന്റെ തറവാട്ടിലാ. എന്നാലും അഹങ്കാരത്തിനു കുറവില്ല…” വർഷങ്ങളായി ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന അമർഷം സുഭദ്രയുടെ വാക്കുകളിൽ പ്രകടമായിരുന്നു. “കേട്ടില്ലേ നിന്റെ ഭാര്യ പറഞ്ഞത്… നീയല്ലേ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നേ…” ഊർമിള ഉണ്ണികൃഷ്ണനെ നോക്കി പറഞ്ഞു.

“സുഭദ്രേ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുന്നതാണ് നിനക്ക് നല്ലത്.” “ആദ്യം നിങ്ങൾ അവരെ നിലയ്ക്ക് നിർത്താൻ പഠിക്ക്. ഞാനും എന്റെ മൂത്ത മോളും ഇവരുടെ കണ്ണിലെ കരടല്ലേ. ഇത്രയും കാലം ഞാൻ എല്ലാം സഹിച്ചത് തന്നെ അവൾക്ക് വേണ്ടിയാ. അച്ഛന്റെയും അമ്മായിമാരുടെയും ഇടയിൽ നരകിച്ചു ജീവിച്ചു മതിയായിട്ട് മനസ്സ് മടുത്തിട്ടാ എന്റെ കൊച്ച് ഇറങ്ങി പോയത്. അവൾ അങ്ങനെ ചെയ്തതിനു കാരണക്കാർ നിങ്ങൾ മൂന്നുപേരുമാ.” സുഭദ്ര അവരെ നേരെ ആക്രോശിച്ചു. “ഉണ്ണി നിന്റെ ഭാര്യയുടെ ധിക്കാരം പറച്ചിൽ കേട്ടില്ലേ നീ. ഇവളൊരുത്തി കാരണമാ നിന്റെ മൂത്ത മോള് എങ്ങോട്ടാ പോയത്. ആ ഗതി പാറുവിനും കൂടി വരാതെ നോക്കിക്കോ.” ഉത്തര താക്കീതെന്നോണം പറഞ്ഞു. ഭാര്യയുടെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ പകച്ചു നിൽക്കുകയാണ് ഉണ്ണി തമ്പുരാൻ.

ഇതുവരെ അവരുടെ ഒച്ച ആ തറവാട്ടിൽ ഉയർന്നു കേട്ടിട്ടില്ലായിരുന്നു. ആദ്യമായി സുഭദ്ര തമ്പുരാട്ടിയുടെ സ്വരം അവിടെ ഉയർന്നു കേട്ടു. മകളുടെ പടിയിറക്കം അവരുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാവുമെന്ന് അദ്ദേഹം ധരിച്ചു. “പല്ലവി എങ്ങോട്ടാ പോയതെന്ന് അന്വേഷിക്കണ്ടേ ഉണ്ണി. എവിടെയെങ്കിലും പോയി എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ സമാധാനം പറയേണ്ടി വരില്ലേ. കുടുംബത്തിനു മൊത്തം അതൊരു ചീത്തപ്പേരാവില്ലേ.??” ഊർമിള സഹോദരന്റെ മനസ്സറിയാനായി ചോദിച്ചു. “പോയവരൊക്കെ പോട്ടെ ചേച്ചി. ഇനിയെനിക്ക് രണ്ടു മക്കളെ ഉള്ളു.” “അല്ലെങ്കിലും കണ്ടവന്റെ കൂടെ ഒളിച്ചോടി പോയവളെ കണ്ടുപിടിച്ചു കൊണ്ട് വന്നിട്ട് എന്തിനാ.??

തല്ക്കാലം ഇതു ആരെയും അറിയിക്കാൻ നിക്കണ്ട. പണ്ട് ഉണ്ണി സുഭദ്രയെയും കൊണ്ട് നാടുവിട്ടപ്പോൾ നമ്മൾ അന്വേഷിക്കാൻ പോയില്ലല്ലോ. അവനെ അവന്റെ ഇഷ്ടത്തിന് ജീവിക്കാൻ വിട്ടതല്ലേ. അതുപോലെ പോയി ജീവിക്കട്ടെ അവളും. അഥവാ തിരിച്ചു വന്നാലും ഈ പടിക്കകത്തു കയറ്റരുത്. ” ഉത്തര വീറോടെ പറഞ്ഞു. ഉണ്ണികൃഷ്ണൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു. അത് കണ്ട് ഉത്തരയും ഊർമിളയും പിന്നാലെ പോയി. പാറു മാത്രം അമ്മയുടെ അടുത്ത് വന്നിരുന്നു കരഞ്ഞു കൊണ്ടിരുന്നു. അച്ചു അപ്പോഴും ഉറക്കമായിരുന്നതിനാൽ അവൻ കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. അതൊക്കെ കണ്ടപ്പോൾ പല്ലവി അവിടുന്ന് രക്ഷപെട്ടത് നന്നായി എന്ന് തോന്നി സുഭദ്രയ്‌ക്ക്.

