ആത്മിക : ഭാഗം 32

ആത്മിക : ഭാഗം 32

എഴുത്തുകാരി: ശിവ നന്ദ

രാത്രിയുടെ രണ്ടാം യാമത്തിൽ ദേവുവിലേക്ക് തന്റെ പ്രണയം നിറച്ചുകൊണ്ട് കിതപ്പോടെ കിച്ചൻ മാറികിടന്നു..ഒരുകൈയാൽ പുതപ്പെടുത്ത് അവളുടെ നഗ്നത മറച്ചുകൊണ്ട് മറുകൈയാൽ അവളെ നെഞ്ചിലേക്ക് ചേർത്തു..പാതിമാഞ്ഞ സിന്ദൂരരേഖയിൽ ചുണ്ട് ചേർക്കുമ്പോൾ അവന്റെ നെഞ്ചിലെ രോമകാട്ടിൽ അവൾ മൃദുവായി ചുംബിച്ചു. “കിച്ചേട്ടാ…” “മ്മ്മ് പറയടോ” “നാളെ എന്റെ വീട്ടിലേക്ക് പോകില്ലേ” “പോകുവല്ലോ..അതിന്??” “അപ്പോഴേ..നമുക്ക് രണ്ട് ദിവസം അവിടെ നിന്നിട്ട് വന്നാൽ പോരേ??” “എന്തേ..നിനക്ക് ഇവിടെ മടുത്തോ??” “അയ്യോ അങ്ങനെയല്ല..

നാളെ അമ്മുവും വരുമല്ലോ..അപ്പോൾ അവളുടെ കൂടെ നിൽക്കാൻ ഒരു കൊതി” “അതിന് ആൽബി അവളെ അവിടെ നിർത്തുമോ??” കിച്ചന്റെ ചോദ്യം കേട്ട് ദേവു സംശയത്തോടെ അവനെയൊന്ന് നോക്കി. “അല്ല..അവനിപ്പോൾ അമ്മുവിനെ എങ്ങോട്ടും ഒറ്റക്ക് വിടില്ലല്ലോ” “ഞാൻ ഇച്ചായനെ കൊണ്ട് സമ്മതിപ്പിച്ചോളാം..” “അല്ല..എന്നിട്ട് രാത്രിയിൽ അവളുടെ കൂടെ കിടക്കാൻ ആണോ നിന്റെ തീരുമാനം??” “പിന്നല്ലാതെ…” കുസൃതിചിരിയോടെ ദേവു പറഞ്ഞതും കിച്ചൻ അവളുടെ മുഖം നെഞ്ചിൽ നിന്നും അടർത്തി മാറ്റി.. “അയ്യോടാ..പിണങ്ങല്ലേ..ഞാൻ വെറുതെ പറഞ്ഞതാണെന്ന് അറിയാലോ..ദേ ഈ നെഞ്ചിലെ ചൂട് പറ്റിയെ ഞാൻ കിടക്കു..” കള്ളച്ചിരിയോടെ അവൻ അവളെ ചേർത്ത്പിടിച്ചു. “ആൽബിയ്ക്ക് അമ്മുവിനോട് എന്തോ ഉണ്ട് ദേവൂട്ടി..”

“അതെന്തേ അങ്ങനെ തോന്നാൻ??” “അവന്റെ ചില പെരുമാറ്റം കാണുമ്പോൾ സംശയിച്ച് പോകും..പക്ഷെ ചോദിച്ചാലും അവൻ പറയില്ല..ഹാ..നോക്കാം എവിടം വരെ പോകുമെന്ന്” അമ്മുവിന്റെ പ്രണയം അറിയാവുന്നത് കൊണ്ട് ദേവു ചെറുതായി ഒന്ന് ചിരിച്ചു..ആൽബിയ്ക്കും അവളോട് അതേ പ്രണയം ഉണ്ടെന്ന് ദേവുവിനും തോന്നിയിട്ടുണ്ട്.. “അതേ നേരം ഒരുപാടായി..എന്റെ മോള് ഉറങ്ങിക്കോ..രാവിലെ നമുക്ക് അമ്പലത്തിൽ കയറിയിട്ട് പോകാം” “മ്മ്ഹമ്മ്…” കുറുകിക്കൊണ്ട് ഒന്നുകൂടി അവനിലേക്ക് ചേർന്ന് കിടന്നു. “ഈ പെണ്ണ് ഉറങ്ങാൻ സമ്മതിക്കില്ലല്ലോ ന്റെ കൃഷ്ണ…” വീണ്ടും അധരം അതിന്റെ ഇണയെ തേടി ചെന്നതും ഒരിക്കൽക്കൂടി അവളിലെ പെണ്ണിനെ ഉണർത്താൻ അവൻ തയാറായി കഴിഞ്ഞിരുന്നു.. 💞💞💞💞

