ഈറൻമേഘം: ഭാഗം 17

ഈറൻമേഘം: ഭാഗം 17

 എഴുത്തുകാരി: Angel Kollam

അമേയ തന്റെ സീറ്റിലേക്കിരുന്നു.. തന്റെ എതിർവശത്തിരിക്കുന്ന ചെറുപ്പക്കാരന്റെ നേർക്കവൾ പാളി നോക്കി.. ആ സ്വപ്നം മനസിനെ വേട്ടയാടുന്നത് പോലെ തോന്നി.. അയാൾ ഒന്നുമറിയാതെ വായിക്കുന്ന പുസ്തകത്തിൽ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്.. അവൾ ചുറ്റും നോക്കി.. സീസൺ അല്ലാത്തത് കൊണ്ട് ട്രെയിനിൽ തിരക്ക് കുറവാണ്.. പ്രത്യേകിച്ച് ഐലൻഡ് എക്സ്പ്രസിൽ മിക്കവാറും ആളുകൾ കുറവായിരിക്കും.. കാരണം എക്സ്പ്രസ്സ്‌ എന്ന് പേര് മാത്രമേയുള്ളൂ.. അതുകൊണ്ട് തന്നെ രാവിലെ ജോലിക്ക് കയറേണ്ടുന്ന ആരും തന്നെ ഈ ട്രെയിനെ ആശ്രയിക്കില്ല.. അമേയയുടെ കമ്പാർട്മെന്റിൽ ഒരു തമിൾ ഫാമിലിയും പിന്നെ ആ ചെറുപ്പക്കാരനുമായിരുന്നു ഉണ്ടായിരുന്നത്.. തന്റെ ജീവിതത്തിൽ ഈ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സംഭവിച്ച കാര്യങ്ങളും മനസിലേക്ക് കടന്ന് വന്നു.. അമേയ സീറ്റിലേക്ക് ചാരിയിരുന്നു..

തന്റെ ഷോൾഡർ ബാഗെടുത്തു മടിയിലേക്ക് വച്ചിട്ട് അവൾ അതിലേക്ക് മുഖം പൂഴ്ത്തി വച്ചു.. കഴിഞ്ഞ സംഭവങ്ങളെല്ലാം മനസിലേക്ക് കടന്ന് വന്നപ്പോൾ താൻ ട്രെയിനിലാണെന്ന് പോലും അവൾ മറന്നു പോയി.. രൂപാലിയോടൊപ്പം ശ്യാമിനെ കണ്ടതും താൻ തന്റെ പ്രിയപെട്ടവരോട് പോലും യാത്ര പറയാതെ എമറാൾഡിന്റെ പടിയിറങ്ങി.. വേറെ ആരുടെയും കാര്യം ഓർത്തിട്ടല്ല.. തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്ന ഡോക്ടർ സുഹാസിനോട് പോലും യാത്ര പറയാൻ സാധിച്ചില്ല.. കുറച്ചു മനസമാധാനത്തോടെ താമസിക്കാനാണ് വീട്ടിലേക്ക് വന്നത്.. അവിടെ സുമയുടെ കുടിലത കൊണ്ട് ജനിച്ച വീട്ടിൽ നിന്ന് പോലും തനിക്ക് ഇറങ്ങേണ്ടി വന്നു. അരവിന്ദ് പറഞ്ഞ പല വാചകങ്ങളും കാതിൽ മുഴങ്ങി കേൾക്കുന്നത് പോലെ തോന്നുന്നു.. ചേച്ചിയുടെ വീട്ടിൽ തനിക്കു കുറച്ച് ആശ്വാസം ലഭിക്കുമെന്നോർത്തപ്പോൾ അവിടുത്തെ അമ്മയ്ക്ക് താൻ ഒരു ബാധ്യതയാകുമോ എന്നുള്ള ഭയം..

