ഭാഗ്യ ജാതകം: ഭാഗം 17

ഭാഗ്യ ജാതകം: ഭാഗം 17

എഴുത്തുകാരി: ശിവ എസ് നായർ

“ഞാൻ… ഞാൻ കള്ളം പറഞ്ഞതല്ല. സത്യമാണ് പറഞ്ഞത്. നിങ്ങളുടെ ജാതകങ്ങൾ തമ്മിൽ ഞാൻ കണ്ടത് മരണപൊരുത്തമാണ്. അതിനു കൂടുതൽ സാധ്യത പല്ലവി മോൾക്കുമായിരുന്നു. പക്ഷേ ആ അപകടഘട്ടം തരണം ചെയ്തു കഴിഞ്ഞാൽ പിന്നെ നല്ല സമയമാണ്. ചുറ്റിനും ശത്രുക്കൾ മാത്രമായത് കൊണ്ടാണ് ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാതെ പല്ലവിയെ ഇവിടുന്നു മാറ്റാൻ ഞാൻ സുഭദ്രയോട് പറഞ്ഞത്.” വാമദേവൻ പറഞ്ഞു. അയാളുടെ മുഖഭാവത്തിൽ നിന്നും പറയുന്നത് സത്യമാണെന്ന് സിദ്ധാർഥിന് മനസിലായി. “ഉണ്ണികൃഷ്ണനെ നിങ്ങൾക്ക് സംശയമുണ്ടോ.??” സിദ്ധാർഥ് അടുത്ത ചോദ്യം ചോദിച്ചു. “പല്ലവിക്ക് വിവാഹാലോചന കൊണ്ട് വന്നത് മുതൽ എനിക്ക് ഉണ്ണികൃഷ്ണനിൽ സംശയമുണ്ട് സാർ.” വാമദേവന്റെ മറുപടിക്ക് സിദ്ധു ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു.

അവന്റെ നോട്ടം രാമചന്ദ്രനി ലായിരുന്നു. സിദ്ധുവിന്റെ നോട്ടം തന്നിലേക്കാണെന്ന് കണ്ടപ്പോൾ രാമചന്ദ്രന് ഉള്ളിലൊരു ഭയം തോന്നി. “താനിങ്ങോട്ട് വന്നേ..” സിദ്ധാർഥ് രാമചന്ദ്രനെ നോക്കി പറഞ്ഞു. ചെറിയൊരു പരുങ്ങലോടെ അയാൾ അവന്റെ മുന്നിലേക്ക് വന്നു. “നിങ്ങളിവിടെ താമസമായിട്ട് എത്ര വർഷമായി.” സിദ്ധാർഥ് അയാളുടെ മുഖത്ത് മിന്നിമറയുന്ന ഓരോ ഭാഗങ്ങളും സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് ആദ്യ ചോദ്യമെറിഞ്ഞു. “ഒരു പത്തു വർഷമാകും.” രാമചന്ദ്രൻ വിനീതനായി. “ഉണ്ണികൃഷ്ണന്റെ അച്ഛൻ തറവാടും സ്വത്തുക്കളും മുഴുവൻ നിങ്ങൾക്കല്ലേ തന്നത് എന്നിട്ട് അവിടെ കഴിയാതെ നിങ്ങളെന്തിനാ ഇവിടെ വന്ന് താമസമാക്കിയത്.” സിദ്ധാർഥിന്റെ നോട്ടം ഊർമിളയുടെയും ഉത്തരയുടെയും നേർക്ക് നീണ്ടു. “എന്റെ സഹോദരൻ വിനയചന്ദ്രനെയാണ് എന്റെ ഭാര്യയുടെ അനിയത്തി ഉത്തര വിവാഹം കഴിച്ചത്.

അവന്റെ പിടിപ്പിക്കേട് കൊണ്ടാണ് ഞങ്ങൾക്ക് തറവാടും സ്വത്തുക്കളും എല്ലാം നഷ്ടമായത്. ഒരു മുഴം കയറിൽ വിനയൻ അവന്റെ ജീവിതം അവസാനിപ്പിച്ചപ്പോൾ വഴിയാധാരമായത് ഞങ്ങൾ മാത്രമാണ്. എങ്ങോട്ടു പോകുമെന്നറിയാതെ നിന്ന ഞങ്ങളെ ഉണ്ണിയാണ് ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നത്.” രാമചന്ദ്രൻ അത് പറയുമ്പോൾ ഉത്തരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “ഒന്നുമില്ലാതിരുന്നിട്ടും നിങ്ങളുടെ അഹങ്കാരത്തിന് ഒരു കുറവുമുണ്ടായിരുന്നില്ലല്ലോ. ഉണ്ണികൃഷ്ണന്റെ സമ്പാദ്യത്തിന്റെ പകുതി മുക്കാലും അയാളുടെ ഭാര്യയ്ക്കും മക്കൾക്കും പകരം അനുഭവിച്ചത് നിങ്ങളല്ലേ. അത്രയേറെ സ്വാധീനം ഉണ്ണികൃഷ്ണനിൽ നിങ്ങൾക്കെങ്ങനെയുണ്ടായി?” “അത് പിന്നെ…” സിദ്ധാർഥിന്റെ ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ അയാൾ നിന്നു വിയർത്തു.

