പെയ്‌തൊഴിയാതെ: ഭാഗം 12

പെയ്‌തൊഴിയാതെ: ഭാഗം 12

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഗിരി വേദനയോടെ വിളിച്ചു.. അയാൾ അവനെ ഒന്നു നോക്കി.. കേൾക്കാൻ പോകുന്നതെന്തെന്നറിയതെ ഗിരി അയാളെ നോക്കിയിരുന്നു.. നട്ടെല്ലിന് ചെറിയ പൊട്ടലുണ്ട് അമ്മയ്ക്ക്.. ഡോക്ടർ പറഞ്ഞു.. ഡോക്ടർ.. ഹേയ്.. ഗിരീ.. കൂൾ ഡൗണ്.. എനിക്കറിയാം ഷോക്ക് ആണെന്ന്.. പക്ഷെ നമ്മൾ ഇത് ഉൾക്കൊണ്ടേ മതിയാകൂ.. ഡോക്ടർ പറഞ്ഞു.. നട്ടെല്ലിന് പൊതുവെ ഉണ്ടാകാവുന്നതാണ് പൊട്ടൽ.. വലിയ ഹൈറ്റിൽ നിന്നുള്ള വീഴ്ചയും ആക്സിഡന്റും ഒക്കെ അതിനു കാരണമാകാം.. നട്ടെല്ലിനുണ്ടാകുന്ന പൊട്ടൽ പല തരത്തിലുണ്ട്.. അതിന്റെ സ്ഥാനമനുസരിച്ചു പൊട്ടലിനെ പലതായി തരം തിരിക്കാം.. ഇപ്പോൾ നട്ടെല്ലിന്റെ താഴെ അറ്റത്തായി ദാ ഈ ഏരിയായിൽ ആണ് പൊട്ടലുള്ളത്.. ഡോക്ടർ മുന്പിലിരുന്ന ബുക്കിൽ നട്ടെല്ലിന്റെ ചിത്രം വരച്ചു കാട്ടികൊടുത്തുകൊണ്ട് സൗമ്യമായി പറഞ്ഞു.. നോർമലി ഈ കണ്ടീഷൻ വളരെ വേഗം ഓവർക്കം ചെയ്യാം..

ട്രീട്മെന്റിലൂടെ.. പക്ഷെ ഇവിടെ അമ്മയുടെ ഏജ് ആണ് മെയിൻ പ്രോബ്ലം.. അമ്മയ്ക്ക് ഇപ്പോൾ 60 വയസ്സ് ആകാറായി അല്ലെ.. ഈ അവസ്ഥയിൽ ട്രീറ്റ്‌മെന്റിലൂടെ സാധാരണ വേഗത്തിൽ ഈ അവസ്ഥയെ ഭേദമാക്കാൻ കഴിയില്ല.. പക്ഷെ അതൊരിക്കലും ശെരിയാകില്ല എന്നല്ല കേട്ടോ.. കുറച്ചു സമയമെടുക്കും.. അതുവരെ അമ്മയ്ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ട്രീറ്റ്മെന്റ് മാനസിക സന്തോഷമാണ്.. ട്രീറ്റ്മെന്റ് വേഗം ഫലിക്കുമെന്നും എത്രയും വേഗം എല്ലാം പഴയതുപോലെയാകുമെന്നുമുള്ള ആത്മവിശ്വാസം അമ്മയ്ക്ക് നൽകുക. കഴിവതും നടുവിന് സ്ട്രെയിൻ കൊടുക്കാതെ ഇരിക്കുക. ബെൽറ്റ് ഇടാം..ഒപ്പം മെഡിസിനും എടുക്കാം.. തൽക്കാലം നടക്കാൻ പ്രയാസമാണ് അമ്മയ്ക്ക്.. അതുകൊണ്ട് കിടപ്പായിരിക്കും. വേദന കാണുകയും ചെയ്യും. സോ.. ഗാവ് ഹെർ മോർ കെയർ..

