അഞ്ജലി: ഭാഗം 28

അഞ്ജലി: ഭാഗം 28

എഴുത്തുകാരി: പാർവ്വതി പിള്ള

ദിയ ഫ്രഷായി വെളിയിലേക്ക് വന്നപ്പോൾ ഡൈനിങ് റൂമിൽ അനന്തനും അഞ്ജലിയും ഉണ്ണിക്കുട്ടനും ഉണ്ടായിരുന്നു….ദേവമ്മ കിച്ചണിൽ നിന്ന് ഓരോന്നായി ഡൈനിങ് ടേബിളിലേക്ക് എടുത്തുവെക്കുകയായിരുന്നു… ദിയ ദേവമ്മയോട് ആയി ചോദിച്ചു എന്റെ ടീ എവിടെ… ഇപ്പോൾതരാം മോളേ… അവർ വേഗം അകത്തേക്ക് പോയി ഒരു കപ്പിൽ ചായയുമായി വന്നു….ദിയയുടെ കൈകളിലേക്ക് ചായക്കപ്പ് കൊടുത്തുകൊണ്ട് പറഞ്ഞു…നല്ല പാലപ്പവും മുട്ടക്കറിയും ഉണ്ട്…മോൾ ഇരിക്ക്… കഴിക്കാം… ദിയ വേഗം അനന്തന് അരികിലേക്ക് കസേര വലിച്ചിട്ടു കൊണ്ട് ഇരുന്നു…അനന്തനോട് ഓരോന്ന് സംസാരിച്ചു കൊണ്ട് അവൾ കഴിക്കാൻ തുടങ്ങി… അതിനിടയിൽ ഉണ്ണിക്കുട്ടനോടും സംസാരിക്കുന്നുണ്ട്… അഞ്ജലി ഒരു പുഞ്ചിരിയോടെ മറു സൈഡിൽ കസേര വലിച്ചിട്ട് ഇരുന്നു…

പിന്നെ ദേവമ്മയോട് ആയി പറഞ്ഞു ദേവമ്മ കൂടി ഇരിക്ക്… നമുക്ക് ഒരുമിച്ച് കഴിക്കാം… എനിക്ക് കുറച്ചുകൂടി ജോലിയുണ്ട് മോളെ… ഞാൻ അത് കഴിഞ്ഞ് ഇരുന്നോളാം… അകത്തേക്ക് പോകാൻ തുടങ്ങിയ ദേവമ്മയുടെ കയ്യിൽ പിടിച്ച് അഞ്ജലി അവളുടെ അടുത്തേക്ക് ഇരുത്തി… ദിയ ഒരു പുച്ഛത്തോടെ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി… ഞങ്ങളുടെ വീട്ടിൽ സെർവന്റ്സ് ഒന്നും കൂടെയിരുന്ന് കഴിക്കാറില്ല… റാമിന് അറിയാം അവിടുത്തെ കാര്യങ്ങളൊക്കെ… അല്ലേ റാം… ദേവമ്മ ഈ വീട്ടിലെ ഒരംഗത്തെ പോലെയാണ്… വേറെ രീതിയിൽ ഞങ്ങൾ കണ്ടിട്ടില്ല….എന്നും ഞങ്ങൾ ഒരുമിച്ചിരുന്നാണ് കഴിക്കാറ്… അഞ്ജലി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ദേവമ്മയ്ക്ക് കഴിക്കാനായി പാലപ്പം എടുത്ത് പ്ലേറ്റിലേക്ക് വെച്ചു… ദേവമ്മയോടൊപ്പം കിച്ചണിൽ എല്ലാം ഒന്നൊതുക്കിയ ശേഷം അഞ്ജലി മുകളിലേക്ക് ചെന്നു … ബെഡിൽ കിടന്നു കൈ തലയ്ക്ക് മുകളിൽ വെച്ചുകൊണ്ട് അനന്തൻ എന്തൊ ആലോചിക്കുകയാണ്…