“ഉണ്ണികൃഷ്ണനെ ഇവിടുന്ന് കടന്നു കളയാൻ സഹായിച്ചത് നിങ്ങളാണെന്ന് ഞാനറിഞ്ഞു. ഉണ്ണികൃഷ്ണന് പറ്റിയത് കൈയബദ്ധമാണോ അതോ ഇനി മനഃപൂർവം ആരെങ്കിലും കൊലപാതകം അയാളുടെ തലയിൽ കെട്ടിവയ്ക്കുന്നതാണോ എന്നൊക്കെ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്യുമ്പോൾ അറിയാം. അയാളെ ചോദ്യം ചെയ്ത ശേഷം ആവശ്യമുണ്ടെങ്കിൽ നിങ്ങളെ കസ്റ്റഡിയിൽ എടുത്തിട്ടായിരിക്കും പിന്നീടുള്ള ചോദ്യം ചെയ്യൽ. തെറ്റ് ചെയ്യുന്നതും അതിനു കൂട്ട് നിൽക്കുന്നതും തെറ്റ് തന്നെയാ.” സിദ്ധു അയാളോട് പറഞ്ഞു. രാമചന്ദ്രൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നതേയുള്ളു. “ഈ കേസിന്റെ അന്വേഷണം കഴിയുന്നത് വരെ ഇവിടെ നിന്നും ആരും എങ്ങോട്ടും പോകാൻ പാടില്ല. എന്റെ ആളുകൾ നിങ്ങൾക്ക് ചുറ്റും സദാസമയവും ഉണ്ടായിരിക്കുന്നതാണ്.

അതുകൊണ്ട് വെറുതെ ആരും അതിബുദ്ധി ഒന്നും കാണിക്കാൻ നിൽക്കണ്ട.” സിദ്ധാർഥ് എല്ലാവരോടുമായി താക്കീതെന്നോണം പറഞ്ഞു. ചോദ്യം ചെയ്യൽ അവസാനിച്ചതും ഓരോരുത്തരായി ഉള്ളിലേക്ക് വലിയാൻ തുടങ്ങി. പാറുവും അച്ചുവും വാമദേവനും സുഭദ്രയും പല്ലവിയും സിദ്ധുവും കാര്യസ്ഥൻ ശങ്കരനും മാത്രം അവിടെ അവശേഷിച്ചു. സുഭദ്ര പാറുവിനോട് അച്ചുവിനെയും കൂട്ടി അകത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അവൾ അനിയനെയും കൂട്ടി അകത്തേക്ക് പോയി. “മോളെ… നിന്നോട് എന്ത് പറയണമെന്ന് എനിക്കറിയില്ല. എങ്കിലും നീ സൂക്ഷിക്കണം. ചുറ്റിനും ശത്രുക്കൾ മാത്രമാണ്. ഇങ്ങനെയൊക്കെ സംഭവിച്ചത് വിധിയായിരിക്കും. അതുകൊണ്ട് കഴിഞ്ഞു പോയതിനെ പറ്റി പരിഭവിച്ചിട്ട് കാര്യമില്ലല്ലോ.”

നേര്യതിന്റെ തുമ്പ് കൊണ്ട് സുഭദ്ര കണ്ണുകൾ തുടച്ചു. “സിദ്ധുവേട്ടൻ കൂടെയുള്ളപ്പോൾ എനിക്കൊന്നും സംഭവിക്കില്ല അമ്മേ. എന്റെ അച്ഛന്റെയും അമ്മയുടെയും ഘാതകരെ കണ്ടെത്തണം എന്ന് മാത്രമേ ഇപ്പോ എന്റെ മനസിലുള്ളു.” പല്ലവി അമ്മയെ സമാധാനിപ്പിച്ചു. “ഞാനൊരു കാര്യം പറഞ്ഞാൽ സുഭദ്രമ്മായിക്ക് ഒന്നും തോന്നരുത്… ഇക്കാര്യത്തിൽ പോലീസിന് നിങ്ങളെ പോലും സംശയമുണ്ട്. ഇപ്പോഴും നിങ്ങൾ പലകാര്യങ്ങളും എന്നോട് പറയാതെ ഒളിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. വ്യക്തമായ തെളിവുകൾ കിട്ടിയാൽ മാത്രമേ യഥാർത്ഥ പ്രതികൾ ആരൊക്കെയാണെന്ന് കണ്ടെത്താൻ കഴിയു. അതുവരെ ഞങ്ങൾക്ക് പലരെയും സംശയിക്കേണ്ടി വരും.”