രാവിലെ കണ്ണ്തുറക്കുമ്പോൾ തന്റെ മുഖത്തേക്ക് തലചേർത്ത് വെച്ചിരുന്ന് ഉറങ്ങുന്ന ദിയയെ കണ്ട് ഹർഷന് വല്ലാത്ത വാത്സല്യം തോന്നി..രാത്രി മുഴുവൻ തന്റെയടുത്തിരുന്ന് കഥകൾ പറഞ്ഞ പെണ്ണാ..ഇടയ്ക്കെപ്പോഴാ ചാഞ്ഞിരുന്ന് ഉറങ്ങിപ്പോയി…പാവം..എന്നോ താൻ ചെയ്ത പുണ്യത്തിന്റെ ഫലമായി ദൈവം തന്നതാണ് ഇവളെ..അവന് അവളെയൊന്ന് ചേർത്ത് പിടിക്കാൻ തോന്നി..നെറ്റിയിൽ അമർത്തി ചുംബിക്കാൻ തോന്നി…പക്ഷെ…തന്റെ ഈ കിടപ്പ്…അതോർത്തതും അവന്റെ കണ്ണ് നിറഞ്ഞൊഴുകി… കവിളിൽ നനവ് പടർന്നപ്പോഴാണ് ദിയ ഉണരുന്നത്…ഹർഷൻ കരയുന്നത് കണ്ടതും അവൾ അവന്റെ മുഖം കൈകുമ്പിളിൽ എടുത്തു. “എന്തേ???” ഒന്നുമില്ലെന്ന് അവൻ കണ്ണുചിമ്മി കാണിച്ചെങ്കിലും അവൾക്ക് കാര്യം മനസിലായി..

അതിനെ കുറിച്ചൊന്നും അവനോട് സംസാരിക്കാൻ അവൾ ആഗ്രഹിച്ചില്ല. “അതേ..ഇന്നിങ്ങനെ കരയേണ്ട ദിവസം അല്ല..അറിയാലോ..ഇന്ന് ദേവുവും കിച്ചേട്ടനും വിരുന്നിന് വരും” “ദേവു എന്നോട് മിണ്ടുമോ??” “പിന്നെ മിണ്ടാതെ…അവളുടെ പിണക്കമൊക്കെ മാറി ഹർഷേട്ടാ..അന്ന് കല്യാണവേഷത്തിൽ വന്ന് ഏട്ടനെ കണ്ടിട്ടല്ലേ അവൾ അമ്പലത്തിലേക്ക് പോയത്??” “അത് നിങ്ങൾ എല്ലാവരുംകൂടി നിർബന്ധിച്ച് പറഞ്ഞുവിട്ടതാണെന്ന് എനിക്ക് അറിയാം” കണ്ണുനീർ നിറഞ്ഞ പുഞ്ചിരിയോടെ ഹർഷൻ പറഞ്ഞതും ദിയ ഒന്ന് ചിരിച്ചു..കൂടുതൽ ഒന്നും പറയാതെ അവന്റെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് അവൾ പുറത്തേക്ക് ഇറങ്ങി… *******

കാറിന്റെ ശബ്ദം കേട്ടപ്പോൾ അത് ദേവു ആയിരിക്കുമെന്ന് കരുതി വാതിലിലേക്ക് കണ്ണുംനട്ട് കിടന്ന ഹർഷന്റെ മുന്നിലേക്ക് വന്നത് ആൽബി ആണ്. “എന്താടോ പെങ്ങളെ പ്രതീക്ഷിച്ചിരിക്കുവാണോ??” “ഏയ്…നീ ഒറ്റക്കെ ഉള്ളോ??” “അങ്ങനെ ഞാൻ വരില്ലെന്ന് അറിയില്ലേ..അമ്മുവിനെ കൊണ്ട് വന്നതാ” “എന്നിട്ട് അവൾ എവിടെ??” “നേരെ അവളുടെ സാമ്രാജ്യത്തിലേക്ക് പോയിട്ടുണ്ട്” “സാമ്രാജ്യമോ??” “മ്മ്മ് അടുക്കള…ദിയയും തന്റെ അമ്മയും അവിടെ കാര്യമായ ജോലിയിൽ ആണല്ലോ” ഹർഷൻ ചിരിയോടെ ആൽബിയെ നോക്കി കിടന്നു.ആൽബി അവന്റെ മെഡിസിൻസ് ഒക്കെ എടുത്ത് നോക്കുവായിരുന്നു. “രണ്ടാഴ്ചയും കൂടി കഴിക്കാനുള്ള മരുന്ന് ഉണ്ടല്ലേ..

അപ്പോൾ അത് കഴിഞ്ഞ് ഉടനെ ഫിസിയോതെറാപ്പി സ്റ്റാർട്ട്‌ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്” അവന്റെ വാക്കുകൾ കേൾക്കേ ഹർഷന്റെ മുഖത്ത് പ്രതീക്ഷ തെളിഞ്ഞു.. “അപ്പോൾ പ്രണയം പൂവിട്ടു അല്ലേ??” ആൽബിയുടെ ചോദ്യം കേട്ട് ഹർഷൻ ഒന്നും മനസിലാകാത്തത് പോലെ അവനെ നോക്കി. “ദിയയുടെ പരിചരണം കാണാൻ ഉണ്ട്..ഇപ്പോൾ നിന്റെ മുഖത്ത് കാണുന്ന ഈ സന്തോഷത്തിന് പിന്നിലും അവൾ അല്ലേ” “സത്യമാ നീ പറഞ്ഞത്…എനിക്ക് ജീവിക്കണം ആൽബി..അവൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം സ്നേഹം നൽകി അവളെ എനിക്ക് എന്റെ പാതിയാക്കണം…പ്രണയിക്കണം..അവൾക്ക് വേണ്ടി ജീവിക്കണം…” ആവേശത്തോടെയുള്ള അവന്റെ സംസാരം ചെറുചിരിയോടെ ആൽബി കേട്ടുനിന്നു..

