പെയ്‌തൊഴിയാതെ: ഭാഗം 17

പെയ്‌തൊഴിയാതെ: ഭാഗം 17

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഹേയ്.. ഞാൻ.. ഞാൻ അതല്ല.. വേദ.. വേദ നിങ്ങളാരും വിചാരിക്കുന്നപോലെ അല്ല..നിങ്ങളൊക്കെ കരുതുന്ന പോലെ വേദ എന്റെ മോളല്ല.. ഗീതയുടെ വാക്കുകൾ കേട്ട് ഞെട്ടലോടെ ഗിരിയും ലേഖയും അവരെ നോക്കി.. ഗീതയുടെ മോളല്ലേ.. അല്ല.. അവൾ.. അവളെന്റെ മകന്റെ ഭാര്യയാണ്.. ഒരു ഞെട്ടലോടെയാണ് ഗിരിയും ലേഖയും അത് കേട്ട് നിന്നത്… മനസ്സിലേക്ക് ഇരച്ചെത്തുന്ന ഓർമകളുടെ പ്രതിഫലനമെന്നോണം ഗീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അപ്പോഴും.. വേദയുടെ ഹസ്ബൻഡ്.. ഗിരിയാണ് ചോദിച്ചത്.. ഉണ്ട്.. പക്ഷെ.. അവർ ഒന്ന് നിർത്തി… ആ കണ്ണുകൾ നിറഞ്ഞു.. ഗിരിയും ലേഖയും സംശയത്തോടെ അവരെ നോക്കി..

അവൻ ഇപ്പൊ ഞങ്ങളോടൊപ്പം ഇല്ല.. അമ്മേ… ഗീത പറഞ്ഞു നിർത്തിയതും വേദയുടെ വിളി കേട്ടു.. അത് കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്.. മോളുമായി നിറഞ്ഞ പുഞ്ചിരിയോടെ അവൾ അവർക്കരികിലേയ്ക്ക് ചെന്നു.. ച.. ച.. ഗിരിയെ കണ്ടതും കുഞ്ഞി കൈ നീട്ടി വേദയുടെ മറുകയ്യിൽ ഇരുന്ന ഇലയ്ക്കായി അവൾ കുതറി.. കുറുമ്പി.. അവളത് നീട്ടിയതും കുഞ്ഞി വിരളാൽ ചന്ദനമെടുത്തു ഗിരിയുടെ കവിളിൽ വരച്ചവൾ പൊട്ടി ചിരിച്ചു.. ഗിരി വേദയെ ശ്രദ്ധിക്കുകയായിരുന്നു.. അവളുടെ മുഖത്തെ സന്തോഷം.. എങ്കിലും അതിനിടയിലെവിടെയൊക്കെയോ വേദന ഒളിഞ്ഞിരിക്കുന്നത് അവനും അറിയുന്നുണ്ടായിരുന്നു..

അല്ല ലേഖാമ്മായിയുടെ മുഖമെന്താ വല്ലാതെ.. അവൾ ചോദിച്ചു.. ഒന്നൂല്യ കുട്ടി.. അഞ്ജുവിന്റെ കാര്യം പറയുകയായിരുന്നു.. ഗീത പെട്ടെന്ന് പറഞ്ഞു.. ലേഖയും ഗിരിയും അവരെ നോക്കി.. ഒന്നും മിണ്ടരുതെ എന്ന് അവർ കണ്ണുകൊണ്ട് പറയുന്നതുപോലെ ഗിരിക്ക് തോന്നി.. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായതും ഗിരി മൗനം പാലിച്ചു.. വാ മോളെ.. ഗിരി വിളിച്ചതും ശങ്കരിമോള് ചിരിയോടെ അവന്റെ കയ്യിലേക്ക് ചാടി.. വഴക്കുണ്ടാക്കിയോ നീ.. ഗിരി മോളോട് ചോദിച്ചു.. ഹേയ്.. ഇല്ല സർ. അവള് ഒരു കുറുമ്പും ഇല്ലാതെ അടങ്ങി എന്റെ കൂടെ ഇരിക്കുകയായിരുന്നു.. വേദ പറഞ്ഞു.. ഞങ്ങളെന്നാൽ ചെല്ലട്ടെഡോ.. അവിടെ അമ്മയ്ക്ക് ചായ ഒക്കെ കൊടുക്കട്ടെ . നാളെത്തേയ്ക്ക് മോളുടെ പേരിൽ ഒരു ഗണപതി ഹോമത്തിനും അർച്ചനയ്ക്കും കൊടുത്തിട്ടുണ്ട്.. ഞങ്ങൾ രാവിലെ പോയി പ്രസാദം വാങ്ങാം..

