ഈറൻമേഘം: ഭാഗം 25

ഈറൻമേഘം: ഭാഗം 25

 എഴുത്തുകാരി: Angel Kollam

രാവിലെ ആദ്യം ഉണർന്നത് ജോയലായിരുന്നു.. അവൻ കോഫി ഉണ്ടാക്കി വച്ചപ്പോളേക്കും അമേയ കിച്ചണിലേക്ക് വന്നു.. “ഗുഡ് മോർണിംഗ്.. ” ജോയൽ പുഞ്ചിരിയോടെ പറഞ്ഞു.. “ഗുഡ് മോർണിംഗ്.. സാറെന്താ നേരത്തെ ഉണർന്നോ ?” ഉറങ്ങിയിട്ട് വേണ്ടേ ഉണരാൻ എന്നായിരുന്നു മനസ്സിൽ വന്ന മറുപടി.. പറഞ്ഞത് മറ്റൊന്നാണ്.. “ഉം.. കുറച്ച് നേരത്തെ..” “എന്ത് പറ്റി?” “ഒന്നും പറ്റിയില്ലെടോ.. ” ജോയൽ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു.. അമേയയുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ അവൻ മനഃപൂർവം ശ്രമിച്ചു.. അവളുടെ കണ്ണുകളെ നേരിടാൻ തനിക്ക് കഴിയുന്നില്ല.. ദുർബലനായിപോകുന്നു പലപ്പോഴും.. ഒരുമിച്ചിരുന്നു ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന് ശേഷം ജോയൽ ഹോസ്പിറ്റലിലേക്ക് പോയി.. അത്യാവശ്യം തിരക്കുള്ള ദിവസമായിരുന്നു അത്..

പതിനൊന്ന് മണിക്ക് ക്യാന്റീനിൽ നിന്നും ചായ കൊണ്ട് വന്നു.. അത് കുടിക്കുന്നതിനിടയിൽ അമേയ എന്തെടുക്കുമായിരിക്കും എന്നോർത്തു.. അവളെ ഫോൺ വിളിച്ച് എന്തെടുക്കുകയാണ് എന്നന്വേഷിച്ചാലോ എന്ന് കരുതിയെങ്കിലും മനസിലെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു.. ഇപ്പോൾ അവളോട് തന്റെ മനസിലുള്ളത് തുറന്ന് പറഞ്ഞാൽ ശരിയാകില്ല.. അവളെ ഹോസ്റ്റലിൽ കൊണ്ടാക്കുന്ന ദിവസം താൻ തീർച്ചയായും അവളോടെല്ലാം പറയും.. അതായിരുന്നു ജോയലിന്റെ തീരുമാനം.. അമേയ സെറ്റിയിൽ ചാരിയിരുന്ന് ടീവി കാണുകയായിരുന്നു.. ഇടയ്ക്കിടെ അവൾ മൊബൈൽ എടുത്ത് നോക്കി.. ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞാൽ സാർ ഇടയ്ക്ക് വിളിച്ചിട്ട് താൻ എന്തെടുക്കുകയാണെന്ന് തിരക്കാറുണ്ട്.. ഇന്നെന്ത് പറ്റിയെന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് അസ്വസ്ഥതമായ മനസോടെ അവളിരിന്നു..

ഉച്ചക്ക് ജോയൽ ഫ്ലാറ്റിലെത്തിയപ്പോൾ അമേയയുടെ മുഖത്തുള്ള ആകുലത അവൻ ശ്രദ്ധിച്ചു .. “സാർ ഇടയ്ക്കൊന്ന് വിളിക്കുന്ന പതിവുണ്ടായിരുന്നല്ലോ.. ഇന്നെന്ത് പറ്റി?” “തിരക്കായിരുന്നെടോ ” അവൾ പിന്നീടൊന്നും ചോദിച്ചില്ല.. ഭക്ഷണം കഴിക്കുമ്പോൾ അവളുടെ മൗനം ശ്രദ്ധിച്ചപ്പോൾ അവൻ ഹോസ്പിറ്റലിലെ എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.. അമേയ അതെല്ലാം മൂളിക്കേട്ടു.. അവളുടെ മ്ലാനത ശ്രദ്ധിച്ചു കൊണ്ട് ജോയൽ ചോദിച്ചു.. “എന്താടോ ഒരു മൂഡോഫ്?” “കാരണമറിയാത്ത ഒരു വിഷമം..” “സാരമില്ല.. ആവശ്യമില്ലാത്തതൊന്നും ആലോചിച്ചു മനസ് വിഷമിക്കണ്ട.. നമുക്ക് വൈകിട്ടൊന്ന് പുറത്ത് പോകാം.. അപ്പോൾ തന്റെ മൂഡോഫ് ഒക്കെ മാറും ” അത് കേട്ടപ്പോൾ അമേയയുടെ മുഖം പ്രസന്നമായി.. എട്ട് മണിക്ക് ജോയൽ ഡ്യൂട്ടി കഴിഞ്ഞെത്തുമ്പോൾ അമേയ റെഡിയായിട്ടിരിക്കുകയായിരുന്നു..