അപ്പോഴാണ് ആൽബിയ്ക്കുള്ള ചായയുമായി അമ്മു അവിടേക്ക് വന്നത്. “ഹർഷന് ഇല്ലേ??” “ഹർഷേട്ടൻ കുറച്ച് മുൻപ് ആഹാരം കഴിച്ചതെ ഉള്ളെന്ന് ദിയേച്ചി പറഞ്ഞു..ഇപ്പോൾ ചേച്ചി ആണല്ലോ ഏട്ടന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്” സ്വാതന്ത്ര്യത്തോടെയുള്ള അവളുടെയാ “ഏട്ടൻ” വിളി കേട്ട് ഹർഷൻ കണ്ണിമയ്ക്കാതെ അമ്മുവിനെ നോക്കി..പുറമെ ചിരിക്കുന്നുണ്ടെങ്കിലും എന്തോ ഒരു വിഷമം അവളെ അലട്ടുന്നതായി ഹർഷന് തോന്നി..എന്നാൽ അതിനെക്കുറിച്ച് അവളോട് ചോദിക്കാനോ അവളുടെ കാര്യത്തിൽ ഇടപെടാനോ തനിക്ക് അവകാശമില്ലെന്ന ചിന്ത അവനെ അതിൽനിന്ന് പിന്തിരിപ്പിച്ചു..അവൾ പോയതും അവൻ ആ സംശയം ആൽബിയോട് ചോദിച്ചു.

“അങ്ങനെ വിഷമിക്കേണ്ട ഒരു പ്രശ്നവും അവൾക്ക് ഉണ്ടായിട്ടില്ല..പിന്നെ ക്ലാസ്സ്‌ ഒക്കെ തുടങ്ങാറായത് കൊണ്ട് കുറുമ്പൊക്കെ മാറ്റണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്..അതിന്റെ മാറ്റമാ” അമ്മുവിനെ കുറിച്ച് ഉത്തരവാദിത്തത്തോടെ പറയുന്നവനെ ഹർഷൻ അർത്ഥംവെച്ചൊന്ന് നോക്കി..തിരിച്ച് എന്തെങ്കിലും ആൽബി പറയുന്നതിന് മുൻപ് തന്നെ ദേവുവും കിച്ചനും എത്തി..കൂടെ അവന്റെ അച്ഛനും അമ്മയും… എല്ലാവരും ഹർഷന്റെ മുറിയിൽ വന്നു.കിച്ചനും അവന്റെ അച്ഛനും അമ്മയും ഹർഷന്റെ സുഖവിവരം ചോദിക്കുമ്പോൾ ദേവു അമ്മുവിനോടും ദിയയോടും അവളുടെ വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു.മനഃപൂർവം അവൾ ഹർഷനിൽ നിന്നും അകലംപാലിക്കുവാണെന്ന് മനസ്സിലായതും ആൽബി കിച്ചനെ ഒന്ന് നോക്കി..

കാര്യം മനസിലായത് പോലെ അവൻ അച്ഛനും അമ്മയുമായി പുറത്തേക്ക് ഇറങ്ങി.തൊട്ടുപിറകെ ഇറങ്ങിയ ആൽബി തിരിഞ്ഞുനിന്ന് അമ്മുവിനെയും ദിയയെയും വിളിച്ചു.അവരോടൊപ്പം പോകാനിറങ്ങിയ ദേവുവിനോട് വരണ്ടെന്ന് ആൽബി പറഞ്ഞതും അവൾ എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാതെ ആ മുറിയുടെ വാതിൽ ചാരി നിന്നു.ഇടയ്ക്ക് നോട്ടം മാറിയപ്പോഴാണ് തന്നെ നോക്കികിടക്കുന്ന ഹർഷനെ അവൾ ശ്രദ്ധിക്കുന്നത്..ചെന്നിയിലൂടെ ഒഴുകുന്ന കണ്ണുനീർ ഒരുനിമിഷം അവളുടെ ഉള്ള് പൊള്ളിച്ചു..നോട്ടം മാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും കണ്ണുകൾ അവനിലേക്ക് തന്നെ എത്തി.. കിച്ചേട്ടനും ഇച്ചായനും അമ്മുവുമൊക്കെ പറഞ്ഞത് പോലെ പരസഹായം കൂടാതെ ഒന്നനങ്ങാൻ പോലും പറ്റാത്ത ഒരാളോട് വെറുപ്പ് കാണിക്കാനും മാത്രം ക്രൂരയാണോ ഞാൻ…അല്ല…ഞാനൊരു പെണ്ണാണ്..

ഈ ഏട്ടൻ കാരണം ജീവിതം ഇല്ലാതാകേണ്ടിയിരുന്ന ഒരു പെണ്ണ്…പക്ഷെ..അവരൊന്നും ഇന്നീ ഭൂമിയിൽ ഇല്ല..ഇനിയും പശ്ചാത്തപിക്കുന്നവനോട് ക്ഷമിച്ചൂടെ തനിക്ക്… ഓരോന്ന് ഓർത്ത് അവന്റെ മുഖത്തേക്ക് തന്നെ അവൾ നോക്കിനിന്നു..ഹൃദയം വല്ലാതെ വേദനിക്കുന്നത് പോലെ.. “ദേവു…ക്ഷമിക്കടാ ഏട്ടനോട്..” അവന്റെ ആ വാക്കുകൾ മതിയായിരുന്നു..ഓടിവന്നവൾ അവന്റെ നെഞ്ചിലേക്ക് വീണു.. “ഇതെന്റെ പഴയ ഹർഷേട്ടനാ..ഹൈദരാബാദിലേക്ക് പോകുന്നതിന് മുൻപുള്ള ഹർഷേട്ടൻ..ഇനിയെന്നും അങ്ങനെ മതി..” കരഞ്ഞുകൊണ്ട് അവൾ പറയുന്നത് കേട്ടാണ്‌ കിച്ചനും ആൽബിയും അകത്തേക്ക് വരുന്നത്. “ഇത്രപെട്ടെന്ന് നിന്റെ മനസ്സ് മാറിയോ ദേവു?? ”