അവനത് പറഞ്ഞതും അവൾ ബാഗിൽ നിന്നും രസീത് എടുത്ത് അവനായി നീട്ടി.. അവനത് കയ്യിൽ വാങ്ങി.. അമ്മായി.. വാ.. അവൻ അവരെ വിളിച്ചതും അവളെ നോക്കി പുഞ്ചിരിച്ചു അവരും അവർക്ക് പിന്നാലെ നടന്നു.. എന്താമ്മേ ലേഖാമ്മായിയുടെ മുഖം വല്ലാതെ.. ഓ അത് ഗിരിയുടെ കല്യാണ കാര്യം പറഞ്ഞു.. അതിനു ചെറിയൊരു ക്ലാഷ്.. അല്ല നന്നായി തൊഴുതോ മോളെ.. ഗീത തെല്ല് ആശ്വാസത്തോടെ ചോദിച്ചു.. ആ.. രാജൻമാമ ഫോണിൽ വിളിച്ചിരുന്നു.. അമ്മയെ വിളിച്ചിട്ട് കിട്ടിയില്ല എന്നു പറഞ്ഞു.. അവൾ പറഞ്ഞുകൊണ്ട് അകത്തേയ്ക്ക് കയറി.. ഞാൻ അത് മറന്നു.. അവർ അതും പറഞ്ഞു അകത്തേയ്ക്ക് ഓടി.. അവൾ പ്രസാദം കൊണ്ട് മേശയിൽ വെച്ചു മറ്റുവാനുള്ള വസ്ത്രങ്ങളുമെടുത്തു ബാത്റൂമിലേയ്ക്ക് നടന്നു.. *******

എന്നാലും എന്റെയൊരു കാര്യം. മോന്റെ ഭാര്യയ്ക്ക് കല്യാണം ആലോചിച്ചു അവരുടെ അടുത്തേയ്ക്ക് ചെന്നത് വല്ലാത്ത മോശമായിപ്പോയി അല്ലെ ഏട്ടത്തി.. ലേഖ സാവിത്രിയ്ക്ക് ചോറ് വിളമ്പിക്കൊണ്ട് പറഞ്ഞു.. ഹേയ്.. നീ അറിയാതെയല്ലേ.. എന്നാലും അവർക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു.. അല്ലെങ്കിൽ ആ കുട്ടി വന്നപ്പോൾ വിഷയം മാറ്റേണ്ട കാര്യമില്ലല്ലോ.. വേദയുടെ ഭർത്താവ്.. അയാളിപ്പോ എവിടെയാ.. ശങ്കർ അകത്തേയ്ക്ക് വന്ന് ചോദിച്ചു.. ആവോ..ഒന്നും അറിയില്ല.. ഗീത ഒന്നും വിട്ട് പറഞ്ഞില്ല.. അല്ല അതിനും മുൻപേ മോളുമായി വേദ വന്നു.. അതോടെ അവരാ വിഷയം മാറ്റി.. മ്മ്.. നിക്ക് അതല്ല ഏട്ടാ.. അവർക്കിനി ആ കുട്ടിയോട് ഇതിന്റെ പേരിൽ വല്ല വിരോധോം ഉണ്ടാവോന്നാ.. ഹേയ്..