അഞ്ജലി അനന്തന് അരികിലേക്ക് ചെന്നു… എന്താ അനന്തേട്ടാ ഇത്ര വലിയ ആലോചന… അവൻ ബെഡിലേക്ക് എഴുന്നേറ്റിരുന്നു കൊണ്ട് അഞ്ജലിയുടെ മുഖത്തേക്ക് നോക്കി… ഒന്നും ഇല്ലെടോ ഞാൻ വെറുതെ… ഉണ്ണിക്കുട്ടൻ എവിടെ… അവൻ ദിയയോടൊപ്പം ഗാർഡനിൽ ഉണ്ട്…. എനിക്ക് അത്യാവശ്യമായി ഒന്ന് ഷോപ്പിൽ പോകണം അനന്തേട്ട…. ഞാൻ കഴിവതും വേഗം വരാൻ നോക്കാം… ഉണ്ണിക്കുട്ടനെ ഒന്ന് ശ്രദ്ധിക്കണേ… കണ്ണു തപ്പിയാൽ അവൻ ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങും …. അനന്തൻ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി…. എന്റെയും മോൻ അല്ലെടോ അവൻ… ശ്രദ്ധിക്കണമെന്ന് താൻ പ്രത്യേകം പറയണോ…. അഞ്ജലി ഒരു പുഞ്ചിരിയോടെ ഡ്രസ്സ് മാറാൻ ആയി കയറി… റെഡിയായി താഴെ ചെല്ലുമ്പോൾ ദിയയുടെ ഒപ്പം ഗാർഡനിൽ ബോൾ തട്ടി കളിക്കുകയാണ് ഉണ്ണിക്കുട്ടൻ….

അവൾ വേഗം അവന് അരികിലേക്ക് ചെന്നു… അവനെ ചേർത്തു പിടിച്ചുകൊണ്ട് കവിളിൽ ചുംബിച്ചു… ഉണ്ണിക്കുട്ടാ അടങ്ങിയിരിക്കണം കേട്ടോ… ആന്റിയുടെഅടുത്ത് കുസൃതി ഒന്നും കാണിക്കരുത്…. എന്താവശ്യമുണ്ടെങ്കിലും അച്ഛയോട് പറയണം… അവൻ അമ്മയെ നോക്കിപാൽപ്പല്ലു കാട്ടി കുസൃതിയോടെ തിരിഞ്ഞോടി… ദിയയോട് യാത്ര പറഞ്ഞു കൊണ്ട് അഞ്ജലി കാറിലേക്ക് കയറി.. പെട്ടെന്ന് വരാമെന്ന് പറഞ്ഞാണ് അഞ്ജലി വീട്ടിൽ നിന്നുംഇറങ്ങിയതെങ്കിലും ഷോപ്പിലെ തിരക്കുകൾ കാരണം ഒരുപാട് വൈകിയാണ് വീട്ടിൽ തിരികെ എത്തിയത്…. ഇതുവരെ ഇത്രയും ലേറ്റ് ആയിട്ട് ഇല്ല… അനന്തൻ വന്നതിനുശേഷം ഉണ്ണിക്കുട്ടൻറെ കാര്യത്തിൽ വലിയ ടെൻഷൻ ഒന്നുമില്ല… എന്നാലും അഞ്ജലിയെ കാണാതിരുന്നാൽ അവന് സങ്കടം അധികരിക്കും… വീട്ടിൽ ചെന്ന് കയറിയപാടെ അഞ്ജലിയുടെ കണ്ണുകൾ ഉണ്ണിക്കുട്ടനെ തിരഞ്ഞു…

