പെയ്‌തൊഴിയാതെ: ഭാഗം 2

പെയ്‌തൊഴിയാതെ: ഭാഗം 2

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ…. ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ….. ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ….. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…… രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍.

വൈകുന്നേരം ഉയർന്നു കേൾക്കുന്ന ജ്ഞാനപ്പാനയിലെ വരികൾ അവന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് പതിയുന്നുണ്ടായിരുന്നു.. അതേ.. ഇന്നലെയും നാളെയും അറിയാത്ത വെറുമൊരു മരീചിക മാത്രമാണ് ജീവിതം. ആ മഷികൂട്ടിന്റെ നീലിമയിൽ ഡയറി താളിലേയ്ക്ക് അവൻ കോറിയിട്ട വരികൾ അവനെ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു അപ്പോഴും.. ഗിരീ.. മോനെ വാ അത്താഴം എടുത്തു.. ലേഖയുടെ വിളി കേട്ടാണ് ഗിരി കണ്ണു തുറന്നത്.. അവൻ ചുറ്റും നോക്കി.. ഓട് മേഞ്ഞ ആ വീടിന്റെ മച്ചിൻ പുറവും കുളിരുമൊക്കെ അവനിൽ നല്ലൊരു ആശ്വാസം നിറച്ചു.. അവൻ മേശയിൽ നിന്നും തലയുയർത്തി.. എഴുതികൊണ്ടിരുന്ന വഴിക്ക് ഉറങ്ങി പോയതാണ്.. പണ്ട് മുതൽക്കേ ഉള്ള ശീലമാണ് ചുറ്റും നടക്കുന്ന കാര്യങ്ങളെ ചെറു വരികളാക്കി കുറിച്ചിടുന്നത്..

അവൻ എഴുന്നേറ്റ് ബാത്‌റൂമിൽ കയറി മുഖംകഴുകി.. പുറത്തേക്കിറങ്ങി ഹാളിലേക്ക് വന്നതും അവസൻ കണ്ടു നിലത്തു വിരിച്ചിട്ട പായയിൽ കിടന്നു കയ്യും കാലും ഇട്ടടിക്കുന്ന ശങ്കരിയെ.. തൊട്ടരികിലായി കുറെ കളിപ്പാട്ടങ്ങളും നിരത്തി ശ്രദ്ധ ഇരിപ്പുണ്ട്.. മാമാ.. ദേ കണ്ടോ ശങ്കരി മോള് എന്നെ നോക്കി ചിരിക്കുവാ.. കയ്യിലിരുന്ന കിലുക്കാംപെട്ടി ഒന്നുകൂടി കിലുക്കി കാണിച്ചു കൊണ്ടവൾ പറഞ്ഞതും കയ്യും കാലും ഉയർത്തി അത് പിടിക്കാൻ ശ്രമിച്ചുകൊണ്ടവൾ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി ചിരിച്ചു.. നീ കഴിക്കുന്നില്ലേ ഗിരീ.. കുഞ്ഞിനുള്ള സെറലാക്ക് ഒരു ചെറു പാത്രത്തിലാക്കി കൊണ്ടുവന്ന് അവൾക്കരികിൽ ഇരിക്കുന്നതിനിടയിൽ അഞ്ചു ചോദിച്ചു.. ആ ചേച്ചി.. കഴിക്കണം.. അവസൻ പറഞ്ഞു.. അഞ്ചു ചെറു ചിരിയോടെ നിലത്തേയ്ക്ക് കാൽ നീട്ടി തൂണിലേയ്ക്ക് ചാരിയിരുന്നു…

