പെയ്‌തൊഴിയാതെ: ഭാഗം 4

പെയ്‌തൊഴിയാതെ: ഭാഗം 4

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അപ്പോൾ പുറത്തെ വരാന്തയിൽ ശ്രദ്ധമോളോട് എന്തോ പറഞ്ഞൊരു ഉപമ പറഞ്ഞു കൊടുക്കുകയായിരുന്നു ശങ്കരൻ.. അതേ.. ഒന്നു ചീയുമ്പോൾ മറ്റൊന്നിന് വളമാകും.. അവനും മനസ്സിൽ അത് ഉരുവിട്ടു.. എങ്കിലും സഖീ നിന്നെ അത്രമേൽ പ്രണയിക്കയാൽ ഇന്ന് ഞാനീ വേദനകളെ അത്രമേൽ തീവ്രമായി സഹിക്കേണ്ടവനാകുന്നു.. അവൻ മനസ്സിലുരുവിട്ടു.. ********** നീട്ടി ഹോണടിച്ചുകൊണ്ട് ഗിരി കാർ ആ വീടിന്റെ കോമ്പൗണ്ടിലേയ്ക്ക് കയറ്റി. മുറ്റത്തിന്റെ ഒരു കോണിലായി കെട്ടിയ പട്ടികൂടിന്റെ ഉള്ളിൽ നിന്നും നിർത്താതെയുള്ള കുരകേട്ടാണ് കയ്യിൽ കത്തിയുമായി അവൾ പുറത്തേയ്ക്ക് വന്നത്.. അപ്പോഴേയ്ക്കും ഗിരി ഇറങ്ങിയിരുന്നു.. ആഹാ.. ആരാ ഇത്.. ഗിരിയേട്ടനോ..

വന്നൂന്ന് അറിഞ്ഞിരുന്നു.. കേറി വാ.. അവൾ പറഞ്ഞു.. എന്തിയെ ശ്യാം.. ഗിരി ചോദിച്ചുകൊണ്ട് ബാക്ക് ഡോർ തുറന്ന് ചില കവറുകൾ കയ്യിലെടുത്തു. അകത്തുണ്ട്.. സത്യം പറഞ്ഞാൽ എണീറ്റിട്ടില്ല.. അവധി ദിവസം ഇങ്ങനെയാ.. 12 ആയാലും പൊങ്ങില്ല.. അവൾ പറഞ്ഞുകൊണ്ട് സോഫയിൽ കിടന്ന ബനിയൻ എടുത്തു തോളിലേയ്ക്ക് ഇട്ടു.. വീടൊക്കെ ഒരു പരിവമായി കിടക്കുവാ.. ഇന്ന് തൂത്തു വാരാനൊന്നും നേരം കിട്ടിയില്ല.. പിള്ളേര് രണ്ടാണേലും 8 കയ്യിന്റെ അലമ്പുണ്ടാക്കും ഇവിടെ.. അമ്മേം കൂടെ ഉള്ളോണ്ട് പാടാ.. എല്ലാവരുടെയും കാര്യങ്ങൾ നോക്കേണ്ടേ.. ഇരിക്ക് ഗിരിയേട്ടാ.. അവൾ പറഞ്ഞു.. ഹേയ് അതൊന്നും കിഴപ്പമില്ല നിമ്മീ.. ഞാൻ വിരുന്നുകാരനൊന്നും അല്ലല്ലോ.. എന്റടുത്തു ഫോർമാലിറ്റി ഒന്നും വേണ്ടാട്ടോ.. ഗിരി പറഞ്ഞുകൊണ്ടിരുന്നു.. എന്തിയെ രണ്ടാളും.. ഗിരി ചോദിച്ചു..

അപ്പൂ… ഗോപൂ… നിമ്മീ നീട്ടി വിളിച്ചു.. രണ്ടു നിമിഷത്തിനകം കയ്യിൽ ഒരു കാറുമായി 6 വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഓടിയെത്തി.. തൊട്ട് പിന്നാലെ വഴക്കിട്ടുകൊണ്ട് ഒരു 4 വയസ്സുകരിയും.. അപ്പൂട്ടാ ഇങ്ങു താ.. എന്റെയാ അത്.. ഗോപു വിളിച്ചു പറഞ്ഞു.. ഇല്ല തരില്ല.. ഇത് ഞാനാ ആദ്യം എടുത്തത്.. മുൻപിൽ ഗിരി എന്നൊരാൾ ഉണ്ടെന്നു പോലും ശ്രദ്ധിക്കാതെ ആയിരുന്നു രണ്ടാളുടെയും വഴക്ക്.. അമ്മീ.. കണ്ടോ.. അപ്പൂട്ടൻ എന്റെ ടോയ് എടുത്തു.. ഗോപു നിമ്മിയെ ചുറ്റി പിടിച്ചു.. ഞാൻ കളിക്കാൻ എടുത്തതാ അമ്മീ.. കളിച്ചിട്ട് കൊടുക്കാം.. അപ്പുവും വാദിച്ചു.. എന്റെ കർത്താവേ മടുത്തു ഞാൻ.. എന്റെ പിള്ളേരെ നിങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ.. അപ്പൂ ഗോപു.. ദേ ഇതാരാ എന്നു നോക്കിക്കേ.. നിമ്മീ പറഞ്ഞതും രണ്ടാളുടെയും കണ്ണുകൾ ഗിരിയിലായി…. അയ്യോ ഗിരിയങ്കിൾ.. ഗിരിയങ്കിളേ എപ്പോ വന്നു.. അപ്പു അവന്റെ മടിയിലേയ്ക്ക് സ്വാതന്ത്ര്യത്തോടെ കയറിയിരുന്നു ചോദിച്ചു..

