പെയ്‌തൊഴിയാതെ: ഭാഗം 14

പെയ്‌തൊഴിയാതെ: ഭാഗം 14

എഴുത്തുകാരി: ഗൗരി ലക്ഷ്മി

പക്ഷെ ഒരു നിമിഷം കൊണ്ടവൾ പുഞ്ചിരിയോടെ അവന്റെ മുൻപിൽ നിന്നൊഴിഞ്ഞു മാറി.. കണ്ണുനീരോടെ.. ആ കണ്ണുനീർ അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ ചെറു നോവുണർത്തുന്നുണ്ടായിരുന്നു.. എന്താടാ.. വീട്ടിലേയ്ക്ക് വന്നു വേഗം മുറിയിലേയ്ക്ക് ചെന്നു കിടന്ന വേദയുടെ അരികിൽ ചെന്നുരുന്നുകൊണ്ട് ഗീത ചോദിച്ചു.. വല്ലാത്ത തലവേദന അമ്മേ.. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. അവർ എന്തെങ്കിലും പറഞ്ഞുവോ.. ഗീത തെല്ലൊരു നിശ്ശബ്ദതയ്ക്ക് ശേഷം ചോദിച്ചു. വേദയുടെ ഏങ്ങലടിച്ചുള്ള കരച്ചിലിന്റെ ശബ്ദം കേട്ടതും ഗീത അവളുടെ തലയിൽ മെല്ലെ തഴുകി.. അവർ ലൈറ്റ് ഓഫ് ചെയ്തു.. പതിയെ പതിയെ ഏങ്ങലടികൾ കുറഞ്ഞു അവളുടെ ശ്വാസം പതിയെ താളത്തിൽ ആകുന്നത് അവരറിഞ്ഞു.. അവരവളെ നേരെ കിടത്തി.. അവളുടെ ശരീരം വല്ലാതെ ചൂടാകുന്നുണ്ടായിരുന്നു..

വിയർക്കുന്നുണ്ടായിരുന്നു.. അവർ എഴുന്നേറ്റ് ഫാൻ ഇട്ടു.. സീറോ വോൾട്ട് ബൾബും ഇട്ട ശേഷം അവളെ പുതപ്പിച്ചു കിടത്തി അവർ പുറത്തേക്കിറങ്ങി.. മേശയിലിരുന്ന ഫോൺ കയ്യിലെടുത്തവർ പുറത്തേക്കിറങ്ങി.. ***** ഹലോ.. ഗീത പുറത്തേക്കിറങ്ങി ഫോൺ കാതിലേയ്ക്ക് ചേർത്തു വിളിച്ചു.. ഹലോ.. ഗീതാമ്മാ.. കുസൃതി നിറഞ്ഞ ഒരു ശബ്ദം അവരുടെ കാതിലേയ്ക്ക് ഒഴുകി എത്തി.. അവരുടെ മുഖത്തെ ആധിക്ക് ഒരു ചെറിയ അയവ് വരുത്തുവാൻ ആ ഒരൊറ്റ വിളിക്ക് സാധിച്ചിരുന്നു.. എന്തുണ്ട് വിശേഷം.. പറയ്. എവിടെ ഗീതാമ്മയുടെ പൊന്നുമോള് . എന്ത് പറയുന്നു.. അവന്റെ സ്വരം കാതിലേയ്ക്ക് ഒഴുകിയെത്തി.. സിദ്ധു… ഗീത വിളിച്ചതും മറുപുറത്തു നിശബ്ദത വ്യാപിച്ചു.. എന്താ ഗീതാമ്മാ.. എനിതിങ് സീരിയസ് . അവൻ ചോദിച്ചു…. സിദ്ധു..