തന്റെ മകളോട് ആർക്കും ഒരിറ്റ് സ്നേഹം പോലും ഉണ്ടായിരുന്നില്ല എന്ന സത്യം അവരെ വല്ലാതെ നൊമ്പരപ്പെടുത്തി. പല്ലവിയെ അന്വേഷിച്ചു പോകണ്ട എന്നു ഉണ്ണികൃഷ്ണനെ രണ്ടു പെങ്ങമാരും ഉപദേശിച്ചു. അവൾ പോയത് നന്നായി എന്ന ചിന്തയായിരുന്നു അവർക്ക്. *************** മയക്കത്തിൽ നിന്നും ഞെട്ടി എണീക്കുമ്പോൾ അരികിൽ അപരിചിതനായ ഒരു പുരുഷനെ കണ്ടതും പല്ലവി ബെഡിൽ നിന്നും പിടഞ്ഞെഴുന്നേറ്റു. പകപ്പോടെ അവൾ ചുറ്റും നോക്കി. താനൊരു ഹോസ്പിറ്റലിൽ ആണെന്ന് അവൾക്ക് മനസിലായി. ഡ്രിപ് ഇട്ടിരുന്ന ബോട്ടിലിലേക്ക് അവൾ നോക്കി. അത് ഏകദേശം തീരാറായിരുന്നു. മുറിയിലാകമാനം അവൾ കണ്ണോടിച്ചു. അവസാനം പല്ലവിയുടെ ദൃഷ്ടി അവളെ തന്നെ നോക്കിയിരിക്കുന്ന സിദ്ധാർഥിൽ മാത്രമായി. നടന്ന കാര്യങ്ങൾ ഒന്നും അവളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നില്ല.

അസഹ്യമായ തലവേദന അവളെ കാർന്നു തിന്നു. “നിങ്ങൾ…. നിങ്ങളാരാ… ഞാൻ എങ്ങനെ ഇവിടെ എത്തി. ഇതേതാ സ്ഥലം.” പതർച്ചയോടെ പല്ലവി ചോദിച്ചു. അവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന ഭയം കണ്ടതും സിദ്ധു അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു. “എല്ലാം ഞാൻ പറയാം. ഇവിടെ ഇപ്പൊ ഭയപ്പെടാൻ ഒന്നുമില്ല… താൻ കുറച്ചു നേരം കൂടി കിടന്നോളൂ.” ആർദ്രമായ സ്വരത്തിൽ അവൻ പറഞ്ഞു. അതികഠിനമായ തലവേദന കാരണം പല്ലവി ശിരസ്സിൽ കൈത്താങ്ങി തളർച്ചയോടെ അവനെ നോക്കി മിണ്ടാതെ ഇരുന്നു. സിദ്ധു എഴുന്നേറ്റു ചെന്ന് അവളെ ബെഡിലേക്ക് കിടത്തി. ക്ഷീണവും വേദനയും കാരണം അവളുടെ കണ്ണുകൾ അടഞ്ഞു. എങ്ങോട്ടും പോകാതെ സിദ്ധു പല്ലവിക്ക് അരികിൽ തന്നെ ഇരുന്നു.