സിദ്ധാർഥ് കൂസലന്യേ പറഞ്ഞു. അവൻ പറഞ്ഞത് കേട്ട് സുഭദ്ര ഞെട്ടലോടെ അവനെ നോക്കി. “സിദ്ധുവേട്ടാ പ്ലീസ്…” പല്ലവി കെഞ്ചും പോലെ പറഞ്ഞു. “എന്തെങ്കിലും പറയാൻ മറന്നു പോയതായി തോന്നിയെങ്കിൽ ഓർമ്മ വരുമ്പോൾ എന്നെ വിളിച്ചു പറയാം. അതൊക്കെ കഴിഞ്ഞിട്ട് വർഷം കുറേ ആയില്ലേ. നിങ്ങൾക്ക് നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും ചിലപ്പോൾ സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നവയാകാം. എന്നാ ഞങ്ങളിറങ്ങുവാ.” സിദ്ധാർഥ് കാറിനു നേർക്ക് നടന്നു. “സോറി അമ്മേ സിദ്ധുവേട്ടൻ അങ്ങനെ പറയുമെന്ന് ഞാൻ മനസ്സിൽ പോലും ചിന്തിച്ചതല്ല.” ക്ഷമാപണത്തോടെ പല്ലവി അമ്മയെ നോക്കി. “സാരല്ല്യ മോളെ… സത്യം എന്നായാലും പുറത്ത് വരുക തന്നെ ചെയ്യും. മോള് ചെല്ല്.” സുഭദ്ര മകളെ ആശ്ലേഷിച്ചു കൊണ്ട് പറഞ്ഞു. അവരോട് യാത്ര പറഞ്ഞ് പല്ലവി ചെന്ന് കാറിൽ കയറി.

പിൻസീറ്റിൽ കാര്യസ്ഥൻ ശങ്കരനും കയറി. സിദ്ധു കാർ സ്റ്റാർട്ട്‌ ചെയ്തു, കണ്മുന്നിൽ നിന്നും വണ്ടി അകന്നു പോകുന്നതും നോക്കി സുഭദ്രയും വാമദേവനും ശില പോലെ നിന്നു. “എന്തൊക്കെയാ സുഭദ്രേ ഈ നടക്കുന്നത്.” അകന്നു പോകുന്ന കാറിനെ നോക്കികൊണ്ട് വാമദേവൻ ചോദിച്ചു. “ഒരു പോലീസ് അന്വേഷണം ഉണ്ടാകുമ്പോൾ അവർ പലരെയും സംശയിച്ചെന്നിരിക്കും. തിരുമേനിക്ക് ഇതിലൊരു മനസ്സറിവുമില്ലെന്ന് എനിക്കുറപ്പുണ്ട്. അന്ന് ഇതെല്ലാം നടക്കുമ്പോൾ ഹോസ്പിറ്റലിൽ എനിക്ക് വേണ്ടി ഓടിനടക്കുകയായിരുന്നില്ലേ തിരുമേനി. എന്റെ സംശയം ഉണ്ണിയേട്ടനെയും സിദ്ധാർഥിന്റെ അച്ഛനെയുമാണ്. അത് ഒരുപക്ഷേ അവനോടു പറഞ്ഞാൽ ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലോ.

പണ്ട് ഹോസ്പിറ്റലിൽ വച്ച് അവന്റെ അമ്മയോട് ഞാനിക്കാര്യം സൂചിപ്പിച്ചപ്പോൾ അവരും അത് വിശ്വസിച്ചിരുന്നില്ല. ഗോപികയ്‌ക്ക് സംശയം ഇവിടെയുള്ളവരെയായിരുന്നു. ഞങ്ങൾ രണ്ടു സ്ത്രീകളെ ഞങ്ങളുടെ ഭർത്താക്കന്മാർ ഇത്രയും കാലം മനഃപൂർവം വിഡ്ഢികളാക്കി ജീവിക്കുകയായിരുന്നു എന്ന് തോന്നുന്നു എനിക്ക്. ഭദ്ര അവിടെ ഭയപ്പെട്ടിരുന്നത് സിദ്ധുവിന്റെ അച്ഛനെയാണ്. ഒരിക്കൽ ഇവിടെ കയറി വന്ന് ഗോവിന്ദനുമായി വഴക്കിട്ടിട്ട് ഇറങ്ങി പോയപ്പോൾ എനിക്ക് അത് ഉറപ്പായതാണ്. പക്ഷേ സിദ്ധാർഥിന് ഇത് പറഞ്ഞാൽ ഉൾകൊള്ളാൻ പറ്റുമെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ടാ ഇതൊന്നും ഞാൻ അവനോടു പറയാതിരുന്നത്. സിദ്ധാർഥിന് മിടുക്കുണ്ടെങ്കിൽ അവൻ കേസ് തെളിയിക്കട്ടെ.”