എനിക്കെന്തോ പേടിയാകുന്നു.. വീണ്ടും അവൾ മെഡിസിനെ വല്ലാണ്ട് ഡിപ്പെൻഡ് ചെയ്തു തുടങ്ങി.. വീണ്ടും പഴയപോലെ.. എന്താ ഗീതാമ്മാ ഇപ്പൊ പ്രശ്നം.. അവൻ ചോദിച്ചു.. ആ കുട്ടിയാണ് സിദ്ധു ഇപ്പൊ പ്രോബ്ലം.. ആ കുഞ്ഞിനോട് അവൾ വല്ലാണ്ട് അടുക്കുന്നു.. അതിന്റെ അച്ഛൻ അവളുടെ കൊളീഗ് കൂടിയാണ്.. അയാൾക്ക് അതിനോട് വല്യ താൽപര്യമില്ല.. അമ്മയില്ലാതെ കുട്ടിയായതുകൊണ്ട് മോളുമായി അവൾ അടുക്കുന്നത് അയാൾക്ക് പേടിയാണ്.. ഗീത നിസ്സഹായതയോടെ പറഞ്ഞു.. മറുപുറത്തുനിന്നും നിശബ്ദത മാത്രമായിരുന്നു അവർക്ക് മറുപടി.. സിദ്ധു.. എനിക്ക് പേടിയാണ് വേദയെ.. കുട്ടികളോട് അവൾക്കുള്ള അറ്റാച്ച്മെന്റ് തനിക്ക് അറിയാമല്ലോ.. ആ കുഞ്ഞിനോട് അവളടുക്കുന്നതും എന്നെ പേടിപ്പിക്കുന്നുണ്ട് സിദ്ധു.. നാളെ ആ കുഞ്ഞിനെ നഷ്ടപ്പെട്ടാൽ ചിലപ്പോൾ പഴയതിലും മോശമായി അവളുടെ കണ്ടീഷൻ മാറാനും സാധ്യതയുണ്ട്…

അത് സത്യമാണ് ഗീതാമ്മാ.. ഗീതാമ്മയ്ക്ക് അയാളോട് ഐ മീൻ ആ മോളുടെ അച്ഛനോട് ഒന്നു സംസാരിച്ചൂടെ.. കാര്യങ്ങൾ അയാളോട് തുറന്നു പറഞ്ഞാൽ കുറച്ചൊക്കെ.. നോ സിദ്ധു.. ഗീത ശക്തമായി അതിനെ എതിർത്തു.. ഇവിടെ ആരും ഞങ്ങളെക്കുറിച്ചു അറിയുന്നതിനോട് എനിക്ക് താൽപര്യമില്ല.. സിദ്ധു ഒന്നും മിണ്ടിയില്ല.. പക്ഷെ ഗീതാമ്മാ നിങ്ങൾക്ക് അവിടെ ഒരു സ്‌ട്രോങ് സപ്പോർട്ട് ആരിൽ നിന്നെങ്കിലും കിട്ടുന്നത് വലിയ കാര്യമായിരിക്കും.. പ്രത്യേകിച്ചും വേദയുടെ ഈ അവസ്ഥയിൽ.. ഒന്നാമത് അയാൾ നിങ്ങളുടെ നെയ്ബർ ആണ്.. പിന്നെ കൊളീഗും ആണ്.. ഗീത ഒന്നും മിണ്ടിയില്ല.. ഗീതാമ്മാ.. പിന്നെ ഒരു പ്രശ്നവും കൂടെ ഉണ്ട്.. സിദ്ധു പറഞ്ഞു.. എന്താ സിദ്ധു.. ഇടയ്ക്കിടെ ഫോണിൽ വരുന്ന ചില കോൾസ്.. റോങ് നമ്പേഴ്‌സ്.. അത് വേദയെ വല്ലാണ്ട് അഫക്റ്റ് ചെയ്യുന്നു.. വേദ എന്നോടൊന്നും പറഞ്ഞില്ല ..

അതിനെപ്പറ്റി . എന്നോടും അവൾ സംസാരിച്ചതല്ല.. രാജിച്ചേച്ചി പറഞ്ഞതാണ്.. അവൻ വിശദീകരിച്ചു.. മ്മ്.. ഗീതയുടെ ശബ്ദത്തിൽ വല്ലാത്ത ആധിയുണ്ടായിരുന്നു.. ഹേയ് . ബി കൂൾ.. പിന്നെ മെഡിസിൻ.. അതിനോട് കൂടുതൽ അഫക്ഷൻ ഉണ്ടാകുന്നത് സേഫ് അല്ല.. അത് അമ്മ ശ്രദ്ധിക്കണം.. അവന്റെ വാക്കുകളിൽ അവളോടുള്ള കരുതൽ മുഴുവനും ഉണ്ടായിരുന്നു.. എവിടെ ആള് . ഉറങ്ങി.. മ്മ്.. ഞാൻ പറഞ്ഞ കാര്യം ഗീതാമ്മ നന്നായി ആലോചിക്കണം കേട്ടോ.. അവൻ പറഞ്ഞു.. മ്മ്.. അപ്പൊ ശെരി സിദ്ധു.. മനസ്സിൽ ആധി കൂടുമ്പോഴാ തന്നെ വിളിക്കുന്നത്.. ഗീതാമ്മയ്ക്ക് എപ്പോ തോന്നുന്നോ അപ്പൊ എന്നെ വിളിക്കാം.. അതിനു ഒരു മടിയും വയ്‌ക്കേണ്ട.. അവന്റെ വാക്കുകളിൽ പഴയ കുറുമ്പ് നിറഞ്ഞു.. അവന്റെ കാപ്പി കണ്ണുകൾ ചുവരിൽ ഇരുന്ന ഒരു ചിത്രത്തിലേക്ക് പതിഞ്ഞു..