ഈ ചെറിയ പ്രായത്തിനുള്ളിൽ താനെന്തൊക്കെ അനുഭവിച്ചു? അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന സമയമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം.. അവരെ നഷ്ടപെടുന്നതോട് കൂടി നമ്മുടെ ജീവിതത്തിലെ വസന്തകാലം നമുക്ക് നഷ്ടമാകുകയാണ്.. പിന്നീട് ആരൊക്കെ കൂടെയുണ്ടെന്ന് പറഞ്ഞാലും അച്ഛനും അമ്മയ്ക്കും പകരമാകില്ല.. ഭ്രാന്തൻ ചിന്തകൾ അമേയയുടെ മനസിനെ കുത്തി നോവിച്ചു.. കവിളിണകളെ പൊള്ളിച്ചു കൊണ്ട് കണ്ണുനീർ ഒഴുകി.. എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.. ഈ ശ്വാസം മുട്ടിക്കുന്ന ഓർമ്മകൾ തന്റെ ജീവൻ കവർന്നെടുക്കുന്നത് പോലെ തോന്നുന്നു.. അവളറിയാതെ തേങ്ങലിന്റെ ചീളുകൾ പുറത്തേക്ക് തെറിച്ചു..

ചുറ്റുമുള്ളവർ അമേയയെ ശ്രദ്ധിച്ചു.. വായിച്ചു കൊണ്ടിരിക്കുന്ന ബുക്ക്‌ മടക്കി വച്ചതിനു ശേഷം അവനും അമേയയുടെ നേർക്ക് നോക്കി.. അവിടെ ഉണ്ടായിരുന്നവർ പരസ്പരം നോക്കി.. അമേയയോട് കരയുന്നതിന്റെ കാര്യം അന്വേഷിക്കണോ വേണ്ടയോ എന്നുള്ള ഒരു ഭാവമായിരുന്നു എല്ലാവർക്കും… പരിചയമില്ലാത്ത ഒരു പെൺകുട്ടിയോട് കാര്യം അന്വേഷിച്ചാൽ തന്നെ അവൾ മറുപടി പറയുമെന്ന് ഒരു പ്രതീക്ഷയുമില്ല.. അതുകൊണ്ട് തന്നെ വീണ്ടും എല്ലാവരും അവരവരുടെ പ്രവർത്തികളിൽ മുഴുകി.. അവൻ വീണ്ടും ബുക്ക്‌ തുറന്നെങ്കിലും അതിലെ അക്ഷരങ്ങൾ തനിക്ക് അന്യമായത് പോലെ തോന്നി.. എന്തുകൊണ്ടോ മുന്നിലിരുന്ന് കരയുന്ന ആ പെൺകുട്ടി മനസിലൊരു നൊമ്പരമായി കിടക്കുന്നു.. എത്ര സമയം അങ്ങനെയിരുന്നുവെന്ന് അമേയയ്ക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.. അവൾ മുഖമുയർത്തി ജനലിലൂടെ പുറത്തേക്ക് നോക്കി..

പുറത്ത് ഇരുട്ട് പരന്നിരിക്കുന്നു.. അവൾ വാച്ചിലേക്ക് നോക്കി.. സമയം ഒൻപതര ആയിരിക്കുന്നു.. ട്രെയിനിപ്പോൾ എവിടെയെത്തിയെന്ന് പോലും ഒരു നിശ്ചയവുമില്ല.. അവൾ ചുറ്റുപാടും നോക്കി.. എല്ലാവരും ഭക്ഷണം കഴിക്കുകയാണ്.. തന്റെ എതിർവശത്തെ സീറ്റിലേക്ക് അവൾ നോക്കി.. അവനെ കാണുന്നില്ല.. അവനൊരുപക്ഷെ ഇടയ്ക്ക് എവിടെയെങ്കിലും ഇറങ്ങിക്കാണുമോ? അവനെവിടെ ഇറങ്ങിയാൽ തനിക്കെന്താണ്? അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല.. അവൾക്ക് വിശക്കുന്നുണ്ടായിരുന്നു.. ഇനി അടുത്ത സ്റ്റേഷനിൽ എത്തുമ്പോൾ ഫുഡ്‌ വാങ്ങാം.. അതിന് മുൻപ് ഒന്ന് മുഖം കഴുകിയിട്ട് വരാം.. ഷോൾഡർ ബാഗ് സീറ്റിലേക്കിട്ടിട്ട് എഴുന്നേൽക്കുമ്പോളാണ് അവൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം അവിടെ സീറ്റിൽ അടച്ചു വച്ചിരിക്കുന്നത് കണ്ടത്.. അപ്പോൾ അവൻ ഇടയ്‌ക്കേങ്ങും ഇറങ്ങിയിട്ടില്ല.. ട്രെയിനിൽ തന്നെയുണ്ടെന്ന് ഉറപ്പായി..