കയ്യിലുള്ള ഗ്ലാസ്സിൽനിന്നും ചെറു ചൂടുവെള്ളമൊഴിച്ചു സെറിലാക്ക് മിക്സ് ചെയ്ത് ഒരു സൈഡിലേയ്ക്ക് അവൾ വെച്ചു.. അച്ചോടാ.. അപ്പേടെ ചങ്കരി വായോ..നമുക്ക് മാമുണ്ണെണ്ടേ.. കുഞ്ഞിനോട് കൊഞ്ചി പറഞ്ഞുകൊണ്ട് അവൾ മോളെയെടുത്തു കാലിലേക്ക് നീട്ടി കിടത്തി.. ഒരു സ്പൂണിൽ അൽപ്പം കോരി അവൾ കളഞ്ഞു. ശേഷം അവൾ ഒരു സ്പൂണിൽ അൽപ്പം ശ്രദ്ധയ്ക്കും നൽകി.. വേണ്ടമ്മേ.. അവൾ പറഞ്ഞു.. കഴിച്ചോടി.. കുഞ്ഞിന് കൊതി കിട്ടാതെ ഇരിക്കാനാ.. അഞ്ചു കളിയായി പറഞ്ഞു.. അവൾ ചമ്മിയ ചിരിയോടെ അത് വാങ്ങി.. ശേഷം പയ്യെ സ്പൂണിൽ കോരി സെറിലാക്ക് അവളുടെ വായിലേയ്ക്ക് വെച്ചു കൊടുക്കവേ ചെറു ശബ്ദങ്ങൾ ഉണ്ടാക്കി അവളത് സ്വീകരിക്കുന്നതും കഴിക്കുന്നതും നോക്കി കൗതുകത്തോടെ ശ്രദ്ധയും ഗിരിയും ഇരുന്നു.. അമ്മേ.. ഞാൻ കൊടുക്കട്ടെ വാവയ്ക്ക്… ശ്രദ്ധമോള് ചോദിച്ചു.. ആഹാ.. ദേ ചങ്കരി പെണ്ണേ..

നിന്റെ ചേച്ചിപെണ്ണിന്റെ കൊതി കണ്ടോ.. അവള് തന്നാൽ നീ കഴിക്കോടി ചുന്ദരീ.. അഞ്ചു കൊഞ്ചലോടെ ചോദിച്ചതും മോള് ഒരു ശബ്ദത്തോടെ കൈ ഉയർത്തി പാത്രത്തിൽ തട്ടി… അമ്പടി കള്ളിപെണ്ണേ…ഇത് തട്ടി കളയോ നീയ്യ്.. അഞ്ചു ചോദിച്ചു.. അവരുടെ ഭാഷയിൽ അവർ സംസാരിക്കുന്നതും.കളിക്കുന്നതും നോക്കി ഗിരി ഏറെ നേരം ഇരുന്നു.. ടാ.. വിളമ്പട്ടെ.. സാവിത്രി വന്നു ചോദിച്ചു.. ആ അമ്മേ.. അവൻ പറഞ്ഞു.. എന്തായി ഗിരീ കോടതിയിലെ കാര്യങ്ങൾ.. കഴിച്ചു കഴിഞ്ഞു പുറത്തേയ്ക്കിരുന്നപ്പോഴായിരുന്നു ദിവാകരൻ ചോദിച്ചത്.. എല്ലാം കഴിഞ്ഞു.. അവൻ നീറുന്ന പുഞ്ചിരിയോടെ പറഞ്ഞു.. കോടതിയിലും അവൾ വന്നു പറഞ്ഞോ കുഞ്ഞിനെ വേണ്ടാന്ന്.. അഞ്ചു പുറത്തേയ്ക്ക് വന്നു ചോദിച്ചു.. മ്മ് . കുഞ്ഞിന്റെ ചിലവിന്റെ പാതി അവൾ നൽകാം എന്നു പറഞ്ഞു.

