ആത്മിക : ഭാഗം 38

ആത്മിക : ഭാഗം 38

എഴുത്തുകാരി: ശിവ നന്ദ

പതിവ് പോലെ ക്ലാസ്സിലെ ബഹളങ്ങളിൽ നിന്നും മാറി പുസ്തകത്തിലെ അക്ഷരങ്ങളോട് കിന്നാരം പറഞ്ഞിരിക്കുമ്പോഴാണ് ചൈതന്യ അമ്മുവിനെ വിളിക്കുന്നത്. “എന്താ മാം??” “ഈ വരുന്ന 27ന് നമ്മുടെ കോളേജിന്റെ ഗോൾഡൻ ജുബിലീ ആണ്.നാളെ മുതൽ അതിന്റെ ഒരുക്കങ്ങൾ തുടങ്ങണം” “ഗോൾഡൻ ജൂബിലി ആണെന്ന് ഞാൻ അറിഞ്ഞിരുന്നു മാം..അതിന് ഞാനിപ്പോൾ എന്താ ചെയ്യേണ്ടത്?” “നീയാണ് എല്ലാം ചെയ്യേണ്ടത്.നമ്മുടെ ബാച്ചിന്റെ ഹെഡ് ആയിട്ട് നിന്നെ അങ്ങ് സെലക്ട്‌ ചെയ്തു” അത് കേട്ട് കണ്ണുംമിഴിച്ച് വായും തുറന്ന് നിൽക്കുന്നവളെ കണ്ട് ചൈതന്യക്ക് ചിരിയാണ് വന്നത്. “ഞാൻ…അയ്യോ…എന്റെ പൊന്ന് ടീച്ചറേ ചതിക്കരുത്..” “ഇതിലെന്ത് ചതി?? നീയിങ്ങനെ ടെന്ഷൻ ആകാനും മാത്രം ഒന്നുമില്ല..

എപ്പോഴും ക്ലാസ്സിന് അകത്തിരുന്ന് പഠിച്ചാൽ മാത്രം പോരാ.ഇതുപോലെ എല്ലാ കാര്യത്തിനും നല്ല ആക്റ്റീവ് ആയിട്ട് നിൽക്കണം..അത് നിന്റെ കോൺഫിഡൻസ് കൂട്ടും” “എന്നാലും മാം..” “ഒരെന്നാലും ഇല്ല ആത്മിക..ദാ ഈ പേപ്പേഴ്സ് പിടിക്ക്.ഇന്ന് വൈകുന്നേരത്തിനുള്ളിൽ പ്രോഗ്രാം ലിസ്റ്റ് എനിക്ക് തരണം” “മാം എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല.” എങ്ങനെയും അതിൽ നിന്ന് രക്ഷപെടണമെന്നായിരുന്നു അമ്മുവിന്.പക്ഷെ അവളെ അങ്ങനെ മാറ്റിനിർത്താൻ ചൈതന്യ തയാറല്ലായിരുന്നു. “ഇതിലിപ്പോൾ അറിയാൻ എന്തിരിക്കുന്നു..നീ ക്ലാസ്സിൽ ചെന്ന് സെലിബ്രേഷന്റെ കാര്യം പറഞ്ഞാൽ മതി.അപ്പോൾ കുട്ടികൾ തന്നെ അവർക്ക് താല്പര്യമുള്ള പ്രോഗ്രാംസ് പറഞ്ഞോളും.നീ അതെല്ലാം ഒന്ന് ലിസ്റ്റ് ആക്കിയാൽ മതി.” “മ്മ്മ്..പക്ഷെ വൈകുന്നേരത്തിനുള്ളിൽ നടക്കുമെന്ന് തോന്നുന്നില്ല.

എല്ലാവരോടും പ്രോഗ്രാമിന്റെ കാര്യം പറഞ്ഞ് വരുമ്പോഴേക്കും നാളെ വൈകുന്നേരം ആകും.പിന്നെ പിള്ളേർ ആലോചിച്ച് തീരുമാനം പറയുമ്പോഴേക്കും എന്തായാലും രണ്ട് ദിവസം എടുക്കും” “എങ്ങനെയും ഈ ജോലിയിൽ നിന്ന് എസ്‌കേപ്പ് ആകാൻ നോക്കുവാണല്ലേ??” തന്റെ ഉദ്ദേശം ചൈതന്യ കൃത്യമായി കണ്ടുപിടിച്ചെന്ന് മനസ്സിലായതും അമ്മു വെളുക്കെ ഒന്ന് ചിരിച്ചു. “എന്റെ ആത്മിക…പ്രോഗ്രാമിന്റെ എല്ലാ ചുമതലയും തന്റെ തലയിൽ വെച്ച് തരില്ല..ഫസ്റ്റ് ഇയേഴ്സിന്റെ കാര്യം മാത്രം നീ നോക്കിയാൽ മതി.സെക്കന്റിനും തേർഡിനും അവരുടേതായ കോർഡിനേറ്റർസ് ഉണ്ട്….ആ പിന്നെ..പറ്റുന്നതും എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ ശ്രമിക്കണം.

