ഈറൻമേഘം: ഭാഗം 18

ഈറൻമേഘം: ഭാഗം 18

 എഴുത്തുകാരി: Angel Kollam

അമേയ ആ കാർഡിലേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കി.. അവന്റെ കണ്ണടയുടെ സ്വർണഫ്രെയിം പുറത്ത് നിന്നുള്ള വെട്ടത്തിൽ തിളങ്ങുന്നത് പോലെ തോന്നി… അതേസമയം ആ സ്വപ്നവും അവളുടെ മനസിലേക്ക് കടന്ന് വന്നു… അമേയയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി.. പുറത്തേക്ക് വീണു പോയാലോ എന്നുള്ള ഭയത്തിൽ അവൾ പെട്ടന്ന് ജോയലിന്റെ തോളിൽ പിടിച്ചു.. ജോയൽ അവളുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു.. അമേയയ്ക്ക് ചമ്മൽ തോന്നി.. അവൾ തന്റെ കൈകൾ വലിച്ചെടുത്തു.. അവന്റെ നേർക്ക് നോക്കാതെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. “സോറി സാർ.. ആക്ച്വലി സൈക്കോളജിസ്റ്റാണെന്ന് എനിക്കറിയില്ലായിരുന്നു.. അതാണ് ഞാൻ നേരത്തെ അങ്ങനെയൊക്കെ പെരുമാറിയത്.. ”

“ഇട്സ് ഓക്കേ.. അല്ലെങ്കിലും പരിചയമില്ലാത്ത ആളുകളോട് പെൺകുട്ടികൾ അൽപ്പം അകലമിട്ടേ പെരുമാറുകയുള്ളൂ എന്നെനിക്കറിയാം ” അമേയയ്ക്ക് പിന്നീടെന്ത് സംസാരിക്കണമെന്നറിയില്ലായിരുന്നു.. രണ്ടുപേരുടെയും നടുവിൽ മൗനം തളം കെട്ടി നിന്നു.. തണുത്ത കാറ്റടിച്ചുള്ള ആ യാത്ര അമേയയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു.. അല്ലെങ്കിലും വാതിൽക്കൽ നിന്നുള്ള യാത്രകൾ താൻ പലതവണ ആസ്വദിച്ചിട്ടുള്ളതാണല്ലോ.. അവളുടെ ചിന്ത മനസിലാക്കിയിട്ടെന്ന വണ്ണം ജോയൽ പറഞ്ഞു.. “എടോ.. ഇവിടെ നിന്നുള്ള ഈ യാത്ര അത്ര നല്ലതല്ല.. അപകടമാണെന്ന് അറിഞ്ഞു കൊണ്ട് എന്തിനാ ഇവിടിങ്ങനെ നിൽക്കുന്നത്?” അമേയയുടെ മുഖം വ്യക്തമല്ലെങ്കിലും അവളുടെ മുഖത്തെ ഭാവങ്ങൾ മനസിലാക്കാൻ അവന് കഴിഞ്ഞു..

“തനിക്കിങ്ങനെ നിന്ന് യാത്ര ചെയ്യുന്നത് ഒരുപാടിഷ്ടമാണെന്ന് തോന്നുന്നല്ലോ?” “അതേ…” “അത്ര നല്ല ഓർമകളൊന്നും ആ യാത്രകൾ തനിക്ക് സമ്മാനിച്ചിട്ടില്ലല്ലോ.. പിന്നെയും എന്തിനാടോ അതൊക്കെ വീണ്ടും ഓർക്കാൻ ശ്രമിക്കുന്നത്?” “എത്ര മറക്കാൻ ശ്രമിച്ചാലും ചില ഓർമ്മകൾ നമ്മുടെ മനസ്സിനെയിങ്ങനെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കും.. ക്ലിനിക്കൽ സൈക്കോളജിസ്റ്റായിട്ടും സാറിന് ഇതൊന്നും അറിയില്ലേ?” “എടോ ഇങ്ങനെ ഓർമ്മകൾ ശ്വാസം മുട്ടിക്കാതിരിക്കാനാണ് ഹോസ്പിറ്റലുകളിൽ ഞങ്ങളെ പോലുള്ളവരുടെ സേവനങ്ങൾ ഉള്ളത്.. അതെങ്ങനെയാ… മാനസികരോഗം ഉള്ളവർ മാത്രമാണ് സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്‌റ്റിന്റെയും അടുത്തു പോകുന്നതെന്നല്ലേ എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്.. തന്നെപോലെ വിദ്യാഭ്യാസം ഉള്ളവർ പോലും അങ്ങനെയാണല്ലോ ചിന്തിക്കുന്നത് ”

