തമസ്സ്‌ : ഭാഗം 26

തമസ്സ്‌ : ഭാഗം 26

എഴുത്തുകാരി: നീലിമ

“””””ഉറപ്പാണ് സാർ…. ഒരു സിം കാർഡ് അഡ്രസ് തപ്പിയെടുക്കാൻ ഒട്ടും പ്രയാസമില്ല. എന്നിട്ടും ഞാൻ രണ്ട് തവണ ചെക്ക് ചെയ്‌ത്‌ കൺഫേം ചെയ്തതാണ്….””””” ജിത കാൾ കട്ട് ആക്കിക്കഴിഞ്ഞും ശരത് കുറച്ചു സമയം കൂടി ഫോൺ ചെവിയിൽ വച്ച് നിന്നു ….. മദറിന് താൻ അറിയാതൊരു നമ്പറോ? ചതിക്കുന്നത് ആരാണ്…? ജിതയോ… അതോ മദറോ? എന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്? മദറിനെക്കുറിച്ച് അങ്ങനെ ചിന്ദിക്കുന്നത് പോലും പാപമാണ്…. അവൻ സ്വയം ശകാരിച്ചു…. തനിക്ക് അറിയാത്തതാണോ മദറിനെ? അവര് തനിക്ക് അമ്മയാണ്… ഏറ്റവും പ്രിയങ്കരിയായ അമ്മ! അമ്മമാരെ മക്കൾ സംശയിക്കാൻ പാടുണ്ടോ? അല്ലെങ്കിലും ജീവിതം ആതുരസേവനത്തിനായി സമർപ്പിച്ച മദറിനെ പോലെ ഒരാൾക്ക് ഒരിക്കലും ആരെയും വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ കഴിയില്ല.

മാത്രവുമല്ല ഫോണിൽ കൂടി കേട്ട ശബ്ദം മദറിന്റെത് ആയിരുന്നില്ല എന്ന് ഉറപ്പാണ്…… ആ ശബ്ദം എപ്പോ എങ്ങനെ കേട്ടാലും തനിക്ക് തിരിച്ചറിയാനാകും. ഓർഫനേജിൽ വന്നത് മുതൽ കേൾക്കുന്നതല്ലേ ആ ശബ്ദം…… മദറിന്റെ ഫോൺ മേരി അമ്മയും ഉപയോഗിക്കാറുണ്ട്. മേരി അമ്മയും ആയിരുന്നില്ല വിളിച്ചത്…. മദറിനോ മേരി അമ്മയ്‌ക്കൊ ഇങ്ങനെ ഒരു ചതി ചെയ്യാൻ കഴിയില്ല. പിന്നെ ആര്? ചതിക്കുന്നത് ജിതയാണോ? തന്നെ വഴി തെറ്റിക്കാൻ……അറിയില്ല…. കാട് കയറിയ ചിന്തകൾക്കൊടുവിൽ ശരത് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് കാൾ വന്ന നമ്പറിലേയ്ക്ക് ഒന്ന് കൂടി തിരികെ വിളിച്ചു. രാവിലെ കാൾ വന്ന ഉടനെ തിരികെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇപ്പൊ റിങ് ഉണ്ട്….. കുറച്ചു ബെൽ കേട്ടപ്പോൾ പരിചിതമായ ഒരു സ്ത്രീ ശബ്ദം കാതിലെത്തി…. മദർ….! “””””അല്ല ശരത്… ഈ നമ്പർ നിനക്ക് എങ്ങനെ അറിയാം? ഞാൻ ഇത് എടുത്തിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ……””

