അല്ലിയാമ്പൽ: ഭാഗം 2

അല്ലിയാമ്പൽ: ഭാഗം 2

എഴുത്തുകാരി: ആർദ്ര നവനീത്

രാവിലെ നിവേദ് ഉണരുമ്പോൾ കുഞ്ഞ് അടുത്തില്ലായിരുന്നു. റൂമിൽ അല്ലിയെയും കാണാനില്ലായിരുന്നു. താഴേക്ക് പടികളിറങ്ങുമ്പോഴേ കേട്ടു മോന്റെ ചിരിയും അവളുടെ കൊഞ്ചിയുള്ള സംസാരവും. ഹാളിലായി ഷീറ്റിൽ എണ്ണ തേച്ച് കുഞ്ഞിനെ കിടത്തിയിട്ടുണ്ട്. കാലുകൾ ഉയർത്തി കാൽവിരലുകൾ വായിലാക്കി നുണയാൻ ശ്രമിക്കുന്ന കുഞ്ഞിനെ ഇക്കിളിയിട്ട് ശ്രമം ഉപേക്ഷിപ്പിക്കുകയാണ് അവൾ. ഓരോ പ്രാവശ്യം വിരൽ വായിൽ കൊണ്ട് പോകുമ്പോഴും ആരു അവളെ ഇടങ്കണ്ണിട്ട് നോക്കും. ഇക്കിളിക്കുമ്പോൾ തേനൊഴുക്കി ചിരിക്കും. അംബികേച്ചിയും അമ്മയും അത് കണ്ട് ചിരിയോടെ അരികിലുണ്ട്. സോഫയിലേക്കായി അവൻ വന്നിരിക്കുമ്പോൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു അല്ലി. നിവേദ് മോനെ തന്നെ നോക്കിയിരുന്നു. അവനെ കണ്ടതും മോണകാട്ടി ചിരിച്ചുകൊണ്ട് കുഞ്ഞൊന്ന് കമഴ്ന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. വീഴാതിരിക്കാൻ താങ്ങ് പോലെ അവളുടെ കൈകൾ നീണ്ടു.

വഴുക്കലായതിനാൽ എഴുന്നേൽക്കാൻ സാധിക്കാതെ വന്നതുകൊണ്ടാകാം അവൻ ചുണ്ട് പിളർത്തി കരയാൻ ആരംഭമിട്ടതും. ചിരിയോടെ കുഞ്ഞിനെയെടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ പല്ലില്ലാത്ത മോണയാൽ അവൻ നിവേദിന്റെ മുഖത്ത് കടിക്കാൻ തുടങ്ങി. എത്രയൊക്കെ അല്ലി ശ്രമിച്ചിട്ടും നിവേദിൽ നിന്നിറങ്ങാതെ അവൻ അള്ളിപ്പിടിച്ചിരുന്നു. ഒടുവിൽ കുഞ്ഞിനെ കുളിപ്പിക്കാൻ നിവേദുo ഒപ്പംകൂടി. അവനെ കൊഞ്ചിച്ചുകൊണ്ട് സോപ്പിന്റെ പത വീഴാതെ ശ്രദ്ധയോടെ അല്ലി കുളിപ്പിക്കുന്നത് അവൻ കൗതുകത്തോടെ നോക്കിയിരുന്നു. കാലിൽ കിടത്തി ശ്രദ്ധയോടെ കാച്ചിക്കുറുക്കിയ ഏത്തയ്ക്കാപ്പൊടി കൊടുത്തശേഷം അവനെ ഇഴഞ്ഞു കളിക്കാനായി വിട്ടു. വയർ നിറഞ്ഞശേഷം ഊർജ്ജസ്വലയോടെ ഇഴഞ്ഞു കളിക്കുന്ന മോനെ നോക്കിയശേഷം അവൻ മുകളിലേക്ക് കയറിപ്പോയി. കട്ടിലിലേക്കിരുന്നുകൊണ്ട് അവനാ ഫോട്ടോയിലേക്ക് മിഴികൾ പായിച്ചു.