ആൻഡ് ബി കോണ്ഫിഡന്റ്. ഡോക്ടർ വളരെ സൗമ്യമായി പറഞ്ഞു.. ഗിരിക്കും നല്ല ആത്മവിശ്വാസം തോന്നി.. അവനും പുഞ്ചിരിച്ചു.. എന്തായി ഗിരീ.. ദിവാകരൻ ചോദിച്ചു.. നട്ടെല്ലിന് പൊട്ടലുണ്ട് അമ്മാവാ…. അവൻ പറഞ്ഞു.. അയ്യോ.. അതിനിനി എന്താ ചെയ്യേണ്ടത്.. അയാൾ ചോദിച്ചു.. എന്താ ദിവാകരേട്ടാ.. എന്താടാ.. ലേഖ അവിടേയ്ക്ക് വന്നു ചോദിച്ചു.. നട്ടെല്ലിന് പൊട്ടലുണ്ട്.. കുറച്ചു കാലം കിടക്കേണ്ടി വരും..എണീറ്റു നടക്കാൻ പ്രയാസമാകുമെന്നാ ഡോക്ടർ പറഞ്ഞത്.. അവൻ പറഞ്ഞു.. ഈശ്വരാ.. ലേഖ നെഞ്ചിൽ കൈവെച്ചുപോയി.. വാ.. അവൻ റൂമിലേയ്ക്ക് നടന്നു.. എന്താണെന്നറിയില്ല ഏട്ടാ.. വല്ലാത്ത പിടുത്തം തോന്നുന്നു നടുവിന്.. സാവിത്രിയമ്മ പറയുന്നത് കേട്ടാണ് ഗിരി അകത്തേയ്ക്ക് വന്നത്.. ഗിരീ. എന്ത് പറഞ്ഞു ഡോക്ടർ.. ശങ്കർ ചോദിച്ചു.. കുഴപ്പമൊന്നും ഇല്ലമ്മേ..

കുറച്ചു ദിവസം കിടക്കേണ്ടി വരും.. വേറെ പ്രശ്നമൊന്നും ഇല്ലെങ്കിൽ നമുക്ക് രണ്ടോ മൂന്നോ ദിവസത്തിനകം പോകാം…വീട്ടിൽ പോയി നമുക്ക് റെസ്റ്റെടുക്കാം.. ഗിരി അവർക്കാരികിൽ വന്നിരുന്ന് അരുമയായി തഴുകി പറഞ്ഞു.. അപ്പോഴേയ്ക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവർ സൗമ്യയായി അവനെ നോക്കിയിരുന്നു. പതിയെ ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. എന്താ എന്റെ കുട്ടീടെ മനസ്സിലെന്നു ഒറ്റ നോട്ടത്തിൽ ഈ അമ്മ പറയട്ടെ . അവൻ പെട്ടെന്ന് അവരെ നോക്കി.. എത്ര കാലം കിടക്കേണ്ടി വരും ഈ കിടപ്പ്.. ജീവിതകാലം മുഴുവനും ഈ കിഴവി ഇവിടെ കിടക്കേണ്ടി വരുമോ കണ്ണാ.. അവർ ചോദിച്ചതും ഗിരിയുടെ കണ്ണിൽ നിന്നും ചുടു കണ്ണുനീർ ഒഴുകിയിറങ്ങി.. ഇല്ല എന്നവൻ തല ചലിപ്പിച്ചു കാണിച്ചു. എന്താടാ.. ശങ്കർ ചോദിച്ചു.. എക്‌സ് റേയിൽ ചില പ്രശ്നങ്ങൾ.. നട്ടെല്ലിന് ചെറിയ പൊട്ടലുണ്ട്.. ശെരിയാകാൻ കുറച്ചു സമയമെടുക്കും അച്ഛാ.. അവൻ പറഞ്ഞു..

