ഭാഗ്യ ജാതകം: ഭാഗം 4

ഭാഗ്യ ജാതകം: ഭാഗം 4

എഴുത്തുകാരി: ശിവ എസ് നായർ

“നിങ്ങൾ… നിങ്ങളാരാ…??” വിക്കി വിക്കി അവൾ ചോദിച്ചു. “ഞാൻ സർക്കിൾ ഇൻസ്‌പെക്ടർ സിദ്ധാർഥ് മേനോൻ.” അവന്റെ ഉറച്ച ശബ്ദം പല്ലവിയുടെ കാതുകളിൽ തുളച്ചു കയറി. തന്റെ മുന്നിലിരിക്കുന്നതൊരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതും അവൾ ഒരു നിമിഷം ഞെട്ടി. സമയം ഇത്രയും ആയ സ്ഥിതിക്ക് താൻ തറവാട്ടിൽ ഇല്ലെന്നുള്ളത് എല്ലാവരും അറിഞ്ഞു കാണുമെന്ന് അവൾ മനസിലോർത്തു. അപ്പോൾ പിന്നെ ഇയാളെ അച്ഛൻ പറഞ്ഞു വിട്ടതായിരിക്കുമോ എന്നെ കണ്ടു പിടിച്ചു കൊണ്ട് പോകാൻ. ഇന്നലെ ബസ്സിൽ അടുത്തിരുന്ന ആ സ്ത്രീ എന്തോ മുഖത്തേക്ക് സ്പ്രേ ചെയ്തപ്പോഴാണ് എന്റെ ഓർമ്മ പോകുന്നത്. അതിനു ശേഷം എന്തായിരിക്കും നടന്നിട്ടുണ്ടാവുക. ഇത് ഏതാ സ്ഥലം??? ” നൂറായിരം സംശയങ്ങൾ അവളുടെ ഉള്ളിൽ നുരപൊന്തി.

എന്ത് ചെയ്യണമെന്നറിയാതെ പല്ലവി സിദ്ധുവിനെ നോക്കി. പേടിച്ചരണ്ട അവളുടെ നോട്ടം കണ്ടപ്പോൾ അവന് അവളോട്‌ അലിവ് തോന്നി. “ഞാൻ എങ്ങനെയാ സർ ഇവിടെ എത്തിയത്.? ഇതേതാ സ്ഥലം.??” മടിച്ചു മടിച്ചവൾ ചോദിച്ചു. “താനിപ്പോ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ്. നടന്നതെന്താണെന്ന് ഞാൻ പറഞ്ഞു തരാം.” അവൻ തനിക്കറിയാവുന്ന കാര്യങ്ങൾ പല്ലവിയോട് പറഞ്ഞു. അതുകേട്ടവൾ ഞെട്ടിപ്പോയി. വലിയൊരു അപകടത്തിൽ നിന്നും തന്നെ രക്ഷിച്ച ആളാണ് തന്റെ മുന്നിലിരിക്കുന്നതെന്ന തിരിച്ചറിവിൽ പല്ലവി അതീവ സന്തോഷവതിയായി. “സാർ തക്ക സമയത്ത് എന്നെ അവരുടെ കൈയിൽ നിന്നും രക്ഷിച്ചില്ലായിരുന്നെങ്കിൽ…” വാക്കുകൾ പൂർത്തീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. “ബസ്സിൽ കയറിയപ്പോൾ മുതൽ അവരുടെ ആറ്റിട്യൂടിൽ എനിക്ക് സംശയം തോന്നിയിരുന്നു.