“”” ശരത്തിൽ നിന്നും മറുപടി കിട്ടാത്തത് കൊണ്ടാകും മദർ വീണ്ടും ചോദ്യങ്ങൾ ചോദിച്ചത്.. “”””നീ ജാനകിയുടെ അടുത്ത് തന്നെ ആണോ? അവൾ ഇപ്പൊ സുരക്ഷിതയല്ലേ?””””” “””””ജാനകി ഇപ്പൊ സേഫ് ആണ് മദർ… ഒന്ന് കൊണ്ടും പേടിക്കേണ്ട….. പക്ഷെ മദർ ഒന്ന് സൂക്ഷിക്കണം….”””” “””””എന്താ മോനേ… എന്തെങ്കിലും പ്രശ്നം ഉണ്ടോ?””””” അവരുടെ ശബ്ദത്തിൽ പെട്ടെന്നാണ് പരിഭ്രാന്തി കളർന്നത്…. “””””വിശദമായി ഞാൻ വന്നിട്ട് പറയാം…… മഠത്തിനുള്ളിലെ ആരോ നമ്മളെ ചതിക്കുന്നുണ്ട് മദർ….. സൂക്ഷിക്കണം… വളരെ അധികം…. ഞാൻ അങ്ങോട്ട് വരുന്നുണ്ട്… ഇന്ന് അർജെന്റ് ആയിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം സ്റ്റേഷനിലേയ്ക്ക് വിളിച്ചാൽ മതിയെന്ന് ശിവരാമേട്ടനോട് ഞാൻ പറഞ്ഞിരുന്നു……””””” കാൾ അവസാനിക്കുമ്പോഴേയ്ക്കും അവന്റെ ചിന്തകൾക്ക് തീ പിടിച്ചിരുന്നു…. 🌱🌱🌱🌱🌱🌱🌱🌱🌱

കുളിച്ചു ഫ്രഷ് ആയിക്കഴിഞ്ഞാണ് ശരത് മഠത്തിലേയ്ക്ക് പോയത്….. മദർ പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. അവനെ കാത്തിട്ടെന്ന പോലെ……. അവനെ കണ്ട ഉടനെ വേഗത്തിൽ അരികിലേയ്ക്ക് നടന്ന് വന്നു. “””””എന്താണ് ശരത്? എന്തെങ്കിലും പുതിയ പ്രശ്നം ഉണ്ടോ?””””” അതിന് മറുപടി നൽകാതെ ശരത് ഗാർഡന് നേരെ തിരിഞ്ഞു. “””””നമുക്ക് അവിടെക്ക് ഇരിക്കാം മദർ….””””” ഗാർഡനിലേയ്ക്ക് നടന്ന് കൊണ്ട് അവൻ പറഞ്ഞു. അവന് പിറകെ ഗാർഡനിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് കൂടുതൽ ആസ്വസ്ഥമാകുന്നതറിഞ്ഞു മദർ. ☘☘☘☘☘☘☘☘☘☘ മാന്താരത്തിനു അരികിലെ സ്റ്റോൺ ബെഞ്ചിൽ ഇരിക്കുമ്പോൾ ഉള്ളിലെ പിരിമുറുക്കത്തിനു അല്പം അയവു വരുന്നതത് പോലെ തോന്നി ശരത്തിനു.. . മാന്താരത്തിലേയ്ക്ക് ഒന്ന് നോട്ടം എത്തിച്ചു…. കാവുവിന്റെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞപ്പോൾ കണ്ണുകളടച്ചു ദീർഘമായി നിശ്വസിച്ചു…..