“അഞ്ച് മിനിറ്റ്.. ഞാനൊന്ന് റെഡിയായിട്ട് വരാം ” ജോയൽ റെഡിയായി വന്നതും അവർ ഒരുമിച്ച് പുറത്തേക്ക് പോയി.. ജോയൽ കാറെടുത്തില്ല… തന്റെ നേർക്ക് സംശയത്തോടെ നോക്കുന്ന അമേയയോടായിട്ട് അവൻ പറഞ്ഞു.. “നമ്മളിവിടെ അടുത്ത് തന്നെയാണ് പോകുന്നത്.. നടക്കാനുള്ള ദൂരമേയുള്ളൂ” തിരക്കുള്ള റോഡിലേക്ക് കയറിയതും അമേയയുടെ മുഖത്ത് പരിഭ്രമം പ്രകടമായി.. അവളുടെ വലത് കരം കവർന്നെടുത്തു കൊണ്ട് ജോയൽ ചോദിച്ചു.. “ഞാനില്ലേ തന്റെ കൂടെ പിന്നെന്തിനാ പേടിക്കുന്നത്?” അവരൊരുമിച്ചു റോഡ് ക്രോസ്സ് ചെയ്തു.. ഒരു ടെക്സ്റ്റയിൽ ഷോപ്പിലേക്കാണ് ജോയൽ അവളെ കൂട്ടിക്കൊണ്ട് പോയത്… ജോയൽ കടയ്ക്കുള്ളിലേക്ക് കയറിയതും കൌണ്ടറിലിരുന്ന ആളോട് എന്തോ ചോദിച്ചു.. അയാൾ കൈ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് അവർ ഒരുമിച്ച് നടന്നു..

“നമ്മളെന്താ ഇവിടെ?” “തുണിക്കടയിലെന്തിനാ സാധാരണ വരുന്നത്? ” “അത് ഡ്രസ്സ്‌ വാങ്ങാനാണെന്ന് എനിക്കറിയാം. ഇപ്പോൾ ആർക്ക് ഡ്രസ്സ്‌ വാങ്ങാനാണെന്നാണ് എനിക്ക് മനസിലാകാത്തത് ” “എടോ നമ്മളിപ്പോൾ നില്കുന്നത് സ്ത്രീകളുടെ സെക്ഷനിലല്ലേ.. അപ്പോൾ ഒരു സ്ത്രീയ്ക്കാണെന്ന് മനസിലായില്ലേ?” “അതും മനസിലായി.. പക്ഷേ ആ സ്ത്രീ ആരാണെന്ന് മനസിലായില്ല ” “എന്റെ അസിസ്റ്റന്റ് പൂജയുടെ ബർത്ത്ഡേയാണ് നാളെ.. അതിന് നല്ലൊരു ഡ്രസ്സ്‌ സെലക്ട്‌ ചെയ്യണം.. അവൾക്ക് ഗിഫ്റ്റ് കൊടുക്കാൻ.. എനിക്ക് സ്ത്രീകളുടെ വസ്ത്രം സെലക്ട്‌ ചെയ്തോന്നും ഒരു പരിചയവുമില്ല ” അമേയ തെല്ലൊരു സംശയത്തോടെ ജോയലിന്റെ മുഖത്തേക്ക് നോക്കി.. ഇങ്ങനെയൊരാളെപ്പറ്റി തന്നോട് പറഞ്ഞിട്ടേയില്ലല്ലോ എന്നായിരുന്നു ആ നോട്ടത്തിന്റെയർത്ഥം..

അത് മനസിലാക്കിയത് പോലെ ജോയൽ പറഞ്ഞു.. ” ഹോസ്പിറ്റലിലെ സ്റ്റാഫിന്റെ കാര്യങ്ങൾ നമ്മൾ അധികം സംസാരിച്ചിട്ടില്ലല്ലോ.. എന്നെക്കാണാൻ വരുന്ന രോഗികളെക്കുറിച്ചല്ലേ നമ്മൾ കൂടുതൽ സംസാരിച്ചിട്ടുള്ളൂ ” “ഉം ” അമേയയെയും കൂട്ടി ചുരിദാറിന്റെ സെക്ഷനിലേക്കാണ് അവൻ പോയത്.. അമേയ ജോയലിനോട് ചോദിച്ചു പൂജയപ്പറ്റി മനസിലാക്കിയിട്ട് ഡ്രസ്സ്‌ തിരയാൻ തുടങ്ങി.. ഒടുവിൽ അവൾക്കിഷ്ടപ്പെട്ട രണ്ട് ജോഡി വസ്ത്രങ്ങൾ തിരഞ്ഞെടുത്തു.. ജോയലിനെ കാണിച്ചപ്പോൾ അവനും തൃപ്തിയായി. “ഇതിലേതാണ് തനിക്കേറ്റവും ഇഷ്ടമായത്?” “രണ്ടും എനിക്കിഷ്ടമായി.. സാറിന് ഏതാണ് കൂടുതൽ നല്ലതെന്ന് തോന്നിയത്? ” ജോയൽ ആ വസ്ത്രങ്ങൾ വിടർത്തി നോക്കി.. എന്നിട്ട് രണ്ടും പാക്ക് ചെയ്തോളാൻ സെയിൽസിലുള്ള പെൺകുട്ടിയോട് പറഞ്ഞു.. അസിസ്റ്റന്റിന്റെ ബർത്ത്ഡേയ്ക്ക് രണ്ടു ജോഡി ഡ്രെസ്സൊക്കെ ഗിഫ്റ്റ് കൊടുക്കേണ്ട ആവശ്യമുണ്ടോയെന്നാണ് അമേയ ആദ്യം ചിന്തിച്ചത്..

അടുത്ത നിമിഷം തന്നെ അവൾ തന്റെ ചിന്തകളെ തിരുത്തി.. ഒരുപക്ഷേ സാറിന് അത്രയ്ക്ക് അടുപ്പമുള്ള ആളായിരിക്കും.. എന്തോ ആകട്ടെ, അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല. ഒരാളെ പ്രണയിക്കുന്നത് കൊണ്ട് മാത്രം അയാളുടെ സൗഹൃദങ്ങളും മറ്റ് ബന്ധങ്ങളും ഉപേക്ഷിച്ചു തന്നെ മാത്രം സ്നേഹിക്കണമെന്ന് വാശി പിടിക്കാൻ മാത്രം സ്വാർത്ഥയല്ല താൻ.. തിരികെ ഫ്ലാറ്റിലേക്ക് വരുന്നതിന് മുൻപ് ഒരു മലയാളി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു അവർ.. ഫ്ലാറ്റിലെത്തിയതും താൻ വാങ്ങിയ ഒരു ജോഡി വസ്ത്രങ്ങൾ അമേയയ്ക്ക് നേരെ നീട്ടിക്കൊണ്ട് ജോയൽ പറഞ്ഞു.. “ഇത് തനിക്കാണ്..” അമേയ അമ്പരപ്പോടെ അവനെ നോക്കി.. തനിക്ക് ഇപ്പോൾ വസ്ത്രം വാങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലോ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം.. നീ എനിക്കേറെ പ്രിയപ്പെട്ടവളാണെന്ന് ആ മിഴികൾ തന്നോട് പറയുന്നുണ്ടെന്ന് അമേയയ്ക്ക് തോന്നി..