വേണ്ട എന്നു ഞാനും പറഞ്ഞു.. എന്റെ മോളെ വേണ്ടാത്ത ഒരമ്മയുടെ ക്യാഷ് അവൾക്ക് എന്തിനാ.. പിന്നെ വിധി വരുന്നതിന്റെ അന്ന് കണ്ടപ്പോൾ ഒരു പേപ്പർ ഏൽപ്പിച്ചു..കുഞ്ഞിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയതിന്റെ.. അതിൽ മന്തിലി അവൾ ക്യാഷ് ഇടുന്നുമുണ്ട്.. അവൻ പറഞ്ഞു.. എന്തായിരുന്നു നിങ്ങൾക്കിടയിൽ.. ശരത്ത് ചോദിച്ചതും അഞ്ചു അവനിട്ട് ചെറുതായി അടിച്ചു… സോറി ഗിരീ.. വിഷമിപ്പിക്കാൻ ചോദിച്ചതല്ല.. ശരത്ത് പറഞ്ഞു.. എന്ത് വിഷമം.. അതൊക്കെ കഴിഞ്ഞില്ലേ. മറുപടി പറയാതിരുന്നത് അതുകൊണ്ടല്ല.. എനിക്കറിയില്ല ശരത്തേട്ടാ എന്തായിരുന്നു പ്രശ്നം എന്നു.. സത്യത്തിൽ. പ്രെഗ്നൻറ് ആകും വരെ ഞങ്ങൾക്കിടയിൽ വഴക്ക് പോലും അങ്ങനെ ഉണ്ടായിട്ടില്ല.. അവൻ ആലോചനയോടെ പറഞ്ഞു.. ആദ്യം പ്രെഗ്നൻറ് ആണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത എക്സൈറ്റ്‌മെന്റ് ആയിരുന്നു..

കോളേജിൽ നിന്ന് വന്ന എന്നോട് അത് പറയുമ്പോൾ അവളുടെ മുഖത്തെ സന്തോഷം ഇന്നും എനിക്ക് ഓർമയുണ്ട്.. ഒരു മാസം അങ്ങനെ പോയി.. ഫസ്റ്റ് ചെക്ക് അപ് കഴിഞ്ഞു വന്നിട്ട് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴായിരുന്നു അവളുടെ ഡാഡിയുടെ ഫ്രണ്ടിന്റെ മകളുടെ കല്യാണം.. അന്ന് രാത്രി പാർട്ടിക്ക് പോയി നിന്നപ്പോൾ ഫുഡിന്റെ മണം കിട്ടിയതും അവൾ വോമിറ്റ് ചെയ്തു..അത് കണ്ട് അവിടെ കൂടിയിരുന്ന ആരൊക്കെയോ കഴിക്കാതെ പോയി.. ആ രാത്രി മുതലാണ് പ്രശ്നങ്ങൾ സ്റ്റാർട്ട് ചെയ്തത്.. അന്ന് മുതൽ ആർദ്ര മാറുകയായിരുന്നു..വീട്ടിൽ വന്നയുടനെ അവളെന്നോട് ആവശ്യപ്പെട്ടത് അബോർട്ട് ചെയ്യാനാണ്.. ഞാൻ അതിനെ എതിർത്തു.. ആ വഴക്ക് ഇവിടെ വരെ എത്തി.. അവൻ കണ്ണുകളടച്ചു പറഞ്ഞു.. ആ കുട്ടി ജീവിച്ചു വന്ന സാഹചര്യം അതായിരുന്നില്ലേ.. അതുകൊണ്ടാകും.. ശരത്ത് പറഞ്ഞു.. മ്മ്.. അവനൊന്ന് മൂളി.. കുഞ്ഞിന്റെ ചോറ് കൊടുപ്പിനും വന്നില്ലേ ആ കുട്ടി..

അയാൾ ചോദിച്ചു.. ഇല്ല… ഞാൻ വിളിച്ചിരുന്നു.. അന്ന് ഏതോ ഫ്രണ്ടിന്റെ ബെർത്ഡേ പാർട്ടി നേരത്തെ ഏറ്റു പോയി എന്ന് പറഞ്ഞു.. അത് കഴിഞ്ഞു ഒരു ദിവസം വന്നിരുന്നു.. കുഞ്ഞിന് കുറച്ചു ടോയ്‌സുമായിട്ട്.. ഇപ്പൊ 2 മാസമായി.. ഇപ്പൊ അങ്ങനെ വിളിയും ഇല്ല .. ചാനലിൽ നിന്നും റീസൈൻ ചെയ്ത് അവിടെ ഉള്ള ഏതോ ചാനലിൽ ഡെസ്കിൽ കേറി എന്നറിഞ്ഞു.. അവൻ പറഞ്ഞു.. താനപ്പൊ എന്താ ഇനി പരിപാടി.. ശരത്ത് ചോദിച്ചു.. ഇവിടേയ്ക്ക് ട്രാൻസ്ഫർ കിട്ടിയതുകൊണ്ട് ബുദ്ധിമുട്ടില്ല.. ജോലിക്ക് പോകണം.. മോള് ഇവിടെ ആയതുകൊണ്ട് അത്ര പേടിക്കാനുമില്ല.. വീടിന്റെ ലോൺ അടയ്ക്കണമല്ലോ.. ഗിരി പറഞ്ഞു.. ആ അതും ശെരിയാ.. അല്ല വരുന്നോ എന്റെ കൂടെ.. ഏഴാം കടലിനു അക്കരേയ്ക്ക്.. ഒരു മാറ്റമാകും..

