പെയ്‌തൊഴിയാതെ: ഭാഗം 5

പെയ്‌തൊഴിയാതെ: ഭാഗം 5

എഴുത്തുകാരി: ഗൗരി ലക്ഷ്മി

മറക്കേണ്ടതൊക്കെയും മറവിയുടെ കാണാ കയത്തിലേയ്ക്ക് തള്ളിയിടണം.. ഇതൊരു പുതിയ ജീവിതമാണ്.. നിന്റെ ഇനിയുള്ള ജീവിതം ശങ്കരി മോൾക്ക് കൂടിയുള്ളതാണ്.. നീളൻ വരാന്തയിൽ പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന അവനരികിൽ വന്ന് അത്രയും പറഞ്ഞു ബുക്കുമായി ക്ലാസ്സിലേക്ക് പോകുന്ന ശ്യാമിനെ നോക്കി നിൽക്കുമ്പോഴും അവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഗിരി വീണ്ടും ഉരുവിടുകയായിരുന്നു.. ഒടുവിൽ ശങ്കരി മോളുടെ നിറ പുഞ്ചിരി മനസ്സിൽ നിറച്ച് പുതിയ തീരുമാനങ്ങളോടെ അവൻ സ്റ്റാഫ് റൂമിലേയ്ക്ക് നടക്കുമ്പോൾ ജീവിതത്തിന്റെ തീർത്തും പുതിയ ഒരേട് അവന് വേണ്ടി തുറക്കുകയായിരുന്നു കാലം.. തീർത്തും പുതിയ അന്തരീക്ഷം തന്നെയായിരുന്നു ഗിരിക്ക് കോളേജ്.. സ്റ്റാഫുകൾ പലരും വളരെ ഫ്രണ്ട്ലി ആണെന്ന് കുറച്ചു നേരം കൊണ്ട് തന്നെ അവനു മനസ്സിലായിരുന്നു..

സെക്കൻഡ് അവർ ഷെഡ്യൂൾ നോക്കി ബെൽ അടിക്കുന്ന സമയമായപ്പോഴേയ്ക്കും ഗിരി തന്റെ ക്ലാസിലേക്ക് നടന്നു.. ഫസ്റ്റ് അവർ ശ്രുതി മിസ്സിന്റെ ക്ലാസ്സ് ആയിരുന്നതിനാൽ തന്നെ ക്ലാസ് പൊതുവെ ഉറക്കത്തിന്റെ മൂടിലായിരുന്നു.. അത് ഗിരിക്ക് പുറത്തുനിന്നുള്ള ഒറ്റ നോട്ടത്തിൽ മനസ്സിലായി.. ബെൽ മുഴങ്ങിയതും അരുണിമ പുഞ്ചിരിയോടെ അവനെ അകത്തേയ്ക്ക് ക്ഷണിച്ചു.. ഹലോ സ്റ്റുഡന്റ്‌സ്.. ഇത് ഗിരിധർ സർ.. ഇന്ന് മുതൽ ശാലിനി മിസ്സിനു പകരമായി നിങ്ങൾക്ക് ക്ലാസ് എടുക്കുന്നത് ഗിരിധർ സർ ആയിരിക്കും.. അരുണിമ പറഞ്ഞു.. ഗുഡ് മോർണിംഗ് സർ.. കുട്ടികൾ എഴുന്നേറ്റ് പറഞ്ഞതും പുഞ്ചിരിയോടെ തിരികെ ഗിരിയും വിഷ്‌ ചെയ്തു.. ഓകെ സ്റ്റുഡന്റ്‌സ്.. ലെറ്റ് മി കൺക്ലൂഡ് മൈ അവർ.. ബൈ.. അതും പറഞ്ഞു അരുണിമ തിരിഞ്ഞു.. ആൾ ദി ബെസ്റ്റ് സർ..