അവളുടെ നോട്ടം കണ്ട് ദേവമ്മ പറഞ്ഞു ഇന്നു മുഴുവൻ ദിയ മോളുടെ കൂടെ ആയിരുന്നു… ഒരു വഴക്കും ഇല്ലായിരുന്നു…. ആഹാരം ഒക്കെ ദിയ മോളാ കൊടുത്തത്…മോൾ പോയി വേഷം മാറി വന്നു വല്ലതും കഴിക്കാൻ നോക്ക്… അവൾ ദിയയുടെ റൂമിലേക്ക് നടന്നു…. അവിടെ എന്തൊക്കെയോ ടോയ്സുകൾ എടുത്തു ദിയയെ കാണിച്ചു കൊടുക്കുകയാണ് ഉണ്ണിക്കുട്ടൻ… ഉണ്ണിക്കുട്ടാ…അഞ്ജലി വാതിലിൽ ചെന്ന് നിന്നുകൊണ്ട് വിളിച്ചു…അമ്മയുടെ വിളി കേട്ട മാത്രയിൽ അവൻ ഓടി പിടഞ്ഞ് അവളുടെ അരികിലേക്ക് എത്തി….രണ്ടുകയ്യും ഉയർത്തി അവളുടെ നേരെ നിന്നു… അഞ്ജലി അവനെ വാരിയെടുത്ത് തെരുതെരെ ഉമ്മ വച്ചു…. ദിയ അഞ്ജലിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു… ഇവൾക്ക് എല്ലാവരെയും മയക്കുവാനുള്ള ഒരു കഴിവുണ്ട്… അതല്ലേ റാം ഇവളിൽ അഡിക്ട് ആയി പോയത്… ഈ ചെറുക്കനെ രാവിലെ മുതൽ കൊണ്ടുനടക്കുന്നത് അല്ലേ…

ഇപ്പോൾ കണ്ടില്ലേ അവളെ കണ്ടപ്പോൾ ഓടി പോയത്… അവൾക്ക് ആകെ ദേഷ്യം തോന്നി… ഉണ്ണിക്കുട്ടനെയും എടുത്തു കൊണ്ട് മുകളിലേക്ക് കയറാനായി തിരിഞ്ഞ അഞ്ജലി കാണുന്നത് കൈയുടെ സ്ലീവ് മടക്കി വെച്ചുകൊണ്ട് ഇറങ്ങിവരുന്ന അനന്തനെ ആണ്…. താനെന്താ അഞ്ജലി ഇത്രയും ലേറ്റ് ആയത്…വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ലല്ലോ… നല്ല തിരക്കായിരുന്നു അനന്തേട്ടാ…രണ്ടിടത്തും ഞാൻ തന്നെ വേണ്ടേ മാനേജ് ചെയ്യാൻ… അഞ്ജലി ഫ്രഷായി വെളിയിലേക്ക് ഇറങ്ങുന്നത് വരെ അനന്തൻ ബെഡിൽ തന്നെ ഇരുന്നു… അവൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ അവളോട് ആയി പറഞ്ഞു… എടോ നാളെ നമുക്ക് തന്റെ വീട് വരെ ഒന്ന് പോകാം… താൻ നാളെ ഷോപ്പിലേക്ക് പോകണ്ട… അഞ്ജലി അത്ഭുതത്തോടെ അനന്തന്റെ മുഖത്തേക്ക് നോക്കി…. അവളുടെ നോട്ടം കണ്ട് അവൻ ചിരിയോടെ പറഞ്ഞു… ഒന്നുമില്ലഡോ വന്നിട്ട് ഇത്ര ആയില്ലേ…

തന്റെ അച്ഛനെ ഒന്ന് പോയി കണ്ടില്ലല്ലോ…പിന്നെ ഇന്ന് ആതി വിളിച്ചിരുന്നു… അവൾ പോകുന്നതിനു മുൻപ് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…. പോകാം അനന്തേട്ടാ… അഞ്ജലിക്ക് ആകെ സന്തോഷം തോന്നി….കുറെനാളായി അച്ഛന്റെ അടുത്തു പോയിട്ട്… രാത്രി എല്ലാവരും കൂടി ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ അനന്തൻ ദേവമ്മയോട് ആയി പറഞ്ഞു നാളെ ഞങ്ങൾ അഞ്ജലിയുടെ വീട് വരെ പോകും ദേവമ്മ വരുന്നുണ്ടോ ഞങ്ങളുടെ ഒപ്പം… ഇല്ല മോനേ എനിക്ക് മുട്ടിന് നല്ല വേദനയാണ്… ഇരുന്ന് യാത്ര ചെയ്യാൻ വലിയ പ്രയാസമാ.. നിങ്ങൾ പോയി വന്നാൽ മതി…. റാം ഞാൻ കൂടി വന്നോട്ടെ നിങ്ങളുടെ ഒപ്പം… എനിക്ക് കൂടി നിങ്ങളുടെ സ്ഥലം ഒക്കെ കാണാമല്ലോ…. അനന്തൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അഞ്ജലി വേഗം പറഞ്ഞു… അതിനെന്താ ദിയാ പോന്നോളൂ…

