അല്ലിയാമ്പൽ: ഭാഗം 3

അല്ലിയാമ്പൽ: ഭാഗം 3

എഴുത്തുകാരി: ആർദ്ര നവനീത്

അല്ലി പോകുകയായിരുന്നു അവളുടെ കോളേജ് ജീവിതത്തിലേക്ക്. നിവേദ് മുകുന്ദ് എന്ന വ്യക്തിയെ അവൾ കണ്ടനാളുകളിലേക്ക്. ടാക്സി ഡ്രൈവർ അരുണിന്റെയും വീട്ടമ്മയായ അഞ്ജനയുടെയും ഇരട്ട പെണ്മക്കൾ. ഗർഭപാത്രത്തിൽ വച്ചേ ഒന്നിക്കപ്പെട്ടവർ. മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ചുവീണ മക്കൾ അല്ലിയും ആമ്പലും. അവരുടെ “അല്ലിയാമ്പൽ “. അല്ലിമ എന്ന അല്ലിയും ആമ്പൽ എന്ന ആമിയും. ഒരുപോലെ വസ്ത്രം ധരിച്ച് ഒരേ ക്ലാസ്സുകളിൽ അടുത്തടുത്തിരുന്ന് പഠിച്ചവർ. രഹസ്യങ്ങളൊന്നുമില്ലാതെ ഒരൊറ്റ മനസ്സായി കഴിഞ്ഞവർ. പ്ലസ് ടു കഴിഞ്ഞ് അല്ലി ബി എ മലയാളം എടുത്തപ്പോൾ ആമ്പൽ എടുത്തത് ബി കോം. രണ്ടുപേരും ആദ്യമായി രണ്ടിടങ്ങളിലായി പറിച്ചു മാറ്റപ്പെട്ടു.

നിത്യ, ശ്വേത, വിനയ് അല്ലിയുടെ അടുത്ത കോളേജ് സുഹൃത്തുക്കൾ. ഡിഗ്രി ഒന്നാംവർഷം പകുതിയായപ്പോഴാണ് ആദ്യമായി നിവേദ് മുകുന്ദ് എന്ന പേര് കേൾക്കുന്നത്. . ബൈക്ക് ആക്‌സിഡന്റ് ആയി എന്ന് ബസിലുള്ളവർ പിറുപിറുത്തപ്പോഴാണ് ബസിനുള്ളിൽ നിന്നും അല്ലി തലയെത്തി നോക്കിയത്. കൂടെ നിത്യയും ഉണ്ടായിരുന്നു. ഇറങ്ങി നോക്കിയപ്പോൾ ചുറ്റുമുള്ളവർ വെറും കാഴ്ചക്കാരായി നോക്കി നിൽക്കുന്നു. ബൈക്കിന്റെ പിന്നിൽ കാർ ഇടിച്ചതാണ്. കാർ നിർത്താതെ പോയി. പരിക്കേറ്റത് ഒരു ചെറുപ്പക്കാരനാണ്. തലയിൽ നിന്നൊഴുകുന്ന രക്തം. ഹെൽമെറ്റ്‌ വച്ചിരുന്നില്ല. വെപ്രാളത്തോടെ ആളുകൾക്കിടയിലൂടെ അവനടുത്തേക്ക് പോയി. ഇടയ്ക്ക് അബോധാവസ്ഥയിലും ഞരങ്ങുന്നുണ്ട്.

ആരുടെയൊക്കെയോ സഹായത്തോടെ നിത്യയുടെ വാക്കുകൾ പോലും വകവയ്ക്കാതെ ഒരു ഓട്ടോയിൽ അവനെ കയറ്റി കൂടെ കയറി. ദുപ്പട്ട കൊണ്ട് അവന്റെ തലയിലമർത്തി വച്ചു അവൾ. ആശുപത്രിയിലെത്തിയപ്പോൾ അവനെ പെട്ടെന്ന് കാഷ്വാലിറ്റിയിലാക്കി. രക്തം പോയത് കൊണ്ട് ബോധം പോയതാണെന്നും ഇന്റേർണൽ ഇൻജുറി ഉണ്ടോയെന്നറിയാൻ സ്കാൻ ചെയ്യണമെന്നും പറഞ്ഞു. സ്കാനിംഗ് ചെയ്യണമെന്ന് പറയുമ്പോഴാണ് കൈയിൽ പൈസയില്ലെന്ന് ഓർത്തത്. അയാളുടെ ബാഗ് പരിശോധിക്കുമ്പോൾ അതിലെ ചെറിയ അറയിൽ നിന്നും ഒരു ഐഡി കാർഡ് കിട്ടി. നിവേദ് മുകുന്ദ്. സൺ ഓഫ് മുകുന്ദൻ നാരായൺ. ഫോൺ നമ്പർ. ശ്രീ ചിത്തിര എൻജിനീയറിങ് കോളേജ്. അവന്റെ ഫോട്ടോയിലേക്ക് അവളുടെ നോട്ടം ഉടക്കിനിന്നു. ഹോസ്പിറ്റലിലെ ഫോണിൽനിന്നും വീട്ടിലേക്ക് വിളിക്കുമ്പോൾ കാൾ ആരും എടുക്കുന്നുണ്ടായിരുന്നില്ല.