കുസൃതിയോടെയുള്ള ആൽബിയുടെ ചോദ്യം കേട്ട് അവൾ ഹർഷനെ നോക്കിയിരുന്നു. “എന്തൊക്കെ ആയിരുന്നു..ഈ ജന്മം ഹർഷേട്ടനോട് ഞാൻ ക്ഷമിക്കില്ല..പൊറുക്കില്ല…” “കിച്ചേട്ടാ..വേണ്ടാട്ടോ..എന്റെ ഏട്ടൻ ഇപ്പോൾ പുതിയ ഒരാളാണ്..ഇനിയൊരിക്കലും വഴിതെറ്റി പോകില്ലെന്ന് ഉറപ്പുള്ള ഒരാൾ..അല്ലേ ഹർഷേട്ടാ..” “അതേ” എന്നവൻ തലയാട്ടിയതും ദേവു അവന്റെ നെഞ്ചിൽ തലവെച്ച് ഇരുന്നു.. ********* ഉച്ചക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു..ഹർഷന് ദിയ വാരിക്കൊടുക്കുന്നത് കണ്ട് എല്ലാവരും കിട്ടിയ അവസരത്തിന് രണ്ട് പേരെയും കളിയാക്കി…വൈകുന്നേരത്തോടെ കിച്ചന്റെ അച്ഛനും അമ്മയും തിരികെ പോയി..അമ്മുവിനെ രണ്ട് ദിവസം അവിടെ നിർത്തണമെന്ന ദേവുവിന്റെ ആവശ്യം ഒറ്റദിവസം നിർത്താമെന്ന ഉറപ്പിൽ ആൽബി സമ്മതിച്ചു…

പകരം അവനും അവിടെ നിൽക്കുമെന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും അത് ഇരട്ടി സന്തോഷമായി… അമ്മായി ഇടംവലം തിരിയാതെ അമ്മുവിനെ പിടിച്ചിരുത്തി വിശേഷം ചോദിക്കുന്നത് എല്ലാവരും കൗതുകത്തോടെ നോക്കിയിരുന്നു..കല്യാണം കഴിഞ്ഞ് പോയ മോളോട് പോലും അവർ അങ്ങനെ ചോദിക്കുന്നില്ല..അതിന് ദേവു പരാതി പറഞ്ഞതും അവർ അമ്മുവിനെ കൂടുതൽ ചേർത്ത് പിടിച്ചു.ദേവുവിന്റെ മനസ്സ് നിറയ്ക്കുന്ന കാഴ്ച ആയിരുന്നു അത്. നേരം ഒരുപാടായതും ദേവുവും കിച്ചനും അവരുടെ മുറിയിലേക്ക് പോയി.അമ്മായിയും കിടന്നു..ദിയയ്ക്ക് ഹർഷന്റെ കാര്യത്തിലും അമ്മുവിന് ആൽബിയുടെ കാര്യത്തിലും ആയിരുന്നു ടെൻഷൻ..ഒടുവിൽ ആൽബി ഹർഷന്റെ മുറിയിൽ കിടന്നോളാമെന്ന് പറഞ്ഞതും സമാധാനത്തോടെ രണ്ട് പേരും കിടക്കാൻ പോയി.

ഹർഷനും ആൽബിയും ഒരുപാട് സംസാരിച്ചു..അവരുടെ കുട്ടിക്കാലത്തെ കുറിച്ചും കോളേജ് ലൈഫിനെ കുറിച്ചുമൊക്കെ…ഇടയ്ക്ക് ഷർട്ട്‌ ബട്ടൻസ് തുറന്ന് കോളർ പൊക്കിയിട്ട് അസ്വസ്ഥതയോടെ ഇരിക്കുന്നവനെ കണ്ട് ഹർഷന് ചിരി വന്നു. “ഏസിയിൽ കിടക്കുന്നവന് ഇവിടെ പറ്റുന്നില്ല അല്ലേ???” “പോടാ…അങ്ങനൊന്നുമില്ല….ഇന്നെന്തോ ഭയങ്കര ചൂട്” “മ്മ്മ്മ്….” “നീ എങ്കിൽ ഉറങ്ങിക്കോ..ഞാൻ കുറച്ച് നേരം പുറത്തിരിക്കട്ടെ..ഇന്ന് നല്ല നിലാവ് ഉണ്ട്” ******* മുറ്റത്തേക്കുള്ള പടിയിൽ ഇരുന്നുകൊണ്ട് ആൽബി ടീനയെ വിളിച്ചു..ആദ്യത്തെ റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ആയി. “എടാ താന്തോന്നി…അവിടെ സ്റ്റേ ചെയ്യുമെന്ന് പറഞ്ഞെങ്കിൽ ഞാനും വന്നേനേലോ” “അതറിയാവുന്നത് കൊണ്ടാ പറയാഞ്ഞത്”

