നീ മാത്രം…❣️❣️ : ഭാഗം 31

നീ മാത്രം…❣️❣️ : ഭാഗം 31

എഴുത്തുകാരി: കീർത്തി

പോന്നിട്ട് നേരം കുറച്ചായല്ലോ. കാല് ഭൂമിയിൽ മുട്ടിയിട്ടുണ്ട്. എന്നിട്ടും ശരീരം എന്താ വായുവിൽ തന്നെ നിൽക്കുന്നേ? എന്തിലോ തങ്ങിനിൽക്കുന്ന പോലെയാണ് ഫീൽ ചെയ്യുന്നത്. ഇനി കാലും ഉടലും രണ്ടും രണ്ടായോ? ആ സംശയമൊന്ന് തീർക്കാൻ വേണ്ടിയാണ് മുഖത്തെ കൈകൾ മാറ്റി ഒരു കണ്ണുമാത്രം തുറന്നു നോക്കിയത്. ആദ്യം കണ്ണുടക്കിയത് ഒരു മെറൂൺ കളർ ഷർട്ടാണ്. പിന്നെ ഷർട്ടിന്റെ വിടവിലൂടെ രോമാവൃതമായ നെഞ്ചും മിന്നിത്തിളങ്ങുന്ന ഒരു സ്വർണചെയിനുമാണ് ദൃഷ്ടിയിൽ പതിഞ്ഞത്. ആരുടെയോ നെഞ്ചോട് ചേർന്ന് നിൽക്കുകയാണെന്ന് മനസിലായി. ആ ഹൃദയം വല്ലാതെ മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ആളാരാണെന്നറിയാൻ തലയുയർത്തി നോക്കിയ ഞാൻ കണ്ടത് ടെൻഷനോടെ എന്നെത്തന്നെ നോക്കിനിൽക്കുന്ന ആനന്ദേട്ടനെയാണ്. ഒരുനിമിഷം കണ്ണുകൾ പരസ്പരം കൊരുത്തു. പതിയെ ആ മുഖത്തെ ടെൻഷൻ മറ്റെന്തിനോ വഴിമാറി.

ആനന്ദേട്ടനിൽ അപ്പോൾ നിറഞ്ഞുനിന്നത് എന്നോടുള്ള പ്രണയം മാത്രമായിരുന്നു. ആ പ്രണയത്തിൽ ലയിച്ച് ആ ഹൃദയതാളവും കേട്ടങ്ങനെ നിൽക്കാൻ ഒരുനിമിഷം ഞാനും ആഗ്രഹിച്ചുപോയി. മിഴികൾ തമ്മിൽ പലതും മൊഴിയുന്നതിനിടയിൽ ആ കൈകളും എന്നിൽ പിടി മുറുക്കുന്നുണ്ടായിരുന്നു. ദ്രുതഗതിയിലായ ഹൃദയത്തിൽ പെട്ടന്ന് അച്ഛന്റെ മുഖം തെളിഞ്ഞപ്പോൾ ആനന്ദേട്ടനെ തള്ളിമാറ്റി വേഗം എഴുന്നേറ്റുനിന്നു. അപ്പോഴേക്കും എല്ലാവരും അടുത്തെത്തിയിരുന്നു. “മോളെ എന്തേലും പറ്റിയോ? ” അമ്മ ചോദിക്കുന്നതോടൊപ്പം എന്റെ കൈയിലും കാലിലുമൊക്കെ തൊട്ടുനോക്കുന്നുണ്ടായിരുന്നു. ആനന്ദേട്ടൻ പിടിച്ചത്കൊണ്ട് കാര്യമായൊന്നും പറ്റിയില്ല. അല്ലെങ്കിൽ ചിലപ്പോൾ കാണാമായിരുന്നു കൈയോ കാലോ ഒടിഞ്ഞ് ഒരു ഭാഗത്ത്‌ കിടക്കുന്നത്.