അതിനുള്ള സാധ്യത ഒന്നുമില്ല.. അതിന്റെ ഭർത്താവ് അവരോടൊപ്പം ഇല്ലെന്നല്ലേ പറഞ്ഞത്.. അതുമല്ല അവർ തമ്മിൽ നല്ല സ്നേഹത്തിലും അല്ലെ.. ശങ്കർ പറഞ്ഞു.. ഒന്നും ഉണ്ടാവാതെ ഇരിക്കട്ടെ.. ലേഖ സ്വയം പറഞ്ഞു.. സത്യത്തിൽ ഞാനും ഒരുപാട് ആശിച്ചു നീ പറഞ്ഞപ്പോ.. ആ കുട്ടിയെ പോലെ ഒരാൾ ഗിരീടെ ജീവിതത്തിൽ വന്നിരുന്നെങ്കിൽ മോളുടെ കാര്യത്തിൽ പിന്നെ എനിക്ക് ആധി വേണ്ടായിരുന്നു.. ആരുടെയും മനസ്സ് നമുക്ക് ചൂഴ്ന്ന് അറിയാൻ കഴിയില്ലല്ലോ സാവിത്രി.. ആർദ്രയെ നമ്മൾ എത്ര സ്നേഹിച്ചതാ.. വിശ്വസിച്ചതാ.. മോളെ പോലെ അല്ലായിരുന്നു.. മോള് തന്നെ ആയിരുന്നില്ലേ നമുക്കവൾ.. എന്നിട്ടോ.. ഇനിയിപ്പോ ഗിരീടെ ജീവിതത്തിൽ മറ്റാര് വന്നാലും ശങ്കരിമോൾക്ക് അവൾ അമ്മയെ പോലെയെ ആകൂ.. അമ്മയാകണം എന്നില്ല..

അവർക്ക് മറ്റൊരു കുഞ്ഞു ജനിക്കുമ്പോ ചിലപ്പോ ശങ്കരിമോള് അവർക്കൊരു ബാധ്യത ആകും.. ശങ്കർ പറഞ്ഞു.. സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞു.. എന്താ ഏട്ടത്തി ഇത്.. ലേഖ ശാസനയോടെ അവരുടെ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു.. എന്തിനാ ഈശ്വരാ ഈ അറിവുറയ്ക്കാത്ത പ്രായത്തിൽ എന്റെ കുഞ്ഞിനോടീ ചതി ചെയ്തത്.. അതിനുവേണ്ടി എന്ത് തെറ്റാ ആ പൊടികുഞ്ഞു നിന്നോട് ചെയ്തേ.. ചോറും പാത്രം കയ്യിൽ പിടിച്ചവർ കരയുന്നതും കണ്ടാണ് ഗിരി മോളുമായി അകത്തേയ്ക്ക് വന്നത്.. അവന്റെ മുഖം പെട്ടെന്ന് വല്ലാതെയായി.. എന്താ അമ്മേ.. അവൻ ചോദിച്ചു.. കുന്തം… ഒരു കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യമല്ലേ.. ഈ പ്രായത്തിൽ ആവതില്ലാതെ കിടക്കുന്നവരുടെ ഉള്ളിലെ വേദന നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല.. അതെങ്ങനാ..

വയസ്സ് മുപ്പത് ആകുന്നതെയുള്ളൂ.. പക്ഷെ പ്രായവും കാലവും ലോകവും കുറെ കണ്ടതാടാ ഞങ്ങൾ മൂന്നാലു പേര്.. അതുകൊണ്ടാ നാഴികയ്ക്ക് നാൽപ്പത് വട്ടം ഓരോന്ന് വേദമോതുന്ന പോലെ പറഞ്ഞു തരുന്നത്.. നിന്റെ അച്ഛന്റെയോ അമ്മയുടേയോ മോളുടെയോ ആരുടെയേലും വേദന നീ കാണുന്നുണ്ടോ.. അറിയുന്നുണ്ടോ.. നിന്റെ മോളുടെ അവസ്ഥ എന്താണെന്ന് നീ അറിയുന്നുണ്ടോ ഗിരീ..ഹേ.. അവൾക്ക് പ്രായം 9 അല്ല 1 ആണ്.. അതാദ്യം നീ മനസ്സിലാക്ക്.. ലേഖ പൊട്ടിത്തെറിച്ചു.. ഗിരിയുടെ മുഖം താഴ്ന്നു. രാവിലെ നീ ഇറങ്ങും കോളേജിലോട്ട്.. പിന്നെ ഇവിടെ ഞങ്ങൾ 4 വയസ്സന്മാര്.. നിന്റെ അമ്മ കിടപ്പിലാണ്. അച്ഛന് മോളേയും കൊണ്ട് നടക്കാനുള്ള ആവതില്ല..