“ഓഓഓ അല്ലെങ്കിലും എനിക്ക് അറിയാം ഇപ്പോൾ എന്നെ വേണ്ടെന്ന്” അതിന് അവൻ ചിരിച്ചതേ ഉള്ളു. “എന്തിനാടാ ചിരിക്കുന്ന??” “ഒന്നുമില്ല ടീനുകൊച്ചേ…നീ ഇങ്ങോട്ട് വന്നാൽ കൂടെ ജെറിയും വരും..എല്ലാവർക്കും കൂടി കിടക്കാൻ ഇവിടെ സ്ഥലമില്ല” “കിടക്കണ്ട..നമുക്ക് എല്ലാവർക്കും കൂടി എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാരുന്നല്ലോ” “അതിനല്ലേ ഞാനിപ്പോൾ വിളിച്ചത്..നമുക്ക് ഇങ്ങനെ മിണ്ടാട്ടോ” “മ്മ്മ്മ് മ്മ്മ്മ്….അമ്മു എവിടെ??” “കിടന്നു..” ============== ഈ സമയം അമ്മു അസ്വസ്ഥമായ മനസ്സുമായി കിടക്കുവായിരുന്നു..ദിയ ആണെകിൽ നല്ല ഉറക്കത്തിലും..തന്റെ തീരുമാനം ശെരിയാണോ എന്ന് മാറിയും തിരിഞ്ഞും അവൾ ആലോചിച്ചു.ഓരോന്ന് ഓർക്കുംതോറും അവൾക്ക് തല പെരുകുന്നത് പോലെ തോന്നി.

വെള്ളം കുടിക്കാനായി അവൾ മുറിയിൽ നിന്നിറങ്ങിയപ്പോഴാണ് ആൽബി ഉമ്മറത്ത് ഇരിക്കുന്നത് കണ്ടത്..അമ്മു അവന്റെ അടുത്തേക്ക് ചെന്നതും അവൻ ഫോൺ കട്ട്‌ ചെയ്ത് അവളെ നോക്കി. “ഹോ നീയായിരുന്നോ…” “എന്താ ഇച്ച ഇവിടിരിക്കുന്ന??” “ഏയ്‌..ഇവിടെ നല്ല കാറ്റുണ്ട്..പോരാത്തതിന് നിലാവും..നീ എന്താ ഉറങ്ങാത്ത??” “ഒന്നുമില്ല…” “എന്നാൽ ഇവിടിരിക്ക്” അവൾ അവന്റെ അടുത്ത പടിയിലായിട്ട് ഇരുന്നു..ഒന്നും മിണ്ടാതെ നിമിഷങ്ങൾ കടന്ന് പോയി. “ഒരു പാട്ട് പാടുമോ ഇച്ചാ?? ” “എന്തുപറ്റി എന്റെ അമ്മൂട്ടിക്ക്??” “ഇച്ചന്റെ പാട്ട് കേൾക്കാൻ തോന്നുന്നു” അവൻ അവളുടെ മുഖത്തേക്ക് നോക്കി..നിലാവിന്റെ വെളിച്ചത്തിൽ അവളുടെ നിഷ്കളങ്ക മുഖം കൂടുതൽ ശോഭിക്കുന്നത് പോലെ അവന് തോന്നി..

🎶മയിലായ് പറന്നുവാ….മഴവില്ല് തോൽക്കുമെൻ അഴകേ…. കനിവായ് പൊഴിഞ്ഞുതാ….മണിപ്പീലി ഒന്നുനീ അരികേ… ഏഴിലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ… എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീ അണിയൂ… നീലരാവുകളും ഈകുളിരും പകരം ഞാൻ നൽകും… ആരുമാരും അറിയാതൊരു നാൾ ഹൃദയം നീ കവരും…🎶 “ഇതാണ് തന്റെ ലോകം” എന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ അമ്മുവിന് തോന്നി..ഒന്നും പറയാതെ അവൾ അകത്തേക്ക് എഴുന്നേറ്റ് പോയി..ആ പോക്ക് നോക്കി ഒരു ചിരിയോടെ ആൽബി നിലാവിലേക്ക് കണ്ണുംനട്ട് ഇരുന്നു… 💞💞💞💞💞

കിച്ചന്റെ അമ്മയുമായി സിറ്റ്ഔട്ടിൽ ഇരിക്കുമ്പോഴാണ് ആൽബിയും അമ്മുവും വരുന്നത് ദേവു കണ്ടത്..വീട്ടിൽ വിരുന്നിന് പോയി വന്നിട്ട് ഇപ്പോൾ രണ്ട് ദിവസമേ ആയോളു.അതിനുള്ളിൽ അമ്മു തന്നെ കാണാൻ ഇങ്ങോട്ട് വരണമെങ്കിൽ തക്കതായ എന്തോ കാര്യമുണ്ടെന്ന് ദേവുവിന് തോന്നി. “അമ്മൂസേ…എന്താടാ??” “അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല പെണ്ണേ..മറ്റന്നാൾ എനിക്ക് ക്ലാസ്സ്‌ തുടങ്ങുവാണ്..അത് വന്നൊന്ന് പറയണമെന്ന് തോന്നി..” “കിച്ചു എവിടെ??” “കിച്ചേട്ടൻ ലീവ് കഴിഞ്ഞ് ഇന്ന് ജോയിൻ ചെയ്തു ഇച്ചായ” “എന്നിട്ട് നിന്റെ ലീവ് കഴിഞ്ഞില്ലേ??” “ഇന്നുംകൂടിയെ ഉള്ളു..നാളെ മുതൽ പോകണം..ഒരുപാട് ക്ലാസ്സ് മിസ്സ്‌ ആയി” “നിങ്ങൾ കയറി വാ..ഞാൻ ചായ ഇടാം” കിച്ചന്റെ അമ്മ അതും പറഞ്ഞ് അകത്തേക്ക് കയറി..