പൂക്കളുടെ സുഗന്ധവും നേർത്ത തണുപ്പുള്ള കാറ്റും മനസിന്റെയും ചിന്തകളുടെയും ഭാരം കുറയ്ക്കുന്നത് പോലെ തോന്നി… “”””പറയ്‌ മോനേ.. എന്താണ് പുതിയ പ്രശ്നം?”””” മദറിന്റെ ചോദ്യം കേട്ട് കണ്ണുകൾ തുറന്നു… പിന്നേ ഒന്ന് കൂടി ശ്വാസം വലിച്ച് വിട്ടു…. “”””ഇന്ന് രാവിലെ എന്റെ ഫോണിലേയ്ക്ക് കാൾ വന്ന നമ്പർ ഇതാണ്….””””” മൊബൈലിൽ നമ്പർ എടുത്ത് അത് മദറിന് മുന്നിലേയ്ക്ക് പിടിച്ചു അവൻ… ആ നമ്പർ കണ്ട് മദറിന്റെ കണ്ണുകളിൽ ഒരു ഞെട്ടൽ പ്രകടമായി….. പതിയെ കണ്ണുകൾ കുറുകി.. നെറ്റിയിൽ ചുളിവുകൾ വീണു….. “””””ഇത്…. ഇത് എന്റെ നമ്പർ അല്ലെ?””””” വിശ്വാസം ആകാത്തത് പോലെ അവർ ഫോൺ അവന്റെ കയ്യിൽ നിന്നും വാങ്ങി ഒന്ന് കൂടി പരിശോധിച്ചു…. “””””അതേ… ഇത് എന്റെ നമ്പർ തന്നെയാണ്… ഇതെങ്ങനെ? ഈ നമ്പർ ഞാൻ എടുത്തത് രണ്ട് ദിവസം മുൻപ് മാത്രമാണ്. അതാണ്‌ നിനക്ക് പോലും ഇത് അറിയാതെ പോയത്..””””

” കുറച്ചു സമയം അവർ നിശബ്ദയായിരുന്നു… അവർ പറയാൻ പോകുന്നത് എന്താണെന്ന് കാതോർത്തു ശരത്തും…. “””””ഇതിൽ നിന്നും ഞാൻ നിന്നെ വിളിച്ചിട്ടില്ല….. അതിനർത്ഥം മഠത്തിലെ മാറ്റാരോ എന്റെ മൊബൈൽ എടുത്ത് നിന്നെ വിളിച്ചിരിക്കുന്നു. എന്നിട്ടു ജാനകി അപകടത്തിൽ ആണെന്ന് നിന്നോട് പറഞ്ഞിരിക്കുന്നു….. എന്താണിതൊക്കെ…? ആകെ ഒരു പൊരുത്തക്കേട് ഉണ്ടല്ലോ മോനേ…..””””” ചിന്തകൾക്കൊപ്പം മദറിന്റെ കണ്ണുകളും പൂന്തോട്ടം ആകെ ഒന്ന് ചുറ്റി…. “””””അതേ…. പൊരുത്തക്കേടുകൾ ആണ് മദർ കൂടുതലും…. ഞാൻ ചിലത് ചോദിച്ചോട്ടെ?””””” “”””അതിന് ഈ മുഖവുര വേണ്ടല്ലോ… നിനക്ക് എന്തും ചോദിക്കാം…””””” മദറിന്റെ മറുപടി ലഭിച്ചപ്പോൾ അവൻ കൈ വിരലുകൾ തമ്മിലൊന്നു പിണച്ചു വച്ച് കുനിഞ്ഞിരുന്നു…. “”””

“ഈ ഫോൺ മദർ റൂമിൽ തന്നെയാണോ സൂക്ഷിക്കാറ്?””””” “””””അതേ… മിക്കപ്പോഴും റൂമിൽ തന്നെ ആകും… കയ്യിൽ അങ്ങനെ കൊണ്ട് നടക്കാറില്ല. ആരെയെങ്കിലും വിളിക്കണമെങ്കിലോ പുറത് പോകുന്ന അവസരങ്ങളിലോ ഒക്കെ മാത്രമേ ഞാൻ ഇത് ഒപ്പം എടുക്കാറുള്ളൂ …. ഇന്ന് രാവിലെയും ഞാൻ ഇത് എടുത്തിരുന്നില്ല…. മുറിയിൽ തന്നെയാണ് ഇരുന്നത്…. റൂമിലേയ്ക്ക് വരുന്ന വഴി ട്രീസ സിസ്റ്റർ ആണ് കാൾ വരുന്നു എന്ന് പറഞ്ഞു ഇത് എന്റെ കയ്യിൽ കൊണ്ട് വന്ന് തന്നത്…..”””” “”””ട്രീസ സിസ്റ്ററോ….? “”””” ശരത്തിന്റെ കണ്ണുകൾ വിടർന്നു.. “””””സിസ്റ്റർ അപ്പോൾ മദറിന്റെ റൂമിൽ ഉണ്ടായിരുന്നോ?””””” സംശയത്തോടെ ശരത് മദറിനെ നോക്കി. “”””മ്മ് …. സിസ്റ്റർ എന്റെ റൂമിൽ നിന്നും പുറത്തേയ്ക്ക് വരികയായിരുന്നു. ഫോൺ റിങ് ചെയ്യുന്നത് കേട്ട് റൂമിലേയ്ക്ക് വന്നതാണ് എന്നാണ് പറഞ്ഞത്…….അത് ചിലപ്പോൾ ശരിയായിരിക്കും…ഇതിന് മുൻപും ഇത് പോലെ ഉണ്ടായിട്ടുണ്ട്…”””””