അയാളുടെ കണ്ണുകളും നിറഞ്ഞു.. 35 വർഷമായി വിവാഹം കഴിഞ്ഞിട്ട്.. ഇന്നീ നിമിഷം വരെ ഒരേ ശ്വാസവും ശരീരവുമായി കഴിഞ്ഞവർ.. പ്രയാധിക്യത്തിൽ ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിൽ ഇന്നുവരെ ആശ്വാസമായിരുന്നവൾ.. ഒരു നോട്ടം കൊണ്ടുപോലും തന്റെ ഉള്ളറിയുന്നവൾ.. അവരാണ് ഈ കിടപ്പ്.. തന്റെ പാതി ബലമാണ് നഷ്ടപ്പെടുന്നത്.. ശങ്കർ പതിയെ കസേരയിൽ ഇരുന്നു.. അത്രയ്ക്ക് പേടിക്കാൻ ഒന്നുമില്ല ഏട്ടാ.. കുറച്ചു നാൾ ബെൽറ്റിട്ടാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു.. ദിവാകരൻ പറഞ്ഞു.. അതേ ഏട്ടത്തി.. ലേഖയും പറഞ്ഞു.. അത്രേയുള്ളെങ്കിൽ പിന്നെ എന്തിനാ കണ്ണാ ഈ സങ്കടം.. ഹേ.. വിടെടാ.. അമ്മ വേഗം എണീറ്റു നടക്കും.. സാവിത്രിയമ്മ ഗിരിയുടെ കൈപിടിച്ചു പറഞ്ഞതും അവൻ അവിടെനിന്നും എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു..

അവൻ കുറച്ചു മാറിയുള്ള ലോണിനരികിലെ വരാന്തയിൽ നിന്നു.. അവന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു കിടക്കുകയായിരുന്നു.. അവൻ ഫോണെടുത്തു വെറുതെ ഓരോ ഫോട്ടോസായി നോക്കി നിന്നു.. ആർദ്രയും അവനുമായുള്ള ചിത്രങ്ങളിൽ കണ്ണുടക്കിയതും അവന്റെ മനസ്സ് പിടഞ്ഞു.. എത്ര വേദനകൾ ഉള്ളിൽ വരുമ്പോഴും ആദ്യം മനസ്സിൽ ഓടിയെത്തുന്ന രൂപം… എത്ര അകന്നു എന്നു മനസ്സിൽ ഉറപ്പിച്ചാലും വീണ്ടും വീണ്ടും ആ മുറിവിൽ കത്തികൊണ്ട് കുത്തി കീറുന്ന വേദന.. അവൻ വിവാഹ ഫോട്ടോയിലേയ്ക്ക് നോക്കി . അച്ഛനും അമ്മയും താനും ആർദ്രയും.. അവൻ വേദനയോടെ അതിൽ തന്നെ നോക്കി നിന്നു.. ആർദ്രാ.. എന്തിനായിരുന്നു താൻ എന്നെവിട്ട് പോയത്. ഇപ്പോഴും എന്റെ ഹൃദയം നിനക്കായി അലമുറയിട്ട് വിളിക്കുന്നത് നീ കേൾക്കുന്നുവോ..