എല്ലാവർക്കും അവരുടെ കഴിവ് പ്രകടിപ്പിക്കാൻ പറ്റിയ അവസരം കൂടിയാണല്ലോ” അത്രയും പറഞ്ഞ് ചൈതന്യ പോയതും അവൾ കൊടുത്ത പേപ്പേഴ്സും പിടിച്ച് അമ്മു ഭിത്തിയിൽ ചാരി നിന്നു.എന്തായാലും നല്ല ഒന്നാംതരം പണിയാണ് തനിക് കിട്ടിയിരിക്കുന്നത്.വൈകുന്നേരത്തിനുള്ളിൽ ഈ ബാച്ചിലെ എല്ലാ ക്ലാസിലും ചെന്ന് ലിസ്റ്റ് എടുക്കണമെന്ന് ഓർത്തതും അവൾ ദീർഘമായൊന്ന് നിശ്വസിച്ചു. മറ്റ് ക്ലാസ്സുകളിലൊക്കെ പോയതിന് ശേഷമാണ് അമ്മു സ്വന്തം ക്ലാസ്സിൽ വന്ന് കാര്യം പറഞ്ഞത്.പ്രോഗ്രാം എന്ന് കേട്ടപ്പോൾ തന്നെ എല്ലാവർക്കും ആവേശമായി.ക്ലാസ്സ്‌ തുടങ്ങിയതിന് ശേഷം കോളേജിൽ നടക്കുന്ന ആദ്യത്തെ ഫങ്ക്ഷൻ ആയത് കൊണ്ട് മാക്സിമം അടിച്ചുപൊളിക്കാൻ തന്നെ അവർ തീരുമാനിച്ചു..

അവരുടെ ഉത്സാഹം അമ്മുവിന്റെ ജോലിഭാരമാണ് കുറച്ചത്..മിനിറ്റുകൾക്കുളിൽ തന്നെ പിള്ളേരൊക്കെ അവർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രോഗ്രാംസിന്റെ ഡീറ്റെയിൽസ് അവൾക്ക് കൊടുത്തു..ലിസ്റ്റ് കംപ്ലീറ്റ് ആയ സമാധാനത്തിൽ അമ്മു ഒന്ന് തലയുയർത്തിയപ്പോഴാണ് തന്നെ പുച്ഛത്തോടെ നോക്കിയിരിക്കുന്ന പൂജയെ കണ്ടത്.അമ്മു നോക്കിയതും പൂജ പെട്ടെന്ന് ഡെസ്കിലേക്ക് കമഴ്ന്ന് കിടന്നു.ചിരി വന്നെങ്കിലും അത് മറച്ചുവെച്ച് അവൾ പൂജയുടെ അടുത്തേക്ക് ചെന്നു. “പൂജ…ഒന്ന് എഴുന്നേറ്റെ” പക്ഷെ പൂജ അത് കേട്ട ഭാവം പോലും കാട്ടിയില്ല.അമ്മു എല്ലാവരെയും ഒന്ന് നോക്കി.പക്ഷെ പിള്ളേരൊക്കെ പ്രോഗ്രാമിനെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു..വീണ്ടും ഒരു മൂന്ന് നാല് തവണ അമ്മു പൂജയെ വിളിച്ചെങ്കിലും അവൾ അതേ കിടപ്പ് തുടർന്നു..

