ആത്മിക : ഭാഗം 28

ആത്മിക : ഭാഗം 28

എഴുത്തുകാരി: ശിവ നന്ദ

ഹോസ്പിറ്റലിന്റെ മുന്നിൽ കാർ നിർത്തിയിട്ടും ഇറങ്ങാതിരിക്കുവായിരുന്നു അമ്മു.അവൾ എന്തോ ആലോചനയിൽ ആണെന്ന് ആൽബിക്ക് മനസിലായി. “അമ്മൂട്ടി..ഇറങ്ങുന്നില്ലേ??” “നമുക്ക് തിരിച്ച് പോകാം ഇച്ച” “അതെന്ത് പണിയാ അമ്മു..ഹർഷന് നിന്നെ കാണണമെന്ന് പറഞ്ഞത് കൊണ്ടല്ലേ നമ്മൾ വന്നത്” “പക്ഷെ എനിക്കെന്തോ..ഹർഷേട്ടനെ കാണണ്ട ഇച്ചാ” “നീ ഇപ്പോൾ പഴയതൊന്നും ഓർക്കേണ്ട.അവൻ നിന്നോട് കാണിച്ചതൊന്നും മറക്കണമെന്ന് ഞാൻ പറയില്ല..പക്ഷെ ചത്ത് ജീവിക്കുന്ന ഒരുത്തനോട് ശത്രുത കാണിക്കുന്നത് ശരിയല്ലല്ലോ..എന്നോട് പറയാനുള്ളതൊക്കെ അവൻ പറഞ്ഞു..ഇനി നിന്നോടും മാപ്പ് പറഞ്ഞാലേ അവന് സമാധാനം കിട്ടത്തോളെങ്കിൽ അവന് അതെങ്കിലും നമ്മൾ ചെയ്ത് കൊടുക്കണ്ടേ” “മ്മ്മ് ഞാൻ കാണാം ഇച്ചാ..അയാൾക് പറയാനുള്ളതൊക്കെ കേൾക്കാം..”

“എന്നാൽ നീ റൂമിലേക്ക് ചെന്നോ..ഞാൻ ഡോക്ടർനെ കണ്ടിട്ട് വന്നോളാം” റൂമിന് മുന്നിൽ എത്തിയതും അമ്മു ഒന്ന് നിന്നു..എന്നിട്ട് ദീർഘമായൊന്ന് നിശ്വസിച്ചിട്ട് അവൾ വാതിലിൽ മുട്ടി..അവളെ കണ്ടതും അമ്മായി കരച്ചിൽ അടക്കിപ്പിടിച്ച് അകത്തേക്ക് കയറ്റി..കണ്ണടച്ച് കിടക്കുന്ന ഹർഷനെ ഒന്ന് നോക്കിയിട്ട് അവൾ അമ്മായിയുടെ അടുത്തായിട്ട് നിന്നു. “മോള്..മോള് ഒറ്റക്കാണോ വന്നത്??” ജീവിതത്തിൽ ആദ്യമായി അമ്മായി തന്നെ മോളെന്ന് വിളിച്ച ആശ്ചര്യത്തിൽ ആയിരുന്നു അമ്മു..അത് മനസ്സിലായതും അമ്മായി നിന്ന് പരുങ്ങാൻ തുടങ്ങി..അമ്മുവിന് അത് കണ്ട് ചിരിയും വന്നു. “ഞാൻ ഒറ്റക്കല്ല..ഇച്ചൻ ഉണ്ട് കൂടെ” ഇച്ചൻ എന്ന് പറഞ്ഞത് മനസിലാകാത്തത് പോലെ അമ്മായി അവളെ നോക്കി. “അത് ആൽബിച്ചൻ…” ചെറിയ ചമ്മലോടെ അമ്മു പറഞ്ഞതും അമ്മായി ഒന്ന് ചിരിച്ചു.

“വലിയ മനസ്സാണ് ആ മോന്റെ..അവന്റെ മാത്രമല്ല..ആ വീട്ടുകാരുടെയും..ബന്ധങ്ങൾക്ക് അവർ കൊടുക്കുന്ന വില..അതുകൊണ്ടല്ലേ അന്നാ രാത്രിയിൽ തന്നെ നിന്റെ രക്ഷക്കായിട്ട് അവൻ വന്നത്..അന്ന് അവൻ നിന്നെ കൊണ്ട് പോയപ്പോൾ അതിനെ തെറ്റായി കണ്ടവളാ ഞാൻ..ഇന്നിപ്പോൾ എന്റെ മോള് പോലും ആ വീട്ടിൽ ആണ് അഭയം തേടിയത്” “അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ…ഹർഷേട്ടന് ഇപ്പോൾ എങ്ങനെ ഉണ്ട്??” “ഞാൻ എന്ത് പറയാനാ..കണ്ടില്ലേ..ഇങ്ങനെ കിടന്ന് അനുഭവിക്കാൻ ആയിരിക്കും ഇവന്റെ വിധി..നമ്മുടെ കൈയോ കാലോ ഒന്ന് മുറിഞ്ഞാൽ പോലും നമുക്ക് അത് അസൗകര്യമായിട്ട് തോന്നില്ലേ..അപ്പോൾ ഒന്ന് അനങ്ങാൻ പോലും പറ്റാതെ ഇങ്ങനെ കിടക്കുന്നവന്റെ അവസ്ഥ…” “ചോദിച്ച് വാങ്ങിയതല്ലേ അമ്മായി..”

