അഞ്ജലി: ഭാഗം 35

അഞ്ജലി: ഭാഗം 35

എഴുത്തുകാരി: പാർവ്വതി പിള്ള

ജോമോനും സാംകുട്ടിയും ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു…. തങ്ങൾ കുറെനാളായി തിരഞ്ഞു നടക്കുന്ന ആളാണ് കണ്മുന്നിൽ ഇരിക്കുന്നത്.. തങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാനാവുന്ന ഒരേ ഒരാൾ.. അനന്തൻ ഇരുവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു…. എന്നാൽ തിരികെ ഒരു പുഞ്ചിരി പോലും നൽകാതെ അനന്തനെ തന്നെ നോക്കി നിൽക്കുന്ന ജോമോനെയും സാംകുട്ടിയെയും ടോണി സംശയത്തോടെ നോക്കി…. നിങ്ങൾ എത്തിയോടാ ചെക്കന്മാരെ… അവർ ഞെട്ടലോടെ തിരിഞ്ഞ് അമ്മച്ചിയെ നോക്കി…. ഇനി ഊണ് കഴിച്ചിട്ടാവാം സംസാരമൊക്കെ എല്ലാവരുംകൂടി കൈകഴുകി ഇരുന്നാട്ടെ…. പുഞ്ചിരിയുടെ ആവരണം അണിഞ്ഞു രണ്ടാളും എല്ലാവർക്കുമൊപ്പം ഇരുന്നെങ്കിലും തൊണ്ടകുഴിയിൽ നിന്ന് അവർക്ക് ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല….

അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്ന ടോണിയുടെ ഉള്ളിലും എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തിരുന്നു….. അനന്തനും അഞ്ജലിയും എല്ലാവരോടും യാത്ര പറഞ്ഞ് അവരെ തിരികെ വീട്ടിലേക്ക് ക്ഷണിച്ചിട്ടും ആണ് ഇറങ്ങിയത്…. അവർ ഇറങ്ങിയ പിറകെ ജോമോനും സാംകുട്ടിയും പോകാനായി ഇറങ്ങി…. അമ്മച്ചി… ഞാനും ഇച്ചായൻമാരുടെ കൂടെ കവല വരെ ഒന്ന് പോയിട്ട് വരാം… വേഗം വരണേ ടോണി മോനെ…. അമ്മച്ചിയുടെ നേരെ തലയാട്ടിക്കൊണ്ട് അവൻ അവരുടെ പിറകെ ബൈക്കുമെടുത്ത് ഇറങ്ങി… അവർ സ്ഥിരം ഇരിക്കാറുള്ള കവലയിലെ ആ കലിങ്കിൽ ചെന്ന് ഇരിപ്പുറപ്പിച്ചു…. കുറെ നേരം ആരും പരസ്പരം ഒന്നും സംസാരിച്ചില്ല…. ഒടുവിൽ ടോണി തന്നെയാണ് ആ മൗനത്തിന് വിരാമമിട്ടത്… എന്താ ഇച്ചായൻമാരെ…എന്താ ഇപ്പോൾ രണ്ടാളുടെയും മനസ്സിൽ….അവൻ ചോദ്യ ഭാവത്തിൽ അവരെ നോക്കി…. അത് ടോണി മോനെ…

സാംകുട്ടി അർദ്ധോക്തിയിൽ നിർത്തി….എന്താ ഇച്ചായാ എന്താ കാര്യം… അത്‌ ടോണി മോനെ ഇന്ന് ഇവിടെ വന്ന അനന്തൻ സാറിന്റെ കാറിലാണ് അന്ന് റോണിയെ ഞങ്ങൾ കയറ്റി വിട്ടത്…. ഒരുപക്ഷേ അയാൾക്ക് പറയാൻ കഴിയും റോണിയെ അന്ന് എവിടെയാണ് വിട്ടതെന്ന്…. ടോണി അമ്പരപ്പോടെ അവരെ നോക്കി….നിങ്ങൾ പറയുന്നത് സത്യമാണോ… അങ്ങനെയെങ്കിൽ ഇനി വെച്ച് താമസിപ്പിക്കുന്നില്ല എനിക്ക് അറിയണം എന്റെ റോണിച്ചായന് എന്താ പറ്റിയതെന്ന്….. നീ തനിയെ പോകണ്ട ടോണി ഞങ്ങളുമുണ്ട് ഒപ്പം… നമുക്ക് ഇപ്പോൾ തന്നെ തിരിക്കാം…. അവരുടെ പിറകെ തന്നെ നമുക്കും അങ്ങ് എത്താം… ടോണി എന്തോ ആലോചനയോടെ ഒന്നു മൂളി….നീ വീട്ടിൽ ചെന്ന് അമ്മച്ചിയോട് യാത്ര പറഞ്ഞിട്ട് ഇറങ്ങാൻ നോക്ക്…ഞങ്ങൾ അപ്പോഴേക്കും ഒരു വണ്ടിയും സംഘടിപ്പിച്ച് അങ്ങെത്താം..