ശരത് കുറച്ചു സമയം ആലോചനയിൽ മുഴുകി ഇരുന്നു. “””””രണ്ട് സിമ്മും മദർ ഒരേ ഫോണിൽ തന്നെ അല്ലെ ഇട്ടിരുന്നത്?”””” “””””അല്ല… രണ്ടും രണ്ട് ഫോണിൽ ആണ്…….. പഴയ സിം മിക്കപ്പോഴും റേൻജ് കാണില്ല… അതാണ്‌ ഒരു സിം കൂടി എടുക്കാം എന്ന് കരുതിയത്….പഴയ ഫോൺ dual സിം അല്ലാത്തത് കൊണ്ട് പുതിയ ഒരു ഫോൺ കൂടി വാങ്ങേണ്ടി വന്നു. രണ്ട് സിമ്മും ഒരു ഫോണിൽ ആക്കണമെന്ന് കരുതിയിരുന്നതാണ്….”””” “”””” രണ്ട് ഫോണും റൂമിൽ തന്നെ ആയിരുന്നോ? “””” “”””ആയിരുന്നു… നീ വിളിച്ച് കഴിഞ്ഞു ഫോൺ ടേബിളിൽ വയ്ക്കുമ്പോൾ മറ്റേ ഫോൺ അവിടെ തന്നെ ഉണ്ടായിരുന്നു…”””” “”””അപ്പൊ അത് സ്വിചേഡ് ഓഫ് ആയിരുന്നോ?”””” “”””അപ്പൊ ഞാൻ അത് നോക്കിയില്ല… പക്ഷെ പിന്നീട് എപ്പോഴോ ആ ഫോൺ എടുത്തപ്പോൾ അത് സ്വിചേഡ് ഓഫ് ആയിരുന്നു..”””” അല്പ സമയം മൗനത്തെ കൂട്ട് പിടിച്ചു ശരത്…. ഒപ്പം ചിന്തകൾ തലച്ചോറിന് തീ പകർന്നു…. “”””അപ്പൊ മദറിന്റെ ഫോണിൽ നിന്നും എന്നെ വിളിച്ചത് സിസ്റ്റർ ട്രീസയാണ്.””””” ഉറപ്പുള്ള വാക്കുകൾ….!