ആമീ.. ഒരുപാട് സ്വപ്നം കണ്ട ജീവിതം നമുക്ക് നഷ്ടമായല്ലേ. സ്വപ്നത്തിൽപ്പോലും നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെ നിനയ്ക്കാത്ത എനിക്ക് മറ്റൊരുവളെ ഭാര്യയാക്കേണ്ടി വന്നു. ക്ഷമിക്കില്ലേടീ നീയെന്നോട്. എല്ലാം നീ കാണുന്നുണ്ടാകും അല്ലേ. ഓരോ നിമിഷവും അല്ലിയെ കാണുമ്പോൾ എന്റെ മനസ്സ് പതറുംപോലെ. നീ കാണുന്നില്ലേ അവൾ മോനെ നോക്കുന്നത്. അവന്റെ കണ്ണുകൾ നനഞ്ഞു. ടവ്വലുമെടുത്ത് ബാത്റൂമിലേക്ക് കയറുമ്പോൾ റൂമിന് പുറത്തായി എല്ലാം കേട്ടുകൊണ്ട് അല്ലി നിൽക്കുന്നുണ്ടായിരുന്നു. നിറഞ്ഞുവന്ന കണ്ണുനീരിനെ പുഞ്ചിരിയാൽ മറതീർത്തുകൊണ്ട് അവൾ താഴേക്കിറങ്ങി. ഒരാഴ്ചത്തേക്ക് ലീവ് എടുത്തതിനാൽ പ്രാതലിനുശേഷം അവൻ മുറ്റത്തേക്കിറങ്ങി. വീടിന്റെ ഒരുവശത്തായുള്ള ലവ് ബേർഡ്സിന്റെ കൂട്ടിൽനിന്നും കിളികളുടെ കളകള ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു. കൂടിന്റെ കമ്പിയഴിയിലൂടെ വിരലോടിച്ചുകൊണ്ട് അവൻ അവയെ നോക്കിനിന്നു.

നീലയും മഞ്ഞയും പച്ചയും നിറത്തിലെ കിളികൾ. ഇടയ്ക്ക് വെള്ളനിറത്തിലെ ഫിഞ്ചസും. നിലായ്ക്ക് പക്ഷികളെ ഒരുപാട് ഇഷ്ടമായിരുന്നു. അതിനാലാണ് ഈ കൂട് പണിതതും. എന്നാൽ എല്ലാ ഇഷ്ടങ്ങളും പകുതിക്ക് വച്ച് അവസാനിപ്പിച്ച് അവൾ.. അവളുടെ ഓർമ്മകളിൽ നിന്നും തനിക്ക് ഒരിക്കലും മുക്തി നേടാൻ സാധിക്കില്ലെന്ന് അവന് തോന്നി. കാരണം അത്രയേറെ അവൾ പ്രിയപ്പെട്ടവളായിരുന്നു. വീട്ടിൽ കയറുമ്പോൾ വീണ്ടും അല്ലിയുടെ പൊട്ടിച്ചിരിയും ആരുവിന്റെ ചിരിയും മുഴങ്ങിക്കേട്ടു. ഇപ്രാവശ്യം അങ്ങോട്ടേക്ക് ശ്രദ്ധ നൽകാതെ തന്നെ അവൻ വേഗം മുറിയിലേക്ക് കയറി. അല്ലിയുടെ നോട്ടം അവന് പിന്നാലെ നിരാശയോടെ പാഞ്ഞത് കണ്ടാകാം മഹേശ്വരി അവളുടെ നെറുകയിൽ തലോടിയത്. പറ്റുന്നില്ല ആമീ… എനിക്കാകെ ഭ്രാന്ത്‌ പിടിക്കുകയാണ്. നീയില്ലാതെ..