അനന്തൻ രൂക്ഷ ഭാവത്തിൽ മുഖമുയർത്തി അഞ്ജലിയെ നോക്കി…ഒന്നും പറയരുത് എന്ന അർത്ഥത്തിൽ അവൾ ദയനീയമായി അനന്തന്റെ മുഖത്തേക്ക് നോക്കി… പിറ്റേന്ന് രാവിലെ തന്നെഎല്ലാവരും അഞ്ജലിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു….വാതിൽക്കൽ തന്നെ ആതി കാത്തുനിൽപ്പുണ്ടായിരുന്നു…. കാറിൽ നിന്നും വെളിയിൽ ഇറങ്ങിയ അഞ്ജലിയെ അവൾ കെട്ടിപ്പിടിച്ച് തെരുതെരെ ഉമ്മ വച്ചു… പിന്നെ ഉണ്ണിക്കുട്ടനെ വാരിയെടുത്ത് വട്ടംകറക്കി…അവന്റെ വയറിൽ ഇക്കിളികൂട്ടി… അപ്പോഴാണ് പിന്നിലെ ഡോർ തുറന്ന് ഇറങ്ങുന്ന ദിയയെ കണ്ടത്… അവൾ ചോദ്യഭാവത്തിൽ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി… ഇത് ദിയ… അനന്തേട്ടൻ ഇവരുടെ വീട്ടിൽ ആയിരുന്നു ഇത്രയും നാൾ…. അല്ല ഇവരെ അകത്തോട്ട് കയറ്റുന്നില്ലേ ആതി മോളെ… വന്ന കാലിൽ തന്നെ പുറത്തുനിർത്തിയിരിക്കുവാണോ… വാസു ചേട്ടന്റെ ചോദ്യം കേട്ട് ആതി സ്വയം തലയിൽ കൊട്ടി..

എന്റെ ഒരു കാര്യം… ഞാൻ മറന്നു… അനന്തേട്ടാ… ചേച്ചി…ദിയേ…എല്ലാവരും അകത്തേക്ക് കയറി വാ…. ചേച്ചി എവിടെ വാസു ചേട്ടാ… അവൾ അടുക്കളയിൽ ഉണ്ട് മോളെ… നിങ്ങൾ വരുമെന്ന് അറിഞ്ഞു രാവിലെതന്നെ അടുക്കളയിൽ കയറിയതാ…. അപ്പോഴാണ് വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ അച്ഛൻ ഹാളിലൂടെ നടന്നുവരുന്നത് അഞ്ജലി കണ്ടത്… അച്ഛൻ… അവൾ പറഞ്ഞതുകേട്ട് അനന്തൻ മുഖമുയർത്തി നോക്കി…. ചെറുപുഞ്ചിരിയോടെ തങ്ങളെ നോക്കി നടന്നു വരുന്ന അച്ഛന് അരികിലേക്ക് അഞ്ജലി ഓടിയെത്തി… അച്ഛന്റെ കവിളിലും കൈകളിലും ഒക്കെ തലോടി… എങ്ങനെയുണ്ട് അച്ഛാ ഇപ്പോൾ… നല്ല കുറവുണ്ട് മോളെ…. എല്ലാവരും വെളിയിൽ തന്നെ നിൽക്കുവാണോ അകത്തേക്ക് കയറി ഇരിക്കു… ദിയ അകത്തേക്ക് വാ….ആതി ദിയയോടായി പറഞ്ഞു… ഇവിടെ നല്ല തണുത്ത കാറ്റ്…. അകത്തേക്ക് കയറാൻ തോന്നുന്നില്ല….