“എന്തോ ആപത്ത് മോള്ടെ പിറകെയുണ്ട്. നേരത്തെ അമ്പലത്തിലേക്ക് പോകുമ്പോ തന്നെ കണ്ടില്ലേ? ഇപ്പൊ ദാ ഇതും. എന്തോ ദൈവാധീന്യം കൊണ്ടാണ് ഒന്നും പറ്റാഞ്ഞത്. ” മുത്തശ്ശിയായിരുന്നു. എന്തോ അത് കേട്ടപ്പോൾ എല്ലാവരുടെയും മുഖം വാടി. എനിക്കും വല്ലാത്ത ഭയം തോന്നി. ശെരിയാണ് നേരത്തെ ഋതു പിടിച്ചുവലിച്ചില്ലായിരുന്നെങ്കിൽ ഞാനിപ്പോ തോട്ടിൽ കിടക്കണ്ടതാ. അതേപോലെ തന്നെ ഇപ്പോഴും ആനന്ദേട്ടൻ പിടിച്ചില്ലായിരുന്നെങ്കിൽ …. പെട്ടന്ന് എന്റെ കണ്ണുകൾ തിരിഞ്ഞത് ആനന്ദേട്ടനെയായിരുന്നു. ആള് എങ്ങോട്ടോ നോക്കി നിർവികാരനായി നിൽക്കുകയായിരുന്നു. വേറെ കുഴപ്പമൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. തിരിച്ചുള്ള യാത്രയിൽ ആനന്ദേട്ടനും അമ്മയും നിർബന്ധിച്ച് എന്നെ അവരുടെ കാറിൽ കയറ്റിയപ്പോൾ ആ കുരുത്തംകെട്ടവൻ ഋഷി എന്നെ കൊണ്ടുപോയി ആനന്ദേട്ടന്റെ അടുത്ത് മുന്നിൽ തന്നെ പ്രതിഷ്ഠിച്ചു.

ഇതിനിടയിൽ എപ്പോഴോ അമ്പാടിക്കുട്ടനെയും എന്റെ കൈയിൽ കിട്ടി. മുന്നിൽ ആനന്ദേട്ടന്റെ കൂടെതന്നെ ഇരിക്കാൻ വേണ്ടി കുതിരയും ഋഷിയും തമ്മിൽ ചെറിയൊരു വഴക്കും ഉണ്ടായി. അവൾക്ക് ഇരിക്കണമെന്ന് അവളും പറ്റില്ല ഗാഥ ചേച്ചി ഇരിക്കട്ടെ ന്ന് അവനും. അവനോട് ദേഷ്യപ്പെട്ട അവൾ ചേച്ചിമാരോടൊപ്പം കാറിൽ കയറി അവിടുന്ന് ഋഷിയെ ചവിട്ടിപുറത്താക്കി. ഒടുക്കം സീറ്റ് കിട്ടിയില്ല ന്നും പറഞ്ഞ് അവൻ അമ്മയുടെയും മുത്തശ്ശിയുടെയും കൂടെ പിറകിൽ അഡ്ജസ്റ്റ് ചെയ്തു. “നിനക്ക് ആ കുതിരടെ മെക്കിട്ട് കേറണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ ? ” ഞാനവനോട് സ്വകാര്യമായി ചോദിച്ചപ്പോൾ ആദ്യം അവന് ഞാൻ ആരെയാണ് ഉദേശിച്ചത് ന്ന് മനസിലായില്ല. കുതിര കുതിര ന്ന് പറഞ്ഞു നടന്നിട്ട് പെണ്ണിന്റെ ശെരിക്കുമുള്ള പേര് എനിക്കറിയില്ലായിരുന്നു.