നിന്റെ സാമീപ്യമില്ലാതെ.. സ്നേഹിച്ചു കൊതിതീർന്നില്ലെടീ നിന്നെ.. തലയിണയിൽ ആഞ്ഞടിച്ചുകൊണ്ട് അവനതിലേക്ക് മുഖമമർത്തി. അപ്പോഴും ആ ഫോട്ടോയിലെ പെൺകുട്ടി പുഞ്ചിരി തൂകി നിന്നു. ദിവസങ്ങൾ കടന്നുപോയി. നിവേദിന് അല്ലിയോടുള്ള സമീപനത്തിൽ തെല്ലും മാറ്റം വന്നില്ല. പ്രതീക്ഷ കൈവിടാതെ അല്ലി നിവേദിനായി കാത്തിരുന്നു. രാവിലെ ജോലിക്ക് പോകാനായി ലാപ്ടോപ് ബാഗും എടുത്ത് ഇറങ്ങി വന്നപ്പോഴാണ് മഹേശ്വരി ആരുവുമായി വന്നത്. നിവേദേ.. കിനാശേരിയിലെ ഗോപാലൻ ചിറ്റപ്പന്റെ മോന്റെ മോളുടെ പിറന്നാൾ ഫങ്ഷൻ ഉണ്ട് ഇന്ന്. പൂർണ്ണിമ ആഡിറ്റോറിയത്തിൽ വച്ചാണ്. എനിക്ക് വയ്യ പോകാൻ. നീയും അല്ലിയും കൂടെ പോയി വരുമോ.?

അവർ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടാകാം അവൻ സമ്മതമെന്നോണം തലയാട്ടി. അവന്റെ മറുപടിയ്ക്കായി കാതോർത്തുകൊണ്ട് നിന്ന അല്ലി സന്തോഷം കൊണ്ട് മുഖമമർത്തി. വൈകുന്നേരം ഇളം നീല സാരി ധരിച്ച് അവൾ തയ്യാറായി. ആരുവിനെയും ഉടുപ്പൊക്കെയിട്ട് സുന്ദരനാക്കി. വിവാഹശേഷമുള്ള ആദ്യയാത്രയുടെ സന്തോഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നത്. ഫങ്ഷൻ കഴിഞ്ഞ് തിരികെ ഇറങ്ങാൻ നേരത്താണ് ഒരു പെൺകുട്ടി അവർക്കടുത്തേക്ക് വന്നത്. ശ്വേത… അല്ലിയുടെ അധരം മന്ത്രിച്ചു. ഡിഗ്രി കാലഘട്ടത്തെ അടുത്ത സുഹൃത്തുക്കളിലൊരാൾ. അന്ന് പിരിഞ്ഞതിനുശേഷം ചുരുക്കം മാത്രമേ കോൺടാക്ട് ചെയ്തിരുന്നുള്ളൂ. എത്ര നാളായെടീ കണ്ടിട്ട്.

വിവാഹo കഴിഞ്ഞല്ലേ. നിന്റെ മോനാ.. ആരുവിന്റെ കവിളിൽ അരുമയായി തഴുകിക്കൊണ്ട് അവൾ ചോദിച്ചു. അതിന് തലയാട്ടുമ്പോഴും എന്തോ വെപ്രാളത്താൽ അല്ലിയുടെ കണ്ണുകൾ ശ്വേതയിലേക്കും ഇടയ്ക്കിടെ നിവേദിലേക്കും തെന്നിപ്പാഞ്ഞു. ഹസ്ബന്റിനെ പരിചയപ്പെടുത്തുന്നില്ലേ.. ചിരിയോടെ അവൾ ചോദിച്ചപ്പോൾ അല്ലിയുടെ നോട്ടം നിവേദിൽ പതിച്ചു. അല്ലിയുടെ മുഖത്തെ ഭാവം എന്തെന്ന് മനസ്സിലായില്ലെങ്കിലും അവൻ ശ്വേതയ്ക്ക് നേരെ കൈനീട്ടി. നിവേദ് മുകുന്ദ്.. ആശ്ചര്യത്തോടെ അവരിരുവരെയും മാറിമാറി നോക്കി. നിവേദ് മുകുന്ദ്.. ദൈവമേ.. അപ്പോൾ നീ ഇഷ്ടപ്പെട്ട ആളിനെത്തന്നെ വിവാഹം ചെയ്തല്ലേ. ഞാൻ ഒട്ടും വിചാരിച്ചതേയില്ല കേട്ടോ. ഉടലോടെ കത്തിയമരുന്നതായി തോന്നിപ്പോയി അല്ലിയ്ക്ക്. നിവേദിന്റെ നീട്ടിയ കൈകൾ താനേ അയഞ്ഞു.

കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടതുപോലെ അവന്റെ മുഖത്ത് ഞെട്ടലായിരുന്നു. കഷ്ടപ്പെട്ട് മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആ സമയത്താണ് ആരു കരച്ചിൽ തുടങ്ങിയതും. രക്ഷപ്പെടാനെന്നപോലെ അവളോട് യാത്ര പറഞ്ഞിറങ്ങി ഇരുവരും. തിരികെ പോകുന്നവഴി കാറിൽ നിശബ്ദത തളംകെട്ടി. നിവേദിന്റെ വലിഞ്ഞു മുറുകിയ ഭാവം കാണുന്തോറും അവളിലേക്ക് ഭയം അരിച്ചിറങ്ങാൻ തുടങ്ങി. മുരൾച്ചയോടെ പാലാഴിയിൽ കാർ നിന്നു. ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കാനെന്നപോലെ അവൻ ഡോർ വലിച്ചടിച്ച് ഇറങ്ങിപ്പോയി. ആ ഒച്ചകേട്ട് ഉറങ്ങിക്കിടന്ന ആരു ഞെട്ടി. അല്ലി അവനെ നെഞ്ചോട് ചേർത്ത് മെല്ലെ തട്ടിയപ്പോൾ അവൻ വീണ്ടും ഉറക്കം പിടിച്ചു. മഹേശ്വരി കിടന്നതിനാൽ അംബികയാണ് വാതിൽ തുറന്നത്.

അവരോട് ഒന്നും മിണ്ടാതെ നിവേദ് കയറിപ്പോയി. അമ്മയെവിടെ അംബികേച്ചീ.. മുഖത്തെ ഭാവം മാറ്റിവച്ച് അവൾ തിരക്കി. കിടന്നു മോളെ. കാൽവേദനയുണ്ടായിരുന്നു. ഞാനിച്ചിരി കൊട്ടൻചുക്കാദി തേച്ചുപിടിപ്പിച്ചു. അല്ലാ മോനുറങ്ങിയല്ലേ. നിങ്ങൾ കഴിച്ചോ അതോ എടുക്കട്ടെ കഴിക്കാൻ. ഞങ്ങൾ കഴിച്ചതാ ചേച്ചി കിടന്നോളൂ. ഞാൻ മോനെ കിടത്തട്ടെ… റൂമിലേക്ക് കയറുമ്പോൾ നിയന്ത്രണം തെറ്റിയ ഹൃദയമിടിപ്പ് നേരെയാക്കാൻ അവൾ പാടുപെട്ടു. കുഞ്ഞിനെയുണർത്താതെ വസ്ത്രം മാറ്റി അവനെ കിടത്തി തിരിഞ്ഞതും മുന്നിൽ നിവേദ്. ദേഷ്യത്താൽ അവന്റെ മുഖം ചുവന്നിരുന്നു. അത് കാൺകെ അവളുടെ ശിരസ്സ് കുനിഞ്ഞു. കള്ളം കാണിക്കുമ്പോൾ കുനിഞ്ഞു നിൽക്കുന്നത് തന്നെയാണ് നല്ലത്. എല്ലാവരെയും കൈയിലെടുക്കാൻ നീ മിടുക്കിയാണെന്നറിയാമായിരുന്നു.

