നീ മാത്രം…❣️❣️ : ഭാഗം 35

നീ മാത്രം…❣️❣️ : ഭാഗം 35

എഴുത്തുകാരി: കീർത്തി

“എന്താ ഇത്? ” ലെറ്റർ വാങ്ങിക്കാതെ എന്റെ കൈയിലേക്ക് നോക്കി, സംശയത്തോടെ ആനന്ദേട്ടൻ ചോദിച്ചു. “എന്റെ റേസിഗ്നേഷൻ ലെറ്റർ ആണ്. ഞാനീ ജോലി രാജി വെയ്ക്കാണ്. വിവാഹശേഷം ഇവിടെ തുടരാൻ സാധിക്കില്ല. ” “ഗാഥ… അപ്പൊ താൻ ബോണ്ട്‌ ബ്രേക്ക് ചെയ്യാണ്. എന്താ ഉണ്ടാവുക ന്ന്….. ” “കോമ്പൻസേഷന്റെ കാര്യമല്ലേ സാർ പറഞ്ഞു വരുന്നത്. ആ തുക ഞാൻ അടച്ചോളാം. ” ആനന്ദേട്ടൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്നേ ഞാൻ പറഞ്ഞവസാനിപ്പിച്ചു. “ഓഹ്… എല്ലാം തീരുമാനിച്ചു കഴിഞ്ഞു ലെ. അപ്പൊ ന്നാൽ ശെരി. അക്കൗണ്ട്‌സിൽ ചോദിച്ചാൽ കമ്പനിഅക്കൗണ്ട് ഡീറ്റെയിൽസ് തരും. ക്യാഷ് അതിലേക്ക് ഇട്ടാൽ മതി. വേറെ എന്തെങ്കിലും….. ” “സാ….സാർ വിവാഹത്തിന്…….” “ഞാൻ വരില്ല ഗാഥാ. എനിക്ക് അന്ന് വരാൻ പറ്റില്ല.

ഞാനന്ന് മോർണിംഗ് ഓസ്ട്രേലിയയിലേക്ക് പോവും. പിന്നെ ഒരു തിരിച്ചു വരവ്…..അത് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇവിടെ ഇഷ്ടമില്ലാഞ്ഞിട്ടല്ല കേട്ടോ. ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട്. വർഷങ്ങൾടെ കാത്തിരിപ്പിന് ഒടുവിൽ തന്നെ എനിക്ക് കാണിച്ചു തന്നത് ഈ നഗരമാണ്. തന്നോടൊത്തുള്ള കുറേ നല്ല നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച നഗരം. ഏറ്റവുമൊടുവിൽ ഇതാ ഇപ്പൊ ഇങ്ങനെ…… ഗാഥാ തന്നോട് ഒരു കാര്യം ചോദിച്ചോട്ടെ…ഒരേയൊരു കാര്യം.” ഒന്ന് നിർത്തിയ ശേഷം ആനന്ദേട്ടൻ ചോദിച്ചപ്പോൾ ആനന്ദേട്ടൻ എന്തായിരിക്കും ചോദിക്കാൻ പോകുന്നതെന്ന ആകാംക്ഷയിൽ ഞാനാ മുഖത്തേക്ക് തന്നെ നോക്കിനിന്നു. “ഇപ്പോഴേലും ഒന്ന് പറഞ്ഞൂടെ ഗാഥാ, എന്തിനായിരുന്നു എന്നോടുള്ള ഇഷ്ടം താൻ മറച്ചുപിടിച്ചത് ന്ന്. തന്നെ അലട്ടിയിരുന്ന ആ പ്രശ്നം എന്തായിരുന്നു ന്ന് ?

