നീ മാത്രം…❣️❣️ : ഭാഗം 32

നീ മാത്രം…❣️❣️ : ഭാഗം 32

എഴുത്തുകാരി: കീർത്തി

“ഒരു സൂചനയെങ്കിലും തരായിരുന്നില്ലേ? ” “ഗാഥാ… ഞാൻ…. ” മനുവേട്ടൻ പറയാനൊരുങ്ങിയപ്പോൾ നിഷേധാർത്ഥത്തിൽ കൈയുയർത്തി ഞാൻ പറയാൻ തുടങ്ങിയതും എവിടുന്നൊക്കെയോ ഋതുവും പടകളും എത്തി. ഡാൻസിന് വിളിക്കാൻ വന്നതാണ്. കരഞ്ഞുകലങ്ങിയ എന്റെ മുഖം കണ്ടപ്പോൾ എല്ലാവരും കാര്യമന്വേഷിക്കാൻ തുടങ്ങി. കണ്ണിൽ എന്തോ പോയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. “എനിക്ക് കുറച്ചു വെള്ളം വേണം. ” കേട്ട പാതി കേൾക്കാത്ത പാതി കുതിര “ഇപ്പൊ കൊണ്ടുവരാം” ന്നും പറഞ്ഞ് ഓടി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ്‌ ജ്യൂസുമായി അവളെത്തി. ആദ്യത്തെ തുള്ളി വായിൽ വീണപ്പോൾ തന്നെ എന്തോ ഒരു രുചിവ്യത്യാസം തോന്നിയെങ്കിലും വല്ല്യ വല്ല്യ ആൾക്കാരല്ലേ വില കൂടിയ വല്ല ജ്യൂസും ആയിരിക്കും അതെന്ന് കരുതി ഒറ്റവലിക്ക് തന്നെ അത് കുടിച്ചു തീർത്തു.

എന്നിട്ട് ഋഷിയോടൊപ്പം എഴുന്നേറ്റു പോയി. അവൻ ഒരുപാട് കഷ്ടപ്പെട്ടതല്ലേ. ഞാൻ കാരണം അവന്റെ പ്രയത്നം ഒന്നുമാവാതെ പോകരുത് ന്ന് ഞാനാഗ്രഹിച്ചു. വിവിധ മിക്സഡ് പാട്ടുകളാണ് സെലക്ട്‌ ചെയ്തിരുന്നത്. അവസാനം സെറ്റ് ചെയ്തിരിക്കുന്ന വല്യേട്ടൻ സിനിമയിലെ പാട്ട് സ്റ്റേജിൽന്ന് താഴെയിറങ്ങി ആനന്ദേട്ടന് ചുറ്റും നിന്നാണത്രെ കളിക്കണ്ടത്. ചെക്കന്റെ ഓരോരോ കണ്ടുപിടിത്തങ്ങളേയ്…. സ്റ്റേജിൽ കയറി പാട്ട് പ്ലേ ആയപ്പോൾ ആ ശബ്ദം കേട്ട് തലയ്ക്ക് വല്ലാത്ത പെരുപ്പ് തോന്നി. ആകെമൊത്തം കറങ്ങുന്ന പോലെ. എങ്ങനെയൊക്കെയോ കളിച്ചു തീർത്തു. കണ്ടു നിന്നവരും താഴെ നല്ല ആവേശത്തിലായിരുന്നു. ആനന്ദേട്ടന്റെ കണ്ണുകൾ പക്ഷെ എന്നിൽ തന്നെയാവുമല്ലോ. അതറിയാവുന്നത് കൊണ്ട് കളി തെറ്റാതിരിക്കാൻ അങ്ങോട്ട് നോക്കാനേ പോയില്ല. ഒന്നാമത് തലക്കറക്കം രണ്ട് ചമ്മൽ.

അവസാനപാട്ട് വന്നതും മൂന്നുപേരും ഒരുപോലെ സ്റ്റേജിൽ നിന്നു താഴേക്ക് ചാടി. പെട്ടന്നുള്ള ചാട്ടത്തിൽ കാലിൽ കല്ലോ മറ്റൊ കുത്തിയത് അറിഞ്ഞു. എന്നാലും നിർത്തിയില്ല കളിച്ച് അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു. പെട്ടന്ന് എന്തോ കണ്ണുകൾ അടഞ്ഞുപോകാൻ തുടങ്ങി. കാലുകൾ തളരുന്നത് പോലെ. കാഴ്ചയും മങ്ങുന്നുണ്ടായിരുന്നു. അസഹ്യമായ തലവേദനയും. ഇപ്പോൾ വീണുപോകുമെന്ന് ആയപ്പോൾ അടുത്ത് കണ്ട ആളുടെ ഷർട്ടിൽ പിടി മുറുക്കി. വൈകാതെ ആ കൈകളിലേക്ക് തളർന്നു വീണത് ബോധം മറയുന്ന ആ സമയത്ത് അവസാനമായി ഞാനറിഞ്ഞു. ആരുടെയൊക്കെയോ വിളികളും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. 💠💠💠