അരുണിമ കൈനല്കി പറഞ്ഞതും ഗിരിയും അവളുടെ കയ്യിലേക്ക് കൈ ചേർത്തു.. Ok. Let’s start the class.. Am Giridhar. Officially Giridhar S. And am transfered to here from Ernakulam college. Here am taking the subject Harmony of Prose those which shalini madom taken. The aim of the course is that the student is given space to mature in the presence of glorious essays, both Western and Non-Western. I think already 75% of portion is completed by Shalini madom. So… This is just an introduction class. So be cool.. And will you please close all of your notebooks and text. ഗിരി പറഞ്ഞതും എല്ലാവരും പുസ്തകങ്ങൾ അടച്ചു.. പലരും ഉറക്കത്തിലേക്ക് വീണുപോയെങ്കിലും ആരൊക്കെയോ പുസ്തകം അടയ്ക്കുന്നത് കണ്ട് അവരും അടച്ചു.. സോ.. എല്ലാവരും എന്നെ നോക്കിക്കേ.. ഗിരി പറഞ്ഞു.. ഉറക്കം വരുന്നുണ്ട് അല്ലെ.. ഗിരി ചോദിച്ചു.. എല്ലാവരുടെയും മുഖത്തൊരു ചമ്മിയ ചിരി വിരിഞ്ഞു..

ആരും ചമ്മുകയൊന്നും വേണ്ട.. ഈ നിന്ന് തകർത്ത് നിങ്ങളെ പഠിപ്പിക്കുന്ന ഒരോ അധ്യാപകനും അവർ പഠിക്കുമ്പോൾ ക്ലാസിൽ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നിരിക്കും.. അല്ലെങ്കിൽ പിന്നെ എന്ത് കോളേജ് ലൈഫ് അല്ലെ.. ഗിരി ചോദിച്ചു.. ആഘോഷങ്ങളുടേത് കൂടിയാണ് ക്യാമ്പസ് ലൈഫ്. അത് ഒരുപാട് ഉറങ്ങി തീർക്കരുത്.. ജസ്റ്റ് എക്‌സ്‌പ്ലോർ ചെയ്യണം.. നാളെ ഈ കോളേജ് അങ്കണത്തിൽ നിന്നും പുറത്തിറങ്ങി കുറച്ചു കൊല്ലങ്ങൾ കഴിയുമ്പോൾ ഇങ്ങോട്ട് വരുമ്പോൾ.. അന്ന് ഓർക്കാൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷോ ജേര്ണലിസമോ ഒന്നും കാണില്ല.. ഈ വലിയ കോളേജിന്റെ ഓരോ മുക്കിലും മൂലയിലും ആയിരിക്കും നിങ്ങൾ ഓർമകൾ തിരയുന്നത്. അന്ന് വല്ലതും ഓർത്തിരിക്കണമെങ്കിൽ അതിനു ഇപ്പോഴേ അവയുമായി നിങ്ങൾ ചങ്ങാത്തം കൂടണം.. പക്ഷെ അതിനിടയിലും ക്ലാസ് ശ്രദ്ധിക്കണം..

മാർക്ക് വാങ്ങണം.. നല്ല നിലയിൽ എത്തണം… എങ്കിൽ മാത്രമേ ആ ഓർമകൾക്ക് മധുരമുണ്ടാകൂ.. മനസ്സിലായോ.. എല്ലാവരും പുഞ്ചിരിച്ചു.. ക്ലാസ് നമുക്ക് അടുത്ത ദിവസം മുതൽ തുടങ്ങാം. അതിന് മുൻപ് ഒരു കാര്യം കൂടി.. സാധാരണ ഫ്രഷേഴ്‌സ് ഡേയ്ക്ക് ഞാൻ കുട്ടികളോട് പറയുന്നതാണ്.. കമ്മ്യുണിക്കേറ്റ് ഇംഗ്ലീഷ് ആൻഡ് ജേർണലിസം.. കേൾക്കുമ്പോൾ രസമാണ്.. കാരണം പ്ലസ് 2 വരെയുള്ള ഇംഗ്ലീഷ് പഠനം.. പിന്നെ സിനിമയിലൊക്കെ കാണും പോലെ നാട്ടുകാരുടെ മുൻപിൽ ഹീറോ ആകാൻ കഴിയുന്ന വേണമെങ്കിൽ ചാനൽ എം ഡിയെ വരെ ചാടിക്കാൻ പറ്റുന്ന ജേർണലിസം.. ഗിരിയൊന്ന് ചിരിച്ചു.. കുട്ടികളും.. ഇതൊന്നുമല്ല ഇവിടുന്ന് നിങ്ങൾ ഇറങ്ങുമ്പോൾ ഫേസ് ചെയ്യാൻ പോകുന്നത്.. ഇംഗ്ലീഷ് എന്നത് ഒരുപാട് വ്യത്യസ്തമായ തലമുള്ള ഒരു ഭാഷയാണ്.. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങും തോറും വീണ്ടും വീണ്ടും ആഴം കാണാനേ പറ്റുകയുള്ളൂ..