” ഞാൻ മറുപടി പറയാതെ നിൽക്കുന്നത് കണ്ട ആനന്ദേട്ടൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു എന്റെ അടുത്തേക്ക് വന്ന് ടേബിളിൽ ചാരി കൈയും കെട്ടി നിന്നുകൊണ്ട് തുടർന്നു. “അല്ലേലും ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ട് എന്താ പ്രയോജനം ലെ? സാരല്ല്യ. സ്വന്തമാക്കിയാലേ പ്രണയം സഫലമാകൂ എന്നില്ലല്ലോ. അല്ലെ? ഇത് വേണ്ട ന്ന് പറയരുത്. ഇനി ഇങ്ങനെ തരാൻ എനിക്ക്…… ഹമ്….. എനിവേ എന്റെ ഗാഥയ്ക്ക് ഒരായിരം വിവാഹമംഗളാശംസകൾ…. എവിടെയാണെങ്കിലും എന്നും എപ്പോഴും സന്തോഷത്തോടെയിരിക്കണം. ” എന്റെ കൈയിൽ ഒരു ഫ്യൂസ് ചോക്ലേറ്റും വെച്ചുതന്ന എന്റെ കണ്ണുകളിലേക്ക് നോക്കി അത്രയും പറഞ്ഞ ശേഷം മറുപടിക്ക് കാത്തുനിൽക്കാതെ ആനന്ദേട്ടൻ ക്യാബിനിൽ നിന്നും ഇറങ്ങിപോയി.

ഒരു ശില പോലെ ആനന്ദേട്ടൻ പോയ വഴിയെ നോക്കി കുറേ നേരം അങ്ങനെ നിന്നു. കുപ്പായം നനഞ്ഞു തുടങ്ങിയപ്പോഴാണ് കരയുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അത്യധികം സന്തോഷത്തോടെ നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി വി. എ. അസോസിയേറ്റ്സിലേക്ക് കയറിവന്ന ഞാനിന്ന് ആ പടിയിറങ്ങുമ്പോൾ എന്റെ മനസ് തികച്ചും ശൂന്യമാണ്. പക്ഷെ ആനന്ദേട്ടൻ പറഞ്ഞ കാര്യങ്ങളിലെ “എന്റെ ഗാഥയ്ക്ക് ” എന്നത് മാത്രം കാതിൽ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോൾ ആകെയൊരു ശോകഭാവം. ആകെ ഒരു ചത്ത വീട് പോലെ. ഇവിടെ ഇനി ഞാനും ഗീതുവും മാത്രമുള്ള ആ ദിവസങ്ങൾ ഇനിയില്ലല്ലോ. ടീച്ചറമ്മയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.

അന്ന് പറയുക പോലും ചെയ്യാതെ എനിക്ക് വേണ്ടി നീലരാവ് പാടിതന്നു. രാത്രിയിൽ കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്തുവെയ്ക്കുമ്പോൾ പലപ്പോഴും ഞാനും ഗീതുവും കരയുകയായിരുന്നു. ഒടുവിൽ എന്തോ ഓർത്തെന്ന പോലെ ഗീതു ഷെൽഫിൽ നിന്നും ഒരു പൊതി കൊണ്ടുവന്ന് കൈയിൽ വെച്ചുതന്നു. ആനന്ദേട്ടൻ അന്ന് പിറന്നാളിന് തന്ന ഗിഫ്റ്റ് ആയിരുന്നു അത്. ഞാൻ കുറച്ചു നേരം അതിലേക്കും അവളെയും മാറിമാറി നോക്കി. “ഇത് കൊണ്ട്പോകുന്നില്ലേ? ” “വേണ്ട. ഇത് ഇവിടെ തന്നെ ഇരുന്നോട്ടെ. ഇത് കാണുമ്പോൾ ചിലപ്പോൾ ഞാൻ….. എനിക്ക്……. ” വാക്കുകൾ മുഴുമിപ്പിക്കാൻ നന്നേ പ്രയാസപ്പെട്ടു. “കൊണ്ട് പോകുന്നില്ലെങ്കിൽ വേണ്ട. അതിൽ എന്താണെന്നെങ്കിലും ഒന്ന് തുറന്നു നോക്കിക്കൂടെ? സാർ നിനക്ക് വേണ്ടി വാങ്ങിച്ചതല്ലേ?