അമേയ വാഷ് ബേസിന്റെ നേർക്ക് നടന്നു.. അവിടത്തെ കണ്ണാടിയിൽ തന്റെ മുഖം നോക്കിയപ്പോൾ തന്റെ കൺപോളകൾക്ക് നീര് വച്ചിട്ടുണ്ടെന്ന് മനസിലായി.. ആ ടാപ്പിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ എന്തോ ഒരു ആശ്വാസം പോലെ തോന്നി.. അവൾ തിരികെ സീറ്റിലേക്ക് വന്നപ്പോൾ അവനവിടെ ഉണ്ടായിരുന്നു.. അമേയ അവന്റെ നേർക്ക് നോക്കിയതും അവൻ ഹൃദ്യമായി പുഞ്ചിരിച്ചു.. അമേയയ്ക്ക് എന്ത് ചെയ്യണമെന്നറിയാതെ ഒരു പതർച്ചയുണ്ടായി.. അവൾ തന്റെ സീറ്റിലേക്ക് തന്നെയിരുന്നു… അവൻ പുഞ്ചിരിയോടെ ചോദിച്ചു… “ബാംഗ്ലൂരിലേക്കാണോ?” “ഉം ” അമേയ മറുപടി ഒരു മൂളലിലൊതുക്കി.. “പേരെന്താ?” താനെന്തിനാണ് എന്റെ പേരും നാളുമൊക്കെ അന്വേഷിക്കുന്നതെന്ന് ചോദിക്കാനാണ് മനസ്സിൽ തോന്നുന്നത്.. പക്ഷേ ഇത്രയും സൗമ്യമായി സംസാരിക്കുന്ന ഒരാളോട് യാതൊരു പ്രകോപനവുമില്ലാതെ ചൂടാകുന്നത് ശരിയല്ലല്ലോ..

അതുകൊണ്ട് മറുപടി പറഞ്ഞു.. “അമേയ..” “എന്റെ പേര് ജോയൽ..” “ഉം ” അവൾക്ക് സംസാരിക്കാൻ താല്പര്യമില്ലെന്ന് മനസിലായത് കൊണ്ടായിരിക്കും ജോയൽ പിന്നീടൊന്നും ചോദിച്ചില്ല.. അവൻ ഒരു പ്ലാസ്റ്റിക് കവറെടുത്തു അമേയയുടെ നേർക്ക് നീട്ടി.. അവൾ ചുളിഞ്ഞ നെറ്റിയോടെ ചോദിച്ചു.. “എന്തായിത്?” “ഫുഡാണ്.. ” നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ഒരു മുൻപരിചയവുമില്ലാത്ത ഒരാളുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.. “എനിക്ക് വേണ്ട..” “എടോ… ട്രെയിനിപ്പോൾ പാലക്കാട്‌ കഴിഞ്ഞു.. തനിക്കിനി ഭക്ഷണം വാങ്ങണമെന്ന് വച്ചാൽ ഇനി നിർത്തുന്ന സ്റ്റേഷനിൽ നിന്നും കേരള ഫുഡ്‌ കിട്ടത്തില്ല.. താൻ പേടിക്കണ്ട.. ഞാനിതിൽ മയക്കുമരുന്നൊന്നും ചേർത്തിട്ടില്ല.. ” “അതല്ല.. എനിക്ക് വിശപ്പില്ല.. അതാ ഞാൻ… ” “എന്തിനാടോ കള്ളം പറയുന്നത്? താൻ കോട്ടയത്ത്‌ നിന്ന് കയറിയപ്പോൾ മുതൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഇരിക്കുവായിരുന്നല്ലോ..