ഞാനൊരു പോലീസ് ഉദ്യോഗസ്ഥനായത് കൊണ്ടാകാം അങ്ങനെ തോന്നിയതും.” “എന്നെ രക്ഷിച്ചതിന് ഒരുപാട് നന്ദിയുണ്ട് സർ.” അവൾ അവന് നോക്കി കൈകൾ കൂപ്പി. “ഇതിന് നന്ദി പറച്ചിലിന്റെ ആവശ്യമൊന്നുമില്ല. ഞാനെന്റെ ഡ്യൂട്ടി ആണ് ചെയ്തത്. സ്റ്റെല്ലയെയും കൂടെയുണ്ടായിരുന്നവനെയും അവരുടെ വണ്ടി നമ്പർ ചേസ് ചെയ്ത ഞങ്ങൾ കണ്ടെത്തി കഴിഞ്ഞു.” സിദ്ധാർഥ് പറഞ്ഞു. പല്ലവി അവനെ നോക്കി പുഞ്ചിരിച്ചു. സിദ്ധാർഥ് ശത്രുവല്ല മിത്രമാണെന്ന് അരിഞ്ഞതും അവൾക്ക് ആശ്വാസമായി തുടങ്ങിയിരുന്നു. അപരിചിതമായ സ്ഥലത്ത് സഹായത്തിനൊരാളെ കിട്ടിയത് നന്നായി എന്നവൾക്ക് തോന്നി. “ആട്ടെ തനിക്കെങ്ങോട്ടാ പോകേണ്ടത്.??”

സിദ്ധുവിന്റെ ചോദ്യം അവളെ ചിന്തകളിൽ നിന്നുണർത്തി. ഒരുനിമിഷം എന്ത് പറയണമെന്നറിയാതെ അവൾ ശങ്കിച്ചിരുന്നു. അപ്പോഴാണ് ബെഡിന്റെ താഴെ വച്ചിരിക്കുന്ന അവളുടെ ബാഗ് പല്ലവി കണ്ടത്. അവളുടനെ ബാഗ് എടുത്തു തുറന്ന് അതിൽ നിന്നും ഒരു കടലാസ് കഷ്ണം എടുത്ത് അവന്റെ നേർക്ക് നീട്ടി. “ഇതിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തേക്കാ പോകേണ്ടത്. അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക്. ” സിദ്ധു അത് വാങ്ങി നോക്കി. തലേ ദിവസം സുഭദ്ര തമ്പുരാട്ടി എഴുതി കൊടുത്ത മാലതിയുടെ അഡ്രസ് ആയിരുന്നു അതിൽ. “ഇത് ആലുവയിലാണല്ലോ… ഇവിടുന്നു കുറച്ചു ദൂരമുണ്ടല്ലോ അങ്ങോട്ടേക്ക്.” “അങ്ങോട്ട്‌ പോകാൻ എനിക്ക് ഒരു ടാക്സി അറേഞ്ച് ചെയ്തു തരാമോ?? ഞാൻ പൊയ്ക്കോളാം..”

“ഈ കണ്ടീഷനിൽ തന്നെ അവിടെ വരെ ഒറ്റയ്ക്ക് പറഞ്ഞു വിടാൻ എനിക്ക് ധൈര്യമില്ല.” “എനിക്കും ഒറ്റയ്ക്ക് പോകാൻ പേടിയാ. വിരോധമില്ലെങ്കിൽ സർ എന്നെ മാലതിയാന്റിടെ വീട് വരെ കൊണ്ട് ചെന്ന് ആക്കാമോ.??” തെല്ലൊരു പേടിയോടെ അവൾ ചോദിച്ചു. “കൊണ്ട് വിടാൻ ബുദ്ധിമുട്ട് ഒന്നുമില്ല. താൻ അവരുടെ നമ്പർ തരൂ. ഞാനൊന്ന് വിളിച്ചു നോക്കട്ടെ. ആൾ സ്ഥലത്തുണ്ടോ ഇല്ലേ എന്നറിയില്ലല്ലോ.” “ആന്റി വീട്ടിൽ തന്നെ ഉണ്ടാകും. ഞാൻ വരുന്ന കാര്യം അമ്മ ആന്റിയെ വിളിച്ചു പറയാമെന്നു പറഞ്ഞിരുന്നു.” “എങ്കിൽ ഇതിനോടകം തന്നെ അവർ തന്നെ വിളിച്ചു കാണുമല്ലോ.” സിദ്ധു അത് പറഞ്ഞപ്പോഴാണ് പല്ലവി തന്റെ ഫോണിന്റെ കാര്യം ഓർത്തത് തന്നെ.