പിന്നെ പറഞ്ഞു കൊടുത്തപ്പോൾ അവൻ പറഞ്ഞുതന്നു കുതിരയുടെ യഥാർത്ഥ പേര് സായൂജ്യ ന്നാണെന്ന്. പേരൊക്കെ നല്ല കിടിലനാണ്. പക്ഷെ സ്വഭാവം !!!. ആ പേര് ഞാൻ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. എപ്പോഴോ ഏത് നേരത്താണോ ആ പേരിനൊപ്പം ആനന്ദേട്ടന്റെ പേര് ചേർത്തുനോക്കിയത്. “സായൂജ്യ വിജയാനന്ദ്. ” പറഞ്ഞതിന് ഒരല്പം ശബ്ദം കൂടിയെന്ന് ആനന്ദേട്ടൻ കാറിന്റെ ഗിയറിൽ പിടിച്ച് ദേഷ്യത്തിൽ അങ്ങോട്ടുമിങ്ങോട്ടും രണ്ടു തിരിക്കൽ തിരിച്ചപ്പോഴാണ് മനസിലായത്. എന്നോടുള്ള ദേഷ്യം അതിൽ തീർത്തതാണ്. “വല്ല ആവശ്യവും ണ്ടാർന്നോ? ” സീറ്റിന് പിറകിൽ നിന്ന് ഋഷിയുടെ പുച്ഛം കലർന്ന പതിഞ്ഞ ശബ്ദം. അപ്പൊ ഇവനും കേട്ടോ? ചമ്മി പണ്ടാരമടങ്ങിയ ഞാൻ പിന്നെ നല്ല കുട്ടിയായി അമ്പാടിയേം കൊഞ്ചിച്ച് ഇരുന്നു. ഇടയ്ക്കുള്ള അമ്പാടിയുടെ കൊഞ്ചലുകൾ ഒഴിച്ചാൽ പിന്നെ കാറിനകത്ത് ഭയങ്കര നിശബ്ദതയായിരുന്നു.

അമ്മയും മുത്തശ്ശിയും ഇടയ്ക്ക് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അമ്പാടി കളിച്ചു ക്ഷീണിച്ചുവെന്ന് തോന്നുന്നു. അനക്കമൊന്നും കാണാതെ നോക്കിയപ്പോൾ കുഞ്ഞിക്കണ്ണുകൾ ചീമ്പിയടയുന്നതാണ് കണ്ടത്. ഉടനെ എന്റെ മാറോട് ചേർത്തുകിടത്തി തോളിൽ പതിയെ തട്ടിയപ്പോൾ അവൻ ഉറങ്ങി. സീറ്റിൽ ചാരിയിരുന്ന് ഞാനും കണ്ണുകളടച്ചു. എന്തോ ഉൾപ്രേരണയിലാണ് പെട്ടന്ന് കണ്ണ് തുറന്നത്. നോക്കിയപ്പോൾ മനസിലായി വീട്ടിലെത്തിയെന്ന്. കാർഷെഡിലാണ് ഇപ്പോൾ കാർ നിൽക്കുന്നത്. വണ്ടിയിലുണ്ടായിരുന്ന ബാക്കിയുള്ളവർ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്നത് ഞാനും ആനന്ദേട്ടനും അമ്പാടിയുമാണ്. “എന്റെ പേരിനൊപ്പം ആരുടെ പേര് ചേർക്കണം ന്ന് എനിക്കറിയാം. അതിന് പറ്റിയില്ലെങ്കിൽ ആ സ്ഥാനത്ത് മറ്റൊന്ന് ചേർക്കാൻ ആരും ശ്രമിക്കണ്ട. ആരും.