ഒരു മൂളിപ്പാട്ടോടെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരിക്കുന്ന അനന്തനെ അഞ്ജലി പാളിനോക്കി… അഞ്ജലിയുടെ നോട്ടം മനസ്സിലാക്കിയ പോലെ അനന്തൻ തല ചരിച്ച് അവളെ നോക്കി…. എന്താടി നീ എന്നെ കണ്ടിട്ടില്ലേ ഇത്രനോക്കാൻ മാത്രം എന്താ…. ഓ… ഒന്നുമില്ലേ… അവൾ അവനെ നോക്കി കൈകൂപ്പി…. അവർ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ അവരെ കാത്ത് എന്നപോലെ ആതി ഉണ്ണിക്കുട്ടനെയും കൊണ്ട് വെളിയിൽ തന്നെ ഉണ്ടായിരുന്നു… ഉച്ചമുതൽ ടോണിയുടെ നമ്പറിലേക്ക് വിളിക്കുകയാണ്….ഔട്ട് ഓഫ് കവറേജ് എന്നാണ് പറയുന്നത്… വിവരം അറിയാത്തതുകൊണ്ട് ഒരു സമാധാനവുമില്ല…. കാറിൽ നിന്നും ഇറങ്ങിയ അനന്തൻ വെരുകിനെ പോലെ കൈകൾ കൂട്ടി തിരുമ്മി മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആതിയെ കണ്ട് പൊട്ടിച്ചിരിച്ചു…. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ കണ്ണുകൾ അഞ്ജലിയിൽ തന്നെ ആയിരുന്നു….

ചെറുപുഞ്ചിരിയോടെ കാറിൽ നിന്ന് ഇറങ്ങുന്ന അഞ്ജലിയെ കണ്ടപ്പോൾ അവളുടെ ഉള്ള് ഒന്ന് തണുത്തു… അച്ഛനെ കണ്ട സന്തോഷത്തിൽ ഉണ്ണിക്കുട്ടൻ അപ്പോഴേക്കും അനന്തന്റെ മേലേക്ക് ചാടി കയറി…. അനന്തൻ അവന്റെ ആ കുഞ്ഞു മുഖത്ത് തെരുതെരെ മുത്തമിട്ടു … തിരികെ അച്ഛനും അവൻ ആവോളം സ്നേഹ ചുംബനം നൽകി… അച്ഛന്റെയും മകന്റെയും സ്നേഹപ്രകടനങ്ങൾ കണ്ടുകൊണ്ട് നിന്ന അഞ്ജലി അവരുടെ അരികിലേക്ക് ചെന്നു… എടാ കണ്ണാ അമ്മയ്ക്കൂടി…. ഉണ്ണിക്കുട്ടൻ അഞ്ജലിയുടെ കവിളിൽ ഒന്ന് മുത്തി കൊണ്ട് വീണ്ടും അനന്തന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി… ഉണ്ണിക്കുട്ടനെയും എടുത്തുകൊണ്ട് എല്ലാവരും അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ഗേറ്റ് കടന്ന് ഒരു കാർ മുറ്റത്തേക്ക് വന്നു നിന്നത്…. അതിൽ നിന്നും ഇറങ്ങുന്ന ടോണിയേയും സാംകുട്ടിയെയും ജോമോനെയും കണ്ടു അവർ അത്ഭുതത്തോടെ നിന്നു….

അനന്തൻ ഉണ്ണിക്കുട്ടനെ അഞ്ജലിയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് അവരുടെ അരികിലേക്ക് ചെന്നു…. ആഹാ നിങ്ങൾ ഞങ്ങളുടെ പിറകെ തന്നെ ഇറങ്ങിയോ… അനന്തൻ പുഞ്ചിരിയോടെ അവരോട് ചോദിച്ചു…. എന്തായാലും വന്നതല്ലേ അകത്തേക്ക് കയറി ഇരിക്കാം…. അത് അനന്തേട്ടാ ഞങ്ങൾ ഒരു വിവരം അറിയാൻ വേണ്ടി വന്നതാ… അനന്തേട്ടനെ ഇതിന് ഉത്തരം തരാൻ ആകൂ…അനന്തൻ ചോദ്യഭാവത്തിൽ ടോണിയുടെ മുഖത്തേക്ക് നോക്കി…. അനന്തൻ സാറിന് ഞങ്ങളെ ഓർമ്മയുണ്ടോ… ജോമോന്റെ ചോദ്യം കേട്ട് അനന്തൻ മുഖം ചരിച്ച് അവരെ നോക്കി…. ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ തങ്ങളെ നോക്കി നിൽക്കുന്ന അനന്തനെ കണ്ട സാം കുട്ടിക്ക് ദേഷ്യം ഇരച്ചു കയറി…. അവൻ രോഷത്തോടെ അനന്തന്റെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി…. അങ്ങോട്ടുമിങ്ങോട്ടുമുള്ള സംസാരവും പിടിവലിയും കണ്ട് അവരെ തന്നെ ശ്രദ്ധിച്ചുകൊണ്ട് നിന്ന അഞ്ജലിയും ആതിയും അവരുടെ അരികിലേക്ക് ഓടിയെത്തി…. എന്താ അനന്തേട്ടാ എന്താ കാര്യം….