“എല്ലാവരും എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല.. പക്ഷേ എന്തായാലും ഞാൻ അങ്ങനെയല്ല.. ഒന്നുമല്ലെങ്കിലും ഞാനൊരു നഴ്സല്ലേ.. കൗൺസിലിങ് ആവശ്യമുള്ളവർക്ക് ആർക്ക് വേണമെങ്കിലും നിങ്ങളുടെ സേവനം സ്വീകരിക്കാമെന്ന് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട് ” “ആഹാ താൻ നേഴ്സ് ആണോ? ഏത് ഹോസ്പിറ്റലിലാണ് വർക്ക്‌ ചെയ്യുന്നത്? ഒരുനിമിഷത്തേക്ക് അമേയയുടെ മുഖം വാടി.. പക്ഷേ പെട്ടന്ന് തന്നെ പഴയ പ്രസന്നത വരുത്താൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു.. “ഞാൻ നേരത്തേ എമറാൾഡിൽ ആയിരുന്നു വർക്ക്‌ ചെയ്തിരുന്നത്.. പക്ഷേ ഇപ്പോൾ ജോബ് റിസൈൻ ചെയ്തു.. ” “അതെന്ത് പറ്റി ജോബ് റിസൈൻ ചെയ്തത്?” “അതൊക്കെ പറയാനാണെങ്കിൽ ഒരുപാടുണ്ട്.. വെറുതെ എന്തിനാ എന്റെ ജീവിതകഥ കേട്ടിട്ട് സാറിന്റെ ഉറക്കം കളയുന്നത്?”

“എന്റെ ഉറക്കം പോകുന്നതിനെപ്പറ്റിയോർത്തു താൻ ടെൻഷനടിക്കണ്ട.. കുറച്ചു മുൻപ് താനല്ലേ പറഞ്ഞത് ചില ഓർമകൾ തന്നെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്നുവെന്ന്.. അതിൽ നിന്നൊക്കെ ഒരു മോചനം നേടണമെന്ന് താൻ ആഗ്രഹിക്കുന്നില്ലേ… ഈ യാത്രയിൽ അവിചാരിതമായി നമ്മൾ കണ്ടു മുട്ടിയത് പോലും ചിലപ്പോൾ അതിന് വേണ്ടിയാണെങ്കിലോ.. നമ്മുടെ മനസിലുള്ള സങ്കടങ്ങൾ ആരോടെങ്കിലും പങ്ക് വയ്ക്കാൻ കഴിഞ്ഞാൽ തന്നെ ആ സങ്കടത്തിന്റെ പകുതി ഇല്ലാതെയാകും.. എന്തിനാണ് വീണ്ടും ഒരു ഭാരം നെഞ്ചിലേറ്റി താനിങ്ങനെ ശ്വാസം മുട്ടി ജീവിക്കുന്നത്..

ഇന്നത്തോടെ കൂടി പഴയ ഓർമകളെല്ലാം മനസ്സിൽ നിന്നും മായിച്ചു കളഞ്ഞിട്ട് പുതിയൊരു വ്യക്തിയായി ജീവിക്കാൻ തനിക്ക് കഴിയണം ” “എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല.. പക്ഷേ കഴിയുന്നില്ലെന്നുള്ളതാണ് സത്യം…” “എടോ നമ്മൾ മനസ് വച്ചാൽ നടക്കാത്തതായി ഒന്നുമില്ല.. നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്താൽ എല്ലാം സാധ്യമാകും.. തന്റെ മനസിന്റെ ഭാരം കുറയ്ക്കാൻ ഞാൻ തന്നെ സഹായിക്കാം.. തനിക്ക് ഒരു നല്ല സുഹൃത്തിനോട് പറയുന്നത് പോലെ എന്നോട് എല്ലാം തുറന്നു പറയാം..” അമേയ ഒരു നിമിഷം ആലോചനയോടെ നിന്നു.. തന്റെ മനസിലുള്ളത് അയാളോട് തുറന്നു പറയണോ എന്നൊരു ചിന്ത അവളെ അലട്ടുന്നുണ്ടായിരുന്നു.. പക്ഷേ എന്തുകൊണ്ടോ ഈ യാത്ര അവൾ ഏറെ ആസ്വദിക്കുന്നുണ്ടായിരുന്നു..