മദർ നിഷേധർത്ഥത്തിൽ തല ചലിപ്പിച്ചു…. “””””ഏയ്… ട്രീസയോ? അവൾ ഒരു പാവമാണ് മോനേ…. തെറ്റൊന്നും ചെയ്യില്ല…. അതിനുള്ള ധൈര്യം ഉണ്ടാകില്ല….അവൾ പറഞ്ഞത് ശരിയാകും… ഫോൺ റിങ് ചെയ്യുന്നത് കേട്ട് റൂമിലേയ്ക്ക് വന്നതാകും എന്നാണ് എനിക്ക് തോന്നുന്നത്….””””” ശരത് ഒന്ന് ചിരിച്ചു…. “””””മദർ ഒരിക്കൽ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ? ചിലപ്പോഴൊക്കെ സ്വന്തം മനസിനെ പോലും ആവിശ്വസിക്കേണ്ടി വരുമെന്ന്…..””””” മദർ ഒന്ന് തലയാട്ടിക്കൊണ്ട് അവനെതന്നെ നോക്കിയിരുന്നു…. “””””എനിക്ക് വന്ന കാൾ വെറും 23 second ആയിരുന്നു ഡ്യുറേഷൻ…. അത് കഴിഞ്ഞു ഉടനെ തന്നെ ഞാൻ ആ നമ്പറിലേയ്ക്ക് തിരികെ വിളിച്ചു… സ്വിചേഡ് ഓഫ് എന്നായിരുന്നു മറുപടി…. അപ്പോൾ തന്നെ എന്റെ കയ്യിൽ ഉള്ള മദർറിന്റെ നമ്പറിലേയ്ക്കും വിളിച്ചു…… മൂന്ന് കാളുകളും തമ്മിൽ സെക്കന്റുകളുടെ വെത്യാസം മാത്രം… എന്ന് വച്ചാൽ ഞാൻ മദറിനെ വിളച്ചപ്പോൾ മദറിന്റെ മൊബൈലിൽ നിന്നും ആദ്യം കാൾ ചെയ്ത് ആൾ ആ റൂമിൽ ഉണ്ടായിരുന്നിരിക്കണം…

. മിക്കവാറും റൂമിൽ നിന്നും പെട്ടന്ന് പുറത്ത് കടക്കാനുള്ള ശ്രമത്തിൽ ആയിരുന്നിരിക്കണം ആള്…. എന്തായാലും എന്റെ കാൾ ആള് കണ്ടിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്….””””” ശരത് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു അല്പം മുന്നിലേയ്ക്ക്‌ നടന്നു ….. “””””രണ്ട് സാധ്യതകളാണ് ഞാൻ കാണുന്നത് … ഒന്നുകിൽ ട്രീസ സിസ്റ്റർ തന്നെയാണ് കാൾ ചെയ്തത്. അല്ലെങ്കിൽ കാൾ ചെയ്ത ആളിനെ സിസ്റ്റർ കണ്ടിട്ടുണ്ട്.””””” “””””പക്ഷെ മറ്റൊരാളാളുണ്ടെങ്കിൽ ആ ആളിനെ ഞാനും കാണേണ്ടതല്ലേ ശരത്? ട്രീസ റൂമിൽ നിന്നും ഇറങ്ങുമ്പോൾ ഞാനും റൂമിനടുത്ത് എത്തിയിരുന്നല്ലോ?”””” മദർ സംശയത്തോടെ അവനെ നോക്കി… “”””എങ്കിൽ ആ കാൾ ചെയ്‌ട്ടിയുള്ളത് സിസ്റ്റർ തന്നെയാണെന്ന് നമുക്ക് ഉറപ്പിക്കാം മദർ… പക്ഷെ…. അങ്ങനെ ഒരു കാൾ ചെയ്യണമെങ്കിൽ ജാനകിയുടെ ബാഗിൽ ഡ്രഗ്സ് ഉള്ള വിവരം സിസ്റ്റർ അറിഞ്ഞിരിക്കണം… അങ്ങനെ ആണെങ്കിൽ അത് നേരിട്ട് മദറിനോട് പറയുകയല്ലേ വേണ്ടത്? എന്തിന് എന്നെ വിളിച്ച് പറയണം? അതും മദറിന്റെ ഫോണിൽ നിന്നും…..