കണ്ണ് നിറച്ചു നിന്നതല്ലാതെ അതിന് അവർ മറുപടി പറഞ്ഞില്ല..അപ്പോഴാണ് മയക്കത്തിൽ നിന്നും ഹർഷൻ ഉണർന്നത്..അമ്മുവിനെ കണ്ടതും അദ്ഭുതമായിരുന്നു അവന്റെ മുഖത്ത്.അമ്മു നിസ്സംഗ ഭാവത്തോടെ നിന്നതേയുള്ളൂ. “ആത്മിക…നീ..നീ വരുമെന്ന് ഞാൻ വിചാരിച്ചില്ല..ആൽബിയോട് പറഞ്ഞെങ്കിലും എനിക്ക് ഒട്ടും പ്രതീക്ഷയിലായിരുന്നു.” “ഇച്ചൻ പറഞ്ഞതുകൊണ്ടാണ് ഞാൻ വന്നത്..അല്ലാതെ..” അമ്മുവിന്റെ മറുപടി കേട്ട് ഹർഷൻ ഒന്ന് ചിരിച്ചു..എന്നിട്ട് അവന്റെ അടുത്തായിട്ട് വന്നിരിക്കാൻ പറഞ്ഞു..ആദ്യം നിരസിച്ചെങ്കിലും പിന്നീട് അവളാ കട്ടിലിന്റെ ഓരംചേർന്ന് ഇരുന്നു.ഹർഷൻ അവളെ തന്നെ നോക്കിയിരിക്കുവാണ്. “ഒരു പെണ്ണിനും പൊറുക്കാൻ പറ്റാത്ത തെറ്റാ ഞാൻ നിന്നോട് ചെയ്തത്.മാപ്പ് തരണമെന്ന് ഞാൻ പറയില്ല.” “അങ്ങനെ പറയാൻ തുടങ്ങിയാൽ എത്ര പെൺകുട്ടികളോട് മാപ്പ് ചോദിക്കേണ്ടി വരും??” പുച്ഛമായിരുന്നു അമ്മുവിന്റെ മുഖത്ത്..

അപ്പോഴും ഹർഷൻ ചിരിച്ചതേയുള്ളു. “നിങ്ങളോട് ഞാൻ പറഞ്ഞതല്ലായിരുന്നോ..കൂടെ കൊണ്ട് നടക്കുന്നവന്മാർ ഒരിക്കലും നിങ്ങൾക്ക് നന്മ ചെയ്യില്ലെന്ന്..എന്റെ ദേവുവിനെയും അത് ബാധിക്കുമെന്ന് ഞാൻ മുന്നറിയിപ്പ് തന്നതല്ലേ..അന്ന് ഹർഷേട്ടൻ എന്താ പറഞ്ഞത്..ആ കൂട്ടുകാർ നിങ്ങളുടെ ശക്തി ആണെന്ന്..ദേവുവിനെ നോക്കാൻ അവളുടെ ഏട്ടൻ ഉണ്ടെന്ന്…എന്നിട്ട് ഇപ്പോൾ എന്തായി???” “ആത്മിക ഞാൻ…” “ഹും..ആത്മിക….ഒരിക്കലെങ്കിലും ഹർഷേട്ടൻ എന്നെ അമ്മൂന്ന് വിളിച്ചിട്ടുണ്ടോ?? സ്വന്തം അപ്പച്ചിയുടെ മകൾ എന്ന പരിഗണന വേണ്ട..പെട്ടെന്ന് ഒരു ദിവസം അനാഥത്വത്തിന്റെ കയ്പ്പറിഞ്ഞ ഒരു കൊച്ചുകുഞ്ഞിനോടുള്ള സഹതാപം എങ്കിലും കാണിച്ചിട്ടുണ്ടോ???” “ഞാൻ അമ്മുവെന്ന് വിളിക്കാത്തത് നിനക്ക് വേണ്ടിയായിരുന്നു” അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ട് അവൻ പറഞ്ഞപ്പോൾ മനസിലാകാത്തത് പോലെ അവൾ നെറ്റിചുളിച്ചു. “നിനക്ക് ഓർമയില്ലായിരിക്കും..

അന്ന് നീ വെറും കുഞ്ഞാ..വാക്കുകൾ തപ്പിപ്പെറുക്കി സംസാരിച്ചു തുടങ്ങുന്ന പ്രായം..അന്ന് ഞാൻ അമ്മു എന്ന് വിളിച്ചപ്പോൾ എന്റെ കവിളിൽ കടിച്ചുകൊണ്ട് നീ പറഞ്ഞു അമ്മു അല്ല ആത്മിക ആണെന്ന്.നിനക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാടി ഞാൻ അമ്മു എന്ന് വിളിക്കാഞ്ഞത്.” വിശ്വാസം വരാത്തത് പോലെ അമ്മു അവനെ തന്നെ നോക്കിയിരുന്നു.അമ്മായിയും എല്ലാം കേട്ട് നിൽകുവായിരുന്നു. “പിന്നെ കാലം പോകുന്നതനുസരിച്ച് എല്ലാവരുടെയും ഇഷ്ടങ്ങൾ മാറിമറിഞ്ഞു.അതിനിടയിൽ നീ എനിക്ക് ആരാണെന്ന് ഞാനും മറന്നു..സംരക്ഷണമാകേണ്ട കൈകൾ കൊണ്ട് നിന്റെ ശരീരത്തെ അറിയാൻ കൊതിച്ചു..ഇന്ന് അതിനെല്ലാം കാലുപിടിച്ചു മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ട്..പക്ഷെ…ഇങ്ങനെ കിടന്ന് നരകിക്കുന്നതിന് പകരം മരിച്ചാൽ മതിയായിരുന്നു.” “മരണം നിങ്ങൾക്ക് കിട്ടുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ആകും” “മ്മ്മ്മ്..എങ്കിലും ഒരവസരം എനിക്ക് തന്നൂടെ…”