അവനും വേദയും ചേർന്നിരുന്നെടുത്ത ചിത്രം. അന്നവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന സന്തോഷം.. റൂമിലെ ബെഡ് ലാമ്പിന്റെ സ്വർണ്ണ വെളിച്ചത്തിലും അവളുടെ കണ്ണുകളിൽ തിളക്കം അവനു വ്യക്തമായി കാണുവാൻ കഴിയുന്നുണ്ടായിരുന്നു.. എത്ര വേഗമാണ് കാര്യങ്ങൾ മാറി മറിയുന്നത്.. ആ സന്തോഷം ഇന്നാ കണ്ണുകൾക്ക് അന്യമാണ് പകരം ആ കണ്ണുകളുടെ ആഴത്തിൽ പതിഞ്ഞുപോയ വിഷാദ ഛായയെ അവൻ മനസ്സിലോർത്തു.. നിനക്ക് അന്യമായി പോയ പഴയ സന്തോഷങ്ങൾ ഒന്നൊന്നായി ഈ സിദ്ധു നിനക്ക് മടക്കി തന്നിരിക്കും വേദാ.. അതും മനസ്സിൽ പറഞ്ഞവൻ കിടക്കയിലേക്ക് മറിഞ്ഞു.. അപ്പോഴും ആ കണ്ണുകളിൽ നിറയെ അവളുടെ മുഖമായിരുന്നു.. വേദയുടെ..

പുഞ്ചിരിക്കുന്ന അവളുടെ മുഖം.. പതിയെ പതിയെ അത് മാഞ്ഞു.. പകരം ആരോടും മിണ്ടാതെ ഒന്നിനോടും പ്രതികരിക്കാതെ വിദൂരതയിലേക്ക് കണ്ണു നട്ടിരിക്കുന്നവൾ.. ആരെയും തിരിച്ചറിയാത്ത ലോകത്ത് അവളുടെ വേദനകൾക്കിടയിൽ മാത്രം ജീവിച്ചവൾ.. അവളുടെ ആ അവസ്ഥയിൽ നിന്ന് ഒരു ഡോക്ടർ എന്ന നിലയിൽ നിന്നുകൊണ്ട് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന നിമിഷം മുതൽ കാവൽ നിൽക്കുകയാണ് ആ അമ്മയ്ക്കൊപ്പം അവൾക്കായി.. അവൾക്കായി.. അവൾക്കായി മാത്രം.. ********** രാത്രി ഏറെ വൈകി വാതിലിൽ തുടരെയുള്ള തട്ട് കേട്ടാണ് ഗീത കണ്ണുതുറന്നത്.. നല്ല മഴയുണ്ട്.. കറണ്ടും ഇല്ല.. അവർക്ക് വല്ലാത്ത ഭയം തോന്നി.. അവർ തൊട്ടരികിൽ കിടക്കുന്നവളെ ഒന്നു നോക്കി.