” അവനെ മടിയിൽ നിന്നെടുത്ത് തോളിൽ കിടത്തി ഇറങ്ങാനൊരുങ്ങിയതും ആനന്ദേട്ടൻ പറയുന്നത് കേട്ടു. എന്നിട്ട് എന്നേക്കാൾ മുന്നേ ദേഷ്യത്തിൽ ഡോർ തുറന്ന് ഇറങ്ങിപോയി. ആ കേട്ടതിന്റെ അമ്പരപ്പ് മാറിയപ്പോൾ മോനെയുമെടുത്ത് ഞാനും പിറകെ ഇറങ്ങി. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്. എല്ലാ ആഘോഷങ്ങൾക്കും നിന്നുകൊടുക്കുകയും കളിച്ചിരികളിൽ പങ്കാളിയാകുകയും ചെയ്യുന്നുണ്ടെങ്കിലും ആ സന്തോഷം വെറും കൃത്രിമമാണെന്ന് എനിക്ക് മനസിലായി. ആ മനസ് എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാഞ്ഞിട്ടല്ല. എനിക്കിപ്പോ ഇങ്ങനെ പെരുമാറാനേ കഴിയൂ. നമ്മളിലെ പ്രണയം സത്യമാണെങ്കിൽ അത് കാലം തെളിയിക്കട്ടെ. അല്ലെങ്കിൽ…… അല്ലെങ്കിൽ എനിക്കറിയില്ല. പറഞ്ഞത് പോലെ തന്നെ ഉച്ചയോടു കൂടി മാനുവേട്ടൻ വീട്ടിൽ ഹാജർ വെച്ചു.

വന്നുകയറിയതും മാനുവേട്ടൻ എന്നോട് ആദ്യം ചോദിച്ചത് വിജയെ കൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ ന്നാണ്. ഇല്ലെന്ന് പറയാനാണ് തോന്നിയത്. നേരം കഴിയുംതോറും ബര്ത്ഡേ പാർട്ടിക്ക് അതിഥികൾ ഓരോരുത്തരായി വന്നുതുടങ്ങി. അധികം ആരുമില്ല അയല്പക്കത്തുള്ളവരും പിന്നെ അടുത്ത ചില കൂട്ടുകാരും മാത്രം. പിന്നെ ബാക്കി വീട്ടിൽ തന്നെ ഉണ്ടല്ലോ. പ്രകൃതിയിൽ ഇരുട്ട് പടരുന്നതിനനുസരിച്ച് ചുറ്റും ഒരുക്കിയ അലങ്കാരവിളക്കുകൾ തെളിഞ്ഞു. സമയം പോകുന്നതിനനുസരിച്ച് വല്ലാത്ത ടെൻഷൻ തോന്നി. വേറൊന്നുമല്ല. ഫ്രീക്കൻ പഠിപ്പിച്ചു തന്ന ഡാൻസ് തന്നെ പ്രശ്നം. അതും ഇപ്പോഴത്തെ അവസ്ഥയിൽ ആനന്ദേട്ടന്റെ മുന്നിൽ. എങ്ങാനും തെറ്റിച്ചാൽ ആ തെണ്ടി എന്നെ കൊല്ലും. എങ്ങനെ രക്ഷപെടുമെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

ഇതിനിടയിൽ കുതിര വന്ന്‌ എന്നോട് സംസാരിച്ചു. വളരെ ഫ്രണ്ട്‌ലിയായിട്ട്. എല്ലാവരും അവളെ ഒന്നിനും കൂട്ടാത്തതിൽ ഒത്തിരി സങ്കടമുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ അവൾക്ക് കമ്പനി കൊടുക്കാൻ തീരുമാനിച്ചു. എല്ലാരോടും പറഞ്ഞ് കൂടെ കൂട്ടി. എന്റെ ടെൻഷൻ കണ്ട് അവളൊരുപാട് സമാധാനിപ്പിക്കാൻ ശ്രമിച്ചു. കൂടെ ഋതുവും. എല്ലാരും കൂടി സപ്പോർട്ട് ചെയ്തപ്പോൾ ഒരുവിധം ശെരിയായി. പിന്നെ ഒരു അവസാനറിഹേഴ്സൽ നോക്കാമെന്നു പറഞ്ഞ് മൂന്നു പേരും കൂടി കളിച്ചുനോക്കി. അതോടെ എന്റെ ആത്മവിശ്വാസം കൂടി. അങ്ങനെ മുറ്റത്ത് കെട്ടിയ കുഞ്ഞു സ്റ്റേജിന് മുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ഋതുവും മറ്റും കൂടെ തന്നെയുണ്ട്. അപ്പോഴാണ് തൊട്ടപ്പുറത്തെ വരിയിൽ മനുവേട്ടനോട് സംസാരിച്ചിരുന്ന ആളിൽ എന്റെ കണ്ണുടക്കിയത്.