ഉറക്കത്തിൽ ദുഃസ്വപ്നം കണ്ട് ഞെട്ടുമ്പോൾ അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവമാറ്റങ്ങളെ ചെറു പുഞ്ചിരിയോടെ അവൻ നോക്കിയിരുന്നു. ഡ്രഗ്ഗിന്റെ പിടിയിൽ നിന്നും അവളുടെ ശരീരം പതിയെ മുക്തമായി കൊണ്ടിരുന്നു. ഇടയ്ക്ക് ഡോക്ടർ വന്നു പരിശോദിച്ചു നോക്കിയ ശേഷം ഉണരുമ്പോൾ പല്ലവിയെ കൊണ്ട് പോകാമെന്നു അവനോടു പറഞ്ഞു. വൈകുന്നേരമായപ്പോൾ സിദ്ധു ഒരു ചായ കുടിക്കാനായി ഹോസ്പിറ്റലിൽ കാന്റീനിലേക്ക് പോയി. രാവിലെ മുതൽ അവൻ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. ചായകുടി കഴിഞ്ഞു തിരികെ മുറിയിലെത്തുമ്പോൾ പല്ലവി ബെഡിൽ എഴുന്നേറ്റിരിക്കുന്നതാണ് അവൻ കണ്ടത്. “ഹാ താനുണർന്നോ… ഇപ്പൊ എങ്ങനെ ഉണ്ട്.?” അവളുടെ അടുത്തേക്ക് കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് അവൻ ചോദിച്ചു.

“കുഴപ്പമില്ല…” പതിഞ്ഞ ശബ്‌ദത്തിൽ അവൾ മറുപടി പറഞ്ഞു. തലേ ദിവസം രാത്രി അമ്മ ബസ് കയറ്റി വിട്ടതും സ്റ്റാൻഡിൽ ഇറങ്ങി എറണാകുളം ബസ്സിൽ കയറി ഇരുന്നപ്പോൾ അടുത്ത വന്നിരുന്ന സ്ത്രീ സംസാരിക്കുന്നതിനിടയിൽ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തപ്പോൾ ബോധം മറഞ്ഞതുമൊക്കെ ഒരു തിരശീലയിലെന്ന പോലെ പല്ലവി ഓർത്തെടുത്തു. അവൾ കൈകൾ കൊണ്ട് ശരീരമാകെ പരതി. തനിക്ക് അരുതാത്തത് എന്തെങ്കിലും സംഭവിച്ചുവോ എന്നതായിരുന്നു അവളുടെ ഭയം. രാത്രി വീട്ടിൽ നിന്നിറങ്ങുമ്പോൾ താനിട്ടിരുന്ന അതേ ചുരിദാർ തന്നെയാണ്. ദേഹത്ത് ആഭരണങ്ങളുമുണ്ടെന്ന് അവൾ ഉറപ്പ് വരുത്തി. അമ്മ കെട്ടിത്തന്ന ഏലസ്സും കൈയിൽ ഭദ്രമായി തന്നെയുണ്ട്. അത് കണ്ടപ്പോൾ പല്ലവിക്ക് പകുതി ആശ്വാസമായി. മുന്നിലിരിക്കുന്ന ചെറുപ്പക്കാരൻ ആരാണെന്ന് അവൾക്കറിയില്ല.

ഈ മുഖം എവിടെയെങ്കിലും കണ്ടതായും ഓർക്കുന്നില്ല. ഇയാൾ ശത്രുവാണോ അതോ മിത്രമോ. എത്ര നേരം ഞാൻ ബോധമില്ലാതെ കിടന്നിട്ടുണ്ടാകും?? ഇപ്പോൾ സമയം എത്രയായി കാണും. ഒരുപാട് സംശയങ്ങൾ അവളുടെ മനസിലൂടെ കടന്നുപോയി. ഇടത് കൈത്തണ്ടയിൽ കെട്ടിയിരുന്ന വാച്ചിലേക്കൊന്നു നോക്കിയതും പല്ലവി ഞെട്ടിപ്പോയി. സമയം ആറര കഴിഞ്ഞിരുന്നു. അതേ ഞെട്ടലോടെ അവൾ സിദ്ധുവിനെ നോക്കി.. വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ആയിരുന്നു അവന്റെ വേഷം. പിരിച്ചു വച്ച മീശ, പറ്റേ വെട്ടിയ മുടി. ആറടി പൊക്കമുണ്ടാകും. മെലിഞ്ഞ ശരീരമാണെങ്കിലും ഉറപ്പുള്ളതാണ്. “നിങ്ങൾ… നിങ്ങളാരാ…??” വിക്കി വിക്കി അവൾ ചോദിച്ചു. “ഞാൻ സർക്കിൾ ഇൻസ്‌പെക്ടർ സിദ്ധാർഥ് മേനോൻ.” അവന്റെ ഉറച്ച ശബ്ദം അവളുടെ കാതുകളിൽ തുളച്ചു കയറി. തന്റെ മുന്നിലിരിക്കുന്നതൊരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതും പല്ലവി ഒരു നിമിഷം ഞെട്ടി… തുടരും.

ഭാഗ്യ ജാതകം: ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-