എന്നിട്ടും തനിക്ക് വിശപ്പില്ലേ?” “അത്‌… പിന്നെ… ഞാൻ…” “എടോ.. തനിക്കു വിശപ്പുണ്ടെന്ന് എനിക്കറിയാം.. പിന്നെ ഒരു പരിചയുമില്ലാത്ത എന്റെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കാനുള്ള മടിയാണെങ്കിൽ തത്കാലത്തേക്ക് ഞാൻ തന്റെ ഫ്രണ്ടാണെന്ന് കരുതിക്കോ ” അമേയയ്ക്ക് നല്ല വിശപ്പുണ്ടായിരുന്നു.. ഭക്ഷണം വാങ്ങി കഴിക്കണമെന്ന് മനസ്സിൽ ആഗ്രഹവുമുണ്ടായിരുന്നു.. പക്ഷേ എന്തോ ദുരഭിമാനം സമ്മതിക്കുന്നില്ല.. ജോയൽ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. “എടോ.. അല്ലെങ്കിലും നിങ്ങൾ പെൺപിള്ളേർക്ക് ചില സമയത്ത് അനാവശ്യ ജാഡയാണ്.. ഭക്ഷണത്തിന്റെ മുന്നിലൊക്കെ എന്തിനാണ് ഈ ഫോർമാലിറ്റി?” അമേയ ഒരല്പം മടിയോടെ ആ കവർ വാങ്ങി.. ജോയലിന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു കാണാമായിരുന്നു…

അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെല്ലാം കൈ കഴുകാൻ വേണ്ടി എഴുന്നേറ്റു പോയിരുന്നു.. അമേയ തന്റെ സീറ്റിലേക്ക് ഇരുന്നു കൊണ്ട് കവറിൽ നിന്നും ഭക്ഷണ പായ്ക്കറ്റ് എടുത്തു തുറന്നു…. വെജിറ്റബിൾ ബിരിയാണി ആയിരുന്നു അത്‌.. ജോയലും ഭക്ഷണം കഴിക്കാനിരുന്നു.. അമേയയുടെ നേർക്ക് നോട്ടമയച്ചു കൊണ്ട് അവൻ പറഞ്ഞു.. “താൻ വെജിറ്റേറിയനാണോ അല്ലയോ എന്നൊന്നും അറിയില്ലായിരുന്നല്ലോ.. അതാണ് വെജിറ്റേറിയൻ ഫുഡ്‌ വാങ്ങിയത് ” “ഇറ്റ്സ് ഓക്കേ ” അമേയ സംസാരിക്കാൻ ഒട്ടും താല്പര്യം കാണിക്കാതെ ഭക്ഷണം കഴിച്ചു.. കൈ കഴുകിയിട്ട് തിരികെ വന്നതിന് ശേഷം അവൾ ഫോണെടുത്തു.. ഫോൺ സ്വിച്ച് ഓഫാക്കി വച്ചിരിക്കുകയിരുന്നു..

അവൾ ഫോൺ ഓണാക്കി.. ചേച്ചിയുടെ നമ്പർ ഡയൽ ചെയ്തു.. ഫോൺ അറ്റൻഡ് ചെയ്തത് ഗിരീഷ് ആയിരുന്നു.. “പറയ് മോളെ ” “ചേച്ചി ഉറങ്ങിയോ…” “അവൾ വല്ലാത്ത സങ്കടത്തിലായിരുന്നു ആമി.. ഭക്ഷണം പോലും വേണ്ടെന്ന് പറഞ്ഞിരിക്കുകയായിരുന്നു.. പിന്നെ ഞാൻ നിർബന്ധിച്ചു കുറച്ച് കഴിപ്പിച്ചതാണ്.. അൽപ്പം മുൻപ് വരെ നീ വിളിച്ചില്ലല്ലോ എന്ന് പരാതിയും പറഞ്ഞു.. യാത്രയിലായത് കൊണ്ട് റേഞ്ച് കാണത്തില്ലെന്നൊക്കെ പറഞ്ഞ് ഞാൻ ആശ്വസിപ്പിച്ചു കിടത്തിയതാണ്.. ക്ഷീണം കൊണ്ടായിരിക്കും പെട്ടന്ന് ഉറങ്ങിപ്പോയി..” “ഓക്കേ ചേട്ടാ.. നാളെ രാവിലെ ചേച്ചി ഉണരുമ്പോൾ പറഞ്ഞാൽ മതി.. എനിക്കൊരു വിഷമവുമില്ലെന്ന് ചേച്ചിയോട് പറഞ്ഞേക്ക്.. ” “ആമീ…” “എന്താ ചേട്ടാ?” “നീ ഓക്കേ ആണോ മോളെ? അതോ ഞങ്ങളെ സമാധാനിപ്പിക്കാൻ വേണ്ടി വെറുതെ പറയുന്നതാണോ?” “ഞാൻ ഓക്കേ ആണ് ചേട്ടാ.. എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല..