രാവിലെ വളരെ ആയാസപ്പെട്ടാണ് കണ്ണുകൾ വലിച്ചു തുറന്നത്. തലയ്ക്ക് ഇപ്പോഴും ചെറിയൊരു കറക്കവും വേദനയും തോന്നുന്നുണ്ട്. ഇത്രയും നേരമായിട്ടും ഇത് ഇതുവരെ മാറിയില്ലേ? ഇന്നലെ രാത്രി എന്താ ഉണ്ടായത്? ആരുടെയോ കൈയിലേക്ക് മയങ്ങി വീണത് ഓർമയുണ്ട്. പിന്നെന്താ ഉണ്ടായത്? ഇല്ല. എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ പറ്റുന്നില്ല. ആരോടേലും ചോദിക്കാം. ഇപ്പൊ ഏതായാലും എണീക്കട്ടെ ന്ന് കരുതി ബെഡിൽ ന്ന് കാലെടുത്ത് താഴ്ത്തിയിട്ടത് മാത്രമേ ഓര്മയുള്ളൂ ഈരേഴു ലോകങ്ങളും കണ്ട സുഖം. “ആഹ്…. അച്ഛാ….. ” നോക്കിയപ്പോൾ കാൽ പാദം മുഴുവനും വെള്ളതുണികൊണ്ട് കെട്ടിവെച്ചിരിക്കുന്നു. ഇതെന്താ സംഭവം? ന്റെ കാലിന് ഇതെന്തു പറ്റി.

ഇന്നലെ ബോധം പോകുന്നത് വരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ? ഞാൻ ആലോചിച്ചു. “ചേച്ചി എണീറ്റോ? എന്താ ചേച്ചി വേദനിക്കുന്നുണ്ടോ? ” എന്റെ നിലവിളി കേട്ട് എണീറ്റ ഋതു ആധിയോടെ ചോദിച്ചു. “ഋതു എന്റെ കാലിന് എന്താ പറ്റിയത്? ” “അപ്പൊ ചേച്ചിക്ക് ഇന്നലെ നടന്നതൊന്നും ഓർമയില്ലേ? ” ഞാൻ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടിയതും പെണ്ണ് ഒട്ടും ഒട്ടും ന്ന് പറഞ്ഞ് വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ഞാനല്പം ദേഷ്യം നടിച്ചു. അതോടെ ആള് എനിക്ക് ബോധം പോയത് മുതലുള്ള എല്ലാം വള്ളിപുള്ളി തെറ്റാതെ എനിക്ക് പറഞ്ഞുതരാൻ തുടങ്ങി. “ചേച്ചി വിജയ് ഏട്ടന്റെ കൈയിലേക്ക് ബോധംകെട്ട് വീണത് വരെ ഓർമയുണ്ടല്ലോ ലെ ? ” “ഈശ്വരാ അത് ആനന്ദേട്ടനായിരുന്നോ? ” ഞാൻ നെഞ്ചത്തു കൈവെച്ചുകൊണ്ട് ഉച്ചത്തിൽ ചോദിച്ചു. “അത് പറഞ്ഞപ്പഴാ ഓർത്തത്.

ചേച്ചി ഏട്ടനെ എന്താ ആനന്ദേട്ടൻ ന്ന് വിളിക്കണേ. ഇന്നലെയും കേട്ടു കുറേവട്ടം അരവിന്ദേട്ടൻ ചേച്ചീടെ കാലിൽ സ്റ്റിച്ച് ഇടുമ്പോൾ വിജയ് ചേട്ടനെ ആനന്ദേട്ടാ ആനന്ദേട്ടാ ന്നും വിളിച്ചു നിലവിളിക്കണത്. ഏട്ടനെ അനന്തൻ മാമൻ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ. ഏട്ടന് വിജയ് ന്ന് ഇടണംന്നായിരുന്നു അപ്പച്ചിക്ക് മാമയ്ക്ക് ആനന്ദ് ന്നും അവസാനം രണ്ടും കൂടെ കൂട്ടിചേർത്ത് ഇട്ടതാണ് വിജയാനന്ദ് ന്ന്. ” ഓഹ്… അപ്പൊ അങ്ങനെയൊരു കഥയും ണ്ടാർന്നോ? എല്ലാരും കേട്ടിട്ടുണ്ടാവില്ലേ ഞാൻ വിളിച്ചത്? ദൈവമേ എല്ലാം കൈയ്യിൽ ന്ന് പോയിന്നാ തോന്നണത്. ബോധമില്ലാതെ വേറെയും എന്തൊക്കെയാ വിളിച്ചുകൂവിയേ ആവോ? ഞാൻ മനസ്സിൽ ഓർത്തു. “അത്… പിന്നെ…. ഞാൻ…പെട്ടന്ന്….. അത് പോട്ടെ നീ കാര്യത്തിലേക്ക് വാ. എന്റെ കാലിന് എന്താ പറ്റിയത് ന്ന് പറ. ” ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു.