മൊബൈലിൽ ടോർച്ച് ഓൺ ആക്കി അവർ പുതപ്പ് മാറ്റി എഴുന്നേറ്റു.. എമർജൻസി ലാമ്പ് കത്തിച്ചു അവർ പുറത്തേയ്ക്ക് നടന്നു.. ആരാ.. ജനാലയുടെ ചെറിയ പാളി തുറന്ന് അവർ കുറച്ചു മാറി നിന്ന് ചോദിച്ചു.. ഗിരിയാണ്.. ഗിരി വാതിൽക്കലേയ്ക്ക് നീങ്ങിനിന്നു പറഞ്ഞതും അവർ വേഗം ചെന്നു വാതിൽ തുറന്നു… എന്താ ഗിരീ.. ഗീത ചോദിച്ചു.. അത്.. ചോദിക്കുന്നത് മോശമാണെന്ന് അറിയാം.. മോള് വല്ലാത്ത കരച്ചിലാണ്.. വേദ.. അയാളെ ഒന്നു വിളിക്കാമോ.. വല്ലാതെ പനിക്കുന്നുമുണ്ട്.. ഗിരിയുടെ മുഖം താഴ്ന്നിരുന്നു.. വേദ.. ഗിരി നിൽക്ക്. ഞാൻ മോളെ വിളിക്കാം.. മെഡിസിൻ കഴിച്ചിട്ട് കിടന്നതാ.. നോക്കട്ടെ.. അവർ അകത്തേയ്ക്ക് ഓടി… 10, 15 മിനിറ്റിനു ശേഷമാണ് അവർ പുറത്തേയ്ക്ക് വന്നത്.. വേദ. വരുന്നുണ്ട്.. ഞാൻ പറഞ്ഞില്ലേ.. മോള് ഗുളിക കഴിച്ചിട്ടാണ് കിടന്നത്..

ഇപ്പൊ വരും.. അവർ പറഞ്ഞു.. അമ്മേ.. വേദ ഒരു ടോർച്ചുമായി ഇറങ്ങിവന്നു.. മോള്.. വല്ലാത്ത കരച്ചിലാടോ.. ഹോസ്പിറ്റലിൽ കൊണ്ടുപോകാമെന്നു ഞാൻ പറഞ്ഞതാ.. അമ്മയും അച്ഛനും സമ്മതിക്കുന്നില്ല.. അതാ ഞാൻ.. ഗിരിയുടെ കണ്ണുകൾ നിറഞ്ഞുവന്നു.. വേദയും ഗീതയും അത് ശ്രദ്ധിച്ചിരുന്നു.. ഒരാണിന്റെ നിസ്സഹായത.. വാ.. അവൾ പറഞ്ഞു.. ഗീത പുറത്തേക്കിറങ്ങി വാതിൽ പൂട്ടി.. മോളെ.. വേദ ഓടിവന്ന് മോളെ വാരിയെടുത്തു.. അവളുടെ നനഞ്ഞ ശരീരത്തേയ്ക്ക് മോള് പറ്റിച്ചേർന്ന് കിടന്നു.. അപ്പോഴും ആ കുഞ്ഞു മേനി പനിക്കുന്നുണ്ടായിരുന്നു.. നല്ല ചൂടുണ്ടല്ലോ.. വേദ പറഞ്ഞു.. ഇപ്പൊ പാരസെറ്റാമോൾ സിറപ്പ് കൊടുത്തു.. കുറയുമോന്ന് നോക്കട്ടെ.. അപ്പോഴേയ്ക്കും മോള് കരച്ചിൽ നിർത്തിയിരുന്നു.. എങ്കിലും അവൾ വല്ലാതെ ഏങ്ങുന്നുണ്ടായിരുന്നു..

വേദ വേഗം മോളെ മടിയിലേയ്ക്ക് കിടത്തി.. അവളുടെ കുഞ്ഞി മുഖത്ത് ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുമാറ്റി അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. അവളുടെ കുഞ്ഞി കൈകൾ വേദയുടെ കഴുത്തിൽ കിടന്ന ചെയ്‌നിലെ ലോക്കറ്റിൽ മുറുകിയിരുന്നു.. വിട്ടുപോകാൻ ആഗ്രഹിക്കാത്ത വിധം മോള് അവളോട് ചേർന്ന് കിടന്നു.. ഗിരി അവരുടെ ആത്മബന്ധം കാണുകയായിരുന്നു.. സ്വന്തം അമ്മയെന്നപോലെ… മോളെ.. പനിക്ക് കുറവുണ്ടോ.. ഒട്ടൊരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ശങ്കർ ചോദിച്ചു.. ഇല്ല അച്ഛാ.. അമ്മേ ഇത്തിരി വെള്ളം ചൂടാക്കുമോ. വേദ ഗീതയോട് പറഞ്ഞു.. എന്തിനാടോ.. ഗിരി ചോദിച്ചു.. മോളെ ഒന്നു തുടപ്പിക്കാനാ.. ഇളം ചൂട് വെള്ളത്തിൽ ഒന്നു തുടപ്പിച്ചാൽ ചൂട് കുറയും.. വേദ പറഞ്ഞു.. ഞാൻ ചൂടാക്കാം.. അവൻ പറഞ്ഞു..