സുഭദ്ര തമ്പുരാട്ടി വാമദേവനോട് അത് പറയുമ്പോൾ അയാളുടെ മനസ്സിൽ മറ്റുചില സംശയങ്ങൾ ഉടലെടുക്കുകയായിരുന്നു. “സുഭദ്രേ രാമചന്ദ്രനേയും ഒന്ന് സൂക്ഷിച്ചോ. സിദ്ധാർഥ് ചോദ്യം ചെയ്തപ്പോൾ അവന്റെ മുഖത്തൊരു വെപ്രാളം ഞാൻ കണ്ടതാ.” “രാമേട്ടനെയും വിശ്വസിക്കാൻ പറ്റില്ല… തിരുമേനി എനിക്കൊരു സഹായം ചെയ്യണം.” സുഭദ്ര അയാളോട് പറഞ്ഞു. “എന്താ സുഭദ്രേ.??” വാമദേവൻ തിരുമേനി ആകാംക്ഷയോടെ അവരെ നോക്കി. “പല്ലവിയുടെയും സിദ്ധുവിന്റെയും ഗ്രഹനില ഒന്നുകൂടി പരിശോധിക്കണം. അവരുടെ ദോഷം മാറാൻ എന്തെങ്കിലും പ്രതിവിധി ഉണ്ടോയെന്നു നോക്കണം.” “നോക്കാം സുഭദ്രേ… നീ സമയം കിട്ടുമ്പോൾ ഇരുവരുടെയും ഗ്രഹനിലയുമായി ഇല്ലത്തേക്ക് വരൂ.” “സമയം പോലെ ഞാൻ അങ്ങോട്ടിറങ്ങാം.” സുഭദ്ര അയാളോട് പറഞ്ഞു. “എന്നാ ഞാനിറങ്ങുവാ… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി.” വാമദേവൻ സുഭദ്രയോട് യാത്ര പറഞ്ഞ് തന്റെ ഇല്ലത്തേക്ക് നടന്നു. ****

പാലത്തിങ്കൽ തറവാട്ടിലേക്കുള്ള യാത്രയിലായിരുന്നു സിദ്ധുവും പല്ലവിയും. അവരുടെ ഒപ്പം അവിടുത്തെ കാര്യസ്ഥാനും ഉണ്ടായിരുന്നു. “സിദ്ധുവേട്ടൻ അമ്മയോട് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല. അമ്മയ്ക്ക് അത് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല്യ.” പല്ലവി പരിഭവിച്ചു. “സുഭദ്രമ്മായിയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… എന്തൊക്കെയോ എന്നോട് പറയാൻ മടിക്കുന്നത് പോലെ എനിക്ക് തോന്നി. മനസ്സിൽ എന്തെങ്കിലും മറച്ചു വച്ചിട്ടുണ്ടെങ്കിൽ മടിക്കാതെ പറയട്ടെയെന്ന് കരുതിയാ ഞാൻ അങ്ങനെ പറഞ്ഞത്.” സിദ്ധാർഥ് അവളോട്‌ പറഞ്ഞു. പല്ലവി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. അവൾ പിണങ്ങിയിരിക്കുകയാണെന്ന് അവന് മനസിലായി. തല്ക്കാലം അവളുടെ പിണക്കം മാറ്റാൻ അവൻ മുതിർന്നില്ല. പല്ലവിയെയും കാര്യസ്ഥനെയും പാലത്തിങ്കൽ തറവാട്ടിൽ ഇറക്കിയ ശേഷം സിദ്ധു നേരെ പോയത് നെല്ലനാട് സ്റ്റേഷനിലേക്കാണ്.

പണ്ട് നടന്ന ഗോവിന്ദന്റെ ആക്‌സിഡന്റിനെ പറ്റിയുള്ള ഫയലുകൾ തപ്പിയെടുക്കാനായിരുന്നു അവന്റെ ആ യാത്ര. സ്റ്റേഷനിൽ നിന്നും ആക്‌സിഡന്റിനെ സംബന്ധിച്ച് കിട്ടിയ റെക്കോർഡ്സ് സിദ്ധുവിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. അതിനെപ്പറ്റി കൂടുതൽ അറിയാനായി അന്ന് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന റിട്ടയർ ആയ പോലീസ് ഓഫീസറെ കാണാനായി അവൻ പുറപ്പെട്ടു. കുറേ അന്വേഷിച്ചതിനു ശേഷമാണ് അവനു അന്ന് നെല്ലനാട് സ്റ്റേഷനിൽ സിഐ ആയിരുന്ന ജോൺ സാമൂവലിന്റെ അഡ്രസ് കിട്ടിയത്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് അദ്ദേഹത്തെ കണ്ട് തന്റെ വരവിന്റെ ഉദ്ദേശം അവൻ അറിയിച്ചു. സിദ്ധുവിന് വേണ്ടതെല്ലാം അവിടെ നിന്നും ലഭിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും സിദ്ധാർഥ് നെല്ലനാടേക്ക് മടങ്ങുമ്പോഴാണ് ഉണ്ണികൃഷ്ണനെ നെല്ലനാട് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന വിവരം അന്വേഷണ ടീമിൽ ഉള്ളവർ അവനെ വിളിച്ചറിയിച്ചത്.