ഗവണ്മെന്റ് കോളേജ് അല്ലെ.. ലീവ് കിട്ടില്ലേ.. ശരത്ത് ചോദിച്ചു.. ഇല്ല ശരത്തേട്ടാ..മോളെ വിട്ട് ഞാൻ എങ്ങോട്ടുമില്ല… അവൾക്ക് ഞാനല്ലേ ഉള്ളു.. അവൻ പറഞ്ഞതും സാവിത്രി കണ്ണു തുടച്ചു.. എല്ലാം ശെരിയാകുമെടോ.. ശരത്ത് പറഞ്ഞു.. എനിക്ക് ഒത്തിരി പ്രതീക്ഷകൾ ഒന്നുമില്ല ശരത്തേട്ടാ.. ഇനി എന്റെ മോൾക്ക് ഞാനല്ലേ ഉള്ളു.. അവൾക്കായി ജീവിക്കണം.. അത്ര തന്നെ.. അവൻ അഞ്ജുവിന്റെ കയ്യിലിരുന്ന മോളെ ഒന്നു തഴുകിക്കൊണ്ടു പറഞ്ഞു.. അവന്റെ സാമീപ്യം അറിഞ്ഞതും കുഞ്ഞു കൈകൾ ഉയർത്തി.. അച്ഛനെ കണ്ടപ്പോ അവൾ ചാടുന്നത് കണ്ടോ അമ്മേ.. അഞ്ചു ലേഖയോടായി പറഞ്ഞു.. പിന്നല്ലാതെ.. നീ അച്ഛൻമോൾ ആയാൽ മതിയെടി കുറുമ്പി.. ലേഖ പറഞ്ഞതും ഒന്നും മനസ്സിലായില്ലെങ്കിലും അവളൊന്നു കുണുങ്ങി ചിരിച്ചു..

രാവേറെ വൈകി അവളോടൊപ്പം കിടക്കുമ്പോഴും അവന്റെ മനസ്സ് നിറയെ പ്രണയം കൊണ്ട് തന്നെ മുറിവേല്പിച്ചവളുടെ മുഖമായിരുന്നു.. നോവുന്നുണ്ട് ആർദ്രാ.. വല്ലാതെ നീറുന്നുണ്ട്.. സ്നേഹിച്ചിട്ടല്ലേയുള്ളൂ ഞാൻ.. ഒന്നു നുള്ളി പോലും നോവിച്ചിരുന്നുവോ നിന്നെ.. എന്നിട്ടും എന്നെ നിനക്ക് മടുത്തപ്പോൾ ഒഴിഞ്ഞു തന്നതല്ലേ ഞാൻ.. ഈ ഹൃദയത്തിൽ നിനക്കായി ഞാൻ കരുതിവെച്ച പ്രണയം വല്ലാതെ വേദനിപ്പിക്കുന്നുണ്ട് എന്നെ . ഇനിയാ പ്രണയം അനുഭവിക്കുവാൻ നീയില്ലെന്ന സത്യത്തെ എത്ര ഉൾക്കൊള്ളുവാൻ കഴിയുന്നില്ല എനിക്ക്.. ഒന്നെനിക്കറിയാം.. ഇപ്പോഴും എന്റെ ഹൃദയത്തിൽ നിനക്കൊരു സ്ഥാനമുണ്ടെന്ന്.. നിന്നോട് വല്ലാത്ത പ്രണയമുണ്ടെന്നും.. പക്ഷെ ഇനിയൊരിക്കലും അതിന്റെ പേരിൽ ഈ ഗിരിധർ നിന്റെ മുൻപിൽ എത്തില്ല.. എന്റെ മോളേയും ഞാൻ വിടില്ല.. കാരണം നീയത് അർഹിക്കുന്നില്ല.. **********