അമേയ അവൻ തന്റെ നേർക്ക് നീട്ടിയ കവർ വാങ്ങി.. തന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു കവിയുന്നത് പോലെ അമേയയ്ക്ക് തോന്നി.. സാറിന്റെ മുഖത്ത് തെളിഞ്ഞു കാണുന്നത് തന്നോടുള്ള സ്നേഹം മാത്രമാണ്.. എത്ര ഒളിച്ചു വയ്ക്കാൻ ശ്രമിച്ചാലും അത് തനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.. രാത്രിയിൽ, പതിവ് ബാൽക്കണി സംസാരത്തിന് ശേഷം അവർ രണ്ടുപേരും അവരവരുടെ റൂമിലേക്ക് പോയി.. പിറ്റേന്ന് പൂജയുടെ ബർത്ത്ഡേ ആയിരുന്നു.. ജോയൽ അവൾക്ക് നൽകിയ സമ്മാനം പൂജയ്ക്ക് ഇഷ്ടമായി.. വൈകുന്നേരം പൂജയുടെ വീട്ടിൽ വച്ച് ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു.. അമേയയെ ഒപ്പം വരാൻ ജോയൽ ക്ഷണിച്ചെങ്കിലും അവൾ അവനോടൊപ്പം ചെന്നില്ല.. താൻ കൂടെ ചെന്നാൽ മറ്റുള്ളവരോടൊക്കെ തന്നെ പരിചയപെടുത്താൻ സാർ ബുദ്ധിമുട്ടും..

തന്നെയുമല്ല പലരുടെയും പലവിധത്തിലുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം പറയേണ്ടി വരും.. തന്നെ അദേഹത്തിന്റെ ഫ്ലാറ്റിൽ താമസിപ്പിച്ചതിന് താനായിട്ട് അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ പാടില്ല.. ജോയൽ പൂജയുടെ വീട്ടിലേക്ക് പോയതും വല്ലാതെ ബോറടിക്കുന്നത് പോലെ അമേയയ്ക്ക് തോന്നി.. എല്ലാ ദിവസങ്ങളിലും താനും സാറും ഒരുമിച്ചുണ്ടാകുന്ന സമയമാണിത്.. അതുകൊണ്ടായിരിക്കും മനസിന് വല്ലാത്തൊരു അസ്വസ്ഥത.. സെറ്റിയിൽ ചമ്രം പടിഞ്ഞിരുന്നു അമേയ ഓരോന്ന് ചിന്തിക്കാൻ തോന്നി.. പല പല ചോദ്യങ്ങളും മനസിലേക്ക് കടന്ന് വന്നു.. താൻ ഈ ചെയ്തു കൊണ്ടിരിക്കുന്നതൊക്കെ ശരിയാണോ? തനിക്ക് ശരിയാണെന്നു തോന്നുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് ശരിയായി തോന്നണമില്ല.. ആരോടെങ്കിലും മനസ് തുറന്ന് സംസാരിച്ചാൽ തന്റെ ഇപ്പോളത്തെ പിരിമുറുക്കത്തിന് ഒരാശ്വാസം ലഭിക്കുമെന്ന് അവൾക്ക് തോന്നി.. ആരോടാണ് പറയുന്നത്?

രണ്ടു മുഖങ്ങളാണ് മനസ്സിൽ തെളിഞ്ഞത് ഡോക്ടർ സുഹാസിന്റെയും ധന്യയുടെയും… രണ്ടുപേരും തനിക്ക് ഒരുപോലെയാണ്… ഇവരിലാരെ വിളിക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് അമേയയുടെ ഫോൺ ബെല്ലടിച്ചത്.. ഡിസ്പ്ലേയിൽ ധന്യയുടെ പേര് കണ്ടതും മനസ്സിൽ ഒരു സന്തോഷം തോന്നുന്നു.. താൻ സംസാരിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ തന്നെ അവൾ വിളിച്ചല്ലോ.. ആഹ്ലാദത്തോടെ അമേയ ഫോൺ കാതോട് ചേർത്തു.. “ഹലോ ” “ഹലോ.. ഡീ.. പെണ്ണേ ” ധനയുടെ ആ വിളിയിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞു അവൾക്ക് പറയാനുള്ളത് എന്തോ സന്തോഷവാർത്തയാണെന്ന്.. “എന്താടി പതിവില്ലാത്ത ഒരു സന്തോഷം?” “ആമീ.. ഞാൻ പ്രസാദേട്ടന്റെ കാര്യം പപ്പയോടു പറഞ്ഞെടി.. പപ്പയ്ക്ക് സമ്മതമാണെടി ” “ശരിക്കും?” “ഉം.. ശരിക്കും.. ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല.. അമ്മയ്ക്ക് നേരത്തേ അറിയാവുന്നത് കൊണ്ട് അമ്മ സമ്മതിക്കുമെന്ന് അറിയാമായിരുന്നു..