സിദ്ധു നേരെ സ്റ്റേഷനിലേക്ക് വണ്ടി വിട്ടു. ഉച്ച കഴിഞ്ഞപ്പോഴാണ് അവൻ നെല്ലനാട് സ്റ്റേഷനിൽ എത്തിച്ചേർന്നത്. ഉണ്ണികൃഷ്ണനെ കണ്ട് ചോദ്യം ചെയ്തു കഴിഞ്ഞപ്പോൾ നടന്ന കാര്യങ്ങൾ സിദ്ധാർഥ് ഏതാണ്ട് ഊഹിച്ചു കഴിഞ്ഞു. ഭദ്ര മരിച്ചത് തന്റെ കൈകൊണ്ടാണെന്ന് അയാൾ സമ്മതിച്ചു. എന്നാൽ ഗോവിന്ദന്റെ മരണത്തിൽ തനിക്കൊരു പങ്കുമില്ലെന്നാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്. അത് കേട്ടപ്പോൾ സിദ്ധാർഥ് അയാളോട് ഇപ്രകാരം പറഞ്ഞു. “നാളെ പാലത്തിങ്കൽ തറവാട്ടിൽ വച്ച് എല്ലാവരുടെയും മുന്നിൽ ഇപ്പോ എന്നോട് പറഞ്ഞതെല്ലാം നിങ്ങൾ ഒന്നുകൂടി പറയണം. എന്നിട്ടാവാം ബാക്കി നടപടികൾ. സത്യങ്ങൾ എല്ലാരും അറിയട്ടെ. പിന്നെ ഗോവിന്ദമ്മാവന്റെ മരണം അത് ഞാൻ കണ്ടെത്തിക്കൊള്ളാം.” അത്രയും പറഞ്ഞ ശേഷം സിദ്ധാർഥ് പുറത്തേക്ക് പോയി. പാലത്തിങ്കൽ ലക്ഷ്യമാക്കിയാണ് അവൻ പൊയ്ക്കോണ്ടിരുന്നത്.

ഉണ്ണികൃഷ്ണന്റെ ഏറ്റു പറച്ചിലിൽ അവന്റെ മനസ്സിൽ ചെറിയൊരു സംശയം തോന്നിയിരുന്നു. യഥാർത്ഥ പ്രതിയെ മറച്ചു പിടിച്ചു കൊണ്ട് അയാൾ സ്വയം കുറ്റമേറ്റതാണോ എന്നതായിരുന്നു സിദ്ധുവിന്റെ ചിന്ത. സിദ്ധാർഥ് കാർ സൈഡ് ആക്കിയ ശേഷം പിൻസീറ്റിൽ ഇരുന്ന ഫയൽ എടുത്തു പരിശോധിക്കാൻ തുടങ്ങി. ഭദ്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടായിരുന്നു ഫയലിൽ അവൻ തിരഞ്ഞത്. അത് വായിച്ചു കഴിഞ്ഞപ്പോൾ സിദ്ധുവിന് ഒരു കാര്യം ഉറപ്പായി. ഇതിനിടയിൽ മറ്റൊരാൾ കൂടി ഉണ്ടെന്നുള്ളത്. അതാരാണെന്ന് കണ്ടുപിടിക്കണമെന്ന് സിദ്ധാർഥ് മനസിലുറപ്പിച്ചു.

അപ്പോൾ അവന്റെ മനസിലേക്ക് കടന്നു വന്നത് സുഭദ്രയുടെ വാക്കുകളായിരുന്നു. പാലത്തിങ്കൽ തറവാട്ടിൽ ആരെയോ ഭദ്രമ്മായി ഭയന്നിരുന്നു എന്ന കാര്യം സിദ്ധുവിന്റെ ഉള്ളിൽ ആളികത്തി. അവന്റെ മനസ്സിൽ ഒരാളുടെ രൂപം തെളിഞ്ഞു വന്നു. അയാളിലേക്ക് എത്താനുള്ള വഴിയാലോചിച്ചു കൊണ്ട് സിദ്ധുവിന്റെ മറ്റൊരിടത്തേക്ക് തിരിഞ്ഞു. ഇന്ന് രാത്രി കൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിയുമെന്ന് അവന് തോന്നി. ഏതോ ഒരു അജ്ഞാത ശക്തി തന്റെ മനസിലിരുന്ന് തനിക്ക് വഴി കാട്ടുന്നത് പോലെ സിദ്ധുവിന് തോന്നി. ഏതോ ഒരു ഉൾപ്രേരണയാൽ സിദ്ധുവിന്റെ കാർ ആ നാട്ടുപാതയിലൂടെ കുതിച്ചു പാഞ്ഞു. *****

രാത്രി ഏകദേശം ഒൻപതു മണിയോട് അടുത്തപ്പോഴാണ് സിദ്ധാർഥ് പാലത്തിങ്കൽ തറവാട്ടിൽ എത്തിച്ചേർന്നത്. തീർത്തും പരീക്ഷണനായിരുന്നു അവൻ. ഉമ്മറത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. താൻ വരാൻ വൈകുമെന്ന് സിദ്ധാർഥ് പല്ലവിയെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. മുൻവാതിൽ തുറന്നു കിടന്നിരുന്നു. സിദ്ധാർഥ് അകത്തു കയറി വാതിലടച്ച ശേഷം വിശ്വാനാഥ മേനോന്റെ മുറി ലക്ഷ്യമാക്കി നടന്നു. അവിടെ ഭരതനും വിശ്വാനാഥ മേനോനും ഗൗരവകരമായ ചർച്ചയിലായിരുന്നു. “വിശ്വാ വെറുതെ എടുത്തു ചാടി ഒന്നും പ്രവർത്തിക്കരുത്. രാവിലെ വക്കീൽ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ നിനക്ക്.” ഭരതനാണ് അത് പറഞ്ഞത്. അങ്ങോട്ട്‌ വന്ന സിദ്ധു അവരുടെ സംഭാഷണം ശ്രവിച്ചതും പെട്ടെന്ന് അവിടെ തന്നെ നിന്നു. ഇരുവരും പറയുന്നത് എന്താണെന്നറിയാനായി അവൻ കാതോർത്തു.