പുലരുന്നത് വരെ വേണമെങ്കിലും ഇവിടെ നിൽക്കാൻ അവൾ തയ്യാറായിരുന്നു.. ജോയലിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.. “നമുക്കിവിടെ നിന്ന് സംസാരിച്ചാലോ?” “അതിന് മാത്രം എന്ത് പ്രത്യേകതയാടോ ഈ വാതിൽക്കൽ നിന്നുള്ള യാത്രയ്ക്കുള്ളത്?” “സാർ നേരത്തെ പറഞ്ഞത് ശരിയാണ്.. ഓർത്തിരിക്കാൻ നല്ലതൊന്നും ഇവിടെ നിന്നുള്ള യാത്രകൾ എനിക്ക് സമ്മാനിച്ചിട്ടില്ല.. ഞാൻ നേരത്തെ പറഞ്ഞത് പോലെ, മനസിനെ കീറി മുറിക്കുന്ന വേദനകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ.. അതെല്ലാം മനസ്സിൽ നിന്ന് മായിച്ചു കളയാൻ ഞാൻ ആഗ്രഹിക്കുമ്പോൾ ഇവിടെ നിന്ന് തന്നെ സംസാരിക്കുന്നതാണ് ഏറെ നല്ലതെന്ന് തോന്നുകയാണ് ” ജോയൽ മറുപടി ഒന്നും പറഞ്ഞില്ല.. അമേയ താൻ എങ്ങനെയാണ് അവനോട് കാര്യങ്ങൾ സംസാരിച്ച് തുടങ്ങേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു..

ഒരു ദീർഘനിശ്വാസത്തോടെ അവൾ സംസാരിക്കാൻ തുടങ്ങി.. തന്റെ അമ്മയുടെ മരണവും അച്ഛന്റെ രണ്ടാം വിവാഹവും നഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂരിലേക്ക് പോയതും ശ്യാമിനെ പരിചയപ്പെട്ടതും.. ഇതിടയിൽ അച്ഛന്റെ അസുഖവും മരണവും.. ശ്യാമിനോടുള്ള സൗഹൃദം പ്രണയമായി മാറിയത്.. എമറാൾഡിൽ ജോലിക്ക് ജോയിൻ ചെയ്തത്.. ഒടുവിൽ താൻ ഏറെ സ്നേഹിക്കുന്നവന്റെ വഞ്ചന സ്വന്തം കണ്ണുകൊണ്ടു കാണേണ്ടി വന്നത്.. പിന്നീടൊരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിയാതെ ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് പോയത്.. അവിടെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുമെന്ന് കരുതിയ രണ്ടാനമ്മയുടെ കുടിലത അനുഭവിക്കേണ്ടി വന്നത്.. അരവിന്ദുമായുള്ള വിവാഹലോചന കുതന്ത്രം ഉപയോഗിച്ച് സുമ മുടക്കിയത്..

പെണ്ണുകാണാൻ വന്ന അരവിന്ദ് വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ നിയന്ത്രണം സഹിക്കാൻ കഴിയാതെ അവനെ തല്ലേണ്ടി വന്നത്.. ജനിച്ചു വളർന്ന വീട് പോലും അന്യമാണെന്ന് മനസിലായപ്പോൾ ആ വീട്ടിൽ നിന്നും ചേച്ചിയോടും ചേട്ടനോടുമൊപ്പം പോകേണ്ടി വന്നത്.. ഒടുവിൽ ചേട്ടന്റെ അമ്മയ്ക്ക് താനൊരു ബാധ്യത ആകുമോ എന്നുള്ള ഭയമാണെന്ന് മനസിലായപ്പോൾ ബാംഗ്ലൂരിൽ ജോലി കിട്ടിയെന്ന് കള്ളം പറഞ്ഞിട്ട് തനിക്ക് ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നത്.. താൻ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചതെല്ലാം അമേയ അവനോട് പറഞ്ഞു.. അവളുടെ കവിളുകളിൽ കണ്ണുനീരിന്റെ തിളക്കം അവൻ തിരിച്ചറിഞ്ഞു.. തന്റെ വലത് കരമുയർത്തി അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു.. “എടോ.. തന്റെ ഈ മിഴികൾ ഇനിയൊരിക്കലും നിറയരുത്..