തല്ലുമോ എന്ന് ഭയന്നാണ് പപ്പയോടു പറഞ്ഞത്.. പക്ഷേ ഞാൻ കരുതിയത് പോലെ ഒന്നുമുണ്ടായില്ല.. പിന്നെ പ്രസാദേട്ടൻ ഹിന്ദുവാണെന്ന് പറഞ്ഞപ്പോൾ പള്ളിയിൽ വച്ച് വിവാഹം നടത്താൻ പറ്റില്ലല്ലോ എന്നൊരു വിഷമം മാത്രം പപ്പാ പറഞ്ഞു ” “എനിക്ക് സന്തോഷമായി മോളെ.. നീ ആഗ്രഹിച്ചത് പോലെയുള്ള ജീവിതം നിനക്ക് കിട്ടുകയല്ലേ.. ഉടനെ തന്നെയുണ്ടാകുമോ കല്യാണം?” “ഇല്ലടി.. എന്റെ ലീവ് കഴിയാറായില്ലേ? ഞാൻ ഞായറാഴ്ച തിരിച്ചു കയറും.. അടുത്ത തവണത്തെ ലീവിന് വരുമ്പോൾ ഉണ്ടാകും കല്യാണം.. എനിക്കും പ്രസാദേട്ടനും ഒരേപോലെ ലീവൊക്കെ റെഡിയാക്കിയിട്ട് വേണം നാട്ടിൽ വരാൻ ” “എന്തായാലും എനിക്ക് സന്തോഷമായെടി പെണ്ണേ..

അങ്ങനെ എന്റെ ധന്യക്കുട്ടി ഒരു ഭാര്യയാകാൻ പോകുന്നു ” “മനസ്സ് കൊണ്ട് ഞാനെന്നേ പ്രസാദേട്ടന്റെ ഭാര്യയാണ്.. വീട്ടുകാരുടെ അനുഗ്രഹത്തോടെ ഞങ്ങളുടെ വിവാഹം നടക്കുമെന്ന് ഞാനൊരിക്കലും കരുതിയതല്ല.. ഇപ്പോൾ എന്റെ മനസിലെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ് ” “ഈ വന്ന കാലത്ത് പ്രസാദേട്ടനെ പോലെ ആത്മാർത്ഥതയുള്ള ഒരാളെ ജീവിതപങ്കാളിയായിട്ട് കിട്ടാൻ ഭാഗ്യം വേണം.. എന്തായാലും നിന്റെ എട്ട് വർഷത്തെ പ്രണയം പൂവിടാൻ പോകുന്ന ഈ വാർത്ത എനിക്കും ഏറെ സന്തോഷം തരുന്നതാണ് ” “പിന്നെന്തൊക്കെയാ.. നീ നിന്റെ വിശേഷങ്ങൾ പറയ്.. ഞാൻ നിന്നെ നേരത്തേ വിളിക്കണമെന്ന് കരുതിയതാണ്.. പക്ഷേ ഏട്ടന്റെ കാര്യം പപ്പയോടു സംസാരിക്കാൻ വേണ്ടി തയ്യാറെടുക്കുന്നതിന്റെ ടെൻഷനിലായിരുന്നു…

ഇനിയിപ്പോൾ ലീവും തീരാറായി.. അതുകൊണ്ട് പോകുന്നതിന് മുൻപ് നിന്നെക്കാണാനും വരാൻ പറ്റില്ല..” “അതിന് ഞാനിപ്പോൾ നാട്ടിലില്ലടി.. തിരിച്ചു ബാംഗ്ലൂരിലേക്ക് തന്നെ വന്നു ” “ആഹാ അപ്പോൾ നീയും ശ്യാമേട്ടനും തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ തീർന്നോ? എനിക്കറിയാമായിരുന്നു ആമീ നിനക്ക് ശ്യാമേട്ടനോട് അധികകാലമൊന്നും പിണങ്ങിയിരിക്കാൻ പറ്റില്ലെന്ന്.. നീ നമ്മുടെ ഹോസ്പിറ്റലിൽ തന്നെ തിരിച്ചു വന്നു ജോയിൻ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു..” “ഞാൻ എമറാൾഡിലേക്കല്ല തിരിച്ചു വന്നിരിക്കുന്നത് ” “പിന്നെ എവിടെയാണ് നീയിപ്പോൾ?” “ധന്യാ.. എനിക്കൊരുപാട് കാര്യങ്ങൾ നിന്നോട് പറയാനുണ്ട് ” “പറയടി.. നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാമല്ലോ.. അതിനിങ്ങനെ മുഖവുരയുടെയൊക്കെ ആവശ്യം ഉണ്ടോ?” അമേയ ഒരു നിമിഷം കണ്ണടച്ച് ആലോചനയോടെ നിന്നു..

എവിടെ നിന്ന് തുടങ്ങണമെന്ന് മനസിലാകുന്നില്ല.. ഇതുവരെ നടന്നതെല്ലാം മനസ്സിൽ ആലോചിച്ചിട്ട് അവൾ തന്റെ മനസിലുള്ളതെല്ലാം ധന്യയോട് പറഞ്ഞു.. എമറാൾഡ് ഹോസ്പിറ്റലിൽ നിന്നും റിസൈൻ ചെയ്യാനുണ്ടായ സാഹചര്യം ഒഴികെ ഇന്ന് വരെ തന്റെ ജീവിതത്തിൽ ഉണ്ടായതെല്ലാം അമേയ ധന്യയെ അറിയിച്ചു.. തനിക്കു ഡോക്ടർ ജോയലിനോട് പ്രണയമാണെന്നും അവൾ ധന്യയോട് തുറന്ന് പറഞ്ഞു.. ഒരിക്കൽ പോലും സംസാരത്തിനിടയിൽ ശ്യാമിനെ കുറ്റപ്പെടുത്തുന്ന ഒരുവാക്ക് പോലും അവൾ പറഞ്ഞില്ല.. അമേയ സംസാരം നിർത്തിയിട്ടും മറുതലയ്ക്കൽ നിശബ്ദതയായിരുന്നു.. ധന്യ ഫോൺ കട്ടാക്കിയിട്ട് പോയൊയെന്ന് അമേയ ചിന്തിച്ചു.. പക്ഷേ ധന്യയുടെ ശ്വാസോഛാസത്തിന്റെ ശബ്ദം ഫോണിലൂടെ കേൾക്കാമായിരുന്നു.. “ധന്യാ.. നീയെന്താ ഒന്നും മിണ്ടാത്തത്?” “ആമീ.. എനിക്ക് ഈ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.. ” “അതെന്താ?”