“ധൃതി വെയ്ക്കണ്ട ന്നാ കേട്ടോ. ചേച്ചി ഏട്ടന്റെ കൈയിലേക്ക് ബോധം കെട്ടുവീണില്ലേ. സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ ഞങ്ങളെല്ലാരും ശെരിക്കും പേടിച്ചു. പിന്നെ ഞങ്ങള് ചേച്ചിയെ കുലുക്കിവിളിക്കണതിന്റെ ഇടയിൽ ചേച്ചി എന്തൊക്കെയോ പറയാൻ ശ്രമിച്ചു. അപ്പോഴാണ് എങ്ങനെയാ ചേച്ചീടെ ബോധം പോയത് ന്ന് എല്ലാവർക്കും മനസിലായത്. നമ്മടെ കാർന്നോന്മാർക്ക് വെച്ചിരുന്ന സ്പെഷ്യൽ ജ്യൂസാണ് ചേച്ചി ഇന്നലെ കുടിച്ചത്. ” “എപ്പോ? ഞാനതിന് ആ പരിസരത്തേക്കേ പോയിട്ടില്ല. ” “അത് സസ്പെൻസ് ആണ്. മുഴുവനും കേൾക്കന്നേ. അപ്പൊ അങ്ങനെ അതോണ്ടാവും ബോധം പോയത് ന്ന് ഞങ്ങൾ വിചാരിച്ചു. പക്ഷെ അല്ല. ഏട്ടൻ അപ്പൊ തന്നെ ചേച്ചിയെ പൊക്കികൊണ്ടുവന്ന് സോഫയിൽ കിടത്തി.

വല്യമ്മ മോര് എടുക്കാൻ പോയ നേരത്ത് ഋഷി നിലത്തൊക്കെ രക്തക്കറ കണ്ട് നോക്കിയപ്പോൾ മുറ്റത്തുന്ന് ചേച്ചീടെ കാൽ വരെ ആ വഴി കാണുന്നുണ്ടായിരുന്നു. നോക്കിയപ്പോൾ ഒരു കുപ്പിചില്ല് കാലിൽ കുത്തികയറിയിരിക്കണു. അന്നേരം കാലൊന്ന് കാണേണ്ടതായിരുന്നു. ഫുൾ ചുവന്നു… കാലിൽ ന്ന് ഇറ്റുവീഴായിരുന്നു ചോര. വേഗം അരവിന്ദേട്ടൻ വീട്ടിൽ കൺസൾട്ടിങ് റൂമിൽ പോയി സാധനങ്ങളൊക്കെ എടുത്ത് വന്നു മുറിവ് സ്റ്റിച്ചിട്ട് ദാ കാൽ ഇങ്ങനെയാക്കിയെടുത്തു. രണ്ടുമൂന്ന് സ്റ്റിച്ചുണ്ട് ട്ടാ. നന്നായി സൂക്ഷിക്കണം. എല്ലാം കഴിഞ്ഞ് ഏട്ടൻ തന്നെയാ ഇവിടെ കൊണ്ടോന്ന് കിടത്തിയെ. പിന്നെ താഴെ ഒരു വിചാരണയായിരുന്നു. ” “എന്തിന്റെ? ” “ഇതിന്റെയൊക്കെ!!. ഋഷി ചേച്ചിയെ ഡാൻസിന് വിളിക്കാൻ വന്നപ്പോൾ ചേച്ചി കുടിക്കാൻ വെള്ളം ചോദിച്ചില്ലേ?