താൻ ആർക്ക് വേണ്ടിയാണിങ്ങനെ ഉരുകുന്നത്.. തന്നെ വേദനിപ്പിച്ചവരൊന്നും തന്റെ സ്നേഹം അർഹിക്കുന്നില്ലടോ.. തന്നെ പൂർണ്ണമായും മനസിലാക്കുന്ന.. സ്നേഹിക്കുന്ന ഒരാൾ തന്റെ ജീവിതത്തിലേക്ക് വരും ” അമേയ മറുപടി ഒന്നും പറഞ്ഞില്ല.. ജോയൽ അവളുടെ നേർക്ക് നോക്കി.. തന്റെ മുന്നിൽ കൗൺസിലിങ്ങിന് വേണ്ടി വരുന്ന ഒരുപാട് ആളുകളെ താൻ കണ്ടിട്ടുണ്ട്.. എല്ലാവർക്കും പറയാനുണ്ടായിരുന്നു വ്യത്യസ്തമായ പല കഥകളും.. കെട്ടുകഥകളാണോ എന്ന് സംശയിച്ചു പോകുന്ന പല ജീവിതകഥകളും താൻ കേട്ടിട്ടുണ്ട്.. അമേയയേക്കാൾ വിഷമം അനുഭവിക്കുന്ന ഒരുപാട് പേരെ താൻ പരിചയപ്പെട്ടിട്ടുമുണ്ട്.. പക്ഷേ എന്തോ അമേയ തനിക്കേറെ പ്രിയപെട്ടവളാണെന്ന് തോന്നുന്നു.. അവളെ കണ്ടുമുട്ടാൻ വേണ്ടിയായിരുന്നു ഈ യാത്രയെന്ന് പോലും തോന്നുന്നു..

തന്റെ മുന്നിൽ സങ്കടത്തോടെ നിൽക്കുന്ന പെൺകുട്ടിയെ ചേർത്ത് പിടിച്ചൊന്ന് ആശ്വസിപ്പിക്കണമെന്ന് തോന്നിയെങ്കിലും അവൻ തന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു.. അൽപ്പസമയം രണ്ടുപേരും മുഖാമുഖം നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.. ജോയലാണ് സംസാരിച്ച് തുടങ്ങിയത്.. “എടോ.. താൻ ആ ഹോസ്പിറ്റലിൽ നിന്ന് റിസൈൻ ചെയ്തു പോരേണ്ടിയിരുന്നില്ല എന്നായിരുന്നു എനിക്ക് തോന്നുന്നത്.. താനൊരു തെറ്റും ചെയ്തിട്ടില്ലായിരുന്നല്ലോ.. പിന്നെന്തിനാണ് താൻ ഒളിച്ചോടിയത്? തെറ്റ് ചെയ്തവരല്ലേ പോകേണ്ടത്.. തെറ്റ് ചെയ്യാത്ത താൻ അവിടെ തലയുയർത്തി പിടിച്ചു നിൽക്കണമായിരുന്നു.. ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് കരുതി അവിടെ ജീവിക്കണമായിരുന്നു..” “അത്രയും മനക്കരുത്തൊന്നും എനിക്കില്ലായിരുന്നു..