“നീ ചെയ്തതൊക്കെ ശരിയാണെന്നു നിനക്ക് തോന്നുന്നുണ്ടോ?” “തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം ” “നീ എമറാൾഡിൽ നിന്നും റിസൈൻ ചെയ്യാനുള്ള കാരണം ശ്യാമേട്ടനാണെന്ന് നീ പറയാതെ തന്നെ എനിക്ക് മനസിലായി.. അതിപ്പോൾ എന്താണ് കാരണമെന്നറിഞ്ഞിട്ട് എനിക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലാത്തത് കൊണ്ട് ഞാനതിനെപ്പറ്റി ചോദിക്കുന്നതുമില്ല.. എന്തായാലും അത്രയ്ക്ക് സ്ട്രോങ്ങ്‌ ആയിട്ടുള്ള ഒരു കാരണം ഉണ്ടായിട്ടായിരിക്കുമല്ലോ നീ അവിടെ നിന്നും പോന്നത്.. പക്ഷേ ഇത്രയും പെട്ടന്ന് നീ ശ്യാമേട്ടനെ മറന്ന് മറ്റൊരാളെ സ്നേഹിക്കുകയെന്നത് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. അതും ട്രയിനിൽ വച്ചു പരിചയപ്പെട്ട ഒരു ദിവസം പരിചയമുള്ള ആളോടൊപ്പം അയാളുടെ ഫ്ലാറ്റിലേക്ക് വരിക..

എനിക്കിതൊന്നും ചിന്തിക്കാൻ പോലും പറ്റുന്നില്ല ” “നിന്റെ എല്ലാ ചോദ്യങ്ങൾക്കും എന്റെ കയ്യിൽ മറുപടിയുണ്ട്.. ശ്യാമേട്ടൻ എന്നോട് കാട്ടിയ വിശ്വാസ വഞ്ചനയാണ് ഞാൻ പെട്ടന്ന് തന്നെ ശ്യാമേട്ടനെ മറന്നതിനുള്ള കാരണം.. തന്നെ സ്നേഹിച്ചു കബളിപ്പിച്ച ഒരാളെയും മനസിലോർത്തു ജീവിതകാലം മുഴുവനും കരഞ്ഞു കൊണ്ടിരിക്കാൻ ഞാൻ കണ്ണീർ സീരിയലിലെ നായികയല്ല.. ആ കണ്ണീർ നായികയുടെ മുഖം ഈ ആമിയ്ക്ക് ഒട്ടും ചേരില്ലെന്നാണ് എന്റെ വിശ്വാസം.. ജീവിതം സീരിയൽ കഥകളെപ്പോലെ കോംപ്ലിക്കേറ്റഡ് ആകണമെന്നാണെന്ന് തോന്നുന്നു നിന്റെ ചിന്ത.. അതുകൊണ്ടാണല്ലോ ഞാൻ ഇപ്പോൾ ജീവിക്കുന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ നിനക്ക് കഴിയാത്തത്..

നമ്മൾ ചതിക്കപ്പെട്ടു എന്ന് മനസിലായാൽ തൊട്ടടുത്ത നിമിഷം ആ ബന്ധത്തിൽ നിന്നും പിന്മാറണമെന്നാണ് എന്റെ അഭിപ്രായം.. നമ്മുടെ കണ്ണ്നീരിന് യോഗ്യത ഇല്ലാത്ത ഒരുത്തനു വേണ്ടി കരഞ്ഞു തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം.. അല്ലാതെ പല സീരിയലിലും മഹത്വവൽക്കരിക്കുന്നത് പോലെ തന്നെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം ചെയ്ത നായകനെയും മനസ്സിൽ ധ്യാനിച്ചിരിക്കുന്ന നായികയെപ്പോലെ ജീവിതം നശിപ്പിക്കുകയല്ല വേണ്ടത് ” “ആ സൈക്കോളജിസ്റ്റിന്റെ കൂടെ കൂടിയത് കൊണ്ടായിരിക്കും നീ നന്നായിട്ട് സംസാരിക്കുന്നുണ്ട് ” “ഉം.. മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനും ഉണ്ടൊരു സൗരഭ്യം എന്നല്ലേ പറയുന്നത്.. അതുപോലെ അദ്ദേഹത്തിന്റെയൊപ്പം ഇവിടെ താമസിച്ചു തുടങ്ങിയതിനു ശേഷം എന്റെ ജീവിതത്തിൽ കൂടുതലും പോസിറ്റീവ് എനർജിയാണെന്നാണ് എനിക്ക് തോന്നുന്നത് ” “എനിക്കിപ്പോളും നിന്നെ മനസിലാകുന്നില്ല ആമീ..