അവൾ വേഗം ബാഗിനുള്ളിൽ നിന്നും ഫോൺ തപ്പിയെടുത്തു. ബാറ്ററി തീർന്നു ഫോൺ ഓഫായി കിടക്കുകയായിരുന്നു. പല്ലവി നിരാശയോടെ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി. “എന്താ എന്തുപറ്റി??” “ഫോൺ സ്വിച്ച് ഓഫാണ്.” സങ്കടത്തോടെ അവൾ പറഞ്ഞു. “ആണോ… സാരമില്ല…” സിദ്ധു അവളെ സമാധാനിപ്പിച്ചു. “മാലതി ആന്റീടെ നമ്പർ ഫോണിലാ ഞാൻ സേവ് ചെയ്തിരുന്നത്. ഇനിയിപ്പോ നമ്മളെന്ത് ചെയ്യും സർ.” പല്ലവിയുടെ ശബ്ദമിടറി. “തനിക്കു പേടിയില്ലെങ്കിൽ ഇന്നൊരു ദിവസത്തേക്ക് എന്റെ വീട്ടിൽ കഴിയാം.” അവൻ മടിച്ചു മടിച്ചാണ് അത് പറഞ്ഞത്. “സാറിന്റെ വീട്ടിലോ??” വിശ്വാസം വരാതെ പല്ലവി അവനെ ഉറ്റുനോക്കി. “ഞാൻ മാത്രേ അവിടെയുള്ളു. പോലീസ് ക്വാർട്ടേഴ്സ് ആണ്.”

“ഇന്ന് ആലുവയിലേക്ക് പോകാൻ പറ്റില്ലേ??” “പുറത്തു നല്ല ഇടിയും മഴയുമാണ്. ജീപ്പ് സ്റ്റേഷനിലാണ്. ഒഫീഷ്യൽ യൂസിനു മാത്രമേ ഞാൻ ജീപ്പ് ഉപയോഗിക്കാറുള്ളു. പിന്നെയുള്ളത് ബൈക്കാ. അത് ഫ്രണ്ടിനോട്‌ ക്വാർട്ടേഴ്സിൽ നിന്നും എടുത്തു താഴെ പാർക്കിംഗിൽ കൊണ്ട് വയ്ക്കാൻ പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ സമയം ഏഴു കഴിഞ്ഞു. ഈ രാത്രി എന്തായാലും യാത്ര നടക്കില്ല.” “ഇന്ന് അവിടേക്ക് പോകാൻ പറ്റില്ലെങ്കിൽ സർ പറയുന്നത് പോലെ ചെയ്യാം.” പല്ലവി മുഖം താഴ്ത്തിയാണ് അത് പറഞ്ഞത്. “താൻ പേടിക്കണ്ട… ധൈര്യമായി വരാം എന്റെ കൂടെ.” സിദ്ധു അവളെ നോക്കി മനോഹരമായി ചിരിച്ചു. അവളും അവനെ നോക്കി ചിരിച്ചു. “എങ്കിൽ നമുക്കിറങ്ങാം..” അവൻ ചോദിച്ചു.

“ഉം..” പല്ലവി തലയനക്കി. ബെഡിൽ ഇരുന്ന അവളുടെ ബാഗ് എടുത്തു കൊണ്ട് സിദ്ധു മുന്നിൽ നടന്നു. പിന്നാലെ പല്ലവിയും. “ബാഗ് ഞാൻ പിടിച്ചോളാം സർ.” “വേണ്ട… തനിക്ക് വയ്യാത്തതല്ലേ. ഞാൻ പിടിച്ചോളാം.” അവന്റെയൊപ്പം നടന്നു നീങ്ങുമ്പോൾ അവളുടെ മനസ്സിൽ അമ്മയുടെ ഓർമ്മകൾ ഓടിയെത്തി. തന്നെ ഓർത്ത് അമ്മയിപ്പോ ടെൻഷൻ അടിച്ചു ഇരിക്കുന്നുണ്ടാകും എന്നവൾ ഓർത്തു. സിദ്ധുവിന്റെ താമസസ്ഥലത്തെത്തിയാൽ ഉടനെ തന്നെ ഫോൺ ചാർജിടണം. എന്നിട്ട് അമ്മയെ ഒന്ന് വിളിച്ചു നോക്കണം. തറവാട്ടിൽ ഇപ്പോൾ എന്തായിരിക്കും അവസ്ഥ. അച്ഛൻ തന്നെ കണ്ടെത്താൻ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടാകുമോ?? നാളെ രാവിലത്തെ പത്രത്തിൽ തന്റെ ഫോട്ടോ എങ്ങാനും വരുമോ…