അഞ്ജലി അനന്തനെ പിടിച്ചുകുലുക്കി കൊണ്ട് ചോദിച്ചു…. ഞങ്ങൾ പറയാം എന്താ കാര്യം എന്ന്… മാഡത്തിന് അറിയുമോ.. ഈ നിൽക്കുന്ന ടോണിയുടെ ചേട്ടൻ റോണിയെ കാണാതായിട്ട് ഒരു കൊല്ലം ആവാറാകുന്നു…. അന്ന് ഞങ്ങൾ മൂന്നാളും കൂടിയാ പാപ്പച്ചൻ മുതലാളിയുടെ വണ്ടിയുമായി യാത്ര തിരിച്ചത്…. മുതലാളി തന്നു വിട്ട അത്യാവശ്യം ചില ഫയലുകൾ മുംബൈയിലെ കമ്പനിയിൽ എത്തിക്കേണ്ടതായി ഉണ്ടായിരുന്നു…. പോകുന്ന വഴി വണ്ടി പണിമുടക്കി…. പിറ്റേന്ന് രാവിലെ അർജന്റായി എത്തേണ്ട ഫയൽ ആയിരുന്നു അത്… അതുകൊണ്ടാണ് അന്ന് അനന്തൻ സാറിന്റെ കാറിന് കൈ കാണിച്ചതും അതിൽ റോണിയെ കയറ്റിവിട്ടതും…. പിന്നെ അവനെക്കുറിച്ച് ഒരു വിവരവുമില്ല….. പാപ്പച്ചൻ സാറിന്റെ പിടിപാട് വെച്ച് ഒരുപാട് അന്വേഷിച്ചു നോക്കി…. ഇന്നും റോണിയുടെ അമ്മച്ചിക്ക് അറിയില്ല അവനെ കാണാതായ വിവരം….

അന്ന് കാറിന് കൈകാണിച്ച് ഞങ്ങളോട് അഞ്ചുമിനിറ്റ് സംസാരിച്ചതിന് ശേഷമാണ് അനന്തൻ സർ റോണിയേയും കൂട്ടി പോയത്…. ഇപ്പോൾ ഞങ്ങളെ കണ്ട ഭാവം പോലും നടിക്കുന്നില്ല…. ഇയാളെ കൊണ്ട് പറയേണ്ട രീതിയിൽ പറയിപ്പിക്കാൻ ഞങ്ങൾക്ക് അറിയാം… അഞ്ജലി തടയുന്നതിനു മുൻപേ സാംകുട്ടി അനന്തനെ പിടിച്ച് പുറകോട്ട് ആഞ്ഞു തള്ളി…. നിലത്തേക്കു വീണ അനന്തനരികിലേക്ക് അഞ്ജലിയും ആതിയും നിലവിളിയോടെ ഓടിയെത്തി…. അഞ്ജലി പൊട്ടി കരച്ചിലോടെ അവനെ താങ്ങി എഴുന്നേൽപ്പിച്ചു…. എന്നാൽ എഴുന്നേറ്റുനിന്ന അനന്തന് ബാലൻസ് കിട്ടാതെ വീണ്ടും വേച്ചു പോയി…. ശരീരത്തിന്റെ നിയന്ത്രണം തന്നിൽനിന്നും നഷ്ടമാകുന്നത് പോലെ…. തല പൊട്ടി പൊളിയുന്ന വേദന…കണ്ണുകളിൽ നിന്നും ചുടു രക്തം പൊടിയുന്ന പോലെ…. അവ്യക്തമായി എന്തൊക്കെയോ ഓർമ്മയിൽ കടന്നു വരുന്നു…. ഒരു നിമിഷം കൊണ്ട് കൃഷ്ണമണികൾ പുറകോട്ട് മലർന്നു… ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് അനന്തൻ താഴേക്ക് നിലംപതിച്ചു……..തുടരും…..

അഞ്ജലി: ഭാഗം 34

Share this story