എത്ര അകന്നിരുന്നാലും ഈ ഹൃദയത്തിൽ നീ ഉണ്ടാകുമെന്ന സത്യം നീ മറന്നോ. ഗിരി ആ ഫോട്ടോയിലേയ്ക്ക് നോക്കി സ്വയം ചോദിച്ചു.. ച.. ച.. ഒരു നിഷ്കളങ്കമായ വിളി അവനെ പെട്ടെന്നുണർത്തി.. മോള്… അവൻ വേഗം ഫോണെടുത്തു.. അപ്പോഴാണ് വേദയുടെയും ഗീതയുടെയും നമ്പർ കയ്യിലില്ല എന്ന സത്യം അവനോർത്തത്.. മോള്.. അവന്റെ മനസ്സ് പിടഞ്ഞു.. അപ്പോഴേയ്ക്കും ഗിരിയുടെ ഫോണിൽ ഒരു അൺനോൺ നമ്പരിൽ നിന്നും കോൾ വന്നിരുന്നു.. അവൻ ഒന്നാലോചിച്ച ശേഷം കോൾ അറ്റൻഡ് ചെയ്തു.. ഗിരി സർ അല്ലെ.. പരിഭ്രമത്തോടെയുള്ള ഒരു സ്ത്രീ ശബ്ദം.. വേദ.. അതേ.. അവൾ മറുപടി പറഞ്ഞു.. എന്റെ കയ്യിൽ നമ്പർ ഇല്ലായിരുന്നു.. പിന്നെ രാജി മേഡത്തെ വിളിച്ചതാണ് നമ്പർ വാങ്ങിയത്.. അമ്മയ്ക്ക്.. അവൾ ചോദിച്ചു.. നട്ടെല്ലിന് പൊട്ടലുണ്ട്.. അവൻ പറഞ്ഞു.. അയ്യോ.. ഡോക്ടർ എന്ത് പറഞ്ഞു . വേദ ചോദിച്ചു.. കുറച്ചുനാൾ എടുക്കും ശെരിയാകാൻ.

അതുവരെ കിടക്കേണ്ടി വരും.. എഴുന്നേറ്റ് നടക്കാൻ പ്രയാസമാണ്.. അവൻ വേദനയോടെ പറഞ്ഞു.. സർ വിഷമിക്കരുത്.. സാറല്ലേ അവർക്ക് ധൈര്യം കൊടുക്കേണ്ടത്.. സാർ തന്നെ തളർന്ന് പോയാലോ… അവൾ ചോദിച്ചു.. മോള്.. ഗിരി പെട്ടെന്ന് ചോദിച്ചു.. അമ്മയോടൊപ്പം കളിക്കുവാ.. ഇടയ്ക്ക് ചയെ അന്വേഷിക്കുന്നുണ്ട്.. വേദയുടെ ശബ്ദത്തിൽ തന്നെ വല്ലാത്ത ഒരു ഊർജം ഉണ്ടായിരുന്നു.. ഗിരിയുടെ ചുണ്ടിൽ ഒരു കുഞ്ഞു മന്ദഹാസം വിടർന്നു.. കൊടുക്കട്ടെ. മറുപടിക്ക് മുൻപേ തന്നെ കേട്ടിരുന്നു കിലുങ്ങനെയുള്ള കൊഞ്ചി ചിരി.. തിളച്ചു മറിയുന്ന അവന്റെ മനസ്സിൽ വീണ മഞ്ഞു കണമായിരുന്നു ആ ചിരി.. അച്ഛയാ.. വേദയുടെ ശബ്ദം കേട്ടു.. ച.. ച.. ഗ.. ച.. ജ..മ്മ്..മ്മ്.. ഫോണിലൂടെ കൊഞ്ചി കൊഞ്ചിയുള്ള വാക്കുകൾ കേട്ടു.. അവള് എന്തൊക്കെയോ പറയുന്നു സർ..