അവളുടെ ചിന്തകൾ കാടുകയറി. പല്ലവിയെയും കൊണ്ട് സിദ്ധു ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ എത്തിച്ചേർന്നു. അപ്പോഴേക്കും മഴ തോർന്നിരുന്നു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ശേഷം അവൻ അവളോട്‌ പിന്നിൽ കയറിയിരിക്കാൻ പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ പല്ലവി മടിച്ച് നിന്നു. “താനിത് എന്ത് നോക്കി നില്ക്കാ… വേഗം കയറടോ. അടുത്ത മഴയ്ക്ക് മുൻപ് അങ്ങെത്തണം നമുക്ക്.” സിദ്ധാർഥ് ധൃതി കൂട്ടി. “എനിക്ക് ബൈക്കിൽ കയറാൻ അറിയില്ല… ഞാനിതുവരെ ഇതിലൊന്നും കയറിയിട്ടില്ല…” പല്ലവി പേടിയോടെയാണ് അത് പറഞ്ഞത്. അത് കേട്ടതും സിദ്ധാർഥ് ചിരിച്ചു പോയി. “ആദ്യമായിട്ടാണ് കേറുന്നെങ്കിൽ താൻ രണ്ടു സൈഡിലേക്ക് കാല് വച്ചിരുന്നോ. ഒൺ സൈഡ് ഇരുന്നാൽ ചിലപ്പോൾ ബാലൻസ് കിട്ടിയെന്ന് വരില്ല.” പേടിച്ചു പേടിച്ചാണെങ്കിലും പല്ലവി അവൻ പറഞ്ഞത് പോലെ ബൈക്കിൽ കയറി ഇരുന്നു.

തന്റെ തോളിൽ പിടിച്ചിരുന്നോളാൻ പറഞ്ഞിട്ട് സിദ്ധു ബൈക്കെടുത്തു. അവൻ അങ്ങനെ പറഞ്ഞെങ്കിലും പല്ലവി അവന്റെ തോളിൽ പിടിച്ചില്ല. അവൾക്ക് അതൊക്കെ ആദ്യത്തെ അനുഭവമാണ്. ആദ്യമൊക്കെ വളരെ പതുക്കെയാണ് സിദ്ധു വണ്ടിയൊടിച്ചത്. അടുത്ത മഴയ്ക്കുള്ള പുറപ്പാട് കണ്ടതും സിദ്ധു ബൈക്ക് കുറച്ചൂടെ സ്പീഡിൽ വിട്ടു. പേടിച്ചുപോയ പല്ലവി അവൾ പോലുമറിയാതെ അവന്റെ തോളിൽ ഇറുക്കെ പിടിച്ചു. നനുത്ത വിരലുകൾ തോളിൽ പിടിമുറിക്കിയതറിഞ്ഞപ്പോൾ അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. സൈഡ് മിററിൽ കൂടി സിദ്ധു ഇടയ്ക്കിടെ അവളെ നോക്കി. അപ്പോഴേക്കും വീണ്ടും മഴ പെയ്തു തുടങ്ങി. ചെറിയ ചാറ്റൽ മഴയായിരുന്നതിനാൽ സിദ്ധു അതത്ര കാര്യമാക്കിയില്ല. ഇരുവരുടെയും ശരീരങ്ങൾ ആ മഴയിൽ നനഞ്ഞു കുതിർന്നു.

