ആത്മിക : ഭാഗം 29

ആത്മിക : ഭാഗം 29

എഴുത്തുകാരി: ശിവ നന്ദ

“സർപ്രൈസോ?? എന്ത് സർപ്രൈസ്??” “അതൊക്ക പറയാം..നീ വന്നേ..” അവൻ അവളെ പിടിച്ച് മുറിക്ക് പുറത്തേക്ക് ഇറങ്ങി.അപ്പോഴാണ് ആ ഹാൾ മുഴുവൻ ഡെക്കറേറ്റ് ചെയ്തേക്കുന്നത് അമ്മു ശ്രദ്ധിച്ചത്…ബലൂൺ വീർപ്പിച്ചുകൊണ്ട് നിൽക്കുന്ന കിച്ചനെയും ടീനയെയും കണ്ട് അവൾ കണ്ണുമിഴിച്ച് ചുറ്റും നോക്കി.അപ്പോഴാണ് ഒരു വലിയ കേക്കും പിടിച്ച് കയറി വരുന്ന ആൽബിയെ അവൾ കണ്ടത്…. ഒന്നും മനസിലാകാതെ നിൽക്കുന്ന അമ്മുവിനെ ജെറി പിടിച്ച് ടേബിളിന്റെ മുന്നിൽ കൊണ്ട് നിർത്തി. കേക്ക് ടേബിളിൽ വെച്ചിട്ട് ആൽബി അമ്മുവിനെ നോക്കി കണ്ണുചിമ്മി കാണിച്ചു.. “നീ അപ്പോൾ എന്നെ പറ്റിച്ചത് ആണല്ലേ??” അവൾ ജെറിയോട് ചുണ്ടുകൂർപ്പിച്ച് ചോദിച്ചതും അവൻ അതേ ഭാവത്തോടെ ആൽബിയെ നോക്കി. “എന്റെ പൊന്ന് അമ്മു ഇതൊന്നും ഞാൻ അറിഞ്ഞ കാര്യങ്ങൾ അല്ല..സത്യമായിട്ടും ഇന്ന് രാവിലെ ദേവു പറഞ്ഞപ്പോൾ ആണ് നിന്റെ ബർത്ഡേ ആണെന്ന് ഞാൻ ഓർക്കുന്നത്..”

അമ്മു സംശയത്തോടെ ആൽബിയെ നോക്കി..അവൻ അപ്പോഴും കൈകെട്ടി അവളെയും നോക്കി ചിരിച്ചുകൊണ്ട് നില്പുണ്ട്..അതോടെ അമ്മുവിന്റെ നോട്ടം ദേവുവിലേക്ക് ആയി. “എന്നെ സംശയിക്കല്ലേ മോളെ..കുറച്ച് മുന്നേ ഇവിടെ എന്തൊക്കെയോ തട്ടലും മുട്ടലും കേട്ട് വന്നു നോക്കിയപ്പോൾ ആണ് കിച്ചേട്ടനെയും ടീനു ചേച്ചിയെയും കാണുന്നത്. ജെറി കിളിപോയി ഇവിടെ നില്പുണ്ടായിരുന്നു..നിന്നെ അറിയിക്കരുതെന്നും വിളിക്കുമ്പോൾ മാത്രമേ നിന്നേ മുറിയിൽ നിന്നും ഇറക്കാൻ പാടുള്ളു എന്നും കിച്ചേട്ടൻ പറഞ്ഞത് കൊണ്ടാ…” “നീ ഇങ്ങനെ കൺഫ്യൂസ്ഡ് ആകേണ്ട അമ്മു..ഇതെല്ലാം നിന്റെ ഇച്ചന്റെ പണി ആണ്..ഇന്നലെ രാത്രിയിൽ തന്നെ ഇവൻ എന്നെ വിളിച്ച് പറഞ്ഞിരുന്നു..” ടീന അത് പറയുമ്പോഴേക്കും ആൽബി അവളുടെ കൈയിലേക്ക് ഒരു ഗിഫ്റ്റ് ബോക്സ്‌ വെച്ച് കൊടുത്തിരുന്നു…