സഹികെട്ട് അമ്മു ആ ഡെസ്കിൽ ആഞ്ഞടിച്ചു…ഞെട്ടലോടെ പൂജ എഴുന്നേറ്റെന്ന് മാത്രമല്ല ക്ലാസ്സ്‌ ഒന്നടങ്കം നിശബ്ദമാകുകയും ചെയ്തു..എല്ലാവരുടെയും നോട്ടം അമ്മുവിലേക്ക് നീണ്ടു..പക്ഷെ ഒരു പതർച്ചയും ഇല്ലാതെ അവൾ പൂജയെ രൂക്ഷമായി നോക്കി. “നിന്റെ ചെവിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോടി?? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുന്നു…” “എന്താ കാര്യം?” “ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും നീ അറിഞ്ഞില്ലേ???” “മ്മ്..പക്ഷെ എനിക്ക് താല്പര്യമില്ല” “അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ പൂജ..എല്ലാ സ്റ്റുഡന്റസും പങ്കെടുക്കണമെന്നത് കോളേജ് റൂൾ ആണ്” “എന്നും പറഞ്ഞ് കഴിവ് ഇല്ലാത്തവർ എന്ത്‌ ചെയ്യാനാ??” “അത് ശരിയാ..ഒരു കഴിവും ഇല്ലാത്തവർ കാഴ്ചക്കാരായി ഇരിക്കുന്നതാ പതിവ്..

പക്ഷെ ക്ലാസിക്കൽ ഡാൻസർ ആയ നീ അങ്ങനെ ഇരിക്കേണ്ട ആവശ്യമുണ്ടോ??” ചിരിയോടുള്ള അമ്മുവിന്റെ ചോദ്യത്തിന് പൂജ ഞെട്ടലോടെ അവളെ നോക്കി. “ചൈതന്യ മാം എന്നെ വിശ്വസിച്ച് ഒരു കാര്യം ഏൽപ്പിക്കുമ്പോൾ അത് ഭംഗിയായി ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തം അല്ലേ..അതിന് വേണ്ടി നമ്മുടെ ബാച്ചിലുള്ളവരെ കുറിച്ചും അവരുടെ കഴിവുകളെ കുറിച്ചും ചെറിയൊരു അന്വേഷണം നടത്തി..അങ്ങനെ അറിഞ്ഞതാ..സ്കൂൾ കലോത്സവങ്ങളിലെ നിറസാന്നിധ്യമായ പൂജയെ കുറിച്ച്..രണ്ട് തവണ കലാതിലകം ആയ ആള് എന്നോടുള്ള വാശിക്ക് ജന്മസിദ്ധമായി കിട്ടിയ കഴിവിനെ തള്ളിപറയേണ്ട ആവശ്യമുണ്ടോ??” പൂജ അത്ഭുതത്തോടെ അമ്മുവിനെ നോക്കി നിൽക്കുവായിരുന്നു.താൻ ശല്യപെടുത്തിയിട്ടും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടും അവൾക് തന്നോട് ദേഷ്യം ഇല്ലെന്നത് പൂജയിൽ കുറ്റബോധം നിറച്ചു..

തന്റെ നിർബന്ധത്തിനാണ് ഡാൻസ് പഠിക്കാൻ പോയത്..കലോത്സവത്തിന് പങ്കെടുത്തതും തന്റെ മാത്രം ഇഷ്ടത്തിന്..കലാതിലകം ആയപ്പോൾ പോലും വീട്ടുകാർ സന്തോഷിച്ച് കണ്ടില്ല..അവർക്ക് തന്റെ എക്സാംസും മാർക്ക്ഷീറ്റിലെ അക്കങ്ങളും ഒക്കെയായിരുന്നു പ്രധാനം.പക്ഷെ ഇന്ന് ആദ്യമായി ഒരാൾ തന്റെ കഴിവിനെ പ്രശംസിച്ചു..പ്രോഗ്രാം ചെയ്യാൻ നിർബന്ധിച്ചു…അതും താൻ ശത്രുവായി കണ്ടവൾ… പൂജയുടെ സമ്മതം ചോദിക്കാതെ തന്നെ അമ്മു അവളുടെ പേര് ആ ലിസ്റ്റിൽ ചേർത്തിരുന്നു..അതുമായി പുറത്തേക്ക് ഇറങ്ങിയവളെ പൂജ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു..അമ്മുവിൽ ഒരു ഞെട്ടലായിരുന്നു..ഇവൾ ഇനി തന്നെ ഞെക്കിക്കൊല്ലാൻ എങ്ങാനും…. “സോറി…”