പിന്നെ പഠിച്ചിറങ്ങിയാൽ.. അപ്പൊ പിന്നെ ഒരു ജോലിയാണ് ഏറ്റവും വലിയ വിഷയം.. ഒരുപാട് ബുദ്ധിമുട്ടണമൊരു ജോലി കിട്ടാൻ… ജേർണലിസ്റ്റ് ആയി ജോലി കിട്ടും എന്ന് മാത്രം പ്രതീക്ഷിക്കണ്ട… കിട്ടിയാൽ ഇറ്റ്‌സ് ആണ് അഡ്വാന്റേജ്.. കൂടുതലും ബി എ ജേർണലിസം എടുത്തവരുണ്ടാകും.. ഡിഗ്രി കഴിഞ്ഞൊരു ജോലി എന്നു കരുതുന്നവരുടെ കാര്യമാണ്.. പ്രൊഫഷണൽ ഡിഗ്രി എടുത്തവർ പോലും എന്ത് ജോലി ചെയ്യണം എന്നറിയാതെ നിൽക്കുന്ന കാലമാണ്.. ഇവിടെ പഠിക്കുന്ന കാലത്തോളം നിങ്ങൾ ഒരു തൊഴിൽ കിട്ടുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചു ചിന്തിക്കില്ല.. പക്ഷെ പുറത്തിറങ്ങിയാൽ അത് നിങ്ങൾക്കൊരു വലിയ വെല്ലുവിളിയാകും.. അപ്പോൾ ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ ഒരു സെക്കൻഡ് ഇയർ അവസാനിക്കുമ്പോൾ തന്നെ ഏകദേശം എല്ലാ മേഖലയിലുള്ള തൊഴിൽ സാധ്യതകളെ കുറിച്ചും നല്ലതുപോലെ മനസ്സിലാക്കി വെയ്ക്കുക എന്നതാണ്..

അതിനായി മാക്സിമം ഇപ്പോൾ തന്നെ വരുന്ന തൊഴിൽ പരസ്യങ്ങൾ ശ്രദ്ധിക്കുക.. അതിൽ നിങ്ങളുടെ സ്‌ട്രീം ആരൊക്കെ ചോദിക്കുന്നു എന്നത് ഇപ്പോഴേ കണ്ടെത്തി വെയ്ക്കുക . അതിന്റെ കൂടെ വേണ്ട യോഗ്യതകൾ ആർജിക്കുവാൻ നേരത്തെ ശ്രമിക്കുക.. അങ്ങനെ പടിപടിയായി നിങ്ങൾ നിങ്ങളുടെ കരിയറിലേയ്ക്ക് നടക്കുക.. പഠനം അത് ആസ്വദിക്കുവാൻ കൂടിയുള്ള സമയമാണ്.. ആസ്വാദനം മാത്രമല്ല.. ഭാവിയെ കുറിച്ചുള്ള ദീർഘവീക്ഷണവും ശക്തമായി വേണം.. ഇപ്പൊ തന്നെ കുറച്ച് ഓവറായി ഉപദേശിച്ചതുകൊണ്ട് ഇനി ഉപദേശിച്ചു ചളമാക്കുന്നില്ല.. ഇത്ര നേരം ഞാനല്ലേ സംസാരിച്ചത്.. ഇനി നിങ്ങളുടെ ശബ്ദം ഉയരട്ടെ.. നിങ്ങൾക്ക് എന്നോട് പറയാനുള്ളത് പറഞ്ഞോളൂ. ചോദിക്കാനുള്ളത് ചോദിച്ചോളൂ.. ഗിരി പറഞ്ഞു.. അത്ര നേരം സൈലന്റ് മോഡിലായിരുന്ന ക്ലാസ് ഒന്ന് ഇളകി..