അതിന്റെ പുറത്ത് “ഇച്ചന്റെ അമ്മൂട്ടിക്ക്” എന്ന് എഴുതിയിരിക്കുന്നത് കണ്ട് അവളുടെ കണ്ണ് നിറഞ്ഞു.. “അതേ..ഇപ്പോഴേ കരയണ്ട..ഇനിയും ഉണ്ട് സർപ്രൈസ്..ആദ്യം ആ ഗിഫ്റ്റ് ഇഷ്ടപ്പെട്ടോന്ന് നോക്ക്” ആൽബി പറഞ്ഞതും അവൾ ആ ബോക്സ്‌ തുറന്നു..അതിനുള്ളിൽ ഓടക്കുഴലൂതി പുഞ്ചിരിതൂകി നിൽക്കുന്ന അവളുടെ കള്ളക്കണ്ണന്റെ ശില്പം കണ്ട് അവൾ സന്തോഷത്തോടെ അത് എടുത്ത് നെഞ്ചോട് ചേർത്തു.. “ഇച്ചാ…..” “അയ്യേ ഇങ്ങനെ കരയാതെ പെണ്ണേ…വന്നേ ഇനിയീ കേക്ക് കട്ട്‌ ചെയ്യ്” “അതിന് മുൻപ് എനിക്ക് അറിയണം ഇച്ചൻ എങ്ങനെയാ എന്റെ പിറന്നാൾ അറിഞ്ഞത്?” “നിന്റെ സ്കൂൾ സർട്ടിഫിക്കറ്റ്സ് എല്ലാം കിച്ചു എന്റെ കൈയിൽ അല്ലേ തന്നത്.അതിലുണ്ടല്ലോ ഡേറ്റ് ഓഫ് ബർത്ത്” കുസൃതി ചിരിയാലെ അവൻ പറഞ്ഞതും എല്ലാവരിലും ആ ചിരി നിറഞ്ഞു.

“അതേ ഇനിയെങ്കിലും കേക്ക് കട്ട്‌ ചെയ്യുവോ??” ജെറി അക്ഷമനായതും ആൽബി തന്നെ അമ്മുവിന്റെ കൈപിടിച്ച് കേക്ക് കട്ട്‌ ചെയ്തു..ആദ്യം കത്രീനാമ്മയ്ക്കും പിന്നീട് ദേവുവിനും ടീനുനും അവൾ കേക്ക് വായിൽ വെച്ച് കൊടുത്തു.കിച്ചനും ജെറിയും ഒരുപോലെ കേക്ക് അവളെകൊണ്ട് തീറ്റിപ്പിക്കാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു.എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ ആണ് ഒരു പീസ് കേക്കുമായി അവൾ ആൽബിയുടെ അടുത്ത് എത്തുന്നത്..അവൻ ചിരിച്ചുകൊണ്ട് മുഖം കുനിച്ച് കൊടുത്തു..പകുതി കേക്ക് കടിച്ചെടുത്തിട്ട് ബാക്കി പകുതി അവൻ അവൾക്ക് നൽകി..അപ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞൊഴുകി.. “മ്മ്മ് എന്തേ..സങ്കടം വന്നോ എന്റെ അമ്മുന്??” “അല്ല..ആദ്യായിട്ടാ ഇങ്ങനൊക്കെ..ഇതിനും മാത്രം എന്ത് പുണ്യമാ ഞാൻ ചെയ്ത??” “നീ തന്നെ ഒരു പുണ്യമാണ്..ഞങ്ങൾക്ക് കിട്ടിയ മാലാഖ..ഇനിയെന്റെ തൊട്ടാവാടി ഒന്ന് കണ്ണടച്ചേ…” “എന്തിനാ ഇച്ചാ??” “അടയ്ക്കടി പെണ്ണേ…”

അവൾ കണ്ണടച്ചതും ആൽബി ടീനയെ നോക്കി കണ്ണ് കാണിച്ചു..അവൾ അപ്പോൾ തന്നെ അവന്റെ മുറിയിലേക്ക് പോയി..പെട്ടെന്ന് തന്നെ ഒരു ഫയലുമായി തിരികെ വന്നു.ആൽബി ആ ഫയൽ അമ്മുവിന്റെ കൈയിൽ വെച്ച് കൊടുത്തു. “ഇനി കണ്ണ് തുറന്നോ..” അമ്മു കണ്ണ് തുറന്ന് ആ ഫയലിലേക്കും ആൽബിയുടെ മുഖത്തേക്കും മാറി മാറി നോക്കി..അമ്മച്ചിയും ദേവുവും ജെറിയും കിച്ചനും ഒക്കെ കാര്യം മനസിലാകാതെ നില്പുണ്ട്.. ആ ഫയൽ തുറന്ന് അതിലെ പേപ്പർസ് നോക്കിയ അമ്മു എന്ത് പറയണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥയിൽ ആയി പോയി..അവൾ നിറഞ്ഞമിഴിയാലെ ആൽബിയെ തന്നെ നോക്കിനിന്നു.. “അതെന്താ അമ്മു??” “എനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതിന്റെ പേപ്പർ ആണ് കിച്ചേട്ടാ..” ആൽബിയിൽ നിന്നും കണ്ണെടുക്കാതെയാണ് അമ്മു മറുപടി പറഞ്ഞത്..അത് കേട്ടതും ദേവു ഓടിവന്ന് അവളെ കെട്ടിപിടിച്ചു..

