അഭിലാഷ: ഭാഗം 9

അഭിലാഷ: ഭാഗം 9

എഴുത്തുകാരി: ഭദ്ര ആലില

അവളെ ചേർത്ത് പിടിച്ചു കുറേ കരഞ്ഞു…. നിറുകയിൽ ചുണ്ട് അമർത്തി…. നെഞ്ചിൽ മകളുടെ കണ്ണുനീർ വീണപ്പോൾ പൊള്ളുന്നത് പോലെ തോന്നി രാമചന്ദ്രന്…മകളെയും നെഞ്ചോട് ചേർത്തു പടിക്കൽ തന്നെ ഇരുന്നു..കഥകൾ പറഞ്ഞും കരഞ്ഞും രാത്രി ഇഴഞ്ഞു നീങ്ങി…. ഇരുട്ട് വെളിച്ചതിനു വഴി മാറി….അപ്പോഴും നിശ അച്ഛന്റെ നെഞ്ചോട് ഒട്ടി കിടന്നു ഉറക്കത്തിൽ ആയിരുന്നു. “”എന്താ മനുഷ്യാ നോക്കുന്നത്…. പുന്നാര മോള് ഭ്രാന്ത്‌ പറയുന്നതും കേട്ട് ചോദിക്കാൻ വന്നത് ആണോ..?”” മുന്നിൽ നിൽക്കുന്ന രാമചന്ദ്രന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഗംഗ…. എല്ലാമറിഞ്ഞതിന്റെ എന്തെങ്കിലും വ്യത്യാസം കാണാൻ ഉണ്ടോ … പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നുമില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളാലെ സന്തോഷിച്ചു .. “”പറ…. മോൾടെ ഭ്രാന്ത്‌ എന്തൊക്കെയായിരുന്നു… കേൾക്കട്ടെ..”” കയ്യിൽ താടയൂന്നി കാതോർത്തിരുന്നു. “”എന്ത് … ചുമ്മാ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു…

ഞാൻ അതെല്ലാം മൂളി കേട്ടു . .. വയ്യാത്ത കുട്ടി അല്ലെ… മനസ് വേദനിപ്പിക്കണ്ടാന്ന് തോന്നി… കുറെ നാൾ ഞാൻ തിരിഞ്ഞു പോലും നോക്കിട്ടില്ലല്ലോ .. കുറച്ചു ആശ്വാസം കിട്ടുന്നെ കിട്ടിക്കോട്ടേന്ന് കരുതി “” ഗംഗയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു…. അപ്പോൾ മകള് പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ല …. ഭാഗ്യം ..! “”രാമേട്ടൻ കുളിച്ചു വായോ .. ഞാൻ കാപ്പി എടുത്തു വക്കാം “” സന്തോഷത്തോടെ അടുക്കളയിലേക്ക് നടന്നു. എല്ലാം കേട്ട് ഭിത്തിയിൽ ചാരി നിന്ന് കരയുന്ന നിശയെ പുച്ഛത്തോടെ നോക്കി..കയ്യിൽ പിടിച്ചു വലിച്ചു അടുക്കളയിലേക്ക് കൊണ്ടു പോയി. “”മറഞ്ഞു നിന്ന് കേൾക്കുവായിരുന്നല്ലേ ..ഇപ്പൊ ന്തായി…. കേട്ടല്ലോ… നിന്റെ തന്ത പറഞ്ഞത്. നീ പറഞ്ഞത് എല്ലാം വെറുതെ കേട്ട് അപ്പുറത്തെ ചെവിയിലൂടെ കളഞ്ഞെന്ന് …അയാൾക്കേ ഇപ്പോഴും ഈ ഗംഗയേയാ വിശ്വാസം..