“ആ പെണ്ണിനെ കാണുമ്പോൾ തന്നെ എനിക്ക് കൈ തരിക്കും. മോന്തയ്ക്കിട്ട് ഒരെണ്ണം പൊട്ടിക്കാനാ തോന്നുന്നത്.” “ഗോവിന്ദനോടുള്ള വൈരാഗ്യം മനസ്സിൽ കൊണ്ട് നടക്കുന്നത് കൊണ്ടാണ് നിനക്കിങ്ങനെയൊക്കെ തോന്നുന്നത്. പല്ലവി ഇപ്പൊ നിന്റെ മകന്റെ ഭാര്യയാണ്. വെറുതെ അബദ്ധം കാണിക്കാൻ നിൽക്കാതെ നീയവളെ സ്നേഹിക്കാൻ ശ്രമിക്ക്. എന്നാലേ നമുക്കിവിടെ പിടിച്ചു നിൽക്കാൻ പറ്റു.” ഭരതൻ അയാളെ ഉപദേശിച്ചു. അച്ഛൻ എന്തായിരിക്കും പറയാൻ പോകുന്നതെന്നറിയാനായി അവൻ കാതോർത്തു നിക്കവേയാണ് വീണമ്മായി അങ്ങോട്ട്‌ വരുന്നത് സിദ്ധു കാണുന്നത്. അവരെ കണ്ടതും സിദ്ധു മുകളിലേക്ക് പോയി. രാത്രി അത്താഴം കഴിച്ച് എല്ലാവരും കിടന്നു. സിദ്ധു മാത്രം ആ രാത്രി ഉറക്കമില്ലാതെ കഴിച്ചു കൂട്ടി. നാളെ നടക്കാൻ പോകുന്ന കാര്യങ്ങളായിരുന്നു അവന്റെ മനസ്സ് നിറയെ. ******

പിറ്റേ ദിവസം പ്രഭാതം. പാലത്തിങ്കൽ തറവാട്ടിൽ നിന്നും അന്നേദിവസം ആരും പുറത്തേക്ക് പോകരുതെന്ന് രാവിലെ തന്നെ എല്ലാവരോടുമായി സിദ്ധാർഥ് പറഞ്ഞു. എന്താണ് അവന്റെ പുറപ്പാടെന്ന് ആർക്കും അറിയില്ലായിരുന്നു. പല്ലവിയോട് പോലും സിദ്ധു ഒന്നും പറഞ്ഞിരുന്നില്ല. രാവിലെ പത്തുമണിയായപ്പോൾ രണ്ടു പോലീസ് വാഹനങ്ങൾ പാലത്തിങ്കൽ തറവാടിന്റെ മുറ്റത്തു വന്ന് നിന്നു. അതിൽ നിന്നും സുഭദ്രയും ഊർമിളയും ഉത്തരയും രാമചന്ദ്രനും വാമദേവനും പുറത്തേക്കിറങ്ങി. അവരോട് അകത്തേക്ക് കയറിയിരിക്കാൻ സിദ്ധാർഥ് പറഞ്ഞു. സിദ്ധുവാണ് അവരെ പോലീസ് വാഹനത്തിൽ അവിടെ എത്തിക്കാനുള്ള നിർദ്ദേശം നൽകിയത്. പാലത്തിങ്കൽ തറവാട്ടിലേക്കാണ് തങ്ങളെ കൂട്ടികൊണ്ട് പോകുന്നതെന്ന് അവിടെ എത്തും വരെ അവർക്ക് അറിയില്ലായിരുന്നു.

സിദ്ധാർഥിന്റെ നിർദ്ദേശ പ്രകാരം പാലത്തിങ്കൽ തറവാട്ടിലുള്ളവരും മറ്റുള്ളവരും തറവാടിന്റെ നടുത്തളത്തിൽ ഒത്തുകൂടി. അൽപ്പം കഴിഞ്ഞപ്പോൾ അവർക്കിടയിലേക്ക് രണ്ടു പോലീസുകാർ ഉണ്ണികൃഷ്ണനെ കൂട്ടികൊണ്ട് വന്നു. കുറ്റവാളികളെ പോലെ തലകുനിച്ചാണ് അയാൾ അവിടേക്ക് കടന്നു വന്നത്. അത് കണ്ടപ്പോൾ സുഭദ്രയുടെ നെഞ്ചിലൊരു പിടച്ചിലനുഭപ്പെട്ടു. പല്ലവിക്കും ആ കാഴ്ച്ച ദുഃഖമുണർത്തി. “ഗോവിന്ദനമ്മാവന്റെയും ഭദ്രമ്മായിയുടെയും മരണത്തിന്റെ പിന്നിലുള്ള ദുരൂഹതകൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. അത് എല്ലാവരോടുമായി പറയാനാണ് നിങ്ങളേവരെയും ഞാൻ ഇവിടേക്ക് വിളിച്ചു വരുത്തിയത്. എന്തായാലും നമുക്ക് വിഷയത്തിലേക്ക് കടക്കാം. സംഭവിച്ചതെന്താണെന്ന് ഉണ്ണികൃഷ്ണൻ പറയും. അതിനുശേഷം ബാക്കി ഞാൻ പറയാം.” സിദ്ധാർഥ് ഏവരോടുമായി പറഞ്ഞു.