“ഞാൻ ഇപ്പൊ വരാം ” ന്ന് ഋതുവിനോട് പറഞ്ഞ് വേഗം അവരുടെ അടുത്തേക്ക് നടന്നു. ഞാൻ അടുത്തെത്തിയപ്പോഴേക്കും മനുവേട്ടൻ പോയി കഴിഞ്ഞിരുന്നു. “ആന്റി… ” അടുത്ത് ചെന്ന് ഞാനവരെ വിളിച്ചു. വിളി കേട്ട് തിരിഞ്ഞുനോക്കിയ ആന്റിക്ക് എന്നെ മനസിലായില്ല ന്ന് തോന്നുന്നു. നെറ്റി ചുളിച്ച് എന്നെ നോക്കുന്നത് കണ്ടു. തലമുടി ആകെ നര വീണിരിക്കുന്നു. മുഖത്ത് കറുത്ത ഫ്രെമുള്ള ഒരു കണ്ണട സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും മായാത്ത ആ സുന്ദരമായ പതിവ് പുഞ്ചിരി ഇപ്പോഴും ഉണ്ട്. “ആന്റിക്ക് എന്നെ മനസിലായില്ല? പണ്ട് ഒറ്റപ്പാലത്ത് ടീച്ചറായിരുന്നപ്പോൾ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു അംബികയെ ഓർമ്മയുണ്ടോ? ” എന്നെ പിടി കിട്ടാതെയുള്ള ആ നിൽപ്പ് കണ്ടപ്പോൾ ഞാൻ ചോദിച്ചു. ഉടനെ ആ മുഖത്ത് അത്ഭുതം നിറഞ്ഞു. ശേഷം സന്തോഷത്തോടെ എന്നെ ചേർത്ത്പിടിച്ചു. “ഗാഥ മോളാണോ ഇത്? വല്ല്യേ കുട്ടിയായി. ആന്റിക്ക് തീരെ മനസിലായില്ല ട്ടോ. ”

“ആന്റി ഇപ്പൊ എവിടെയാ? ഇവിടെ? ” “എന്റെ പഴയ സ്റ്റുഡന്റ്ന്റെ ബര്ത്ഡേയല്ലേ? അവൻ വിളിച്ചിട്ട് വന്നതാ. പിന്നെ ഞാനിപ്പോൾ ആ സ്കൂളിൽ തന്നെ ണ്ട്. HM ആയിട്ട്. അംബികയ്ക്കും കുട്ട്യോൾക്കും സുഖം തന്നെയല്ലേ? ” “സുഖായിട്ടിരിക്കുന്നു. ചേച്ചിടെ കല്യാണം കഴിഞ്ഞു. കണ്ണൻ ഗൾഫിലാണ്. പിന്നെ കേശവൻ മാമ റിട്ടേർഡ് ആയി അപ്പച്ചിക്ക് കൂട്ടിരിക്കണു. ഞാൻ ഇവരുടെ കമ്പനിയിലാ ജോലി ചെയ്യുന്നേ. ” “അപ്പൊ… നിങ്ങള് തമ്മിലുള്ള പണ്ടത്തെ പ്രശ്നമൊക്കെ സോൾവായോ? ” “എന്ത് പ്രശ്നം? ആര് തമ്മില്? ” “മോളും വിജയ് യും തമ്മിലുള്ള പ്രശ്നം. ” “ഞങ്ങൾ തമ്മിൽ…. എന്താ…. എനിക്ക് ഓർമയില്ല. ” “അന്ന് ആനുവൽ ഡേയ്ക്ക് സ്കൂളിൽ വന്നപ്പോൾ മോള്ടെ ചോക്ലേറ്റ് തട്ടിക്കളഞ്ഞ് മോളെയും തള്ളിയിട്ട് ഓടിപോയ ഒരു വികൃതിചെക്കനെ മോൾക്ക് ഓർമ്മയുണ്ടോ? ” ആന്റി ചോദിച്ചപ്പോൾ ഞാൻ ഉവ്വെന്ന് തലയാട്ടി. “ആഹ്…. എന്നാൽ അന്നത്തെ ആ വികൃതിചെക്കനാണ് ഇന്നത്തെ ബര്ത്ഡേ ബോയ്. ദാ ആ നിൽക്കുന്ന വിജയാനന്ദ്.