വേദയുടെ ഉത്സാഹത്തോടെയുള്ള ശബ്ദം കേട്ടു.. ബ.. ച.. ച.. ച.. അവൾ വായിൽ തോന്നിയ എന്തൊക്കെയോ പറഞ്ഞു.. ഗിരിയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി. അവനത് തുടച്ചു മാറ്റി.. അച്ചനോട് പറയ് അച്ഛമ്മ വേഗം ഓടി നടക്കുമെന്ന്.. വേദയുടെ വാക്കുകൾ ഗിരിക്ക് വല്ലാത്ത ഊർജം നൽകി.. അത്ര ക്ലോസ് അല്ലെങ്കിലും ചിലരുടെ വാക്കുകൾ ചില സമയത്ത് നമുക്ക് നൽകുന്ന എനർജി വല്ലാത്ത ഒന്നാണ് കേട്ടോ..താങ്ക്സ്.. മറുത്തവൾ എന്തെങ്കിലും പറയും മുൻപേ ഗിരി ഫോൺ കട്ടാക്കിയിരുന്നു.. കുഞ്ഞി പെണ്ണിനെ നോക്കി ഇരു കണ്ണുകളും ചിമ്മി കാട്ടുമ്പോൾ വേദയുടെ ചുണ്ടിലും വിരിഞ്ഞിരുന്നു ആതി മനോഹരമായ ഒരു പുഞ്ചിരി.. *********** അമ്മായിയും അമ്മാവനും അച്ഛനെയും കൂട്ടി പൊയ്ക്കോളൂ.. ഞാനിവിടെ നിൽക്കാം.. ഗിരി പറഞ്ഞു.. അത് വേണ്ട ഗിരീ. മോള് വീട്ടിൽ അല്ലെ.. നീയും ഏട്ടനും കൂടി പൊയ്ക്കോളൂ.. ഞങ്ങളിവിടെ നിൽക്കാം.. ദിവാകരൻ പറഞ്ഞു..

അതാടാ നല്ലത്.. നിങ്ങളെ ഞാൻ കൊണ്ടുവിടുമ്പോൾ മോളെ കൂടെ കൂട്ടികൊള്ളാം.. അവൻ പറഞ്ഞു.. ഞാൻ എങ്ങോട്ടുമില്ല.. ശങ്കർ തീർത്തും പറഞ്ഞു.. ദിവാകരേട്ടാ ഗിരിയേം കൂട്ടി വീട്ടിലേയ്ക്ക് പൊയ്ക്കോളൂ.. നാളെ കാലത്തെ വന്നാൽ മതി.. മോളുമായി.. ലേഖ പറഞ്ഞു.. മറ്റുവഴികൾ ഇല്ലാഞ്ഞതിനാൽ ഗിരിക്ക് അത് അനുസരിക്കുകയെ നിവർത്തിയുണ്ടായിരുന്നുള്ളൂ.. മോളുടെ കാര്യത്തിൽ അവനൽപ്പം ടെൻഷനും ഉണ്ടായിരുന്നു.. രാത്രിയിലേയ്ക്ക് അവർക്കുള്ള ഭക്ഷണവും വാങ്ങി നൽകിയ ശേഷമാണ് അവർ തിരിച്ചത്.. വേദാ.. രാത്രി വൈകി അവരുടെ വീട്ടിൽ കോളിങ് ബെൽ അടിക്കുമ്പോൾ ഗിരിക്കൊരു ചെറിയ ബുദ്ധിമുട്ട് തോന്നിയിരുന്നു.. മോള് അവിടെ ആയിരുന്നതിനാൽ വേറെ മാർഗവും ഉണ്ടായിരുന്നില്ല.. സർ എത്തിയോ.. ഞാനോർത്തു വൈകിയതുകൊണ്ട്.