അവിടുന്ന് കയറിയപ്പോൾ ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു.. അത്‌ നിങ്ങളെയൊക്കെ വിട്ട് വന്നതിന്റെയാണ്.. പക്ഷേ അതെല്ലാം കുറച്ചു സമയം കൊണ്ട് ശരിയായി.. നോക്കിക്കോ.. ഇനി ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങൾ കാണുന്നതൊരു പുതിയ ആമിയെയായിരിക്കും.. എന്റെ മാറ്റം കണ്ട് നിങ്ങളെല്ലാവരും ഞെട്ടും ” “ഞെട്ടിക്കോളാം കേട്ടോ ” കുറച്ച് സമയം കൂടി സംസാരിച്ചിട്ടാണ് അമേയ കാൾ കട്ടാക്കിയത്.. മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നുന്നു.. ജോയൽ തന്നെ ശ്രദ്ധിച്ചിരിക്കുകയാണെന്ന് അപ്പോളാണ് അമേയയ്ക്ക് മനസിലായത്.. ഒരു നേരത്തെ ഭക്ഷണം വാങ്ങി തന്നതിന്റെ പേരിൽ അവൻ തന്റെ സ്വകാര്യതകളിൽ തലയിടുമോ എന്നൊരു ചിന്ത അവൾക്കുണ്ടായി.. അങ്ങനെയെങ്കിൽ അതിന് ഇപ്പോൾ തന്നെ തടയിടണം.. താൻ കണ്ട സ്വപ്നം തന്റെ മനസിനെ വേട്ടയാടുന്നു..

അതൊരു സ്വപ്നമായി മാത്രം അവശേഷിച്ചാൽ മതി.. അല്ലാതെ ഒരിക്കലും സത്യമാകാൻ അനുവദിച്ചു കൂടാ.. ഇനിയും ജീവിതത്തിൽ പരീക്ഷണങ്ങൾ ഏറ്റ് വാങ്ങാൻ വയ്യ.. ഒരാളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതിന്റെ പേരിൽ കടുത്ത ശിക്ഷ കിട്ടിയതാണ്.. ഇനിയൊരിക്കൽ കൂടി അതുപോലെ ഒരു വേദന അനുഭവിക്കേണ്ടി വരരുത്.. അമേയ ബാഗ് തുറന്ന് നൂറിന്റെ രണ്ടു നോട്ടുകൾ എടുത്ത് ജോയലിന്റെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു.. “ഭക്ഷണത്തിന്റെ പൈസ…” “അതിന് ഞാൻ തന്നോട് പൈസ ചോദിച്ചില്ലല്ലോ ” “പരിചയമില്ലാത്ത ഒരാളിൽ നിന്നും ഇങ്ങനെയുള്ള സഹായങ്ങളൊക്കെ സ്വീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് ” “താനെന്നെ ഒരു സുഹൃത്തായി കരുതിക്കോളാൻ ഞാൻ പറഞ്ഞില്ലേ? തന്നെയുമല്ല.. ജീവിതത്തിൽ ഇങ്ങനെയുള്ള പിടിവാശികൾ ഒന്നും നല്ലതല്ല.. നമ്മുടെ ജീവിതത്തിൽ ആരുടെ സഹായമാണ് എപ്പോളാണ് ആവശ്യമായി വരികയെന്ന് പറയാൻ പറ്റില്ല..