ദിവാകരേട്ടനും.. ഞാനൊരുത്തി ഉള്ളത്തിനു ഏടത്തിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും നോക്കി മോളേയും നോക്കാനുള്ള ആവത് ഇല്ല.. നിന്റെ മോളീ പ്രായത്തിൽ ഇവിടെ അനുഭവിക്കുന്ന ഒറ്റപ്പെടൽ നീ എപ്പോഴേലും അറിഞ്ഞിട്ടുണ്ടോ.. ശ്രദ്ധിച്ചിട്ടുണ്ടോ.. എന്നിട്ടിപ്പൊ എന്താണെന്ന്.. നീ നിന്റെ വാശിയും കൊണ്ടിരുന്നോ.. ഞങ്ങൾ 4 പേരും അങ്ങു പോയി കഴിയുമ്പോ നീ അറിയും ഈ പറയുന്നതിന്റെയൊക്കെ അർത്ഥം.. അപ്പൊ ചിലപ്പോ കാലം ഒത്തിരി മാറിയിട്ടുണ്ടാകും ഗിരീ.. പഠിപ്പും വിവരോം ഉള്ള നിന്നോടൊക്കെ ഈ 10ആം ക്ലാസ്സും ഗുസ്തിയുമുള്ള ഞാനൊക്കെ ഇങ്ങനെ കിടന്ന് ഉപദേശിക്കുമ്പോ നിനക്ക് തോന്നും ഈ തള്ളയ്ക്കൊക്കെ എന്തറിഞ്ഞിട്ടാ എന്നു..

സത്യമാ. പഠിപ്പും വിവരോം കുറവായിരിക്കും.. പക്ഷെ ജീവിതം കൊണ്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്.. അറിഞ്ഞിട്ടുണ്ട്.. അത്രേയൊക്കെ അറിഞ്ഞു വരുമ്പോഴേയ്ക്കും ഉള്ള ജീവിതം കയ്യീന്ന് പോയിട്ടുണ്ടാകും.. ആൻ ചിലപ്പോൾ തിരിച്ചു പിടിക്കാൻ കഴിഞ്ഞൂന്നും വരില്ല.. അതോർക്കുന്നത് എന്റെ മോന് നല്ലതായിരിക്കും.. അത്രയും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകളൊപ്പി അവർ അവിടുന്നിറങ്ങുമ്പോൾ ഗിരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.. മറുത്തൊരു വാക്ക് പറയുവാൻ കഴിയാത്ത വിധം അവന്റെ തൊണ്ടക്കുഴിയിൽ നിന്നും വാക്കുകൾ പോലും അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.. അച്ഛനെയും അമ്മയെയും നോക്കി നിൽക്കെ അവന്റെ കണ്ണിൽ നിന്നും ചൂട് കണ്ണുനീർ ഒഴുകി പതിയെ ഇറങ്ങി.. ച.. ച.. കുഞ്ഞി കൈകളാൽ കണ്ണുനീരൊപ്പി അവന്റെ മുഖത്തേയ്ക്ക് കുഞ്ഞി ചുണ്ടുകൾ ചേർത്ത് കൊഞ്ജലോടെ മോള് വിളിക്കുന്നത് കേട്ടതും അവന്റെ ഉള്ളിൽ നിന്നുമൊരു ഏങ്ങൽ പുറത്തേയ്ക്ക് വന്നു..