മനസിലായോ നിനക്ക്..”” നിശബ്ദമായി കരഞ്ഞു നിശ…. അച്ഛൻ ഒന്നും വിശ്വസിച്ചില്ലന്ന് അറിഞ്ഞപ്പോൾ നെഞ്ച് നീറി . ഈ ജന്മം ആരും നിന്നെ വിശ്വസിക്കില്ല നിശാ… നിനക്ക് ആരുമില്ല…. ആരും… എന്തിനാ ഇങ്ങനെ ഒരു ജന്മം… കൽമുട്ടിലേക് തലയൂന്നി കിടന്നു ശബ്ദമില്ലാതെ കരഞ്ഞു .. “”നിശാ””” അഭി … അഭിയുടെ വിളി പോലെ തോന്നി… ആരോ ഉണ്ടെന്ന തോന്നൽ… എല്ലാം… എല്ലാം പറയാൻ… മനസിലാക്കാൻ… കൂടെ നിൽക്കാൻ ഞാനില്ലേ എന്ന് ചോദിക്കുന്നു… പിടഞ്ഞെഴുന്നേറ് ഓടുമ്പോൾ ചെയ്യുന്നത് എന്താണെന്ന ബോധം പോലും ഇല്ലായിരുന്നു.. കരഞ്ഞു കൊണ്ടു അഭിയുടെ നെഞ്ചിലേക് വീണു… ചേർത്തു പിടിച്ച കൈകളെ മുറുകെ പിടിച്ചു.. “”എന്താടോ…. എന്ത് പറ്റി…?? നിശാ… ഹേയ്…”” അവളുടെ കവിളിൽ മെല്ലെ തട്ടി വിളിച്ചു അഭി… എങ്ങി കരയുന്ന അവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു..കണ്ണീരു വീണു അവന്റെ ഷർട്ട് നനഞു….

അതവന്റെ നെഞ്ച് പൊള്ളിച്ചു… നോവുന്നു നിശാ … നിന്റെ കണ്ണുനീർ എന്നെയും പൊള്ളിക്കുന്നു…. ഹൃദയത്തെ കുത്തി മുറിവേൽപ്പിക്കുന്നു .. “”സാരല്ല്യട്ടോ….”” അത്രമേൽ ആർദ്രമായി പറഞ്ഞു … കരച്ചിൽ അടങ്ങും വരെ അങ്ങനെ തന്നെ നിന്നു… “”അച്ഛൻ … അച്ഛൻ ഞാൻ പറഞ്ഞത് ഒന്നും വിശ്വസിച്ചില്ല …. ക്ക്… ക്ക് ഭ്രാന്ത്……. ആ…ന്നാ…..”” കരച്ചിലിൽ മുങ്ങി പോയ വാക്കുകൾ…. “”സാരല്യ …. അമ്മാവനോട് ഞാൻ സംസാരിക്കാം..”” വേണ്ടാന്ന് അവന്റെ നെഞ്ചിൽ തലയിരുട്ടി കരഞ്ഞു… “”ഇനി… ഇനി ആര് പറഞ്ഞാലും അച്ഛൻ വിശ്വാക്കില്ല…. “” “”ഞാൻ ഒന്ന് പറഞ്ഞു നോക്കട്ടെ…”” തല ഉയർത്തി അവനെ നോക്കി…. ഏറ സ്നേഹം നിറഞ്ഞ അവന്റെ കണ്ണുകൾ അവനിലേക് വലിച്ചു അടുപ്പിക്കും പോലെ … ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് താനെന്നു തോന്നി നിശക്ക്… “”എന്താ അവിടെ ..?”” ദേവൂട്ടിയുടെ ശബ്ദം…. ദേവൂട്ടി…… അഭിയുടെ തോളിലേക് ചാഞ്ഞു കിടന്നു എന്നെ ഇഷ്ടല്ലേന്ന് ചോദിക്കുന്ന ദേവൂട്ടി….

