അനന്തൻ: ഭാഗം 4

അനന്തൻ: ഭാഗം 4

എഴുത്തുകാരി: നിഹാരിക

” ഇനി ടി. ടി .സി ക്ക് പൊയ്ക്കോളൂ കുട്ട്യേ.. ” എന്ന് വാത്സല്യത്തോടെ മനക്കലമ്മ പറഞ്ഞപ്പോ നിറഞ്ഞ ചിരിയോടെ അച്ഛൻ എന്നെ നോക്കി.. വരുത്തി തീർത്തൊരു ചിരിയോടെ സമ്മതത്തിൽ തലയാട്ടുമ്പോൾ, ഉള്ളിലൊരു ആർക്കിടെക്റ്റ് ആവാനുള്ള മോഹം അവിടെ ഉപേക്ഷിച്ചിരുന്നു.. വേണ്ട എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിഷേധമായി തോന്നിയാലോ അതച്ഛനെ കൂടെ വിഷമിപ്പിക്കും…. മോഹിക്കണതും എത്തി പിടിക്കാൻ പറ്റാതെ അവ ഒഴുകി ഒഴുകി ദൂരേക്ക് പോണതും ഇപ്പോ ശീലായി … ഓടിപ്പോയി പറഞ്ഞത് അനുവിനോടാണ് …. ” അനു… ടീ ഞാൻ ടി.ടി.സി ക്കാ പോണത്… കഴിഞ്ഞാ മനക്കലെ സ്കൂളിൽ തന്നെ കേറ്റിത്തരാം ന്ന് മനക്കലമ്മ പറഞ്ഞിട്ടുണ്ട്.. ” അത് കേട്ട് അവളുടെ മുഖമൊന്ന് മങ്ങി….

“ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ മാത്രം കൊടുത്താ മതീന്നാ വല്യേട്ടൻ വിളിച്ചപ്പോ പറഞ്ഞത് …..” “വല്യേട്ടൻ” കേട്ടപ്പോ എന്തോ ഉള്ളിലൊരു പിടച്ചിൽ… പോയതിന് ശേഷം നെഞ്ചിൽ എന്തോ കേറ്റി വച്ചത് പോലെയാ…… പലപ്പോഴും ഫോൺ ചെയ്യുമ്പോ കൊതിയോടെ നോക്കും, ആശബ്ദമൊന്ന് കേൾക്കാൻ …. വെറുതേ ആ നിശ്വാസങ്ങൾ കാതോരം വന്നലിയാൻ ….. തന്നെ പറ്റി എന്തെങ്കിലും അനുവിനോട് ചോദിക്കുന്നുണ്ടോ എന്ന് കാതോർക്കും.. പക്ഷെ, ഒരു വാക്ക് പോലും തന്നെ പറ്റി ചോദിക്കാതെ കട്ട് ചെയ്യുമ്പോ, ഉള്ളിൻ്റെ ഉള്ളിൽ മുള്ള് കുത്തി കേറും പോലെ നോവും… ” അ … അനന്തേട്ടൻ വിളിക്കാറില്ലേ?” എന്ന് ഒന്ന് മടിച്ചിട്ടാണെങ്കിലും അവളോട് ചോദിച്ചു…. “ഉം … ദിവസോം വിളിക്കും… രണ്ട് തവണ…. രാവിലേ ജോലിക്ക് പോകും മുമ്പും, ജോലി കഴിഞ്ഞ് വന്ന് വൈകീട്ടും ….”