പിറകെ ആൽബിയും അമ്മുവും ദേവുവും..ആൽബി ടീവി ഓൺ ചെയ്ത് ചാനൽ മാറ്റിക്കൊണ്ട് ഇരുന്നതും അമ്മുവിന് മറ്റെന്തോ തന്നോട് പറയാനുണ്ടെന്ന് തോന്നിയ ദേവു അവളെയും കൊണ്ട് മുറിയിലേക്ക് പോയി.. “നീയെന്താ അമ്മു പറഞ്ഞത്..ഡിഗ്രി കഴിഞ്ഞ് എംബിഎ എടുക്കുമെന്നോ??? അപ്പോൾ സിവിൽ സർവീസ് എപ്പോൾ എഴുതാന??” ബെഡിൽ തലതാഴ്ത്തി ഇരിക്കുന്നവളുടെ ഇരുതോളിലും പിടിച്ചുകൊണ്ട് ദേവു ചോദിച്ചു. “ഞാൻ സിവിൽ സർവീസിന് പോകുന്നില്ല!!!” “എന്താ??? നീയെന്താ ഈ പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ??” “മ്മ്മ്…” “എന്താ അമ്മു നിനക്ക് പറ്റിയത്? പഠിപ്പിക്കില്ലെന്ന് ഇച്ചായൻ പറഞ്ഞോ??

അതോ വേറെ എന്തെങ്കിലും പ്രശ്നം ആണോ..നീ തുറന്ന് പറ” കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ തടയാതെ അമ്മച്ചി പറഞ്ഞതൊക്കെ അവൾ ദേവുവിനോട് പറഞ്ഞു. “എന്തൊക്കെ പൊട്ടത്തരമാ അമ്മു നീയീ ചിന്തിച്ചുകൂട്ടുന്നത്..” “എനിക്ക് അറിയില്ല ദേവു..പക്ഷെ എന്റെ ഇച്ചനെ നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല” “അതിന്..നിന്റെ സ്വപ്നം വേണ്ടെന്ന് വെക്കാൻ പറ്റുമോ നിനക്ക്??” “ആ സ്വപ്നം വീണ്ടും എന്നിൽ ഉണരാൻ കാരണം ഇച്ചൻ അല്ലേ..ആ ഇച്ചനെ ഒഴിവാക്കിക്കൊണ്ട് എനിക്കാ സ്വപ്നം നേടേണ്ട” “അമ്മു നീ പൊട്ടിയെ പോലെ സംസാരിക്കല്ലേ..ഓർമവെച്ച കാലം മുതൽ ഐഎഎസ് എന്ന ലക്ഷ്യവുമായി നടന്നിട്ട്..ഇന്നതിന്റെ പടിവാതിൽ വരെ എത്തിയപ്പോഴാ അവളുടെ ഒരു തീരുമാനം..

.ആ അമ്മച്ചി നിന്റെ പ്രണയം അറിയാതെ എന്തോ പറഞ്ഞെന്നും കരുതി…എടി അമ്മച്ചിക്ക് അറിയില്ലല്ലോ നീയാണ് അവിടുത്തെ മരുമകൾ ആയി വരേണ്ടതെന്ന്” “അതേ ദേവു..അമ്മച്ചിക്ക് അറിയില്ല..പക്ഷെ ഇപ്പോൾ എനിക്ക് അറിയാം..കളരിയ്ക്കൽ വീട്ടിലെ മരുമകളുടെ ക്വാളിഫിക്കേഷൻ എന്തായിരിക്കണമെന്ന്” “അപ്പോൾ നിന്റെ ലക്ഷ്യത്തിന് ഒരു വിലയും ഇല്ലേ??” “ഈ നിലയും വിലയും എനിക്ക് എപ്പോൾ മുതല കിട്ടിത്തുടങ്ങിയത്?? ഇന്ന് എന്തും നേടിയെടുക്കാനുള്ള ധൈര്യവും അവസരവും എനിക്ക് തന്നത് ആ വീട് ആണ്…അവിടെ ഞാൻ കാരണം നാളെ ഒരു പ്രശ്നം ഉണ്ടാകരുത്..” “ഇപ്പോൾ ഞാൻ എന്ത് പറഞ്ഞാലും നിന്റെ തലയിലേക്ക് കയറില്ല…പക്ഷെ നീ ഒരു കാര്യം ഓർക്കണം..പ്രണയമല്ല ജീവിതം” “അറിയാം ദേവു..പ്രണയം മാത്രമല്ല ജീവിതം…ഞാൻ നിന്നോടൊന്ന് ചോദിക്കട്ടെ…

നല്ലൊരു ജോലിക്ക് വേണ്ടി കിച്ചേട്ടനെ വേണ്ടെന്ന് വെക്കാൻ നീ തയാറാകുമോ??” “ഐഎഎസ് നിനക്ക് വെറുമൊരു ജോലി ആണോ അമ്മു?? നിന്റെ ഭാവിയാണ്..നിന്റെ ലക്ഷ്യമാണ്..” “ഇപ്പോൾ മറ്റെന്തിനേക്കാളും എനിക്ക് വലുത് എന്റെ ഇച്ചനാ ദേവു..ഇച്ചനില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പറ്റില്ല” മുഖംപൊത്തി കരയുന്നവളെ ദേവു തന്റെ മാറോട് ചേർത്തു..ഒറ്റപ്പെടൽ അറിഞ്ഞവളുടെ ലോകം ഇന്ന് ഇച്ചായനിലേക്ക് മാത്രം ചുരുങ്ങിയത് ദേവു അറിയുകയായിരുന്നു.. “ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മോളെ…ഇച്ചായനോട് ഞാൻ സംസാരിക്കാം..നിനക്ക് വേണ്ടി ഇച്ചായൻ എന്തൊക്കെ ചെയ്തിട്ടുണ്ട്..” “വേണ്ട..ഇച്ചായൻ അറിഞ്ഞാൽ ഒരിക്കലും എന്റെ ഈ തീരുമാനം അംഗീകരിക്കില്ല..എന്നിൽ നിന്ന് അകന്ന് പോകും…എന്നെയൊന്ന് മനസിലാക്ക് ദേവു…