നിലവിക്കിൽ 7 തിരി കൊളുത്തി പുതിയ സെറ്റും മുണ്ടും ഉടുത്തു മോളേയും എടുത്ത് വലതുകാൽ വെച്ചു വീട്ടിലേയ്ക്ക് കയറുന്ന അമ്മയെ നോക്കി ഗിരി നിന്നു.. ഏതായാലും നമ്മളൊരു പുതിയ വീട് വെയ്ക്കാൻ തീരുമാനിച്ചു . എങ്കിൽ നമുക്ക് സിറ്റിയിൽ തന്നെ കുറച്ചു സ്ഥലം വാങ്ങിയാൽ പോരെ.. എന്തിനാ ആ പട്ടിക്കാട്ടിൽ.. ആർദ്ര അവന്റെ നെഞ്ചിലേക്ക് കിടന്നുകൊണ്ട് ചോദിച്ചു.. ആരൂ.. തന്റെ ഹൃദയത്തിൽ അലയടിക്കുന്ന പ്രണയത്തെ മുഴുവൻ ആവാഹിച്ചവൻ വിളിച്ചു.. മ്മ്.. അവളും വല്ലാത്ത പ്രണയത്തോടെ മൂളി.. ദുബായിലും യു എസിലും മുംബൈയിലും മറ്റുമായി ജീവിച്ച നിനക്ക് ആ നാട് പട്ടിക്കാട് ആകും.. പക്ഷെ ആ മണ്ണിൽ ജനിച്ചു വളർന്നവനാണ് ഞാൻ.. പ്ലസ് ടു വരെ അവിടുത്തെ ഒരു സാധാരണ എയ്ഡഡ് സ്കൂളിൽ പഠിച്ചവനാണ് ഞാൻ..

ആ മണ്ണിൽ ജനിച്ചു ജീവിതത്തിന്റെ 10 45 വർഷത്തോളം ആ മണ്ണിൽ ജീവിച്ചവരാണ് അച്ഛനും അമ്മയും.. എനിക്ക് വേണമെങ്കിൽ ഈ സിറ്റിയിൽ തന്നെ വീട് വെയ്ക്കാം.. പക്ഷെ ആ മണ്ണിൽ തന്നെ ജീവിച്ചു മരിക്കണം എന്ന അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നടക്കില്ല . പ്രായമായവർ അല്ലെടോ.. ഒരു കുഞ്ഞാഗ്രഹം അല്ലെ. അത് നമുക്ക് സാധിച്ചു കൊടുത്തേയ്ക്കാം.. പിന്നെ കുറച്ചു നാൾ കഴിഞ്ഞിനി സിറ്റിയിൽ സെറ്റിൽ ചെയ്യണം എന്ന് തോന്നിയാൽ ഈ ലോൺ അടച്ചു തീർന്ന ശേഷം ഒരു ലോൺ കൂടി എടുത്ത് ഒരു വില്ല വാങ്ങിയാൽ പോരെ.. ഗിരി അവളുടെ ശരീരത്തെ തന്നോട് ചേർത്തു പിടിച്ചു ചോദിച്ചു..ചോദ്യത്തിനൊപ്പം പലവട്ടം അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ മുത്തി.. നാണം കൊണ്ട് അവളുടെ മിഴികൾ വികസിച്ചിരുന്നു.. അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. ഷാൾ ഐ..