” ഉം… സുഖല്ലേ അനന്തേട്ടന്? ” ” ഉം… നല്ല ജോലിയാടി… നല്ല ശമ്പളം …. പിന്നെ… പറയാനായിട്ട്, ഞങ്ങൾ അടുത്ത മാസമൊക്കെ ആയിട്ട് ഇവിടം വിട്ട് പോവും…” “പോവേ? എങ്ങട് ?” അവൾ പറഞ്ഞത് ഉള്ളിൽ ഉണ്ടാക്കിയ അതേ ഞെട്ടലോടെ തന്നെയാണ് ചോദിച്ചതും… “തനൂ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ എത്തപ്പെട്ട സാഹചര്യം…? അന്ന് അച്ഛൻ്റെ മരണശേഷം കള്ള പ്രമാണം ഉണ്ടാക്കി ചെറിയച്ഛൻ വീട് തട്ടിയെടുക്കുമ്പോ ഈ ഞാൻ കൈക്കുഞ്ഞായിരുന്നു… സ്വന്തം വീട്ടിലെ ജോലിക്കാരിയായി എൻ്റെ അമ്മ, ചാവാൻ പോവുമ്പഴും മാനം പോവരുത് ന്ന് പറഞ്ഞ് പഠിപ്പിച്ച ഒരു അച്ഛൻ്റെ മകൻ, ൻ്റെ ഏട്ടൻ ചെറിയച്ഛൻ്റെ പൈസ എടുത്തുന്ന് കൂടെ പറഞ്ഞപ്പോ അന്നിറങ്ങീതാ അമ്മ ആ പടി .. അന്ന് വന്ന് നിന്നത് ഇവിടെത്തെ വാടക വീട്ടിലാ…. അന്ന് ഏട്ടൻ തീരുമാനം എടുത്തതാ..

അച്ഛന് അവകാശപ്പെട്ട ആ തറവാട് സ്വന്താക്കും ന്ന്…” ഇത്രയും പറഞ്ഞ് തീർത്തപ്പോൾ അവളുടെ കണ്ണിലും ഒരഗ്നി എരിയുന്നത് കാണായി… അരികിൽ വന്നിരുന്നു, അവള് പോണത് ഓർത്ത്…. മറ്റെന്തൊക്കെയോ അകലുന്നത് ഓർത്ത് കുനിഞ്ഞ എൻ്റെ മുഖം അവൾക്ക് നേരേ തിരിച്ചു… “ഏട്ടൻ, ആ വീട് വാങ്ങിച്ചു… ക്ഷയിച്ചു പോയ ചെറിയച്ഛനൊപ്പം വീടും ക്ഷയിച്ചു… അതൊന്ന് നേരേ ആക്കിയാൽ ഞങ്ങൾ അങ്ങട് മാറും…” എന്ന് കണ്ണുകളിൽ നോക്കി പറഞ്ഞപ്പോ അവളുടെ ശബ്ദം ഇടറിയിരുന്നു .. ഒപ്പം എൻ്റെ മിഴികൾ നിറഞ്ഞിരുന്നു.. “ടീ….. നിന്നെ കാണാൻ ഞാൻ വരും .. ഈ തനുപ്പെണ്ണിനെ കാണാതെ ഇരിക്കാനാവോ നിക്ക് ” എന്നെൻ്റെ കവിളിൽ പിടിച്ച് വലിച്ച് പറഞ്ഞപ്പോൾ ., നോവോടെ ഒന്ന് ഞാനും ചിരിച്ചു…

എല്ലാ മോഹങ്ങളും വ്യർത്ഥമായവളുടെ നോവിൻ്റെ ചിരി… ” പോട്ടെ, അച്ഛൻ അന്വേഷിക്കും” എന്ന് അനുവിനോട് പറഞ്ഞ് മെല്ലെ നടന്ന് നീങ്ങിയപ്പോൾ പുറകിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു .. ” ടീ… നിന്നെ വല്യേട്ടൻ അന്വേഷിച്ചു ട്ടോ… ” മിഴി തിളങ്ങിയതും, എവിടെ നിന്നോ ചുണ്ടിലൊരു ചിരി വന്ന് വിടർന്നതുമവൾ ശ്രദ്ധിച്ചോ ആവോ? മനസ് നിറഞ്ഞിരുന്നു അത് കേട്ട് … ചിന്തകൾ കാട് കയറിയിരുന്നു .. മോഹങ്ങൾ ചിറക് വച്ച് പറന്നിരുന്നു.. ചെറിയൊരാ വാക്കുകൾ ചിത്രശലഭമാക്കിയിരുന്നു എന്നെ…… 🌺🌺🌺 വീടിൻ്റെ പടിക്കൽ എത്തിയപ്പോഴേ കണ്ടു ആരോ തിണ്ടിൽ പുറം തിരിഞ്ഞ് ഇരിക്കുന്നത്, കുറച്ചു കൂടി അടുത്തെത്തിയപ്പോൾ മനസിലായി അപ്പച്ചിയാണെന്ന്, അച്ഛൻ്റെ ഓരേ ഒരു പെങ്ങൾ …..