വേദാ.. ഗീത അത്രയും പറഞ്ഞു അകത്തേയ്ക്ക് നോക്കി വിളിച്ചു.. ആ അമ്മേ.. അവൾ പതിയെ ഇറങ്ങിവന്നു.. ഗിരി സർ വന്നോ.. കേറി ഇരിക്ക്.. ഇല്ല രാത്രിയായില്ലേ.. മോള്.. ആളുറങ്ങി.. ഞാൻ എടുത്തിട്ട് വരാം.. വേദ അകത്തേയ്ക്ക് നടന്നു.. അൽപ്പം കഴിഞ്ഞതും മോളുമായി അവൾ വന്നു.. കുഞ്ഞിനെ ചെറു പുഞ്ചിരിയോടെ ഗിരിയുടെ കയ്യിൽ ഏല്പിക്കുമ്പോഴും അവൾ കുഞ്ഞിനായി ഒരു ചെറു മുത്തം നൽകാൻ മറന്നിരുന്നില്ല.. അവളിൽ നിന്നും അടർന്ന് അച്ഛന്റെ ചൂടിലേക്ക് ഒതുങ്ങി ശങ്കരിമോള് സുഖമായി ഉറങ്ങുന്നതും നോക്കി വേദ ഒരു നിമിഷം നിന്നു.. ഇറങ്ങട്ടെ.. ഗിരി ചോദിച്ചു.. അമ്മയ്ക്ക്.. രണ്ട് ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകും.. അവൻ പറഞ്ഞു.. മോളുടെ കാര്യം. നാളെ രാവിലെ മോളുമായി ഞാൻ പോകും ഹോസ്പിറ്റലിലേക്ക്.. അവൻ പറഞ്ഞു.. അപ്പൊ ശെരി.. അതും പറഞ്ഞു പോകുന്നവനെ നോക്കി അവർ നിന്നു.. *********

പതിയെ.. സാവിത്രിയമ്മയെ വീട്ടിലേയ്ക്ക് കൊണ്ടുവന്ന് കിടത്തുകയായിരുന്നു ഗിരിയും ലേഖയും ശങ്കറും ചേർന്ന്.. ആംബുലൻസ് വിട്ടോ.. ലേഖ ദിവാകരനോട് ചോദിച്ചു.. ആ.. അമ്മേ.. ദേ നാരങ്ങാ വെള്ളം.. അഞ്ചു നാരങ്ങാവെള്ളമെടുത്തുകൊണ്ട് വന്നു.. ശ്രദ്ധ എവിടെ.. ഗിരി ചോദിച്ചു.. രണ്ടാളും ഹാളിൽ ഉണ്ട്.. അവൾ പറഞ്ഞു.. ശരത്തേട്ടൻ എപ്പോ വരും.. ഗിരി ചോദിച്ചു.. രാത്രി ആകുമായിരിക്കും.. ഈ പോക്കിന് ഞങ്ങളെ 4 പേരേം കൊണ്ടുപോകാനുള്ള പ്ലാനിലാ ഏട്ടൻ.. ഇനിയിപ്പോ ഉടനെ ലീവൊന്നും കിട്ടില്ലല്ലോ.. അഞ്ചു ഓർമിപ്പിച്ചു.. മ്മ്.. അവൻ മൂളി.. ഇവിടെ നീ കൂടെ ഉണ്ടല്ലോ എന്നായിരുന്നു ആശ്വാസം.. ഇതിപ്പോ… അഞ്ചു പാതിയിൽ നിർത്തി.. ആളിന് കുറവൊന്നും ഇല്ലല്ലോ ചേച്ചി.. അമ്മയെ നോക്കാൻ ഏതായാലും ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കിയിട്ടുണ്ട്.. പിന്നെ ലേഖാമ്മായിക്കും അമ്മാവനും നിങ്ങൾ പോകുന്നത് സങ്കടമായിരിക്കും..