ശ്യാമേട്ടനെ ഇപ്പൊ വിളിക്കാമെ.. നിമ്മീ പറഞ്ഞു.. ഗിരിയങ്കിൾ അപ്പു എന്റെ ടോയ് എടുത്തു.. ഗോപു അപ്പോഴും അതിൽ നിന്നും പിന്തിരിഞ്ഞിരുന്നില്ല.. അപ്പൂട്ടാ ആ ടോയ് ഗോപൂന് കൊടുത്തേയ്ക്കു.. ഗോപു കുഞ്ഞല്ലേ.. ഗിരി പറഞ്ഞു.. എനിക്ക് കളിക്കാൻ ഈ ടോയ് ഇല്ല.. അപ്പു പരിഭവിച്ചു.. സാരോല്യ.. അത് കൊടുക്ക്… ഗിരി പറഞ്ഞതും മനസ്സില്ലാ മനസ്സോടെ അപ്പു ആ ടോയ് ഗോപുവിന് കൊടുത്തു.. അതോടെ അവൾ ഹാപ്പിയായി.. ആ ഇപ്പൊ അപ്പു വെരി ഗുഡ് ബോയ് ആയി.. ആ വെരി ഗുഡ് ബോയ്ക്ക് അങ്കിൾ ഒരു ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ടല്ലോ.. ഗിരി അതിൽ നിന്നൊരു കവറെടുത്തു തുറന്ന് ഒരു റിമോട്ട് കാർ എടുത്തു കാണിച്ചു.. അത്ര നേരം വിവർണ്ണമായിരുന്ന ആ കുഞ്ഞു മുഖം വെട്ടിത്തിളങ്ങി.. ഹായ്.. ഇതെനിക്കാണോ.. അപ്പു ചോദിച്ചു.. പിന്നെ.. ഗിരിയങ്കിളിന്റെ ചക്കര അപ്പൂസിനാ.. ഗിരി പറഞ്ഞു.. ഹായ്.. അവനത് തിരിച്ചും മറിച്ചും നോക്കി പറഞ്ഞു..

അത് നോക്കി നിന്നു ഗോപുവിന്റെ മുഖത്ത് സങ്കടം വന്നതും അവൻ അവളെ വിളിച്ചും അതുപോലെ ഒരു കാർ കൊടുത്തു.. അവൾക്ക് സന്തോഷമായി.. താങ്ക്സ് അങ്കിൾ. അവർ പറഞ്ഞു.. ഗിരീ.. അപ്പോഴേയ്ക്കും ശ്യാം ഓടിവന്ന് അവനെ പുണർന്നിരുന്നു… മ്മ് ഹും.. നീ പല്ല് പോലും തേച്ചില്ലേടാ… ഗിരി അവനെ തള്ളി മാറ്റി ചോദിച്ചു.. സോറി അളിയാ. നീ വന്നൂന്നു കേട്ടതും ഒരോട്ടമായിരുന്നു.. ശ്യാം പറഞ്ഞു. നിമ്മീ ചായ.. അവനത്തിനിടയിൽ വിളിച്ചുകൂവി.. അവളുടെ വായീന്നു വല്ലോം കേൾക്കും നീ.. ടാ ഈ ഒരു ദിവസമേലും നേരം വെളുത്തെണീറ്റ് അവളെ ഒന്നു സഹായിച്ചൂടെ നിനക്ക്.. ഗിരി ചോദിച്ചു.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അളിയാ.. അവള് അടുക്കളേടെ പരിസരത്തോട്ട് എന്നെ അടുപ്പിക്കില്ല.. പിന്നെ നേര് പറഞ്ഞാൽ എണീക്കാൻ എന്നാ മടിയാന്നോ.. അവൻ പറഞ്ഞു.. എന്റെ പൊന്നു ഗിരിയേട്ടാ കേൾക്കണം.. കല്യാണം കഴിഞ്ഞ ഒരിടയ്ക്ക് എന്നെ സഹായിക്കാൻ അടുക്കളയിൽ കേറി.. എന്റെ കഷ്ടകാലത്തിന് എന്റെ ഫ്രണ്ട് ലിസ അപ്പൊ വിളിച്ചു.. ഞാനൊന്ന് മാറി നിന്നു..

അൽപ്പം കഴിഞ്ഞപ്പോൾ വല്ലാത്ത കരിഞ്ഞ മണം.. പിന്നെ കേൾക്കുന്നത് ബോംബ് പൊട്ടുംപോലെ ഒരു ശബ്ദമാ.. നോക്കുമ്പോ ഗ്യാസ് സ്റ്റൗവും ഓൺ ആക്കി വെച്ചേച് ഇങ്ങേര് താഴെ ക്ളീൻ ആക്കുവാ.. ഗ്യാസ് ലീക്കായി മണം വന്നതാ.. നിമ്മീ.പറഞ്ഞു.. അത് പിന്നെ അളിയാ ഞാൻ ഒരു ക്യാരമൽ പുഡ്ഡിംഗ് ഉണ്ടാക്കാൻ നോക്കിയതാ.. യു ട്യൂബിൽ ഒരു പാത്രം വെച്ചു ചൂടാകുമ്പോ ഷുഗർ ഇട്ട് കൊടുക്കുന്നു.. ഞാനും വെച്ചു പാത്രം. ഏത് പാത്രം..അതൂടെ പറയ്.. നിമ്മീ പറഞ്ഞു.. അത് പിന്നെ അളിയാ ഞാൻ നോക്കിയപ്പോ മേശപ്പുറത്തു കറി കൊണ്ട് വെയ്ക്കുന്ന ഒരു ബൗൾ ഇരിക്കുന്നു.. എളുപ്പമുണ്ടല്ലോ എന്നു കരുതി അതാ എടുത്തുവെച്ചു പഞ്ചസാര ഇട്ടത്.. അവൻ പറഞ്ഞു.. കറി എടുക്കുന്ന ബൗളോ.. ഗിരി ചോദിച്ചു… മ്മ്…ക്രോക്കറി സെറ്റിന്റെ കൂടെ കിട്ടുന്ന ബൗൾ… അത് പൊട്ടി താഴെ വീണു.. ഷുഗർ ക്യാരമലൈസ് ആയി സ്റ്റൗവിലും.. അത് കിടന്ന കിടപ്പിൽ തണുത്ത് ആ സ്റ്റൗവിൽ മൊത്തം ആയി..