എനിക്കറിയാത്ത മദറിന്റെ നമ്പറിൽ നിന്നും തന്നെ….. ഒന്നും മനസിലാകുന്നില്ലല്ലോ…..””””” ശരത് തിരിഞ്ഞു മദറിനെ നോക്കി… “”””മദറിന് എന്ത്‌ തോന്നുന്നു…?”””” ശരത്തിന്റെ ചോദ്യത്തിന് മറുപടി നൽകാതെ കുറച്ചു സമയം അവരങ്ങനെ നിന്നു. “””””നീ പറഞ്ഞതിനപ്പുറമുള്ള സംശയങ്ങളൊന്നും എനിക്കും തോന്നുന്നില്ല…. ഡ്രഗ്സ്നെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിൽ അവൾ അത് എടുത്ത് മാറ്റാൻ ശ്രമിക്കാത്തതെന്താണ്? അങ്ങനെ ചെയ്യാൻ പേടി ആയിരുന്നു എങ്കിൽ അത് എന്നോട് പറഞ്ഞു കൂടായിരുന്നോ? ജാനകി രെക്ഷപ്പെടണം എന്നവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതല്ലേ അവൾ നിന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്. പക്ഷെ അപ്പോഴും അവൾ ഡ്രഗ്സ്ന്റെ കാര്യം മറച്ചു വച്ചതെന്തിനാണ്? ചോദ്യങ്ങൾ ഒരുപാടാണ്… ഉത്തരങ്ങൾ അറിയണമെങ്കിൽ ട്രീസയോട് തന്നെ ചോദിക്കേണ്ടി വരും….”””” പറഞ്ഞു നിർത്തുമ്പോൾ മദറിന്റെ മുഖത്തു വല്ലാത്ത ആശങ്ക നിറഞ്ഞിരുന്നു…. “”””

“മനസ്സ് വല്ലാതെ ആസ്വസ്ഥമാകുന്നുണ്ട് മോനേ… കൂടെ ഉള്ള ഒരാളിൽ നിന്നും ഇങ്ങനെ ഒക്കെ…..””””” ബാക്കി പറയാനാകാതെ മദർ ഒന്ന് നിർത്തി…. മകളെപ്പോലെ കരുതിയ ട്രീസ സിസ്റ്ററിൽ നിന്നും ഇങ്ങനെ ഒന്ന് അവരോട്ടും പ്രതീക്ഷിച്ചു കാണില്ലല്ലോ…. “””””സിസ്റ്റർ നമ്മളെ ചതിച്ചു എന്ന് ഇപ്പോഴും പറയാനാകില്ല മദർ…. അവര് ജാനകിയെ സേവ് ചെയ്യാനാണ് ആഗ്രഹിച്ചത്… അതല്ലേ എന്നെ വിളിച്ച് അറിയിച്ചത്. പക്ഷെ അവര് എന്ത്‌ കൊണ്ട് മദറിനോട് ഇത് പറഞ്ഞില്ല… എന്ത് കൊണ്ട് ഡ്രഗ്സ് മാറ്റാൻ ശ്രമിച്ചില്ല…മദർ പറഞ്ഞത് പോലെ ഇതിനൊക്കെയുള്ള ഇത്തരം അവർക്കേ നൽകാൻ കഴിയൂ…. എന്തായാലും ഒന്നുറപ്പാണ്…. ട്രീസയിലൂടെ വരുൺ എന്ന നമ്മുടെ ലക്ഷ്യത്തിലേയ്ക്കുള്ള ഒരു ചെറു വഴിയെങ്കിലും തുറന്നു കിട്ടും എന്നെന്റെ മനസ്സ് പറയുന്നു….””””” പറഞ്ഞു കൊണ്ട് അവൻ വീണ്ടും അവർക്കരികിലേയ്ക്ക് വന്നിരുന്നു…… “””””അല്ല നമ്മുടെ ASP സാർ വന്നിട്ട് എന്തായി?