ജെറി ആ പേപ്പർ വാങ്ങി തിരിച്ചും മറിച്ചും ഒക്കെ നോക്കാൻ തുടങ്ങി.കിച്ചനും അമ്മച്ചിയ്ക്കും ഒക്കെ സന്തോഷം ആയി. “അഡ്മിഷന്റെ കാര്യത്തിന് വേണ്ടിയാ ഞാനും ടീനുവും രാവിലെ പോയത്.അതെല്ലാം റെഡി ആക്കിയിട്ടാണ് കിച്ചുനെ വിളിച്ച് പിറന്നാൾ ആഘോഷത്തെ കുറിച്ച് പറഞ്ഞത്..ടീനുവിനെയും ഇവിടെ ആക്കിയിട്ടാണ് ഞാൻ കേക്ക് വാങ്ങാൻ പോയത്..എല്ലാം നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി..അതിലുപരി നിന്റെ സന്തോഷം കാണാൻ വേണ്ടി..” എല്ലാം കേട്ടതും തൊഴുതുകൊണ്ട് അമ്മു ആൽബിയുടെ കാലിലേക്ക് വീണു..ഒരു നിമിഷം ഞെട്ടിയ ആൽബി പെട്ടെന്ന് തന്നെ അവളെ പിടിച്ചെഴുന്നേല്പിച്ചു. “എന്താ അമ്മു ഇത്…??” “ഞാൻ എങ്ങനെയാ ഇതിനൊക്കെ നന്ദി പറയേണ്ടത്??” വീണ്ടും കരയാൻ തുടങ്ങിയവളെ ടീന ചേർത്ത് പിടിച്ചു. “ഇതിൽ നന്ദിയുടെ ആവശ്യം എന്താ അമ്മു..നീ പഠിച്ച് IAS നേടിയാൽ അതിന്റെ ഗമ ഞങ്ങൾക്ക് അല്ലേടി..ഞങ്ങളുടെ കൊച്ച് കളക്ടർ ആണെന്ന് അഭിമാനത്തോടെ പറയണ്ടേ ഞങ്ങൾക്ക്” ടീന അവളുടെ നെറ്റിയിൽ ഉമ്മ വെച്ചതും അമ്മു അവളെ ഇറുകെ പുണർന്നു..എന്നിട്ട് പെട്ടെന്ന് തന്നെ മുറിയിലേക്ക് പോയി. *******

“ഒത്തിരി സന്തോഷമായി ഇച്ചായ..എന്റെ അമ്മു ഏറ്റവും കൂടുതൽ ആഗ്രഹിച്ചതാ ഇച്ചായൻ ഇപ്പോൾ നേടിക്കൊടുത്തത്” “അതിന്റെ കാരണക്കാരൻ നിന്റെയീ കിച്ചേട്ടൻ ആണ്..ഇവനാണ് അവളുടെ പഠനത്തെ കുറിച്ച് സീരിയസ് ആയിട്ട് എന്നോട് സംസാരിച്ചത്” “ഏത്‌ കോളേജിലാടാ അഡ്മിഷൻ എടുത്ത??” “ഞാനും ടീനുവും പഠിച്ച കോളേജിൽ തന്നെ” “ഏഹ്ഹ് അവിടെ തന്നെയല്ലേ ഇപ്പോൾ ദേവുവും പോകുന്നത്..” കിച്ചന്റെ വായിൽ നിന്നും അത് കേട്ടതും ദേവുവിന് തുള്ളിച്ചാടാൻ തോന്നി.. “മോള് ഒരുപാട് സന്തോഷിക്കണ്ട..പിജി ബ്ലോക്ക്‌ വേറെ ബിൽഡിംഗ്‌ ആണ്” “അത് കുഴപ്പമില്ല ഇച്ചായ..ഒരു മതിൽക്കെട്ടിനപ്പുറം അവൾ ഉണ്ടല്ലോ..എനിക്ക് അത് മതി..” ****** ജെറി മുറിയിൽ വന്നു നോക്കുമ്പോൾ അമ്മു അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി കരഞ്ഞ് കൊണ്ട് എന്തൊക്കെയോ പറയുവായിരുന്നു..