ഒരു ഗട്ടർ കയറിയിറങ്ങിയപ്പോൾ അവളുടെ ശരീരം അവന്റെ പിന്നിൽ ഉരസി. ഷോക്കേറ്റത് പോലെ പല്ലവി പിന്നോട്ടാഞ്ഞു പോയി. അവൾക്ക് എന്തെന്നില്ലാത്ത ജാള്യത തോന്നി. സൈഡ് മിററിൽ കൂടി അവളുടെ മുഖഭാവം കണ്ടതും ചെറു ചിരിയോടെ അവൻ ബൈക്കിന്റെ വേഗത കുറച്ചു. പെട്ടെന്നാണ് മഴയ്ക്ക് ശക്തി കൂടിയത്. അപ്പോഴേക്കും അവർ ക്വാർട്ടേഴ്സ് അടുക്കാറായിരുന്നു. പത്തുമിനിറ്റ് കൊണ്ട് എത്തേണ്ടിടത്തു ബ്ലോക്ക് കാരണം ഇരുപത് മിനിറ്റോളം സമയമെടുത്താണ് എത്തിച്ചേർന്നത്. ഇരുവരും മഴ നനഞ്ഞു കുതിർന്നിരുന്നു. പോർച്ചിലേക്ക് കയറി വണ്ടി നിന്നു അവൾ സാവധാനം ബൈക്കിൽ നിന്നിറങ്ങി. പല്ലവി നന്നായി വിറയ്ക്കുന്നത് അവൻ ശ്രദ്ധിച്ചു. സിദ്ധു വേഗം തന്നെ പോക്കറ്റിൽ നിന്നും കീ എടുത്ത് വാതിൽ നിന്നു. “അകത്തേക്ക് വരൂ..”

സിദ്ധു അവളെ വിളിച്ചു. ബാഗ് മാറോടടുക്കി വിറയലോടെ അവൾ ഉള്ളിലേക്ക് കയറി. സിദ്ധു വാതിൽ അടച്ചു ബോൾട്ടിട്ടു. അവളുടെ ശരീരത്തിൽ നിന്നും വെള്ളത്തുള്ളികൾ നിലത്തേക്കിറ്റു വീണുകൊണ്ടിരുന്നു. “ദാ അവിടെയാ ബാത്റൂം. വേഗം പോയി ഫ്രഷ് ആയിക്കോ. പനി പിടിക്കണ്ട.” ഇടത് വശത്തെ മുറിയിലേക്ക് കൈചൂണ്ടി അവൻ പറഞ്ഞു. അവനെ നോക്കി തല ചലിപ്പിച്ച ശേഷം അവൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി. ബാഗിൽ നിന്നും ഫോൺ എടുത്തു ചാർജിൽ വച്ച ശേഷം മാറി ധരിക്കാനുള്ള ഡ്രെസ്സും ടവലും എടുത്തു കൊണ്ടവൾ ബാത്‌റൂമിൽ കയറി. വലതു വശത്തെ മുറിയിലേക്ക് സിദ്ധുവും പോയി. മുറിയിലേക്ക് ചെന്ന ഉടനെ ഒരു ടവൽ എടുത്തു തല നന്നായി തുവർത്തിയ ശേഷം അവൻ പാന്റും ഷർട്ടും മാറ്റി ഒരു മുണ്ടും ടീഷർട്ടും എടുത്തു ധരിച്ചു.