അവസാനം എത്ര പാട് പെട്ടിട്ടാണെന്നോ ഞാനത് ക്ളീൻ ചെയ്തത്.. നിമ്മി ശ്യാമിനെ നോക്കി പരിഭവത്തോടെ പറഞ്ഞതും അവനൊന്ന് ചിരിച്ചു.. പക്ഷെ ഇപ്പൊ ഞാൻ അങ്ങനെ ഒന്നുമല്ലാട്ടോ.. പാചകമൊക്കെ ഇവളും അമ്മേം കൂടി വൃത്തിക്ക് പഠിപ്പിച്ചു.. പക്ഷേ ഇപ്പോഴും ഇവളെന്നെ ഒറ്റയ്ക്ക് അടുക്കളേൽ നിർത്തില്ല.. ശ്യാം പറഞ്ഞു.. നിമ്മി ചിരിച്ചുകൊണ്ട് കയ്യിലിരുന്ന ചായ ഗിരിക്ക് നൽകി.. കുട്ടികൾ അപ്പോഴേയ്ക്കും അവരുടെ കളിചിരികളിൽ മുഴുകി കഴിഞ്ഞിരുന്നു.. ആ വീട്ടിലെ അന്തരീക്ഷം ഗിരിയുടെ മനസ്സിനും അൽപ്പം അയവ് വരുത്തിയിരുന്നു.. മോളെവിടെടാ.. ശ്യാം ചോദിച്ചു.. വീട്ടിലുണ്ട്.. അവൻ പറഞ്ഞു . . വഴക്കൊന്നുമില്ലേ.. ഗിരിയേട്ടനെ കാണാതെ.. നിമ്മി ചോദിച്ചതും ഗിരി പയ്യെ ചിരിച്ചു.. അവൾക്ക് അങ്ങനെ വഴക്കൊന്നുമില്ല.. പാവമാണ്.. അമ്മയുണ്ടെങ്കിൽ അവൾ ഹാപ്പിയാ.. അവളുടെ ഭാഷ അമ്മയ്ക്കും എനിക്കുമേ അറിയൂ..

അച്ഛനുമായി അത്ര ഫ്രണ്ട്ലി അല്ല.. എന്നാലും കണ്ടാൽ എന്തൊക്കെയോ പറഞ്ഞു വിളിക്കും.. അവൾക്ക് ആരെയെങ്കിലും കിട്ടിയാൽ പിന്നെ അങ്ങു സംസാരിക്കും.. അവൻ പറഞ്ഞു.. പാവം കുട്ടി.. നിമ്മി പറഞ്ഞൂ.. അമ്മീ.. അപ്പെട്ടൻ എന്നെ പിച്ചി. ഗോപു ഓടിവന്ന് പറഞ്ഞു.. ഈ പിള്ളേരെ ഞാൻ.. നിമ്മി ദേഷ്യത്തോടെ പറഞ്ഞു.. വിടെടോ.. ഗിരി പറഞ്ഞു.. അല്ല ഗിരിയേട്ടാ ഒരു കോളേജ് ലെക്ച്വറിന്റെ മക്കളല്ലേ.. ഇതുങ്ങളെ ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൂടെ.. നിമ്മീ ചോദിച്ചു.. ഗിരി ശ്യാമിനെ നോക്കി. അവൻ കുസൃതി ചിരിയോടെ ഇരിക്കുകയാണ്.. അത് നേരാ.. ഗിരി പറഞ്ഞു.. ഉവ്വ.. കഴിഞ്ഞ ദിവസം നന്നാക്കാൻ ഇതുപോലെ ഞാൻ പറഞ്ഞുവീട്ടിട്ട് ലാസ്റ്റ് പിള്ളേരുടെ കയ്യീന്ന് തല്ലും വാങ്ങി വന്നിട്ട് എന്നോട് പറഞ്ഞ മാന്യനാണ്.. അപ്പൻ ഇങ്ങനെയാന്നേൽ പിള്ളേരെ പറഞ്ഞിട്ടെന്തിനാ.. അവളതും പറഞ്ഞു അകത്തേയ്ക്ക് ഗോപുവിനെയും വിളിച്ചു നടന്നു.. ഇതെന്താ ഈ അമ്മീ.. ഗിരി ചോദിച്ചു..

അതോ.. അപ്പു ആദ്യം അമ്മാ എന്നാ വിളിച്ചിരുന്നത്.. ഞാൻ നിമ്മീന്നും. ലാസ്റ്റ് അവനത് കേട്ട് അമ്മയും നിമ്മിയും മിക്സ് ആക്കി അമ്മിയാക്കി.. ഗോപുവും അങ്ങനെതന്നെ ആക്കി വിളി.. ശ്യാം പറഞ്ഞു.. അല്ല എന്നാടാ ജോയിൻ ചെയ്യുന്നത്.. ശ്യാം ചോദിച്ചു.. നാളെ.. നീ ഞാൻ വന്നിട്ടും അങ്ങോട്ട് വന്നില്ലല്ലോ.. അതാ ജോയിൻ ചെയ്യുന്നതിന് മുൻപ് വന്നത്.. ഗിരി ചയക്കപ്പ് മേശയിൽ വെച്ചു പറഞ്ഞു.. നീ വന്ന സമയത്ത്‌ പാലായിൽ ആയിരുന്നു.. നിമ്മീടെ വീട്ടിൽ..അവളുടെ അപ്പച്ചന് വയ്യാതിരിക്കുകയായിരുന്നല്ലോ.. എന്തായി.. വീട്ടിലെ വിലക്കൊക്കെ മാറിയോ… ഗിരി ചോദിച്ചു.. പിന്നെവിടെ പോകാനാ.. അവളുടെ അപ്പച്ചൻ ദി ഗ്രേറ്റ് വടക്കേറ്റിൽ മാത്യു ജോസഫിനായിരുന്നു എന്നെയാ വീട്ടിൽ കേറ്റില്ല എന്ന വാശി.. അവസാനം വയ്യാണ്ടായപ്പോ അങ്ങേര് തന്നെ എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചു..