ദേവൂട്ടിയേ ചേർത്ത് പിടിച്ചു നിന്നെ എനിക്കിഷ്ടാടി എന്ന് പറയുന്ന അഭി….കണ്മുന്നിൽ അവരിരുവരും നിന്ന് ചിരിക്കുന്നു… ആ നെഞ്ചിൽ നിന്ന് അടർന്നു മാറി നിന്നു….അഭി ദേവൂന്റെയാ…. ദേവൂന്റെ മാത്രം …ഒന്നും മോഹിച്ചു കൂടാ…. ആരുമില്ലാത്തവൾ…. ഭ്രാന്തി….. ലോകം കാണാത്ത പെണ്ണ്….. “”എന്താ നിശേച്ചി ..??”” ദേവൂന്റെ കയ്യിൽ പിടിച്ചു വിലക്കി അഭി…. വേണ്ടന്ന് തലയാട്ടി…. “”രണ്ടു പേരും പോയി കുളിച്ചു എന്തേലുമൊക്കെ കഴിച്ചിട്ട് വാ…”” ഇരുവരെയും നിർബന്ധിച്ചു അകത്തേക്കു പറഞ്ഞു വിട്ടു. കണ്ണുകൊണ്ടു എന്താണെന്നു തിരക്കുന്ന ദേവുവിനെ നോക്കി ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു… “”അച്ഛനും വേണ്ടാതായി ന്നേ….. ക്ക്… ഭ്രാന്ത്‌ ആന്നാ അച്ഛനും ….!””” അവരുടെ മൗനഭാഷണങ്ങൾ മനസിലാക്കിഎന്നോണം നിശ ദേവൂന്നോട് പറഞ്ഞു.പക്ഷേ ഇത്തവണ കരച്ചിലിന്റെ അകമ്പടി ഉണ്ടായിരുന്നില്ല അവളുടെ വാക്കുകൾക്ക്….

എന്തോ തീരുമാനിച്ചുറച്ച പോലെ ദൃഡമായ വാക്കുകൾ. “”വാ … കുളിച്ചു വരം….ന്നിട്ട് ന്റെ ദേവൂട്ടിയുടെ ഒപ്പംയിരുന്നു ഭക്ഷണം കഴിക്കണം ക്ക്..”” സന്തോഷത്തോടെ അവളുടെ കവിളിൽ തലോടി …ഉള്ളിൽ കരഞ്ഞു കൊണ്ടു ചിരിച്ചു… “””എന്നിട്ട് നമുക്കൊന്ന് പുറത്തു പോവാം….നിശേച്ചി…. അഭിച്ചൻ എന്തൊക്കെയോ വാങ്ങണംന്ന് പറയുന്നുണ്ടായിരുന്നു… ചേച്ചിക് ഈ നാടും നട്ടാരേം ഒക്കെ കാണെo ചെയ്യാം .”” “””പോവാം…. പോണം …എല്ലാവരെയും കാണണം..”” അകലേക്ക്‌ നോക്കി പറഞ്ഞു… “”മോളാദ്യം കുളിക്ക് . .. ചേച്ചിക്ക് സമയം എടുക്കും…”” ഒറ്റക്ക് ആയപ്പോൾ ചിന്തകളുടെ ഭാരം തളർത്തുന്ന പോലെ തോന്നി … നിശ കണ്ണടച്ച് കട്ടിലിലേക് വീണു…. തണുത്ത വെള്ളതുള്ളികൾ മുഖത്തു വീണപ്പോൾ കണ്ണ് തുറന്നു … കള്ളി…. വെള്ളം ഒഴിക്കുന്നോ….? കുറുമ്പോടെ ചിരിച്ചു നിൽക്കുന്ന ദേവുവിനെ വലിച്ചു കട്ടിലിലേക് ഇട്ടു.വയറ്റിൽ ഇക്കിളിയാക്കി… ഇളകി ചിരിക്കുന്ന ദേവുവിന്റെ ഒച്ച കേട്ട് അഭി ഓടി വന്നു… “”രണ്ടും കൂടി എന്താ ഇവിടെ ചെയ്യണേ..??””