പോലീസ് വേഷത്തിലായിരുന്നു അവൻ. ഉണ്ണികൃഷ്ണൻ സിദ്ധുവിന്റെ മുഖത്തേക്കൊന്ന് നോക്കി. സിദ്ധാർഥ് കണ്ണുകൊണ്ട് പറയാനായി സിഗ്നൽ കൊടുത്തു. “ഭദ്ര മരിച്ചത് എന്റെ… എന്റെ കൈകൊണ്ടാണ്…” ശ്വാസമെടുക്കാൻ പാടുപെട്ടുകൊണ്ട് ഉണ്ണികൃഷ്ണൻ അന്ന് സംഭവിച്ചത് എല്ലാവരോടുമായി പറഞ്ഞു തുടങ്ങി. “സുഭദ്രയുടെ പ്രസവമടുത്തു വന്നപ്പോൾ കൈയിൽ അവളുടെ പ്രസവചിലവിനു പോലും പൈസയില്ലാത്തതോർത്തു മനസ്സ് തകർന്നാണ് ഞാൻ ഒരു ദിവസം രാത്രി ആരോടും പറയാതെ മാമ്പിള്ളി തറവാട്ടിൽ നിന്നും ഇറങ്ങിപ്പോയത്. സേലത്തുള്ള എന്റെയൊരു സുഹൃത്തിനെ കാണാനായിട്ടാണ് ഞാൻ പോയത്. കുറച്ചു കാശ് അവന്റെ കൈയിൽ നിന്നും വാങ്ങാമെന്ന ഉദ്ദേശത്തോടെയാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്. പക്ഷേ കച്ചവടമൊന്നുമില്ലാതെ ആകെ ദാരിദ്ര്യത്തിലായിരുന്നു അവനും.

നാട്ടിൽ ഞാൻ കടം വാങ്ങിക്കാത്തതായി ആരുമില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ മുത്തുവിനെ കാണാനായി സേലം വരെ പോയത്. കുറച്ചു ദിവസം അവന്റെയൊപ്പം കഴിഞ്ഞശേഷം നിരാശനായി ഞാൻ നാട്ടിലേക്ക് മടങ്ങി. വെറും കയ്യോടെ മാമ്പിള്ളി തറവാട്ടിലേക്ക് പോകുമ്പോഴാണ് വഴിയിൽ വച്ച് ഞാൻ രാമേട്ടനെ കാണുന്നത്. അപ്പോഴാണ് സുഭദ്രയെ സീരിയസ് ആയിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്ന വിവരം വാമദേവൻ രാമേട്ടനോട് പറഞ്ഞ കാര്യം രാമേട്ടൻ എന്നോട് പറയുന്നത്. സുഭദ്രയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് രാമേട്ടനെ വാമദേവൻ കണ്ടത്. എന്നെ എവിടെയെങ്കിലും വച്ചു കണ്ടാൽ ഈ വിവരം അറിയിക്കണമെന്ന് രാമേട്ടനോട് വാമദേവൻ പറഞ്ഞിരുന്നു.

അത് കേട്ടപ്പോൾ തറവാട്ടിലേക്ക് ചെന്ന് ഭദ്രയുടെ കയ്യിൽ നിന്നും ഹോസ്പിറ്റൽ ചിലവിനുള്ള തുക വാങ്ങിക്കാമെന്ന് കരുതിയാണ് ഞാൻ അന്ന് മാമ്പിള്ളി തറവാട്ടിൽ എത്തിയത്. ഞാൻ ചെല്ലുമ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. അവിടെയെങ്ങും ഭദ്രയെ കാണാഞ്ഞിട്ട് ഞാൻ നേരെ ഭദ്രയുടെ മുറിയിലേക്ക് ചെന്നു. പണമിരിക്കുന്നത് എവിടെയാണെന്ന് അറിയാമെന്നുള്ളത് കൊണ്ട് ഞാൻ അലമാരയുടെ താക്കോൽ കണ്ടുപിടിച്ചു തുറന്നപ്പോഴാണ് അതിൽ കുറേ സ്വർണ്ണാഭരണങ്ങൾ കണ്ടത്. തറവാടും സ്വത്തുക്കളുമൊക്കെ ഭദ്രയുടെ പേരിലായത് കൊണ്ട് എനിക്കും സുഭദ്രയ്ക്കും അധികം നാൾ അവിടെ നിൽക്കാൻ കഴിയില്ല എന്നെനിക്ക് അറിയാമായിരുന്നു.