വീടിന്റെ പുറകു വശത്തു കൂടിയാണ് ഇവിടത്തെ പുഴ ഒഴുകുന്നത്…. അതാണ് ഇത്രയും തണുപ്പ്…. ദിയയുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു…. പുഴയിൽ ഇറങ്ങാൻ എനിക്ക് എന്തിഷ്ടമാണെന്നോ….അതിങ്ങനെ ശാന്തമായി ഒഴുകുന്നത് കണ്ടുനിൽക്കാൻ എന്തു ഭംഗിയാണ്….വൈകീട്ട് നമുക്ക് പോകാം പുഴയിലേക്ക്….. ഇപ്പോൾ താൻ അകത്തേക്ക് കയറി വാ…. ആതി അവളുടെ കയ്യും പിടിച്ച് അകത്തേക്ക് കയറി…. ഉച്ചയൂണിന് വിഭവസമൃദ്ധമായ സദ്യയാണ് വാസു ചേട്ടനും ചേച്ചിയും ഒരുക്കി വച്ചിരുന്നത്…. ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുമ്പോഴാണ് ദിയ ആതിയുടെ അടുത്തേക്ക് വന്നത്… ആതി നമുക്ക് പുഴയിൽ പോയാലോ… കേട്ട വഴി തന്നെ അവൾ ചാടി എഴുന്നേറ്റു… ഇപ്പോൾ തന്നെ പോയേക്കാം…. ദിയയുടെ അരികിലിരുന്ന് കാർ ഉരുട്ടി കളിക്കുകയായിരുന്ന ഉണ്ണിക്കുട്ടനും അവരോടൊപ്പം എഴുന്നേറ്റു…ദിയ അങ്ങോട്ടേക്ക് ഇറങ്ങിക്കോ…

ഞാൻ ചേച്ചിയോട് പറഞ്ഞിട്ട് വരാം… അഞ്ജലിയെ വിളിച്ച് വിവരം പറഞ്ഞതിനുശേഷം ആതി ഉണ്ണിക്കുട്ടനെയും എടുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി… കുത്തനെ കിടക്കുന്ന ഇറക്കം ഇറങ്ങി ചെന്ന് പുഴയിലെ തണുത്ത വെള്ളത്തിലേക്ക് കാല് വെച്ചപ്പോൾ മേലാകെ കുളിരുന്ന പോലെ തോന്നി ആതിക്ക്…ദിയയുടെ കണ്ണുകൾ അപ്പോൾ പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന കാട്ടു മുല്ലയിൽ ആയിരുന്നു… എന്ത് സ്വീറ്റ് സ്മെൽ ആണ് ഈ പൂവിന്…. അവൾ കൗതുകത്തോടെ അത്‌ നോക്കി നിന്നു…. ദിയ ഈ കള്ള കുട്ടനെ പിടിച്ചോ….ഞാൻ കുറച്ചു പൂവ് പിച്ചി എടുത്തു തരാം…. ഉണ്ണിക്കുട്ടനെ ദിയയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് ആതി ആറ്റിറമ്പിലേക്ക് നടന്നു… ദിയ…ഉണ്ണിക്കുട്ടനെ സൂക്ഷിക്കണേ….

കുറുമ്പനാണ്…. ദിയ പുഞ്ചിരിയോടെ അവനെ ചേർത്തുപിടിച്ചു…. ചാഞ്ഞുനിൽക്കുന്ന കാട്ടുമുല്ലയുടെ ചില്ല താഴ്ത്തി പൂവ് പിച്ചി എടുക്കുന്ന ആതിയെ നോക്കിനിന്നു ദിയ… രണ്ടു കൈ നിറയെ പുഞ്ചിരിയോടെ മുല്ലപ്പൂക്കളും ആയി വന്ന ആതിയുടെ കണ്ണുകൾ ഉണ്ണിക്കുട്ടനെ തിരഞ്ഞു… ഉണ്ണിക്കുട്ടൻ എവിടെ.. ദിയാ… അവൾ അമ്പരപ്പോടെ ചുറ്റുപാടും നോക്കി… ആതിയുടെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി… നാലുപാടും അവരുടെ കണ്ണുകൾ പാഞ്ഞു…. നിശബ്ദമായി കിടക്കുന്ന അവിടെ ആ രണ്ട് പെൺ കുട്ടികളുടെ അലറിക്കരച്ചിൽ അല്ലാതെ ഒന്നും കേൾക്കാൻ ഉണ്ടായിരുന്നില്ല…….തുടരും…..

അഞ്ജലി: ഭാഗം 27

Share this story