ഒന്നും മിണ്ടാതെ മോളേയുമെടുത്തവൻ പുറത്തേയ്ക്ക് നടക്കുമ്പോൾ ആ നാലു ചുവരുകൾക്കുള്ളിൽ പ്രയാധിക്യത്തിന്റെ അവശതകൾക്കൊപ്പം നഷ്ടമായി പോകുന്ന തന്റെ മകന്റെ ജീവിതവും ഒരു ചോദ്യചിഹ്നമായി അവർക്കിടയിൽ നിറഞ്ഞിരുന്നു.. ********* റൂമിന്റെ ഡോറിൽ തട്ട് കേട്ടാണ് ഗിരി കണ്ണു തുറന്നത്.. അവൻ ചുറ്റിനും നോക്കി.. വാതിൽ കുട്ടിയിട്ടാണ് താൻ കിടന്നത് എന്നോർക്കെ അവന്റെ നെഞ്ചോന്നു കാളി. അച്ഛനും അമ്മയ്ക്കും വയ്യാത്തത് കൊണ്ട് സാധാരണ അത് പതിവില്ലാത്തതാണ്.. അവൻ ചുറ്റും നോക്കി.. നേരം പുലർന്നിട്ടില്ല.. വേഗമെഴുന്നേറ്റ കതക് തുറക്കുമ്പോൾ പുറത്ത് അത്യാഹിതമൊന്നും ഉണ്ടാകരുതെ എന്നായിരുന്നു പ്രാർത്ഥന മുഴുവൻ… കതക് തുറന്നതും മുൻപിൽ നിൽക്കുന്ന വേദയെ അവൻ ഞെട്ടലോടെ നോക്കി.. എന്താ വേദാ.. അവൻ ചോദിച്ചു.. അമ്മ വിളിക്കുന്നു.. അവൾ പറഞ്ഞു.. അമ്മയ്ക്കെന്താ..

ഒന്നുമില്ല… ഓണമല്ലേ പുലർച്ചെ മോളുമായി അമ്പലത്തിൽ പോകുന്ന കാര്യം പറയാനാ.. അവൾ പറഞ്ഞപ്പോഴാണ് അവൻ സമയം നോക്കിയത്.. 4 അര ആകുന്നു.. അവൻ ഒന്നു നിശ്വസിച്ചു.. അവൾ അവനെ നോക്കുകയായിരുന്നു.. കണ്ണൊക്കെ വീങ്ങി ഇരിക്കുന്നു.. മുടിയൊക്കെ പാറി പറന്നു.. സർ കരഞ്ഞോ.. ആ ചോദ്യത്തിൽ ഞെട്ടലോടെ അവൻ അവളെ നോക്കി.. നന്നായി.. അവൾ പറഞ്ഞു.. കരഞ്ഞതാ.. വേദന തോന്നുമ്പോ കരയാൻ പറ്റുന്നതും ഒരു അനുഗ്രഹമാണ് സർ.. അതിനു പോലും സാധിക്കാത്തവരും ഈ ലോകത്തുണ്ട്.. മറ്റുള്ളവർക്ക് വേണ്ടി കരച്ചിലിനെ പുഞ്ചിരിയാക്കി മാറ്റി ജീവിതത്തിൽ അഭിനയിക്കേണ്ടി വരുന്നവർ.. നിറഞ്ഞു വന്ന കണ്ണുകളെ ശാസിച്ചു നിർത്തി അവൾ അതും പറഞ്ഞു പോകുമ്പോൾ ഒന്നും മനസ്സിലാകാതെ ഗിരി നിൽക്കുകയായിരുന്നു.. ********