പിന്നീടൊരിക്കൽ പോലും ശ്യാമേട്ടനെ നേരിട്ട് കാണരുതെന്ന് കരുതിയിട്ടാണ് ഞാനവിടെ നിന്ന് പോന്നത്.. ഒരുപക്ഷേ ഏട്ടന് എന്നോടുള്ള പ്രണയം ഒരു തമാശ ആയിരുന്നിരിക്കാം.. എനിക്ക് പക്ഷേ അങ്ങനെ ആയിരുന്നില്ല ” ജോയൽ അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. “ഇപ്പോളും… താൻ അവനെ സ്നേഹിക്കുന്നുണ്ടോ?” “ഇല്ല.. ” ഒരുനിമിഷം പോലും ആലോചിക്കാതെ അവൾ മറുപടി നൽകി.. അത്‌ കേട്ടപ്പോൾ ജോയലിന്റെ മനസ്സിൽ ഒരാശ്വാസം തോന്നി.. തൊട്ടടുത്ത നിമിഷം ജോയൽ തന്റെ മനസിനെ ശാസിച്ചു.. തന്റെ മുന്നിൽ നിൽക്കുന്നത് ഇരുപത്തി മൂന്നോ ഇരുപത്തി നാലോ വയസ്സ് പ്രായം വരുന്ന ഒരു കൊച്ചുപെൺകുട്ടിയാണ്..

തനിക്കാണെങ്കിൽ മുപ്പത്തിരണ്ടു വയസായി.. അതുകൊണ്ട് തന്നെ ഈ കുട്ടിയേയും ചേർത്ത് കൂടുതൽ സ്വപ്നങ്ങളൊന്നും നെയ്തു കൂട്ടണ്ട.. അല്ലെങ്കിൽ തന്നെ ഒരു യാത്രയിൽ തികച്ചും ആകസ്മികമായി കണ്ടു മുട്ടിയ രണ്ടു അപരിചിതർ മാത്രമാണ് തങ്ങൾ.. കൂടുതൽ അടുപ്പത്തിനും സ്നേഹത്തിനുമൊക്കെ പോയാൽ പിന്നീട് ചിലപ്പോൾ ദുഖിക്കേണ്ടി വരും.. മനസിലെ ചിന്തകൾ കാടു കയറിയെങ്കിലും ജോയൽ അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു.. ” എല്ലാം മറക്കാൻ തനിക്കു കഴിയുമെടോ.. തന്റെ മനസ്സിൽ അവശേഷിക്കുന്ന അവസാനത്തെ ഓർമ്മകൾ പോലും താൻ മായിച്ചു കളഞ്ഞേക്കുക.. താൻ ശ്യാമിനെ പരിചയപ്പെട്ടിട്ടേയില്ല.. അരവിന്ദുമായി അങ്ങനെ ഒരു പെണ്ണുകാണലും നടന്നിട്ടില്ല.. എല്ലാം മറന്നേക്ക്.. അതൊക്കെ താനേതോ ഉറക്കത്തിൽ കണ്ട ദുസ്വപ്നമാണെന്ന് കരുതിയാൽ മാത്രം മതി.. എന്തായാലും സ്വപ്നത്തിന്റെ ഭാരം ജീവിതത്തിൽ പേറി ആരെങ്കിലും ജീവിക്കുമോ? ”

ജോയൽ തുടർന്ന് സംസാരിച്ച് കൊണ്ടേയിരുന്നു.. അവന്റെ വാക്കുകൾ തനിക്ക് ഏറെ ആശ്വാസം തരുന്നത് പോലെ അമേയയ്ക്ക് തോന്നി.. എന്തോ ഒരു പോസിറ്റീവ് എനർജിയാണ് ആ വാക്കുകൾക്ക്.. “സാർ പറയുന്നതൊക്കെ കേട്ടപ്പോൾ എല്ലാം എനിക്ക് മറക്കാൻ കഴിയുമെന്നാണ് തോന്നുന്നത് ” “കഴിയുമെടോ.. എന്നിട്ട് തന്നെ വേദനിപ്പിച്ചവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം താൻ..” “എനിക്ക് ആരുടെയും മുന്നിൽ ജീവിച്ച് കാണിക്കണ്ട സാർ.. അവരുടെ മുന്നിൽ അബദ്ധത്തിൽ പോലും ചെന്ന് പെടരുതെന്നൊരു ആഗ്രഹം മാത്രമേയുള്ളൂ.. ” “അപ്പോൾ പിന്നെ എന്താ തന്റെ പ്ലാൻ? ഞാനിത്രയൊക്കെ പറഞ്ഞപ്പോൾ എമറാൾഡിൽ തിരിച്ചു ജോയിൻ ചെയ്യുമെന്നാണ് ഞാൻ കരുതിയത് “…. തുടരും…….

ഈറൻമേഘം: ഭാഗം 17

Share this story