അവൻ പറഞ്ഞു.. മ്മ്.. ഗിരി മൂളി.. ആർദ്ര… വിളിച്ചോ പിന്നെ.. ശ്യാം ചോദിച്ചു. ഇല്ല… ഡിവോഴ്‌സ് കിട്ടിയപ്പോ താങ്ക്സ് പറഞ്ഞൊരു മെസേജ് ഇട്ടിരുന്നു.. അവൾക്ക് ദേഷ്യം എന്നോടല്ല.. സ്റ്റീൽ അവൾക്ക് ദേഷ്യമാണ് മോളോട്.. ഞങ്ങളുടെ ജീവിതം തകരാനുള്ള കാരണവും അവളാണത്രെ.. അവൻ വേദനയോടെ പറഞ്ഞു.. അവൾക്കെന്താ കുഞ്ഞിനോടിത്ര ദേഷ്യം.. സാധാരണ അമ്മമാർക്ക് കുഞ്ഞുങ്ങളോട് എന്തൊരു അറ്റാച്മെന്റാ.. ഇത് നേരെ തലതിരിഞ്ഞ ഒരെണ്ണം.. ശ്യാം പറഞ്ഞു.. ഗിരി എന്തോ ആലോചനയോടെ ഇരുന്നു.. അവൾക്ക് കുഞ്ഞിനോടുള്ള ദേഷ്യത്തിന്റെ കാരണം കുഞ്ഞു കാരണമാണ് അവളുടെ ജോലിയിൽ ഗ്യാപ് വന്നത് എന്നതാണ് ശ്യാമേ.. ഗിരി പറഞ്ഞു.. അതൊക്കെ സാധാരണ അല്ലേടാ.. ശ്യാം ചോദിച്ചു.. പാവമാണ് ശ്യാം അവൾ.. വെറും പാവം..

എനിക്ക് അറിയാം അവളെ.. അവൾ ആഗ്രഹിക്കാതെ ഞങ്ങൾക്കിടയിലേയ്ക്ക് വന്നതാണ് ശങ്കരിമോള്.. നീയിപ്പോ പറഞ്ഞില്ലേ സാധാരണ അല്ലെന്ന്.. അതേ.. ഒരു കുഞ്ഞുണ്ടാകാൻ നമ്മൾ എത്ര എഫോർട്ട് എടുക്കുന്നുണ്ട്.. സത്യത്തിൽ ഈ 9 മാസവും അവരെ കെയർ ചെയ്യാൻ മാത്രമേ നമ്മളെകൊണ്ട് കഴിയൂ.. ഈ സമയത്ത്‌ ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന ചേഞ്ചസ് എത്രയാണെന്ന് ഊഹിക്കാൻ പോലും നമുക്ക് കഴിയില്ല.. ദേഷ്യവും വാശിയുമൊക്കെ അതിന്റെതാണ്.. പിന്നെ കുഞ്ഞിനോടുള്ള അറ്റാച്ച്മെന്റ്.. സത്യത്തിൽ അതില്ലാത്തത് അവളുടെ കുറ്റമല്ല.. അവൾ വളർന്ന സാഹചര്യം അതായിരുന്നു.. അവളുടെ ഡാഡിയും മമ്മിയും ബിസിനസുകാർ ആണ്.. അവർക്ക് ജീവിതത്തിൽ ഒന്നിനും സമയമുണ്ടായിരുന്നില്ല.. ഓർമ വെച്ച നാള് മുതൽ വീട്ടിലെ ജോലിക്കാർക്കൊപ്പമാണ് ആർദ്ര വളർന്നത്..

ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് അവളെ സ്കൂളിൽ ചേർക്കാൻ മാത്രമാണ് അച്ഛനും അമ്മയും ഒന്നിച്ചു സ്കൂളിൽ വന്നിട്ടുള്ളതെന്നു.. ഗിരി പറഞ്ഞു.. ഞാനൊന്ന് ചോദിക്കട്ടെ.. നീ പറഞ്ഞതൊക്കെ കാര്യമാണ്.. അങ്ങനെ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരാൾ ജീവിതത്തിൽ കെയറിങ്ങിന് തന്നെ അകില്ലേ കൂടുതൽ ഇമ്പോർട്ടൻസ് നൽകുക.. സ്വയം അനുഭവിച്ച ബുദ്ധിമുട്ടുകൾ സ്വന്തം കുഞ്ഞിന് വരരുത് എന്നല്ലേ ആഗ്രഹിക്കുക.. നമ്മൾ എത്രയോ സിനിമയിലൊക്കെ കണ്ടിരിക്കുന്നു.. ശ്യാം ചോദിച്ചു.. ഗിരി ഒന്നു പുഞ്ചിരിച്ചു. സിനിമയല്ല ശ്യാമേ ജീവിതം.. അവളെ സംബന്ധിച്ചു അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല.. അവൾക്ക് അവർ നൽകിയ ഫ്രീഡം ആയിരുന്നു.. അവൾ പഠിച്ച സ്കൂളും അവളുടെ സൗഹൃദങ്ങളും എല്ലാം അങ്ങനെ ആയിരുന്നു.. അവർ ഒന്നിച്ചു പല വീടുകളിലും പാർട്ടി നടത്താറുണ്ട്.. ഫ്രണ്ട്സിന്റെ വീടുകളിൽ പോയി രാത്രി കിടക്കാറുണ്ട്..