നീ പറഞ്ഞത് ഞാൻ മനസിലാക്കാം.. ജീവിതത്തിൽ വിശ്വാസവഞ്ചന ഏൽക്കേണ്ടി വന്നത് കൊണ്ട് ശ്യാമേട്ടനെ നിനക്ക് മറക്കാൻ കഴിഞ്ഞു.. പക്ഷേ ഇത്രയും പെട്ടന്ന് മറ്റൊരാളെ നിനക്കെങ്ങനെ സ്നേഹിക്കാൻ കഴിഞ്ഞു.. അയാളുടെ യഥാർത്ഥ സ്വഭാവം നിനക്കറിയാമോ? അയാളുടെ ഫാമിലിയെപ്പറ്റി നിനക്കെന്തെങ്കിലും അറിയാമോ? ഇതൊന്നും അറിയുന്നതിന് മുൻപ് നീ ആ ഫ്ലാറ്റിലേക്ക് പോയതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല ” “സാർ അത്രയ്ക്ക് നല്ല മനുഷ്യനാണെന്ന് ആദ്യകാഴ്ചയിൽ തന്നെ എനിക്ക് മനസിലായിരുന്നു.. അന്ന് ട്രെയിനിൽ വച്ച് എന്നോട് കാണിച്ച സ്നേഹവും കരുതലുമൊക്കെ അനുഭവിച്ചപ്പോൾ എനിക്ക് മനസിലായത് അദ്ദേഹം നല്ലൊരു വ്യക്തിയാണെന്ന്.. ” “അതൊക്കെ അഭിനയമാണെങ്കിലോ.. അയാളിപ്പോൾ അണിഞ്ഞിരിക്കുന്നത് ഒരു മുഖംമൂടി ആണെങ്കിലോ?

ഇത്രയും വർഷങ്ങൾ കഴിഞ്ഞപ്പോളല്ലേ നീ ശ്യാമേട്ടന്റെ യഥാർത്ഥ സ്വഭാവം മനസിലാക്കിയത്? എന്നിട്ട് ഒരു ദിവസം കൊണ്ട് അയാളെ മനസിലാക്കിയോ?” “മുഖംമൂടി ആണെങ്കിൽ അതെന്നായാലും നമുക്ക് മനസിലാക്കാൻ കഴിയും.. ശ്യാമേട്ടന്റെ മുഖംമൂടി അവനറിയതെ എന്റെ മുന്നിൽ അഴിഞ്ഞു വീണില്ലേ.. അത് പോലെ ഇവിടെയും സംഭവിച്ചേനെ.. ഏകദേശം രണ്ടാഴ്ച ആകാറായി ഞാൻ ഈ ഫ്ലാറ്റിലേക്ക് വന്നിട്ട്.. അദ്ദേഹത്തിന് എന്തെങ്കിലും ഒരു ദുരുദ്ദേശ്യം ഉണ്ടായിരുന്നുവെങ്കിൽ എപ്പോളോ അത് സാധിക്കുമായിരുന്നു.. അതിനുള്ള ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു..” “പക്ഷേ ഒരു പരിചയവുമില്ലാത്ത ഒരാളോടുള്ള ആദ്യകാഴ്ചയിലെ പ്രണയത്തോട് എനിക്ക് മനസ്സ് കൊണ്ട് യോജിക്കാൻ കഴിയുന്നില്ല..” “അപ്പോൾ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നുള്ളത് തെറ്റായ കാഴ്ചപ്പാടാണെന്നാണോ?

ഒരു കാര്യം ചോദിക്കട്ടെ.. പ്രസാദേട്ടൻ നിന്നെ ഇഷ്ടമാണെന്ന് എപ്പോളാ പറഞ്ഞത്?” “അത് നമ്മൾ സ്കൂൾ വിട്ട് വരുമ്പോൾ ബസ് കാത്തു നിൽക്കുമ്പോളല്ലേ.. അതും ഇതും തമ്മിൽ എന്താ ബന്ധം?” “നമ്മൾ പ്ലസ്ടു വിന് പഠിക്കുമ്പോൾ സ്കൂൾ വിട്ട് വരുന്ന വഴിയ്ക്കാണ് പ്രസാദേട്ടൻ നിന്നോട് ഇഷ്ടമാണെന്ന് പറയുന്നത്.. അന്നാദ്യമായിട്ടാണ് നിന്നെ കാണുന്നതെന്നും ആദ്യത്തെ കാഴ്ചയിൽ തന്നെ നിന്റെ മുഖം മനസ്സിൽ പതിഞ്ഞുവെന്നും.. പക്ഷേ നീ ഉത്തരം തിടുക്കത്തിൽ പറയണ്ട.. ആലോചിച്ചു പറഞ്ഞാൽ മതിയെന്നും പ്രസാദേട്ടൻ അന്ന് നിന്നോട് പറഞ്ഞിരുന്നു.. നീ പിറ്റേദിവസം തന്നെ പുള്ളിയോട് യെസ് പറഞ്ഞു.. അപ്പോൾ നിനക്ക് പ്രസാദേട്ടനെ പറ്റി എന്തെങ്കിലും അറിയാമായിരുന്നോ? അറ്റ്ലീസ്റ്റ് ഏട്ടൻ ഹിന്ദുവാണെന്നെങ്കിലും നിനക്ക് അറിയാമായിരുന്നോ?”

“ആമീ… അത് പതിനാറു വയസ്സുള്ള ഒരു പെൺകുട്ടിയുടെ പക്വതയില്ലായ്‌മയായിരുന്നു.. പക്ഷേ ഇപ്പോൾ നിനക്ക് ഇരുപത്തി നാലു വയസായില്ലേ? അതുകൊണ്ട് പ്രായത്തിന്റെ പക്വത കാണിക്കണ്ടേ ഒരു തീരുമാനം എടുക്കുമ്പോൾ ” “എന്നിട്ട് പക്വതയില്ലാത്ത പ്രായത്തിലെടുത്ത ആ തീരുമാനം കൊണ്ട് നിനക്കെന്തെങ്കിലും പ്രശ്നം ഉണ്ടായോ… അന്ന് നിന്റെ മനസ്സ് പറഞ്ഞത് പോലെ നീ കേട്ടു.. ആ ആളെത്തന്നെയല്ലേ നീ വിവാഹം ചെയ്യാൻ പോകുന്നത്.. അന്നെടുത്ത തീരുമാനം കൊണ്ട് നിനക്കെന്നെങ്കിലും ദുഖിക്കേണ്ടി വന്നിട്ടുണ്ടോ?” “അത് പ്രസാദേട്ടൻ നല്ലവനായത് കൊണ്ട്.. അന്ന് മുതൽ ഇന്ന് വരെ എന്നെ ഒരേപോലെ സ്നേഹിച്ചത് കൊണ്ട് എനിക്ക് എന്റെ തീരുമാനത്തിൽ കുറ്റബോധം തോന്നിയിട്ടില്ല ”