അഭിനയിക്കാൻ മാത്രമല്ല എല്ലാവരെയും ചതിക്കാനും കഴിയുന്നവളാണെന്ന് ഇപ്പോഴാ ബോധ്യമായത്. നീ ആരെയൊക്കെയാ ചതിച്ചതെന്നറിയാമോ. നിന്റെ വീട്ടുകാരെയും എന്റെ അമ്മയെയും എന്നെയും മാത്രമല്ല. നിന്റെ കൂടപ്പിറപ്പിനെ കൂടെ തന്നെയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നിന്നോടൊപ്പം പിറന്നുവീണ നിന്റെ സഹോദരിയെ.. എന്റെ ആമിയെ. പിന്നെയീ കുരുന്നിനെയും. എന്തിനാടീ അഭിനയിച്ചത് എല്ലാവരുടെയും മുൻപിൽ. അവളുടെ ഇരുചുമലിലും ശക്തമായി ഉലച്ചുകൊണ്ട് അവൻ അലറി. ഞൊടിയിടയിൽ ആ കൈയവൾ തട്ടിയെറിഞ്ഞു. കത്തുന്ന മിഴികളോടെ അവളവന് നേർക്ക് വിരൽ ചൂണ്ടി. അതെ..നിവേദ് മുകുന്ദ് പറഞ്ഞത് ശരിയാ. അഭിനയിക്കുകയായിരുന്നു. എല്ലാവരുടെ മുൻപിലും അഭിനയിക്കുകയായിരുന്നു.

പക്ഷേ ചതിച്ചെന്ന് പറഞ്ഞാലുണ്ടല്ലോ.. അവളുടെ മുഖത്തെ കോപം കണ്ട് അവൻ തെല്ല് അന്ധാളിച്ചു. സ്വന്തം സഹോദരിയുടെ ഭർത്താവിനെ അവളറിയാതെ സ്നേഹിക്കുന്നത് പിന്നെ ചതിയല്ലേടീ.. അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് അവൻ ചീറി. ഒന്ന് പിടഞ്ഞശേഷം അവളാ കൈ തട്ടി മാറ്റാൻ ശ്രമിച്ചു. അവൾക്ക് അസ്വസ്ഥത ഉളവാകുന്നുവെന്ന തോന്നലിലാകാം അവൻ കൈ അയച്ചു. അവൻ അമർത്തിയ കഴുത്ത് തടവിയ ശേഷം അവൾ തുടർന്നു. സ്നേഹം ചതിയാണോ നിവേദേട്ടാ..? നിങ്ങൾ പറഞ്ഞത് ശരിയാ അഭിനയിക്കുകയായിരുന്നു. എല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിക്കാതെ ഉള്ളിൽ ആർത്തുകരയുമ്പോഴും പുറമേ ചിരിച്ചുകൊണ്ട് അഭിനയിക്കുകയായിരുന്നു. ജീവനുതുല്യം സ്നേഹിച്ചിരുന്ന പുരുഷന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടിയുണ്ടെന്ന് അറിയുമ്പോഴുണ്ടാകുന്ന വേദന അറിയാമോ നിങ്ങൾക്ക്.

ആ പെൺകുട്ടി സ്വന്തം സഹോദരിയാണെന്ന് അറിയുമ്പോഴോ. അതെ.. നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു..പക്ഷേ അതെന്റെ സഹോദരിയുടെ ഭർത്താവിനെയല്ല.. അതിനും മുൻപേ.. അതിനും എത്രയോ നാളുകൾക്ക് മുൻപേ.. ഒരുപക്ഷേ നിങ്ങളും അവളും കണ്ടുമുട്ടുന്നതിനുപോലും മുൻപേ.. അന്നേരം അവളുടെ കണ്ണുകൾ നിറഞ്ഞില്ല.. പകരം ആ ഓർമ്മകളിൽ പോലും അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. കേട്ടത് വിശ്വസിക്കാനാകാതെ.. അല്ലിയെ ഇനിയും മനസ്സിലാക്കുവാനാകാതെ നിവേദ് പകച്ചു നിന്നു.(തുടരും )

അല്ലിയാമ്പൽ: ഭാഗം 1

Share this story