ഈ ട്രെയിൻ പോകുന്ന വഴിയിൽ ആക്‌സിഡന്റ് ആയാൽ നമ്മുടെ പരിചയക്കാരാണോ നമ്മളെ സഹായിക്കാൻ ഓടിയെത്തുന്നത്.. അതുപോലെ ജീവിതത്തിൽ പല സാഹചര്യങ്ങളിലും നമുക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടി വന്നേക്കാം.. അതുകൊണ്ട് ഇനിയെങ്കിലും ഇങ്ങനെയുള്ള മുൻവിധികളോടെ ജീവിക്കാതിരിക്കൂ ” അവൻ ആ പൈസ വാങ്ങില്ലെന്ന് ഉറപ്പായപ്പോൾ അമേയ അത്‌ ബാഗിലേക്ക് തന്നെ തിരിച്ചു വച്ചു.. ആ കമ്പാർട്മെന്റിൽ ഉണ്ടായിരുന്ന എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.. കിടക്കാൻ വേണ്ടി സീറ്റ് അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി അമേയ എഴുന്നേറ്റു.. ജോയലാണ് ഇരുവശത്തും സീറ്റ് അഡ്ജസ്റ്റ് ചെയ്തു വച്ചത്.. എല്ലാവരും കിടന്നു.. ഏറ്റവും താഴത്തെ സീറ്റായിരുന്നു അമേയയുടേത്.. എതിർവശത്തു തന്നെ ജോയലിന്റെ സീറ്റും.. അമേയ കിടന്നെങ്കിലും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..

അൽപ്പസമയം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് അവൾ മെല്ലെ എഴുന്നേറ്റു.. സീറ്റ് അഡ്ജസ്റ്റ് ചെയ്തു വച്ചിരിക്കുന്നത് കൊണ്ട് അവിടെ ഇരിക്കാൻ സാധ്യമല്ല.. അവൾ എഴുന്നേറ്റു ഡോറിന്റെ വശത്തേക്ക് നടന്നു.. ഡോർ പതിയെ തുറന്നിട്ട്‌, അവൾ ഡോറിനെതിരെയുള്ള കമ്പിയിൽ മുറുകെ പിടിച്ചു കൊണ്ട് അമേയ പുറത്തേക്ക് നോക്കി നിന്നു.. തണുത്ത കാറ്റ് ട്രെയിനുള്ളിലേക്ക് കടന്ന് വന്നു.. ഓർക്കാൻ ആഗ്രഹിക്കാത്ത ചിലത് അമേയയുടെ മനസിലേക്കും കടന്ന് വന്നു.. ശ്യാമും താനും ഒരുമിച്ച് നാട്ടിലേക്കുള്ള യാത്രകൾ.. ട്രെയിനിന്റെ ഡോറിനടുത്ത് നിന്ന് കാഴ്ച കാണുന്നത് തങ്ങൾക്ക് രണ്ടുപേർക്കും ഒരുപാടിഷ്ടമായിരുന്നു.. രാത്രിയിൽ, അവന്റെ വിരലുകളിൽ മുറുകെ പിടിച്ചു കൊണ്ട് ഇവിടെയിങ്ങനെ നിൽക്കുമ്പോൾ ഒരിക്കലും അവനെന്നെ കൈ വിടില്ലെന്ന് ആവർത്തിച്ചു പറയുന്നത് പോലെ തോന്നുമായിരുന്നു.. പക്ഷേ.. എല്ലാം.. തന്റെ മാത്രം സ്വപ്നമായിരുന്നോ തങ്ങൾ ഒരുമിച്ചുള്ള ജീവിതം.. ശ്യാം തന്നെ സ്നേഹിച്ചിട്ടേയില്ലേ?

തന്റെ ശരീരമാണോ അവൻ ആഗ്രഹിച്ചത്? പക്ഷേ ഒരിക്കൽപോലും തന്നോടവൻ മോശമായി പെരുമാറിയിട്ടില്ല.. പിന്നെ എവിടെയാണ് അവന് പിഴച്ചത്? തന്നെ മറന്നിട്ട് മറ്റൊരു പെണ്ണിന്റെ കൂടെ? എത്ര നിയന്ത്രിച്ചിട്ടും സഹിക്കാൻ പറ്റാത്ത സങ്കടം … ആത്മഗതം പോലെ അവൾ പറഞ്ഞു… “ഞാൻ എന്റെ ഹൃദയം തന്നല്ലേ നിന്നെ സ്നേഹിച്ചത്.. എന്നിട്ടും നീ എന്നെ മറന്നില്ലേ.. എന്നിൽ കാണാത്ത എന്ത് പ്രത്യേകതയാണ് നീ അവളിൽ കണ്ടത്? അതോ നിനക്കെല്ലാം വെറുമൊരു തമാശയായിരുന്നോ? ” അമേയ മിഴികൾ തുടയ്ക്കുമ്പോൾ തൊട്ട് പിന്നിൽ നിഴലനങ്ങുന്നത് പോലെ തോന്നി.. അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.. തന്റെ തൊട്ടടുത്തായി ജോയൽ നിൽക്കുന്നു.. അവൻ ഗൗരവത്തിൽ അവളോട് ചോദിച്ചു.. “എന്താ തന്റെ ഉദ്ദേശ്യം? ഇവിടിങ്ങനെ വാതിൽ തുറന്നിട്ട്‌ നിൽക്കുന്നത് അപകടമാണെന്ന് അറിഞ്ഞു കൂടെ? ഒരു നിമിഷത്തെ അശ്രദ്ധ മതി പുറത്തേക്ക് തെറിച്ചു വീഴാൻ..