“അമ്മൂസേ….” അവന്റെ വിളി കേട്ട് അവൾ കണ്ണ് അമർത്തി തുടച്ച് എഴുന്നേറ്റു..നിറഞ്ഞ മനസാലെയുള്ള അവളുടെ ചിരി കണ്ട് അവന്റെ കണ്ണ് നിറഞ്ഞു..സന്തോഷം കൊണ്ട്.. “അന്ന് ഇച്ചായന്റെ ബർത്ഡേയ്ക്ക് നീ പറഞ്ഞില്ലേ..നിന്റെ പിറന്നാൾ ആഘോഷിച്ച ഓർമ്മപോലും ഇല്ലെന്ന്..ഇന്നിപ്പോൾ ആ വിഷമം ഒക്കെ ഇച്ചായൻ മാറ്റിതന്നില്ലേ..എന്റെ ഇച്ചായന്റെ ജീവനാടി പെണ്ണേ നീ..” ജെറിയുടെ വാക്കുകളാൽ അവളുടെ കവിളിൽ നാണത്തിന്റെ സിന്ദൂരരേണുകൾ തെളിഞ്ഞു…മനസ്സ് കൊണ്ട് അവളും ഒരായിരം തവണ പറയുന്നുണ്ടായിരുന്നു…ഇച്ചൻ തന്റെ ജീവനേക്കാൾ പ്രിയപ്പെട്ടവൻ ആണെന്ന്.. 💞💞💞💞

ജീവിതം മടുത്തുതുടങ്ങിയിരുന്നു ഹർഷന്..മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി എന്തിന് ജീവിക്കണമെന്ന ചിന്ത ഓരോ നിമിഷവും അവനെ അലട്ടിയിരുന്നു.അപ്പോഴൊക്കെ അമ്മുവിന്റെ വാക്കുകൾ അവൻ ഓർത്തു..”മരണം തനിക്ക് കിട്ടുന്ന ഏറ്റവും ചെറിയ ശിക്ഷയാണെന്ന്”..ശെരിയാണ്..എല്ലാം അനുഭവിക്കാൻ താൻ ബാധ്യസ്ഥൻ ആണ്. അവനുള്ള മരുന്ന് വാങ്ങാനായി അമ്മ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹർഷൻ വെറുതെ കണ്ണടച്ച് കിടന്നു..അവന്റെ ഹൃദയം എന്തിനോ മിടിക്കുന്നത് പോലെ തോന്നി..വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മയായിരിക്കുമെന്ന് കരുതി അവൻ ശ്രദ്ധിക്കാൻ പോയില്ല..എന്നാൽ തന്റെയടുത്ത് ആരോ നിൽക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് അവൻ കണ്ണ് തുറക്കുന്നത്…

ഞെട്ടലോടെ അവനൊന്ന് എഴുനേൽക്കാൻ ശ്രമിച്ചു..പക്ഷെ നിശ്ചലമായ ശരീരം അവനെ തോൽപിച്ചു.. “ദിയാ…” പ്രണയം നിറഞ്ഞുനിന്ന കണ്ണിന് ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു..ഒരിക്കൽ താൻ കൊതിയോടെ നുകരാൻ ആഗ്രഹിച്ച ചുണ്ട് വരണ്ടുണങ്ങിയിരിക്കുന്നു..ആർക്കോ വേണ്ടി ജീവിക്കുന്നത് പോലെ കോലംകെട്ട ആ പെണ്ണിനെ കാൺകെ ഹർഷന് അവന്റെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി.. “ദിയ…നീ…നീ ഒറ്റക്കെയുള്ളോ??” എങ്ങനെയോ അവൻ ചോദിച്ചു..പക്ഷെ അവൾ സാകൂതം അവനെ നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. “വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..” “അതിന് ഒരു തവണയെങ്കിലും എന്നെ കാണാൻ ആഗ്രഹിച്ചോ??” “ദിയ ഞാൻ…” “ആ മനസ്സിൽ ഞാൻ ഇല്ലെന്ന് അറിയാം..എങ്കിലും അമ്മുവിനെ പോലും കാണാൻ കൊതിച്ച ആള് എന്തേ ഹൃദയം തന്നവളെ മറന്ന് പോയി??” “മറന്നതല്ല..മനഃപൂർവം ചോദിക്കാതിരുന്നതാണ്..