എല്ലാം നേടുമ്പോൾ കൂടെ ആഗ്രഹിച്ച ആള് ഇല്ലെങ്കിൽ പിന്നെയാ നേടിയത് കൊണ്ട് എന്ത് പ്രയോജനമാ ദേവു…ഒന്നും വേണ്ട…എനിക്ക് എന്റെ ഇച്ചൻ മാത്രം മതി..ആ കുടുംബം മതി…ഞാൻ ആ ജീവിതത്തിൽ സന്തോഷവതിയാകും ദേവു..വേറൊന്നും എനിക്ക് വേണ്ട….” “അപ്പോൾ നിന്റെ സ്വപ്നം ഇല്ലാതാകുന്നതിൽ ഒരു വിഷമവും ഇല്ലേ നിനക്ക്??” “ഉണ്ട്..ചങ്ക് പറിച്ചാണ് ഞാൻ ഈ തീരുമാനം എടുത്തത്..പക്ഷെ എന്റെ ഇച്ചനോളം വലുതല്ല മറ്റൊരു നഷ്ടവും” ഇനി അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ദേവുവിന് മനസിലായി..ഇച്ചായനെ അല്ലാതെ മറ്റാരെയും അമ്മു ഇനി സ്നേഹിക്കില്ല…

ആ ഇച്ചായനെ നഷ്ടപ്പെടുത്തി ആഗ്രഹിച്ച പദവി നേടാൻ അവളെ പോലൊരു പെണ്ണിന് കഴിയില്ല… “അമ്മു..നീ എഴുന്നേറ്റെ” ദേവു ബലമായി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു…ചൂണ്ട് വിരലിനാൽ മുഖമുയർത്തി അവളെ കനപ്പിച്ച് നോക്കി. “ശരി..നീ ആഗ്രഹിച്ചത് പോലെ നടക്കട്ടെ..നിന്റെ തീരുമാനത്തിനോടൊപ്പം ഞാൻ നിൽക്കാം…പക്ഷെ…” ദേവു എന്താണ് പറയാൻ പോകുന്നതെന്ന് അറിയാനായി അമ്മു അവളെ തന്നെ നോക്കി നിന്നു. “ആർക്ക് വേണ്ടിയാണോ നീയീ ത്യാഗം ചെയ്യുന്നത്..ആ ആള് നിന്റെ പ്രണയം അറിയണം…” അമ്മു ഞെട്ടലോടെ ദേവുവിനെ നോക്കി… “ഇച്ചായൻ അറിയണം അമ്മു..എങ്കിലേ ഇച്ചായനും മനസ്സ് തുറക്കു..അല്ലാതെ ഒരു പരീക്ഷണത്തിന് നിന്റെ ഭാവി ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല…”

“ഹ്മ്മ്…ഞാൻ ഇച്ചനോട്‌ പറയാം…പകരം നീയും എനിക്ക് വാക്ക് തരണം..ഞാൻ ഈ പറഞ്ഞതൊന്നും ആരും അറിയരുതെന്ന്..കിച്ചേട്ടൻ പോലും…” “മ്മ്മ്…” അവർ തിരികെ വരുമ്പോൾ ആൽബി ചായയും കുടിച്ച് ടീവി കണ്ടിരിക്കുവായിരുന്നു.. “നിന്റെ മുഖമെന്താ ഇങ്ങനെ ഇരിക്കുന്ന??? കരഞ്ഞോ നീ” വേവലാതിയോടുള്ള ആൽബിയുടെ ചോദ്യം കേട്ട് ദേവു അമ്മുവിനെ നോക്കി.. “പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ് പെണ്ണ് ഒന്ന് സെന്റി ആയതാ ഇച്ചായ..” ആൽബിയുടെ കൂർത്തനോട്ടത്തിൽ അമ്മു മൃദുവായൊന്ന് ചിരിച്ചു..യാത്ര പറഞ്ഞ് അവർ ഇറങ്ങിയതും ദേവു ആശങ്കയോടെ വാതിൽ ചാരി നിന്നു. അന്ന് രാത്രിയിൽ അമ്മുവിന് ഉറങ്ങാൻ കഴിഞ്ഞില്ല..നാളെ തന്നെ ഇച്ചനോട്‌ തന്റെ ഉള്ളിലുള്ളത് പറയണം എന്നവൾ ഉറപ്പിച്ചു…. 💞💞💞