പിന്നെ എന്താ സംഭവിക്കുകയെന്ന് ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ?” ജോയലിന്റെ ശബ്ദത്തിൽ തന്നോടുള്ള കരുതലോ സ്നേഹമോ മറ്റെന്തെക്കൊയോ ഉണ്ടെന്ന് അമേയ തിരിച്ചറിഞ്ഞു.. മറുപടി പറയാൻ വാക്കുകൾക്കായി അവൾ പതറി.. “അത്‌ പിന്നെ ഞാൻ.. ഉറക്കം വരാഞ്ഞപ്പോൾ..” “എങ്ങനെ ഉറക്കം വരും? താനിപ്പോളും കഴിഞ്ഞതെല്ലാം മനസിലിട്ടു കൊണ്ടിരിക്കുവല്ലേ.. എടോ.. ഒരാളുടെ ജീവിതത്തിൽ സ്ഥാനമില്ലെന്ന് മനസിലായാൽ ആ നിമിഷം ഇറങ്ങിക്കോണം അവിടുന്ന്.. അല്ലാതിങ്ങനെ കരഞ്ഞു കൊണ്ടിരിക്കുകയല്ല വേണ്ടത്.. അല്ലെങ്കിൽ തന്നെ ആരാ തന്റെ ഈ കണ്ണുനീർ കാണുന്നത്? തന്നെ സങ്കടപെടുത്തിയവർ അറിയുന്നുണ്ടോ തന്റെ സങ്കടം? പിന്നെന്താ ഈ കണ്ണുനീർ കൊണ്ട് പ്രയോജനം?” അമേയയുടെ മുഖത്ത് ഞെട്ടൽ പ്രകടമായി.. ജോയൽ ഇതൊക്കെ എങ്ങനെ അറിഞ്ഞുവെന്നുള്ള ഭാവം അവളുടെ മുഖത്ത് കാണാമായിരുന്നു..

ജോയൽ അവളുടെ മുഖത്തേക്ക് സൂക്ഷ്മമായി നോക്കിയിട്ട് തന്റെ പോക്കറ്റിൽ നിന്നും വിസിറ്റിംഗ് കാർഡ് എടുത്ത് കൊണ്ട് പറഞ്ഞു.. “ഞാനിതൊക്കെ എങ്ങനെ അറിഞ്ഞുവെന്നായിരിക്കും താനിപ്പോൾ ആലോചിക്കുന്നത്.. മറ്റുള്ളവരുടെ മനസ് പഠിക്കുന്നതാണെടോ എന്റെ ജോലി ” അവൻ ആ കാർഡ് അവളുടെ നേർക്ക് നീട്ടി.. അമേയ അത്‌ വാങ്ങി അതിലൂടെ കണ്ണോടിച്ചു.. ഡോക്ടർ ജോയൽ ജോസഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് റോയൽ ഹോസ്പിറ്റൽ ബാംഗ്ലൂർ.. അമേയ ആ കാർഡിലേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കി.. അവന്റെ കണ്ണടയുടെ സ്വർണഫ്രെയിം പുറത്ത് നിന്നുള്ള വെട്ടത്തിൽ തിളങ്ങുന്നത് പോലെ തോന്നി… അതേസമയം ആ സ്വപ്നവും അവളുടെ മനസിലേക്ക് കടന്ന് വന്നു… അമേയയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി.. പുറത്തേക്ക് വീണു പോയാലോ എന്നുള്ള ഭയത്തിൽ അവൾ പെട്ടന്ന് ജോയലിന്റെ തോളിൽ പിടിച്ചു….. തുടരും…….

ഈറൻമേഘം: ഭാഗം 16

Share this story