മതി കുട്ടീ.. ഈ നാലു ചുവരിനുള്ളിൽ കിടക്കുന്ന ഞാനീ ഒരുങ്ങി കെട്ടി ഇരുന്നിട്ട് എന്തിനാ.. പുലർച്ചെ തന്നെ സാവിത്രിയമ്മയെ കുളിപ്പിച്ചു ഒരുക്കിക്കൊണ്ടിരിക്കവേ അവർ പറഞ്ഞു.. ആര് പറഞ്ഞു.. നമുക്കിന്ന് ചുന്ദരിയായി അടുക്കളയിൽ കയറണം.. സദ്യ ഒരുക്കണം.. മോളുടെ കേക്ക് കട്ട് ചെയ്യുമ്പോ അച്ഛമ്മ വേണ്ടേ.. അവൾ കുറുമ്പോടെ ചോദിച്ചതും അവർ ചിരിച്ചു.. ഇതെന്തിനാ എന്നും പുകയ്ക്കുന്നെ.. മുടിയിൽ പുക കൊള്ളിക്കവേ സാവിത്രിയമ്മ ചോദിച്ചു.. ഇങ്ങനെ ഈ മുറിയിൽ കിടക്കുവല്ലേ അമ്മേ.. വിയർപ്പ് തിങ്ങി മുടിയിൽ സ്മെൽ വരും.. അതല്ലേ.. അവൾ കൊഞ്ചലോടെ ചോദിച്ചു.. മോളെ ദേ കുന്തിരിക്കം.. ലേഖ അകത്തേയ്ക്ക് വന്ന് പറഞ്ഞു.. ആ അവിടെ വെച്ചേരേ ലേഖാമ്മായി..

അവൾ പറഞ്ഞതും അവർ അത് ഒരു മൂലയ്ക്ക് വെച്ചു.. നമുക്കെ ഈ തറയൊക്കെ ഒന്നു തുടയ്ക്കാം… വേദ പറഞ്ഞു.. ഇന്നൊത്തിരി പണിയില്ലേ മോളെ.. അത് പേടിക്കേണ്ട ലേഖാമ്മായി.. ഞാൻ ചെയ്തോളാം.. അടുക്കളേലോട്ട് ആരോ വരുമെന്നാ ഗിരി പറഞ്ഞേ.. ലേഖ പറഞ്ഞു.. നമുക്ക് നേരത്തെ സദ്യ ഒരുക്കാം.. എന്നിട്ട് പൂക്കളമിടാം.. ഉച്ചയ്ക്കോ. സാവിത്രിയമ്മ ചോദിച്ചു.. ഉച്ചയ്ക്ക് പൂക്കളമിട്ടാൽ കൊള്ളുല്ലേ . മോളുടെ പിറന്നാളിന് വരുന്നവർ കാണാനാ… വേദ പറഞ്ഞതും സാവിത്രിയമ്മയും ലേഖയും ചിരിച്ചു… അമ്പലത്തിൽ നിന്നെത്തിയ ഗിരി കാണുന്നത് സാവിത്രിയമ്മയുടെ പിന്നിൽ നിന്നും കയ്യിട്ട് ചിരിയോടെ നിൽക്കുന്ന വേദയെയും കൂടെ ചിരിയോടെ നിൽക്കുന്ന ലേഖയെയുമാണ്.. അവൻ അത്ഭുതത്തോടെ അവരുടെ സന്തോഷം നോക്കി നിൽക്കുകയായിരുന്നു..