“അന്ന് പ്രസാദേട്ടനെ നിന്റെ ഇഷ്ടം അറിയിക്കുമ്പോൾ ഏട്ടൻ നല്ലവനാണോ എന്ന് നിനക്ക് അറിയാമായിരുന്നോ?” “ഇല്ല.. ഒരു വിശ്വാസത്തിന്റെ പുറത്ത് അന്നങ്ങനെ പറഞ്ഞതാണ്.. എന്തായാലും എന്റെ തീരുമാനം ശരിയായിരുന്നു എന്ന് പിന്നീടെനിക്ക് മനസിലായി ” “ഒരു ചോദ്യം കൂടി ചോദിക്കട്ടെ.. നിനക്ക് വിഷമം തോന്നരുത് “.. “ഇല്ല.. ചോദിച്ചോ..” “നിങ്ങളുടെ വിവാഹത്തിന് മുൻപ് പ്രസാദേട്ടൻ നിന്നോട് വിശ്വാസവഞ്ചന കാണിച്ചാൽ നീ എന്ത് ചെയ്യും?” “ആമീ.. നീ ഇങ്ങനെയൊന്നും പറയല്ലേ.. എനിക്കത് ആലോചിക്കാൻ പോലും വയ്യ ” “ജസ്റ്റ്‌ ഒരു ചോദ്യമാണ് അതിന് മറുപടി താ.. പ്രസാദേട്ടൻ നല്ലവനാണ് എനിക്കറിയാം.. പക്ഷേ നീ അതൊരു ചോദ്യമായിട്ട് മാത്രം കണ്ടിട്ട് ഉത്തരം പറയ്?” “ഞാനെന്ത് ചെയ്യാനാണ്.. വേറെ ആരെയെങ്കിലും വിവാഹം കഴിക്കും..

അല്ലാതെ ജീവിതകാലം മുഴുവനും അവിവാഹിതയായി കഴിയാൻ പറ്റുമോ?” “അപ്പോൾ പിന്നെ ഞാനും അത്‌ തന്നെയല്ലേ ചെയ്തത്.. അതോ ഞാൻ ശ്യാമേട്ടനെ പറഞ്ഞു തിരുത്തി നേർവഴിയ്ക്ക് കൊണ്ട് വന്നിട്ട് അയാളെ തന്നെ വിവാഹം ചെയ്യണമായിരുന്നോ? അതോ ഇപ്പോളും… എന്നാലും ശ്യാമേട്ടൻ എന്നോടിങ്ങനെ ചെയ്തല്ലോ എന്ന് പറഞ്ഞ് കൊണ്ടിരിക്കണമായിരുന്നോ? അതിന് ആമിയ്ക്ക് മനസില്ല.. എന്നെ ജീവിതകാലം മുഴുവനും ചേർത്ത് പിടിക്കുമെന്ന് എനിക്കുറപ്പുള്ള ഒരാളെയാണ് ഞാൻ സ്നേഹിക്കുന്നത്.. ഈ ലോകം മുഴുവനും എതിര് നിന്നാലും എനിക്കൊരു പ്രശ്നവുമില്ല.. എന്റെ ചേച്ചിയുടെയും ചേട്ടന്റെയും സമ്മതം മാത്രം മതിയെനിക്ക് ” “എടി.. നീ ഇമോഷണലാകാതെ.. എനിക്ക് നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടായിരിക്കും ഇതൊക്കെ കേട്ടപ്പോൾ അഡ്ജസ്റ്റ് ചെയ്യാനൊരു ബുദ്ധിമുട്ട് ”

“നിന്നെ ഞാൻ കുറ്റപ്പെടുത്തിയതല്ല ധന്യാ.. നമ്മുടെ നാട്ടിലെ മിക്കവാറും ആളുകളുടെ ചിന്താഗതി തന്നെയാണ് നിനക്കും.. പ്രണയനഷ്ടം ഉണ്ടായാൽ കുറച്ച് നാളെങ്കിലും സ്ത്രീകൾ അതോർത്തു കരയണമെന്നാണ് ചുരുക്കം ചിലരെങ്കിലും കരുതുന്നത്.. നീ ഒന്നോർത്തു നോക്കിക്കേ.. നമ്മുടെ നാട്ടിൽ ഡിവോഴ്സ് കഴിഞ്ഞാൽ വീണ്ടും വിവാഹിതരാകുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാളും കുറവാണ്.. അതിന് കാരണം നമ്മുടെ നാട്ടുകാരുടെ ഇങ്ങനെയുള്ള കാഴ്ചപ്പാടാണ്.. ” “നിന്നെ ഞാൻ മനസിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നാണോ നീ കരുതുന്നത്? അതല്ല ആമീ.. ഒരിക്കൽ കൂടി നീ സങ്കടത്തിലാകുന്നത് എനിക്ക് കാണാൻ വയ്യ.. തന്നെയുമല്ല എന്റെ പാവം ആമിയ്ക്ക് ഒരു ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പ് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല ”