അതിലൊന്നിലും ആരും അങ്ങനെ ഇടപെടാറുമില്ല.. ആ സാഹചര്യത്തിൽ ഫ്രീ ആയി വളർന്നു വന്ന അവൾക്ക് എന്റെ വീടും ഇവിടുത്തെ സഹചര്യവും തീരെ ദഹിക്കുമായിരുന്നില്ല.. പക്ഷെ എന്നോടുള്ള അവളുടെ ഇഷ്ടം തന്നെയാണ് അവൾ അഡ്ജസ്റ്റ് ചെയ്തിവിടെ നിൽക്കാൻ ഉണ്ടായിരുന്ന ഏക ഘടകം.. ആ ഇഷ്ടത്തിന്റെ തോത് കുറഞ്ഞു വന്നു എന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും അവൾ പ്രഗ്നന്റ് ആയിരുന്നു.. എന്നിട്ടും അവൾ പിടിച്ചു നിന്നു.. കുഞ്ഞു ജനിച്ചു കഴിഞ്ഞപ്പോഴേയ്ക്കും അവളിൽ ആ ഇഷ്ടം ഒരു വല്ലാത്ത അകൽച്ചയായി മാറി.. അതവൾ എന്നോട് തുറന്നു പറയുകയും ചെയ്തു.. അവൻ പറഞ്ഞു.. നമ്മളൊക്കെ കരുതാറില്ലേ നമ്മൾ ജീവിക്കുന്നതാണ് സ്വർഗ്ഗമെന്നു.. അതുപോലെ അവൾക്ക് അവളുടെ ജീവ്തശൈലിയായിരുന്നു സ്വർഗം.. ഒരുപാട് കഷ്ടപെട്ടിട്ടാണ് അവൾക്ക് ഈ പ്രായത്തിനുള്ളിൽ തന്നെ ഇത്രയും.പ്രശസ്തമായ ഒരു സ്ഥാപനത്തിൽ ഇത്ര വലിയൊരു പൊസിഷനിൽ ജോലി കിട്ടിയത്.

. അത് അവളെ സംബന്ധിച്ചു ഞങ്ങളുടെ ലൈഫിനെക്കാളും ഞങ്ങളുടെ കുഞ്ഞിനേക്കാളും ഒരുപാട് വലുതായിരുന്നു.. അവളോട് ഒരു കാര്യത്തിൽ എനിക്ക് ബഹുമാനമുണ്ട്.. അവളുടെ ജീവിതം അവളുടെ മാത്രം തീരുമാനമാണ്.. അവളത് എന്താണെങ്കിലും ആരോടാണെങ്കിലും തുറന്ന് പറയാനും മടി കാണിക്കില്ല.. എന്നോടും ഒരിക്കൽപോലും എന്റെ കുറ്റം കൊണ്ടാണ് അവൾ പോകുന്നത് എന്നു പറഞ്ഞിട്ടില്ല.. അവൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല എന്നു പറഞ്ഞിട്ടുണ്ട്.. അത്രമാത്രം.. ആ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു സോറി പറഞ്ഞു.. ഗിരി പറഞ്ഞു.. അപ്പൊ നീയിപ്പോഴും അവളെ പ്രേമിക്കുന്നുണ്ടോ.. ഇപ്പോഴും അവളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടൊ..അവൾ തിരിച്ചു വന്നാൽ നീ വീണ്ടും അവസ്‌ലെ സ്വീകരിക്കുമോ.. അവൻ ചോദിച്ചു.. ഗിരി ചിരിച്ചു. ജീവിതത്തിൽ ഞാൻ ഏറ്റവും ആഗ്രഹിച്ച ജീവിതമായിരുന്നു 1 അര വർഷവും ഞാൻ ജീവിച്ചത്..

അതിനു ശേഷമാണ് ഞങ്ങൾക്കിടയിൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകുന്നത് പോലും..അതിനു മുൻപ് 3 വർഷം പ്രേമിച്ചവരാണ് ഞങ്ങൾ.. ഈ സമയത്തൊക്കെയും ഞങ്ങൾ തമ്മിലുണ്ടായിരുന്ന സ്നേഹം.. അതിന്റെ ആഴം.. അതാണ് ശ്യാം.ഇപ്പൊ എന്നെ കുത്തി മുറിവേല്പിക്കുന്നത്.. നീയിപ്പോൾ ചോദിച്ചില്ലേ അവൾ മടങ്ങി വന്നാൽ സ്വീകരിക്കുമോ എന്നു.. അവൾ മടങ്ങി വരില്ല . അതിനല്ല ആർദ്ര മടങ്ങിയത്.. അതിനല്ല അവൾ ഡിവോഴ്‌സ് വാങ്ങിയത്.. പിന്നെ അവൾ ഇനി ഒരിക്കലും എന്റെ ജീവിതത്തിലോ എന്റെ മോളുടെ ജീവിതത്തിലോ ഇല്ല എന്നുള്ള സത്യവും ഞാൻ അക്സപ്റ്റ് ചെയ്യുന്നുണ്ട്.. പക്ഷെ അപ്പോഴും ആ വേദന.. അതെന്റെ ഉള്ളിൽ നീറ്റൽ പോലെയുണ്ട്.. എൻറെ കുഞ്ഞിന്റെ മുഖം കാണുമ്പോഴൊക്കെ ഉള്ളിൽ വല്ലാത്ത വേദന നിറയുന്നുണ്ട്.. അവളെന്ത് തെറ്റാ ചെയ്തത്..