അവൻ അടുക്കളയിലേക്ക് പോയതും ഗീത ശങ്കരി മോളുമായി ഇരിക്കുന്ന വേദയ്ക്കരികിൽ ചെന്നിരുന്നു.. അപ്പോഴേയ്ക്കും ഗിരി വെള്ളവുമായി വന്നിരുന്നു.. ഗീത വെള്ളം വാങ്ങി മേശയിൽ വെച്ചു.. വേദ ടവ്വൽ അതിൽ മുക്കിപിഴിഞ്ഞു പതിയെ മോളുടെ ദേഹം തുടപ്പിച്ചു കൊടുത്തു… വെള്ളം ശരീരത്തിൽ പറ്റിയതും മോള് വേദയുടെ ശരീരത്തിലേക്ക് ചുരുങ്ങി.. ഇപ്പൊ ചൂട് അൽപ്പം കുറവുണ്ട് . അച്ഛൻ വേണമെങ്കിൽ പോയി കിടന്നോളൂ.. വേദയാണ് അത് പറഞ്ഞത്. അപ്പോഴാണ് ഗിരി അയാളെ നോക്കിയത്.. ആകെ തളർച്ചയാണ് ആ മുഖത്തു.. അച്ഛാ.. പോയി കിടന്നോളൂ.. വേണ്ടടാ.. മോൾക്ക് ചൂട് കുറയുമോന്ന് നോക്കട്ടെ.. ഇല്ലേൽ ആശുപത്രിയിൽ പോകേണ്ടേ… ഗിരി പറഞ്ഞു.. വേദയുടെ അമ്മയ്ക്കും കിടക്കണമെങ്കിൽ.. ഹേയ്.. മോളുറങ്ങട്ടെ.. പാലുണ്ടോ സർ.. മോൾക്ക് കൊടുക്കാൻ.. വേദ ചോദിച്ചു.. ഹാ..

അവൻ വേഗം കുപ്പി എടുത്തു വേദയ്ക്ക് നൽകി.. അവൾ മെല്ലെ കുഞ്ഞിനെ ഉടുപ്പ് ഇടുവിപ്പിച്ചു.. ശേഷം അവളെ മടിയിൽ കിടത്തി തുടയിൽ തട്ടികൊടുത്തുകൊണ്ട് പാല് കൊടുത്തു.. ഇപ്പൊ ഇടയ്ക്കിടെ കുഞ്ഞിന് പനി വരുന്നുണ്ടല്ലോ.. ഒന്നു ഡോക്ടറെ കാണിച്ചൂടെ ഗിരീ.. ഗീത ചോദിച്ചു.. ഇതിപ്പോ വാശി പിടിച്ചു കരഞ്ഞതുകൊണ്ടാ.. ഗിരി പറഞ്ഞു.. മ്മ് പനി ഏകദേശം വിട്ടു.. വേദ പറഞ്ഞു.. മോളെ അവൾ സൂക്ഷിച്ചു കട്ടിലിൽ കിടത്തി.. സർ കിടന്നോളൂ.. പനി കൂടുകയോ മറ്റോ ചെയ്യുന്നെങ്കിൽ വിളിച്ചാൽ മതീട്ടോ.. വേദ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.. പോകാം… ഗീത ചോദിച്ചു.. മ്മ്.. വേദാ ആം സോറി.. എന്തിനാ സർ.. വേദ ചോദിച്ചു.. ഞാൻ വൈകീട്ട്.. അവൾ പുഞ്ചിരിച്ചു.. സർ കിടന്നോളൂ..

എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി.. അവൾ പറഞ്ഞു.. അവരെ വീട്ടിലാക്കിയ ശേഷം ഗിരി വന്നു മോളെ ചേർത്തുപിടിച്ചു കിടക്കുമ്പോഴുംമോൾക്ക് വേദയുടെ ഗന്ധമായിരുന്നു.. അവളുടെ സ്നേഹത്തിന്റെ ചൂടായിരുന്നു.. അതവനെ ലേശം അസ്വസ്ഥമാക്കി തുടങ്ങിയിരുന്നു.. എന്തോ ഭയം അവനിൽ പൊട്ടിമുളച്ചു തുടങ്ങിയിരുന്നു.. ********** ഗിരീ.. രാജിയുടെ വിളി കേട്ടാണ് ഗിരി തിരിഞ്ഞു നോക്കിയത്.. ആഹാ.. എന്താ മേഡം.. ഗിരി ചോദിച്ചു.. ക്ലാസ്സില്ലെ.. അവൻ ചോദിച്ചു. ഹേയ്.. ഇത് ഫ്രീ അവർ ആണ്.. ഗിരി ഫ്രീ ആണോ.. ഈ അവർ ക്ലാസ് ഇല്ലല്ലോ.. രാജി ചോദിച്ചു.. ആ ഫ്രീയാ എന്താ മേടം.. അവൻ ചോദിച്ചു.. ഹേയ്.. ഗിരിക്ക് വിരോധമില്ലെങ്കിൽ നമുക്ക് നടക്കാം.. അവർ പറഞ്ഞു.. അതിനെന്താ.. ഗിരിയുടെ മോളെന്ത് പറയുന്നു.. രാജി ചോദിച്ചു. സുഖം..

ചേച്ചി പോയി.. ദുബായ്ക്ക്.. ഇന്നലെ. അവരുള്ളപ്പോ ചേച്ചിയും മോളുമായി വല്യ കമ്പനി ആയിരുന്നു.. പോയപ്പോ അവൾക്കും സങ്കടം.. അവൻ പറഞ്ഞു.. ഗിരിയുടെ വൈഫ്.. ആക്ച്വലി ആം എ ഡിവോഴ്സി.. ഗിരി പറഞ്ഞു.. രാജിക്ക് പ്രത്യേകിച്ചു ഞെട്ടലൊന്നും ഉണ്ടായില്ല.. മോള്.. എന്റെ കൂടെ.. ഈ അകൽച്ച ഈ പ്രായത്തിലുള്ള കുട്ടികളെ നല്ലതുപോലെ ബാധിക്കും.. അറിയാം..പക്ഷെ . ഒന്നിച്ചു പോകില്ല എന്നുറപ്പാണെങ്കിൽ.. മ്മ്.. വേദ.. വേദയെ പറ്റി എന്താണ് ഗിരിയ്ക്ക് അഭിപ്രായം.. രാജി അവന്റെ മുഖത്തു നോക്കി ചോദിച്ചു.. എന്ത് അഭിപ്രായം.. എന്റെ കാഴ്ചപ്പാടിൽ മോശം എന്നു പറയാൻ ഒന്നുമില്ല.. ദെൻ താനെന്തിനാ അവളെ പേടിക്കുന്നത്.. രാജിയുടെ ചോദ്യം കേട്ടതും ഗിരി ഞെട്ടലോടെ അവരെ നോക്കി.. വേദ പറഞ്ഞതല്ലാട്ടോ… വേദയുടെ അമ്മ വഴി അറിഞ്ഞതാണ്..

ഗിരിയുടെ പേടിയെ ഞാൻ കുറ്റം പറയില്ല.. പക്ഷെ ഗിരീ… വേദ.. ആ കുട്ടി.. ആ കുട്ടിക്ക് ശങ്കരിമോളെ വലിയ ഇഷ്ടമാണ്.. ഒരമ്മയെപോലെ.. അതാകാം ഗിരി അറുത്തു മുറിച്ചു എന്തെങ്കിലും പറയുമ്പോൾ ആ മനസ്സ് വേദനിക്കുന്നതും.. ഗിരി അവരെ നോക്കി.. ഗിരി കരുതും പോലെ ഒരാളല്ല വേദ.. ആ കുട്ടിക്ക് നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിനും അപ്പുറം… ആ വേദനകളിൽ ആ വൾക്കൊരു നേരിയ ആശ്വാസമാണ് തന്റെ മോളെങ്കിൽ തിരിച്ചും അങ്ങനെ ആണെങ്കിൽ പിന്നെ താനെന്തിനാടോ അവരെ തടയുന്നത്.. സ്നേഹിച്ചുകൊണ്ടല്ലേ അവൾ കൂടെ നിൽക്കുന്നത്.. ഏതായാലും ഒന്നെനിക്ക് ഉറപ്പുണ്ട്.. വേദ കാരണം താനോ മോളോ വേദനിക്കാൻ അവൾ സമ്മതിക്കില്ല.. അത്രത്തോളം വേദനകളെ അറിഞ്ഞവളാണ് അവൾ.. അത്രയും പറഞ്ഞവർ നടന്നു നീങ്ങുമ്പോൾ തനിക്ക് ചുറ്റും നടക്കുന്നതറിയാതെ ഗിരിയും ആ വരാന്തയിൽ നിന്നുപോയി.. **********