എന്നാലും പോകാതിരിക്കാൻ പറ്റില്ലല്ലോ.. ഗിരി പറഞ്ഞു.. മോളുടെ സ്കൂളിങ്ങും മറ്റും ഇനി അവിടെ ആക്കാം എന്നാ ശരത്തേട്ടൻ പറഞ്ഞത്. ഇപ്പൊ അവിടെ സാമാന്യം നല്ലൊരു ജോലിയാണ്.. അവിടെ ചെന്നിട്ട് മറ്റൊന്ന് കൂടി നോക്കാനാ പ്ലാൻ.. കുറച്ചൂടെ മെച്ചപ്പെട്ടത്.. അങ്ങനെ കയറിയാൽ ഉടനെ ലീവൊന്നും കിട്ടില്ല . അതാ ഞങ്ങളെ ഇപ്പൊ കൊണ്ടുപോകാൻ നോക്കുന്നത്.. അഞ്ചു പറഞ്ഞു.. ഇതിപ്പോ നിന്നോട് ഇവിടെ ആരും പോകല്ലേ എന്നു പറഞ്ഞോ.. ഇല്ലല്ലോ.. നീ പൊയ്ക്കോ. എന്റെ കൊച്ചിനെ ഇടയ്ക്കൊന്ന് കാണാൻ തോന്നുമ്പോ ഉള്ള പ്രശ്നമല്ലേ.. അത് അപ്പോ നോക്കാം. ലേഖ അതും.പറഞ്ഞു അകത്തേയ്ക്ക് വന്നു.. സാരമില്ല ചേച്ചി.. അറിയാല്ലോ.. അമ്മായിക്ക് സങ്കടമാ.. അവൻ പറഞ്ഞു.. സാരമില്ല.. ഇപ്പൊ നീയും മോളും ഇവിടെ ഇല്ലേ.. പിന്നെ വേദയെയും അമ്മയ്ക്ക് വല്യ കാര്യമാണ്.. അഞ്ചു സ്വയം ആശ്വാസത്തിനെന്നോണം പറഞ്ഞു നടക്കുമ്പോൾ തന്റെ ബലം ഒന്നുകൂടി നഷ്ടമാകുന്നത് ഗിരിയും അറിയുകയായിരുന്നു.. അല്ലെങ്കിലും വിളിച്ചാൽ വിളിപ്പുറത്തു കൂടിപ്പിറപ്പുകൾ ഉള്ളത് ഒരു ധൈര്യമാണ്.. !! *********

സാവിത്രിയമ്മേ.. വേദയുടെ ശബ്ദം കേട്ടാണ് അവർ കണ്ണുതുറന്നത്.. കയ്യിൽ പ്രസദവുമായി പുഞ്ചിരിയോടെ മുൻപിൽ നിൽക്കുന്നവളെ അവർ കണ്ണെടുക്കാതെ നോക്കി നിന്നു.. മോളോ.. ഇരിക്ക്.. അവർ പറഞ്ഞു.. അവൾ അവർക്കരികിൽ ഇരുന്നു.. എങ്ങനെയുണ്ട്.. അവൾ കയ്യിലിരുന്ന ഇലച്ചീന്തിൽ നിന്നും പ്രസാദം തൊട്ടടുത്ത് അവൾ അവരുടെ നെറ്റിയിൽ തൊട്ടു.. അവർ നിറകണ്ണുകളോടെ പുഞ്ചിരിച്ചു.. എല്ലാം വേഗം.. എത്രേം വേഗം മാറൂട്ടോ.. അവൾ കുസൃതിയോടെ പറഞ്ഞതും അവർ പുഞ്ചിരിച്ചു.. അല്ല കഴിച്ചോ.. അവൾ ചോദിച്ചു.. മ്മ്.. ഊണ് കഴിച്ചു. മരുന്നും കഴിച്ചു.. അവർ പറഞ്ഞു.. വേദമോളോ.. എപ്പോ എത്തി.. അകത്തേയ്ക്ക് ബാത്‌റൂമിൽ നിന്നിറങ്ങി വന്ന് ശങ്കർ ചോദിച്ചു.. അവൾ അദ്ദേഹത്തെ നോക്കി.. ആ മുഖത്തുള്ള ക്ഷീണം വിളിച്ചോതുന്നുണ്ടായിരുന്നു അവരുടെ ആ കിടപ്പ് അയാളെ എത്ര ബാധിച്ചു എന്നത്. അച്ഛന് എങ്ങനെയുണ്ട്.. അവൾ ചോദിച്ചു..