“നിങ്ങളോട് ക്ഷമിച്ചിട്ട് വന്നതല്ല ഞാൻ..എന്റെ ഇച്ചന്റെ ജീവൻ രക്ഷിച്ചത് കൊണ്ട് മാത്രം..ആ മനുഷ്യനെ എനിക്ക് തിരികെ തന്നത് ഹർഷേട്ടൻ ആണെന്ന ഒറ്റക്കാരണത്താൽ എന്നോട് പറഞ്ഞ വൃത്തികെട്ട വാക്കുകളും പ്രവർത്തികളും മറക്കാൻ ഞാൻ തയാറാണ്…എന്റെ ഇച്ചന് വേണ്ടി…” അമ്മുവിന്റെ ആ വാക്കുകൾ കേട്ടുകൊണ്ടാണ് ആൽബി മുറിയിലേക്ക് വരുന്നത്..അവന്റെ നോട്ടം അമ്മുവിലേക്ക് മാത്രമായി..അവനെ കണ്ടതും അവൾ പിടിക്കപ്പെട്ടത് പോലെ എഴുന്നേറ്റ് നിന്നു.അവളുടെ ഭാവം കണ്ടപ്പോൾ ഒരു കള്ളച്ചിരിയോടെ ആൽബി ഹർഷന്റെ അടുത്ത് വന്നിരുന്നു. “ഞാൻ ഡോക്ടറെ കണ്ടു..ഒരാഴ്ച ഇവിടെ കിടക്കേണ്ടി വരും.” “അത് കഴിഞ്ഞ് വീട്ടിൽ പോയി കിടക്കണം..അല്ലേടോ..” ചിരിയോടെയാണ് പറഞ്ഞതെങ്കിലും ഹർഷന്റെ വാക്കുകൾ ഇടറിയിരുന്നു. “താൻ ഇങ്ങനെ തളർന്ന് പോകാതെ..

ആ പഴയ സ്വഭാവം മാത്രം മാറ്റിയാൽ മതി.അല്ലാതെ ആ ഉശിര് ഒന്നും കളയണ്ട” “ആൽബി…താൻ കിരണിനോട് സംസാരിച്ചോ??” “അവനെ ഞാൻ വിളിച്ചിരുന്നു…വൈകിട്ട് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്” “മ്മ്മ്മ്..ദേവു??” “അവൾ എന്റെ വീട്ടിൽ സേഫ് ആണ് ഹർഷാ..അതോർത്ത് താൻ പേടിക്കണ്ട..” “അതറിയാം…പക്ഷെ അവൾ എന്നെയൊന്ന് കാണാൻ പോലും വന്നില്ലല്ലോ..” അത് പറഞ്ഞപ്പോഴേക്കും ഹർഷൻ കരഞ്ഞുപോയിരുന്നു. “നീ വിഷമിക്കണ്ട..ഞങ്ങൾ അവളോട് സംസാരിക്കാം..” “എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു ആൽബി..ആരൊക്കെ തള്ളിപ്പറഞ്ഞാലും ദേവു അവസാനം എന്റെ കൂടെ നിൽക്കുമെന്ന്..പക്ഷെ അവളെ കുറ്റംപറയാൻ പറ്റില്ല..അത്രക്ക് നീചൻ ആയിരുന്നു ഞാൻ” “സ്നേഹമുള്ള ഹൃദയത്തിലെ വെറുപ്പും ഉണ്ടാകു..അവൾ നിന്നെ അത്രക്ക് സ്നേഹിച്ചിരുന്നു..

ഹാ ഇനി അതൊന്നും പറയണ്ട..എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ..പിന്നെ വരാം..പോകാം അമ്മു” അവൾ സമ്മതമെന്നോണം തലയാട്ടിയതും അമ്മായി വന്നവളെ കെട്ടിപിടിച്ചു. “പോകാതിരുന്നൂടെ മോളെ..നിന്നോട് ചെയ്തതിനൊക്കെ പകരമായിട്ട് എനിക്ക് നിന്നേ സ്നേഹിക്കണം..” കരഞ്ഞുകൊണ്ട് അവർ പറയുന്നത് കേട്ട് അമ്മു നിസ്സഹായതയോടെ ആൽബിയെ നോക്കി..അവനും അവളുടെ മറുപടിക്കായി കാത്തിരിക്കുവായിരുന്നു. “അമ്മായി..ഞാൻ…” “പറ്റില്ല….” അമ്മു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ആൽബിയുടെ ശബ്ദം ഉയർന്നു..അമ്മായി ഞെട്ടലോടെ മുഖം ഉയർത്തുമ്പോഴേക്കും ആൽബി എഴുന്നേറ്റ് വന്ന് അമ്മുവിനെ ചേർത്ത് പിടിച്ചിരുന്നു.. “എന്തിനാ ഇവളെ പിടിച്ച് നിർത്തുന്നത്?? നിങ്ങളെ കൊണ്ട് ഒറ്റക്ക് ഇവനെ നോക്കാൻ പറ്റാത്തത് കൊണ്ട് സഹായത്തിന് നിർത്താൻ ആണോ??” “അയ്യോ മോനേ ഞാൻ അങ്ങനെ ഒന്നും..”

“വേണ്ട നിർത്ത്..സ്വന്തം പോലെ നിങ്ങൾ നോക്കേണ്ടിയിരുന്ന പെണ്ണാ..ആ ഇവളോട് നിങ്ങൾ കാണിച്ച ക്രൂരതയുടെ ഫലമാ ഇപ്പോൾ അനുഭവിക്കുന്നത്..വയസാംകാലത്ത് താങ്ങാവേണ്ട മകനെ കിടന്നിടത്തിട്ട് നോക്കേണ്ട അവസ്ഥ വന്നില്ലേ..പക്ഷെ ഒരു കാര്യം നിങ്ങൾ ഓർത്തോ..ഇവൾ ഇപ്പോൾ കളരിയ്ക്കൽ വീട്ടിലെ അംഗം ആണ്..ഒരു നിമിഷം ഇവളെ കാണാതായാൽ നെഞ്ച് തകരുന്ന ഒരു അമ്മച്ചിയുണ്ട് ആ വീട്ടിൽ..ഇവളുടെ സന്തോഷത്തിന് കാവലായി നിൽക്കുന്ന ജെറിയുണ്ട്..പിന്നെ ഞാൻ….ഒരു ബന്ധത്തിന്റെ പേരിലും ആർക്കും ഇവളെ ഞാൻ വിട്ട് തരില്ല” തന്നെ ചേർത്ത് പിടിച്ച് പറയുന്നവനെ അത്ഭുതത്തോടെ നോക്കിനിൽകുവാണ് അമ്മു..അവന്റെ പെട്ടെന്നുള്ള മാറ്റം അമ്മായിയേയും ഞെട്ടിച്ചു..പക്ഷെ അപ്പോഴും ഹർഷൻ ആൽബിയെയും അമ്മുവിനെയും നോക്കി കിടക്കുവായിരുന്നു. “ആൽബി നീയൊന്ന് അടങ്ങ്..അമ്മ കുറ്റബോധം കൊണ്ട് പറഞ്ഞ് പോയതാ”