നീ അന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപോയപ്പോൾ നീ ഒരുപാട് ആഗ്രഹിച്ച സാധനമാണ്. എത്ര വേണ്ടന്ന് പറഞ്ഞാലും നിന്നെക്കൊണ്ട് വാങ്ങിപ്പിക്കണംന്ന് പറഞ്ഞ് എന്നെ ഏൽപ്പിച്ചതാണ്. ” അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാനത് തുറന്നു നോക്കിയത്. അതിലുണ്ടായിരുന്ന വസ്തു കണ്ട് കണ്ണുകൾ നിറഞ്ഞു. അതും നെഞ്ചോടു ചേർത്ത്പിടിച്ച് കുറേ കരഞ്ഞു. ശില്പയുടെ എൻഗേജ്മെന്റ്നുള്ള ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ ഞാൻ കണ്ടിഷ്ടപ്പെട്ട ആ സാരിയായിരുന്നു അത്. അപ്പൊ അന്ന് അവിടെ ശെരിക്കും ആനന്ദേട്ടൻ ഉണ്ടായിരുന്നോ? കണ്ണാടിയിൽ കണ്ടത് എനിക്ക് തോന്നിയതായിരുന്നില്ല ലെ? ഞാനോർത്തു. പക്ഷെ ഗീതു എത്ര നിർബന്ധിച്ചിട്ടും അത് കൂടെ കൊണ്ട്പോകാൻ ഞാൻ തയ്യാറായില്ല.

പിറ്റേന്ന് പറഞ്ഞ സമയത്ത് തന്നെ അച്ഛൻ എത്തി. ഗീതുവിനോടും ടീച്ചറമ്മയോടും പിന്നെ ആ വീടിനോടും പ്രിയപ്പെട്ട ആ നഗരത്തോടും യാത്ര പറഞ്ഞ് ഞാൻ പോന്നു. വീട്ടിൽ ഇപ്പോഴേ ആഘോഷം തുടങ്ങിയിരിക്കുന്നു. അപ്പച്ചിയും ഫാമിലിയും എത്തിയിട്ടുണ്ട്. ചേച്ചിയും എന്തിന് ഗൾഫ്ക്കാരനടക്കം. ആ കൂട്ടത്തിൽ കുറച്ചു പുതിയ മുഖങ്ങളും. സംശയിച്ചു നിൽക്കുന്നത് കണ്ട് അച്ഛനാണ് പറഞ്ഞത് അമ്മയുടെ ഏട്ടന്മാരും കുടുംബവുമാണ് അതെന്ന്. അവരെയൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഒരുപക്ഷെ അവരും. എല്ലാവർക്കും പാട്പെട്ട് ഒരു പുഞ്ചിരി നൽകി റൂമിൽ കയറി കതകടച്ചു കരഞ്ഞു. അവിടെ വിട്ട് പോന്നതിന്റെ സങ്കടവും യാത്രാക്ഷീണവുമാണെന്ന് അച്ഛൻ അവരോടൊക്കെ പറയുന്നത് കേട്ടു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടുക്കാരെ കണ്ടതിന്റെയും പിണക്കം മറന്ന് അവര് വന്നതിന്റെയും സന്തോഷത്തിലാണ് അമ്മ. പുള്ളിക്കാരി ഈ ലോകത്തെ അല്ല. നാട്ടിലെ വിശേഷങ്ങൾ എല്ലാം ചോദിച്ച് അറിയുന്നുണ്ട്. ചിലത് കേൾക്കുമ്പോൾ ചിരിക്കും, ചിലതിനു കരയും ചിലപ്പോൾ അത്ഭുതം, അങ്ങനെ പലപല ഭാവങ്ങൾ ആ മുഖത്ത് മിന്നിമാഞ്ഞുക്കൊണ്ടിരുന്നു. ഞാൻ ചെന്നതിന്റെ പിറ്റേന്ന് തന്നെ ഡ്രെസ്സും ആഭരണങ്ങളും വാങ്ങിച്ചു. എല്ലാം തിരഞ്ഞെടുത്ത് എന്റെ ദേഹത്ത് വെച്ചുനോക്കുമ്പോ അവര് കീ കൊടുക്കുന്ന ഒരു പാവയെ പോലെ നിന്നുകൊടുത്തു. അങ്ങോട്ട്‌ തിരിയാൻ പറയുമ്പോൾ തിരിയും, ഇങ്ങോട്ട് തിരിയാൻ പറയുമ്പോൾ അങ്ങനെ. യജമാനൻ ചാടാൻ പറയുമ്പോൾ ചാടുന്ന കളിക്കാൻ പറയുമ്പോൾ കളിക്കുന്ന ഒരു കുട്ടിക്കുരങ്ങിനെ പോലെ.