അഭിയുടെ ശബ്ദം കേട്ട് ചാടി എഴുന്നേറ്റു …. സ്ഥാനം തെറ്റിയ വസ്ത്രം നേരെയിട്ടു…. അഴിഞ്ഞു വീണ നിശയുടെ മുടികളിൽ ആയിരുന്നു അഭിയുടെ നോട്ടം…. മുഖത്തേക് വീണ ചെമ്പൻ മുടി കണ്ണുകൾക്ക് മേലെ നിന്ന് കൈ എത്തിച്ചു ചെവിക്കു പിന്നിലേക്ക് ഒതുക്കി വച്ചു കൊടുത്തു…നിശ പിടച്ചിലോടെ ദേവുവിനെ നോക്കി… അവൾ ഞാൻ ഒന്നും കണ്ടില്ലേ .. എന്ന മട്ടിൽ വെറുതെ തറയിലേക് നോക്കി നിന്നു… “”ഹ്മ്മ്… ഹ്മ്മ്… കുളിച്ചു വാ രണ്ടും .. എനിക്ക് വിശക്കുന്നുണ്ട്..”” ചമ്മൽ മറച്ചു ഗൗരവത്തിൽ പറഞ്ഞു.. “”നിശേച്ചിയാ കുളിക്കാതെ… ഞാൻ കുളിച്ചു എപ്പോഴേ റെഡിയാ… എനിക്ക് അറിയാം മണി ഏട്ടായാൽ പിന്നെ അഭിച്ചന് ഗ്യാസ് കേറുന്നു…”” “”ആണോ…. എന്നാ പോയി വല്ലതും എടുത്തു വക്കോ തമ്പുരാട്ടി…?? “” ചുണ്ട് കോട്ടി കടന്നു പോകുന്ന അവളെ നോക്കി ചിരിയോടെ നിന്നു .. “” എന്റെ എല്ലാ ശീലങ്ങളും മനപാഠമാ അവൾക്.. “” “”വേണം… അങ്ങനെയാ…. നമുക്ക് ഇഷ്ടോള്ളവരുടെ കാര്യങ്ങൾ എല്ലാം നമ്മൾ ഓർത്തിരിക്കും..”” “”അപ്പോൾ താനോ..?””

ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അവൾ ബാത്‌റൂമിലേക്ക് കയറി… പാതി അടഞ്ഞ വാതിലിനു പിന്നിൽ നിന്ന് അവനെ വേദനയോടെ നോക്കി.. വെറുതെ ഓരോന്ന് മോഹിച്ചു പോവാ ഞാൻ … മനസ് കൈ വിട്ടു പോണേനു മുൻപ് ന്റെ അടുത്തുന്നു പോവോ…. കണ്ണുകൾ അവന്റെ കണ്ണുകളുമായി ഉടക്കിയപ്പോൾ ഉള്ളിലേക്കു വലിഞ്ഞു വാതിൽ ചേർത്തടച്ചു…. വേണ്ട …. ഒന്നും മോഹിച്ചു കൂടാ…. മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു…. തന്നെ തന്നെ നോക്കുന്ന രണ്ടു കണ്ണുകൾ…. ആ കണ്ണുകൾ മാത്രമായിരുന്നു അവന്റെ ഉള്ളിൽ… .”” നിശ….. എന്നിലും ഭ്രാന്ത്‌ പൂക്കുന്നു…… ചുവന്നു തുടുത്ത അതിന്റെ പൂക്കൾക് എന്നെ ഉന്മത്തനാക്കാൻ കഴിയും…. പൊഴിഞ്ഞു വീണ ഇതളുകൾക്ക് എന്നെ പൊള്ളിക്കാനും… അത്രമേൽ മോഹമായി നീ എന്നിൽ വേരാഴ്ത്തുന്നു…. “” വെറുതെ അവൾക്കായി കൊടുത്ത ഡയറിയുടെ അവസാന പേജിൽ കുറിച്ച് വച്ചു… പുറത്തിറങ്ങുമ്പോൾ ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുണ്ടായിരുന്നു … ഉള്ളിൽ ഒരായിരം വീണകൾ പാടും പോലെ…….  (തുടരും )

അഭിലാഷ: ഭാഗം 8

Share this story