“കുറ്റബോധം ഒന്നും ഇവളോട് കാണിക്കണ്ട..ഈ പറയുന്ന നീ പോലും ദേവുവിനെ കുറിച്ച് മാത്രമേ ഇപ്പോഴും ചിന്തിക്കുന്നുള്ളു..അവളുടെ സേഫ്റ്റിയെ ഓർത്താണ് നിന്റെ പേടി..ഒരുതവണ എങ്കിലും ഇവളുടെ ഭാവിയെ കുറിച്ച് നീ ചിന്തിക്കുന്നുണ്ടോ??” “ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് ആത്മിക..അവിടെ നിന്നും അവളെ എങ്ങോട്ട് മാറ്റാനാടാ ഞാൻ പറയേണ്ടത്???” പുഞ്ചിരിയോടെ ഹർഷൻ പറയുന്നത് കേട്ടപ്പോഴാണ് ആൽബിക്ക് സ്വബോധം വന്നത്..പെട്ടെന്ന് തന്നെ അവൻ അമ്മുവിൽ നിന്നകന്ന് നിന്നു..അമ്മുവും ജാള്യതയോടെ തലകുനിച്ചു നിൽക്കുവാണ്.ഒടുവിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് ഒരുവിധം അവൻ പുറത്തേക്ക് ഇറങ്ങി. കാറിൽ കയറി അമ്മുവിന് വേണ്ടി കാത്തിരിക്കുമ്പോൾ ആൽബി സ്വയമൊന്ന് ആലോചിച്ചു..താൻ എന്തൊക്കെയാണ് പറഞ്ഞത്…

അവളുടെ സ്വഭാവത്തിന് അവരുടെ കണ്ണുനീർ കാണുമ്പോൾ അവൾ ഇവിടെ നിൽക്കാമെന്ന് സമ്മതിക്കുമെന്ന് കരുതിയാ താൻ പെട്ടെന്ന് കയറി സംസാരിച്ചത്..ശ്ശേ..വേണ്ടായിരുന്നു… അമ്മു വന്നിട്ടും ഒന്നും ചോദിക്കാതിരുന്നത് അവന് ഒരു ആശ്വാസമായി തോന്നി..പക്ഷെ അവളുടെ മുഖത്തെയാ സന്തോഷം കണ്ടതും അവന്റെ മനസ്സും നിറഞ്ഞു.. ********* രാത്രിയിൽ ആൽബിയും ടീനയും അമ്മുവും ദേവുവും ജെറിയും ടെറസിൽ ഇരിക്കുവാണ്.. “അപ്പോൾ അയാളാണ് എന്റെ ഇച്ചായനെ രക്ഷപെടുത്തിയത്..എന്തായാലും ഇച്ചായന്റെ കൈക്ക് പണിയുണ്ടാകാതെ തന്നെ ആള് നന്നായല്ലോ…” “പശ്ചാതപിച്ചെന്നും പറഞ്ഞ് ചെയ്ത തെറ്റൊന്നും ചെറുതാകില്ലല്ലോ ജെറി” “ഇത്രക്ക് വേണ്ട ദേവു..ജീവച്ഛവമായി കിടക്കുന്നവനെ വീണ്ടും കുത്തിനോവിക്കരുത്”

“എല്ലാം അറിയാം ഇച്ചായ..പക്ഷെ എനിക്ക് പറ്റുന്നില്ല..” “ദേവുവിനെ ഫോഴ്സ് ചെയ്യണ്ട ആൽബി..ഒരു പെണ്ണ് ഒരാളെ വെറുത്താൽ പിന്നെ ഉടനെയൊന്നും ആ വെറുപ്പ് മാറില്ല” ടീനയും കൂടി അങ്ങനെ പറഞ്ഞതോടെ ആൽബി പിന്നെയൊന്നും പറഞ്ഞില്ല.അപ്പോഴാണ് കിച്ചൻ വന്നത്. “ആഹാ കിച്ചുട്ടായി എത്തിയല്ലോ…മ്മ്മ് മ്മ്..ഇനി വീട്ടിലേക്ക് തിരികെ പോകില്ലായിരിക്കും” “അതെന്താ ജെറി നീയങ്ങനെ പറഞ്ഞ??” “അല്ല കെട്ടാൻ പോകുന്ന പെണ്ണ് ഇവിടെ ഉണ്ടല്ലോ..” ദേവുവിനെ നോക്കി അവൻ കണ്ണിറുക്കി പറഞ്ഞതും കിച്ചനും അവളെ നോക്കി..അവളിൽ ചെറുതായി നാണം വിരിഞ്ഞു. “ഡാ നീ അച്ഛനെയും അമ്മയെയും ഹോസ്പിറ്റലിൽ കൊണ്ട് പോയോ?” “കൊണ്ട് പോകാതെ പറ്റില്ലല്ലോ ആൽബി..ഹർഷന് ഒരു ആക്‌സിഡന്റ് പറ്റിയതാണെന്ന പറഞ്ഞത്..അല്ലാതെ അവന്റെ ചരിത്രം വല്ലതും പറഞ്ഞാൽ അതോടെ അച്ഛൻ തിരിയും..പിന്നെ കല്യാണം ഒന്ന് നടത്താൻ കുറച്ചധികം കഷ്ടപ്പെടേണ്ടി വരും”