മൃദുവായി ആ ശബ്ദം കേട്ടതും അമ്മു അവളെ മുന്നിലേക്ക് പിടിച്ച് നിർത്തി.. “എന്തിന്??” “വഴക്കിട്ടതിനും സീനിയർസിനെ കൊണ്ട് ശല്യം ചെയ്യിപ്പിച്ചതിനും..” “ഓ വരവ് വെച്ചിരിക്കുന്നു..” അമ്മുവിന്റെ മറുപടി കേട്ട് പൂജ അവളെ ചുണ്ട് പിളർത്തി നോക്കി..അത് കണ്ടതും അമ്മു അറിയാതെ ചിരിച്ച് പോയി.. “ഞാൻ ഈ ലിസ്റ്റ് ചൈതന്യ മാംമിന് കൊടുത്തിട്ട് വരാം..എന്നിട്ട് നമുക്ക് കൂട്ടാകാം” പൂജയുടെ മൂക്കിൽ പിടിച്ചാട്ടികൊണ്ട് അമ്മു പറഞ്ഞതും അവൾ വീണ്ടും അമ്മുവിനെ കെട്ടിപിടിച്ചു..ആരും പ്രതീക്ഷിക്കാത്ത ഒരു സൗഹൃദം അവിടെ തുടങ്ങിയിരുന്നു.. ******** “ആത്മിക…” വൈകിട്ട് അമ്മു ക്ലാസിൽ നിന്നിറങ്ങിയപ്പോഴാണ് ചന്തുവിന്റെ വിളി കേട്ടത്.അവൾ തിരിഞ്ഞുനിന്നപ്പോഴേക്കും അവൻ ഓടിപ്പിടച്ച് അവളുടെ അടുത്ത് എത്തിയിരുന്നു..

അന്ന് ആൽബി വന്ന് വാർണിങ് കൊടുത്തതിന് ശേഷം പിന്നെ ഇപ്പോഴാണ് അവനെ അമ്മു കാണുന്നത്. “ഡിസ്കഷൻ ഹാളിലേക്ക് വാ..” കിതപ്പ് ഒന്ന് മാറ്റിക്കൊണ്ട് അവൻ പറഞ്ഞതും അമ്മു പകപ്പോടെ അവനെ നോക്കി. “അയ്യോ നീ ഇങ്ങനെ നോക്കല്ലേ..അവിടെ പ്രോഗ്രാം കോർഡിനേറ്റർസിന്റെ ഒരു മീറ്റിംഗ് ഉണ്ട്.നിന്നെ വിളിച്ചുകൊണ്ടു വരാൻ ചൈതന്യ മിസ്സ്‌ പറഞ്ഞതാ” “അത് എന്തിനാ നിങ്ങളോട് പറയുന്ന??” “ഞാൻ ആണ് ഫൈനൽ ഇയറിന്റെ ഹെഡ്..നിനക്കും എനിക്കും ഒക്കെ സെയിം ഡ്യൂട്ടി ആണ്” അവൻ വിശദമായി പറഞ്ഞപ്പോഴാണ് അമ്മുവിന് സമാധാനം ആയത്..ഒപ്പം അവനെ സംശയിച്ചതിന്റെ ചെറിയൊരു ജാള്യതയും. “മ്മ്മ് വാ വാ” അവൾ ചമ്മിനിൽക്കുന്നത് കണ്ടതും ചന്തു ചിരിയോടെ മുന്നിൽ നടന്നു..ഹാളിൽ എത്തിയപ്പോൾ പത്ത് പതിനഞ്ച് കുട്ടികളും 7 ടീച്ചേഴ്സും ഉണ്ടായിരുന്നു..

അമ്മു ചൈതന്യയുടെ അടുത്തായി വന്നിരുന്നു. “മാം..എനിക്ക് വീട്ടിലേക്ക് ഒന്ന് വിളിക്കണം” “എന്തേ??” “ലേറ്റ് ആകുമെന്ന് പറയാൻ” “മ്മ്മ് പോയി വിളിച്ചിട്ട് വാ” അമ്മു പുറത്തിറങ്ങി ഫോൺ തപ്പിയപ്പോഴാണ് താൻ ഫോൺ എടുക്കാതെയാണ് രാവിലെ ഇറങ്ങിയതെന്ന് ഓർത്തത്.അവൾ തിരികെ ചെന്നപ്പോഴേക്കും പ്രിൻസിപ്പൽ എത്തിയിരുന്നു. “മാം…ഞാൻ ഫോൺ കൊണ്ട് വന്നില്ല..മാംമിന്റെ ഫോൺ ഒന്ന് തരുമോ??” “മീറ്റിംഗ് ഇപ്പോൾ തുടങ്ങും ആത്മിക” “പ്ലീസ് മാം..ലേറ്റ് ആയാൽ…” “ലേറ്റ് ആകില്ല..ഇതിപ്പോൾ തീരും” ചൈതന്യ അങ്ങനെ പറഞ്ഞെങ്കിലും മീറ്റിംഗ് കുറച്ചധികം നീണ്ടുപോയിരുന്നു.പ്രോഗ്രാം അറേഞ്ച്മെന്റ്സിനെ കുറിച്ചും ചീഫ് ഗസ്റ്റിനെ കുറിച്ചുമൊക്കെ പ്രിൻസിയും ടീച്ചേഴ്സും ഡിസ്‌കസ് ചെയ്യുമ്പോൾ അമ്മു ആകെ അസ്വസ്ഥമായിട്ടിരുന്നു..