ഒരു നിമിഷം എന്റെ മനസ്സൊന്നു പതറി. ആ സ്വർണ്ണം കണ്ടപ്പോൾ അത് വിറ്റ് കാശാക്കി രക്ഷപ്പെടാമെന്ന ചിന്തയായിരുന്നു എന്റെയുള്ളിൽ. ഞാൻ വേഗം കൈയിൽ കിട്ടിയൊരു കവറിലേക്ക് അതൊക്കെ വാരിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന ഇരുപതിനായിരം രൂപയുടെ നോട്ടുകെട്ടും എടുത്തുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഭദ്ര എന്നെ കണ്ടത്. സ്വർണ്ണവും പണവും എന്റെ കയ്യിലിരിക്കുന്നത് കണ്ടപ്പോൾ അവളെന്നെ തടഞ്ഞുവയ്ക്കാൻ ഒരു ശ്രമം നടത്തി. ആ സമയം എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടണമെന്നേ എനിക്കുണ്ടായിരുന്നുള്ളു. മോഷണത്തിനിടയിൽ പിടിക്കപ്പെട്ട കള്ളന്റെ മാനസികാവസ്ഥയായിരുന്നു എനിക്കപ്പോൾ.

മുൻവാതിലിന്റെ നേർക്ക് ഓടാൻ തുടങ്ങിയപ്പോഴാണ് അവിടെ ഒരു വണ്ടി വന്ന് നിൽക്കുന്നത് പോലൊരു ശബ്ദം എനിക്ക് കേട്ടതായി തോന്നിയത്. ഗോവിന്ദൻ മടങ്ങി വന്നു കാണുമെന്നു ഞാനുറപ്പിച്ചു. അടുക്കള വാതിൽ വഴി രക്ഷപ്പെടാനായി ഞാൻ അങ്ങോട്ട്‌ പാഞ്ഞു. ഭദ്രയും എന്റെ പിന്നാലെ ഉണ്ടായിരുന്നു. ഊമയായ അവൾ എന്നോട് എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലായില്ല. എന്നെ തടഞ്ഞു നിർത്താൻ ശ്രമിച്ച അവളെ തള്ളിയിട്ട് ഞാൻ ഇറങ്ങി ഓടി. രാമേട്ടന്റെ അടുത്താണ് ഞാൻ എത്തിയത്. എന്നെ കണ്ട വിവരം ആരോടും പറയരുതെന്ന് പറഞ്ഞിട്ട് ഞാൻ വേഗം സ്ഥലം കാലിയാക്കി. ഗോവിന്ദനോട് ഭദ്ര എല്ലാം അറിയിച്ചു കാണുമെന്ന് പേടിച്ചാണ് സുഭദ്രയെ കാണാൻ ഹോസ്പിറ്റലിൽ പോലും പോകാതെ മൂന്നു ദിവസം ഒളിവിൽ നിന്നത്.

അപ്പോഴാണ് പടിക്കെട്ടിൽ വീണ് തലയിടിച്ചു വീണുള്ള ഭദ്രയുടെ മരണവും പിന്നാലെ ഗോവിന്ദന്റെ ആക്‌സിഡന്റും ഞാനറിയുന്നത്. എന്നെ കണ്ട കാര്യം പുറത്ത് പറയാതിരിക്കാനായി രാമേട്ടന് ഞാൻ സഹായവാഗ്ദാനങ്ങൾ നൽകി കൂടെ നിർത്തി. ഭദ്രയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ഞാൻ ഇതൊന്നും ചെയ്തത് പക്ഷേ പറ്റിപ്പോയി. അവളോട്‌ നേരിട്ട് ചോദിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ അവൾ അതൊക്കെ തരുമായിരുന്നു. പക്ഷേ ഭ്രാന്ത് പിടിച്ചു നിൽക്കുന്ന ആ സമയത്ത് അതൊന്നും ഓർത്തില്ല.” എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ ഉണ്ണികൃഷ്ണൻ വിങ്ങിപ്പൊട്ടി. “നിങ്ങൾ പറഞ്ഞതൊക്കെ സത്യമായിരിക്കാം. പക്ഷേ ഭദ്രമ്മായിയുടെ മരണം നടന്നത് നിങ്ങളുടെ കൈകൊണ്ടായിരുന്നില്ല.” സിദ്ധാർഥ് അത് പറഞ്ഞതും എല്ലാവരും ഞെട്ടിത്തരിച്ച് നിന്നു.

(നിങ്ങളുടെ മനസിലുള്ള കൊലയാളിയെ കമന്റ്‌ ബോക്സിൽ മെൻഷൻ ചെയ്യണം. എങ്കിൽ ക്ലൈമാക്സ്‌ നാളെ നേരത്തെ തരാം. ഇതുവരെ കഥയെ പറ്റിയുള്ള അഭിപ്രായങ്ങളും നിങ്ങളുടെ മനസിലെ സംശയങ്ങളും പോരട്ടെ. എല്ലാത്തിനും ഉത്തരം നാളത്തെ ക്ലൈമാക്സിൽ വരുന്നുണ്ട്. സ്നേഹത്തോടെ ശിവ❤)…. തുടരും.

ഭാഗ്യ ജാതകം: ഭാഗം 16

Share this story