“നീ കല്യാണത്തെ കുറിച്ച് സംസാരിച്ചോ??” “മ്മ്മ് ഞാൻ പറഞ്ഞു..ഹർഷന്റെ ആഗ്രഹം ആണ്..ഉടനെ തന്നെ നടത്തണമെന്ന്..അതിന് ഒരു നൂറ് ചോദ്യങ്ങൾ ഉണ്ടായിരുന്നു അച്ഛന്റെ വക ആയിട്ട്..അവസാനം അമ്മ ഇടപെട്ട് സോൾവ് ചെയ്തു..നാളെ തന്നെ ജ്യോത്സ്യനെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്” “പിന്നെന്താ വേണം..ഉടനെ തന്നെ ഒരു സദ്യ ഉണ്ണാലോ…ദേവുവേ ഹാപ്പി ആയില്ലേ??” ജെറി ചോദിച്ചതും ദേവു ചിരിയോടെ അമ്മുവിന്റെ തോളിലേക്ക് ചാഞ്ഞു..അപ്പോഴാണ് താഴെ നിന്നും അമ്മച്ചി ദേവുവിനെ വിളിച്ചത്..അവൾ പോയതും കുറച്ച് കഴിഞ്ഞ് വെള്ളം കുടിക്കണമെന്ന് പറഞ്ഞ് കിച്ചനും താഴേക്ക് പോയി..കുറേ സമയം കഴിഞ്ഞിട്ടും രണ്ട് പേരെയും കാണാഞ്ഞപ്പോൾ ആണ് ജെറി താഴേക്ക് വന്നു നോക്കുന്നത്..അവിടെ അമ്മുവിന്റെ മുറിയിൽ അവർ ഉണ്ടെന്ന് തോന്നി ചെന്നു നോക്കിയ അവൻ കാണുന്നത് ദേവുവിനെ ഇറുകെ കെട്ടിപിടിച്ച് നിൽക്കുന്ന കിച്ചനെ ആണ്…

ജെറി ഒന്ന് മുരടനക്കിയതും ദേവു ഞെട്ടിപ്പിടഞ്ഞ് പിന്നോക്കം മാറി..കിച്ചൻ ആണെങ്കിൽ പല്ല് മുഴുവൻ കാണിച്ച് ഇളിച്ച് നില്പുണ്ട്..ജെറി ഒരു മൂളിപ്പാട്ടും പാടി നൈസ് ആയിട്ട് മുകളിലേക്ക് കയറി. “അവർ എന്തിയേടാ??” ആൽബി ചോദിച്ചെങ്കിലും മറുപടി പറയാതെ അവൻ കള്ളച്ചിരിയോടെ അവന്റെ അടുത്ത് വന്നിരുന്നു..തൊട്ടുപിറകെ തന്നെ കിച്ചനും ദേവുവും നനഞ്ഞ കോഴിയെ പോലെ കയറി വരുന്നത് കണ്ടപ്പോൾ തന്നെ അവർക്ക് പന്തികേട് തോന്നി. “ഡാ കിച്ചു എന്താ പറ്റിയ??” “കിച്ചുട്ടായി വെള്ളം കുടിച്ചോണ്ട് നിന്നപ്പോൾ ഞാൻ കയറി ചെന്നു” “അതിന്???” “ജെറി അടങ്ങി ഇരുന്നോണം” കിച്ചൻ ജെറിയെ നോക്കി കണ്ണുരുട്ടിയതും അമ്മുവിന് ചെറിയ സംശയം തോന്നി.അവൾ ദേവുവിനെ ഒന്ന് തട്ടി..പക്ഷെ അവൾ അവിടെ തലയും കുമ്പിട്ടിരിപ്പുണ്ട്..

“ഇച്ചായോ..ഈ കിച്ചുട്ടായി ഉണ്ടല്ലോ…ദേവുവിനെ ഒറ്റക്ക് കിട്ടാൻ വേണ്ടിയാ താഴേക്ക് പോയത്” “എന്തിന്??” “ഓ എന്റെ ടീനൂച്ചി..ഇതൊക്കെ ഞാൻ പറഞ്ഞ് തരണോ…” മാക്സിമം നാണം മുഖത്ത് വാരിവിതറികൊണ്ട് ജെറി പറഞ്ഞതും ആൽബിയും ടീനയും ഒരുപോലെ കിച്ചനെ നോക്കി..അവൻ വെളുക്കെ ഒന്ന് ചിരിച്ചു.. “പൊന്നുമോനെ..ഇതാണ് നിന്റെ ഉദ്ദേശമെങ്കിൽ ദേവു ഇവിടെ നിന്നും പോകുന്നത് വരെ നിന്നെയീ വീടിനകത്ത് ഞാൻ കയറ്റില്ല” ആൽബി കട്ടായം പറഞ്ഞതും ജെറി തലയൊന്ന് ആട്ടികൊണ്ട് ആൽബിയെ നോക്കി. “എന്താടാ??” “അല്ല ഇച്ചായ പ്രേമിക്കുന്നവർ ഉമ്മ വെക്കുന്നത് തെറ്റാണോ??” പെട്ടെന്നുള്ള ജെറിയുടെ ചോദ്യത്തിൽ അമ്മു ഞെട്ടിത്തരിച്ച് പോയി..അവൾ ദയനീയമായി ജെറിയെ നോക്കി. “ഞങ്ങൾ ഉമ്മയൊന്നും വെച്ചില്ലടാ..ഇവളെ ഒന്ന് ചേർത്ത് പിടിച്ചതേ ഉള്ളു.ഈ ചെറുക്കൻ ചുമ്മാ അനാവശ്യം പറയുവാ” “എന്റെ കിച്ചുട്ടായി ഒന്നടങ്ങ്…