സാറിന്റെ കല്യാണം കഴിഞ്ഞതാണോ.. കൂട്ടത്തിൽ ഒരു വിരുതൻ ചോദിച്ചതും ഗിരി ചിരിച്ചു.. എന്താ പേര്.. ഗിരി ചോദിച്ചു.. രാഹുൽ.. അവൻ പറഞ്ഞു.. എന്റെ കല്യാണം കഴിഞ്ഞതാണ്.. ഒരു മോളും ഉണ്ട്.. ഗിരി പറഞ്ഞു.. മോളുടെ പേരെന്താ സർ.. ഒരു പെണ്കുട്ടി ചോദിച്ചു.. ആത്മീക.. ശങ്കരി എന്നു വിളിക്കും.. അവൻ പറഞ്ഞു.. ക്ലാസ് മൊത്തത്തിൽ ഒന്ന് ആക്റ്റീവ് ആയി കഴിഞ്ഞിരുന്നു.. എന്തുകൊണ്ടോ ഗിരിയും മറ്റെല്ലാം മറന്ന് അതിൽ മുഴുകി.. ഇടയിൽ ശ്യാം പുറത്തുവന്ന് നോക്കിയപ്പോഴും മേശയിൽ ചാരി നിന്ന് വിദ്യാർത്ഥികളോട് സംസാരിച്ചു ചിരിച്ചു നിൽക്കുന്ന ഗിരി അവനുമൊരാശ്വാസമായിരുന്നു.. **********

എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോൾ പാടടി.. ഉച്ചത്തിൽ പാട്ടൊക്കെ പാടി ഇളം ചൂടുള്ള എണ്ണ ശങ്കരിമോളുടെ ദേഹത്ത് തേപ്പിച്ചു കൊടുക്കുകയായിരുന്നു അഞ്ചു.. കോളേജിൽ നിന്ന് വന്നപ്പോൾ മോളെ കാണാഞ്ഞതിനാൽ തേടി ഇറങ്ങിയതായിരുന്നു ഗിരി.. പുറത്തെ ഇളംതിണ്ണയിൽ ഒരു പാളയുടെ പുറത്തു കിടത്തിയിരിക്കുകയാണ് മോളെ അവൾ.. പാട്ടൊക്കെ പാടി അവൾ എണ്ണ തേപ്പിക്കുമ്പോൾ അവളും ചിരിയോടെ എന്തൊക്കെയോ അഞ്ജുവിനോട് പറയുന്നുണ്ട്. എല്ലാം കണ്ട് തൊട്ടടുത്തായി ലേഖാമ്മായിയും അമ്മയും ഇരിപ്പുണ്ട്.. അൽപ്പം മാറി ശ്രദ്ധമോളും ചക്കി പൂച്ചയും കൂടിയൊരു പെണ്കുട്ടിയും ഇരിപ്പുണ്ട്.. ഗിരിക്ക് ചിരി വന്നു.. അവനാ പെണ്കുട്ടിയെ നോക്കി.. കഷ്ടിച്ചു 8ഓ 9ഓ വയസ്സുണ്ടാകും.. ശ്രദ്ധയെക്കാൾ ചെറുതാണ്.. ആഹാ.. നീ വന്നോ.. പിന്നിൽ നിന്നുള്ള അച്ഛന്റെ ശബ്ദത്തിൽ അവനൊന്ന് ഞെട്ടി തിരിഞ്ഞിരുന്നു. എപ്പോ എത്തി ഗിരി..