അപ്പോൾ സായൂജ്യയല്ലേ ചേച്ചിക്ക് വെള്ളം കൊണ്ടുവന്നു തന്നത്. അവള് തന്നത് മറ്റതായിരുന്നു. പിന്നെ നിങ്ങടെ ഡാൻസിന്റെ പ്ലാനിങ്ങെല്ലാം മനസിലാക്കി ചേച്ചി സ്റ്റേജിൽ ന്ന് ചാടുന്ന സ്ഥലത്ത് തന്നെ കുപ്പിചില്ല് കൊണ്ടിട്ടതും അവളാണ്. അത്രയും നേരം ഇടഞ്ഞ് നിന്നിട്ട് പെട്ടന്ന് കൂട്ട് കൂടാൻ വന്നപ്പഴേ എനിക്ക് സംശയം ണ്ടാർന്നു. പക്ഷെ അതിങ്ങനെ ഒന്നിനായിരിക്കും ന്ന് ഒരിക്കലും വിചാരിച്ചില്ല. ഏട്ടനും വല്യച്ഛനുമൊക്കെ അപ്പൊ തന്നെ അവളെ ഒത്തിരി വഴക്ക് പറഞ്ഞു. അവസാനം മുത്തശ്ശി തന്നെ അവരോട് വീട്ടിൽന്ന് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇനി മേലാൽ കണ്മുന്നിൽ കണ്ടു പോകരുത് ന്നാ അവളോട് ഏട്ടൻ പറഞ്ഞിരിക്കുന്നെ. ” അവള് പറഞ്ഞതെല്ലാം കേട്ട് ഞാൻ താടിയ്ക്ക് കൈ കൊടിത്തിരുന്നുപോയി.

കുറച്ചു നേരം ഞാനൊന്ന് ബോധം പോയി കിടന്നപ്പോഴേക്കും ഇവിടെ എന്തൊക്കെ സംഭവിച്ചു ന്റെ ഭഗവാനെ…. പിന്നീട് ഓരോ കാര്യങ്ങൾക്കും ഋതു കൂടെ തന്നെ ഉണ്ടായിരുന്നു ഒരു സഹായിയായി. ഇടയ്ക്ക് അമ്മ വരും. എല്ലാം അന്വേഷിക്കും. അരവിന്ദേട്ടനും ഓരോ കാര്യങ്ങളും പറഞ്ഞു തന്നിട്ട് പോയി. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാനും പറഞ്ഞു. എല്ലാവരും ഓരോ തവണയെങ്കിലും വന്ന് അന്വേഷിച്ചു പോയി. പക്ഷെ ആനന്ദേട്ടൻ…. ആനന്ദേട്ടൻ മാത്രം വന്നില്ല. ഓരോ തവണ വാതിൽക്കൽ ആളനക്കം കാണുമ്പോഴും വിചാരിക്കും ആനന്ദേട്ടൻ ആവുംന്ന്. പക്ഷെ ആ തോന്നലുകൾ വെറുതെയായിരുന്നു….

ഒന്ന് വന്ന് എത്തിനോക്കുക പോലും ചെയ്തില്ല. ഋതുവിനോട് ചോദിച്ചപ്പോൾ തിരക്കിലാണെന്ന് മാത്രം പറഞ്ഞു. എത്ര തിരക്കാണെങ്കിലും ഒന്ന് വന്ന് നോക്കി പൊയ്ക്കൂടേ. ഒന്നുമില്ലേലും എന്നെ ഇങ്ങനെയൊക്കെ പറ്റിച്ചതല്ലേ…. ഒന്ന് കാണാൻ ഞാനും ആഗ്രഹിച്ചു. പക്ഷെ ആള് മാത്രം വന്നില്ല. 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ബാൽക്കണിയിലെ തിണ്ണയിൽ കാലും നീട്ടിവെച്ച് ചുവരിനോട്‌ ചാരി മാനത്തേക്ക് നോക്കി എന്തോ ആലോചനയിലായിരുന്നു ആനന്ദ്. ഋഷിയുടെയും അരവിന്ദ്ന്റെയും കൂടെ അവൾ സ്റ്റേജിലേക്ക് കയറി പോകുന്നത് കണ്ടപ്പോൾ ആദ്യം അത്ഭുതമായിരുന്നു. ഇവളും ഇവരോടൊപ്പം ഡാൻസ് കളിക്കുന്നുണ്ടോ ന്ന് അല്ലെങ്കിൽ ഇതൊക്കെ എപ്പോ സംഭവിച്ചു ന്ന്. എന്തായാലും അതൊന്ന് കണ്ടുനോക്കാമെന്നു കരുതിയാണ് മുന്നിൽ തന്നെ പോയിരുന്നത്.