വീണ്ടും ട്രൈ ചെയ്തു. ഇത്തവണ കാൾ എടുത്തു. കാര്യം പറഞ്ഞപ്പോൾ പരിഭ്രമം നിറഞ്ഞ സ്വരത്തോടെ ഇപ്പോഴെത്താം എന്ന് പറഞ്ഞു. അച്ഛനാണെന്ന് തോന്നി. പരീക്ഷയാണ്.സമയം ഒരുപാടായെന്ന് നിത്യ ബഹളം വച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. കൂടെ വന്ന ഓട്ടോ ഡ്രൈവറോട് കാര്യം പറഞ്ഞപ്പോൾ നല്ല മനുഷ്യനായത് കൊണ്ടാകാം അയാൾ പൊയ്ക്കോളാൻ പറഞ്ഞത്. ഡ്രസ്സിൽ പുരണ്ട രക്തം അയാളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. നീണ്ട മാസികയും ചെമ്പൻ മുടിയുമുള്ള സുന്ദരനായ അവന്റെ മുഖം തെളിഞ്ഞു വന്നു. അവന്റെ കൈകൾ മുറുകിയ തന്റെ കൈപ്പടം അവൾ നെഞ്ചോട് ചേർത്തു. അവന്റെ മുഖം അമർന്ന ഉദരഭാഗത്ത് ആ ചൂട് ഇപ്പോഴുമുണ്ടെന്ന് അവൾക്ക് തോന്നി. പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയെങ്കിലും അവിടുന്ന് ഡിസ്ചാർജ് വാങ്ങി പോയെന്ന് മാത്രം അറിയാൻ കഴിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ പേരും മുഖവും മനസ്സിൽ നിന്നും മായാതെ നിന്നു.

എന്ത് കൊണ്ടോ ആമിയോട് പറയാൻ തോന്നിയില്ല. ആദ്യമായി ഒളിപ്പിച്ച രഹസ്യം. ക്ലാസ്സ്‌ എടുക്കുമ്പോൾ പോലും ക്ലാസ്റൂമിൽ സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നങ്ങളിൽ അവനായിരുന്നു. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള നിവേദ്. സാറിന്റെ അലർച്ച കേട്ടാണ് ചാടിയെഴുന്നേറ്റത്. ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിന് പുറത്താക്കുമ്പോഴും നിറചിരിയോടെ പുറത്തേക്ക് നടന്നു. എല്ലാവരും അമ്പരന്ന് നോക്കുന്നുണ്ടായിരുന്നു. ഒടുവിൽ കൂട്ടുകാർ കണ്ടുപിടിച്ചു. നിവേദ് മുകുന്ദ് എന്ന പേരും ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ആ മുഖം നെഞ്ചോട് ചേർത്ത അല്ലിയുടെ മനസ്സും . കണ്ടുമുട്ടുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ആരാണെന്ന് അറിയാതിരുന്നിട്ടും അവനെ അവൾ വല്ലാതെ ഓർത്തു കൊണ്ടിരുന്നു. എന്തിനെന്നറിയാതെ.. പാലാഴി എന്ന വീട്ടിലേക്ക് അവനെ അന്വേഷിച്ച് പോകാൻ ആ പതിനെട്ടുകാരിക്ക് കഴിയില്ലായിരുന്നു. അതിനുള്ള ധൈര്യമില്ലാത്ത പെണ്ണ്.