അമ്മ എഴുന്നേറ്റ് ചോദിച്ചു.. ഇപ്പൊ വന്നേയുള്ളൂ അമ്മേ.. അവൻ പറഞ്ഞു.. എന്നാൽ മേല് കഴുകി വാ.. ഞാൻ ചായ എടുക്കാം.. സാവിത്രിയമ്മ പറഞ്ഞു.. ത.. ച.. അവന്റെ ശബ്ദം കേട്ടതും മോള് അവനെ ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്.. കാന്താരി പെണ്ണേ.. അച്ഛനെ വിളിക്കുവാണോടി ചങ്കരിപെണ്ണേ നീ.. അഞ്ചു ചോദിച്ചതും കുഞ്ഞി കണ്ണുകൾ അടച്ചു കയ്യും കാലും ഇട്ടടിച്ചു പൊട്ടിച്ചിരിച്ചു ആ പെണ്ണ്.. ഗിരി നിറഞ്ഞ മനസ്സോടെ അവളുടെയാ കളിച്ചിരികളെ മനസ്സിലേക്ക് ആവാഹിച്ചു.. ആരാമ്മേ ആ കുട്ടി.. അകത്തേയ്ക്ക് ചെന്ന് ചായ ഇടുന്നതിനിടയിൽ സാവിത്രിയമ്മയോട് ഗിരി ചോദിച്ചു.. ആ രാഘവേട്ടന്റെ വീട്ടിൽ താമസിച്ചിരുന്ന ടീച്ചറുടെ മോളാ.. അവരുടെ അച്ഛൻ മരിച്ചു.. വീട്ടിൽ വേറെ ആരും ഇല്ലാത്തോണ്ട് അവരിവിടുന്ന് പോവാത്രേ…

നിന്റെ കോളേജിലാ പഠിപ്പിച്ചിരുന്നത്.. അവരുടെ ഭർത്താവും വന്നിട്ടുണ്ട്.. അവർ വീടൊഴിയാൻ പോവാ.. സാവിത്രിയമ്മ പറഞ്ഞു. മ്മ്.. ഗിരി ഒന്നു മൂളി.. എങ്ങനെയുണ്ട് പുതിയ കോളേജൊക്കെ.. പിന്നിൽ നിന്ന് ശങ്കരൻ ചോദിച്ചു.. നല്ല അന്തരീക്ഷമാണ് അച്ഛാ.. സ്റ്റാഫും കുട്ടികളും ഒക്കെ കൊള്ളാം.. അവൻ പറഞ്ഞു.. എന്തോ അവന്റെ വാക്കുകളിലെ സന്തോഷം പകർന്ന് കിട്ടിയതിനാലോ മറ്റോ സദാ ഗൗരവപൂർണമായ ആ മുഖവും ഒന്നു പ്രകാശിച്ചു.. എത്ര ഗൗരവത്തിന്റെ ആവരണം അണിഞ്ഞാലും മക്കളുടെ സന്തോഷം ഏതൊരച്ഛനെയും സ്തോഷത്തിലേയ്ക്ക് നയിക്കും എന്ന് ഗിരിയോർത്തു.. അവൻ ആലോചനയോടെ മുറിയിലേയ്ക്ക് പോയി.. അപ്പോഴും താഴെ കുഞ്ഞിപെണ്ണിന്റെ ചിരിയും അഞ്ജുവിന്റെ പാട്ടും മുഴങ്ങി കേട്ടിരുന്നു.. ***

ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു നീങ്ങി.. രണ്ടാഴ്ചയ്ക്ക് ശേഷം.. ഗിരീ.. ദാ കട്ടൻ.. അഞ്ചു ട്രേയിൽ മൂന്ന് നാല് ഗ്ലാസ്സിലായി കാപ്പിയുമായി വന്ന് പറഞ്ഞു.. അവൻ കയ്യിലിരുന്ന തൂമ്പ നിലത്തേയ്ക്ക് വെച്ചു അവർക്കരികിൽ ചെന്നു.. ശരത്തേട്ടാ.. അഞ്ചു വിളിച്ചതും അവനും കാപ്പിയെടുത്തു.. ദിവാകരനും ഗിരിയുടെ അച്ഛനും ഉള്ള കാപ്പിയും അഞ്ചു കൊണ്ടുപോയി കൊടുത്തു.. ഇവിടെ കപ്പ ഇടാനാണോടാ. പറമ്പിലേക്ക് നോക്കി അഞ്ചു ചോദിച്ചു.. ആ… കപ്പയോ ചേനയോ കാച്ചിലോ ഒക്കെ നടാം.. ഉള്ള പറമ്പ് മൊത്തം കാട് കേറി കിടന്നാൽ ഇഴജന്തുക്കളും നിറയും.. പിള്ളേരൊക്കെ ഉള്ളതല്ലേ . ഗിരി പറഞ്ഞു.. ഇവിടെ കാട് കേറി കിടക്കുന്നോണ്ടാ ഞാനും ശ്രദ്ധയെ പുറത്തേയ്ക്ക് വിടാത്തത്..