ജനിച്ചുപോയതൊരു തെറ്റല്ലല്ലോ.. പെറ്റമ്മയുടെ സ്നേഹം പോലും മുലപ്പാലിന്റെ മാധുര്യം പോലും അവൾക്ക് നിഷിദ്ധമാകാൻ എന്താണ് കാരണം എന്നെനിക്ക് അറിയില്ല ശ്യാമേ.. സാധാരണ ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ ആശ്വസിക്കാൻ എന്തെങ്കിലും കാരണം മനസ്സ് കണ്ടെത്തും.. ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എന്നൊക്കെ.. പക്ഷെ ഇവിടെ എനിക്ക് അതും കിട്ടുന്നില്ല.. പലപ്പോഴും മനസ്സ് എന്റെ പിടിവിട്ട് പോകുകയാണ് ശ്യാമേ.. പേടിയാ എനിക്ക്.. ഞാൻ ഭ്രാന്തിലേയ്ക്ക് തെന്നി നീങ്ങുന്നുവോ എന്ന ഭയം.. ഗിരി പറയുന്നതൊക്കെയും ശ്യാം ശ്രദ്ധയോടെ കേട്ടു..പിന്നെ അവനെ ചേർത്തുപിടിച്ചു.. ഇല്ലടാ.. നിന്റെയീ മനസ്സുണ്ടല്ലോ.. അത് ഒത്തിരി പേർക്കൊന്നും കിട്ടില്ല… ആർദ്ര ഇനി വരേണ്ട.. നിനക്കും മോൾക്കും അവളെ വേണ്ട .

പിന്നെ ശങ്കരി മോള്.. അവൾക്ക് ദൈവം നിഷേധിച്ചത് അവളെ വേണ്ടാത്ത ഒരമ്മയെയല്ലേ.. അവളെ ജീവനോളം സ്നേഹം കൊണ്ട് പൊതിയുന്ന ഒരച്ഛനെ പകരമവൾക്ക് ദൈവം കൊടുത്തില്ലേ.. ശ്യാം പറഞ്ഞു.. എന്റെ കർത്താവേ.. നിങ്ങളിതുവരെ പല്ല് തേച്ചില്ലേ മനുഷ്യാ.. നിമ്മി അപ്പോഴേയ്ക്കും വന്ന് തലയിൽ കൈവെച്ചു ചോദിച്ചു..അയ്യോ മറന്നു.. ഓ ഒരീസം പല്ല് തേച്ചില്ലേൽ എന്നാ..ചായ താടി.. ശ്യാം.പറഞ്ഞു.. പച്ച വെള്ളം തരികേല ഞാൻ . വേണേൽ പോയി പല്ല് തേച്ചിട്ട് വാ. നിമ്മി പറഞ്ഞു.. ടാ.. നീ പോകല്ലേ… ഞാൻ ഇപ്പൊ വരാം.. അതും പറഞ്ഞു ശ്യാം അകത്തേയ്ക്ക് ഓടി.. ആ നിമ്മി.. ഇത് നിങ്ങൾക്ക് എല്ലാവർക്കും ഉള്ള ഡ്രസ് ആണ്.. ഇഷ്ടമാകുമോ എന്നൊന്നും അറിയില്ല.. ഇല്ലെങ്കിൽ പറഞ്ഞാൽ മതീട്ടോ.. നമുക്ക് മാറ്റി എടുക്കാം.. ഗിരി പറഞ്ഞു.. അവൾ പുഞ്ചിരിച്ചതെയുള്ളൂ.. ഇനി വരുമ്പോ ശങ്കരിയെ കൂടെ കൊണ്ടുവാ ഏട്ടാ.. അവളെ കണ്ടിട്ട് എത്ര നാളായി.. നിമ്മി പറഞ്ഞു..

നിങ്ങൾ അങ്ങോട്ട് ഇറങ്ങു.. വല്യ ദൂരമൊന്നും ഇല്ലല്ലോ.. ഗിരി പറഞ്ഞു.. ഇവിടെ ഒരാൾക്ക് അലക്കൊഴിഞ്ഞിട്ട് പെണ്ണ് കെട്ടാൻ നേരമില്ലാത്തപോലെയല്ലേ നടപ്പ്.. മിനിഞ്ഞാന്നാ വീട്ടീന്നു ഇങ്ങോട്ട് വന്നത്.. ഇന്നാലെയായപ്പോ മുതൽ അമ്മയ്ക്ക് പിന്നെയും വയ്യാണ്ടായി.. ഞങ്ങൾ പോയപ്പോ ശ്യാമിന്റെ ചേച്ചിയാ ഇവിടെ ഉണ്ടായിരുന്നത്.. അമ്മയ്ക്ക് സൂര്യേടെ നോട്ടം അത്ര പോര.. ഞാനില്ലെങ്കിൽ ആകെ സങ്കടമാ.. നിമ്മി പറഞ്ഞു.. അയ്യോ അമ്മയെ കണ്ടില്ല.. അവനതും പറഞ്ഞെഴുന്നേറ്റു. ഗിരീ.. വാത്സല്യത്തോടെ ആ അമ്മ അവനെ തഴുകി.. എന്താ അമ്മേ.. ആകെ ഒരു വാട്ടം.. ഗിരി ചോദിച്ചു.. ഇവൾ ഇല്ലാഞ്ഞതിന്റെയാ.. സൂര്യയായിരുന്നു ഇവിടെ.. അവൾക്ക് പിന്നെ കേട്ട്യോന്റേം പിള്ളേരുടേം കാര്യം നോക്കാനെ നേരമുള്ളു.. ഇവളെപോലെ കണ്ടറിഞ്ഞു ചെയ്യാനൊന്നും അവൾ നിൽക്കില്ല..