എന്റെ എക്കാലത്തെയും ഫേവറൈറ് സ്റ്റുഡന്റ്. ” സ്റ്റേജിലേക്ക് കയറിപോകുന്ന ആനന്ദേട്ടനെ കാണിച്ചു കൊണ്ട് ആന്റി പറഞ്ഞപ്പോൾ കേട്ടതൊന്നും വിശ്വസിക്കാനാകാതെ ഞാൻ തറഞ്ഞു നിന്നു. പിന്നെയും ആന്റി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും ഞാൻ കേട്ടില്ല. എന്റെ ശ്രദ്ധ മുഴുവനും ആനന്ദേട്ടനിലായിരുന്നു. പെട്ടന്ന് സ്റ്റേജിൽ ഋഷിയുടെ അനൗൺൻസ്മെന്റ് മുഴങ്ങികേട്ടു. “പ്രിയമുള്ളവരേ, ഇന്നത്തെ നമ്മുടെ താരം ഏവരുടെയും പ്രിയങ്കരനായ ഞങ്ങളുടെ വല്യേട്ടൻ വിജയാനന്ദ് വര്ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം, തന്റെ സ്വരമാധുരിയിൽ വീണ്ടും ഒരു ഗാനം ആലപിക്കാൻ പോവുകയാണ്. എല്ലാവരും ഒരു വലിയ കൈയ്യടി കൊടുത്തേ……. ” കരഘോഷങ്ങൾക്ക് ശേഷം ഋഷിയുടെ കൈയിൽ നിന്നും മൈക്ക് വാങ്ങിച്ച് ആനന്ദേട്ടൻ പാടിത്തുടങ്ങി.

🎶🎶 അആഹ് ..അആഹ് ..അആഹ് .. നീലരാവിൽ ഇന്നു നിന്റെ താരഹാരമിളകി നീലരാവിൽ ഇന്നു നിന്റെ താരഹാരമിളകി സോമബിംബകാന്തിയിന്നു ശീതളാങ്കമേകി പാർവതീപരിണയയാമമായി ആതിരേ ദേവാംഗനെ കുളിരഴകിൽ ഗോരോചനമെഴുതാനണയൂ നീലരാവിൽ ഇന്നു നിന്റെ താരഹാരമിളകി ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ പനിമതിമുഖിബാലെ ഉണരൂ നീ ഉണരൂ അരുകിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായ് നീലരാവിൽ ഇന്നു നിന്റെ താരഹാരമിളകി 🎶🎶

ആനന്ദേട്ടൻ പാട്ട് പാടിനിർത്തുമ്പോൾ എന്റെ മിഴികൾ കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. തലയ്ക്ക് വല്ലാത്ത ഘനം തോന്നി. കാലുകൾ തളരുന്നപോലെ… ഒരാശ്രയത്തിനായി അടുത്ത് കണ്ട ചെയറിൽ പിടിച്ചുനിന്നു. സ്റ്റേജിൽ കേക്ക് മുറിക്കലും ബഹളവുമായിരുന്നു. പതിയെ ചെയറിലേക്കിരുന്ന് മുന്നിലെ ചെയറിൽ തലചായ്ച്ചു കിടന്നു. എത്രനേരം അങ്ങനെയിരുന്ന് കരഞ്ഞുവെന്ന് അറിയില്ല. തോളിലൊരു കരസ്പർശം അറിഞ്ഞാണ് തലയുയർത്തി നോക്കിയത്. മനുവേട്ടനായിരുന്നു. “ഗാഥാ…. ” ആ വിളിയിൽ തന്നെ മനസിലാവുന്നുണ്ട് മനുവേട്ടൻ എല്ലാം അറിഞ്ഞിരുന്നുന്ന്. “എപ്പോഴായിരുന്നു? ” നിർവികാരമായി ആ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് ഞാൻ ചോദിച്ചു. “ഓഫിസിലെ ഓണാഘോഷത്തിന്റെ അന്ന്. ക്യാബിനകത്ത് നിന്നോട് എന്താ പറഞ്ഞത് ന്നറിയാൻ ചോദിച്ചപ്പോൾ….. ” മനു അന്നത്തെ ആ സംഭാഷണം ഓർത്തെടുത്തു. 💠💠💠💠