ഒരിക്കൽ കോളേജിലേക്ക് വരുന്ന വഴി ബ്ലോക്കിൽ ബസ് കിടക്കുമ്പോഴാണ് വീണ്ടും അവനെ കണ്ടത്. ബ്ലോക്കിൽ വണ്ടി നിർത്തിയിട്ട് തലയിലെ ഹെൽമെറ്റ്‌ എടുത്ത് മുടി ഒതുക്കുമ്പോഴാണ് അവൾ കണ്ടത്. ആ നിമിഷം ഹൃദയം തുടിച്ചുയർന്നു. കൈകാലുകൾ വിറകൊണ്ടു. തനിക്കവനോട് പ്രണയമാണെന്ന് മനസ്സിലാക്കുവാൻ അവൾക്കധികനേരം വേണ്ടിവന്നില്ല. അങ്ങനെ പലപ്പോഴായി അവളവനെ കണ്ടു കൊണ്ടേയിരുന്നു. ഒരു വാക്ക് പോലും പറയാതെ.. പരസ്പരം കാണാതെ അവളവനെ പ്രണയിച്ചു കൊണ്ടേയിരുന്നു. ഇങ്ങനെയും പ്രണയിക്കാമെന്നതിന് ഉദാഹരണമായിരുന്നു അല്ലി. അവൾ കണ്ട സ്വപ്നങ്ങളിൽ വിരുന്നെത്തിയത് അവൻ മാത്രമായിരുന്നു.

കൂട്ടുകാർ ഭ്രാന്തെന്ന് പറഞ്ഞ് പരിഹസിച്ചപ്പോൾ അവൾ ഊറിച്ചിരിച്ചു. കാരണം അവൾക്കവനോട് പ്രണയമായിരുന്നു.. ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത പ്രണയം. തുറന്ന് പറയാൻ പേടിച്ച പ്രണയം.. മറ്റാരും അറിയാതെ ഉള്ളിലൊതുക്കിയ പ്രണയം. ഡിഗ്രി നല്ല രീതിയിൽ ഇരുവരും ജയിച്ചു. പി ജി ക്ക് പോകാൻ അല്ലി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ജോലി തേടാനായിരുന്നു ആമിക്ക് ആഗ്രഹം. അച്ഛൻ ഉച്ചയ്ക്ക് ഊണ് കഴിക്കാനെത്തിയത് പതിവിലും ഏറെ സന്തോഷത്തോടെയായിയുന്നു. ആമിയെ കണ്ടിഷ്ടപ്പെട്ട് ഒരു കൂട്ടർ ആലോചനയുമായി എത്തിയിട്ടുണ്ട്. പയ്യന് അവളെ ഏതോ കല്യാണത്തിന് കണ്ട പരിചയമാണെന്നാ പറഞ്ഞത്. അവർ നാളെ മോളെ കാണാൻ വരും.

അച്ഛന്റെ മുഖത്തെ സന്തോഷം കണ്ട് അതിശയിച്ചുപോയി. വിവാഹപ്രായമെത്തിയ പെണ്മക്കളുള്ള അച്ഛന്റെ സന്തോഷം അവൾ കണ്ടറിഞ്ഞു. ആ മുഖത്തെ പ്രതീക്ഷ വിസ്മയത്തോടെയാണവൾ നോക്കിക്കണ്ടത്. ആമിയുടെ മുഖത്തെ നാണം കണ്ട് അവളെ കളിയാക്കി. പിറ്റേന്ന് ആമി പെണ്ണുകാണലിനായി അണിഞ്ഞൊരുങ്ങി. അവളെ ഒരുങ്ങാൻ സഹായിക്കുമ്പോഴും തന്റെ ആമിയുടെ ചെക്കനെ കാണാൻ ആകാംഷയായിരുന്നു. പുറത്ത് കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടവൾ വിറയ്ക്കാൻ തുടങ്ങി. പയ്യനെ കാണാൻ തുനിഞ്ഞ തന്നെ അതിന് സമ്മതിക്കാതെ പേടി കാരണം പിടിച്ചു വച്ചു അവൾ. ട്രേയിലെടുത്ത ചായയുമായി ആമി പോകുമ്പോൾ അവളുടെ മുഖത്തെ നാണം നോക്കിനിന്നു.