എനിക്കിപ്പോ തൽക്കാലം കുഴപ്പമൊന്നുമില്ല.. മോള് ചായ കുടിച്ചോ.. ഉവ്വ് അച്ഛാ.. ഞാൻ വൈകീട്ട് കുളിച്ചൊന്ന് അമ്പലത്തിൽ പോയി… പ്രസാദം നീട്ടി അവൾ പറഞ്ഞതും അയാൾ അതിൽ തൊട്ട് നെറ്റിയിൽ കുറി വരച്ചു.. ഞാനെന്നാൽ ഇറങ്ങട്ടെ.. രാത്രിയിലേയ്ക്ക് ചപ്പാത്തിയ്ക്ക് മാവ് കുഴച്ചു വെച്ചിരിക്യാ.. അവൾ പറഞ്ഞു.. അവർ തലയാട്ടിയതും അവൾ പുറത്തേക്കിറങ്ങി.. ഹാ.. എന്ത് പിണക്കമാ ഈ അമ്മയ്ക്ക്.. അഞ്ജുവിന്റെ പരാതി കേട്ടാണ് വേദ അടുക്കളയിൽ ചെന്നത്.. അമ്മയും മോളും കപ്പ അരിയുകയാണ്.. ആ വഴക്ക് നോക്കി അവൾ വെറുതെ നിന്നു. കണ്ണിൽ നിന്നെന്തുകൊണ്ടോ ഒരിറ്റ് കണ്ണുനീർ താഴേയ്ക്ക് പതിച്ചു.. പല ഓർമകളും തികട്ടി വരുന്നതറിഞ്ഞവൾ വേഗം കണ്ണുകൾ തുടച്ചു..

എന്താ ഇവിടെ . അവൾ ചോദിച്ചു.. ഓ.. അമ്മ ചുമ്മാ.. ഞാൻ പോകുന്നതിനിപ്പോഴേ വഴക്കിട്ട് നടക്കുവാ.. അഞ്ചു പറഞ്ഞു.. എനിക്കൊരു വഴക്കുമില്ല.. പോകുന്നവരൊക്കെ പോട്ടെ. എനിക്കിവിടെ എന്റെ ശങ്കരിമോളും ഗിരിയുമുണ്ട്.. ഇനിയിപ്പോ ഏട്ടത്തിയെ നോക്കാനും മറ്റുമായി എനിക്കും സമയം പൊയ്ക്കോളും.. അവർ പറഞ്ഞു.. വേദയും അഞ്ജുവും പുഞ്ചിരിച്ചു.. അല്ലേലും ഇവള് പോകുന്നതിനല്ല . എന്റെ കൊച്ചു പോകുന്നതിനാ സങ്കടം. ആ ജീവിതത്തിൽ എപ്പോഴും എല്ലാരും കൂടെ കാണണം എന്നില്ലല്ലോ.. അതും പറഞ്ഞു മൂക്കും പിഴിഞ്ഞവർ പുറത്തേയ്ക്ക് പോയി.. വേദാ..

അഞ്ജു വിളിച്ചത് കേട്ട് വേദ നോക്കി.. ഞങ്ങൾ അടുത്ത മാസം മിക്കവാറും പോകും. ഈ വീട്ടിൽ മൂന്ന് നാല് പ്രായം ചെന്നവരും ശങ്കരിമോളും ഗിരിയുമെയുള്ളൂ.. തന്റെയും അമ്മയുടെയും ഒരു കണ്ണ് ഇവിടെ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ.. ആ ചോദ്യത്തിന് വേദ ഒരു പുഞ്ചിരി നൽകി.. ഉറപ്പായും.. അവൾ പറയുമ്പോൾ കാര്യമറിയാതെ തന്നെ ദിവാകരന്റെ തോളിലിരുന്നു കളിച്ച ശങ്കരിമോള് പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. ആരെയും ആകർഷിക്കുന്ന ഭംഗിയുള്ള മോണകാട്ടിയുള്ള പുഞ്ചിരി……. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 11

Share this story