ഒരുനിമിഷം ഗീതു അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. പറഞ്ഞ പോലെ വിവാഹത്തിന് രണ്ടു ദിവസം ഉള്ളപ്പോൾ വൈകുന്നേരത്തോട് കൂടി ഗീതുവും ടീച്ചറമ്മയും എത്തി. അവളെ കണ്ടതും ഞാൻ ആദ്യം തിരക്കിയത് ആനന്ദേട്ടനെക്കുറിച്ച് തന്നെയായിരുന്നു. അന്ന് ക്യാബിനിൽ നിന്നും ഇറങ്ങി പോയതിന് ശേഷം ആള് പിന്നെ ഓഫിസിലേക്ക് വന്നിട്ടില്ല ന്നാണ് അവൾ പറഞ്ഞത്. മനുവേട്ടൻ പറഞ്ഞത് ആനന്ദേട്ടൻ കോയമ്പത്തൂർക്ക് പോയിരിക്കാണെന്നാണത്രെ. ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുൻപ് അവരുടെ പ്രൊജക്റ്റ്‌ന്റെ കാര്യത്തിൽ ഒരു നീക്കുപോക്ക് ഉണ്ടാക്കാൻ പോയതാണത്രെ. ഇപ്പോൾ ഓഫിസിലെ എല്ലാ കാര്യങ്ങളും മനുവേട്ടനാണ് നോക്കുന്നത്.

ഒന്ന് ഫോൺ വിളിച്ചു നോക്കണമെന്ന് തോന്നി. പക്ഷെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌. നേരെ മനുവേട്ടനെ വിളിച്ചന്വേഷിച്ചു. നിരാശയായിരുന്നു ഫലം. ഫോൺ വിളിച്ചാൽ കിട്ടില്ല ന്ന് മുൻകൂട്ടി പറഞ്ഞ് ഏല്പിച്ചിട്ടുണ്ടത്രെ. വീട്ടിൽ അമ്മയോട് പോലും. എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ അങ്ങോട്ട് വിളിക്കാമെന്നാണ് ആനന്ദേട്ടൻ പറഞ്ഞിരിക്കുന്നതെന്നും മനുവേട്ടൻ പറഞ്ഞു. ഒരിക്കൽ കൂടി ആനന്ദേട്ടന്റെ ശബ്ദമെങ്കിലും ഒന്ന് കേൾക്കാമെന്ന ആ ആഗ്രഹവും അതോടെ അസ്തമിച്ചു. ആ നിരാശയിൽ ഇരിക്കുമ്പോഴാണ് ഗീതു ആനന്ദേട്ടൻ വാങ്ങിച്ച ആ സാരി വീണ്ടും എന്നെ ഏൽപ്പിച്ചത്. “ഞാൻ പറഞ്ഞതല്ലേ ഗീതു എനിക്കിത് വേണ്ട ന്ന്. ” “നീ പറഞ്ഞു. പക്ഷെ അതിനേക്കാളും ഒരുപാട് പ്രതീക്ഷയോടെ സാറും എന്നോട് പറഞ്ഞിരുന്നു എത്ര എതിർത്താലും ഇത് ഗാഥയെ ഏൽപ്പിക്കണം ന്ന്.