ഉള്ളു നിറയെ വേദനകൾ നിറഞ്ഞിരുന്നിട്ടും മനസ്സ് നിറഞ്ഞു ചിരിക്കുന്ന അവരെ കാണേ അവന്റെ മനസ്സിനും അൽപ്പം സമാധാനം തോന്നി.. ********* ഒന്നും പറഞ്ഞാൽ പറ്റില്ല.. നിങ്ങൾ രണ്ടാളും ഇന്നത്തെ സദ്യ ഞങ്ങളോടൊപ്പം.. അയ്യോ.. ലേഖേച്ചി.. ഇത്രേം ഉണ്ടാക്കാൻ എല്ലാരുടെയും കൂടെ കൂടിയിട്ട് കഴിക്കാൻ നിങ്ങളില്ലെങ്കിൽ അത് മോശാട്ടോ.. ലേഖ പറഞ്ഞു.. അതല്ല ചേച്ചി.. ഞങ്ങൾ ഫുഡ് ഉണ്ടാക്കി.. ഓരു കാര്യം ചെയ്യൂ.. നേരത്തെ ഒരിത്തിരി ആഹാരം വീട്ടിൽ നിന്ന് കഴിക്കൂ.. എന്നിട്ട് നമുക്കൊന്നിച്ചു സദ്യ ഉണ്ണാം.. ലേഖ തീർപ്പ് പോലെ പറഞ്ഞതും അവർക്ക് മറുപടി ഉണ്ടായിരുന്നില്ല.. ഊണിനു ശങ്കരിമോള് വേദയ്ക്കൊപ്പമായിരുന്നു.. ചോറൂണ് കഴിഞ്ഞുള്ള ആദ്യ ഓണമായിരുന്നതിനാൽ എല്ലാവരും ഒരോ ഉരുള അവൾക്കായി നൽകിയതും എന്തോ വലിയ കാര്യമെന്നോണം അവൾ കിലുങ്ങി ചിരിയോടെ അത് സ്വീകരിച്ചു… *********

ഹാപ്പി ബർത്ത്ഡേ റ്റു യു.. ഹാപ്പി ബർത്ത്ഡേ ആത്മിക കുട്ടീ.. ഹാപ്പി ബർത്ത്ഡേ റ്റു യു.. ശങ്കരിമോളുടെ കൈപിടിച്ചു ഗിരി കേക്ക് കട്ട് ചെയ്യവേ അപ്പുവും അമ്മുവും അവരുടെ കൂടെ കൂടി. വേദ അൽപ്പം മാറി നിൽക്കുകയായിരുന്നു.. ശങ്കരിമോൾക്ക് പകരം അപ്പുവും അമ്മുവും ചേർന്നാണ് കേക്ക് എല്ലാവർക്കും നൽകിയത്. വേദയുടെ അടുത്തേയ്ക്ക് ചെന്നതും അവൾ കുനിഞ്ഞാ കേക്ക് വാങ്ങി.. അപ്പോഴേയ്ക്കും പെയ്യാൻ വിതുമ്പി നിന്ന കണ്ണുനീർ അവളുടെ കവിളിനെ ചുംബിച്ചു താഴേയ്ക്ക് പതിച്ചിരുന്നു.. എന്തിനാ ചേച്ചി കരയുന്നെ.. അപ്പു ചോദിച്ചു.. മ്മ്ച്ചും.. അവൾ ചുമൽകൂച്ചി കണ്ണുനീർ തുടച്ചു പുഞ്ചിരിയോടെ അവനെ തഴുകി ആ കേക്കിൽ നിന്നൽപ്പം മുറിച്ചു അവർക്കിരുവർക്കും നൽകി..

ഗിരി അവളെ ശ്രദ്ധിച്ചിരുന്നു.. പക്ഷെ ആ സമയം അവനൊന്നും ചോദിക്കുവാനും ഇടപെടാനും സാധിക്കാത്ത അവസ്ഥയിലായതിനാൽ അവനത് വിട്ടിരുന്നു. എന്നിട്ട് അവളുടെ ഹസ്ബൻഡിനെ പറ്റി ഒന്നും പറഞ്ഞില്ലേ.. ശ്യാം ചോദിച്ചു… ഇല്ല.. ഗിരി പറഞ്ഞു.. പക്ഷെ വേദയിതുവരെ അങ്ങനെ ഹസ്ബൻഡിനെയൊ മറ്റു റിലേറ്റിവ്സിനെയോ പറ്റി പറഞ്ഞു കേട്ടിട്ടേ ഇല്ലല്ലോ… അവളോടൊപ്പം ഉള്ളത് മദർ ഇൻ ലോ ആണെങ്കിൽ അവളുടെ വീട്ടുകാർ കാണില്ലേ.. നിമ്മി ചോദിച്ചു.. ആ.. അറിയില്ല.. അവൻ പറഞ്ഞു.. ഇന്ന് കേക്ക് കട്ട് ചെയ്യുമ്പോഴും വേദ കരയുവായിരുന്നു.. ഇനി ഹസ്ബൻഡ് മരിച്ചു പോയി കാണുമോ.. നിമ്മി തന്റെ സംശയം ചോദിച്ചു.. ചാൻസ് ഇല്ലാതില്ല.. അതാകാം അമ്മയിയമ്മയുടെ കൂടെ നിൽക്കുന്നത്..