വീണ്ടും എനിക്ക് വേണ്ടി നീയീ നാട്ടിൽ വരരുതെന്ന് ആഗ്രഹിച്ചു.” “വരണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചു..ഒടുവിൽ മനസ്സ് തന്നെ ഉത്തരവും തന്നു..ഒന്ന് വന്നു കണ്ടില്ലെങ്കിൽ ഇയാൾക്ക് വേണ്ടി ഞാൻ ഒഴുക്കിയ കണ്ണുനീർ ഒക്കെ കള്ളമായി പോകുമെന്ന്” “എന്തിനാ നീ എനിക്ക് വേണ്ടി കരയുന്ന?? ഒന്നും വേണ്ട ദിയ…നിന്റെ സ്നേഹം കിട്ടാനുള്ള ഒരു യോഗ്യതയും എനിക്കില്ല” “ആദ്യമായി പ്രണയം തോന്നിയ ആള് അത് രണ്ട് കൈയും നീട്ടി സ്വീകരിക്കുമ്പോൾ ആ പെണ്ണ് എന്തൊക്കെ സ്വപ്‌നങ്ങൾ നെയ്തുകൂട്ടുമെന്ന് ഹർഷേട്ടന് അറിയുമോ??” “അന്നെനിക്ക് അറിയില്ലായിരുന്നു..ഇന്ന് അത് തിരിച്ചറിയുന്നുണ്ട്..പക്ഷെ വേണ്ട..ഇനിയും ഞാൻ കാരണം നിന്റെ ജീവിതം…” “അല്ലെങ്കിലും നിങ്ങളോടൊപ്പം ഒരു ജീവിതം ആഗ്രഹിച്ചല്ല ഞാനിപ്പോൾ വന്നത്..അങ്ങനെ വന്നിരുന്ന ഒരു ദിയ ഉണ്ടായിരുന്നു…

മരിച്ച മനസുമായി അവൾ തിരികെ പോയിരുന്നു..” അവളുടെ ഓരോ വാക്കുകളും അവന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടിരുന്നു.. “എന്നെ പ്രണയിച്ചിട്ടില്ലെങ്കിലും എന്റെ ശരീരത്തെ ഹർഷേട്ടൻ മോഹിച്ചിട്ടുണ്ട്..എന്തായിരുന്നു ഉദ്ദേശം..ഒറ്റക്ക് അനുഭവിക്കാനോ..അതോ കൂട്ടുകാർക്കും പങ്കുവെയ്ക്കാനോ??” “ദിയ പ്ലീസ്…ഇനിയും കുത്തിനോവിക്കരുത്” “അറിയാതെ ചോദിച്ച് പോയതാ..അത്രക്ക് ഉള്ളുകൊണ്ട് ഞാൻ കരയുന്നുണ്ട്..” അപ്പോഴാണ് മരുന്നും വാങ്ങി ഹർഷന്റെ അമ്മു വരുന്നത്.ദിയയെ കണ്ട് അവരൊന്ന് അമ്പരന്നു..പിന്നെ അവളെ കെട്ടിപിടിച്ച് കുറേ കരഞ്ഞു.. “നീ ഒറ്റക്ക് ആണോ മോളെ വന്ന??” “ഹ്മ്മ്..അപ്പച്ചിക്ക് അറിയാലോ പണം സമ്പാദിക്കണമെന്ന ചിന്ത മാത്രമേ അച്ഛന് ഉള്ളെന്ന്..പിന്നെ അമ്മ..ഇപ്പോൾ ഇങ്ങോട്ട് വന്നാൽ ചികിത്സാചിലവ് എങ്ങാനും അമ്മയുടെ തലയിൽ ആകുമോന്ന് പേടി..”