അപ്പോഴാണ് അവൻ അത്താഴത്തെ പറ്റി ചിന്തിച്ചത് തന്നെ. മഴയ്ക്ക് മുൻപ് ക്വാർട്ടേഴ്സിൽ എത്താനുള്ള തിടുക്കത്തിൽ അവൻ ഫുഡിന്റെ കാര്യം മറന്നിരുന്നു. പല്ലവി പോയ മുറിയിലേക്ക് ചെന്നു നോക്കിയപ്പോൾ അകത്തു ബാത്‌റൂമിൽ ഷവറിൽ നിന്നും വെള്ളം വീഴുന്ന ഒച്ച അവൻ കേട്ടു. അവൾ കുളിക്കുകയാണെന്ന് അവന് മനസിലായി. സിദ്ധു മുൻവശത്തെ വാതിൽ തുറന്നു പുറത്തിറങ്ങി. മഴ അപ്പോഴും തകർത്തു പെയ്യുവാണ്. സിദ്ധു വേഗം വേഷം മാറിറെയിൻകോട്ട് എടുത്തു ധരിച്ചു കൊണ്ട് വാതിൽ പൂട്ടി പുറത്തിറങ്ങി. പത്തു മിനിറ്റിനുള്ളിൽ തന്നെ അവൻ അടുത്തുള്ള ഒരു കടയിലേക്ക് പോയി രാത്രിയിലേക്കുള്ള ഫുഡ്ഡും പിറ്റന്നത്തേക്ക് ബ്രേക്ക്ഫാസ്റ്റിനു ആവശ്യമായ സാധനങ്ങളും വാങ്ങി വന്നത്. പല്ലവി അപ്പോഴും ബാത്‌റൂമിൽ തന്നെയായിരുന്നു.

സിദ്ധാർഥ് പുറത്തു പോയി വന്നതെന്നും അവൾ അറിഞ്ഞിരുന്നില്ല. ഫുഡ് ഐറ്റംസ് ഒക്കെ മേശപ്പുറത്തെടുത്തു വച്ചിട്ടവൻ അവളെയും കാത്തിരുന്നു. അപ്പോഴേക്കും പല്ലവി കുളി കഴിഞ്ഞിറങ്ങിയിരുന്നു. അവൾ ഫോണെടുത്ത് സ്വിച്ച് ഓൺ ചെയ്തു. അമ്മയുടെയും മാലിനി ആന്റിയുടെയും നമ്പറിൽ നിന്നും ഏതാണ്ട് ഉച്ച സമയത്തു കുറെയധികം മിസ്സ്‌ കാളുകൾ അവളുടെ ഫോണിലേക്ക് വന്നിരുന്നു. പിന്നീട് എപ്പോഴോ ആണ് ബാറ്ററി തീർന്ന് ഫോൺ ഓഫായിരിക്കുന്നത്. പല്ലവി വേഗം അമ്മയുടെ നമ്പറിലേക്ക് വിളിച്ചു. മറുതലയ്ക്കൽ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. അതേസമയം മാമ്പിള്ളി തറവാട്ടിൽ ടെൻഷനോടെ ഇരിക്കുകയായിരുന്നു സുഭദ്ര തമ്പുരാട്ടി.

ഇടയ്ക്കിടെ അവർ ആരും കാണാതെ പല്ലവിയുടെ നമ്പറിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് മാലതിയെ വിളിച്ചപ്പോൾ അവളിതുവരെ എത്തിയിട്ടില്ല എന്നറിഞ്ഞത് മുതൽ അവർക്ക് ആദിയായി. പിന്നീട് മാലതിയെ വിളിച്ചിട്ട് കാൾ കിട്ടുന്നുമുണ്ടായിരുന്നില്ല. എല്ലാം കൊണ്ടും ടെൻഷനായി ഇരിക്കുന്ന സമയത്താണ് സുഭദ്ര തമ്പുരാട്ടിയുടെ ഫോണിലേക്ക് പല്ലവിയുടെ കാൾ വരുന്നത്. സുഭദ്ര വേഗം കാൾ എടുത്തു. “ഹലോ… മോളെ…” അമ്മയുടെ ഇടറിയ സ്വരം ഫോണിലൂടെ കേട്ടതും പല്ലവി വിതുമ്പിപ്പോയി. “അമ്മേ…” പല്ലവി സങ്കടത്തോടെ വിളിച്ചു. അതേസമയത്താണ് സുഭദ്ര ഫോണിൽ സംസാരിക്കുന്നത് കണ്ടുകൊണ്ട് ഉണ്ണികൃഷ്ണൻ മുറിയിലേക്ക് കടന്നു വരുന്നത്…. തുടരും.

ഭാഗ്യ ജാതകം: ഭാഗം 3

Share this story