എന്തുകൊണ്ടോ അപ്പോൾ നിവേദിനെ ഓർമ്മവന്നു. പിന്നാലെ ട്രേയിൽ കായ വറുത്തതും പലഹാരങ്ങളുമായി പോകുമ്പോൾ പ്രണയത്തോടെ ആമിയെ നോക്കുന്ന പയ്യനെ കണ്ട് ഞെട്ടി. നിവേദ്. കഴിഞ്ഞ രണ്ട് വർഷത്തോളം തന്റേതെന്ന് കരുതി പ്രണയിച്ചവൻ. കൈയിൽ നിന്നും ട്രേ തറയിൽ വീഴാതിരിക്കാൻ മുറുകെ പിടിച്ചു. എങ്ങനെയൊക്കെയോ ട്രേ മേശയിൽ വച്ച് അകത്തേക്ക് നടന്നു. ഒന്ന് പൊട്ടിക്കരയാൻ പോലുമാകാതെ എല്ലാം മനസ്സിലടക്കി വച്ചു. തുറന്നുകിടന്ന ജനലിലൂടെ കണ്ടു മാഞ്ചുവട്ടിൽ നിൽക്കുന്ന നിവേദിനെയും ആമിയെയും. അവന്റെ മുഖത്തെ പ്രണയം കാണുന്തോറും മനസ്സ് നീറി. ആമിയുടെ നാണം കാണാൻ ശക്തിയില്ലാതെ ജനലടച്ചു. അവർ പോകുന്നതുവരെ പുറത്തിറങ്ങിയില്ല. അവർ പോയിക്കഴിഞ്ഞതും ആമി വന്ന് അരികിൽ കിടന്ന് ഇറുകെ കെട്ടിപ്പിടിച്ചു. ഉള്ള് നോവുമ്പോഴും പുഞ്ചിരിക്കാൻ ശ്രമിച്ചു. അവളുടെ നാണത്താൽ ചുവന്ന മുഖവും കൈകളുടെ മുറുക്കവും നിവേദിനെ അവൾക്കിഷ്ടമായെന്ന് എടുത്ത് കാട്ടി.

പരസ്പരം അവർ ഫോണിലൂടെ സംസാരിക്കുമ്പോൾ നെഞ്ച് പൊടിയുന്ന വേദനയോടെ പിൻവാങ്ങും. സ്വന്തമാക്കണമെന്നാഗ്രഹിച്ച പുരുഷൻ സഹോദരിയുടെ ഭർത്താവ് ആകാൻ പോകുന്നു. മറക്കാൻ ശ്രമിക്കുമ്പോഴും മറക്കാനാകാതെ അവൻ തെളിഞ്ഞുനിന്നു. പാടില്ലെന്ന് പറഞ്ഞ് മനസ്സിനെ ശാസിച്ചൊതുക്കി. ആമിയുടെ വിവാഹം ഉറച്ചു. ഇനി അല്ലിക്ക് നോക്കണ്ടേ ഏട്ടാ. ഒരുമിച്ചു പിറന്നവരല്ലേ.. കുളിച്ചിട്ട് വരുമ്പോഴാണ് അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടത്. ഉണങ്ങാറായ നെഞ്ചിലെ മുറിവിൽ വീണ്ടും രക്തം കിനിയുന്നപോലെ. തികട്ടി വന്ന കണ്ണുനീർ ഒളിപ്പിച്ച് കുസൃതിയുടെ ആവരണമണിഞ്ഞ് അവർക്ക് മുന്നിലെത്തി. ആഹാ.. അവളെ കെട്ടിച്ചു വിടാൻ പോകുന്നു. അങ്ങനെയിപ്പോൾ എന്നെയും കൂടെ ഒഴിവാക്കേണ്ട. എനിക്കിപ്പോൾ വേണ്ട അച്ഛാ വിവാഹം. പി ജി കഴിഞ്ഞോട്ടെ ഞാൻ. ഇപ്പോൾ എനിക്കെന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നാൽ മതി.