നാണം കെട്ടു തിരികെ പോയില്ലേ?””””” ശരത്തിന്റെ ചോദ്യത്തിൽ പരിഹാസം നിറഞ്ഞു നിന്നു…. “””””അത് പറയാനുണ്ടോ? ജാനകിയെയും എന്നെയും അപ്പൊ തന്നെ കൊണ്ട് പോകാം എന്ന് കരുതി അല്ലെ വന്നത്…. വന്ന ഉടനെ നേരെ ജാനിയുടെ മുറിയിലേയ്ക്കാ പോയത്…. ഞാൻ ചോദിക്കേം ചെയ്തു “എന്താ സാർ അന്വേഷിച്ചു വന്ന സാധനം ആ മുറിയിലാണോ കൊണ്ട് വച്ചേക്കുന്നത് “എന്ന്… എന്റെ കയ്യിൽ സെർച്ച്‌ വാറണ്ട് ഉണ്ട്… എനിക്ക് ഇഷ്ടമുള്ള ഇടം ഞാൻ സേർച്ച്‌ ചെയ്യും എന്നായിരുന്നു മറുപടി… പിന്നേ ഞാനും ഒന്നും പറയാൻ പോയില്ല… അന്വേഷിച്ചു വന്നത് കണ്ട് പിടിക്കട്ടെ എന്ന് കരുതി മാറി നിന്നു…. പ്രതീക്ഷിച്ചിടത്തു സാധനം കാണാതായപ്പോഴുള്ള അയാളുടെ പരവേശം ഒന്ന് കാണേണ്ടതായിരുന്നു… പിന്നേ വെറുതെ ഒരു പ്രഹസനത്തിന് വേണ്ടി ഒന്ന് രണ്ടിടത്തും കൂടി തിരഞ്ഞു…. നിരാശയോടെ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്….

ഒന്ന് രണ്ട് ചോദ്യങ്ങൾ ഉണ്ടായിരുന്നു മുഖത്ത് നോക്കി ചോദിക്കാൻ…..പിന്നേ വേണ്ടെന്ന് വച്ചു …””””” പറഞ്ഞു അവസാനിപ്പിക്കുമ്പോൾ മദറിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി ഇരുന്നു… “””””ഛെ… അയാളുടെ ചമ്മിയ മുഖം ഒന്ന് കാണാൻ പറ്റിയില്ലല്ലോ….””””” നിരാശ നിറഞ്ഞിരുന്നു ശരത്തിന്റെ സ്വരത്തിൽ… “””””ഹാ… അത് പോട്ടെ… മറ്റൊരു പ്രശ്നം കൂടി ഉണ്ടല്ലോ ഇപ്പോൾ….. ജാനകിയുടെ സേഫ്റ്റി….! അവരിവിടെ എത്തിയ സ്ഥിയ്ക്ക് അവരിനി ജാനകിയെ വെറുതെ വിടില്ല എന്നുറപ്പാണ്…. അവളെ ഇല്ലാതാക്കാനാകും ഇനി അവരുടെ ശ്രമം… നമ്മൾ അവളെ മാറ്റാൻ ഇടയുള്ള എല്ലായിടവും അവര് തിരയും…. അതിൽ മുൻപിൽ തന്നെ ഉണ്ടാകും ഡോക്ടറിന്റെ വീട്…..””””” “””””അതേ… ഇപ്പോൾ അതാണ്‌ ഏറ്റവും പ്രധാനം ….””””” ശരത്തിന്റെ അഭിപ്രായത്തെ ശെരി വച്ച് കൊണ്ട് മദർ എഴുന്നേറ്റു…. ”

“”””പക്ഷെ എവിടേയ്ക്ക്…? അതാണ്‌ ആലോചിക്കേണ്ടത്…..””””” “””””ആൽവിയോട് സംസാരിക്കാമായിരുന്നു….അയാളുടെ പരിചയത്തിൽ സുരക്ഷിതമായോരിടം ഉണ്ടാകുമോ എന്ന്…. പക്ഷെ… ഇന്നലെ അവര് വന്നു പോയ ശേഷമാണ് ജാനിയുടെ ബാഗിൽ ഡ്രഗ്സ് കണ്ടത്….. അത് കൊണ്ട് സത്യങ്ങൾ അറിയുന്നത് വരെ അവരെ സംശയത്തിന്റെ നിഴലിൽ നിർത്തിയെ മതിയാകൂ….. എന്തായാലുംആദ്യം സിസ്റ്ററിനെ ഒന്ന് കാണണം… അത് കഴിഞ്ഞ് ആൾവിയോട് സംസാരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം…. മദർ വരൂ…””””” പറഞ്ഞു നിർത്തുമ്പോഴേയ്ക്കും ശരത് മഠത്തിലേയ്ക്ക് നടന്നു കഴിഞ്ഞിരുന്നു……… തുടരും

തമസ്സ്‌ : ഭാഗം 25

Share this story