“വിജയ് നിന്ന് ചിരിക്കാനല്ല നിന്നോട് പറഞ്ഞത്. ഗാഥയെ എന്തിനാ…..” “മനു… കൂൾ കൂൾ. ഞാൻ പറയാം. ആദ്യം ഞാൻ ചോദിക്കുന്നതിന് മറുപടി പറ. ഗാഥയെ നീ എന്നാ ആദ്യമായിട്ട് കണ്ടത്? ” “കുറച്ചു ദിവസം മുൻപ് ഗീതുന്റെ ഒപ്പം മാളിൽ വെച്ച്. ” “അപ്പോൾ വർഷങ്ങൾക്ക് മുൻപ് നമ്മുടെ സ്കൂളിൽ വെച്ച് ആനുവൽഡേ ഫങ്ക്ഷന് അവളെ കണ്ടത് നിനക്ക് ഓർമയില്ലേ? ഒരു പച്ച പട്ടുപാവാടയും ബ്ലൗസുമിട്ട്, മുടി രണ്ടുവശവും മുകളിലേക്ക് കെട്ടിവെച്ച ഒരു കുറുമ്പി. അവള്ടെ ചോക്ലേറ്റ് തട്ടികളഞ്ഞതിന് എന്നോട് വഴക്ക് കൂടിയത്…. അതവളാ ആ പോയവൾ. ഗാഥ. ഇത്രയും നാളും ഞാൻ തേടിയത് അവളെയാണ്. നിങ്ങളൊക്കെ കളിയാക്കി പറഞ്ഞിരുന്ന എന്റെ ഭ്രാന്ത്. ഞാൻ കാത്തിരുന്ന എന്റെ പ്രണയം. ” “വിജയ്…!!! ” അതിശയത്തോടെയുള്ള മനുവിന്റെ ആ വിളിക്ക് ഗാഥ പൊയ വഴിയെ നോക്കി അവനൊന്നു മൂളുക മാത്രമേ ചെയ്തുള്ളു. 💠💠💠💠

മനുവേട്ടൻ പറഞ്ഞത് കേട്ട് എനിക്കാകെ തല പെരുക്കുന്നത് പോലെ തോന്നി. അപ്പോൾ ആനന്ദേട്ടൻ കാത്തിരിക്കുന്ന ആ പെൺകുട്ടി. അത് ഞാനായിരുന്നോ? മുൻപ് ആനന്ദേട്ടൻ പറഞ്ഞതോരോന്നും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. പതിവായി കാണുമ്പോൾ തരാറുള്ള ചോക്ലേറ്റ്സ് ഒരു കടം വീട്ടലാണെന്ന് ഒരിക്കൽ പറഞ്ഞപ്പോൾ ഞാനിത്രയും പ്രതീക്ഷിച്ചില്ല. കാത്തിരിക്കുന്ന തന്റെ പ്രണയം തന്റെ മുന്നിലെത്തുമെന്നും താൻ സ്വന്തമാക്കുമെന്നും അത്രമേൽ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോഴും…. അത് ഞാൻ തന്നെയാണെന്ന് അറിഞ്ഞില്ല….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 30

Share this story