“ഇച്ചാ…എന്റെ കൂടെയെന്ന് അമ്പലത്തിലേക്ക് വരുമോ??” രാവിലെ തന്നെ കുളിച്ചൊരുങ്ങി തന്റെ മുന്നിൽ വന്ന് ഇങ്ങനെയൊരു ആവശ്യം പറയുന്നവളെ ആൽബി അടിമുടി നോക്കി.. “ഞാൻ കൊണ്ട് പോകാം ഇച്ചായ” ജെറി ഇടയിൽ കയറിയതും അമ്മു അവനെ കൂർപ്പിച്ച് നോക്കി. “വേണ്ട ഇച്ചൻ വന്നാൽ മതി” തന്നെക്കൊണ്ട് അവൾക്ക് എന്തോ ആവശ്യമുണ്ടെന്ന് മനസ്സിലായതും ആൽബി റെഡി ആകാനായി മുറിയിലേക്ക് പോയി..ആ ഗ്യാപ്പിൽ ജെറി അമ്മുവിന്റെ കൈയിൽ ഒന്ന് പിച്ചി.. “ഹാ..എന്താടാ..??” “അതാ ഞാനും ചോദിക്കുന്ന..എന്താ ഉദ്ദേശം??” “ഞാൻ ഇച്ചനോട്‌ പറയാൻ പോകുവാ” “എന്ത്?????” “കുന്തം!!!!” മുഖം വീർപ്പിച്ച് തിരിഞ്ഞുനിൽകുന്നവളുടെ മുന്നിലേക്ക് ജെറി നിന്നു..അവന് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

“എടി…ശെരിക്കും??” “മ്മ്..ഇനിയും കാത്തിരിക്കാൻ പറ്റില്ല” “അതെന്തായാലും നന്നായി അമ്മു..ഇച്ചായനായിട്ട് പറയട്ടെന്ന് കരുതി ഇരുന്നാൽ ഈ അടുത്തകാലത്തൊന്നും അങ്ങേര് പറയില്ല..എനിക്കാണെകിൽ നിങ്ങളുടെ റൊമാൻസ് കാണാൻ കൊതിയാകുന്നു..” ജെറിയെ അടിക്കാനായി അവൾ കൈ ഓങ്ങിയപ്പോഴേക്കും ആൽബി റെഡി ആയി ഇറങ്ങി..അവന്റെ കൂടെ ബൈക്കിൽ കയറിയിട്ട് അമ്മു ജെറിയെ നോക്കി..ആൽബി കാണാതെ അവൻ ‘ All the best’ പറഞ്ഞു. ********

തൊഴുത്തിറങ്ങിയതിന് ശേഷം ബൈക്കിന് അടുത്തേക്ക് പോകാൻ തുനിഞ്ഞ ആൽബിയെ അമ്മു പിടിച്ച് ആൽത്തറയിൽ ഇരുത്തി.. “എന്താടി..??” “എനിക്ക്…എനിക്ക് ഒരു കാര്യം പറയാനുണ്ട് ഇച്ച” “മ്മ് പറ” നാലുപാടും പായുന്ന മിഴികളിലേക്കും വിറകൊള്ളുന്ന വിരലുകളിലേക്കും ആൽബി മാറി മാറി നോക്കി.. “എടോ….” “ഇച്ചനെ…എനിക്ക്….” “നീ ചുമ്മാ ടെൻഷൻ ആക്കാതെ കാര്യം പറ” “എനിക്ക് ഇഷ്ടമാണ്…” “അതിന്???” “വെറും ഇഷ്ടമല്ല ഇച്ച…പ്രണയമാണ്…ഈ ലോകത്ത് മറ്റെന്തിനേക്കാളും എന്നിൽ നിറഞ്ഞുനിൽക്കുന്നത് എന്റെ ഇച്ചൻ ആണ്” “അമ്മൂ…..” ഞെട്ടലോടെ ആൽബി അവളെ നോക്കി..അവളുടെ കണ്ണിലെ പ്രണയം അവൻ കണ്ടു… “അർഹിക്കാത്തത് ആണെന്ന് അറിയാം…പക്ഷെ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല…

എന്നാൽ ഇച്ചനും എന്നോട് അതേ പ്രണയം ഉണ്ടെന്ന് മനസിലായപ്പോഴാണ് ഞാൻ സ്വപ്നം കണ്ട് തുടങ്ങിയത്..ഇച്ചൻ പറയാനായി കാത്തിരുന്നു..ഇന്നിപ്പോൾ ഞാൻ തന്നെ ആദ്യം പറയാമെന്നു കരുതി…” “അമ്മു എനിക്കൊന്നും മനസിലാകുന്നില്ല…നീ കരുതുന്നത് പോലെയൊന്നും അല്ല..” “ചുമ്മാ എന്നെ പറ്റിക്കാൻ നോക്കല്ലേ ഇച്ച..എനിക്ക് അറിയാം…” “അമ്മു ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്..എനിക്ക് പ്രണയം ഉണ്ട്..പക്ഷെ അത് നിന്നോട് അല്ല…” “പിന്നെ??” തൊണ്ടവരളുന്നത് പോലെ തോന്നി അമ്മുവിന്.. “എന്റെ പ്രണയം ടീനു ആണ്…” ആ ഒരുനിമിഷം അമ്മുവിന് എല്ലാം നിശ്ചലമാകുന്നത് പോലെ തോന്നി..ഇത് തന്റെ തോന്നൽ ആയിരിക്കണെ എന്നവൾ പ്രാർത്ഥിച്ചു..യാന്ത്രികമായി അവളുടെ നോട്ടം ശ്രീകോവിലിലേക്ക് നീണ്ടു..എന്നും പുഞ്ചിരിയോടെ കാണുന്ന കണ്ണന്റെ മുഖത്തും വിഷാദം നിറഞ്ഞത് പോലെ അമ്മുവിന് തോന്നി……. (തുടരും )

ആത്മിക:  ഭാഗം 31

Share this story