“ടി.. ഞങ്ങൾ ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കുന്നെങ്കിലും ഞങ്ങളുടെ ബന്ധം നീ ഈ പറഞ്ഞ ലിവിംഗ് ടുഗെതർ റിലേഷൻ വരെയൊന്നും പുരോഗമിച്ചിട്ടില്ല ” “പക്ഷേ പുറത്ത് നിന്ന് നോക്കുന്നവർ എന്താണ് കരുതുന്നതെന്ന് നിനക്കറിയില്ലല്ലോ?” “ആരെന്ത് വേണമെങ്കിലും കരുതട്ടെ.. എല്ലാവരെയും തൃപ്തിപെടുത്തി ജീവിക്കാനൊക്കെ പ്രയാസമാണ് ” “നിനക്ക് ജീവിതത്തിൽ നല്ലത് വരണമെന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ ആമീ.. ചിലപ്പോൾ നിനക്ക് ഏറ്റവും യോജിച്ചത് ആ മനുഷ്യനായിരിക്കും അതായിരിക്കും ആ ട്രെയിൻ യാത്രയിൽ അയാളെ ദൈവം നിന്റെ മുന്നിലെത്തിച്ചത്.. നിനക്കിനി സങ്കടങ്ങൾ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം..” “എനിക്കറിയാം നിനക്കിപ്പോളും എന്റെ തീരുമാനത്തോട് അനിഷ്ടമുണ്ടെന്ന്.. പക്ഷേ കുറച്ച് കഴിയുമ്പോൾ നിനക്കെന്നെ പൂർണമായും മനസിലാകും.. ”

“ഉം… ഞാൻ പിന്നെ വിളിക്കാം.. ഞാൻ അവിടെയെത്തിയിട്ട് നിന്നെയും നിന്റെ സാറിനെയും കാണാൻ വരുന്നുണ്ട്.. ഒരുദിവസം കൊണ്ട് എന്റെ ആമിയുടെ മനസ്സ് മാറ്റിയ ആ വിരുതനെ എനിക്കൊന്ന് കാണണം ” ” ആ ഒരു ദിവസത്തിൽ തന്നെ മാറ്റാർക്കുമില്ലാത്ത എന്തൊക്കെയോ പ്രത്യേകതകൾ അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് മനസിലായെടി.. തന്നെയുമല്ല ഇനിയുള്ള എന്റെ ജീവിതത്തിൽ വസന്തകാലം വിരിയിക്കാൻ ആ പുഞ്ചിരിയ്ക്ക് കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.. ആ കണ്ണുകളിൽ പ്രണയം മാത്രമാണ് ഞാൻ കണ്ടത്.. ഓരോ വാക്കിലും എന്നോടുള്ള സ്നേഹവും കരുതലും മാത്രമാണ് ഞാൻ അറിഞ്ഞത് ” “ആഹാ.. സാഹിത്യമൊക്കെ പറയുന്നുണ്ടല്ലോ ” പെട്ടന്ന് കാളിങ് ബെൽ ശബ്‌ദിക്കുന്നത് കേട്ടപ്പോൾ അമേയ പറഞ്ഞു.. “എടി.. സാർ വന്നെന്ന് തോന്നുന്നു..

ഞാൻ പിന്നെ വിളിക്കാം ” അവൾ കാൾ കട്ട്‌ ചെയ്യാതെ തന്നെ എഴുന്നേറ്റു.. ധന്യ ഫോൺ കാതോട് ചേർത്ത് വച്ചിട്ട് അവരെന്താണ് സംസാരിക്കുന്നതെന്നറിയാൻ കാതോർത്തു നിന്നു. അമേയ ഡോർ തുറന്നപ്പോൾ തന്റെ കയ്യിലിരുന്ന കവർ അവളുടെ നേർക്ക് നീട്ടികൊണ്ട് ജോയൽ അവളോട് ചോദിച്ചു.. “താൻ എന്തെടുക്കുകയായിരുന്നു? ബോറടിച്ചോ?” “ഇല്ല.. ഞാൻ ധന്യയെ വിളിക്കുകയായിരുന്നു ” “ആഹാ.. താനിവിടെ എന്റെ ഫ്ലാറ്റിലാണെന്ന് പറഞ്ഞോ?”. “ഉം.. അവൾക്ക് വല്ലാത്ത ടെൻഷനായി” “ടെൻഷനടിക്കേണ്ട.. താനിവിടെ സേഫ് ആണെന്ന് പറഞ്ഞില്ലേ?” “പറഞ്ഞു.. എന്നിട്ടും അവൾക്ക് എന്തോ ഒരു ടെൻഷൻ ഉണ്ടെന്ന് മനസിലായി ” “സാരമില്ലടോ.. എന്നെയൊന്ന് നേരിട്ട് കാണുമ്പോൾ തന്റെ കൂട്ടുകാരിയുടെ ടെൻഷനോക്കെ മാറിക്കോളും ” “അതൊക്കെ പോട്ടേ..

സാറെന്താ പെട്ടന്ന് തന്നെ തിരിച്ചു വന്നത്?” “താനിവിടെ ഒറ്റയ്ക്കല്ലേ.. അതുകൊണ്ട് പെട്ടന്ന് വന്നത്.. കുറച്ചു ദിവസമായിട്ട് നമ്മൾ ഒരുമിച്ചല്ലേ ഭക്ഷണം കഴിക്കുന്നത്.. അതുകൊണ്ട് പൂജയുടെ വീട്ടിൽ പോയി ജസ്റ്റൊന്നു തല കാണിച്ചിട്ട് തിരികെ പോന്നു.. വരുന്ന വഴിയ്ക്ക് നമുക്ക് രണ്ടാൾക്കുമുള്ള പാർസൽ വാങ്ങി..” “ഉം ” “താൻ പ്ലേറ്റ് എടുത്ത് വയ്ക്ക്.. ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം ” അപ്പോളും കാൾ കട്ടാക്കാതെ അവരുടെ സംസാരം കേട്ട് നിന്നപ്പോൾ തന്റെ ആമി ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ഉള്ളതെന്ന് ധന്യയ്ക്ക് തോന്നി.. ആശ്വാസത്തോടെ അവൾ ഫോൺ കട്ട്‌ ചെയ്തു……. തുടരും…….

ഈറൻമേഘം: ഭാഗം 24

Share this story