ആ… ദേ നോക്കിയേ.. അമ്പിളി മാമനെ നോക്കിയേ.. വേദ കുഞ്ഞുമായി മുറ്റത്തുകൂടി നടന്ന് അവൾക്ക് ചോറ് കൊടുക്കുകയായിരുന്നു.. ഗിരിയും ഗീതയും വാതിൽക്കൽ ഇരിക്കുകയായിരുന്നു.. ഗിരീ.. ഫോൺ.. ശങ്കർ അകത്തുനിന്ന് വിളിച്ചതും അവൻ അകത്തേയ്ക്ക് നടന്നു.. കഴിക്കെടാ.. വേദ പറഞ്ഞതും മോള് മുഖം വെട്ടിച്ചു.. അച്ചോടാ.ദേ ഈ വാ കൂടെ കഴിച്ചാൽ മതി.. പ്ലീശ്.. വേദ കൊഞ്ചി പറഞ്ഞതും മോള് വാ തുറന്നു.. അവൾ ചിരിയോടെ പാത്രം ഗീതയ്ക്ക് നൽകി.. ശേഷം മോളെ വായ കഴുകിച്ചു.. എത്രയെത്ര സാഗരങ്ങൾ കടഞ്ഞൂ ഞാൻ മണിമുത്തുപോലെൻ മാറിൽ നീ ചായുറങ്ങാൻ ആളൊഴിഞ്ഞ തീരത്തെ തണൽ മരമായ് നിനക്കാകാശച്ചില്ലയിൽ കൂടൊരുക്കാൻ ഊരെല്ലാം കാണില്ലേ ഉദയങ്ങൾതഴുകില്ലേ ഉണരുമ്പോൾകണികാണാൻ മണിദീപം തെളിയില്ലേ ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ ഇനി നീയെൻ ജീവിതസായൂജ്യമാകൂ..

അവൾ പാടിക്കൊണ്ട് കുഞ്ഞിനെ തട്ടിയുറക്കാൻ ശ്രമിക്കുമ്പോഴാണ് ഗിരി ഇറങ്ങിവന്നത്.. അവളുടെ സ്വരത്തിൽ അലിഞ്ഞു ചേർന്നവൻ നിന്നുപോയി.. കുഞ്ഞുറങ്ങിയതും വേദ മോളെ ഗിരിയ്ക്ക് കൈമാറി.. അവൾ ഒരു ഞെട്ടലോടെ ഉണർന്നു.. ഗിരി വേഗം അവളെ തട്ടിയുറക്കാൻ ശ്രമിച്ചതും മോള് ചിണുങ്ങി.. മ്മ.. മ്മ.. ആ വാക്കുകൾ തിരിഞ്ഞില്ലെങ്കിലും അമ്മ എന്നാണവൾ പറഞ്ഞതെന്ന് ഗിരിക്കും വേദയ്ക്കും മനസ്സിലായി. രണ്ടുപേർക്കും അതൊരു ഞെട്ടലായിരുന്നെങ്കിലും വേദയുടെ ഉള്ളിൽ ഒരു മഞ്ഞുതുള്ളി വീണ സുഖമായിരുന്നു ഉണ്ടായതെങ്കിൽ ഗിരിയുടെ മനസ്സിൽ ആഴത്തിലുള്ള മുറിവാണ് അവളുടെയാ വിളി സമ്മാനിച്ചത്.. അപ്പോഴും ഉറക്കത്തിൽ അവ്യക്തമായി മ്മ എന്ന വിളിയോടൊപ്പം വേദയുടെ കഴുത്തിലെ ചെയിനിലും മോള് പിടുത്തമിട്ടിരുന്നു….. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 13

Share this story