അവനവളെ ഒന്നു കൂടി ചേർത്തു പിടിച്ചു.. അവളുടെ കഴുത്തിടുക്കിലേയ്ക്ക് മുഖം അമർത്തി.. സ്വകാര്യമായി കാതോട് ചേർന്നവൻ ചോദിച്ചു.. നാണം കൊണ്ടവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.. അവളുടെ നീട്ടി വളർത്തിയ നഖം അവന്റെ കൈകളിൽ അമർന്നിറങ്ങി.. മ്മ്.. അവളൊന്നു മൂളിയതും അവനവളെ ഒന്നുകൂടി ചേർത്തണച്ചു.. യു ആർ എ പ്രെഷ്യസ് ഗിഫ്റ്റ് ഫോർ മി.. വിയർത്തു കുളിച്ചവന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുമ്പോൾ അവൾ അവന്റെ കവിളിലേയ്ക്കു ചുണ്ടുകൾ ചേർത്തു പറഞ്ഞു.. ഡാ.. അകത്തേയ്ക്ക് കേറ്.. അച്ഛൻ പറഞ്ഞപ്പോഴാണ് സ്വബോധത്തിലേയ്ക്ക് വന്നത്.. അവനും അകത്തേയ്ക്ക് നോക്കി.. അമ്മ അകത്തേയ്ക്ക് കയറി കഴിഞ്ഞിരിക്കുന്നു.. അവനും അകത്തേയ്ക്ക് നടന്നു.. പുതിയ വീട് . പുതിയ അന്തരീക്ഷം.. ചുറ്റിനുള്ള ആളുകൾ.. പലരും തിരയുന്നത് ശങ്കരി മോളുടെ അമ്മയെയാണ്.. നാട്ടുകാരിൽ പലരും കാര്യങ്ങൾ അറിഞ്ഞിട്ടില്ല..

പലർക്കും പല സംശയങ്ങൾ.. ഓരോ ചോദ്യത്തിനും എന്തൊക്കെയോ മറുപടി കൊടുത്തു ഒഴിഞ്ഞു മാറുമ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നു.. അറിഞ്ഞവർക്കെല്ലാം അത്ഭുതം.. ചിലർക്ക് പുച്ഛം.. മറ്റു ചിലർക്ക് സഹതാപം.. അല്ലേലെ ആ പെണ്ണിനെ കണ്ടാൽ അറിയാമായിരുന്നു അവൾ പിഴയാണെന്നു.. ഇപ്പൊ ബോംബേൽ എങ്ങാണ്ട് ഒരുത്തന്റെ കൂടെയാണ് താമസം എന്നാ കരക്കമ്പി.. കൂടി നിന്നവരിൽ ആരോ പറഞ്ഞതാണ്.. ഉള്ളിൽ ഒരു കഠാര കുത്തിയിറക്കുന്ന വേദന.. ഒന്നും മറുപടി പറഞ്ഞില്ല.. എങ്കിലും അവളിൽ ഇപ്പോഴും ഒരു വിശ്വാസമുണ്ട്.. ആർക്കൊപ്പം ആണെങ്കിലും അവൾ നന്നായി ഇരിക്കട്ടെ.. മനസ്സുകൊണ്ടവൻ അത്രയും പറഞ്ഞു.. അന്ന് മുഴുവൻ വീട്ടിൽ അതിഥികൾ ഉണ്ടായിരുന്നു.. അതിന്റെ തിരക്കുകളിൽ മറ്റെല്ലാം മറന്നു.. അല്ലെങ്കിൽ അങ്ങനെ നടിച്ചു..