ശാരദ”” വല്യേ സ്നേഹാ അപ്പച്ചിക്ക് പണ്ടു മുതൽ തന്നെ, അപൂർവ്വമായേ നാട്ടിൽ വന്നിട്ടുള്ളൂ, പത്ത് സെൻ്റ് ഭൂമിയും അതിൽ ഒരു കുഞ്ഞു വീടും ഉണ്ട് നാട്ടിൽ അവർക്ക്, പക്ഷെ കൊയമ്പത്തൂര് വിട്ട് വരില്ല എങ്കിലും വരുമ്പോ എനിക്കായി ഒത്തിരി സാധനങ്ങൾ കരുതിയിട്ടുണ്ടാകും…. ഉടുപ്പായിട്ടും പലഹാരങ്ങളായിട്ടും .. കുഞ്ഞായിരുന്നപ്പോ ശാരദാപ്പച്ചി വരണേ തേവരേന്ന് പറഞ്ഞ് എന്നും പൈസ ഭണ്ഡാരത്തിൽ ഇട്ടിരുന്നു… കൊയമ്പത്തൂരാണ് അപ്പച്ചി താമസം, അവരുടെ ഭർത്താവിന് അവിടെ ട്രാൻസ്പോർട്ട് സ്റ്റാൻ്റിൽ ചായക്കടയായിരുന്നു…. ഒരിക്കൽ നിയന്ത്രണം വിട്ട് ഒരു ബസ് പാഞ്ഞ് കയറി മരിക്കുമ്പോൾ അപ്പു എന്ന് വിളിക്കുന്ന ഗോപകുമാർ എന്ന ഏക മകന് വെറും പന്ത്രണ്ട് വയസായിരുന്നു ..

പിന്നെ അപ്പച്ചി പോരാട്ടമായിരുന്നു ജീവിക്കാൻ … ബഹുമാനേ തോന്നീടുള്ളൂ എന്നും ഈയൊരാളോട്.. “തനൂട്ടാ…” ദൂരേന്ന് കണ്ടപ്പോ തന്നെ നീട്ടി വിളിച്ചിരുന്നു അപ്പച്ചി…. ” അപ്പച്ചീ…. എപ്പഴാ വന്നേ?” ഓടിയാ നെഞ്ചോരം ചേർന്ന് ചോദിച്ചു… ഈ നെഞ്ചിൻ്റെ ചൂടു പറ്റുമ്പോ അമ്മയടുത്തുള്ള പോലെ എപ്പഴും തോന്നീട്ട്ണ്ട്.. ” ദേ വന്നേ ള്ളൂ തനൂട്ടാ…. അപ്പൂം ണ്ട് ” അപ്പഴാണ് തൊടിയിൽ നിന്ന് ഫോണിൽ സംസാരിക്കുന്നയാളെ ഞാനും ശ്രദ്ധിക്കുന്നത് … ” അപ്പേട്ടൻ ” ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോഴാ ആളെ ശരിക്ക് കണ്ടത്… പണ്ട് പൊടിമീശ മുളക്കണ പ്രായത്തിൽ വന്നിട്ടുള്ളതാ…. പിന്നെ ഇപ്പഴാ കാണണെ….