ഇച്ചായൻ പറ..ഉമ്മ വെക്കുന്നത് തെറ്റാണോ??” “തെറ്റാണെന്ന് പറഞ്ഞില്ലല്ലോ..” “ആഹ് അപ്പോൾ ഉമ്മ വെക്കുന്നത് തെറ്റല്ലെങ്കിൽ കെട്ടിപിടിക്കുന്നതും തെറ്റല്ല” “ഓ ആയിക്കോട്ടെ….” ആൽബി അലസമായി പറഞ്ഞതും ജെറി അർത്ഥം വെച്ചൊന്ന് മൂളി. “അല്ല ജെറി..ഇപ്പോൾ ഈ ഉമ്മ എവിടുന്ന് വന്നു??” “അതൊക്കെയുണ്ട് ചേച്ചി…” ജെറി ഒളികണ്ണാൽ അമ്മുവിനെ നോക്കിയതും വിഷയം മാറ്റിയെ പറ്റത്തോളെന്ന് അവൾക് മനസിലായി.. “നിന്നെയെന്തിനാ അമ്മച്ചി വിളിച്ചത്??” “അത് അമ്മു..എന്റെ ഫോൺ റിങ് ചെയുന്നത് കേട്ട് വിളിച്ചതാ” “ആരായിരുന്നു? ” “ദിയേച്ചി…” “ചേച്ചി അറിഞ്ഞോ??” “പിന്നെ അറിയാതെ..അമ്മ അമ്മാവനെ വിളിച്ച് പറഞ്ഞിരുന്നു.” “എന്നിട്ട് ചേച്ചി എന്ത് പറഞ്ഞു??”

“എങ്ങനെയാ സംഭവിച്ചതെന്നൊക്കെ ചോദിച്ചു..ഹർഷേട്ടൻ അവന്മാരുമായുള്ള ബന്ധം എല്ലാം ഉപേക്ഷിച്ചതും അവർ നമ്മളെ ഉപദ്രവിക്കാൻ നോക്കിയതും ഒക്കെ പറഞ്ഞു..ഹർഷേട്ടന് ഇനി എഴുനേൽക്കാൻ ഒന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട്‌ ചെയ്തു..പാവം..ഇപ്പോൾ അവിടിരുന്ന് കരയുവായിരിക്കും” “ഈ പ്രണയം ഒരു വല്ലാത്ത സംഭവം ആണല്ലേ…ദിയയെ പോലൊരു പെണ്ണിന് നല്ല ആൺപിള്ളേരെ കിട്ടാഞ്ഞിട്ടാണോ..എന്നിട്ട് ഇപ്പോഴും ഹർഷനെ ഓർത്ത് കരയുന്നു..ഇങ്ങനെയുമുണ്ടോ പ്രണയം…” ആരോടെന്നില്ലാതെ കിച്ചൻ പറഞ്ഞതും അമ്മുവും ടീനയും ആൽബിയും നിശബ്ദരായി..ആ മൂന്ന് മനസ്സുകളിലും അപ്പോൾ ജെറി മാത്രമായിരുന്നു..തന്റെ പെങ്ങളെ ഓർത്ത് അവൻ ഉരുകി ജീവിക്കുന്നത് അറിയാതെയാണ് കിച്ചൻ ദിയയുടെ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

അമ്മു ജെറിയെ നോക്കിയപ്പോൾ അവൻ നിശ്ചലമായി ഇരിക്കുന്നത് കണ്ടു.പെട്ടെന്ന് തന്നെ ആൽബി അവന്റെ ഇരുകൈകൾക്കുള്ളിൽ ജെറിയുടെ കൈ ചേർത്ത് വെച്ചു..ഒന്നുമില്ലെന്ന് ജെറി കണ്ണുചിമ്മി കാണിച്ചെങ്കിലും അവന്റെ കൺകോണിൽ ഉരുണ്ടുകൂടിയ നീർതുള്ളി ആൽബി കണ്ടിരുന്നു.. “അപ്പോൾ ഞങ്ങൾ പോകുവാ..ഉറക്കം വരുന്നു” ആ നിശബ്ദതയിൽ ആർക്കും സംശയം തോന്നാതിരിക്കാനാണ് അമ്മു അങ്ങനെ പറഞ്ഞത്..അത് കേൾക്കാൻ കാത്തിരുന്നത് പോലെ ജെറിയും മുറിയിലേക്ക് പോകാനായി എഴുന്നേറ്റു. “നീ ഇന്ന് എന്റെ കൂടെ കിടന്നാൽ മതി ജെറി” “എന്തിന്?? ഇച്ചായന്റെ കൂടെ ഇന്ന് കിച്ചുട്ടായി ഇല്ലേ” “പറയുന്നത് കേട്ടാൽ മതി..നമുക്ക് മൂന്ന് പേർക്കും ഒരുമിച്ച് കിടക്കാം” ജെറിയെ ഒറ്റക്ക് വിട്ടാൽ അവനിന്ന് ഉറങ്ങാതെ ചിക്കുവിനെ ഓർത്ത് കിടക്കുമെന്ന് ആൽബിക്ക് ഉറപ്പാണ്..

അവനോട് തർക്കിക്കാൻ പറ്റാത്തത് കൊണ്ട് ജെറി ആൽബിയുടെ മുറിയിലേക്ക് പോയി..കൂടെ കിച്ചനും. “ടീനു ചേച്ചി ഇനി വീട്ടിലേക്ക് പോകണ്ട..ഞങ്ങളുടെ കൂടെ കിടക്കാം” “ഓ ശെരി..ഞാൻ വന്നോളാം അമ്മു..നിങ്ങൾ പൊയ്ക്കോ..” അവരും പോയതോടെ ആൽബിയും ടീനയും മാത്രമായി. “ജെറിയുടെ കാര്യം അമ്മുവിന് അറിയാമോ??” “അറിയാം…” “അപ്പോൾ എന്നോട് മാത്രമേ മറച്ച് വെക്കുള്ളു അല്ലേ??” “അവളോട് ഞാൻ അല്ല..ജെറി തന്നെയാ പറഞ്ഞത്” ടീനയെ ഒന്ന് കടുപ്പിച്ച് നോക്കികൊണ്ട് ആൽബി പറഞ്ഞതും അവൾ നാക്ക് കടിച്ചുകൊണ്ട് അവനെയൊന്ന് നോക്കി.. “കുശുമ്പത്തി” അവളുടെ മൂക്കിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞതും അവൾ ആ കൈ തട്ടി മാറ്റിക്കൊണ്ട് അമ്മുവിന്റെ മുറിയിലേക്ക് ഓടി.. ദേവുവിന്റെയും അമ്മുവിന്റെയും കൂടെ കിടക്കുമ്പോൾ ആണ് ടീന ചോദിക്കുന്നത്:

“അല്ല ദേവു..നേരത്തെ നിങ്ങൾ കെട്ടിപിടിച്ചതേ ഉള്ളോ..അതോ ശ്വാസം കൊടുത്തോ??” “അയ്യേ ഈ ചേച്ചി എന്താ ചോദിക്കുന്നത്??” “എന്താടി പെണ്ണേ..ഇതൊന്നും ലോകത്ത് നടക്കാത്തത് ആണോ??” “ആവോ എനിക്ക് അറിയില്ല..” “അതെന്താ കിച്ചു റൊമാന്റിക് അല്ലേ??” “റൊമാന്റിക് ഒക്കെ ആണ്..പക്ഷെ പ്രാക്ടിക്കൽ ഒന്നും അങ്ങേർക്ക് അറിയില്ലെന്ന് തോന്നുന്നു…” “എടി കള്ളി..അപ്പോൾ നിനക്ക് താല്പര്യം ഉണ്ടല്ലേ???” അമ്മു അവളുടെ കൈയിൽ നുള്ളികൊണ്ട് ചോദിച്ചതും ടീന ചിരിയടക്കാൻ പാടുപെടുവായിരുന്നു… “ഞാൻ ഹൈലെവൽ പ്രാക്ടിക്കൽ അല്ല ഉദ്ദേശിച്ചത്…ജസ്റ്റ്‌ ഒരു ഉമ്മ എങ്കിലും…എവിടുന്ന്..അങ്ങേര് വെറും അൺറൊമാന്റിക് മൂരാച്ചി” “ഡീ ഡീ…നീ എന്റെ ഏട്ടനെ കുറിച്ച് എന്തൊക്കെയോ പറയുന്നത്??”

“പ്രേമിക്കുന്നവർക്കേ അതിന്റെ വിഷമം മനസിലാകൂ മോളെ…” ദീര്ഘനിശ്വാസത്തോടെ ദേവു പറഞ്ഞതും അമ്മു പെട്ടെന്ന് ആൽബിയെ ഓർത്തു..അന്ന് അവൻ നൽകിയ ചുംബനത്തിന്റെ ചൂട് ചുണ്ടിൽ അനുഭവപ്പെടുന്നത് പോലെ തോന്നിയതും അവൾ തലവഴി പുതപ്പും മൂടി കിടന്നു. 💞💞💞💞💞💞💞💞 ദിവസങ്ങൾ അതിവേഗം പൊയ്ക്കൊണ്ടിരുന്നു..കിച്ചന്റെയും ദേവുവിന്റെയും കല്യാണം രണ്ടാഴ്ചക്കുള്ളിൽ നടത്താമെന്ന തീരുമാനത്തിൽ എത്തി.. “അമ്മൂ…എഴുന്നേൽക്ക്” രാവിലത്തെ തണുപ്പിൽ പുതച്ചുമൂടി കിടക്കുന്നവളെ ദേവു വിളിച്ചുണർത്തി..കണ്ണും തിരുമ്മി അമ്മു എഴുന്നേറ്റതും ദേവു അവളെ കെട്ടിപിടിച്ചു.. “Happy birthday അമ്മൂസേ…” “താങ്ക്യൂ ദേവൂട്ടി…” “നീ വേഗം വാ..നമുക്ക് അമ്പലത്തിൽ പോകണ്ടേ..” “ഇച്ചൻ എഴുന്നേറ്റിട്ട് പോകാം” “അതെന്തിനാ??”

“അത്….” “ഓ ഓ..ഇച്ചായന്റെ വിഷ് കിട്ടാൻ അല്ലേ…അതിന് നിന്റെ പിറന്നാൾ ആണെന്ന് ഇച്ചായന് അറിയുമോ??” “ഞാൻ രണ്ട് ദിവസം മുന്നേ ജെറിയോട് പറഞ്ഞിരുന്നു..അവൻ എന്തായാലും ഇച്ചനെ അറിയിക്കും” “ആഹാ എന്റെ മോള് കള്ളത്തരം ഒക്കെ പഠിച്ചല്ലോ..അല്ല അമ്മച്ചിക്ക് അറിയുമോ??” “ഇല്ല പെണ്ണേ..ആദ്യം ഇച്ചൻ ഉണരട്ടെ..” അമ്മുവും ദേവുവും മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ ജെറിയും താഴേക്ക് വന്നു.എന്നാൽ അവൻ അവളോട് ചായ ചോദിച്ചതല്ലാതെ പിറന്നാളിനെ കുറിച്ച് ഒന്നും പറഞ്ഞില്ല…അവൾ ചായ കൊണ്ട് കൊടുത്തപ്പോൾ അവൻ അന്താരാഷ്ട്ര കാര്യങ്ങൾ പറയാൻ തുടങ്ങി.ചായ കുടിച്ച് കഴിഞ്ഞ് കപ്പ്‌ കൊടുക്കാൻ നേരമാണ് അമ്മു മുഖം വീർപ്പിച്ച് നിൽക്കുന്നത് ജെറി ശ്രദ്ധിച്ചത്. “നിനക്ക് ഇതെന്ത് പറ്റി??” “ഒന്നുമില്ല..”