പക്ഷെ സ്റ്റേജിൽ കയറിയപ്പോൾ തൊട്ട് ആൾക്ക് എന്തോ വയ്യായ്ക പോലെ. എന്നിരുന്നാലും കളിച്ചു തുടങ്ങി കുറച്ചെത്തിയപ്പോൾ ആള് ഉഷാറായി. അവസാനം എല്ലാം കൂടി എന്റെ ചുറ്റും നിന്ന് കളിക്കാൻ തുടങ്ങിയപ്പോൾ ഇടയ്ക്കൊന്ന് ശ്രദ്ധ മാറിയെങ്കിലും പെട്ടന്ന് അവളെന്റെ ഷർട്ടിൽ കേറിപിടിച്ചപ്പോൾ എന്താണാവോ ന്ന് വിചാരിച്ചു. പിന്നെ കണ്ടു പെണ്ണ് തളർന്നു വീഴുന്നത്. ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ കാണായിരുന്നു. അപ്പോഴേക്കും എല്ലാവരും ചുറ്റും കൂടി. ഞങ്ങൾ എല്ലാവരും മാറി മാറി വിളിച്ചിട്ടും കണ്ണുതുറക്കാതായപ്പോൾ സത്യത്തിൽ പേടിച്ചുപോയി. എന്താ സംഭവിച്ചതെന്നും അറിയില്ല. ചോദിച്ചപ്പോൾ ആർക്കും അറിയുകേം ഇല്ല. പിന്നെയും കുറേ കവിളിൽ തട്ടി വിളിച്ചപ്പോൾ ഒരു തവണ. ഒരേയൊരു തവണ കണ്ണൊന്ന് തുറക്കുന്നത് കണ്ടു പിന്നെ എന്തോ പറയാൻ ശ്രമിച്ചു. പക്ഷെ നാവ്‌ വല്ലാതെ കുഴയുന്നുണ്ടായിരുന്നു. പറഞ്ഞതൊന്നും മനസിലായില്ലെങ്കിലും വേറൊരു കാര്യം പിടി കിട്ടി.

പെണ്ണ് കുടിച്ചതെന്തോ മാറിപോയിട്ടുണ്ട്. അല്ലെങ്കിലേ ബോധമില്ല. അതോടത്ത് ഇങ്ങനെയും. ഇതിനെയൊക്കെ ഞാനെങ്ങനെ പോറ്റുമോ എന്തോ? വെറുതെയല്ല പെണ്ണ് സ്റ്റേജിൽ നിന്ന് ഉറഞ്ഞുതുള്ളിയിരുന്നത്. ഒരുകണക്കിന് ബോധം കെട്ടത് നന്നായി. ഇല്ലെങ്കിൽ ചിലപ്പോൾ മേലേമാനത്ത് ഷാപ്പ് തുറക്കാൻ പോയേനെ. അതും ഇത്രയും ആളുകൾടെ മുന്നിൽ…. താമസിയാതെ ടെൻഷൻ അടിച്ചു ചുറ്റും നിൽക്കുന്നവരോട് കാര്യം പറഞ്ഞ് അവളെയും കൈയിൽ കോരിയെടുത്ത് വീട്ടിലേക്ക് നടന്നു. നടക്കുകയല്ല ഓടുകയായിരുന്നു ന്ന് പറയുന്നതാവും ശെരി. ന്നാലും സായൂജ്യ അങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല. അത്രയും നിയന്ത്രിക്കാൻ പറ്റാത്തത് കൊണ്ടാണ് അവരോട് ഇവിടുന്ന് ഇറങ്ങിപോകാൻ പറഞ്ഞത്.

അതിന്റെ കൂടെ ഗാഥ പറഞ്ഞതും കൂടിയായപ്പോൾ എനിക്ക് ആകെ നിയന്ത്രണം വിട്ടുപോയി. എന്തൊക്കെയായാലും ആ സമയത്ത് അവള് സാർ ന്ന് വിളിക്കാതെ ആനന്ദേട്ടാ ന്ന് തന്നെ വിളിച്ചല്ലോ സമാധാനം. എല്ലാം കഴിഞ്ഞ് റൂമിൽ കൊണ്ട്കിടത്തി പോരാൻ നേരം അവള്ടെ ബോധമില്ലാത്ത പിറന്നാൾ ആശംസയും. അത് കേട്ടപ്പോൾ അത്രയും നേരം ഞാനനുഭവിച്ച ടെൻഷനും ദേഷ്യവുമെല്ലാം ആ ഒരു നിമിഷം കൊണ്ട് ഇല്ലാതായി. ആ ഓർമയിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ആ പുഞ്ചിരിയോടെ തന്നെ അവൻ തന്റെ വലതുകവിളിൽ പതിയെ തലോടി….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 31

Share this story