ഇത് അവിടെ കാണുമ്പോൾ സാർ ആ പറഞ്ഞതാണ് ഓർമ വരുന്നത്. അതുകൊണ്ട് ഇത് ഇവിടെയാണ് ഉണ്ടാവേണ്ടത്. ” പിന്നൊന്നും ഞാൻ പറയാൻ പോയില്ല. അത് വാങ്ങിക്കാനും. ഞാൻ വാങ്ങിക്കുന്നില്ലെന്ന് കണ്ട് ഗീതു തന്നെ അതെന്റെ റൂമിലെ അലമാരയിലേക്ക് എടുത്തുവെച്ചു. കാത്തിരിപ്പിന് ഒടുവിൽ ആ ദിവസം വന്നെത്തി. എല്ലാ പെൺകുട്ടികളും പ്രതീക്ഷകളോടെ സ്വപ്നം കാണുന്ന ആ നിമിഷത്തെ പേടിയോടെയാണ് ഞാൻ ഓർത്തിരുന്നത് തന്നെ. ആ മുഹൂർത്തത്തിന് ഇനി ഏതാനും മിനിറ്റുകൾ മാത്രം. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം വിവാഹം വീട്ടിൽ വെച്ചാണ് നടക്കുന്നത്. എന്നെ അണിയിച്ചൊരുക്കാനായി അപ്പച്ചിയും അമ്മായിമാരും റൂമിലേക്ക് കയറിവന്നപ്പോൾ ഗീതു മാത്രം മതിയെന്ന് പറഞ്ഞ് ഞാൻ അവരെ ഒഴിവാക്കി. എന്നിട്ടും ഒരുങ്ങാൻ മടിച്ചു നിൽക്കുകയായിരുന്നു ഞാൻ.

എന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ട് ഗീതുവും. ബെഡിൽ എല്ലാം നിരത്തി വെച്ചിട്ടുണ്ട്. മിന്നിത്തിളങ്ങുന്ന പട്ടുചേല, ആഭരണങ്ങൾ, മുല്ലപ്പൂവ്, മേക്കപ്പ് സാമഗ്രികൾ…. അങ്ങനെ എല്ലാം. ഞാൻ നിർവികാരമായ മനസോടെ അതെല്ലാം നോക്കി നിന്നു. “ഇങ്ങനെ നിന്നാൽ എങ്ങനെയാ സമയം പോണു. വാ വന്നു സാരി ചുറ്റിക്കേ.. ” ഗീതുവിന്റെ ഓർമപ്പെടുത്തലിലാണ് ഞാൻ അവയിൽ നിന്നും കണ്ണെടുത്തത്. ബെഡിൽ വെച്ചിരുന്ന സാരി എനിക്ക് നേരെ നീട്ടിപിടിച്ച് അവളത് പറഞ്ഞപ്പോൾ അപ്പോഴത്തെ എന്തോ തോന്നലിൽ അലമാരയിൽ നിന്നും ആനന്ദേട്ടൻ വാങ്ങിച്ച ആ സാരിയെടുത്ത് ഗീതുവിന് കാണിച്ചു. “ഇത് ഉടുത്താൽ മതി. ” “ഗഥേ… ” അവളുടെ വിളിയൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ സാരി ഉടുക്കുന്ന തിരക്കിലായിരുന്നു.

പിന്നെ അവളും മൗനം പൂണ്ടു. ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു ആനന്ദേട്ടൻ വാങ്ങിതന്ന സാരിയും ചുറ്റി ആഭരണങ്ങളും അണിഞ്ഞു മുടിയും കെട്ടി നിറയെ മുല്ലപ്പൂക്കൾ ചൂടി നവവധുവായി അണിഞ്ഞൊരുങ്ങിയ എന്റെ പ്രതിഭിംബത്തെ കണ്ണാടിയിലൂടെ കുറേനേരം നോക്കിയിരുന്നു. പെട്ടന്നാണ് വാതിലിൽ മുട്ട് കേട്ടത്. ഗീതു ചെന്ന് കതക് തുറന്നു. അമ്മയും മുത്തശ്ശിയും അപ്പച്ചിയും അമ്മായിമാരും എല്ലാവരും ഉണ്ടായിരുന്നു. എന്നെ അടിമുടി നോക്കിനിൽക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും കണ്ണുകളിൽ നീർത്തിളക്കം കാണാമായിരുന്നു. മുത്തശ്ശി എന്റെ അടുത്ത് വന്നു കെട്ടിപിടിച്ചു നെറുകയിൽ മുത്തം നൽകി. “പാട്ടിക്കുട്ടിടെ മോള് സുന്ദരിയായിട്ടുണ്ട്. ”