അച്ഛനെ കെട്ടിപ്പിടിച്ച് ആ തോളിലേക്ക് ചായുമ്പോൾ വാത്സല്യത്തോടെ അച്ഛൻ തഴുകുന്നുണ്ടായിരുന്നു. വിവാഹത്തിന്റെ നാളുകൾ അടുക്കുന്തോറും വേദന കൂടി വന്നു. സ്വന്തമാക്കണമെന്നാഗ്രഹിച്ചവൻ ആമിക്ക് സ്വന്തമാണെന്ന് പലപ്പോഴും ഉരുവിട്ടു പഠിപ്പിച്ചു മനസ്സിനെ. അവളുടെ കഴുത്തിൽ തലോടി ചാർത്തുമ്പോൾ നിറഞ്ഞ മനസ്സോടെ അവർക്ക് നന്മകൾ നേർന്നു. നിറകണ്ണുകൾ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചേച്ചി പോകുന്നതിന്റെ സങ്കടമെന്ന് എല്ലാവരും കരുതി. അവരുടെ മുഖത്തെ സന്തോഷവും പ്രണയവും കണ്ട് സന്തോഷിച്ചു. ഒടുവിൽ പോകാനിറങ്ങിയപ്പോൾ ആമിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആമി കരയാതെടോ. ഇതെന്റെയും അനിയത്തിയല്ലേ.

നമുക്ക് ഇടയ്ക്ക് വരാം. ഇവളെ അങ്ങോട്ട് കൊണ്ടുപോകുകയും ചെയ്യാമല്ലോ തന്നെ ചേർത്തുപിടിച്ച് നിവേദ് ചൊല്ലിയ വാക്കുകൾ. അനിയത്തി ആ വാക്കുകൾ തലയ്ക്കകത്ത് വട്ടമിട്ടു പറന്നു. ശ്വാസം വിലങ്ങുംപോലെ. ചിരിക്കാൻ ശ്രമിച്ചു. കൂടെ അനിയത്തിയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനും. ആമിയെ വിവാഹം ചെയ്യുന്നയാളെ ഏട്ടാ എന്ന് വിളിച്ച് പിന്നാലെ നടക്കണമെന്ന് എത്രയോ ആഗ്രഹിച്ചതാണ്. പക്ഷേ കഴിയുന്നില്ല. കാണുമ്പോൾ കഴിവതും പുഞ്ചിരിയിലൊതുക്കാനാണ് നോക്കുന്നത്. അവരുടെ പ്രണയം കാണുമ്പോൾ അവർക്കിടയിൽ നിന്നും മാറിനിൽക്കും. നിവേദ് ആമിയുടേതാണെന്ന് ഉറപ്പിച്ചതിൽ പിന്നെ ഒരിക്കൽപ്പോലും നിവേദ് എന്ന മനുഷ്യനെ പ്രണയമായി കണ്ടിട്ടില്ല. ഏങ്ങലടി മാത്രം ആ മുറിയിൽ മുഴങ്ങി. അല്ലി നിലത്തേക്കിരുന്ന് മുട്ടുകാലിൽ മുഖമൊളിപ്പിച്ച് തേങ്ങുകയാണ്. എന്ത് പറയണമെന്നറിയാതെ നിവേദ് നിന്നു. അവളുടെ വേദന അവന് മനസ്സിലാക്കാൻ സാധിച്ചു.

ഒരുവേള തോന്നിയ ദേഷ്യം പോലും സഹതാപത്തിലേക്ക് വഴിമാറിയിരിക്കുന്നു. ശരിയാണ് ആമിയുമൊരുമിച്ച് അവളുടെ വീട്ടിൽ നിൽക്കുമ്പോൾ പോലും അധികം മുൻപിൽ വരാറില്ല. ആമി നിർബന്ധിച്ച് ഇരുത്തിയാലും എന്തെങ്കിലും ഒഴിവ് പറഞ്ഞ് മുങ്ങും. പലപ്പോഴും വിവാഹത്തെപ്പറ്റി പറയുമ്പോൾ ഒഴിഞ്ഞു മാറിയിട്ടുണ്ട്. അന്നെല്ലാം കളിയാക്കിയിട്ടേയുള്ളൂ. എന്ത് പറയണമെന്നറിയാതെ സാന്ത്വനിപ്പിക്കാൻ വാക്കുകൾ നഷ്ടപ്പെട്ട് നിവേദ് നിലകൊണ്ടു. ആരോടും പറയാനാകാതെ ഉള്ളിലൊതുക്കിയതെല്ലാം പെയ്തു തീർത്ത പ്രതീതിയിലായിരുന്നു അല്ലി. സ്നേഹം ചതിയാണെന്ന് പറഞ്ഞ വേദനയിൽ മാത്രമായിരുന്നു അവളപ്പോൾ കരഞ്ഞത്…..(തുടരും )

അല്ലിയാമ്പൽ: ഭാഗം 2

Share this story