ഇടയ്ക്കിടയ്ക്ക് അവൾ വാച്ചിലേക്ക് നോക്കും..നിർവികാരതയോടെ ചൈതന്യയെയും നോക്കും..ഇതിനിടയിൽ എപ്പോഴോ അവൾ കണ്ടു..തന്നെ നോക്കിയിരിക്കുന്ന ചന്തുവിനെ..എന്നാൽ ലേറ്റ് ആകുന്ന ടെൻഷനിൽ അവൾ അത് കാര്യമാക്കിയില്ല. പ്രിൻസി പോയതും അമ്മു പോകാനായി ചാടി എഴുന്നേറ്റു.പക്ഷെ അവൾ ഹാളിൽ നിന്നിറങ്ങുന്നതിന് മുൻപ് തന്നെ മറ്റൊരാൾ അവിടേക്ക് ഓടിയെത്തിയിരുന്നു…ആൽബി…. അവന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ്തുള്ളികളും ശ്വാസഗതിയിലെ മാറ്റവും കണ്ടപ്പോൾ തന്നെ അമ്മുവിന് മനസിലായി എത്രത്തോളം ടെന്ഷനോടെയാണ് അവൻ ഇവിടം വരെ എത്തിയതെന്ന്. “എന്താ ആൽബി???” അവന്റെ നിൽപ്പ് കണ്ട് പേടിയോടെയാണ് ചൈതന്യ ചോദിച്ചത്. “ചേച്ചിയുടെ ഫോൺ എവിടെ??” “അത്..സ്റ്റാഫ്‌റൂമിൽ..”

“വല്ലയിടത്തും കൊണ്ട് വെക്കാനാണോ നിങ്ങളൊക്കെ ഫോൺ ഉപയോഗിക്കുന്നത്..എത്ര തവണ ഞാൻ വിളിച്ചു..വേറൊരുത്തി ആണെങ്കിൽ ഫോൺ വീട്ടിൽ നേർച്ചക്ക് വെച്ചേക്കുവല്ലേ” അമ്മുവിനെ കൂർപ്പിച്ച് നോക്കി അവൻ പറയുമ്പോഴും അമ്മു അവനെ തന്നെ നോക്കിനിൽകുവായിരുന്നു..മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി.. “അതിന് ഇപ്പോൾ എന്ത്‌ സംഭവിച്ചടാ??” “വരേണ്ട സമയം കഴിഞ്ഞിട്ടും ഇവളെ കാണാതാകുമ്പോൾ ടെൻഷൻ ആകില്ലേ” ആൽബി പറയുന്നത് കേട്ട് ചൈതന്യ കള്ളച്ചിരിയോടെ അമ്മുവിനെ ഒന്ന് നോക്കി..അവളിപ്പോഴും കണ്ണ് രണ്ടും അവന്റെ മുഖത്ത് തന്നെ പതിപ്പിച്ചിരിക്കുവാണ്. “കോളേജിന്റെ അമ്പതാം വാർഷികം അല്ലേ..അതിന്റെ ഒരു മീറ്റിംഗ് ആയിരുന്നു.ഇത്രയും ലേറ്റ് ആകുമെന്ന് ഞങ്ങൾ അറിഞ്ഞില്ല..”