മുത്തശ്ശി പറഞ്ഞപ്പോൾ ഞാനും മുത്തശ്ശിയെ കെട്ടിപിടിച്ചു കരഞ്ഞു. “ഇതല്ലല്ലോ നമ്മള് വാങ്ങിച്ച സാരി? ഇതേതാ? ” പെട്ടന്ന് അപ്പച്ചി അത് പറഞ്ഞപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്. പിന്നെ ആ ചോദ്യം എല്ലാവരും ഏറ്റെടുത്തു. “ഇത് ഒരാളുടെ സമ്മാനമാണ്. ” ഞാൻ പറഞ്ഞു. “ഏതായാലും കൊള്ളാം. നമ്മള് വാങ്ങിച്ചതിനെക്കാളും നന്നായിട്ടുണ്ട് ലെ ഏട്ടത്തി? ” പിന്നെ ഓരോരുത്തരും സാരിയെ വർണിക്കാൻ തുടങ്ങി. അപ്പോഴാണ് ആരോ വന്നു പറഞ്ഞത് ചെറുക്കനും കൂട്ടരും എത്തിയിട്ടുണ്ടെന്ന്. കേൾക്കണ്ട താമസം എല്ലാവരും അങ്ങോട്ടോടി. റൂമിൽ ഞാനും ഗീതുവും അമ്മയും മാത്രമായി. എന്റെ ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങി. കൈയും കാലുമൊക്കെ കുഴയുന്ന പോലെ.

എന്തൊക്കെയോ ഒരു അസ്വസ്ഥതകൾ… മനസിനും ശരീരത്തിനും. കലങ്ങിമറിയുന്ന ചിന്തകൾക്ക് അല്പം ആശ്വാസമായെങ്കിലോ എന്ന് കരുതി ഞാൻ ജനലഴിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു. കല്യാണത്തിരക്കിനിടയിൽ കളിച്ചു രസിച്ചു പാറിനടക്കുന്ന കുറച്ചു കുട്ടികൾ. എന്നും ആ പ്രായമായിരുന്നെങ്കിലെന്നു തോന്നിപോയി. അപ്പോഴാണ് അവരിലൊരു വിരുതൻ മറ്റുള്ളവരെ വിളിച്ചു മാനത്തേക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്നത് കണ്ടത്. ഒരുനിമിഷം ഞാനും അങ്ങോട്ട് നോക്കി. ആ നീലവിഹായസ്സിൽ ഒരു കുഞ്ഞു പൊട്ടുപോലെ ഒരു വിമാനം പറന്നുപോകുന്നു. ആനന്ദേട്ടൻ ഇന്ന് രാവിലെ ഓസ്ട്രേലിയയിലേക്ക് പോകുമെന്ന് പറഞ്ഞതാണ് അപ്പോൾ എനിക്ക് ഓർമ വന്നത്. പോയിട്ടുണ്ടാവും. ഇനിയൊരിക്കലും കാണില്ല. ആ ശബ്ദം പോലും…..

മാനത്തേക്ക് നോക്കിനിന്ന എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീര് എന്റെ കൈത്തണ്ടയിൽ പതിച്ചു. “അമ്മ… എനിക്ക് അച്ഛനെ കാണണം. ” ഞാൻ അമ്മയോട് പറഞ്ഞു. ഉടനെ അമ്മ അച്ഛനെ വിളിക്കാൻ പോയി. “ഗഥേ… നീ… എന്താ…? ” “ഗീതു… എനിക്ക് പറ്റണില്ല ടി. ആനന്ദേട്ടൻ….. ” “ഈ അവസാനനിമിഷമാണോ ഇനി പറയാൻ പോകുന്നെ? അത് കൂടുതൽ പ്രശ്നമാണ്. ഇപ്പഴാ ശെരിക്കും നീ നിന്റെ അച്ഛനെ ചതിക്കാൻ പോകുന്നെ. അങ്ങനെ ചെയ്യല്ലേ ടി….. ” “ഗീതു… എന്നാലും…. ” “എന്താ മോളെ? എന്താ? ” ഞാൻ ഗീതുവിനോട് പറയാൻ ഒരുങ്ങിയതും അച്ഛൻ അങ്ങോട്ട് കയറി വന്നു. ഉടനെ ഭയത്തോടെ എന്നെയൊന്നു നോക്കിയ ശേഷം ഗീതു പുറത്തേക്ക് പോയി. “അച്ഛാ…. അത്…. പിന്നെ….. എനിക്ക്….. ” മടിച്ചു മടിച്ചാണ് പറഞ്ഞു തുടങ്ങിയത്. “നിനക്ക്? ” “എനിക്കിപ്പോ ഈ കല്യാണം വേണ്ട. ”