അഞ്ചു പറഞ്ഞു. കാട് വെറുതെ തെളിച്ചിട്ടിട്ട് കാര്യമില്ല. വല്ലതും നട്ടാലേ കാട് കേറാതിരിക്കു.. ശരത്ത് പറഞ്ഞു.. ആ.. ആ അടുക്കളേടെ സൈഡിൽ അമ്മയും അമ്മായിയും കൂടി പച്ചക്കറി നടാൻ പോകുവാണെന്നാ പറഞ്ഞത്.. ഗിരി പറഞ്ഞു.. ആഹാ.. പറമ്പ് മൊത്തം കൃഷി.. എന്നിട്ട് വേണം എനിക്ക് പച്ചക്കറി വാങ്ങാതിരിക്കാൻ.. അഞ്ചു പറഞ്ഞു.. ഉവ്വ.. ഇത് നട്ടാൽ മാത്രം പോരെഡി.. അങ്ങോട്ട് ഡെയിലി നനയ്ക്കുകേം വളമിടുകയും ഒക്കെ വേണം.. ദിവാകരനും പറഞ്ഞു.. ഡോണ്ട് അണ്ട്രസ്റ്റിമേറ്റ് ദി പവർ ഓഫ് ആൻ എം ബി എ ഗ്രാജ്വേറ്റ്‌ ഹൗസ് വൈഫ്.. അഞ്ചു പറഞ്ഞു.. അതേടി.. പറഞ്ഞാൽ മതി എം ബി എ ഗ്രാജ്വേറ്റ്‌ ആണെന്ന്.. ജോലിക്കും പോകില്ല ഒന്നിനും വയ്യ.. നീ ജോലിക്ക് പോയിരുന്നേൽ ഞാനിപ്പോ ഈ ഗൾഫിൽ കിടന്ന് കഷ്ടപ്പെടേണ്ട കാര്യം ഉണ്ടായിരുന്നോ.. നല്ല സുഖമായിട്ട് നിന്റെ ചിലവിൽ വീട്ടിൽ നിന്നേനെ.. ശരത്ത് പറഞ്ഞു.. പിന്നേ..

ഞാൻ സർക്കാർ ജോലിക്ക് നോക്കുന്നുണ്ട് മനുഷ്യാ.. അത് കിട്ടിയാൽ നിങ്ങൾക്ക് നാട്ടിൽ വല്ല ജോലിയും നോക്കാം.. അവളും പറഞ്ഞു.. എന്താണ് രണ്ടാളും കൂടെ.. പെട്ടെന്ന് ഒരു ശബ്‌ദം കേട്ടതും അവരെല്ലാവരും തിരിഞ്ഞു നോക്കി.. രാഘവേട്ടനോ.. എന്താ വീട് നോക്കാൻ വന്നതാണോ.. ഗിരി ചോദിച്ചു.. ഗിരി എന്ന് വന്നു.. കേറിത്താമസത്തിനു മുന്നേ വന്നതാ.. രാഘവേട്ടന്റെ സ്നേഹത്തോടെയുള്ള ചോദ്യത്തിനുത്തരമായി ഗിരി പറഞ്ഞു.. ഇവിടെ ആ കോളേജിൽ പഠിപ്പിക്കുന്ന ഒരു കൊച്ചായിരുന്നു താമസിച്ചിരുന്നത്. അതങ്ങു പോയല്ലോ.. ഇപ്പൊ അവിടുത്തെ സാറ് വിളിച്ചു പറഞ്ഞു അവർക്ക് പകരമായി വന്ന ടീച്ചർക്ക് ഒരു വീട് വേണമെന്ന് . ഇതിങ്ങനെ അടഞ്ഞു കിടക്കുവല്ലേ.. വീട് ഇങ്ങനെ കിടന്നാൽ പോകുമല്ലൊന്നു കരുതി ഞാൻ അങ്ങു സമ്മതിച്ചു.. ഇന്നലെ അവര് വന്നിരുന്നു വീട്ടിൽ.. നാളെ അവര് താമസത്തിന് വരുമെന്നാണ് പറഞ്ഞത്..