ഞാനൊന്ന് ചുമച്ചാൽ ഇവൾക്കറിയാം എന്താണെന്ന്.. ആ കെട്ടിച്ചു വിട്ടാൽ പെണ്പിള്ളേരൊക്കെ മാറും എന്നല്ലേ പറയ.. അവർ ദീര്ഘനിശ്വാസമെടുത്തു.. കുഞ്ഞെന്തിയെ ഗിരീ. അവർ ചോദിച്ചു.. അവിടെ ഉണ്ടമ്മേ.. ഞാനൊറ്റയ്ക്ക് വന്നോണ്ട് കൂട്ടാഞ്ഞതാ.. അവൻ പറഞ്ഞു.. ഇവിടെ പിള്ളേര് കുറച്ചീസം ഇല്ലാതിരുന്നപ്പോ ഞാനോർത്തു ഞാനങ്ങു ചത്തുപോകുമെന്നു.. അവരില്ലേൽ എന്നാ സങ്കടമാ.. അവർ പറഞ്ഞു. നീ ഇവിടായിരുന്നോ.. വാ വല്ലോം കഴിക്കാം.. ശ്യാം വന്നു വിളിച്ചു.. അമ്മ കഴിച്ചോ അമ്മേ.. അവൻ ചോദിച്ചു.. എന്നാ ചോദ്യമാ.. നേരം വെളുത്ത് കണ്ണിൽ ഉറക്കം തെളിയുമ്പോ മുതൽ ആ പെണ്ണ് നെട്ടോട്ടമാണ്.. അവളെ ഒന്നു സഹായിക്കുകേല.. നട്ടുച്ച വരെ കിടന്നുറങ്ങിയിട്ട് അമ്മ കഴിച്ചോ എന്നറിയാൻ വന്നിരിക്കുന്നു.. അവർ പറഞ്ഞതുകേട്ട് ശ്യാം ഒന്നു ഇളിച്ചു കാണിച്ചു.. അവരുടെ വഴക്കും കളിച്ചിരികളും പിണക്കവും ഇണക്കവും.. ഗിരി ശെരിക്കും മറ്റൊരു ലോകത്ത് എത്തിയതുപോലെ ആയിരുന്നു.. ഒരു നിമിഷം ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവൻ മറന്നുപോയിരുന്നു..

അഞ്ചാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച കൂട്ടുകാർ.. ചില സൗഹൃദങ്ങൾ അങ്ങനെയാണ്.. എത്ര നാളുകൾ കഴിഞ്ഞാലും കാലപ്പഴക്കം ചെല്ലുംതോറും ഭൂമിയിലേക്ക് വേരാഴ്ത്തുന്ന ഒരു വടവൃക്ഷം പോലെ ആ സൗഹൃദം ഉറച്ചു വന്നിരുന്നു.. പലപ്പോഴും എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യുവാൻ പലർക്കും തുണയാകുന്നതുമത്തരം സൗഹൃദങ്ങൾ തന്നെയാണ്.. അതാണ് കാലത്തിന്റെ മായാജാലം.. ജനനം മുതൽ ഒന്നിച്ചുണ്ടാകുന്നവർ തമ്മിലുള്ളതിനെക്കാൾ ആഴത്തിൽ വേരുറച്ചുപോകുന്ന ബന്ധങ്ങൾ കർമ്മം കൊണ്ട് ഉണ്ടായി വരുന്ന മായാജാലം.. ********* ഗിരിധർ അല്ലെ.. പ്രിൻസിപ്പൽ ചോദിച്ചു.. അതേ.. അനൂപ് സർ പറഞ്ഞിരുന്നു.. ഇതിങ്ങനെ ഒരു ട്രാൻസ്ഫർ ഇങ്ങനെ പതിവില്ലാത്തതാണ്.. അതും ഈ സെമസ്റ്റർ പകുതിയായ ടൈമിൽ…. അദ്ദേഹം പറഞ്ഞു.. ഇവിടെ ഒഴിവുണ്ടെന്നു റിപ്പോർട്ട് ചെയ്തിരുന്നു എന്നല്ലേ പറഞ്ഞത്.. അതേ.. ഇവിടെ പഠിപ്പിച്ചുകൊണ്ടിരുന്ന ടീച്ചർ പ്രഗ്നൻറ് ആയിരുന്നു.. അവർക്ക് മെറ്റേർണിറ്റി ലീവാ.. അദ്ദേഹം പറഞ്ഞു..

പ്രഭാകരൻ നായർ എന്ന ബോർഡിലേയ്ക്ക് നോക്കി അവനൊന്ന് പുഞ്ചിരിച്ചു.. സർ പഠിപ്പിച്ചുകൊണ്ടിരുന്നതല്ലേ.. അതുകൊണ്ട് വലിയ ഇൻട്രോയുടെ ആവശ്യം ഒന്നും ഇല്ലല്ലോ.. സൗത്ത് വെസ്റ്റ് ബ്ളോക്കിലാണ് ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ്.. അവിടെ എച്ച് ഓ ഡി മിസ്സിസ് രാജി രാജശേഖറിനെ കണ്ടാൽ മതി കേട്ടോ.. ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.. പ്രഭാകർ പറഞ്ഞു.. ഓകെ സർ.. താങ്ക്യു. അവൻ പുഞ്ചിരിയോടെ പറഞ്ഞു.. അല്ല സാറിന്റെ ഫാമിലി ഒക്കെ.. അവൻ തിരിഞ്ഞിറങ്ങിയതും അദ്ദേഹം ചോദിച്ചു.. അച്ഛൻ അമ്മ.. പിന്നെ മാരീഡ് ആണ്.. ഒരു മോളുണ്ട്.. അവൻ പറഞ്ഞു.. വൈഫ്.. പ്രഭാകർ ചോദിച്ചു.. ജേർണലിസ്റ്റ് ആണ്.. മുംബൈയിൽ ആണ്.. എന്തുകൊണ്ടോ അങ്ങനെ പറയുവാനാണ് തോന്നിയത്.. കുടുംബകാര്യങ്ങൾ ഡിസ്കസ് ചെയ്യേണ്ട കാര്യമില്ല എന്നത് അവൻ നേരത്തെ തീരുമാനിച്ചിരുന്നു.. വെൽക്കം സർ.. ആം രാജി.. രാജി രാജശേഖർ.. ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ് എച്ച് ഓ ഡി ആണ്..