അപ്പച്ചി നാട്ടിൽ വരുമ്പോ അപ്പേട്ടൻ വരാറില്ല, അവിടെ അപ്പേട്ടൻ്റെ അച്ഛൻ്റെ പെങ്ങടെ വീട്ടിൽ നിൽക്കും, അതോണ്ട് തന്നെ പത്ത് വർഷത്തിൽ കുടുതലായി കാണും കണ്ടിട്ട് .. കട്ടി മീശയും, ഒത്ത ശരീരവും ഇരു നിറവും ഒക്കെയായി … വല്യ ആളായിട്ടുണ്ട് .. നല്ല മുഖശ്രീയും…. നല്ല ഒരു ചിരി നൽകി ഉമ്മറത്തേക്ക് കയറി… ചിരി ആ മുഖത്തിൻ്റെ ഭംഗി കൂട്ടിയിരുന്നു … ” അപ്പുവിന് അവിടെ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നല്ല ജോലി കിട്ടി ഏട്ടാ….. ഈ മാസം പതിനെട്ടിന് കേറണം” അപ്പേട്ടനെ കണ്ടപ്പോ ശാരദാപ്പച്ചി അച്ഛനെ നോക്കി പറഞ്ഞു.. അത് കേട്ട് എല്ലാവരുടെയും മുഖത്തെ ചിരി മാഞ്ഞിരുന്നു….. അപ്പേട്ടൻ്റെ അച്ഛൻ മാധവൻ മാമ മരിച്ചത് കൊണ്ട് മാത്രം കിട്ടിയ ജോലി…

നിയന്ത്രണം വിട്ട് വന്ന ഗവൺമെൻ്റ് ബസ് ആ ജീവനെടുത്തപ്പോൾ അന്നത്തെ മന്ത്രി പറഞ്ഞതാ ആശ്രിതർക്ക് ജോലി കൊടുക്കാം എന്ന്…. ഇപ്പഴാ അത് കിട്ടിയത് എന്ന് മാത്രം.. ” ൻ്റെ മാധേട്ടന്റെ ജീവൻ്റെ വിലയുള്ള ജോലി.. ” എന്നു പറഞ്ഞ് തേങ്ങുന്ന അപ്പച്ചിയെ കരുത്തുള്ള കരങ്ങൾ നെഞ്ചിലേക്ക് ചേർത്ത് നിർത്തി പറയാതെ പറഞ്ഞിരുന്നു ആ മകനുണ്ട് ഇനി എന്ന് .. അച്ഛനും അത് കണ്ട് കണ്ണീരൊപ്പി .. ” ഞാൻ ചായ എട്ക്കാ ട്ടോ ” എല്ലാം കണ്ട്, ചെറിയ ഒരു വിളറിയ ചിരിയോടെ പറഞ്ഞു തിരിഞ്ഞ എന്നെ അപ്പച്ചി വിളിച്ച് നിർത്തി… “തനൂട്ടൻ അവിടെ നിന്നേ!” അകത്തേക്ക് വച്ച കാല് പുറത്തേക്ക് തന്നെ വച്ച് അപ്പച്ചിയെ നോക്കി.. അടുത്ത് വന്ന് കവിളിൽ തലോടി, “ൻ്റ തനൂട്ടനെ ൻ്റെ അപ്പൂന് തന്നൂടെ ഏട്ടാ ”

പാതി എന്നെയും പാതി അച്ഛനെയും നോക്കി അപ്പച്ചി പറഞ്ഞു…. അച്ഛൻ്റെ മിഴികളും അപ്പോൾ എന്നിൽ വന്ന് നിന്നത് കണ്ടു… “എന്തേലും നല്ല ജോലി ആയിട്ടേ ചോദിക്കു ന്ന് തീരുമാനിച്ചിരുന്നു… ഇപ്പോ കാത്തിരുന്നത് തന്നെ കിട്ടീലോ…. ഇനി ഏട്ടനാ പറയണ്ടേ ” അച്ഛൻ്റെ മിഴികൾ വീണ്ടും അത്രമേൽ പ്രതീക്ഷയോടെ എന്നിൽ എത്തിയതറിഞ്ഞിരുന്നു…… അപ്പൊ കേട്ടതൊന്നും മനസിലാവാതെ ശ്വാസം പോലും കഴിക്കാനാവാതെ നിൽക്കുകയായിരുന്നു ഞാൻ…… ഒരു ചിരിയോടെ ദൂരെ അപ്പേട്ടനും ……… (തുടരും)….

അനന്തൻ: ഭാഗം 3

Share this story