രാഘവേട്ടൻ പറഞ്ഞതും ഗിരി പുഞ്ചിരിച്ചു.. ആ അതെന്തായാലും നന്നായി.. അയൽക്കാർ എന്നു പറയാൻ ആരെങ്കിലും ഇല്ലേൽ വല്യ കഷ്ടമാ.. ഇതിപ്പോ നല്ല കൂട്ടരാണോ.. അഞ്ചു ചോദിച്ചു.. ആ.. ആ പെങ്കൊച്ചാ ഇന്നലെ വന്നത് . ഒരു 10, 24 വയസ്സ് വരും.. അത്രേയുള്ളൂ.. നല്ല പെരുമാറ്റം.. അത് നന്നയി.. ഒന്നുമില്ലേലും മിണ്ടാനും പറയാനും ഒരാളായല്ലോ.. മറ്റേ ടീച്ചർ ആയിരുന്നപ്പോഴും നല്ലതായിരുന്നു.എം ആ കൊച്ചും ഒക്കെയായിട്ട് ശ്രദ്ധമോളും വലിയ കൂട്ടായിരുന്നു.. അഞ്ചു പറഞ്ഞു. ഗിരി അപ്പോഴേയ്ക്കും കിളയ്ക്കാൻ തുടങ്ങിയിരുന്നു.. ഇത് അവര് രണ്ടുപേരുമേ ഉള്ളു.. ആയമ്മയുടെ കേട്ട്യോൻ മരിച്ചു പോയതാണെന്നാ പറഞ്ഞത്. ഒറ്റമോളും. അതിന്റെ കല്യാണമൊന്നും കഴിഞ്ഞതയിട്ട് പറഞ്ഞില്ല.. അല്ല കെട്ടിയതാണേൽ കെട്ട്യോന്റെ കാര്യോക്കെ പറഞ്ഞേനെ. ഇവിടെയെങ്ങും പരിചയമില്ലത്തോണ്ടാ ആ കൊച്ചുതന്നെ വന്നതും.. ഏതായാലും ഒരു ടീച്ചറ് അല്ലേ.. നോക്കാം.

ഏതായാലും മൊത്തത്തിൽ ഒരു കണ്ണ് വേണേ മോളെ.. ഞങ്ങൾ ഇങ്ങോട്ടൊന്നും അങ്ങനെ വരുന്നുമില്ലല്ലോ.. അത് രാഘവേട്ടൻ പേടിക്കേണ്ട. അഞ്ചു പറഞ്ഞു.. എന്നാൽ ഞാനങ്ങോട്ട് ചെല്ലട്ടെ.. വീടും പരിസരോം വൃത്തിയാക്കാൻ രണ്ടുപേരെ നിർത്തിയിട്ടുണ്ട്.. ഗിരിയേ.. കുഞ്ഞിനെ കാണാൻ കേറാഞ്ഞത് എനിക്കൊരു ചെറിയ പനിക്കോള് ഉള്ളതുകൊണ്ടാ കേട്ടോ.. രാഘവേട്ടൻ പറഞ്ഞു.. അതൊന്നും സാരമില്ല രാഘവേട്ടാ.. ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങു.. അനുവും വിവേകുമൊക്കെ സുഖമായിരിക്കുന്നോ.. ആ ദൈവാനുഗ്രഹം കൊണ്ട് ആർക്കും കുഴപ്പമൊന്നുമില്ല.. അനൂന്റെ ഇളയവൾക്ക് ഇപ്പൊ ശ്രദ്ധമോൾടെ പ്രായമാ.. അയാൾ അതും പറഞ്ഞു ചിരിച്ചു.. ഞാനെന്നാൽ ചെല്ലട്ടെ.. ശങ്കരേട്ടാ.. ദിവാകരാ.. ആ ശെരി രാഘവാ.. അവരും പറഞ്ഞു.. ആ.. ഏതായാലും അവിടെ മിണ്ടാനും പറയാനും ഒരാള് കൂടെ ആയല്ലോ.. അത്രയും സമാധാനം. അതും പറഞ്ഞു അഞ്ചു പോകുമ്പോൾ ആ വീട് ഒരുങ്ങുകയായിരുന്നു.. പുതിയ അതിഥികൾക്കായി……. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 4

Share this story