അവൾ കലിപ്പിച്ചു പോകുന്നതും നോക്കി ഒന്നും മനസിലാകത്തത് പോലെ ഇരിക്കുന്ന ജെറിയുടെ അടുത്തേക്ക് ദേവു വന്നു. “ഇന്നത്തെ ദിവസത്തെ പ്രത്യേകത നിനക്ക് അറിയില്ലേ??” “ഇല്ലടി..ഇന്നെന്താ?” “എടാ പൊട്ടാ ഇന്ന് അമ്മുന്റെ പിറന്നാൾ ആണ്” അബദ്ധം പറ്റിയത് പോലെ അവൻ തലയ്ക്കു കൈകൊടുത്ത് ചാരുപടിയിൽ ഇരുന്നു.. “അപ്പോൾ ഇച്ചായനോട് നീ പറഞ്ഞില്ലേ??” “ഇല്ല ദേവു..ഞാൻ ഇന്നലെ പറയാനിരുന്നതാ…പക്ഷെ മറന്ന് പോയി..” “ദേവു നീ വന്ന് റെഡി ആക്..നമുക്ക് അമ്പലത്തിൽ പോകണ്ടേ” പരിഭവവും ദേഷ്യവും കലർന്ന അമ്മുവിന്റെ സംസാരം കേട്ട് ജെറി അവളുടെ അടുത്തേക്ക് ചെന്നു. “അമ്മൂസേ…Happy Birthday…” “മ്മ്മ്…” “എടി ഞാൻ മറന്ന് പോയി..സോറി..” “ആയിക്കോട്ടെ…” “നീ പിണങ്ങല്ലേ…നിക്ക് അമ്പലത്തിലേക്ക് ഞാനും വരാം..തിരിച്ച് വരുമ്പോഴേക്കും ഇച്ചായൻ എഴുന്നേൽക്കും..അന്നേരം ഞാൻ ബര്ത്ഡേ കാര്യം പറയാം”

“വേണ്ട ആരോടും ഒന്നും പറയണ്ട.ഞങ്ങൾ പൊയ്ക്കോളാം” “നിങ്ങളെ ഒറ്റക്ക് എങ്ങും വിടരുതെന്ന് ഇച്ചായൻ പറഞ്ഞിട്ടുണ്ട്.” അവസാനം അവർ മൂന്ന് പേരും അമ്പലത്തിൽ പോയി..തിരിച്ച് വരുന്നതിനിടയ്ക്ക് തന്നെ അമ്മുവിന്റെ പിണക്കം ജെറി മാറ്റിയിരുന്നു..വീട്ടിൽ എത്തിയ ഉടൻ തന്നെ ആൽബിയോട് പറയാമെന്നു കരുതി അവർ വന്നപ്പോഴേക്കും ആൽബി റെഡി ആയി നിൽക്കുന്നത് ആണ് കണ്ടത്. “ഇച്ചായൻ എവിടെ പോകുവാ??” “ഓഫീസിലേക്ക്..” “ഓഫീസിലോ?? എന്തിന്?? ” “ഇന്ന് ഒരു പ്രസന്റേഷൻ ഉണ്ട്..ഞാൻ തന്നെ വരണമെന്ന് ടീനു പറഞ്ഞു..” അപ്പോഴേക്കും ടീന കാറുമായി എത്തിയിരുന്നു.അവൻ പോകാനായി ഇറങ്ങിയപ്പോൾ ജെറിയും പിറകെ ചെന്നു. “ഇച്ചായ എനിക്കൊരു കാര്യം പറയാനുണ്ട്..” “വന്നിട്ട് പറയാം ജെറി.” തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ ടീനയുടെ കൂടെ പോകുന്നതും നോക്കി സങ്കടത്തോടെ അമ്മു നിന്നു…

പിന്നീട് അമ്മുവിന്റെ പിറന്നാൾ ആണെന്ന് ജെറിയിൽ നിന്നും അറിഞ്ഞ കത്രീനാമ്മ അവൾക്കായി ഒരു സദ്യ തന്നെ ഒരുക്കി.പക്ഷെ അമ്മുവിന് ഒരു സന്തോഷവും ഇല്ലായിരുന്നു.എങ്കിലും അമ്മച്ചിക്ക് വേണ്ടി അവൾ സദ്യ കഴിച്ചു..തിരികെ റൂമിൽ വന്ന് കിടക്കുമ്പോൾ എന്തിനോ അവളുടെ കണ്ണ് നിറഞ്ഞൊഴുകി..ഇടയ്ക്ക് പുറത്തേക്ക് ഇറങ്ങിയ ദേവുവും പിന്നെ അവളുടെ കൂടെ വന്ന് കിടന്നു… കുറേ സമയം കഴിഞ്ഞപ്പോൾ ആണ് ജെറി വാതിലിൽ മുട്ടി വിളിച്ചത്..ദേവു ചെന്നു വാതിൽ തുറന്നപ്പോൾ അവൻ അകത്തേക്ക് കയറി അമ്മുവിനെ വിളിച്ചു..പക്ഷെ അവൾ എഴുന്നേൽക്കാതെ കിടന്നു. “ഹാ ഒന്ന് വാ അമ്മു..നിനക്കൊരു സർപ്രൈസ് ഉണ്ട്”

“സർപ്രൈസോ?? എന്ത് സർപ്രൈസ്??” “അതൊക്ക പറയാം..നീ വന്നേ..” അവൻ അവളെ പിടിച്ച് മുറിക്ക് പുറത്തേക്ക് ഇറങ്ങി.അപ്പോഴാണ് ആ ഹാൾ മുഴുവൻ ഡെക്കറേറ്റ് ചെയ്തേക്കുന്നത് അമ്മു ശ്രദ്ധിച്ചത്…ബലൂൺ വീർപ്പിച്ചുകൊണ്ട് നിൽക്കുന്ന കിച്ചനെയും ടീനയെയും കണ്ട് അവൾ കണ്ണുമിഴിച്ച് ചുറ്റും നോക്കി.അപ്പോഴാണ് ഒരു വലിയ കേക്കും പിടിച്ച് കയറി വരുന്ന ആൽബിയെ അവൾ കണ്ടത്……… (തുടരും )

ആത്മിക:  ഭാഗം 27

Share this story