“ഒരാപത്ത് വരുമ്പോഴാണ് നമ്മൾ യഥാർത്ഥ ബന്ധങ്ങൾ തിരിച്ചറിയുന്നത്..അമ്മുവും ആൽബിയും കിരണും ഒന്നും ഇല്ലായിരുന്നെങ്കിൽ….” അവർ കണ്ണുനീരിനിടയിലും ആൽബിയെയും അമ്മുവിനെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നത് ദിയ ഒരു ചിരിയോടെ കേട്ടിരുന്നു.ഇടയ്ക്ക് അവളുടെ നോട്ടം ഹർഷനിലേക്ക് നീണ്ടപ്പോഴാണ് അവൻ തന്നെ നോക്കി കിടക്കുന്നത് കണ്ടത്.ചെന്നിയിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ അവളെ വേദനിപ്പിച്ചു..തെറ്റ് ചെയ്തവൻ ആണ്..പൊറുക്കാൻ പറ്റാത്ത തെറ്റ്..തന്റെ പരിശുദ്ധി പോലും ഇല്ലാതാക്കൻ നോക്കിയവൻ..എങ്കിലും മനസ്സറിഞ്ഞ് താൻ പ്രണയിച്ച ഒരേയൊരു പുരുഷൻ…ശപിക്കാൻ കഴിയില്ല… “മോള് എപ്പഴാ തിരിച്ച് പോകുന്ന??” “ഒന്നും തീരുമാനിച്ചില്ല അപ്പച്ചി..ഇവിടിപ്പോൾ അപ്പച്ചിക്ക് ഒറ്റക്ക് ഹർഷേട്ടന്റെ കാര്യം നോക്കാൻ പറ്റില്ലല്ലോ..കുറച്ച് നാള് ഞാനും കൂടെ നിൽക്കാം..”

“വേണ്ട ദിയ..നീ തിരികെ പോകണം..നിനക്കൊരു ജീവിതമുണ്ട്..അത് ഇനിയും നീ ഇല്ലാതാക്കരുത്” “ഇപ്പോൾ ഒരു പുതുജീവിതത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല ഹർഷേട്ടാ..കണ്ടിട്ട് തിരിച്ച് പോകണമെന്ന് കരുതിയ വന്നത്..പക്ഷെ എന്തോ ഒന്ന് എന്നെയിവിടെ പിടിച്ച് നിർത്തുന്നു..” “നീ എന്നെ സ്നേഹിച്ചതിന്റെ അത്രയും അല്ലെങ്കിൽ അതിൽ കൂടുതൽ ഇപ്പോൾ ഞാൻ സ്നേഹിക്കുന്നുണ്ട്…പക്ഷെ അത് പൂർണമായും നിനക്ക് നൽകാൻ എനിക്ക് കഴിയില്ല..അത് കൊണ്ട് നീ തിരിച്ചു പോയെ പറ്റു” “നിങ്ങൾ തിരിച്ചറിയാത്തയാ പ്രണയം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഇനിയൊരിക്കലും അതേ തീവ്രതയോടെ വീണ്ടും പ്രണയിക്കാൻ പറ്റുമോന്നും അറിയില്ല..നിങ്ങൾ ഒരാളെ കൊന്നിട്ട് വന്നിരുന്നെങ്കിൽ പോലും ഞാൻ നിങ്ങളുടെ കൂടെ നിന്നേനെ..പക്ഷെ മറ്റ് പെണ്ണുങ്ങളെ നിങ്ങൾ….”

“ദിയാ…” അവൻ കരഞ്ഞുപോയിരുന്നു..തനിക് ചുറ്റുമുണ്ടായിരുന്ന സ്നേഹവും കരുതലും വേണ്ടെന്ന് വെച്ചതിന്റെ ശിക്ഷയാണ് ഇനിയുള്ള ഈ ജീവിതം..ഇപ്പോൾ അവനും ആഗ്രഹിക്കുന്നുണ്ട്…സ്വയം ഒന്ന് എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…തന്റെ പ്രണയത്തെ ചേർത്ത് പിടിച്ച് മാപ്പ് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ…ഒരു അവസരം കൂടി അവളോട് ചോദിക്കാൻ പറ്റിയിരുന്നെങ്കിൽ…. അപ്പോഴാണ് റൂമിലെ ടീവിയിൽ അവർ ആ ന്യൂസ് കാണുന്നത്.. “…ഹൈദരാബാദിൽ സുഹൃത്തുക്കളായ മൂന്നുപേർ കൊല്ലപ്പെട്ട നിലയിൽ…” സ്ക്രീനിൽ തെളിഞ്ഞ ഫോട്ടോസിലേക്ക് ഹർഷൻ ഞെട്ടലോടെ നോക്കി.. ക്രിസ്റ്റിയും രാഹുലും പിന്നെ അന്ന് ആൽബിയെ കൊല്ലാൻ അവരോടൊപ്പം ഉണ്ടായിരുന്ന മൂന്നാമനും……. (തുടരും )

ആത്മിക:  ഭാഗം 28

Share this story