ശ്യാമും പറഞ്ഞു.. എന്തോ.. എന്താണെങ്കിലും അവളുടെ മനസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു.. ഗിരി പറഞ്ഞു..നിനക്ക് പിന്നെ പ്രശ്നങ്ങൾ ഒന്നുമല്ലല്ലോ.. അതോണ്ട് മറ്റുള്ളോരുടെ പ്രശ്നങ്ങളെപ്പറ്റി ആലോചിച്ചു സാറിവിടെ ഇരിക്ക്.. ഞങ്ങൾ ഇറങ്ങട്ടെ..രാത്രിയായി.. ശ്യാം പറഞ്ഞുകൊണ്ട് എഴുന്നേറ്റു.. ടാ പിള്ളേരെ.. വായോ. ശ്യാം വിളിച്ചതും കുട്ടികൾ ശങ്കരിമോളേയുമെടുത്തു ഓടി വന്നു.. കുഞ്ഞിനെ അങ്കിളിനു കൊടുക്ക്.. ശ്യാം പറഞ്ഞു.. അവൾ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.. മോളെ ഗിരി എടുത്തതും അവൾ ചിണുങ്ങി.. എന്താടാ.. വഴക്കാണോ..

ഇന്നത്തേക്ക് ആയി എന്നു തോന്നുന്നു.. ഇപ്പൊ വാശി ഇത്തിരി കൂടുതലാ.. ഗിരി പറഞ്ഞു.. ഒന്നു പോയേ ഗിരീ.. ഈ പ്രായത്തിലുള്ള കൊച്ചുങ്ങളെ വെച്ചു നോക്കുവാണേൽ ശങ്കരിമോള് തീരെ പാവമാണെന്നു ഞാൻ പറയും.. ഈ പിള്ളേരൊക്കെ ഈ പ്രായത്തിൽ വീട് തലതിരിച്ചു വെയ്ക്കുമായിരുന്നു. അതൊക്കെ നോക്കുമ്പോ ഇവളെന്ത് പാവമാ.. നിമ്മി പറഞ്ഞു.. ഡോ.. ഇറങ്ങു.. അമ്മ സൂര്യയുമായി അടിയായി കാണും.. ശ്യാം പറഞ്ഞതും നിമ്മി പിള്ളേരെയും വിളിച്ചു വണ്ടിയിൽ കയറി.. അവർ പോകുന്നതും നോക്കി ഗിരി നിൽക്കവേ ചിണുങ്ങിക്കൊണ്ട് ശങ്കരിമോള് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയിരുന്നു..

ആഘോഷവും ആഹ്ലാദവും ഇടയിലൊരു നുള്ളു വേദനയുമായി ആ ഓണം കടന്നുപോകുമ്പോൾ തന്റെ മനസ്സിൽ ഏറ്റവും കൂടുതൽ ചിന്ത വേദയെപ്പറ്റിയാണ് എന്നത് ഗിരി തിരിച്ചറിയുകയായിരുന്നു.. അവന്റെ മനസ്സിൽ നിറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരവും മനസ്സിൽ പേറി അവളപ്പോഴും ജനാലയിലൂടെ മാനത്തുള്ള മിന്നുന്ന നക്ഷത്രങ്ങൾക്കിടയിൽ പരതുകയായിരുന്നു.. പ്രിയപ്പെട്ട ആരെയൊക്കെയോ…….. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 16

Share this story