അച്ഛൻ സംശയദൃഷ്‌ടിയോടെ എന്നെ നോക്കി ചോദിച്ചതും ഞാനാ മുഖത്തേക്ക് നോക്കാതെ തലതാഴ്ത്തി നിന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു. കുറച്ചു കഴിഞ്ഞും അച്ഛന്റെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരണവുമില്ലാത്തത് കൊണ്ടാണ് ഞാൻ തലയുയർത്തി നോക്കിയത്. രണ്ടുകൈയും മാറിൽ പിണച്ചുകെട്ടി എന്നെനോക്കി ചിരിച്ചു നിൽക്കുകയായിരുന്നു അച്ഛനപ്പോൾ. ഉടനെ അച്ഛൻ എന്റെ അടുത്തേക്ക് വന്ന് എന്നെ ചേർത്ത്പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി. “മോൾക്ക് ഇപ്പൊ ഇങ്ങനെയൊക്കെ തോന്നും. അതേയ് ടെൻഷൻ കൊണ്ടാ. അതിനൊരു വഴിയുണ്ട്. ഏതായാലും മുഹൂർത്തം ആയിട്ടില്ലല്ലോ. അച്ഛൻ പോയിട്ട് മോനോട് ഇങ്ങോട്ട് വരാൻ പറയാം. നിങ്ങള് കുറച്ചു നേരം നേരിട്ട് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം.

പെട്ടന്ന് തീരുമാനിച്ച വിവാഹമല്ലേ. വേണ്ടപോലെ സംസാരിക്കാനോ മനസിലാക്കാനോ നിങ്ങൾക്ക് പറ്റിയിട്ടില്ലല്ലോ. ആകെയൊരു തവണയല്ലേ സംസാരിച്ചിട്ടുള്ളൂ. അതും ഫോണിൽ. അതിന്റെയാണ് ഈ ടെൻഷൻ. മോള് ഇവിടെ നിക്ക് ഞാൻ ചെന്ന് മോനെ ഇങ്ങോട്ട് വിടാം.” “അച്ഛാ…. അതല്ല…..ഞാൻ… ” ഞാൻ പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ അച്ഛൻ അയ്യാളെ വിളിക്കാൻ പോയി. ഇപ്പൊ കയറിവരും അയ്യാൾ. എന്താ പറയാ? എങ്ങനെ പറയും? ആലോചിച്ചു പണ്ടാരമടങ്ങി വീണ്ടും ജനൽക്കമ്പിയിൽ തന്നെ ശരണം പ്രാപിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു ആളനക്കം കേട്ടു. വൈകാതെ ഒരു മുരടനക്കവും. “പറയുന്നത് ശെരിയല്ല ന്ന് അറിയാം. ന്നാലും പറയാതെ വയ്യ.

എന്നോട് ക്ഷമിക്കണം. ഈ വിവാഹം നടക്കില്ല. നടക്കാൻ പാടില്ല. എന്താ കാരണം ന്ന് എന്നോട് ചോദിക്കരുത്. എല്ലാവരെയും വിളിച്ചു വരുത്തി ഇങ്ങനെ….. ആരുടെ മുന്നിൽ വേണേലും മാപ്പ് ചോദിക്കാം. പ്ലീസ്…. ഈ വിവാഹം നടക്കരുത്. ” ഇങ്ങോട്ട് എന്തേലും പറഞ്ഞു തുടങ്ങും മുന്നേ തിരിഞ്ഞു നോക്കാതെ ഞാനങ്ങ് പറഞ്ഞവസാനിപ്പിച്ചു. “പറഞ്ഞു കഴിഞ്ഞോ? ” ഫോണിലൂടെ മാത്രം കേട്ടിട്ടുള്ള ആ ശബ്ദം… അത്ര മാത്രമേ ചോദിച്ചുള്ളൂ. അതും വളരെ ശാന്തമായി….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 34

Share this story