പ്രഭാകർ സർ പറഞ്ഞിരുന്നു പുതിയ സ്റ്റാഫ് വരുന്നുണ്ടെന്ന്.. കോളേജ് ട്രാൻസ്ഫർ ആണ് അല്ലെ.. എച്ച് ഓ ഡി കൈനൽകി അവനെ ഹൃദ്യമായ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു ചോദിച്ചു.. അവൻ അവരെ നോക്കി… 35 40 പ്രായം വരുന്ന ഒരു സ്ത്രീയായിരുന്നു രാജി.. അതേ.. അവൻ പറഞ്ഞു.. വീട് എവിടെയാണ്.. അവർ ചോദിച്ചു.. ആക്ച്വലി ഞങ്ങൾ എറണാകുളം ആയിരുന്നു.. ഇപ്പോൾ ഇവിടെ നാട്ടിൽ തന്നെ ഒരു വീട് വെച്ചു.. ഇവിടുന്ന് ഏകദേശം ഹാഫ് ആൻ അവർ ട്രിപ്പ് അത്രയുമെയുള്ളൂ.. അവൻ പറഞ്ഞു.. ഓകെ.. 12 സ്റ്റാഫുകളാണ് മൊത്തം ഇംഗ്ലീഷ് ഡിപാർട്മെന്റിൽ ഉള്ളത്.. രണ്ടുപേർ നിലവിൽ ലീവ് ആണ്. ബാക്കി ഓൾമോസ്റ്റ് എല്ലാവരും ഇവിടെയുണ്ട്.. പരിചയപ്പെടാൻ ഇഷ്ടം പോലെ ടൈം ഉണ്ടല്ലോ.. സാവകാശം എല്ലാവരെയും പരിചയപ്പെടു.. രാജി പറഞ്ഞു.. ഓകെ മേം.. അവൻ പറഞ്ഞു.. ഇത് ജെറി സെബാസ്റ്റ്യൻ.. അസിസ്റ്റന്റ് എച്ച് ഓ ഡി ആണ്..

ഫസ്റ്റ് അവർ തൽക്കാലം ഗിരിക്ക് ക്ലാസ് ഇല്ല.. നെക്സ്റ്റ് അവർ ആണ് ക്ലാസ് ഉള്ളത്.. സെക്കൻഡ് ഇയറിന്.. ജെറി എല്ലായിടവും പരിചയപ്പെടുത്തി തരും.. രാജി പറഞ്ഞു.. ഓകെ മാഡം.. അവൻ പറഞ്ഞു.. ക്യാബിനിൽ നിന്നും പുറത്തിറങ്ങി സ്റ്റാഫ് റൂമിലേയ്ക്ക് നടക്കും വഴി അവൻ ചുറ്റും നോക്കി.. കുട്ടികൾ എത്തി തുടങ്ങിയിട്ടേയുള്ളൂ.. ഒരു വലിയ ക്യാമ്പസ്.. വാക മരങ്ങളും മാവും പച്ചപ്പ് വിരിയിച്ച ഗ്രൗണ്ട്.. എൻട്രൻസ് മുതൽ ചുറ്റും നോക്കിയാൽ പച്ചപ്പാണ്.. ഒരു കുളിർമ്മയുള്ള അന്തരീക്ഷം.. രണ്ടാം നിലയിലാണ് ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ് സ്റ്റാഫ് റൂം.. അവൻ നീളൻ വരാന്തയിലൂടെ പതിയെ നടന്നു.. കോളേജ് ലൈഫ്.. അത് എല്ലാവർക്കും ഓർമകൾ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്.. അവനോർത്തു.. പുഞ്ചിരിയോടെയാണ് എല്ലാവരും ഗിരിയെ സ്വാഗതം ചെയ്തത്.. അതേ പുഞ്ചിരി അവനിലും ചെറു സന്തോഷമായി അവന്റെ മനസ്സിലും നിറഞ്ഞു തുടങ്ങിയിരുന്നു..

കുടുംബത്തെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽ നിന്ന് അതി വിദഗ്ദമായി ശ്യാം അവനെ രക്ഷിച്ചിരുന്നു.. മറക്കേണ്ടതൊക്കെയും മറവിയുടെ കാണാ കയത്തിലേയ്ക്ക് തള്ളിയിടണം.. ഇതൊരു പുതിയ ജീവിതമാണ്.. നിന്റെ ഇനിയുള്ള ജീവിതം ശങ്കരി മോൾക്ക് കൂടിയുള്ളതാണ്.. നീളൻ വരാന്തയിൽ പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന അവനരികിൽ വന്ന് അത്രയും പറഞ്ഞു ബുക്കുമായി ക്ലാസ്സിലേക്ക് പോകുന്ന ശ്യാമിനെ നോക്കി നിൽക്കുമ്പോഴും അവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഗിരി വീണ്ടും ഉരുവിടുകയായിരുന്നു.. ഒടുവിൽ ശങ്കരി മോളുടെ നിറ പുഞ്ചിരി മനസ്സിൽ നിറച്ച് പുതിയ തീരുമാനങ്ങളോടെ അവൻ സ്റ്റാഫ് റൂമിലേയ്ക്ക് നടക്കുമ്പോൾ ജീവിതത്തിന്റെ തീർത്തും പുതിയ ഒരേട് അവന് വേണ്ടി തുറക്കുകയായിരുന്നു കാലം….. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 3

Share this story