“മീറ്റിംഗ് ഒക്കെ കഴിഞ്ഞില്ലേ..ഇനി പോകാലോ??” “മ്മ്മ് കൊണ്ട് പൊക്കോ…” അമ്മുവിനെ ഒന്ന് നോക്കിയിട്ട് ആൽബി ഹാളിൽ നിന്നിറങ്ങി..അവനോടൊപ്പം എത്താൻ അവൾ കുറച്ച് പാടുപെട്ടു. “എന്തിനാ ഇത്രയും ദേഷ്യം??” പിന്നിൽ നിന്നും അവളുടെ ചോദ്യം കേട്ടതും ആൽബി ഒന്ന് നിന്നു.അപ്പോഴേക്കും അമ്മു അവന്റെ മുന്നിൽ എത്തിയിരുന്നു. “കൈയിൽ ഫോൺ ഇല്ലെങ്കിൽ ഓഫീസിൽ നിന്നെങ്കിലും ഒന്ന് വിളിച്ച് പറഞ്ഞൂടെ നിനക്ക്” “പറ്റിയില്ല..അതുകൊണ്ടല്ലേ..” “മ്മ്മ്…” “അല്ലെങ്കിൽ തന്നെ എന്തിനാ വിളിച്ച് പറയുന്ന..ഇവിടുന്ന് ഇറങ്ങിയാൽ നേരെ വീട്ടിലേക്ക് വരുമെന്ന് അറിയാലോ” “പണ്ടൊരിക്കൽ ഇതുപോലെ അമ്പലത്തിലേക്ക് പോയവളെ ബോധംപോലും ഇല്ലാത്ത അവസ്ഥയിൽ പജീറോയിൽ നിന്നാ കിട്ടിയത്” ആരോടെന്നില്ലാതെ ആൽബി പറഞ്ഞതും അമ്മു നാവ് കടിച്ച് അവനെ നോക്കി.

“അവരെയൊക്കെ എത്തേണ്ടിടത്ത് തന്നെ എത്തിച്ചല്ലോ” “അതോടെ നാട് നന്നായെന്നാണോ നിന്റെ വിചാരം..നിന്നെ കാണാതെ പേടിച്ചിരിക്കുവാ അമ്മച്ചി” “എന്നിട്ട് പേടി മുഴുവൻ ഈ മുഖത്താണല്ലോ” മറുപടി പറയാതെ അവളെ കൂർപ്പിച്ച് ഒന്ന് നോക്കിയിട്ട് ആൽബി ബൈക്കിൽ കയറി. “കാർ അല്ലേ??” “പിന്നെ വെപ്രാളപ്പെട്ട് ഇറങ്ങുമ്പോഴല്ലേ കാർ എടുക്കുന്നത്” “എന്തിനായിരുന്നു വെപ്രാളം??” “നീ എന്താ കാറിൽ മാത്രേ കയറത്തോളോ???” “അല്ല…” “എന്നാ വന്ന് കയറടി..” അവന്റെ ശബ്ദം ഉയർന്നതും അമ്മു ചാടി കയറിയിരുന്നു..ബൈക്ക് മുന്നോട്ട് നീങ്ങിയതും അമ്മുവിന്റെ മനസ്സ് പിന്നിലേക്ക് സഞ്ചരിച്ചു..എല്ലാം എത്തിനിൽക്കുന്നത് ഒരേ ഉത്തരത്തിൽ ആണ്..ഇന്നത്തെ ഇച്ചന്റെ പെരുമാറ്റവും അത് തന്നെ സൂചിപ്പിക്കുന്നു..അത് ഒന്ന് ഉറപ്പ് വരുത്താൻ തന്നെ അവൾ തീരുമാനിച്ചു.

“ഇച്ചാ…” “മ്മ്മ്…” “ഇച്ചൻ എന്നോട് കള്ളം പറഞ്ഞതല്ലേ??” പൊടുന്നനെ ബൈക്ക് ഒന്ന് പാളി..വീഴാതെ അവൻ പെട്ടെന്നു തന്നെ ചവിട്ടി നിർത്തി. “നീ..നീ..എന്താ ചോദിച്ച??” “ഒന്നുമില്ല..” “ഹ്മ്മ്…” വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവൻ മിററിലൂടെ അമ്മുവിനെ നോക്കി..അവൾ അത് കണ്ടെന്ന് മനസ്സിലായതും അവൻ നോട്ടം മാറ്റി..മനസ്സിൽ വീണ്ടും ചോദ്യങ്ങൾ നുരഞ്ഞുപൊങ്ങിയെങ്കിലും പണിപ്പെട്ട് അതെല്ലാം അടക്കി അവൾ ഇരുന്നു..സമയം ആകുമ്പോൾ എല്ലാ സത്യങ്ങളും കണ്ണൻ തന്റെ മുന്നിൽ എത്തിക്കുമെന്ന വിശ്വാസത്തിൽ…… (തുടരും )

ആത്മിക:  ഭാഗം 37

Share this story