രാത്രി ഏറെ വൈകിയാണ് കിടക്കാൻ പോയത്.. അഞ്ചു മോളെ ഉറക്കി കിടത്തി അപ്പോഴേയ്ക്കും എഴുന്നേറ്റിരുന്നു.. ഒരു വാശിയുമില്ലാത്ത കുഞ്ഞ്..പാവം.. ശ്രദ്ധ ഈ പരുവത്തിൽ ഞാൻ കൂടെ കിടക്കാതെ ഉറങ്ങത്തേയില്ലായിരുന്നു.. അവൾ പറഞ്ഞു.. അവൻ ഒന്ന് പുഞ്ചിരിച്ചു.. പറയുന്നവർ പലതും പറയും ഗിരീ.. അത് കേട്ട് വേദനിക്കാനും മറ്റും തുടങ്ങിയാൽ അതിനേ നേരമുണ്ടാകൂ.. അത്രയും പറഞ്ഞു മറുപടി കാക്കാതെ അവൾ പുറത്തേയ്ക്ക് നടന്നപ്പോൾ ഒരിറ്റ് കണ്ണുനീർ അവന്റെ മിഴികളിൽ നിന്നും വഴുതി വീണിരുന്നു.. ആഗ്രഹമില്ലാഞ്ഞിട്ടല്ല മറിച്ച് ഹൃദയത്തിന്റെ വേദന സഹിക്കാൻ കഴിയാഞ്ഞിട്ടാണെന്നു മനസ്സുകൊണ്ട് ആയിരം വട്ടം പറഞ്ഞിരുന്നു.. പക്ഷെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല..

തൊണ്ടയിൽ തറഞ്ഞു നിന്നു…. ആർദ്രാ.. എപ്പോഴോ മോളെ നോക്കി കിടന്ന കിടപ്പിൽ മയങ്ങിപ്പോയ അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു.. തൊട്ടരികിൽ അവളില്ല.. ഒരു പിൻവിളി പോലും പ്രതീക്ഷിക്കാതെ അവൾ തന്റെ ജീവിതത്തിൽ നിന്നും പെയ്തൊഴിഞ്ഞു പോയി കഴിഞ്ഞിരിക്കുന്നു.. ആ സത്യത്തെ ഉൾക്കൊള്ളാൻ അവൻ ശ്രമിച്ചു.. അവൾക്ക് പകരം തന്റെ നെഞ്ചോട് ചേർന്ന് നിഷ്കളങ്കമായി ഉറങ്ങുന്ന മോളെ അവൻ നോക്കി.. അപ്പോഴേയ്ക്കും വിശന്നിട്ടാകാം അവളൊന്നു കുറുകി… അവനവളെ ഒന്നു തട്ടികൊടുത്തു.. പിന്നെ മേശയിൽ വെച്ചിരുന്ന ലാക്ടോജെൻ നിറച്ച ഫീഡിങ് ബോട്ടിൽ എടുത്തു.. ബോട്ടിലിൽ ഞെക്കി ഒരല്പം കളഞ്ഞ ശേഷം അവൻ അത് കുഞ്ഞിന്റെ ചുണ്ടോടടുപ്പിച്ചു.. പാലിന്റെ ഗന്ധം വന്നതും ആ കുരുന്നിൽ ഒരു കുഞ്ഞിളം പുഞ്ചിരി വിരിഞ്ഞു..

തലയൊന്നനക്കി തിരഞ്ഞവൾ ആ ബോട്ടിൽ കണ്ടെത്തി വായിലേയ്ക്ക് വെച്ചു നുണഞ്ഞുകൊണ്ടു കിടക്കുന്നത് നോക്കിയിരിക്കവേ അവന്റെ നെഞ്ചം വല്ലാണ്ട് പിടഞ്ഞു.. മുലപ്പാലിന്റെ രുചി അറിഞ്ഞു വളരേണ്ട പ്രായമാണ് അവൾക്ക്.. അവൾക്ക് ഈ രുചി ശീലമായി കഴിഞ്ഞു.. ജനിച്ചു ഒന്നാം മാസം തുടങ്ങി അവൾ ഇതാണ് കുടിക്കുന്നത്.. ഒരുപക്ഷേ അവൾക്ക് മുലപ്പാലിനെക്കാൾ പരിചയവും ലാക്ടോജന്റെ ഈ രുചിയാകും.. അവനോർത്തു.. അൽപ്പം നുണഞ്ഞു കഴിഞ്ഞതും അവൾ പതിയെ കണ്ണുകളടച്ചുറങ്ങി.. ആ ഉറക്കം നോക്കി കിടന്ന അവന്റെ ചുണ്ടിലും വേദന നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു…. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 1

Share this story